എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Wednesday, June 18, 2008

Aaghosham

തേവരുടാനയേ ഇറക്കിയെഴുന്നള്ളിച്ചിട്ട്‌ ആറുമാസം കഴിഞ്ഞു. ഇടയാതെ, വിരളാതെ, ആനക്കാരനെ എടുത്ത്‌ ചവിട്ടിക്കൂട്ടി ചമ്മന്തിയാക്കി ദോശയുടെ കൂടെ കൂട്ടാതെ, എരണ്ടക്കെട്ട്‌ എരന്നുമേടിക്കാതെ, ലോറിയില്‍ കയറാതെയും, കയറിവീഴതെയും, വീണുചെരിയാതെയും ആറുമാസം
ഇക്കാലമത്രയും പച്ചവെള്ളവും, പനമ്പട്ടയുമായിരുന്നു ആഹരം. പല്ലുതേക്കാന്‍ കരിമ്പിന്‍ ചണ്ടിയും
കഴിഞ്ഞ ഒരുമാസക്കാലം, ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന ആഘോഷമായിരുന്നു. ഇങ്ങിനെയൊക്കെ ആറുമാസം എഴുന്നള്ളിനിന്നതിന്റെ.
പലരും മംഗളപത്രമയച്ചുത്തന്നു. റൂസ്സോ എന്ന ഒരു പരന്ത്രീസുകാരന്‍ എഴുതിയറിയിച്ചു.
" എലിഫന്‍സ്‌ ബോണ്‍ ഫ്രീ ബട്ട്‌ സംവേര്‍ ഇന്‍ ചെയിന്‍സ്‌ "
തേവരുടാനയേ ഇറക്കിയെഴുന്നള്ളിച്ചു തുടങ്ങിയതോടെ , ഗജദാസന്റെ ജ്യേഷ്ടന്‍, കളിഭ്രാന്തു വീതമായികിട്ടിയ ആളെ സ്വപ്നത്തില്‍ ആനകള്‍ വന്നു പെരുമാറിത്തുടങ്ങി. പത്രത്തില്‍ ഉറങ്ങാത്ത വാര്യരേക്കുറിച്ചു വരികയും ചെയ്തു. ആനകളും പെരുമാറ്റം സ്വപ്നത്തിലാണു ചെയ്തുകൊണ്ടിരുന്നത്‌
ആറാം മാസ സില്വ്വര്‍ ജൂബിലിയാഘോഷത്തിന്റെ പ്രധാനപരിപാടി ഒരു ചെറിയ കലാകാരന്റെ സിനിമാറ്റിക്ക്‌ ഡാന്‍സായിരുന്നു . ഡാന്‍സുകഴിഞ്ഞ്‌ കലാകാരനു തുമ്പിക്കയ്യില്‍ രണ്ടുണ്ട ശര്‍ക്കരയും ഒരേത്തപ്പഴവും വെച്ചുകൊടുത്തിട്ട്‌ ചാരുകസേരയില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ അവള്‍ അടുത്തുവന്ന് ചോദിച്ചു
" നന്ദികെട്ട വര്‍ഗ്ഗത്തിന്റെ ഇംഗ്ലീഷെന്താ ?
നോ താങ്ക്സ്‌ കമ്മൂണിറ്റി. എന്താ ?

അതാകരുത്‌ . നന്ദിപ്രകാശിപ്പിക്കണ്ടേ ?
സമയം അതിക്രമിച്ചോ ?
അതിക്രമിച്ചാല്‍ കാരണം ബോധിപ്പിച്ചാല്‍ മതി
കാരണം ബോധിപ്പിക്കല്‍
അര്‍ദ്ധനഗ്നന്‍ ഫക്കീര്‍ യൂണിവേര്‍സിറ്റിയില്‍ 8 മണിക്കൂര്‍ ജ്യാലികളും , 8 മണിക്കൂര്‍ വിശ്രമവും 8 മണിക്കൂര്‍ വിനോദുമായി ചെലവിട്ടകാരണം നന്ദിക്കു തീയിടാന്‍ സമയം കിട്ടിയില്ല . അതിനാല്‍ ഈ വൈകിയ വേളയില്‍ .

വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത്‌ ബ്ലോഗിലിട്ടത്‌ അജിത്കവി എന്ന വലിയ ബ്ലോഗുടമയാണ്‌ . ഏഭ്യന്‍ , ഇത്രയും നിരീച്ചുകാണില്ല . അവനു നന്ദി
പിന്നെ പലകുറി പലതരം കമന്റടിച്ച്‌ തേവരുടാനയേ പരവേശനാക്കിയവര്‍ . അറിയാവുന്നവരും , അറിവില്ലാത്തവരും . ഇവര്‍ ഇട്ടുത്തന്ന പാലത്തില്‍ കൂടി ഇവരുടെ ബ്ലോഗ്‌ ഭേദനം നടത്താനും സാധിച്ചില്ല . നടേ പറഞ്ഞ മണിക്കൂറിന്റെ പ്രശ്നം . ഇവര്‍ക്ക്‌ ഈ കുമ്പസാരവും , കൂടതെ നന്ദിയും . കുമ്പസാരം നടത്തിനടത്തി കുമ്പ സാരമില്ലാതായി .
ഒരിക്കല്‍ കൂടി നന്ദി പറഞ്ഞിട്ട്‌ മൈക്ക്‌ ഒാഫാക്കി ചാരുകസേരയില്‍ വന്നിരുന്നപ്പോള്‍ അവള്‍ വീണ്ടും വന്നു
" അപ്പോള്‍ ചിത്രം കൊടുക്കണ്ടേ , ആഘോഷത്തിന്റെ ചിത്രം ?
"ചിത്രം എത്രയും ചിത്രം ചിത്രം " എന്നുപറഞ്ഞുകൊണ്ട്‌ അതും വലയിലാക്കി
ചെറിയ കലാകാരന്റെ
രണ്ടാം നിരയിലെ ഒരു ഒന്നാമന്റെ
കോട്ടയിലെ മൂന്നാമന്റെ
ഗുരുപവനപുരം ഇന്ദ്രസേനന്റെ
സിനിമാറ്റിക്ക്‌ ഡാന്‍സിന്റെ

