എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Sunday, June 9, 2013

കിഡ്നി ഫൌണ്ടേഷൻ ഒരു കഥ



      രാവിലെ ചാരുകസേരയിൽ കിടന്ന്  കട്ടങ്കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ . നിലത്ത് പത്രത്തിൽ കമിഴ്ന്നുകിടന്നിരുന്ന മകൻ തലപൊക്കാതെ ചോദിച്ചു .
     
   " ഡാഡ് , ഈ കിഡ്നി ഫൌണ്ടേഷൻ എന്ന് പറഞ്ഞാ എന്താ ?

      " ഈ ടോയിലെറ്റ് എന്ന് കേട്ടിട്ടുണ്ട് ഈ കിഡ്നി എന്താണെന്ന് അറിയില്ല "

        അവന്റെ ചോദ്യം കട്ടങ്കാപ്പിയുടെ സുഖം കളഞ്ഞിരുന്നു 

         "വിവരമില്ല അല്ലെ ? തല ഉയർത്തി അവൻ ചോദിച്ചു 

       പെരുന്തച്ചൻ  കോമ്പ്ലെക്സ് കണ്ടമാനം വന്ന് കുത്താതിരിക്കാൻ അവനോട് പറഞ്ഞു ." ഫൌണ്ടേഷൻ .അടിത്തറ കിഡ്നി കിഡ്നി തന്നെ  വൃക്ക എന്നും പറയും " 

     " ഡിക്ഷ്ണറി ആണേൽ അലമാരിയിൽ കാണും ". അവൻ വീണ്ടും പത്രത്തിൽ കമിഴ്ന്നുകിടന്നിരുന്നു 

      അവനെ അങ്ങിനെ വിട്ടാൽ പറ്റില്ല എന്ന് തോന്നിയപ്പോൾ ചാരുകസേരയിൽ നിവർന്നിരുന്ന്  അവനോട് പറഞ്ഞു . " മകനെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പേരന്റ്സ് രണ്ടു കിഡ്നി വീതം ഉള്ളതിൽ ഒന്ന് മാറ്റി വെക്കുന്നതാണ് കിഡ്നി ഫൌണ്ടേഷൻ " .

      അടുക്കളയിൽ പോയി ഒരു കാപ്പി കൂടി എടുത്തുകൊണ്ട് വന്നു . മകൻ തല ഉയർത്തി ഇരിക്കുകയായിരുന്നു  
" അപ്പൊ എനിക്ക് വിദ്യാഭ്യാസം ഉറപ്പായി അല്ലെ   മറ്റ്  ആവശ്യങ്ങൾക്കൊന്നും എടുത്തിട്ടില്ലല്ലോ ?

  പ്രാഥമിക വിളികളും ചടങ്ങുകളും എല്ലാം കഴിഞ്ഞ്  ഓഫീസിൽ പോകാൻ സ്കൂട്ടർ ചെരിച്ചുവെച്ച ശേഷം നിവർത്തിവെച്ചിട്ട് ചവിട്ടുമ്പോൾ അവൻ തല ചൊറിഞ്ഞുകൊണ്ട് അടുത്ത് വന്നു 

   " ഡാഡ്  അപ്പൊ ഉന്നതവിദ്യാഭ്യാസത്തിനോ ? 

           ' ഉന്നത വിദ്യാഭ്യാസമോ പൊക്കോണം മുന്നീന്ന് .അതൊക്കെ സ്വന്തം കിഡ്നീ നിന്നോണ്ട്‌ "

  അടുത്ത കിക്കിനു സ്കൂട്ടർ  സ്റ്റാർട്ടായി 

Friday, August 31, 2012

യുക്തിക്കൃഷ്ണം




           

