" ഈ ദേശക്കാരനല്ലെന്നുതോന്നുന്നു, എവിടെ പോകുന്നു?"
പോകുന്ന സ്ഥലം പറഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ചോദിച്ചു
അതാരുടെ സ്ഥലമാണെന്നറിയാമോ?
മൂന്നക്ഷരംകൊണ്ട് ഈരേഴുപതിനാലുലോകവും പലവട്ടമളന്ന അതികായന്റെ എത്രയോ പുസ്തകങ്ങള്‍, എത്രയോ പ്രാവശ്യം വായിച്ചിട്ടില്ല എന്നു ചിന്തിച്ചിരിക്കുമ്പോള്‍, കണ്ടക്ടര്‍ അടുത്തുവന്ന് വണ്ടിക്കൂലിക്ക് കൈ നീട്ടി
" നെല്ലായിട്ടുമതിയോ?"
ഓര്‍ക്കാതെ ചോദിച്ചുപോയി. ഒന്നും മനസ്സിലാകാതെ കണ്ടക്ടര്‍ മിഴിച്ചുനോക്കിയപ്പോള്‍, അടുത്തിരുന്നയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു
" അപ്പോളറിയാം അല്ലേ"
വണ്ടി ഓടിക്കോണ്ടിരുന്നു. അറിയാത്തവഴികളിലൂടെ,. അറിയാത്ത സ്റ്റോപ്പുകളില്‍ അറിയാത്ത യാത്രക്കാര്‍ ഇറങ്ങിപോകുന്നു. ഒരിടത്തു വണ്ടിനിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ ഇരിട്ടിലേക്കിറങ്ങിപ്പോയി. അടുത്തിരുന്നയാള്‍ പറഞ്ഞു
" ഈ ചാലിങ്ങനെയാണ്. ഇനി കണ്ടക്ടനാണ് ചക്രപാണി. കുറച്ചുകഴിഞ്ഞുള്ള ഇരുട്ടില്‍ കണ്ടക്ടന്‍ ചക്രപാണിയും ഇറങ്ങിപ്പോകും. പിന്നെയങ്ങോട്ടു കിളിയായിരിക്കും ചിറകടിക്കുക"
കൂടുതല്‍ യാത്രക്കാര്‍ ചേക്കേറാന്‍ വണ്ടിയില്‍നിന്നിറങ്ങി പൊയ്കോണ്ടിരുന്നു. അടുത്ത ഇരുട്ടില്‍നിന്ന് കിളി ചിറകടിക്കാന്‍ തുടങ്ങിയപ്പോള്‍ അടുത്തിരുന്നയാള്‍ പറഞ്ഞു.
" അടുത്ത ഇരുട്ടില്‍ ഞാനുമിറങ്ങും, പിന്നെ നിങ്ങളും, അവിടെ ചുങ്കത്ത് ഹോട്ടലുകളെല്ലാം അടച്ചുകാണും, നേന്ത്രപ്പഴമോ മറ്റോ വാങ്ങിച്ചോളു, ക്ഷേത്രത്തിനടുത്ത് ദിവാകരന് മാമയുടെ സത്രമുണ്ട്, മുറികിട്ടാതിരിക്കില്ല"
ചുങ്കത്ത് ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ അദ്ദേഹം ഹസ്തം ദാനം ചെയ്തിട്ടുപറഞ്ഞു
" എന്നാല്‍ ഞാനും ഇരുട്ടിലേക്ക് മറയുകയല്ലേ"
നിറയാത്ത നാലഞ്ച് വയറുകള്‍ക്കുവേണ്ടി കുറേയേറേ നേന്ത്രപ്പഴം വാങ്ങി കീശയിലിട്ടിട്ട്, ഓടാന്‍ വെമ്പിനിന്ന ഓട്ടോക്കാരനോടു പറഞ്ഞു
" ദിവാകരന് മാമയുടെ അടുത്തേയ്ക്ക്
തുരുമ്പുപിടിച്ച ഗെയിറ്റിന്റെ കുറ്റിനീക്കുന്നതിനിടയില്‍ , ഓട്ടോകാരനോടു ചോദിച്ചു
ഇയാളു കുരക്കുമോ?
കടിക്കുമോന്നറിയാനാണോ മാഷേ?