Thursday, June 12, 2008

Oru Penayilninnum Aanayilekkulla Vazhi

ഗ്രന്ഥപലകയില്‍നിന്ന് ഗ്രന്ഥം എടുത്തു. ഭൂതകാലത്തിന്റെ ഏടുകള്‍ മറിച്ചുനോക്കി.
ഒരുനാള്‍ പേന തന്നിട്ട്‌ അവള്‍ പറഞ്ഞു " രാമം ദശരഥം വിദ്ധി, പേനയേ ഞാനാം വിദ്ധി"
ഒന്നും മനസ്സിലാകാതെ മുഖത്തുനോക്കിയപ്പ്പ്പോള്‍ അവള്‍ പറഞ്ഞു
"പേനയേ ഞാനയിട്ടുകരുതണം എന്നാണു പറഞ്ഞത്‌ . വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എഴുതിതുടങ്ങും അപ്പോള്‍ ഈ പേനയായിട്ട്‌ ഞാന്‍ കൂടെ കാണും "
ഇപ്പോള്‍ തന്നെ എഴുതിയാലോ ? മഷിനിറക്കട്ടേ ? മുഖത്തുനിന്നും കണ്ണെടുക്കാതെ അര്‍ഥം വെച്ചു ചോദിച്ചു
"മനസ്സിലാണു മഷിനിറയേണ്ടത്‌ . കാലമാകട്ടെ"
പിന്നെ അവള്‍ തിരിഞ്ഞ്‌ ആള്‍ക്കൂട്ടത്തിലെങ്ങോ മറഞ്ഞു
2
മേടമാസത്തിലെ പാലക്കാടന്‍ ചൂട്‌ . അതൊ പാലക്കാട്ടെ മേടമാസചൂടോ . എതാണു ശരിയെങ്കില്‍ അതിലേയ്ക്കു വലത്തുകാല്‍ വെച്ചിറങ്ങി . ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റില്‍ കോയമ്പത്തൂര്‍ ബസ്സിനുള്ള ക്യൂ അങ്ങ്‌ കോയമ്പത്തൂര്‍ വരെ നീണ്ടിരുന്നു
രാത്രിയില്‍ ചൂട്‌ ഉറക്കത്തിനെ ആട്ടിയകറ്റി . കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോള്‍ ആരോ തിരിയുകയും മറിയുകയും ചെയ്ത ഒരു കവിതയാണ്‌ മനസ്സില്‍ വന്നത്‌
" തിരിയുന്നു മറിയുന്നുഎഴുത്താണിയെടുക്കുന്നു":
എഴുത്താണി:
പെട്ടന്നാണ്‌ എഴുത്താണി മനസ്സില്‍ തറച്ച്തത്‌ .ചാടിയെഴുന്നേറ്റു . കട്ടിലിന്റെ ചുവട്ടില്‍നിന്നും പഴയ ട്രങ്കുപെട്ടി വലിച്ചെടുത്ത്‌ തുറന്നു . ഒരു മൂലയില്‍ അന്നത്തേപ്പോലെതന്നേ ഇരിക്കുന്നു. കയ്യിലെടുക്കുമ്പോള്‍ ചിന്തിച്ചു " ഇപ്പോള്‍ ഇതവളായിക്കാണുമോ , എഴുതിതുടങ്ങിയാലോ ? " മഷിനിറച്ചു , ഡയറിതുറന്ന് എഴുതിനോക്കി .ഒരക്ഷരവും പതിയുന്നില്ല . തറയിലേക്ക്‌ ആഞ്ഞുകുടഞ്ഞു . ഒരുതുള്ളി മഷി തറയില്‍ വീണു . കടലാസില്‍ വീണ്ടും എഴുതി . ഒരക്ഷരം പതിഞ്ഞില്ല . എഴുതാന്‍ പറ്റാത്ത അവസ്ഥ മനസ്സിന്റെ സമനില തെറ്റിക്കുന്നതുപോലെ
. " നാശം" പേന കട്ടിലിലേക്ക്‌ വലിച്ചെറിഞ്ഞു . ലൈറ്റണച്ച്‌ കിടന്നു. അപ്പോള്‍ അടുത്തുകിടന്ന് അവള്‍ പറഞ്ഞു
'എന്നോടു ദേഷ്യപ്പെട്ടിട്ടെന്താകാര്യം , മനസ്സിലാണു മഷിനിറയേണ്ടത്‌"
കൊതുകുകള്‍ മൂളിപ്പറന്നുകൊണ്ടിരുന്നു . അവള്‍ പറഞ്ഞു
" കൊതുകുകളേക്കാള്‍ ദയ ആനകള്‍ക്കുണ്ട്‌ , അവ ഒന്നോരണ്ടോ പ്രാവശ്യമേ കുത്തുകുള്ളു . പിന്നെ ആരുകുത്തിയാലും അറിയില്ല , മോക്ഷം . കൊതുകുകള്‍ അങ്ങിനെയല്ല എപ്പളും കുത്തും
ചൂടിലും കൊതുകിലും എങ്ങിനെയോ ഒന്നുമയങ്ങിയപ്പോള്‍ കോളിങ്ങ്ബെല്ലിന്റെ നീണ്ടശബ്ദം മുഴങ്ങി
3
