എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Sunday, September 20, 2009

ഗൃഹാതുരത്വം അഞ്ചാംഭാഗം

ഗൃഹാതുരത്വം നാലാംഭാഗത്തിന്റെ തുടര്‍ച്ച
ആലിലകളില്‍ കാറ്റിന്റെ നൃത്തം അവസാനിച്ചിരുന്നു. ഗോവിന്ദാമലയുടെ മുകളില്‍ അടുത്തകാറ്റിനു വേണ്ടി കാത്തുനില്‍ക്കുന്ന മേഘകെട്ടുകള്‍. സിഗര്‍ട്ടിന്റെ പുക പരക്കുന്നു.
" സാര്‍, സിഗര്‍ട്ടിന്റെ പുക മഞ്ഞുപോലെയാണു പരക്കുന്നത്‌ അല്ലെ?"
" ചോപ്ടയില്‍ചെന്ന് നീ വാതുറന്നാല്‍ സിഗര്‍ട്ടില്ലെങ്കിലും പുകവരും. മുപ്പത്തിമുക്കോടി ഗണങ്ങള്‍ എത്ര സിഗര്‍ട്ടുവലിച്ചിട്ടാണ്‌ അവിടെ അത്രയും മഞ്ഞ്‌ പരക്കുന്നത്‌?"
" സാര്‍, അറ്റംകൂര്‍പ്പിച്ച വടികള്‍ ചൂണ്ടികാട്ടി മംഗള്‍സിംഗ്‌ പറഞ്ഞു. ഹിമാലയം നടന്നുതന്നെ കാണണം. സാറിന്റെ ഓര്‍മ്മകള്‍ നടക്കട്ടെ . ഞാന്‍ ചെവി കൂര്‍പ്പിച്ച്‌ കൂടെ നടക്കാം"
മംഗള്‍സിംഗിന്റെ ചായക്കടയില്‍ നിന്നെഴുനേറ്റ്‌ തുംഗനാഥിലേക്കുള്ള കല്ലുപാകിയ വഴി ചവിട്ടിതുടങ്ങി. ചോപ്ടയില്‍നിന്നും നാലുകിലോമീറ്റര്‍ തുംഗനാഥ്‌. വടിയുംകുത്തി ആയാസത്തോടെ കയറുന്നതിനിടയില്‍ ഒരു കവിള്‍ ശ്വാസത്തിനു നിന്ന രഘു ചോദിച്ചു.
" ഹരിദ്വാറിലെ അയ്യപ്പന്റെ അമ്പലത്തിനുമുന്നില്‍ വെച്ച്‌ രവീന്ദ്രന്‍സാര്‍ പറഞ്ഞത്‌ നീ ഓര്‍ക്കുന്നുണ്ടോ?"
ഹരിദ്വാറിലെ സന്ധ്യ. ഹരി കി പൗറിയില്‍ ഏഴായി ഒഴുകുന്ന ഗംഗ. അങ്ങുമുകളില്‍ മാനസാദേവി ക്ഷേത്രത്തില്‍നിന്നും മണിയുടെ ശബ്ദം മുഴങ്ങി. ഇലക്കുമ്പിളില്‍ പൂവുമിട്ട്‌ തിരിയും കത്തിച്ച്‌ ഒഴുകുന്ന ഗംഗയില്‍ വെച്ച്‌ മനസ്സില്‍ വിളിച്ചു "അമ്മേ" ഓം ജെയ്‌ ജഗദീശഹരേ ഉയര്‍ന്നുകേള്‍ക്കുന്ന സ്തുതി. ഒഴുകി വരുന്ന തിരിയിട്ട ഒരു ഇലക്കുമ്പിള്‍ കൂടെ. പിന്നെ നോക്കുമ്പോള്‍ ഒരായിരമെണ്ണം തീരത്തെ ദേവീ ക്ഷേത്രത്തിനുമുന്നില്‍ നിന്നും ഒരായിരം മണികളുടെ നാദമുയരുന്നു. ദേവിയുടെ മുന്നില്‍ കര്‍പ്പൂരത്തട്ടില്‍ അഗ്നിദേവന്‍ നൃത്തം ചവിട്ടുന്നു. ഒരായിരം കണ്ഠത്തില്‍നിന്ന് വിളികളുയരുന്നു
" അമ്മേ ഗംഗേ"
പിന്നെ നദിയിലെ അവസാന തിരിയും അണഞ്ഞുകഴിഞ്ഞപ്പോള്‍ തിരിച്ചുനടന്ന് അയ്യപ്പന്റെ അമ്പലത്തിനു മുന്നില്‍ എത്തിയപ്പോളാണ്‌ ഹിമാലയയാത്ര കഴിഞ്ഞ്‌ നാട്ടിലേയ്ക്ക്‌ പുറപ്പെടാന്‍ ഒരുങ്ങുന്ന രവീന്ദ്രന്‍ സാറിനെ കണ്ടത്‌. പലതും പറയുന്നതിനിടയില്‍ അദ്ദേഹം കൂട്ടിചേര്‍ത്തു. " കയറിതുടങ്ങുമ്പോള്‍ തന്നെ കയറ്റത്തിന്റെ കാഠിന്യം കൊണ്ട്‌ ഇട്ട വസ്ത്രങ്ങള്‍ പോലും ഭാരമായിതോന്നും.ഊരികളഞ്ഞെങ്കിലോ എന്നും"
" ഊരികളയണമെന്നുണ്ട്‌ രഘൂ," അണച്ചുകൊണ്ട്‌ രഘുവിനോട്‌ പറഞ്ഞു." ഊരികളഞ്ഞാല്‍ പിന്നെ ഊരികളയാന്‍ ദേഹം മാത്രമല്ലേ ഉള്ളൂ. കൂടുതല്‍ ദിഗംബരമൂര്‍ത്തികളേ കുറിച്ച്‌ പുരാണങ്ങളില്ലതാനും"
പുല്‍മേട്‌. പൈന്മരങ്ങള്‍, ഭൂര്‍ജവൃക്ഷങ്ങളും അവയ്കിടയില്‍ മേയുന്ന ചെമ്മരിയാടുകള്‍. അവരെ തഴുകിയും കോടകൊണ്ട്‌ പുതപ്പിച്ചും കടന്നുപോകുന്ന കാറ്റ്‌ ഭൂര്‍ജവൃക്ഷതണലിലിരുന്ന് ബീഡിവലിക്കുന്ന ആട്ടിടയന്‍. ആട്ടിടയരുടെ പുല്ലുമേഞ്ഞ കുടിലുകള്‍ക്ക്‌ മുകളില്‍ അടുപ്പിലെ പുകപരക്കുന്നു. ഒരു മോണാല്‍ കല്ലുപാകിയ പാത മുറിച്ചുകടന്ന് അടുത്തുള്ള കുറ്റിക്കാട്ടില്‍ മറഞ്ഞു.
" ബോലോ തുംഗനാഥ്‌ കീ ജെയ്‌"
ജഡകെട്ടിയ മുടിയും താടിയുമായി അര്‍ദ്ധനഗ്നനായ സ്വാമി മുന്നില്‍കടന്ന് വളവിലെവിടെയോ മറഞ്ഞു. നടന്നിട്ടും കയറീട്ടും തീരാത്ത വഴി ആകാശത്തിലേയ്ക്കും അനന്തതയിലേയ്ക്കും നീളുന്നതുപോലെ മഴയ്ക്കുവേണ്ടി കേഴുന്ന വേഴാമ്പലിനേപോലെ അല്‍പം ശ്വാസത്തിനുവേണ്ടി ദാഹിച്ചുകൊണ്ടിരുന്ന ഹൃദയം നിന്നുപോകും എന്നുതോന്നിയ ഒരു നിമിഷം കാതുകളില്‍ മണിനാദം വന്നുതട്ടി.
" ബോലോ തുംഗനാഥ്‌ കീ ജെയ്‌"
രഘുവിന്റെ വിളിക്ക്‌ ശബ്ദമില്ലായിരുന്നു