       നാട്ടുനടപ്പ് എന്നാണ്‌ പറയുന്നത്. സമൂഹത്തിന്റെ ചിട്ടകളെ. മനുഷ്യൻ സമൂഹജീവിയാണ്‌ എന്നും പറഞ്ഞ്‌ ചിറകുവിരിച്ച് നില്ക്കുമ്പോൾ ചിറകിനടിയിൽ അഭയം തേടുന്നവർ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്നു ചിന്തിക്കാറില്ല. അവരാണുതാനും ഭൂരിപക്ഷം. എല്ലാക്കാലത്തും ഉണ്ടായിരുന്നു നാട്ടുവഴിക്കപ്പുറമുള്ള വഴികളിലൂടെ അതുമല്ലെങ്കിൽ ചിട്ടകളുടെ വരികൾക്കിടയിലൂടെ യാത്ര ചെയ്തവർ. വിരലിലെണ്ണാവുന്നവർ. ചിലരെ സമൂഹം കല്ലെറിഞ്ഞുകൊന്നു. ചിലരുടെ മുന്നിൽ മേനകയുടെ വേഷം കെട്ടി. പാചകവിധികളും ചപ്പുചവറുകളും പതിപ്പുകൾ ആവർത്തിക്കുമ്പോൾ തോമസ് പീറ്ററുടെ പുസ്തകം പേരിൽ കാമമുണ്ടെങ്കിൽ കൂടി എത്ര പതിപ്പുകളായി എന്ന് ചിന്തിക്കുമ്പോൾ അറിയാം നാട്ടുനടപ്പ് എങ്ങിനെയെന്ന്‌. 

             യുക്തിയും ധർമ്മവും വ്യക്തിപരമായതുകൊണ്ട്‌ ഒരു പരിധി വരെ സമൂഹം പൂച്ചയേപോലെ പാലുകുടിച്ചുകൊണ്ടിരുന്നോളും.കുടിക്കാൻ പാലുകൊടുക്കണം എന്നേയുള്ളു. യുക്തിയും ധർമ്മവും മറ്റൊരാളുടെ മൂക്ക് തുടങ്ങുന്നിടത്ത് അവസാനിക്കുന്നു എന്ന് ഓർമ്മപ്പെടുത്താൻ പക്ഷെ സമൂഹം വേണം താനും. ചിട്ടകളുടെ ചിലന്തിവലയും വലിയ പ്രാണികളാണെങ്കിൽ പൊട്ടിച്ചുപോകാം. സ്വാർഥതാല്പര്യങ്ങൾക്കനുസരിച്ച് ഞാൻ എന്റെ എന്നൊക്കെ പറയാം. എന്റെ എന്നുപറയുന്നിടത്ത് സമൂഹം തുടങ്ങും. 

                        വനിതാമസികകളിലെ പരസ്യങ്ങൾ കണ്ടാൽ ദൈവം പെണ്ണിനെ സൃഷ്ടിച്ചത്‌ അണ്ടർ ഗാർമെന്റോടുകൂദിയാണെന്നേ ( അടിവസ്ത്രം എന്നാണ്‌ പഴയ പ്രയോഗം ) ഈ തോന്നലിൽനിന്നാണ്‌ പെർവേർഷൻ ഉണ്ടാകുന്നത്‌. ഈ പെർവേർഷൻ ഉള്ളതുകൊണ്ടാണ്‌ അടിവസ്ത്രപരസ്യങ്ങൾ താളുകൾ നിറയുന്നതും.

                  യുക്തിക്കും ധർമ്മത്തിനും ഉപരിയായി കാമപൂർത്തീകരണത്തിന്‌ മറ്റൊരാൾ കൂടെ വേണമല്ലൊ. അനുഭവിക്കുക എന്നേ സമൂഹം പറയു.അനുഭവിക്കുന്നതിൽ ഒരു ബലപ്രയോഗത്തിന്റെ ചുവയുണ്ട്. അവിടെ സമൂഹത്തിന്‌ നിയന്ത്രണമേർപ്പെടുത്താനും കഴിയും. സംഗീതം ആസ്വദിക്കുന്നതുപോലെ അതുമല്ലെങ്കിൽ ഈ ഒരു പരിപാടി ആസ്വദിക്കാൻ പറയാത്തതെന്തുകൊണ്ടാണ്‌

     പണ്ടൊരാൾ ചായകുടിക്കുന്നതുപോലെ എന്നുപറഞ്ഞപ്പോൾ എന്തായിരുന്നു പുകില്‌. ഈ ഒരു ആസ്വാദനം ചായകുടിക്കുന്നതുപോലെതന്നെ മറ്റൊരു പ്രക്രിയ മാത്രമാണ്‌ എന്ന്‌ മനസ്സിലാക്കിയിരുന്നെങ്കിൽ മാധ്യമങ്ങൾ ആഘോഷിക്കുന്നതുപോലെ ഇത്രയധികം ചായകുടികൾ ഉണ്ടാകുമായിരുന്നൊ ? ടേംസ് ആന്റ് കണ്ടീഷൻസ് അനുസരിച്ചുള്ള ക്രയവിക്രയമാണല്ലൊ സമൂഹത്തിന്‌ വേണ്ടത്. 