ദിവാകരന് മാമയേ ഉണര്‍ത്തേണ്ടേ?
കുരക്കേണ്ടിവന്നില്ല. തന്റെ മുറിയുടെ വാതില്‍ തുറന്ന് മാമ വെളിച്ചമില്ലാത്ത ടോര്‍ച്ച് മുഖത്തേക്കടിച്ചുകൊണ്ട് ചോദിച്ചു
ആരാ, എന്താ ?
' ദിവാകരന് മാമാ, അതുപിന്നെ ഒരു മുറി"
പേരുവിളിച്ചതുകൊണ്ടാണെന്നു തോന്നുന്നു, മാമ അകത്തേക്കു കൂട്ടി
ദിവാകരന് മാമയുടെ ഗുഹ. നാല്പതു വാട്ടിന്റെ പ്രാകാശത്തില്‍. മച്ചില്‍നിന്നു തൂങ്ങികിടക്കുന്ന മാറാല, ആണിയില്‍ കക്ഷം കീറിയ കയ്യുള്ള ബനിയനുകള്‍, പഴയ കയറ്റുകട്ടില്‍, പഞ്ഞിവെളിയില്‍ വന്ന കിടക്ക, തടിമേശ, മേശപ്പുറത്ത് നൂറ്റൊന്നുതരം രോഗങ്ങളുടെ പ്രതിവിധി നൂറായിരം കൂട്ടം മരുന്നുകള്‍, ഭിത്തിയില്‍ ഇതെല്ലാം കണ്ട് അമര്‍ത്തിചിരിച്ച് തൂങ്ങികിടക്കുന്ന ദൈവങ്ങള്‍
മരുന്നുകുപ്പികളുടെ ഇടയില്‍നിന്നും ചാവിതപ്പിയെടുത്ത് ഏഴാം നമ്പര്‍ മുറിയുടെ വാതില്‍ തുറന്നുതരുന്നതിനിടയില്‍ ദിവാകരന് മാമ പറഞ്ഞു
" വെള്ളം കമ്മിയാണ് ശങ്കയുള്ളവര്‍ക്ക് ഇവിടെയാകം, കുളിക്കാന്‍ ക്ഷേത്രകുളമുണ്ട്" ടോര്‍ച്ച് കയ്യില്‍ വെച്ചു തന്നിട്ട് പറഞ്ഞു " ഇതു വെച്ചോളൂ വെളിച്ചവും കമ്മി, ബട്ടണ്‍ ഞെക്കിയിട്ട് വെളിച്ചമേ നയിച്ചാലും എന്നു പ്രാര്‍ത്ഥിച്ചോളു, എവിടെനിന്നെങ്കിലും നയിക്കാതിരിക്കില്ല"
താഴുഞ്ഞെക്കിപ്പൂട്ടി, ടോര്‍ച്ച് കക്ഷത്തില്‍ വെച്ച് ഇരുട്ടിലേക്കിറങ്ങി. തപ്പിതടഞ്ഞ് ക്ഷേത്രനടയിലെത്തി. ഒരുദിക്കും തിരിയാതെ വന്നപ്പോള്‍ അജിത് ഉറക്കെ പറഞ്ഞു
' വെളിച്ചമേ നയിച്ചാലും"
മതില്കകത്ത് ഉറങ്ങികിടന്ന ഒരു ചാക്കുകെട്ട് ചെറുതായി അനങ്ങി. സ്വാമി അതിനുള്ളില്‍നിന്ന് വിളിച്ചുപറഞ്ഞു " വടക്ക്, വടക്കോട്ടിറങ്ങണം" പിന്നെ ഒന്നുകൂടെ അനങ്ങിയിട്ട് പറഞ്ഞു " ഇടത്തോട്ടു പടിയിറങ്ങിക്കോളു അവിടെയാണു കുളം"
ഒന്ന്, രണ്ട്, മൂന്ന് പടിയിറങ്ങിതുടങ്ങിയപ്പോള്‍ അജിത് എണ്ണിതുടങ്ങി. പിന്നെ " രാമ, രാമ എന്നു ജപിക്കുന്നതാണുകേട്ടത്
ഇരുപത്തഞ്ച് വരേയുള്ളോ സ്റ്റോക്ക്?