( തുടരും)

Friday, September 18, 2009

ഗൃഹാതുരത്വം നാലാംഭാഗം

ഗൃഹാതുരത്വം മൂന്നാംഭാഗത്തിന്റെ തുടര്‍ച്ച
" സാര്‍ നമ്മുക്കൊന്നു കണ്ണേട്ടന്റെ ചായക്കട വരെ നടന്നിട്ട്‌ ഒരു ചായ കുടിച്ചാലോ?
ഓര്‍മ്മകളുടെ ഒഴുക്കിനെ തടസപെടുത്തികൊണ്ട്‌ പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളൈ ചോദിച്ചു.

"പ്യൂണ്‍സ്‌, എന്റെ ഓര്‍മ്മകള്‍ ബദരിയില്‍ നിന്നൊഴുകുന്ന അളകനന്ദ പോലെ അതുമല്ലെങ്കില്‍ കേദാറില്‍ നിന്നുള്ള മന്ദാകിനി പോലെ ഭഗീരഥി പോലെ അതുമല്ലെങ്കില്‍ ആകശ്ഗംഗ പോലെ ഒഴുകുകയായിരുന്നു. നീ അതിനു ഭംഗം വരുത്തിയിരിക്കുന്നു. നീയൊന്ന് സമാധാനമായി ഓര്‍ക്കാനും സമ്മതിക്കില്ലെ?"
ആല്‍ത്തറയില്‍ കിടന്നുകൊണ്ടുതന്നെ അവനോട്‌ ചോദിച്ചു
" അതല്ല സാര്‍, മംഗള്‍സിംഗിന്റെ ചായയേക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ഒരു ചായ കുടിക്കാം എന്നു കരുതി"

" ശരി, എങ്കിലാകാം"
ആല്‍ത്തറയില്‍നിന്നെഴുന്നേറ്റ്‌ കണ്ണേട്ടന്റെ ചായപീടികയിലേക്ക്‌ നടന്നു.
" സാര്‍, തിരിച്ചുവന്നിട്ട്‌ എനിക്ക്‌ പെരുമാളിന്‌ ഒരു പാല്‍പായസം വഴിപാടു കഴിക്കണം. ഒരു ലിറ്ററിന്‌ വിത്തൗട്ട്‌.. അച്ഛന്റെ പേര്‍ക്ക്‌" നടക്കുന്നതിനിടയില്‍ മധു പറഞ്ഞു

" പാല്‍പായസം വിത്തൗട്ട്‌ വഴിപാടോ?" അത്ഭുതത്തോടെ അവനേ നോക്കി
" അതു സാര്‍ അച്ഛനു ഷുഗറുണ്ട്‌ വിത്തൗട്ടെ പറ്റൂ"
കണ്ണേട്ടന്റെ കടയെത്തിയിരുന്നു.മധു കണ്ണേട്ടനോടു വിളിച്ചുപറഞ്ഞു

" കണ്ണേട്ട്ജി, ദോ ചായ്‌ ചീനി കം. ഓറേക്ക്‌ ചായ്‌ ഈ സാറിനു രണ്ടാമതും"
തിരിച്ച്‌ ആല്‍ത്തറയിലേക്ക്‌ നടക്കുമ്പോള്‍ മധുവിനോട്‌ പറഞ്ഞു
" വഴിപാടിനു ശീട്ടാക്കുമ്പോള്‍ പറഞ്ഞാല്‍മതി, ഏക്ക്‌ ലിറ്റര്‍ പാല്‍പായസ്‌ ബിനാ ശക്കര്‍"
" ആംജി, സാര്‍ ഈ ഊടുവഴിയിലൂടെ നടന്ന് കണ്ടം കടന്ന് പോയാല്‍ വേങ്ങാപ്പാറയിലും ചീങ്ങാച്ചിറയിലും പോകാമെന്ന് കണ്ണേട്ടന്‍ പറഞ്ഞു"
" സീമയുടെ ഊടുവഴികള്‍ പോലും ദീപക്‌ കൈകാര്യം ചെയ്യുന്നു" ആല്‍ത്തറയില്‍ ചെന്നിരുന്ന് ഒരു സിഗര്‍റ്റിനു തീയിടുമ്പോള്‍ മധുവിനോട്‌ പറഞ്ഞു