 
      മദർ തെരേസയും ഡയാനാരാജകുമാരിയും ഒരേ സമയത്താണ്‌ രംഗത്തുനിന്ന്‌ മറഞ്ഞത്‌. ഓളിച്ചോട്ടത്തിനിടയിൽ മരിച്ച ഡയാനയേയും മാധ്യമങ്ങൾ മദർ തെരേസയോടൊപ്പം വാഴ്ത്തി. ഒരു സാധാരണക്കാരി ഒളിച്ചോടിയാലൊ?

          ഏട്ടിലെ പശു എത്ര കെട്ട് പുല്ലുതിന്നും എന്നു ചോദിച്ചാൽ പുല്ലല്ല വയ്ക്കോലാണ്‌ പതിവ്‌ എന്നാണുത്തരം 
 
  
 

Wednesday, August 29, 2012

ഉദ്ധരിക്കാവുന്നവ




      1) സാംക്രമീകരോഗങ്ങളേക്കാൾ വേഗത്തിലാണ്‌ സാംസ്കാരികരോഗങ്ങൾ പടരുന്നത്‌ 

        2) ന്യൂനപക്ഷകോരന്മാരേപോലെതന്നെയാണ്‌ മൃഗീയഭൂരിപക്ഷകോരന്മാരും. ഓൾഡ് റൈസ് പോറിഡ്ജ് കുമ്പിളിൽ തന്നെയാണ്‌ മോന്തുക പതിവ്‌ 

Monday, August 27, 2012

കാണം വിക്കേണ്ടിവരുന്നവന്റെ ഓണചിന്തകൾ



        ഓണം . ഹാ എത്ര മനോഹരമായ പദം എന്നാണ്‌ പണ്ടൊരു സാഹിത്യകാരൻ പറഞ്ഞ്‌ രേഖയിലാക്കിയിരിക്കുന്നത്‌ .ചരിത്രാതീത കാലം മുതല്ക്കുതന്നെ ഇപ്പറഞ്ഞ മനോഹരമായ പദം ലോക മലയാലികളുടെ ദേശീയ ഉത്സവമായിരുന്നു എന്നും വിൽ ഡ്യൂറന്റ് വിൻസന്റ് എ സ്മിത്ത് തുടങ്ങിയ ചരിത്രകാരന്മാരും പറഞ്ഞുവെച്ചിട്ടുണ്ട്. മാവേലി എന്നൊരു തമ്പ്രാന്റെ ഓർമ്മദിവസമാണ്‌ ഓണം എന്നും അങ്ങോരുടെ ഭരണകാലത്ത്‌ സമ്പത്തും സമൃദ്ദിയും ഓരോ കാർഡുടമകൾക്കും ന്യായവിലഷാപ്പുകൾ വഴി വെറുതെ കിട്ടിയിരുന്നു എന്നും അവർ പറഞ്ഞിട്ടുണ്ട്. എന്നാൽ മാർക്സിസ്റ്റ് ചരിത്രകാരന്മാർ മാവേലിയേ ഒരൂ നാടുവാഴി ദുഷ്പ്രഭു ആയിട്ടാണ്‌ വരച്ചുകാണിക്കുന്നത്‌. മാവേലി സ്റ്റോർസ് എന്നൊരു വ്യാപാര ശൃംഘലയുടെ സ്ഥാപകനാണ്‌ ഈ പെറ്റിട്ട ബൂർഷ്വാ എന്നുമാണ്‌ അവരൂടെ മതം.ഇൻഡ്യൻ കോഫീ ഹൗസുകൾക്ക് ഏകേജീ പോലെയാണത്രെ മാവേലി സ്റ്റോറുകൾക്ക് മാവേലി എന്നും പറയുന്നവരുണ്ട് ഓണമല്ലേ സഖാക്കളേ എന്നുരയ്ക്കുന്നവരുടെ ചരിത്രത്താളുകളിൽ ഈ ദ്വയക്ഷരി വെറും ഒരു കാർഷിക വിളവെടുപ്പ് കാപട്യമായിരുന്നത്രെ ആൾക്കാർക്ക് ഇന്നതേ പറയാവൂ എന്നില്ലല്ലോ. ചില പഴമക്കാർ പറയുന്നത്‌ ആയിരം കുടങ്ങളുടെ വാ മൂടിക്കെട്ടാം ഒരു ചരിത്രകാരന്റെ വാ മൂടിക്കെട്ടണമെങ്കിൽ അവനും ചരിത്രമാകണമെന്നുമാണ്‌.


