ഞാന്‍ ഇത് നിനക്കായി ഓങ്ങിവെച്ചിരിക്കുന്നു
ഞാന്‍ ഈ ആല്‍ത്തറയിലിരുന്ന് മനസ്സ് ഒരു വലിയ ഉരുളന്‍ കല്ലാക്കി, ഗോവിന്ദാമലയുടെ മുകളിലേയ്ക്ക് ഉരുട്ടികേറ്റിക്കൊണ്ടിരിക്കുകയാണ്. നാറാണത്തുഭ്രാന്തന്മാര്‍ക്ക് ഏതുമലയാണ് രായിരനെല്ലൂര്‍മല അല്ലാത്തത്. ആലില്‍നിന്ന് പച്ചിലകള്‍ കൊഴിഞ്ഞുതുടങ്ങിയിരിക്കുന്നു. ശ്രദ്ധിച്ചു കാതോര്‍ത്താല്‍, പഴുത്തിലകള്‍ ചിരിക്കുന്ന ശബ്ദം കേള്‍ക്കാം.
അജിത്കവി എന്ന ശുദ്ധബ്ലോഗ്ഷ്കാ
ഈ ഓങ്ങിവെച്ചിരിക്കുന്നത്, അര്‍ദ്ധനഗ്ന ഫക്കീര്‍ വിശ്വവിദ്യാലയത്തില്‍, എനിക്കു മറുവശം ഇരിക്കുന്ന നിന്നോട് നേരിട്ടുപറയാവുന്നതേയുള്ളു. ഒരു സ്വകാര്യമായി, അതുമല്ലെങ്കില്‍ ഒരു മുറുമുറുപ്പാക്കി നിന്റെ ചെവികള്‍ തിന്നാം. പ്ലീസ് ലെന്റ് യുവര്‍ ഇയേര്‍സ് എന്നുപോലും പറയാതെ. അതുമല്ലെങ്കില്‍ ശ്രീമന്ദിരം കേപീയുടെ കേ എസ്സാറിന്‍ പ്രകാരം ഒരു നോട്ട് ഫയല്‍ ഒറിജിനേറ്റ് ചെയ്ത് മേലുദ്യോഗസ്ഥരുടെ വിരല്‍ത്തുമ്പ് പതിപ്പിച്ച് പ്യൂണ്‍സ് മധുസൂദനന്‍ പിള്ളൈ വശം നിന്റെ മേശപ്പുറത്തെത്തിക്കുകയുമാവാം. പക്ഷെ എന്റെ മനസ്സ് തുറന്നതും കുത്തഴിഞ്ഞതുമായ ഒരു പുസ്തകമായതുകൊണ്ട് എനിക്കങ്ങിനെ ചെയ്യാന്‍ സാധിക്കുന്നില്ല.
മുകളിലേയ്ക്ക് ഉരുട്ടിക്കയറ്റിയ കല്ല് താഴേയ്കുരുണ്ട് ഭൂമിയില്‍പതിച്ച് പൊട്ടിചിതറുമ്പോള്‍ , പാറുക്കുട്ടി ഏഴുവരികളും ഏഴക്ഷരങ്ങളും തള്ളി ഗ്രന്ഥം വായിക്കുമ്പോള്‍ , വരികള്‍ക്കിടയിലുള്ള പലതും ഇരട്ടവാലന്‍ തിന്നുതുടങ്ങിയ പലതും ഉണര്‍ന്നുവരുന്നു.
തിരുവില്ല്വാമല തപ്പാലാഫീസ് എന്ന ബോര്‍ഡ് കണ്ടപ്പോള്‍ അകത്തുകയറി കയ്യോടെ ഒരു കാര്‍ഡ് വാങ്ങി സുഹ്രുത്ത് ബ്ലൈസ് ജ്യോര്‍ജിനെഴുതി.
" തിരുവില്ല്വാമല എന്ന മുദ്ര പതിയുന്നതിനുവേണ്ടിയാണ് ഈ എഴുത്ത്."
ശേഷം ഓഫീസില്‍ചെന്ന് ദിവസങ്ങള്‍ക്കു ശേഷം എഴുത്ത് അവനുകിട്ടിയപ്പോള്‍ മുദ്ര ശരിക്കുപതിഞ്ഞുകണ്ടപ്പോള്‍ ഒരു സന്തോഷം തോന്നി.