" അല്ല പാതാളത്തിലേക്കാണിറങ്ങുന്നതെന്നു തോന്നി അതാണ് നാമം ജപിച്ചത്"
വീണ്ടും എത്രയോ പടികള്‍ ചവിട്ടിയിറങ്ങി താഴെ കുളപ്പുരയുടെ പട്ടികയില്‍ തലയിടിച്ചപ്പോള്‍ അവനോടു പറഞ്ഞു. " കേറുമ്പോള്‍ എണ്ണിയാല്‍മതി, അതുതന്നെയായിരിക്കും താഴോട്ടും
ജലദേവതയുടെ നിശ്വാസം പോലെ കുളിര്‍മ ഉയര്‍ന്നുവരുന്നു. ഇറങ്ങിവന്ന പടികളുടെ വശങ്ങളില്, പാറക്കെട്ടുകളില്‍നിന്ന് ചൂടാറിയിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ കുളത്തിന്റെ കുളിര്‍മയിലേയ്ക്ക് എടുത്തുചാടാന്‍ തോന്നി.
" എന്റെ ദൈവമേ " ആദ്യത്തെ പടിയിലേക്ക് സധൈര്യം കാലുവെച്ച അജിത്, അലറികൊണ്ട് എടിത്തുചാടി. പുറകോട്ട്.
"എന്താ, എന്താ വല്ലതും പൊങ്ങിവന്നോ?' ഞെട്ടിതരിച്ചുകൊണ്ട് ചോദിച്ചു
" മീന്‍, ഒന്നും രണ്ടുമൊന്നുമല്ല, ദിവാകരന് മാമയുടെ മേശപ്പുറത്തെ മരുന്നുകുപ്പികള്‍ പോലെ, നൂറായിരം മീനുകള്‍"
ദിവാകരന് മാമയുടെ ടോര്‍ച്ചിന്റെ ഇല്ലാത്ത വെളിച്ചത്തില്‍ കുളം പരിശോധിച്ചു. ഒരു വലിയ ചെമ്പുപാത്രമായേ തോന്നിയുള്ളു. അനേകമനേകം മീനുകള്‍ തുള്ളികളിക്കുന്നു. വെള്ളത്തില്‍ മുക്കിയ കാലുകളില്‍ അവ കൂട്ടത്തോടെവന്ന് ഉമ്മവെച്ച് ഇക്കിളി കൂട്ടി. പെട്ടെന്ന് ഒന്ന് മുങ്ങിനിവര്‍ന്ന് തോര്‍ത്തി പടികയറി. മുകളില്‍ചെന്നപ്പോള്‍ അജിത്തിനോട് ചോദിച്ചു " എണ്ണിയോ?"
' ഈ ചെറിയ കുളത്തിനു വേണ്ടിയാണോ ഇത്രയും പടികള്‍ കെട്ടിയിരിക്കുന്നത് ? അവന് തിരിച്ചു ചോദിച്ചു. അപ്പോള്‍ ചാക്കുകെട്ട് വീണ്ടും അനങ്ങി
" നാളെ മാറ്റിപറയും"
പിന്നെ എല്ലാവരോടുമായി പാടി
" ജ്യേഷ്ടനെ നന്നായി വണങ്ങീട്ടു പിന്നെ
നിദ്രവെടിഞ്ഞോരനുജനേയും, തഥാ
സേവകനാകും,കുരങ്ങിനേയും പിന്നെ
ഗുരുവായൂരപ്പനെ നീട്ടി വണങ്ങുവിന്‍"
2
നിദ്രവെടിഞ്ഞോരനുജനേയും, തഥാ
സേവകനാകും,കുരങ്ങിനേയും പിന്നെ