" ശ്ലീലമല്ലല്ലോ സാര്‍" ഒരു സിഗര്‍റ്റിന്‌ മധുവും തീയിട്ടു
" എന്നെങ്കിലും സമയം കിട്ടുമ്പോള്‍ നീ ബദരീനാഥ്‌ വരെ പോയി നോക്കിയാല്‍മതി അവിടെല്ലാം എഴുതിവെച്ചിട്ടുണ്ട്‌. നിനക്കറിയാമൊ, ഹിമാലയം നടന്നുതന്നെ കാണണം എന്ന് ആദ്യം പറഞ്ഞത്‌ ബദരിയിലെ മലയാളി റാവലാണ്‌ ബദരീനാഥന്റെ മുഖ്യപുരോഹിതന്റെ മുന്നില്‍ കപടവിനയത്തോടെ ചമ്രം പടഞ്ഞിരുന്നപ്പോള്‍ തിരുമേനി പറഞ്ഞു.

" ഹിമാലയം നടന്നുതന്നെ കാണണം"





























( തുടരും )

Wednesday, September 16, 2009

ഗൃഹാതുരത്വം മൂന്നാം ഭാഗം




ഗൃഹാതുരത്വം രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച
ഗോബേശ്വറില്‍ നിന്ന് വാടകയ്കെടുത്ത ജീപ്പ്‌. ചോപ്ടയില്‍ വണ്ടിനിര്‍ത്തിയിട്ട്‌ ഡ്രൈവര്‍ കൈനീട്ടിയപ്പോള്‍, പറഞ്ഞതിലും നൂറുരൂപാ കൂടുതല്‍ കൊടുത്തു. വളരെ ദൂരത്തോളം നീണ്ടുകിടക്കുന്ന ഹിമാലയന്‍ കാനനത്തിലൂടെ, വളഞ്ഞും പുളഞ്ഞും ഒഴുകുന്ന റോഡിലൂടെ ജീപ്പ്‌ നീങ്ങികൊണ്ടിരുന്നപ്പോള്‍ ദിവ്യേന്തര്‍ കുമറായിരുന്നു മനസ്സില്‍. ആദ്യ ഹിമാലയന്‍ യാത്രയില്‍ ഒമ്പതുദിവസം കൊണ്ട്‌ നാലു ധാമങ്ങളേയും കാണിച്ച്‌ ഹരിദ്വാറില്‍ തിരിച്ചെത്തിച്ച ഹിമാലയന്‍ ടാക്സിഡ്രൈവര്‍.

താല വഴി ഉഘീമഠിലേയ്ക്കു പൊകുന്ന പാത.ഇടത്തുവശത്ത്‌ മാടകടകള്‍ക്കും പുറകില്‍ കാടിന്റെ അവസാനം മാടകടകള്‍കകത്തുനിന്നും ദേവദാരു കത്തുന്ന ഗന്ധം. വലത്ത്‌ കവാടത്തില്‍ തൂക്കിയിട്ടിരിക്കുന്ന മണികളില്‍ ഒന്നില്‍ ഒന്നടിച്ച്‌ തുംഗനാഥനെ മനസ്സിലും വണങ്ങി ചൂരല്‍ വടി കുത്തിയും വലത്തുകാല്‍ മുന്നോട്ട്‌ ഒന്നു വെച്ചില്ല അതിനുമുമ്പ്‌ മുഷിഞ്ഞ വേഷവും തൊപ്പിയും ധരിച്ച്‌ കക്ഷത്തില്‍ പഴയ കാലങ്കുടയും ഇടുക്കി വൃദ്ധന്‍ മുന്നില്‍ കയറി.
വലത്തുവശത്ത്‌ തുറന്ന കടയുടെ അടുപ്പിനരികില്‍നിന്നും തീ ഊതികൊണ്ടിരുന്ന മറ്റൊരു വേഷം എഴുന്നേറ്റ്‌ പുറത്തേക്കുവന്ന് ചുണ്ടിലിരുന്ന ബീഡി നിലത്തിട്ടു.

" റാം, റാം മംഗള്‍ജി" മുന്നില്‍ കയറിപോയ വൃദ്ധന്‍ വേഷത്തോടു പറഞ്ഞു.

" റാം, റാം പണ്ഡിറ്റ്ജി, കയറിവരു ചായ കുടിച്ചിട്ട്‌ പോകാം"
" വേണ്ട തിരിച്ചിറങ്ങുമ്പോളാകട്ടെ , ഇവര്‍ ദൂരദേശത്തുനിന്നാണെന്നു തോന്നുന്നു. വിശ്രമിക്കാന്‍ സൗകര്യം കൊടുക്കു"
വൃദ്ധന്‍ നടപ്പുതുടര്‍ന്നു. കല്ലുപാകിയ വഴിയിലൂടെ മുകളിലേയ്ക്ക്‌. അതു നോക്കിനില്‍ക്കുന്നതിനിടയില്‍ കടയിലെ വേഷം അടുത്തുവന്നിട്ട്‌ പറഞ്ഞു.

' വരൂ വരൂ"

മുകളിലേയ്ക്ക്‌ നടന്ന വൃദ്ധന്‍ എവിടെയോ മറഞ്ഞിരുന്നു.വീണ്ടും അങ്ങോട്ടുനോക്കിയപ്പൊള്‍ വേഷം പറഞ്ഞു
" അതാണ്‌ മഹേഷ്‌ ആനന്ദ്‌ മൈഠാണി, തുംഗനാഥിലെ പ്രധാന പൂജാരി. "

" താങ്കളോ?"