ജനല്‍കര്‍ട്ടന്‍ മാറ്റിപുറത്തേക്കുനോക്കി. കിഴക്ക്‌ ആരോ വെള്ള കീറിയിട്ടിരിക്കുന്നു . പരപരാ വെളുത്തനിറം . കര്‍ട്ടനില്‍ തൂങ്ങിക്കിടന്നിരുന്ന കൊതുകുകള്‍ ചിറകടിച്ച്‌ പുറത്തേയ്ക്ക്‌ പറന്നു. വീണ്ടും കോളിങ്ങ്ബെല്‍ മുഴങ്ങി. കതകുപതുക്കെ തുറന്നപ്പോള്‍ , കറുത്ത ബാഗും തൂക്കിനിന്ന പെണ്‍ക്കുട്ടി ഒറ്റശ്വാസത്തില്‍ പറഞ്ഞു.
"സാര്‍ ഞങ്ങളുടെ പുതിയ വാക്വംക്ലീനറിന്റെ ഫ്രീ ഡെമോണ്‍സ്റ്റ്രേഷനാണ്‌. വാതില്‍ക്കല്‍നിന്നൊന്നു മാറു , ഞാനകത്തോട്ടു കയറട്ടെ "
അവളെ വാതില്‍ക്കല്‍തന്നെ നിര്‍ത്തിയിട്ട്‌ അല്‍പം കയര്‍ത്തുതന്നെ ചോദിച്ചു
"കച്ചവടത്തിനൊരു സമയമൊക്കെയില്ലേകൊച്ചേ, അതിരാവിലെ കുത്തിപ്പൊക്കിയാണോ ഡെമോണ്‍സ്റ്റ്രേഷന്‍ ?
"സമയമല്ലസാര്‍ ഞങ്ങള്‍ക്ക്‌ മുഖ്യം ടാര്‍ഗെറ്റാണ്‌ , ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപോലും ഇതു വലിച്ചെടുക്കും . സാറുമാറിക്കേ"
ഒരുനിമിഷം ശങ്കിച്ചിട്ട്‌ ചങ്കെടുത്തുനീട്ടി ചോദിച്ചു
"കൊച്ചേ, ഈ ചെമ്പരത്തിപ്പൂവിലെ പൊടിയും, മാറലയുമൊക്കയോ ? "
ഒന്നു സൂക്ഷിച്ചുനോക്കിയിട്ട്‌ അവള്‍ തിരിഞ്ഞുനടന്നു . നടക്കുന്നതിനിടയില്‍ പറഞ്ഞു
"അതിനു ചികിത്സയാണു നല്ലതുസാര്‍ "
അകത്തു പൂജാമുറിയില്‍നിന്ന് ചന്ദനത്തിരിയുടെ ഗന്ധം ഒഴുകിയെത്തി. അവളുടെ സ്വരവും ആപദികിംകരണീയംശരണീയംചരണയുഗളമംബായാം
4
കുളിച്ചുവേഷം മാറി ആഹാരം പോലും കഴിക്കാതെ പുറത്തേക്കിറങ്ങിയപ്പോള്‍, അവള്‍ പുറകീന്നുവിളിച്ചു ചോദിച്ചു
.കോങ്ങാടിനാണല്ലേ?
ഒന്നും മിണ്ടിയില്ല.യാത്രയില്‍, അവാള്‍ ചൊല്ലിയതാണു ചിന്തിച്ചത്‌. " ശരണീയം ചരണയുഗളമംബായാം ". കിഴക്ക്‌ പാടവും കടന്ന്, പടികള്‍ ചവുട്ടി അംബയുടെ മുന്നില്‍ച്ചെന്നു വീണു. മനസു പൊട്ടി വിളിച്ചു
"അമ്മേ, മഹാമായേ, ദേവി"
പിന്നെ ഉറക്കെ പാടി
കോങ്ങാട്ടുതിരുമാന്ധാംകുന്നിലമ്മേ
കോറിച്ചിടേണംകഥ, കാവ്യമമ്മേ
കോരിനിറക്കണം മനതാരിലമ്മേ
കോള്‍മയിര്‍കൊള്ളിക്കുംസ്നേഹമമ്മേ
വീണ്ടും, പ്രദക്ഷിണം വെച്ചിട്ട്‌ ശ്രീകോവിലിനു മുന്നില്‍ നമസ്കരിച്ചെഴുന്നേറ്റപ്പോള്‍, അകത്തുനിന്ന് അമ്മ, മധുരമായി പറഞ്ഞു
" ഉണ്ണീ, അമ്മയുടെ സ്നേഹം അന്തവും, അളവുമില്ലാത്ത പ്രവാഹമാണ്‌. മനസ്സില്‍ അടഞ്ഞിരിക്കുന്ന കുംഭം തുറക്കണം, എന്നാലേ അതു നിറഞ്ഞുകവിയൂ . സന്തോഷമായി, പൊയ്കോളു. അമ്മയുടെ സ്നേഹം എന്നും ഉണ്ണിക്കുണ്ടാകും"
നിറഞ്ഞ സന്തോഷത്തോടെ, അമ്മയേ വീണ്ടുംവീണ്ടും തൊഴുത്‌ പുറകോട്ടു തിരിഞ്ഞിറങ്ങുമ്പോള്‍ അമ്മ, വീണ്ടും പറഞ്ഞു
."ഉണ്ണീ, ഗുരുവും കഴിഞ്ഞേ ദൈവം വരു.ഈശ്വരനെന്നുംഗുരുവെന്നും രണ്ടില്ലവിശ്വസിച്ചോര്‍ക്കുകില്‍ ഒന്നുതന്നേഎന്നു ഉണ്ണി തന്നെ കുട്ടിക്കാലത്തു പാടിയിട്ടില്ലേ, മാഷിനേയും കണ്ടിട്ടുപോകു"
അപ്പോള്‍ ക്ഷേത്രത്തിനു കിഴക്കായി പ്രാര്‍ത്ഥനയോടെ അമ്മയേ നമസ്കരിച്ചെഴുനേല്‍ക്കുന്ന മാഷിനെ കാണായിവന്നു