ഗുരുവായൂരപ്പനെ നീട്ടി വണങ്ങുവിന്‍"
2
പാതാളത്തിലേക്കുള്ള പടികള്‍ ഇറങ്ങി കുളത്തിന്റെ മുന്നില്‍ ചെന്നുനിന്നപ്പോള്‍ അജിത് വീണ്ടും വിളിച്ചു
" എന്റെ ദൈവമേ" വളരെ വിശാലമായ കുളം കണ്ടിട്ടും, പിന്നെ സ്ത്രീകളുടെ കടവിലെ തിരക്കുകണ്ടിട്ടും
സത്രത്തിനടുത്തുള്ള ചായകടയില്‍ ചെന്നിരുന്നപ്പോള്‍ അമ്മാവന് അളവില്ലാതെ സ്നേഹവും, എണ്ണമില്ലാത്ത ഇഡലിയും വിളമ്പിതന്നു. സ്നേഹത്തില്‍ ചാലിച്ച മുളകുപൊടിയും. എത്രയാ കഴിക്കുന്നതെന്നോര്‍ക്കാതെ എത്രയോ കഴിച്ചിട്ട് അവന് എഴുന്നേറ്റ് നിന്ന് ഏമ്പക്കം വിട്ടു. എന്നിട്ടുപറഞ്ഞു
" ഏമ്പക്കത്തില്‍ നിന്നാണ് ഓംകാരനാദമുണ്ടായത്"
പടിഞ്ഞാറേനടയിലൂടെ, പൊക്കമുള്ള പടി കവച്ചുകടന്ന്, നാലമ്പലത്തില്‍, ശ്രീകോവിലിനു മുന്നില്‍ തൊഴുതുകൊണ്ടുനിന്നപ്പോള്‍ തലേന്നു രാത്രി സ്വാമി പാടിയ പാട്ടാണു മനസ്സില്‍ വന്നത് . പ്രദക്ഷിണം വെച്ച് നിദ്ര വെടിഞ്ഞ അനുജന്റെ മുന്നില്‍, ചെന്നു തൊഴുതു കിഴക്കുനിന്ന് മല ഊര്‍ന്നിറങ്ങി അനിയനെ നമസ്കരിച്ചുകിടക്കുന്നു. വെളിയിലിറങ്ങി സേവകനേയും വണങ്ങി ,ആല്‍ത്തറയ്ക്ക് പ്രദക്ഷിണം വെച്ച് ഗൗളിചിലച്ചതും കേട്ട് ഗുരുവായൂരപ്പനെ നീട്ടിതൊഴുതുനിന്നപ്പോള്‍ സ്വാമി അടുത്തുവന്നു. പിന്നെ കിഴക്കു മലയിലേക്കു കൈചൂണ്ടി പറഞ്ഞു.
"ഉണ്ണീ,
അനുജന്റെ നടയും കടന്ന്
ആലിന്റെ തറയും കടന്ന്
തേവരുടെ ഗോക്കളേം കണ്ട്
മല കയറിക്കോളൂ
ചുണ്ടയുടെ മുള്ളുംകൊണ്ട്
കാട്ടുപുല്ലിലു കാലുംതെറ്റി
തേക്കിന്റെ മരങ്ങളും ചുറ്റി
ആലിന്റെ തറയും കടന്ന്
തേവരുടെ ഗോക്കളേം കണ്ട്
മല കയറിക്കോളൂ
ചുണ്ടയുടെ മുള്ളുംകൊണ്ട്
കാട്ടുപുല്ലിലു കാലുംതെറ്റി
തേക്കിന്റെ മരങ്ങളും ചുറ്റി
വില്ല്വത്തിന്‍ കൂട്ടവും കണ്ട്
അവിടെയാണു ഗുഹ, എത്രയാണു പുനര്ജന്മം എന്നറിയില്ലല്ലോ?"