" മംഗള്‍സിംഗ്‌, മംഗള്‍സിംഗ്‌ നേഗി. ഇതു തന്നെ ദേശം. മഞ്ഞു വീണു തുടങ്ങുമ്പോള്‍ മഘൂമഠും" മംഗള്‍സിംഗ്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു

ഹിമാലയന്‍ യാത്രയില്‍ പ്രസന്നനാണ്‌ ഗുരു. പുറത്ത്‌ മാറാപ്പും തൂക്കി അടുത്തുചെന്നപ്പോള്‍ കൂടുതല്‍ പ്രസന്നനായി പ്രസന്നന്‍ പറഞ്ഞു." തുംഗനാഥത്തിലെ ശിവനും താഴെയാണ്‌ ചോപ്ടയിലെ മംഗള്‍സിംഗ്‌. രണ്ടും ഒരു ദേവസ്വം തന്നെ. വംഗഭാഷയില്‍ അനേകം കീര്‍ത്തനങ്ങളും ശ്ലോകങ്ങളും ലേഖനങ്ങളും മംഗള്‍സിംഗിനെ സ്തുതിച്ചുണ്ടായിട്ടുണ്ട്‌ മലയാളത്തില്‍ വരാനിരിക്കുന്നതേയുള്ളൂ. കണ്ടുവണങ്ങി ഒരു ചായ കുടിക്കണം ഒരു ദിവസം മംഗള്‍സിംഗിന്റെ അടുത്ത്‌ തങ്ങിയാല്‍ അതും പുണ്യം"
പുറത്ത്‌ തൂക്കിയിരുന്ന ബാഗ്‌ എടുത്ത്‌ ബഞ്ചിനടിയിലേക്ക്‌ തിരുകിയപ്പോള്‍ നിറയെ കറുത്ത രോമങ്ങളുള്ള പട്ടി മുരടികൊണ്ട്‌ ബഞ്ചിനടിയില്‍നിന്നും പുറത്തേക്കിറങ്ങിപോയി
" ഇവന്റെ ഒരു മുത്തച്ഛനാണ്‌ പണ്ട്‌ ധര്‍മ്മപുത്രര്‍ക്ക്‌ കൂട്ടുപോയത്‌" അടുപ്പത്തിരുന്ന വാല്‍പാത്രത്തിലേക്ക്‌ പഞ്ചസാരയും ഇഞ്ചിയും ഇടുന്നതിനിടയില്‍ മംഗള്‍സിംഗ്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.പിന്നെ ഒരു ബീഡികൂടെ ചുണ്ടത്തുവെച്ചു.

സ്റ്റീലുഗ്ലാസ്സില്‍ ചൂടുചായ ഊതികുടിക്കുന്നതിനിടയില്‍ പയ്യന്‍ കുതിരയുമായി അടുത്തുവന്നു
" സാബ്‌ കുതിര വേണോ?"

" വേണ്ട, ഭീം ഇവര്‍ നടന്നുകയറട്ടെ" മംഗള്‍സിംഗ്‌ ഇടയ്ക്കുകയറി പറഞ്ഞു

ഒരു ചായ കൂടി ഊതികുടിച്ചിട്ട്‌ എഴുനേറ്റപ്പോള്‍ അറ്റംകൂര്‍പ്പിച്ച ചൂരല്‍ വടികള്‍ ചൂണ്ടികാട്ടി മംഗള്‍സിംഗ്‌ പറഞ്ഞു.

" ഹിമാലയം നടന്നുതന്നെ കാണണം"













(തുടരും)

Monday, September 14, 2009

ഗൃഹാതുരത്വം രണ്ടാം ഭാഗം

ഗൃഹാതുരത്വം ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച

ആലിലകളില്‍ കാറ്റ്‌ തിമര്‍ത്താടുകയാണ്‌. രാത്രിയാത്രയില്‍ നഷ്ടപ്പെട്ട ഉറക്കം കണ്‍പോളകളില്‍ തലോടുന്നു. ഗോവിന്ദാമല കണ്ടുകൊണ്ട്‌ ആല്‍ത്തറയില്‍ കിടന്നു. മലയുടെ മുകളില്‍നിന്നും മേഘങ്ങള്‍ ഉയര്‍ന്നുപോകുന്നു. മയക്കത്തിനും മുകളില്‍ ഓര്‍മ്മകള്‍ അവിടുന്നും ഉയര്‍ന്ന് ഉയര്‍ന്നുയര്‍ന്ന്

" സാറെന്താ ആലോചിക്കുന്നത്‌?"

കണ്ണേട്ടന്റെ കടയില്‍നിന്ന് കാപ്പികുടിച്ചിട്ട്‌ തിരിച്ചുവന്ന പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളൈ ചോദിച്ചു.

" ഞാന്‍ ഓര്‍മ്മകള്‍ അയവിറക്കുകയാണ്‌"

" എന്നിട്ട്‌ അയവിറക്കുന്ന ശബ്ദമൊന്നും കേള്‍ക്കുന്നില്ലല്ലൊ?"

