1
നല്ലകാര്യങ്ങളെല്ലാം സുപ്രഭാതങ്ങളിലാണ് സംഭവിക്കുന്നത്. അത്തരം ഒരു സുപ്രഭാതം. അവള്‍ അടുക്കളയില്‍നിന്ന് സുബ്ബലക്ഷ്മിയുടെ ശബ്ദത്തില്‍ കൗസല്ല്യയുടെ സുപ്രജയേ വിളിച്ചുകൊണ്ടിരുന്നു. നേരം ഏഴുമണിയാണെങ്കിലും, എഴുനേല്‍ക്കുമ്പോളാണ് കിഴക്ക് വെള്ള കീറുന്നതും, രാമനെ വിളിക്കുന്നതും
പ്രാഥമിക ആചാരങ്ങള്‍ ഒന്നൊന്നായി ചെയ്ത് തീര്‍ത്ത്, ചാരുകസേരയില്‍ ചെന്നിരുന്നു. വലിയ അളവിന് ചില സ്ഥലങ്ങളില്‍ കിടാരം എന്നാണുപറയുക. ഒരുകിടാരം കടുംകാപ്പി ചുണ്ടില്‍ ചേര്‍ത്തില്ല അതിനുമുമ്പ് ഫോണങ്ങടിച്ചു.മറുതലക്കല്‍ നിന്ന് ശബ്ദം പറഞ്ഞു.
" അല്ലാ, ആശാനറിഞ്ഞില്ലേ,? ഇല്ലത്തേ വമ്പന്‍ കലക്ഷന്‍ തുടങ്ങി"
കടുംകാപ്പി ചെല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു. ചിത്രം വ്യക്തമായില്ല.
" ഏതില്ലം, ഏത് വമ്പന്‍, എത് കലക്ഷന്‍, എന്തു കലക്ഷന്‍ ? മറുതലക്കലേ ശബ്ദത്തിനോട് തിരിച്ചുചോദിച്ചു
" അതേ ഇല്ലത്തിനേക്കുറിച്ചൊരു ക്ലൂ തരാം. പാലിലിടുന്ന, കുരുവിന്റെ, മരത്തിന്റെ, കാട്" ശബ്ദം പറഞ്ഞു
പെട്ടെന്ന് കാര്യങ്ങള്‍ തലക്കുപിടിച്ചു. " എവിടെ, എവിടെനിന്നാണു തുടക്കം? ശബ്ദത്തിനോടു ചോദിച്ചു
" മള്ളിയൂരമ്പലത്തില്‍നിന്നാണു തുടക്കം ഇനി വെച്ചടിവെച്ചടി കേറ്റമായിരിക്കും. വേഗം ചെന്നാല്‍ വേഗം കാണാം. ലോറിയില്‍കയറി വടക്കോട്ടുപോയാല്‍ പട്ടം കിട്ടിയവനെ പിന്നെ കാണാന്‍ കിട്ടില്ല. പട്ടന്മാര്‍ക്ക് എന്താ അവിടെ ഡിമാന്റ് " മറുതലക്കല്‍ ശബ്ദം നിലച്ചു
ചാടിയെഴുന്നേറ്റ് കുപ്പായത്തില്‍ കയറി. സ്വന്തമായി വണ്ടി ഒന്നുമില്ലെങ്കിലും ഡ്രൈവറോട് പറഞ്ഞു. " ഡ്രൈവര്‍, വണ്ടിയെടുക്ക് , മള്ളിയൂര്‍ക്ക് പോട്ടെ"
2
മള്ളിയൂര്‍ ഗണപതിയുടെ മുന്നില്‍ തല കുമ്പിട്ട് കൈകൂപ്പി നിന്നു
" വേദങ്ങളെ വ്യസിച്ചോനുടെ
വ്യാസമുള്ളതാം ഭാരതം
ഭംഗമില്ലാതെ ഓലയിലാക്കിയ
ശ്രീ ഗണപതേ നമോനമ:"
പ്രദക്ഷിണം വെച്ച് നാലമ്പലത്തിനും മതില്‍കകത്തിനും വെളിയിലിറങ്ങിയപ്പോള്‍ , അടുത്ത പുരയിടത്തില്‍ തെങ്ങും ചാരിനിന്നയാള്‍ വിളിച്ചു.
" വന്നാട്ടെ, വന്നാട്ടെ, ഞാന്‍ നോക്കിയിരിക്കുകയായിരുന്നു. "
അടുത്തുചെന്നപ്പോള്‍ രണ്ടുവരി കവിത ചൊല്ലാനാണ് തോന്നിയത്
" അകത്തായി ഗണപതീം
പുറത്തോ പ്രത്യക്ഷനും"
" കുറച്ചു പട്ട കലക്ടു ചെയ്യാന്‍ പോയതാണേ, അന്നവിചാരമാണല്ലൊ, മുന്നവിചാരം , ഉദരനിമിത്തമാണല്ലോ ബഹുക്രിതവേഷവും"
"പട്ടങ്ങളു മാറ്റിവെച്ച് പട്ടയാക്കിയൊ കലക്ഷന്‍?"