സ്വാമി പറഞ്ഞ വഴിയിലൂടെ മുകളിലേയ്ക്ക് കയറി. തേവരുടെ പശുക്കള്‍ക്കുമപ്പുറം ഏതോവീട്ടില്‍നിന്ന് ഇടക്കയുടെ സ്വരമുയര്‍ന്നു
കുറച്ചു വെള്ളമെടുക്കാമായിരുന്നു. ആദ്യം കണ്ട വീട്ടില്‍ കയറി,വെള്ളം ശേഖരിച്ചപ്പോള്‍, ഇടക്ക നിര്‍ത്തി മാരാരു പറഞ്ഞു
"സാഹസമാണ്, നൂഴാന്‍ നോക്കരുത്"
നന്ദിയുംചൊല്ലി, വീണ്ടും കയറി. പാറകെട്ടുകള്‍ പഴുക്കുന്നു, സൂര്യരശ്മിയില്‍ തിളങ്ങുന്നു. ഉണങ്ങികിടന്ന പുല്ലുകള്‍കിടയില്‍ ഒരു പാമ്പിന്റെ അനക്കം. അങ്ങിനെ കേറിക്കേറി തേക്കിന് കൂട്ടവും കടന്ന് മറ്റൊരു പാറയെ വലംവെച്ച് ഉയര്‍ന്നുനോക്കി. അങ്ങ് താഴെ തെങ്ങുകളുടെ കൂട്ടത്തിനുമപ്പുറം, തലേന്നു ചുങ്കത്തിനുവന്ന പാത. കുടിലിന്റെ ഓലകള്‍ക്കിടയിലൂടെ അടുക്കളയിലെ പുകപൊങ്ങുന്നു. കുറ്റികാടിനിടയില്‍നിന്ന് ഒരു ആണ്മയില് ഓടിമറഞ്ഞു
പാറകെട്ടിന്റെ ഇടയില്‍ വളര്‍ന്നുനിന്ന മരത്തിന്റെ വേരില്‍പിടിച്ച് തൂങ്ങി പാപനാശിനിയില്‍ കാലുകഴുകി പിന്നെ പാറയില്‍ പിടിച്ച് മുകളിലേക്ക് വലിഞ്ഞു. ഗുഹാമുഖത്തുനുന്ന് ഒരു കുറുക്കന് ഓടിയിറങ്ങി കുറ്റിക്കാട്ടില്‍ മറഞ്ഞു. അകത്ത് ഏതോ കാട്ടുപക്ഷിയുടെ തൂവലുകള്‍ ചിതറികിടക്കുന്നു. വവ്വാലിന്റെ കാഷ്ടത്തിന്റെ ഗന്ധം. ഗുഹാമുഖത്തുനിന്ന് അകത്ത് ഇരുട്ടിലേക്ക് തല നീട്ടിയപ്പോള്‍ മുഖത്തേക്ക് ചിറകടിച്ചുകൊണ്ട് പുറത്തെക്ക് പറന്നു. മാരാര്‍ പറഞ്ഞതോര്‍ത്തു." നൂഴാന്‍ നോക്കരുത് സാഹസമാണ്. ഏകാദശിനാളില്‍ മുകളില്‍നിന്ന് നാരങ്ങാ ഇട്ടുനോക്കീട്ടാണ് നൂഴുക"
ഗുഹാമുഖത്തുതന്നെ ഇരുന്നു. പിന്നെ എഴുന്നേറ്റ് മലകുത്തനേ പാമ്പാടിക്കിറങ്ങുമ്പോള്‍ പുഴക്കര തറവാട്ടിലെ അതികായനെ ഓര്‍ത്തു. മലയുടെ താഴെ നിറയെ പാടശേഖരങ്കുട്ടികള്‍. ചാത്തന്‍സിന്റെ കൂര. പുഴയുടെ വിരിഞ്ഞ മാറ്. മാറിടത്തില്‍ മേയുന്ന പശുക്കള്‍. പാലത്തിനപ്പുറം സ്റ്റേഷനില്‍നിന്ന് ഒരു പുഷു പുകയൂതി ഒലവക്കോട്ടേയ്ക്ക് ഇഴഞ്ഞുനീങ്ങി . കേമദ്രുമക്കാരന്‍ വന്നിറങ്ങിയോ എന്നും ചിന്തിച്ച് ഗ്രാമചത്വരത്തില്‍ ചെന്നിറങ്ങി .
3
പഴയന്നൂരുകാരല്ല എന്നു പലവട്ടം തറപ്പിച്ചുപറഞ്ഞിട്ടും വിശ്വാസംവരാതെ വിശ്വന് വീണ്ടും ചോദിച്ചു " അപ്പോ അതല്ല ദേശം അല്ലേ?