Saturday, June 7, 2008

Laksmideviyude Vilayattam Athava BADARINATH 3 Kimi

കയ്യാലപ്പുറത്തെ തേങ്ങയും ആനപ്പുറത്തേറിയ നാരിയും ബന്ധമൊന്നതത്രേയുള്ളൂചട്ണിയ്ക്കരയിവര്‍കഴിഞ്ഞേയുള്ളൂ
മറ്റൊരു വാര്യരുടെ നളനല്ലാതെ വേറേ ഒരു നളിനാക്ഷനും ചട്ണിയരച്ചാല്‍ നളപാകമാകില്ല പാചകത്തിനു സ്ത്രീകള്‍ തന്നെ വേണം . വാചകത്തിനും
പക്ഷെ സ്ത്രീകളുടെ സ്ഥിതി വളരെ ദയനീയമാണ്‌ . സ്വത്തവകാശനിയമപ്രകാരം അമ്മാവനെ ആനപ്പുറത്തു കയറുവാന്‍ അവകാശമുള്ളു . തഴമ്പ്‌ അനന്തിരവനും
ചേതാവനി
കുരുക്ഷേത്രഭൂമിയില്‍ , മറുപക്ഷത്തേ ബൈനോക്കുലറില്‍കൂടി നോക്കിയ പരാശരപുത്രപുത്രപൗത്രന്‍ എത്രയും പരവേശനായി തേര്‍ത്തട്ടില്‍ വീണു . പേടിയകറ്റാനായി അര്‍ജുനോ ഫല്‍ഗുനോ ജിഷ്ണു എന്നിങ്ങനെ ചൊല്ലിത്തുടങ്ങി . അതുകണ്ട്‌ മനമലിഞ്ഞ സാരഥി , പരവേശനോട്‌ പലതും പറഞ്ഞു. കൂട്ടത്തില്‍ ഇതും
.പര്‍വതങ്ങളില്‍ ഹിമാലയമാണഹംകരികളഭങ്ങളില്‍ പദ്മനാഭനും
ജാഗ്രത (അടിവര)
ആനപ്പുറമതിലേറിയ ലക്ഷ്മി പര്‍വതരാജനിലേറുകനീയിനി
സാമ്പിള്‍
മഴ .തലക്കുമുകളില്‍ തൂങ്ങിനില്‍ക്കുന്ന പര്‍വ്വതം, അങ്ങ്‌ അഗാധതയില്‍ കൂലംകുത്തി, കലങ്ങിമറിഞ്ഞ്‌ ഒഴുകുന്ന അളകനന്ദ . ചെറിയചെറിയ കല്ലുകള്‍ ചൂളം വിളിച്ചുകൊണ്ട്‌ പര്‍വ്വതത്തില്‍ നിന്നും നദിയിലേയ്ക്കു പായുന്നു . പാതയിലേക്കു ഹുങ്കാരത്തോടെ പതിക്കുന്ന വലിയ ഉരുളങ്കല്ലുകള്‍ . ഇതിനിടയില്‍കൂടി ബെസ്സില്‍നിന്നിറങ്ങി എങ്ങിനെയോ ഓടി
ഒരു വളവ്‌.
ഒരു മയില്‍ക്കുറ്റി
. ബദരീനഥ്‌ 3കി മി
മഴയുടേയും മഞ്ഞിന്റെയും മൂടലില്‍ പര്‍വ്വതം വഴിയിലേക്കിറങ്ങിക്കിടക്കുന്നു.
നില്‍ക്ക്‌
ദൈവദൂതന്‍ പറഞ്ഞു
നേരിയ വെളിച്ചത്തില്‍ ഇടിഞ്ഞ പര്‍വ്വതത്തില്‍കൂടി മറുവശം കടക്കാന്‍ ശ്രമിക്കുന്ന രണ്ടുപേര്‍. അവരുടെ മുട്ടറ്റം ഇടിഞ്ഞുകുതിര്‍ന്ന മണ്ണില്‍ പുതഞ്ഞിരിക്കുകയായിരുന്നു. അതുനോക്കിനിന്നപ്പോള്‍ ദൈവദൂതന്‍ വീണ്ടും പറഞ്ഞു
.കയറ്‌
ലക്ഷ്മീദേവിയുടെ വിളയാട്ടം
കോങ്ങാട്ടു ചെന്ന് തിരുമാന്ധാംകുന്നിലമ്മയേയും വണങ്ങി, കുട്ടിശങ്കരന്‍ മാഷിന്റെ അടുത്തുചെന്നു . മാഷ്‌ നീരിലായിരുന്നു . എങ്കിലും പല കാര്യങ്ങളും സംസാരിച്ചു. കൂട്ടത്തില്‍ പറഞ്ഞു
" തോളിനു ഭയങ്കര വേദന ലക്ഷ്മീദേവിയുടെ വിളയാട്ടം എന്നല്ലാതെന്തു പറയാന്‍ . നനഞ്ഞ തോര്‍ത്ത്‌ തോളിലിട്ടാല്‍ ലക്ഷ്മീദേവി ഇറങ്ങിപോകും എന്നാണു സംസാരം . പക്ഷെ പറ്റിയ തോര്‍ത്തൊന്നും തിരുപ്പ്പൂരുണ്ടക്കുന്നില്ല . ഒരു പനമ്പട്ട ഇട്ടുനോക്കിയാലോ ഉണ്ണീ "
ഇത്രയും പറഞ്ഞ്‌, അടുത്തുള്ള കല്‍തൊട്ടിയില്‍നിന്ന് തുമ്പി നിറയെ വെള്ളമെടുത്ത്‌ പട്ടയിലൊഴിച്ചു . പിന്നെതുമ്പിക്കരംകൊണ്ടുതോണ്ടിയെടുത്തിട്ടുതുമ്പങ്ങുയര്‍ത്തീട്ടുതോളിലിട്ടു

