നാട്ടുനടപ്പ് എന്നാണ് പറയുന്നത്. സമൂഹത്തിന്റെ ചിട്ടകളെ. മനുഷ്യൻ സമൂഹജീവിയാണ്
എന്നും പറഞ്ഞ് ചിറകുവിരിച്ച് നില്ക്കുമ്പോൾ ചിറകിനടിയിൽ അഭയം തേടുന്നവർ
സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്നു ചിന്തിക്കാറില്ല. അവരാണുതാനും ഭൂരിപക്ഷം.
എല്ലാക്കാലത്തും ഉണ്ടായിരുന്നു നാട്ടുവഴിക്കപ്പുറമുള്ള വഴികളിലൂടെ അതുമല്ലെങ്കിൽ
ചിട്ടകളുടെ വരികൾക്കിടയിലൂടെ യാത്ര ചെയ്തവർ. വിരലിലെണ്ണാവുന്നവർ. ചിലരെ സമൂഹം
കല്ലെറിഞ്ഞുകൊന്നു. ചിലരുടെ മുന്നിൽ മേനകയുടെ വേഷം കെട്ടി. പാചകവിധികളും
ചപ്പുചവറുകളും പതിപ്പുകൾ ആവർത്തിക്കുമ്പോൾ തോമസ് പീറ്ററുടെ പുസ്തകം പേരിൽ
കാമമുണ്ടെങ്കിൽ കൂടി എത്ര പതിപ്പുകളായി എന്ന് ചിന്തിക്കുമ്പോൾ അറിയാം നാട്ടുനടപ്പ്
എങ്ങിനെയെന്ന്.
യുക്തിയും ധർമ്മവും വ്യക്തിപരമായതുകൊണ്ട് ഒരു പരിധി വരെ സമൂഹം പൂച്ചയേപോലെ
പാലുകുടിച്ചുകൊണ്ടിരുന്നോളും.കുടിക്കാൻ പാലുകൊടുക്കണം എന്നേയുള്ളു. യുക്തിയും
ധർമ്മവും മറ്റൊരാളുടെ മൂക്ക് തുടങ്ങുന്നിടത്ത് അവസാനിക്കുന്നു എന്ന്
ഓർമ്മപ്പെടുത്താൻ പക്ഷെ സമൂഹം വേണം താനും. ചിട്ടകളുടെ ചിലന്തിവലയും വലിയ
പ്രാണികളാണെങ്കിൽ പൊട്ടിച്ചുപോകാം. സ്വാർഥതാല്പര്യങ്ങൾക്കനുസരിച്ച് ഞാൻ എന്റെ
എന്നൊക്കെ പറയാം. എന്റെ എന്നുപറയുന്നിടത്ത് സമൂഹം തുടങ്ങും.
വനിതാമസികകളിലെ പരസ്യങ്ങൾ കണ്ടാൽ ദൈവം പെണ്ണിനെ സൃഷ്ടിച്ചത് അണ്ടർ
ഗാർമെന്റോടുകൂദിയാണെന്നേ ( അടിവസ്ത്രം എന്നാണ് പഴയ പ്രയോഗം ) ഈ തോന്നലിൽനിന്നാണ്
പെർവേർഷൻ ഉണ്ടാകുന്നത്. ഈ പെർവേർഷൻ ഉള്ളതുകൊണ്ടാണ് അടിവസ്ത്രപരസ്യങ്ങൾ താളുകൾ
നിറയുന്നതും.
യുക്തിക്കും ധർമ്മത്തിനും ഉപരിയായി കാമപൂർത്തീകരണത്തിന് മറ്റൊരാൾ കൂടെ വേണമല്ലൊ.
അനുഭവിക്കുക എന്നേ സമൂഹം പറയു.അനുഭവിക്കുന്നതിൽ ഒരു ബലപ്രയോഗത്തിന്റെ ചുവയുണ്ട്.
അവിടെ സമൂഹത്തിന് നിയന്ത്രണമേർപ്പെടുത്താനും കഴിയും. സംഗീതം ആസ്വദിക്കുന്നതുപോലെ
അതുമല്ലെങ്കിൽ ഈ ഒരു പരിപാടി ആസ്വദിക്കാൻ പറയാത്തതെന്തുകൊണ്ടാണ്
പണ്ടൊരാൾ ചായകുടിക്കുന്നതുപോലെ എന്നുപറഞ്ഞപ്പോൾ എന്തായിരുന്നു പുകില്. ഈ ഒരു
ആസ്വാദനം ചായകുടിക്കുന്നതുപോലെതന്നെ മറ്റൊരു പ്രക്രിയ മാത്രമാണ് എന്ന്
മനസ്സിലാക്കിയിരുന്നെങ്കിൽ മാധ്യമങ്ങൾ ആഘോഷിക്കുന്നതുപോലെ ഇത്രയധികം ചായകുടികൾ
ഉണ്ടാകുമായിരുന്നൊ ? ടേംസ് ആന്റ് കണ്ടീഷൻസ് അനുസരിച്ചുള്ള ക്രയവിക്രയമാണല്ലൊ
സമൂഹത്തിന് വേണ്ടത്.
മദർ തെരേസയും ഡയാനാരാജകുമാരിയും ഒരേ സമയത്താണ് രംഗത്തുനിന്ന് മറഞ്ഞത്.
ഓളിച്ചോട്ടത്തിനിടയിൽ മരിച്ച ഡയാനയേയും മാധ്യമങ്ങൾ മദർ തെരേസയോടൊപ്പം വാഴ്ത്തി. ഒരു
സാധാരണക്കാരി ഒളിച്ചോടിയാലൊ?
ഏട്ടിലെ പശു എത്ര കെട്ട് പുല്ലുതിന്നും എന്നു ചോദിച്ചാൽ പുല്ലല്ല വയ്ക്കോലാണ്
പതിവ് എന്നാണുത്തരം