" വടക്കോട്ടുള്ള ലോറി കുറുപ്പുന്തറ കവലവരെ എത്തി, ആശാനേ, ഇവിടെയാണു നമ്മള്‍ മുറ്റത്തേമുല്ല"
" മുറ്റത്തേമുല്ലക്ക് വടക്കോട്ട് പോകുന്നതിനുമുമ്പ് മാധ്യമങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ?"
" മുല്ലകള്‍ വടക്ക് ചെന്ന് മണം പരത്തിയാലേ, മുറ്റത്തും വേരോടു, തിരുനക്കര ശിവനും മലയാലപ്പുഴ രാസനും, ഗണേഷ് പുല്ലുകുളങ്ങരയുമൊക്കെ ലോറിയില്‍ കേറിയിരുന്നെങ്കില്‍, വടക്ക് തലയെടുത്ത് നില്‍ക്കുന്ന പലരും തലയും താഴ്ത്തി, തുമ്പിയേകൊണ്ട് കൗപീനം ധരിപിച്ചേനേ"
പിന്നെ?"
ജനങ്ങളില്‍ പകുതിഭാഗം ഭിക്ഷയെടുത്ത് നടന്നിട്ട് അടിച്ചുപൊളിച്ച് ജീവിക്കുന്നവരാണ്, ബാക്കിവരുന്നവര്‍ അടിച്ചുപൊളിച്ചുനടന്നിട്ട് ഭിക്ഷയെടുത്ത് ജീവിക്കുന്നവരും"
പറഞ്ഞുതീര്‍ന്നില്ല ലോറിയെത്തി. അതില്‍കയറുന്നതിനിടയില്‍ ഇല്ലത്തേ കലക്ടര്‍ പറഞ്ഞു
" പിന്നെ കാണാം"
3
കലക്ടറേ പിന്നെ കാണുന്നത് വൈക്കത്ത് തിരുവുത്സവത്തിനാണ് കോങ്ങാട്ടേ കുട്ടിശങ്കരന്‍ മാഷിനും, കുന്നത്തേ കര്‍ണ്ണശ്ശന്‍, പെരുമ്പുള്ളിശ്ശേരിയിലെ മാര്‍ക്കോവാന്‍ ബാസ്റ്റ്യന്‍ മുതലായവരുമായി മതില്‍കകത്ത് പ്രദക്ഷിണം വെയ്ക്കുന്നു തിരക്കായിരുന്നതുകൊണ്ട് മിണ്ടാന്‍ പറ്റിയില്ല പിന്നെ വ്രിശ്ചികോത്സവത്തിന് ശ്രീ പൂര്‍ണ്ണത്രയീശ്വരന്റെ സന്നിധാനത്ത്. അവിടെയും കുട്ടിശ്ശങ്കരന്‍ മാഷുണ്ടായിരുന്നു. പിന്നെ തിരുവമ്പാടിയിലെ യുവരാജാ ചന്ദ്രശേഖര്‍ കുട്ടങ്കുളങ്ങരയിലെ രാമദാസന്‍. മിണ്ടിയില്ല എന്നു പറയേണ്ടല്ലൊ
1183 ലെ നെന്മാറ വേലക്ക് വല്ലങ്ങിക്കാരുടെ ഗജരാജാക്കന്മാരുടെ ഇടയിലൂടെ നടക്കുകയായിരുന്നു.
" ഹലോ, ഓര്‍മ്മയുണ്ടോ ഈ മുഖം?" പെട്ടെന്ന് ആരോ പുറകില്‍ തട്ടീട്ടു ചോദിച്ചു.തിരിഞ്ഞുനോക്കിയപ്പോള്‍ കലക്ടറുണ്ട് നില്‍ക്കുന്നു
" എന്റെ കലക്ടറേ ഓര്‍മ്മയുണ്ടോന്നോ?, വൈക്കത്തും ത്രിപ്പൂണിത്തുറയിലും ഞാന്‍ കണ്ടതല്ലെ"
" ഞാനും കണ്ടിരുന്നു, കുട്ടിശ്ശങ്കരന്‍ മാഷുണ്ടായിരുന്നതുകൊണ്ടാണ് ഞാന്‍ മിണ്ടാതിരുന്നത്, ബഹുമാനിക്കേണ്ടവരേ നമ്മള്‍ ബഹുമാനിക്കേണ്ടേ. അവിടെ കോങ്ങാട് തിരുമാന്ധാംകുന്നിലമ്മയുടെ സന്നിധിയിലും കൊടികയറി അതാ മാഷിനേ ഇവിടെ കാണാത്തത്"
"പട്ടം കിട്ടിക്കഴിഞ്ഞിട്ട് എങ്ങിനെയുണ്ട് ?