         ലഭ്യമായ ചില പ്രാചീന ശിരോലിഖിതങ്ങൾ അനുസരിച്ച് ചരിത്രം പുറകോട്ടാണ്‌ വെച്ചടിവെച്ചടി പോകുന്നത്‌.കൃസ്തുവിനും കൃഷ്ണനുമൊക്കെ മുന്നെ ( പുറം നാട്ടുകാരുടെ കാലഗണനയിൽ ബീ സി . ബീഫോർ ക്രൈസ്റ്റ് അഥവ ബീഫോർ കൃഷ്ണ. ) ഒരു പരശ്‌ റാം കടൽ നികത്തി എടുത്ത ഒരു തുണ്ടു ഭൂമിയുടെ തമ്പ്രാനായിരുന്നു പരശ് റാമിനും ടി റാം മഴു എറിയുന്നതിനും ഒക്കെ മുന്നെ ജീവിച്ചിരുന്ന മാവേലിത്തമ്പ്രാക്കൾ .എന്തായിരുന്നു പുള്ളിയുടെ പവ്വറും പത്രാസും ഭരണമോ .അതു പറയണ്ട കാര്യമില്ല. സ്വർഗമല്ലായിരുന്നൊ സ്വർഗം. അക്കാലത്തേ ഒരു നിശബ്ദചിത്രത്തിലെ ഗാനം ഈ ചരിത്രമെല്ലാം പാടുന്നുണ്ട്‌ 


                           “മാവേലി നാടുവാണീടുംകാലം
                            മാനുഷരെല്ലാരും ഒന്നുപോലെ

             എന്നൊക്കെയുള്ള ആ ഗാനം ഇക്കാലത്തും ഹിറ്റ് ചാർട്ടിൽ മുകളിൽ തന്നെയുണ്ട്‌. ഒന്ന്‌ എന്ന അക്കത്തിനു തുല്ല്യരായി നിവർന്ന് ശിരസ്സ് ഉയർത്തിയാണ്‌ അഭിമാനികൾ നടന്നിരുന്നത്‌. പക്ഷികളും മൃഗങ്ങളും മാത്രമായിരുന്നു. ഈ അക്കത്തിന്‌ ഒരൂ ആക്ഷേപം. 

       അത്ഭുതമെന്നുപറയട്ടെ ഋഷിനാഗകുളം എന്ന പുരാതന നഗരത്തിന്റെ പ്രാന്തപ്രദേശത്തുനിന്നുള്ള ഒരാൾ ഈ തമ്പ്രാനെ ചേറിൽ ചവുട്ടിത്താഴ്ത്തിയ കഥ പ്ളേ സ്കൂളുകളിലും കിൻഡർഗാർട്ട്നിലും കുപ്പിപാല്‌ കുടിച്ച് കിടന്നുറങ്ങുന്ന കുഞ്ഞുകുട്ടികൾക്കുപോലും അറിയാം. പിന്നെയല്ലെ പരാധീനക്കാരായ അർത്ഥാപത്തികൾക്ക്. സ്ളോമോഷനിലാണ്‌ ചേറിൽ താഴ്ന്നുപോയതത്രെ. മുങ്ങിചാകുന്നതിനുമുമ്പ് ഒരു നെല്ലിടനേരം കൊണ്ട് എഴുതി തയാറാക്കിയ വില്പത്രമനുസരിച്ചാണത്രെ ഓർമ്മദിവസം ആഘോഷമായി കൊണ്ടാടുന്നതത്രെ. തിരുവോണ നക്ഷത്രജാത മാവേലിനാമ ദേവദാസ് പ്രേത് എന്നൊക്കെ മന്ത്രംചൊല്ലിയാണത്രെ ബലിയുടെ ബലി തയാറാക്കുന്നതും .ചത്തത് മാവേലിയെങ്കിൽ കൊന്നത് വാമനൻ തന്നെ എന്നൊരു സീബീയൈ റിപ്പോർട്ട് പില്ക്കാലത്ത് വെളിച്ചവും കണ്ടു. ആരേം കുറ്റം പറഞ്ഞിട്ടുകാര്യമില്ല.വിധി പിരമ്മാവിനുപോലും തടുക്കാ​‍ാൻ പറ്റില്ലല്ലൊ. വരാനുള്ള വാമനൻ വഴിയിൽ തങ്ങാതെ കിണ്ടിയുടെ വാൽ വഴിയാണേലും എത്തിചേരും. പറയുമ്പോൾ എല്ലാം പറയണമല്ലൊ ഒരുകണക്കിന്‌ അതും നന്നായി. മാവേലി അന്നു മരിച്ചില്ലായിരുന്നെങ്കിൽ പിന്നെ എപ്പോഴെങ്കിലും മരിച്ചേനെ. കള്ളനേയും പിടിച്ചുപറിക്കാരനേയും ഒക്കെ പൂവിട്ടുപൂജിക്കുന്ന കാലമല്ലെ. കൊലപാതകിയ്ക്ക് ഒരമ്പലം ഉണ്ടയതിൽ ഒരദ്ഭുതവും വേണ്ട. കലികാലം കലികാലം എന്നും പറഞ്ഞ് തലയ്ക്കടിച്ച് പറഞ്ഞോണ്ടിരിക്കാം 