Monday, April 21, 2008

Nenmaara Velai

മീനം 20


അതിരുകളില്ലാത്ത വയലുകള്‍ക്കു നടുവില്‍ സാക്ഷാല്‍ നെല്ലിക്കുളങ്ങര അമ്മ. തൊഴുതുപിന്മാറുമ്പോള്‍ അമ്മ പറഞ്ഞു


"ഉണ്ണീ ദൈവങ്ങളും മനുഷ്യരും മൃഗങ്ങളും തമ്മില്‍ ദൂരം കുറയുന്നു . സന്തോഷമായി .നന്നായിവരും" അനുഗ്രഹത്തിന്റെ ഒരായിരം കരങ്ങള്‍ ശിരസ്സില്‍ അമര്‍ന്നതുപോലെ . തലേന്നുപെയ്ത മഴയുടെ തണുപ്പിനെ നിഴ്പ്രഭമാക്കുന്ന മീനമാസത്തിലെ ചൂട്‌ ആ അനുഗ്രഹത്തില്‍ അലിഞ്ഞുപോയി


2


ഈ നെന്മാറ ബ്രദേഴ്സും വല്ലങ്ങി ബ്രദേഴ്സും?


ചോദ്യം മുഴുവനാക്കേണ്ടി വന്നില്ല .തേവരുടാനയല്ലേ ? ചായക്കാരന്‍ തിരിച്ചു ചോദിച്ചു . നെന്മാറക്കാര്‌ അവരുടെ മന്ദത്തിനടുത്ത്‌ സ്കൂളിലാണ്‌ നില്‍പ്‌ .അടയാളമിട്ടാണ്‌ പോയിരിക്കുന്നത്‌ .വേഗം പൊയ്ക്കോളു.


3


നെന്മാറബ്രദേഴ്സ്‌ ഇട്ടിട്ടുപോയ അടയാളങ്ങള്‍ നോക്കി അങ്ങോട്ടുകുതിച്ചു .കുതിക്കുന്നതിനിടയില്‍ കൂടെകൂടിയ ആള്‍ പറഞ്ഞു " ഞാന്‍ മേളവാദക്കാരനാണ്‌ .എന്താ ഒരു മേളം . അല്ല മേളമായാലെന്താ ആനയായാലെന്താ വേല വേലതന്നെ . എന്താ ഒരു വേല .മഴ ചതിക്കുമോ ആവോ ? വേഗമായിക്കോട്ടെ എഴുന്നള്ളിക്കാന്‍ സമയമായി "


4


ആശാനേ, പാതയോരത്തുകൂടി നാലുകാലില്‍പോയ ഒരുവന്‍ അടുത്തുകൂടി "നാട്ടുകാരനാണ്‌ . പാമ്പാടിദേശം സുന്ദരന്‍ . സ്ഥാനിയുടെ നിഴല്‍


."സുന്ദരനാണോ ? സത്യശിവസുന്ദരന്‍ ?


സത്യശിവസുന്ദരമൂര്‍ത്തികളുടെ മുന്നില്‍ ഞാന്‍ അജമല്ലിയോ


സ്ഥാനിരായര്‍ ഹാജറുണ്ടോ ?


സ്കൂളില്‍ ഹാജരുണ്ട്‌ വലതനാണ്‌


നടുക്കോ ?


നടുക്കുയതി പാദാദിപൊരുത്തമിതു


.കവിത മുഴുവനാക്കാതെ സുന്ദരന്‍ കയ്യില്‍ കടന്നുപിടിച്ചുകൊണ്ട്‌ സ്കൂളിന്റെ വളപ്പില്‍ കയറി


5


അടുത്തെവിടെനിന്നോ മേളം ഉയരുന്നു. ഊടുവഴികളില്‍ പോലും മേളത്തിനനുസരിച്ച്‌ താളമിട്ടുകൊണ്ട്‌ ഒഴുകുന്ന ജനങ്ങള്‍ . ഇടക്ക്‌ ഒരു കതിന ആകാശത്തില്‍ വീണുപൊട്ടി. സ്കൂള്‍വളപ്പില്‍, വേലക്ക്‌ ഉന്നതനായ ഗജരാജന്റെ മേലെ നെന്മാറഭഗവതി എഴുന്നള്ളുമ്പോള്‍ അകമ്പടി സേവിക്കാനുള്ളവര്‍, കുളിച്ചും, കുറിയിട്ടും നില്‍ക്കുന്നു. കാഴ്ചക്കാര്‍ കൂടുമ്പോള്‍ തല ഉയര്‍ത്തിയും ചെവി വിടര്‍ത്തിയും. കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന ഏലസ്സുകള്‍,പട്ടങ്ങളും. ഗുരുവായൂര്‍ കേശവങ്കുട്ടി,കൂറ്റനാട്‌ രാജശേഖരന്‍,ചിറക്കലേ കാളിദാസന്‍,പിന്നെ

ആശാനേ, സമയം പാഴാക്കാതെ

.സുന്ദരന്‍ കയ്യില്‍പിടിച്ചുവീണ്ടും വലിച്ചു.