കലക്ടര്‍ വിനയത്തോടെ ചിരിച്ചു. എന്നിട്ട് പറഞ്ഞു. " ഡ്യൂട്ടികെഴുന്നെള്ളാന്‍ സമയമായി. പിന്നെക്കാണാം. കാലത്തേ മരുന്നുപ്രയോഗം കഴിഞ്ഞേ പോകാവൂ, കേമമാണേ"
1184 ചിങ്ങം 18 ശ്രീ വിനായകചതുര്‍ത്ഥി
രാവിലെ ഒരുകിടാരം കടുംകാപ്പി മോന്തികൊണ്ടിരുന്നപ്പോള്‍ , അവള്‍ നിവര്‍ത്തിപിടിച്ച പത്രവുമായി അടുത്തുവന്നു.
" ദേ, ഇങ്ങോട്ടുനോക്കിക്കേ, ഈ വെണ്ടക്കാ കണ്ടോ? "
നോക്കിയപ്പോള്‍ മുന്‍പേജില്‍ വെണ്ടക്കായക്ഷരത്തില്‍ എഴുതിയിരിക്കുന്നു
" ചരിത്രം ആവര്‍ത്തിക്കുന്നു, ജീ എം ട്രെവല്ല്യന്‍, ചരിത്രം അങ്ങിനെയങ്ങ് ആവര്‍ത്തിക്കുന്നുമില്ല. ജീ എം ട്രെവെല്ല്യന്‍ "
" ഈ, ട്രെവല്ല്യനെന്നാ വട്ടാണോ, ഇങ്ങിനെയൊക്കെ പറയാന്‍? അതൊക്കെ അച്ചടിക്കാന്‍ ഒരു പത്രവും, അല്ലാ, ആരാ ഈ ട്രെവെല്ല്യവന്‍?" അവള്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.
മറുപടി പറയാന്‍ വാ തുറന്നില്ല അതിനുമുമ്പ് ഫോണങ്ങടിച്ചു. മറുതലക്കല്‍നിന്ന് ശബ്ദം പറഞ്ഞു.
" ആശാനേ, അറിയില്ലേ ചരിത്രം ആവര്‍ത്തിക്കുന്നൂന്ന് പറഞ്ഞാല്‍ ഇല്ലത്തേ കലക്ടര്‍ക്ക് ഇക്കൊല്ലവും പട്ടം എന്നാണ് ചരിത്രം അങ്ങിനെയങ്ങ് ആവര്‍ത്തിക്കുന്നില്ല എന്നുപറഞ്ഞാല്‍ സ്ഥലവും സദസും മാറി എന്നാണ് ഇല്ലാത്ത വണ്ടിയുടെ ഡ്രൈവറോട് വണ്ടിയെടുക്കാന്‍ പറഞ്ഞാട്ടെ"
മറുതലക്കല്‍ ശബ്ദം നിലച്ചു ചാടിയെഴുന്നേറ്റു. ഡ്രൈവര്‍ വണ്ടിയെടുത്തുചവുട്ടുവരി കവലയിലെത്തിയപ്പോള്‍ അഞ്ചലോട്ടക്കാരന്‍ തല വണ്ടികകത്തേക്ക് ഇട്ടിട്ട് പറഞ്ഞു
" തല പുറത്തേക്കിടരുതന്നല്ലേയുള്ളൂ, അകത്തേക്കിടാമല്ലോ, ചരിത്രം അങ്ങിനേയങ്ങ് ആവര്‍ത്തിക്കുന്നില്ലാ ജീ എം ട്രെവെല്ല്യവന്‍ എന്നുവെച്ചാല്‍ ഇത്തവണ പട്ടം തപാല്‍മാര്‍ഗ്ഗേണയത്രേ"
ശേഷം അഞ്ചലോട്ടക്കാരന്‍ തലപുറത്തെടുത്ത് മണിയും കിലുക്കി ഓടിപ്പോയി
[ കഥ ഇതുവരെ വായിച്ചുകഴിഞ്ഞപ്പോള്‍ ഇല്ലത്തേ കലക്ടര്‍ പറഞ്ഞു " മതി, ഈ കഥ ഇങ്ങിനെയവസാനിപ്പിക്കിന്നതാണ് ഭംഗി
" വായിക്കുന്നവര്‍ക്കൊക്കെ സസ്പെന്‍സുമുണ്ടാം
അര്‍ത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്"
അപ്പോള്‍ കലക്ടറോട് ചോദിച്ചു " കഥക്കൊരു ശീര്‍ഷകം വേണ്ടേ, അതോ?
" അത് മനസ്സില്‍ കരുതിയതുതന്നേ മതി
ഗജരാജന്‍ കലക്ടര്‍ കാഞ്ഞിരക്കാട്
No comments:
Post a Comment