" വളരെ നിശബ്ദമായാണ്‌ ഞാന്‍ ചവയ്ക്കുന്നത്‌. ഗോവിന്ദാമലയുടെ മുകളില്‍നിന്ന് ആകാശത്തിലേക്ക്‌ ഉയരുന്ന മേഘങ്ങള്‍ കണ്ടോ? അതുപോലാണെന്റെ ഓര്‍മ്മകള്‍ ഉയര്‍ന്നുപോകുന്നത്‌. അതുമല്ലെങ്കില്‍ ഗോമുഖിലേയ്ക്കു പോകുവാന്‍ ഗംഗോത്രി ക്ഷേത്രത്തിനു മുന്നിലെ ഇടുങ്ങിയ ഗലിയില്‍ നിന്ന് വാങ്ങിയ അറ്റംകൂര്‍പ്പിച്ച ചൂരല്‍ വടിയില്‍ ഭാരമൂന്നി. ചോപ്ടയിലെ കവാടത്തില്‍ തൂക്കിയിട്ടിരിക്കുന്ന മണികളില്‍ ഒന്നടിച്ച്‌ അങ്ങുമുകളിലിരിക്കുന്ന തുംഗനാഥനേയും വണങ്ങി.

" ബോലോ തുംഗനാഥ്‌ കീ ജെയ്‌"

" അല്ല, ബോലോ മംഗള്‍സിംഗ്‌ നേഗീ കീ ജെയ്‌, പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളൈ, നീയും എന്റെ ഓര്‍മ്മകളോടൊപ്പം പോരുക"

" ശരി സാര്‍"



( തുടരും)

Sunday, September 13, 2009

ഗൃഹാതുരത്വം ഒന്നാംഭാഗം

ബംഗ്ലാവിന്റെ വരാന്തയില്‍ കാലും നീട്ടിയിരുന്നു.
മഴ.

ആലുകള്‍ നിവര്‍ത്തിവെച്ചിരുന്ന ഇലക്കുടകള്‍കിടയിലൂടെയും ആല്‍ത്തറകള്‍ നനഞ്ഞുകൊണ്ടിരുന്നു. തൊഴുത്തിലെ കന്നുകാലികള്‍ക്ക്‌ വൈക്കോല്‍ ഇട്ടുകൊടുത്തിട്ട്‌ അടുത്തുവന്ന് രാജേട്ടന്‍ പറഞ്ഞു.

" ഇതിപ്പോള്‍ പെയ്തുമാറും"

മഴ ഒന്നു പെയ്തുമാറിയപ്പോള്‍ വരാന്തയില്‍നിന്നെഴുന്നേറ്റു. മുക്കില്‍ കണ്ണേട്ടന്റെ കടയില്‍നിന്ന് ഒരുകാപ്പി കുടിച്ചുകഴിഞ്ഞപ്പോള്‍ ഒരെണ്ണം കൂടെ കുടിക്കണമെന്നുതോന്നി.

" കണ്ണേട്ട, ഓറേക്ക്‌ കാപ്പി, കടുപ്പത്തില്‍ മധുരം കമ്മി"

തിരിച്ച്‌ നനഞ്ഞുകിടന്നിരുന്ന ആല്‍ത്തറയില്‍ ചെന്നിരുന്നു. ദൂരെ ഗോവിന്ദാമലയുടെ ശിരസ്സില്‍ മേഘങ്ങള്‍ കിരീടം ധരിപ്പിച്ചിരിക്കുന്നു. പിന്നെ ഇളകുന്ന ആലിലകളുടെ കാറ്റില്‍ അവിടുന്നും ഉയര്‍ന്ന് ആകാശത്തിലേക്ക്‌.

ഓര്‍മ്മകള്‍ കലങ്ങിയൊഴുകുന്നു. എവിടെവെച്ചാണ്‌ ആകാശത്ത്‌ നീന്തിതുടിച്ചുകൊണ്ടിരുന്ന മേഘകുഞ്ഞുങ്ങളെ കുനിഞ്ഞുനിന്ന് കൈകളില്‍ വാരിയെടുത്തത്‌?

ഗോവിന്ദാമലയുടെ മുകളില്‍നിന്നും മേഘങ്ങള്‍ പിന്നെയും ഉയര്‍ന്നുപോകുന്നുണ്ടായിരുന്നു. ആകാശത്തിലേക്ക്‌.

ആകാശം ആകാശ്‌ ആകാശ്ഗംഗാ ആകാശ്ഗംഗാ റസ്റ്റോറന്റ്‌

ഓര്‍മ്മകളിലെ ഡയറിയില്‍ താളുകള്‍ മറിഞ്ഞുവരുന്നു

" വിക്രംസിങ്ങ്ജി ഓറേക്ക്‌ ചായ്‌, ചീനി കം"

ചായ്‌ ഊതി ഊതി കുടിക്കുമ്പോള്‍ വിക്രംസിംഗ്‌ നേഗി കുനിഞ്ഞിരുന്ന് പുക പിടിച്ച പഴയ ട്രെങ്കുപെട്ടി തുറന്ന് എന്തോ പരതി. ഗ്ലാസ്സു തിരിച്ചുമേടിക്കുന്നതിനിടയില്‍ ഡയറി കയ്യില്‍തന്നിട്ട്‌ വിക്രംസിംഗ്‌ പറഞ്ഞു.

" സന്ദര്‍ശകരുടെ കുറിപ്പുകളാണ്‌ "

ഒരു കാപ്സ്റ്റണ്‍ ഫില്‍റ്ററിന്‌ തീയിട്ടുകൊണ്ട്‌ ഡയറി അലക്ഷ്യമായി മറിച്ചുനോക്കി. എല്ലാം ഹിന്ദിയിലും ബംഗാളിയിലും എഴുതിയ കുറിപ്പുകള്‍. പെട്ടന്നാണ്‌ സിഗര്‍ട്ടിന്റെ പുകയ്കിടയിലൂടെ അതുകണ്ടത്‌.

" തുംഗനാഥ്‌, ഭൂമിയിലെ ഈ സ്വര്‍ഗ്ഗത്തില്‍ വരാന്‍ സാധിച്ചത്‌ എന്റെ പുണ്യം. രാജന്‍ കോട്ടയം

കുറിപ്പിലെ തീയതിയും ഭിത്തിയില്‍ തൂങ്ങിക്കിടന്ന കലണ്ടറിലും നോക്കി. പിന്നെ സുഹൃത്തായ രാജന്‍ എഴുതിയതിനും താഴെയായി എഴുതി.