പ്ലാസ്റ്റിക്ക് കാപ്പില്‍ കുടത്തില്‍നിന്ന് കള്ള് പകരുന്നതിനിടയില്‍ വിശ്വന് പറഞ്ഞു. " ജലസേചനം നടത്തിയ ശ്രീധരേട്ടന് ഇതിനപ്പുറം തീരത്തുവന്നാണവസാനം കിടന്നത്. ഇനി ആരൊക്കേയാണോ പായുമായിവരുന്നത്". കപ്പ് ചുണ്ടോട് ചേര്‍ത്തപ്പോള്‍ വിശ്വന് രണ്ടുവരി കവിത ചൊല്ലി
പ്ലാസ്റ്റിക്കുകപ്പില്‍ തുള്ളും പനങ്കള്ളില്‍
മജ്ജനം ചെയ്കയായി തന് ഹൃദയം
പിന്നെമജ്ജനം ചെയ്കയായി തന് ഹൃദയം
നീളാനദിയുടെ തീരത്തുനിന്നുതന്‍
ദാഹത്തേ തീര്‍ത്തിതു രാമദേവന്
പുറത്തേക്കിറങ്ങിയപ്പോള്‍ അജിത് വയറ്റില്‍ കൈവെച്ചു " പനയാണേ, ഒരു ശങ്കയുണ്ടോ എന്നൊരു ശങ്ക "ദാഹത്തേ തീര്‍ത്തിതു രാമദേവന്
പിന്നെ ഒരു നീണ്ട സമയം കഴിഞ്ഞ് അവന് പാലത്തിനു കീഴെ ഇരുന്നിടത്തുനിന്നെഴുനേറ്റപ്പോള്‍, മുട്ടറ്റം വെള്ളത്തില്‍ ഒന്നൂടെ മുങ്ങി സത്രത്തിലേക്കു നടന്നു. കവിയുടെ കാല്പാടില് നമ്മുടെ കാല്പാടും പതിയാതെ , മുകളിലേക്ക് നടന്നു, തറിയുടെ താളവും കേട്ട് പര്‍പ്പിടകെട്ടുകള്‍ പരക്കുന്നതും കണ്ട്
പടിഞ്ഞാറേ ആല്‍ത്തറയില്‍ സ്വാമി ചമ്രം പടഞ്ഞിരിക്കുന്നുണ്ടായിരുന്നു. വിളിച്ചുചോദിച്ചു
" ഉണ്ണീ, ഇനിയും പുനര്‍ജന്മമുണ്ടല്ലേ?"
ഏഴാം നമ്പ്ര് മുറിതുറന്ന് അകത്തുകയറി പിന്നെ വാതിലടച്ച് പുറം ലോകത്തിനു പുറംതിരിഞ്ഞുനിന്നു
4
പുനര്‍ജനിയുടെ മുന്നില്‍ ചാരുകസേരയിട്ട് ഊഴവും കാത്ത് കിടക്കുമ്പോള്‍ അവള് അടുത്തുവന്നുചോദിച്ചു
" എന്നാണ് ജ്യേഷ്ടാനുജന്മാരുടെ, സേവകന്റെ, കവിയുടെ, ത്രയാക്ഷരിയുടെ ഈ സ്ഥലം ത്രിശ്ശിവപേരൂര് ജില്ലയില്‍നിന്ന് നടകൊണ്ട് പാലക്കാടു പോയത്. ശീര്‍ഷകം കണ്ട് ചോദിച്ചതാണ്"
ഒരുനിമിഷം ആലോചിചിട്ട് അവളോട് പറഞ്ഞു
അമ്പലകുളവും നീന്തി
പാമ്പാടിമുക്കും കണ്ട്
ഷാപ്പിലേകള്ളും മോന്തി
ലെക്കിടിപാലോം കടന്ന്
കടന്നിട്ടുപിന്നെകൂരായണ
എന്നുപറയുമ്പഴേക്കും പാലക്കാടായി
പാമ്പാടിമുക്കും കണ്ട്
ഷാപ്പിലേകള്ളും മോന്തി
ലെക്കിടിപാലോം കടന്ന്
കടന്നിട്ടുപിന്നെകൂരായണ
എന്നുപറയുമ്പഴേക്കും പാലക്കാടായി
എന്നിട്ടുറക്കെ ആത്മഗതം ചെയ്തു
തിരുവില്ല്വാമലക്ക് അല്ലേലും ഒരു പാലക്കാടന്‍ സ്വാദാണുള്ളത്
3 comments:
ഒതുക്കണം :)
പാലക്കാട്-തിരുവില്വാമല അരുണ ബസ്സിലായിര്ക്കും പോയ്ണ്ടാവ്വ. 8.20 ന് കാവശ്ശേരി പാസ്സ് ചെയ്തിണ്ടാവും. :(
പക്വതയാര്‍ന്ന എഴുത്ത്.
ഇഷ്ടമായി.
:-)
ഉപാസന
Post a Comment