സ്ഥാനിരായനെ കണ്ടില്ലല്ലോ ?

അതൊക്കെ പിന്നെ കാണാം. അവിടെ തിടമ്പെഴുന്നെള്ളിക്കാറായി.

ഊടുവഴിയിലൂടെ മുന്നോട്ട്‌`. ഉയര്‍ന്നുയര്‍ന്നുവരുന്ന മേളം. ജനക്കൂട്ടം. സഹസ്രങ്ങള്‍. അതിനും നടുവില്‍ ദേവിയുടെ തിടമ്പേറ്റാന്‍ ഒരുങ്ങിനില്‍ക്കുന്നവന്‍. ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി മുന്നില്‍ ചെന്നു. ആ ഔന്നത്യം കണ്ട്‌ മതിമറന്ന് അങ്ങിനെ നോക്കിനിന്നപ്പോള്‍ ഉന്നതന്‍ വളരെ മനോഹരമായി ചിരിച്ചു. പിന്നെ ഘനഗാംഭീര്യത്തോടെ പറഞ്ഞു.

" ഉണ്ണീ, തേവരാണെല്ലാം, ആനയല്ല. അമ്മയേ വണങ്ങൂ. അതാ അമ്മയുടെ പൊന്നിന്‍ തിടമ്പ്‌"

അപ്പോള്‍ പൂജിക്കുവാന്‍ ഇറക്കിവെച്ചിരുന്ന പൊന്നിന്‍ തിടമ്പ്‌ കാണായിവന്നു.

ആ തിടമ്പിലെ അമ്മയുടെ സാനിധ്യത്തെ വീണുനമസ്കരിച്ചിട്ടെഴുന്നേറ്റപ്പോള്‍, പുറകില്‍നിന്നും ആരവമുയര്‍ന്നു.

"അമ്മേ മഹാമായേ, അമ്മേ ഭഗവതി."

കോമരത്തിന്റെ വാളിലെ മണികള്‍ കിലുങ്ങി. ഉന്നതന്‍ തന്റെ കാലുകള്‍ മടക്കി, തല കുമ്പിട്ടു. കത്തിനില്‍ക്കുന്ന കോലുവിളക്കിന്റെ മുന്നില്‍ തിരുമേനി, അമ്മയുടെ തിടമ്പുമായി ഉന്നതന്റെ മേലേയേറി.ആകശത്തില്‍ ഒരു കതിനകൂടി വീണുപൊട്ടി. അപ്പോള്‍ ഉന്നതന്റെ ഉയര്‍ത്തിപ്പിടിച്ച ശിരസ്സില്‍ അമ്മ അമര്‍ന്നിരുന്നു

Monday, April 14, 2008

Aamukham

മീനം 19 കോയമ്പത്തൂരിലെ കോഴിവളര്‍ത്തല്‍ ചെട്ടിയാര്‍, വളര്‍ത്തു പക്ഷികളെ അടൂത്തു വിളിച്ച്‌ , തലോടി , വായില്‍ അരി വെച്ചൂകൊടൂത്ത്തിട്ടൂ പറഞ്ഞു.

"കുട്ടികളെ എല്ലവരും കൂടുതല്‍ കൂടുതല്‍ മുട്ടയിട്ടോണം, എന്നിട്ടെ കത്തി വെയ്ക്കൂ . നാളെ നെന്‍മാറേ വല്ലാത്ത വേലയാണ"

കേട്ടപാതി കേള്‍ക്കാത്ത പാതി, കുട്ടികള്‍ ഒാരോരൊ മൂലയില്‍ പോയിരുന്നു .ആവശ്യത്തില്‍ കൂടുതല്‍ മുട്ടയിട്ടൂ. പിന്നെ അടുത്തു കണ്ട കത്തിക്കു തല വെച്ചു കൊടുത്തു. മുട്ടയുടെ കൂനകള്‍ കണ്ട്‌ , കുട്ടികളുടെ സ്വയം കുരുതികണ്ട്‌ ചെട്ടിയാരുടെ മനം കുളിര്‍ത്തു.

അമ്മേ മഹാമായേ ഇനി കമാനത്തിനു പേരുവയ്ക്കാം.

സായാഹ്നത്തില്‍,വേലപ്പറമ്പിലേക്കുള്ള വഴികള്‍ ഹലുവ കൊണ്ടും പൊരികള്‍ കൊണ്ടും മൂടിയപ്പോള്‍ കാര്‍മേഘത്തിണ്റ്റെ ഇരുട്ടിനേയും തള്ളിമാറ്റി കമാനങ്ങള്‍ തെളിഞ്ഞു വന്നു.

വല്ലാത്ത വേലയിലേക്കു സ്വാഗതം

കോങ്ങാടു ചെന്ന്‌ കുട്ടിശ്ശങ്കരന്‍ മാഷിനെ തൊഴുതുകൊണ്ടു നിന്നവനോടു മോഹനേട്ടന്‍ ചോദിച്ചു

നളെയല്ലേ വേല?എന്തേ ഇന്നേ കമാനം തെളിച്ചു.?