" കഴിഞ്ഞവര്‍ഷം സുഹൃത്ത്‌ രാജന്‍ ഇവിടെ, ഈ ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ എത്തിയ ദിവസം തന്നെയാണ്‌ ഞങ്ങളും എത്തിയിരിക്കുന്നത്‌. "

പിന്നെ തുംഗനാഥിലെ തണുപ്പിലേക്ക്‌ വിറച്ചുകൊണ്ടിറങ്ങി. കൂടെയുണ്ടായിരുന്ന ചിലര്‍ ചന്ദ്രശിലയിലേക്കുള്ള ഒറ്റയടിപാത അണച്ചും കിതച്ചും കേറികൊണ്ടിരുന്നപ്പോള്‍ അങ്ങുതാഴെ മേഘങ്ങളില്‍ ഒളിച്ചുകളിച്ചുകൊണ്ടിരുന്ന പൈന്മരകാടുകളും അതിനുമപ്പുറം ഏതോ ഒരു പര്‍വ്വതനിരയും അതിനുമപ്പുറം മറ്റൊന്നിന്റെ മഞ്ഞുമൂടിയ ശിരസ്സും നോക്കിനില്‍ക്കുന്നതിനിടയില്‍ അടുത്തുനിന്നിരുന്ന ബിജുവിനോട്‌ പറഞ്ഞു

" അനിയാ, ചന്ദ്രശില ഒരു കടമായി കിടക്കട്ടെ, അടുത്തകൊല്ലവും വരാന്‍ എന്തെങ്കിലും ബാക്കിവേണ്ടെ"

തുംഗനാഥ്‌ ക്ഷേത്രത്തില്‍നിന്ന് ചോപ്ടയിലേക്കുള്ള കല്ലുപാകിയ നടപ്പാതയിലൂടെ തിരിച്ചിറങ്ങുന്നതിനുമുമ്പ്‌ രാജന്‍ തന്നുവിട്ട പൊതി വിക്രംസിംഗ്‌ നേഗിയുടെ കയ്യില്‍ കൊടുത്തിട്ട്‌ പറഞ്ഞു

" രാജന്‍ തന്നുവിട്ടതാണ്‌ കിശോറിനു കൊടുക്കണം, ഇറങ്ങട്ടെ പിന്നെക്കാണാം"

" തീര്‍ച്ചയായും, അടുത്തകൊല്ലം "

പുകയിലക്കറ പിടിച്ച പല്ലുകള്‍ പുറത്തുകാട്ടി വിക്രംസിംഗ്‌ നേഗി പറഞ്ഞു

( തുടരും)

Wednesday, June 17, 2009

അബ്നോര്‍മല്‍ ആനപ്രേമിക്കള്‍കായി പ്രത്യേകം തയ്യാറാക്കിയ ഒരു കഥ

കുന്നുമല്‌, ലോഡ്ജ്‌ മുറിയുടെ തുറന്നിട്ട ജനലില്‍കൂടി മഴയുടെ തണുപ്പ്‌ അകത്തേയ്ക്ക്‌ അരിച്ചുകയറി. ഉടുമുണ്ടഴിച്ച്‌, തലവഴി മൂടികിടന്നു. ഒന്നുംകൂടെ ചുരുണ്ടുകൂടുന്നതിനിടയില്‍, ത്രിപുരാന്തക ക്ഷേത്രത്തില്‍നിന്നിറങ്ങി വന്ന് അനുരാധാ പൊതുവാള്‍ ഒരു സ്തുതിയായി കാതുകളില്‍ വന്ന് തലോടി.
" ഓം നമ;ശിവായ ഓം നമ; ശിവായാ
ഹരഹര ശങ്കര നമ; ശിവായാ
രാമേശ്വരാ ശ്രീ രാമേശ്വരാ
ഹര ഹര ബോലേ നമ; ശിവായാ"

ജടയില്‍നിന്ന് ഊര്‍ന്നിറങ്ങി, ഭഗീരഥിയായും അളകനന്ദയായും മന്ദാകിനിയായും ഒഴുകുന്ന ഗംഗയേപോലെ
" ഗംഗാധരാ ശിവ്‌ ഗംഗാധരാ "

സ്തുതി കാതുകളിലേക്ക്‌ ഒഴുകിയെത്തികൊണ്ടിരുന്നു. മയക്കത്തിലേക്ക്‌ തെന്നിവീഴുന്നതിനിടയില്‍, ഒഴുക്ക്‌ എവിടെയോ തട്ടിനിന്നപോലെ.
ജീപ്പില്‍ വെച്ചുകെട്ടിയിരുന്ന കോളാമ്പി പറഞ്ഞു.

" പരേതന്റെ മയ്യത്തുനമസ്കാരം"
കോളാമ്പി മയ്യത്തുസംസാരവുമായി കൂട്ടിലങ്ങാടിയിലേക്ക്‌ നീങ്ങികൊണ്ടിരുന്നു.
മയ്യത്ത്