            അല്ല അപ്പൊ നമ്മൾ പറഞ്ഞുവന്നത്‌ എന്തുവായിരുന്നു. ആ അതെ ഓണം 
 

Monday, August 20, 2012

ഓണക്കവിത



            ശ്ശി കാലമായി ഒരു ഓണക്കവിതയുടെ പണിപ്പുരയിലായിരുനു. ശ്ശി കാലത്തിനു് ഒരു അളവ്‌ വേണമെങ്കിൽ ഒരു വാടകച്ചീട്ടുകാലം എന്നു പറയാം. അതാവിത്‌ സുമാർ പതിനൊന്നു മാതം. ദാ ഇപ്പോൾ പണിപ്പുരയിൽനിന്ന്‌ വെളിയിലേയ്ക്ക് ഇറങ്ങിയതേയുള്ളു.


    മലയാലികളുടെ കടലാസു തൂശനിലയിലേയ്ക്ക് ചിരട്ടകയിൽ നിറച്ച് .

       ഒരു പടുകൂറ്റൻ ഓണക്കവിത

                                  ഓണത്തിനു ക്ളാവുപിടിച്ചു 
                                   തൊട്ടാലയ്യോ കൈനാറും 

                                                                           ശുഭം 

Sunday, September 4, 2011

ക്ളീൻ ഷേവ്



മുപ്പത്താറാം നമ്പർ ബഡ്ഡിൽ കാലും നീട്ടി ഇരിക്കുമ്പോൾ മൂപ്പര്‌ കടന്നുവന്ന്‌ പറഞ്ഞു.

“ നാളെ ഓപ്പറേഷൻ ഉള്ളവർ തോർത്തുമുടുത്തുകൊണ്ട് പുറകെ പോരെ. ബ്ളയ്ഡിന്റെ കാര്യത്തിൽ റേഷൻ വേണ്ട. . എത്രയായാലും കുഴപ്പമില്ല. പക്ഷെ നാലിൽ കുറയരുത്.”

വെളുത്ത കുട്ടിത്തോർത്തുമുടുത്ത് ദാസനേപോലെ പുറകേ ചെന്നു. മൂക്കിനു താഴെ നനച്ച കോട്ടൺ തൂത്തിട്ട് കത്തി വെയ്ക്കുന്നതിനിടയിൽ മൂപ്പരു പറഞ്ഞു.

“ ഇതുപോലെ പലേടത്തും കത്തിവെയ്ക്കും. അനങ്ങിപോകരുത്, അനങ്ങിയാൽ കത്തി പലതും കൊണ്ടുപോയെന്നു് വരും”

മൂക്കിനു താഴെ ഒരു ശൂന്യത അനുഭവപ്പെട്ടപ്പോൾ ചോദിച്ചു.

“ ചേട്ടാ, ഒരു കണ്ണാടി കാണിക്കാമോ? മീശ ഇല്ലാത്ത എന്നേ ഞാൻ തന്നെ കണ്ട കാലം മറന്നു”

“ ഇനിയും പല സ്ഥലങ്ങളും ശരിയാക്കിയെടുക്കാനുണ്ട്. കണ്ണാടിയിൽ ഒരുമിച്ച് കാണാം” കൈ ഉയർത്തിവെച്ച് കക്ഷത്തിൽ നനഞ്ഞ കോട്ടൺ തൂക്കുന്നതിനിടയിൽ മൂപ്പരു പാടി

“ കണ്ണാടി കാണുവോളം
തന്നുടെ മുഖമെത്ര
നന്നെന്നു നിരൂപിയ്ക്കും


അതുപോട്ടെ ഹിന്ദി സിനിമയിൽ നടന്മാർക്കൊന്നും നെഞ്ചിൽ രോമമില്ല കേട്ടോ. കണ്ടത്തിൽ കൂടെ കൊയ്ത്തു യന്ത്രം പോകുവാന്നു കരുതിയാൽ മതി”

കത്തിയിൽ മൂന്നാമത്തെ ബ്ളെയ്ഡ് തിരുകി മൂപ്പര്‌ തോർത്തിന്റെ കുത്തിനുപിടിച്ചു.