ഏട്ടാ ഇത്‌ വേലയുടെ ആമുഖം' .വേല നാളയും.

ശേഷം പേന പോക്കറ്റിലാക്കി നെന്‍മാറ ലാക്കാക്കി നടന്നു തുടങ്ങി അപ്പോള്‍ പിന്നില്‍നിന്നു വിളിച്ച്‌' അമ്മ പറഞ്ഞു.

."ഉണ്ണീ നാളെ ഇവിടേയും കൊടികയറും .സ്മരിക്കണം. നന്നയി എഴുതണം

""അമ്മേ മഹാമായേ "

മനസില്‍ വിളിച്ചിട്ടു വീണ്ടും നടന്നു.

നെന്‍മാറ വല്ലാത്ത വേല ആമുഖം ഇഹ

Sunday, April 13, 2008

Varumoro Vishu Vannapole Pom

ഈ തേവരുടാനപ്പുറം സന്ദറ്‍ശ്ശിക്കേണ്ടിവരുന്ന എല്ലാ ഹതഭാഗ്യറ്‍ക്കും തേവരുടാനയുടെ വിഷുദിനാശംസകള്‍ .

ഒരു പടക്കവുമിരിക്കട്ടെ

. കൈനീട്ടം മുഖദാവില്‍

ചിത്രം നെന്‍മാറയില്‍നിന്നും

. പകറ്‍ത്തിയതു ഞാന്‍ താന്‍

Sunday, March 2, 2008

Sathyam Sivam Sundaram




ആമുഖം
ശക്തനില്‍ തമ്പുരാന്‍ കഴുത്തില്‍ വാളൂന്നികൊണ്ട്‌ പറഞ്ഞു
സത്യവും ശിവവും സുന്ദരവുമായ കാര്യം ചമയ്ക
റാന്‍
കഴുത്തിനു മുകളില്‍ ശിരസ്സുണ്ടോ എന്നു നോക്കികൊണ്ട്‌ റാന്‍
ആ മുഖം അങ്ങിനെ തീര്‍ന്നു
പെരുമ്പുള്ളിശ്ശേരി കവലയില്‍ അന്തരീക്ഷത്തില്‍ രണ്ടുനാള്‍ മുന്നത്തെ പെരുവനം മേളം തങ്ങിനിന്നിരുന്നു .തടിമില്ലിലെ വളര്‍ത്തുമൃഗം നീട്ടിവിളിച്ചു പറഞ്ഞു.
ആശാനേ വേഗം വിട്ടൊ അയ്യപ്പനെത്തിയിട്ടുണ്ട്‌ ഞാന്‍ പിന്നലെ
എന്നലവിടെകാണാമെന്നു പറഞ്ഞ്‌ ഇടത്തുതിരിഞ്ഞ്‌ വേഗം വിട്ടു .രാജാസില്‍ നിന്നും ഇടത്തോട്ട്‌ ആബാലവയസ്സര്‍ അങ്ങോട്ടുമിങ്ങോട്ടും ഒഴുകികൊണ്ടിരുന്നു .ഒരുവന്‍ തുമ്പിയില്‍ ഒരുകെട്ടു പനയോലയുമായി കടന്നുവന്നു .കെട്ട്‌ താഴെയിട്ടിട്ട്‌പറഞ്ഞു
ആശാനേ ഞങ്ങളു സാധാരണക്കാര്‌ ഞങ്ങളേക്കുറിച്ചും എഴുതണേ
ആയിക്കോട്ടേ എന്നും പറഞ്ഞ്‌ മുന്നോട്ട്‌ നടന്നു .ലേശം നടന്നപ്പോള്‍ പാതയോരത്ത്‌ ഒരു തേര്‌ ഒതുക്കിയിട്ടിരിക്കുന്നു. അടുത്തുള്ള തെങ്ങിന്തോപ്പില്‍ നിന്നു പരിചയമുള്ള ശബ്ദമുയര്‍ന്നു
ആശാനേ ഓയ്‌
നോക്കിയപ്പോള്‍ അയ്യപ്പന്‍ ഈരാറ്റുപേട്ട യാത്രാക്ഷീണം തീര്‍ക്കുകയാണ്‌ .ഒരു ചായയും മേടിച്ച്‌ അടുത്തുചെന്നു
നടുക്കല്ലെ ? ചായ മോന്തിക്കൊണ്ട്‌ ചോദിച്ചു
അല്ല വലതാണ്‌
നേരോ ? വിശ്വാസം വന്നില്ല
ആശാനെ രണ്ടേരണ്ടുപേരുടെ അല്ല അവതാരങ്ങളുടെ ഇടതോ വലതോ നില്‍ക്കുമ്പോളാണ്‌ എന്റെ ജന്മം എത്ര അനുഗ്രഹീതമാണെന്നു ഞാനറിയുന്നത്‌ .ഒരിക്കലവരുടെ അടുത്തുനിന്നാല്‍മതി ഈ സാഗരം നീന്തികടക്കാന്‍ ഞാനെത്രധന്യനാണ്‌. ഇന്നും എനിക്കാ അവസരം കൈവന്നിരിക്കുകയാണല്ലോ
ഇത്രയും പറഞ്ഞപ്പോള്‍ തന്നെ അയ്യപ്പന്റെ ഉടലാകെ കോള്‍മയിര്‍ കൊണ്ടിരുന്നു കണ്ണുകളില്‍ സന്തോഷാശ്രുക്കളും
ഒന്ന്‌ ശ്രീ പദ്മനാഭസ്വാമികള്‍ തന്നെ മറ്റേ അവതാരമോ? ചോദിച്ചു