ശിവസ്തുതി ഒഴുകുവരുന്നുണ്ടായിരുന്നു. എങ്കിലും ചിന്ത വഴുതിമാറിപോയി. അതിരാവിലെയുടെ ഇരുട്ടിലും മഴയുടെ തണുപ്പിലും ചിന്തകളില്‍ മയ്യത്തിന്റെ തണുപ്പ്‌ അരിച്ചുകയറി.
രുദ്രപ്രയാഗിലെക്കുള്ള അവസാനത്തെ വളവില്‍ വഴിയരികില്‍ മൂടികെട്ടിവെച്ചിരുന്നത്‌, ഹരി കി പൗറിയില്‍ നദിയുടെ കല്‍പടവില്‍ നദിയിലേക്ക്‌ വലിച്ചെറിയപ്പെടാനുള്ള ഊഴവും കാത്തുകിടന്നത്‌, തിരുനക്കര അമ്പലക്കുളത്തില്‍ മുങ്ങിക്കുളിക്കാന്‍ ഇറങ്ങിയിട്ട്‌ പൊങ്ങാതെ പിന്നീട്‌ പൊങ്ങിയ മാലയിട്ട അയ്യപ്പന്റെ, പൊണ്ടാട്ടി ചുട്ടുകൊന്നു എന്ന് മരണക്കുറിപ്പെഴുതിവെച്ചിട്ട്‌ തലവഴി മണ്ണെണ്ണയും ഒഴിച്ച്‌ ബീഡിയും വലിച്ച്‌ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ പോയികിടന്ന പട്ടാളത്തിലെ കുശിനിക്കാരന്റെയും..
മയ്യത്തുകള്‍ കൊടിയും പിടിച്ച്‌ ജാഥയായി ചിന്തകളില്‍ കൂടി കടന്നുപോയപ്പോള്‍ യക്ഷന്റെ ചോദ്യവും അഗ്രജന്റെ ഉത്തരവുമാണ്‌ മനസ്സില്‍ വന്നത്‌.
ഒരുനിമിഷം. ഇതിനകത്തുള്ളയാളും സ്ഥലം വിടുകയില്ലെ.?
ഒരസ്വസ്ഥത. തലവഴി മൂടിയിട്ടിരുന്ന മുണ്ട്‌ കഴുത്തിലേക്ക്‌ മാറ്റി. പാലക്കാട്ടേക്ക്‌ ഒന്നു വിളിക്കണമെന്ന് തോന്നി. പിന്നെ വിളിക്കാന്‍ പറ്റിയില്ലെങ്കിലൊ? ലൈറ്റിടാതെ തന്നെ ഫോണ്‍ തപ്പിയെടുത്ത്‌ അവള്‍ എന്ന നമ്പറിലേക്ക്‌ ഡയല്‍ ചെയ്തു
" ശ്രീ വെങ്കിടേശ്വര സുപ്രഭാതം തന്നെ, എന്താ ഇത്തരം കുരുത്തംകെട്ട പ്രഭാതത്തില്‍?"
അടുക്കളയിലെ പശ്ചാത്തല സംഗീതത്തിനിടയില്‍ അവള്‍ ചോദിച്ചു
" മനസ്‌ അസ്വസ്ഥമാണ്‌ അതുകൊണ്ടുവിളിച്ചതാണ്‌"
" മുറിയിലെ ലൈറ്റിട്ടിട്ട്‌ ഗോപാലന്‍ നായരുടെ താടി ഒന്നു വായിച്ചാല്‍മതി. അതില്‍ മനസ്‌ അലക്കിയെടുക്കുന്ന ഒരു വാഷിംഗ്‌ മെഷീനുണ്ട്‌ " അവള്‍ പരിഹസിച്ചുകൊണ്ടു പറഞ്ഞു.
" അതല്ല, ഞാന്‍ മയ്യത്താകുമ്പോള്‍ "
മുഴുവന്‍ പറയാന്‍ അവള്‍ അനുവദിച്ചില്ല. " നിങ്ങള്‍ മയ്യത്താകില്ല" അവള്‍ തറപ്പിച്ചു പറഞ്ഞു
" മയ്യത്താകില്ലെന്നൊ?" അവള്‍ എന്താ അങ്ങിനെ പറഞ്ഞതെന്നു മനസ്സിലായില്ല. സ്നേഹമെങ്ങാനും കൂടീട്ട്‌ ഭ്രാന്തായിട്ടാണ്‌ അങ്ങിനെ പറഞ്ഞതെങ്കില്‍ മനസിലാക്കാമായിരുന്നു.
" അതെന്താ ഞാന്‍ മയ്യത്താകാത്തത്‌? ഞാനെന്നാ ഹനുമാനേപോലെയാണോ?"
" ഹനുമാനേപോലെതന്നെയാണേയ്‌, പക്ഷെ സൂപ്പര്‍സ്റ്റാര്‍ ചിരംജീവിയൊന്നുമല്ല"
" പിന്നെന്താ ഞാന്‍ മയ്യത്താകാത്തത്‌?" അവള്‍ ഒരു ജന്മാവകാശത്തെ ചോദ്യം ചെയ്യുന്നതുപോലെ തോന്നി.
" നിങ്ങള്‍ മയ്യത്താകുകേലന്നല്ലെ ഞാന്‍ പറഞ്ഞുള്ളു. നിങ്ങള്‍ മരിക്കുകേയുള്ളൂ. കുറച്ചൂടെ കൂടിയ ഇനമായിരുന്നെങ്കില്‍ അന്തരിച്ചേനെ. വേറേയും വകുപ്പുകളുണ്ട്‌. പരലോകം പൂകാം തീപ്പെടാം ഇഹലോകവാസം വെടിയാം പക്ഷെ അതിനൊക്കെ വേറെ ടെസ്റ്റുകള്‍ പാസാകണം. ശവം ജഡവും മൃതദേഹവും ഭൗതികശരീരവുമൊക്കെ ആകുന്നതും അങ്ങിനൊക്കെത്തന്നെ"
" എന്തെങ്കിലുമായിക്കോട്ടെ ഞാനൊന്നു മുഴുവന്‍ പറഞ്ഞോട്ടെ"
" പറഞ്ഞാട്ടെ"
" അതേയ്‌, ഞാന്‍ ഒരാനപ്രേമിയാണെന്നും, അവരുടെ പുറകേ നടക്കുന്നവനും അതില്‍ പലരുടേയും കൂടെ ഒരേ ബഞ്ചിലിരുന്ന് വിദ്യ അഭ്യസിച്ചിട്ടുണ്ടെന്നും നിനക്കറിയാമല്ലൊ?"
" അറിയാം അതാണെന്റെ വിധി എന്നുമറിയാം"
" അതല്ല, നുമ്പേ പറഞ്ഞപോലെ ഞാന്‍ ഏതെങ്കിലുമാകുമ്പോള്‍ പത്രത്തില്‍ വാര്‍ത്ത വാര്‍ദ്ധക്യസഹജമായ എരണ്ടക്കെട്ടുമൂലം ചെരിഞ്ഞു എന്നേ കൊടുക്കാവൂ. പിന്നെ മാവിന്റെ കൊമ്പൊന്നും ഇറക്കുകേമരുത്‌. കിഴക്ക്‌ കാഞ്ഞിരപ്പള്ളിയില്‍ ഒരു സ്ഥലമുണ്ട്‌ അങ്ങോട്ട്‌ ലോറിയില്‍ കേറ്റിവിട്ടാല്‍മതി, അതുപറയാനാണ്‌ ഇത്തരം കുരുത്തംകെട്ട പ്രഭാതത്തില്‍ വിളിച്ചത്‌."
അല്‍പനേരത്തെ മൗനത്തിനു ശേഷം അവള്‍ ചോദിച്ചു. " പത്രക്കാര്‍ എന്തുവാര്‍ത്തയും ഇടും ആള്‍ക്കാരു വായിക്കുകയും ചെയ്യും. പക്ഷെ ഇങ്ങിനെ ഒരു വാര്‍ത്ത കൊടുത്താല്‍ ആരെങ്കിലും എന്നെ തല്ലികൊല്ലില്ലേ?"
" അതില്ല, നിന്നെ മയക്കുവെടിവെച്ച്‌ തളക്കുകേയുള്ളൂ" ലോറിയില്‍ കിടന്ന് കാഞ്ഞിരപ്പള്ളിക്ക്‌ പോകുന്നതോര്‍ത്തോണ്ട്‌ അവളോട്‌ പറഞ്ഞു.
" ശരി, ശരി, എങ്കില്‍ ചെരിഞ്ഞുകഴിഞ്ഞ്‌ അറിയിച്ചാല്‍ മതി. പറഞ്ഞതുപോലൊക്കെ ചെയ്തേക്കാം."
മറുതലയ്ക്കല്‍ എന്തോ ശബ്ദം കേട്ടപ്പോള്‍ ഫോണ്‍ വലിച്ചെറിഞ്ഞിട്ട്‌ അവള്‍ അവളുടെ പാട്ടിനുപോയി എന്നുമനസ്സിലായി. കാര്യങ്ങള്‍ക്കെല്ലാം ഒരു തീരുമാനമാക്കിയതുകൊണ്ട്‌ വീണ്ടും തലവഴി മുണ്ടിട്ട്‌ ചുരുണ്ടുകൂടി
എത്രനേരം ഉറങ്ങി എന്നറിയാന്മേല. ഫോണടിച്ചപ്പോളാണ്‌ ഉണര്‍ന്നത്‌. എടുത്തപ്പോള്‍ മറുതലയ്ക്കല്‍ അവള്‍ ചിന്നം വിളിച്ചു. " ഒരു സംശയം ചോദിക്കാന്‍ വിളിച്ചതാണേയ്‌"
" ചെരിഞ്ഞോന്നാണോ?"
" അല്ല അബ്നോര്‍മലായി ചിന്തിക്കുന്നവരെ സമൂഹം എന്താ വിളിക്കുക?"
" ജീനിയസ്‌"
" ശരിക്കും തെറ്റായ ഉത്തരം, " ചിരിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു " പിന്നെ വൈകിട്ട്‌ ഇതിലേ വരണം ഡോക്ടറുടെ അടുത്ത്‌ അപ്പോയിന്റ്‌മന്റ്‌ ഫിക്സ്‌ ചെയ്തിട്ടുണ്ട്‌ . അതുപറയാനാണ്‌ ഇപ്പോള്‍ വിളിച്ചത്‌"
മറുതലയ്ക്കല്‍ എന്തോ താഴെവീഴുന്ന ശബ്ദം കേട്ടു.