“ ഇനിയാണ്‌ പ്രധാന രംഗങ്ങൾ കേട്ടോ മാഷേ, ശരീരം എന്നു പറയുമ്പോൾ ക്ഷേത്രസങ്കല്പമായതുകൊണ്ട് ആശയം മാറ്റി മൂത്രാലയം എന്നു പറയുന്നതാണ്‌ എനിക്കിഷ്ടം”

പുക്കിളിനു താഴെ കത്തി അമർന്നു. ചങ്കിൽ കൊള്ളുന്നപോലെ തോന്നി. കത്തി താഴേക്ക് നീക്കുന്നതിനിടയിൽ മൂപ്പരു ചോദിച്ചു. “ എങ്ങിനെയുണ്ടെന്റെ ആശയം”?
“ ആശയമൊക്കെ കൊള്ളാം ചേട്ടാ, പക്ഷെ ആലയം എന്റെയാണെന്നോർമ്മ വേണേ”

നാലാമത്തെ ബ്ളെയ്ഡിന്റെ കവറഴിക്കുന്നതിനിടയിൽ മൂപ്പറു പറഞ്ഞു. “ കൊല്ലം കൊറച്ചായി മാഷേ”
എല്ലാം കഴിഞ്ഞ് എഴുന്നേറ്റ് തോർത്ത് കുടഞ്ഞുടുത്തു.തോർത്ത് അഴിച്ചുമാറ്റിയപ്പോൾ താഴെ വീണ കടലാസുകഷ്ണം മൂപ്പരുടെ പോക്കറ്റിലിട്ടിട്ട് പറഞ്ഞു
“ രൂപയ്കൊക്കെ വെല ഇടിയുകല്ലെ”
മുറിയിൽ ഒരു റ്റ്യൂബ് കത്തി







Friday, September 2, 2011

നീർചാല്‌


ചുവന്ന അടപ്പുള്ള പ്ളാസ്റ്റിക്ക് കുപ്പി അവളുടെ മുന്നിലേയ്ക്ക് നീക്കിവെച്ചിട്ട് പറഞ്ഞു.
“ ഗംഗാജലമാണ്‌, ഗംഗോത്രിയിൽനിന്ന് നിനക്കുവേണ്ടി എടുത്തത്”
കുപ്പി കയ്യിലെടുക്കുമ്പോൾ അവളുടെ മുഖത്ത് നിസ്സംഗതയായിരുന്നു. അടപ്പുതുറന്ന് ഗംഗാജലം നിലത്തേയ്ക്ക് ഒഴിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.
“ ഇങ്ങിനെയാണോ ഉണ്ണീ, ദേവലോകത്തുനിന്ന് ഇവൾ ശിവന്റെ ജടയിലേക്ക് ചാടിയത്. പിന്നെ ഒരു നീർപുഴുവായി, ചാലായി. എത്രയോ ഗ്ളേസിയറുകളിൽനിന്ന് ഒഴുകിതുടങ്ങിയത്?”
കുപ്പി അടച്ച് തിരിച്ചു തരുന്നതിനിടയിൽ അവൾ പറഞ്ഞു.
“ ഉണ്ണിക്കറിയാമോ, ഗംഗോത്രിയിൽ ആൾക്കാർ ശൗചം ചെയ്യുന്നതുപോലും ഗംഗാജലത്തിലാണ്‌ ”
അടുത്ത്നിന്ന് എഴുന്നേറ്റ് ഒരു നീർചാലുപോലെ അകലേയ്ക്ക് ഒഴുകിപോകുന്നതിനിടയിൽ ഒരു കല്ലിൽ തട്ടി തിരിഞ്ഞുനിന്നു
“ അല്ലെങ്കിൽതന്നെ ഏത് ജലമാണ്‌ ഗംഗാജലമല്ലാത്തത്”
പിന്നെ വീണ്ടും ഒരു നീർചാലായി താഴേക്ക് താഴേക്ക്