ഇവിടെ സമയം പാഴാക്കാതെ വേഗം മതില്‍കകതേയ്ക്കു ചെല്ലുക
പിന്നെ അമാന്തിച്ചില്ല വിശാലമായ പാടവും കടന്ന് അമ്പലത്തിന്റെ ഗോപുരവും കടന്ന് അകത്തുകയറി മതില്‍കകത്ത്‌ കരികള്‍ ചിതറിനില്‍ക്കുന്നു .ചാരിവെച്ചിരിക്കുന്ന മുത്തുക്കുടകള്‍ കൂട്ടിയിട്ടിരിക്കുന്ന ആലവട്ടങ്ങള്‍ വെഞ്ചാമരങ്ങള്‍ .മാരാര്‍ ചെണ്ടയുടെ കയറുമുറുക്കുന്നുണ്ടായിരുന്നു അമ്പലത്തിനു പുറകില്‍ ഒരാള്‍ക്കൂട്ടം അതിനും നടുക്ക്‌
എങ്ങിനേ ആള്‍ക്കൂട്ടത്തെ വകഞ്ഞ്‌ മുന്നിലെത്തിയതെന്നറിയില്ല .ആരൂപത്തെ ഒന്നുനോക്കി .പിന്നെ എത്രനേരം നോക്കിനിന്നു എന്നുമറിയില്ല
ദൈവമേ ആരണിത്‌? അറിയാതെ ചോദിച്ചുപ്പോയി
ഉണ്ണീ
ആരോ തോളില്‍ തട്ടിവിളിച്ചു .തിരിഞ്ഞുനോക്കി ഒരാള്‍ ചിരിച്ചുകൊണ്ട്‌ നില്‍ക്കുന്നു .അപ്പോളാണ്‌ തോളില്‍ കിടക്കുന്ന ക്യാമറയേക്കുറിച്ചൊര്‍ത്തത്‌ .മുഖം തിരിച്ച്‌` ക്യാമറക്കണ്ണില്‍കൂടി വീണ്ടും നോക്കി
ഉണ്ണീ
വീണ്ടും തോളില്‍തട്ടി. നോക്കിയപ്പോള്‍ ചിരിച്ചുകൊണ്ട്‌` നിന്നയാള്‍ ചോദിച്ചു
ഉണ്ണീ ഒരു ക്യാമറക്കണ്ണിലേ കാഴ്ച മാത്രമായി ഒതുങ്ങുന്നതാണോ ഈ രൂപം. കൊടിമരച്ചോട്ടില്‍ ഇപ്പോള്‍ എഴുന്നള്ളിച്ച്‌ മേളം തുടങ്ങും
ഒന്നും മനസ്സിലാകാതെ ആ പുഞ്ചിരിക്കുന്ന മുഖത്തേയ്ക്ക്‌ നോക്കി
വരു
കയ്യില്‍ കടന്നുപിടിച്ചപ്പോള്‍ ശരീരത്തിന്റെ ബലം നഷ്ടപ്പെട്ടതുപോലെ തോന്നി .കയ്യില്‍പിടിച്ച്‌` ഗോപുരവും കടന്നു വെളിയിലിറക്കി മുന്നിലുള്ള ആല്‍ത്തറയില്‍ കൊണ്ടുനിര്‍ത്തിയിട്ട്‌` പറഞ്ഞു
കാണണം ഒരായിരം ദീപങ്ങളുടെ പ്രഭയില്‍ കുളിച്ച്‌` ഈ രാവിലെ സംഗമത്തിന്റെ ആതിഥേയനേയും വഹിച്ച്‌` അവന്‍ ഇറങ്ങിവരും സ്വര്‍ഗ്ഗത്തില്‍നിന്നെന്നപോലെ ആ ഒരു കാഴ്ച മതി പിന്നെ മറ്റൊരു ജന്മമില്ല
പോകട്ടെ എഴുന്നള്ളത്തിനു സമയമായി
ഗോപുരവാതില്‍കടന്നു അകത്തുകയറുന്നതിനിടയില്‍ തിരിഞ്ഞുനിന്നു വീണ്ടും പറഞ്ഞു
ഉണ്ണീ ഞാനും അയ്യപ്പന്‍ ഇതുതന്നെ ദേശം
പിന്നെ ചിരിച്ചുകൊണ്ട്‌ പറഞ്ഞു
ഇത്‌ ദേവസംഗമവും
ആകാശത്ത്‌` ഒരു താമര വിരിഞ്ഞു .അപ്പോള്‍ ഗോപുരവാതിലും കടന്ന്` പുറത്തേക്കിറങ്ങി ഒരായിരംദീപങ്ങളുടെ പ്രഭയില്‍ ഒരായിരം ദീപങ്ങളുടെ പ്രഭയോടെ ആതിഥേയന്റെ സ്വര്‍ണ്ണതിടമ്പും ധരിച്ച്‌` അപ്പോള്‍ വലത്തുചേര്‍ന്ന്`ഇറങ്ങിവന്ന്` അയ്യപ്പന്‍ ഈരാറ്റുപേട്ട പറഞ്ഞു
സത്യവും ശിവവും സുന്ദരവുമായ ഈ മൂര്‍ത്തികളെ നമിക്കു ഈ ശിവസുന്ദരമൂര്‍ത്തികളെ പിന്നെ അവിടത്തെ മുകളില്‍ ഇരുന്നരുളുന്ന മൂര്‍ത്തിയേയും
അയ്യപ്പന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട്‌` നിറഞ്ഞിരുന്നു