Wednesday, May 6, 2009

ആശിക്കുന്നവന്റെ കുമ്പസാരം

അങ്ങ്‌ വടക്ക്‌ ഹിമാലയം എന്നൊരു കുന്നിറിക്ക്‌. ചാര്‍ധാമുകളില്‍ ചാര്‍ പ്രാവശ്യം ചരിച്ചിരിക്കുന്നു

എങ്കിലും ആശയ്ക്ക്‌ ഉലകിതില്‍ അളവുണ്ടാമോ?
ഒരു ലിറ്റര്‍, അഞ്ഞൂറു ഗിരാം , അതുമല്ലെങ്കില്‍ ഒരു കുപ്പിയോ ചാക്കോ എന്നൊക്കെ
ആ ആശയാണിപ്പോള്‍.
ഒന്നു മാനാ വരെ നടക്കാന്‍ അതുമല്ലെങ്കില്‍ ചോപ്ടയില്‍ മംഗള്‍ സിംഗ്‌ നേഗിയുടെ കടയില്‍ അടുപ്പിനകത്തേയ്ക്ക്‌ കേറിയിരുന്ന് ആവി പറക്കുന്ന ഒരു ചായ മോന്തി കുടിക്കാന്‍ അതുമല്ലെങ്കില്‍ തുംഗനാഥില്‍നിന്ന് ചന്ദ്രശിലയിലേയ്ക്ക്‌ അണച്ചും കിതച്ചും കേറാന്‍

ബോലോ തുംഗനാഥ്‌ കീ ജെയ്‌

പിന്നെയുമുണ്ടല്ലൊ
അങ്ങു മഞ്ഞുമലയിലെ ദൈവോന്മാരും ദിവ്യന്മാരും അനുവദിക്കണേ എന്ന പ്രാര്‍ത്ഥനയോടെ ഒന്നാശിക്കട്ടെ