കാലമേറെയായി. മനസ്സില്‍ പതിഞ്ഞ തിരുവില്വാമല എന്ന മുദ്ര മങ്ങിത്തുടങ്ങിയൊ എന്നൊരു സംശയം. ദിവാകരന്‍ മാമയുടെ സത്രത്തിന്റെ വരാന്തയില്‍ കസേര പുറകോട്ടെറിഞ്ഞ്, കാലുകള്‍ അരമതിലില്‍ നീട്ടിവെച്ച് പാറക്കെട്ടുകള്‍കിടയില്‍നിന്ന് വരുന്ന ചൂടുകാറ്റും കൊണ്ട് പൊരിവെയിലില്‍ ചുങ്കത്തുനിന്ന് വരുന്നവരേയും ചുങ്കത്തോട്ട് പോകുന്നവരേയും നോക്കി അങ്ങിനെ ഏറെനേരം ഇരുന്നിട്ട് കാലമേറെയായി. അതുമല്ലെങ്കില്‍, രാജേന്ദ്രന്‍ തരുന്ന കീറിത്തുടങ്ങിയ പുല്‍പാ വിരിച്ച് ആ വരാന്തയില്‍ രാജലക്ഷ്മിയില്‍ നിന്നുള്ള ചോറിനും വലിയ ഒരു ഏമ്പക്കത്തിനും പുറത്ത് കിടന്നൊന്ന് മയങ്ങിയിട്ട് .വൈകിട്ട് പറക്കോട്ടുകാവിലേക്ക് ദര്‍ശനത്തിനു പോകുന്നവരെ നോക്കിയിരുന്നിട്ടും കാലമേറെയായി. കിഴക്കേ ആല്‍ത്തറയില്‍ സന്ധ്യയ്ക്ക് ബീഡിയും വലിച്ചുതള്ളിയിരിക്കുമ്പോള്‍ കൊതുകുകള്‍ മൂളിയാര്‍ത്തുവന്ന് ചെവിയില്‍ എത്രയോപ്രാവശ്യം പറഞ്ഞിട്ടില്ല
" നിങ്ങള്‍ അതിഥികളും ദേവകളുമാണ് .എങ്കിലും ദേവന്മാരുടെ ചോരയും ഞങ്ങള്‍ കുടിക്കും അതുകൊണ്ട് വേഗം സ്ഥലം വിട്ടോളുക"
പിന്നെ കൊതുകുകളെ ആട്ടിയോടിക്കുകയും അടിച്ചൊതുക്കുകയും ചെയ്യുമ്പോള്‍ ആ ഈണത്തില്‍ നാലമ്പലത്തില്‍നിന്നും പൂജയുടെ നാദം കേട്ടിട്ടും കാലമേറെയായി.
ആല്‍ത്തറയില്‍ ഇരിക്കുമ്പോള്‍ ലക്കിടി സ്റ്റേഷനില്‍നിന്നും ഇഴഞ്ഞുനീങ്ങുന്ന ഒരു പുഴുവിനേയും കണ്ടിട്ട് കവിയുടെ കാല്‍പാടുകള്‍ താഴോട്ടളന്ന് ക്ഷേത്രക്കുളവും ചുറ്റി ലക്കിടി പാലവും കടന്ന് ലക്കിടി സ്റ്റേഷനും കടന്ന് വയല്‍ വരമ്പില്‍ കൂടിനടന്ന് കലക്കത്തെ നമ്പ്യാരുടെ വീടും കണ്ടുവന്നിട്ടും കാലമേറെയായി. കലക്കത്തേ നമ്പ്യാര്‍ പാല്‍പായസം തുള്ളികലക്കാന്‍ അമ്പലപ്പുഴയ്ക്കു പോയെങ്കിലും എവിടെയും പോകാത്ത, പോകാന്‍ സ്ഥലമില്ലാത്ത ഒരാളുണ്ടായിരുന്നു. നമ്പ്യാരുടെ അയല്‍ക്കാരന്‍ ഒരു ശിവന്‍. എത്രയോപ്രാവശ്യം അവിടംവരെ പോയി. ഇതുവരെ ഒന്നു മുഖം കാണിച്ചിട്ടില്ല. ആ കടമൊന്നു തീര്‍ക്കണ്ടെ.
ചീരക്കുഴിയില്‍ നദിക്കു കുറുകെ ഡാമിന്റെ ഷട്ടര്‍. അതിനടുത്തുള്ള ആല്‍ത്തറയിലിരുന്ന് ഷട്ടറിനടിയിലൂടെ പുഴയുടെ കണ്ണീര്‍ ഒലിച്ചുവരുന്നത് കണ്ടിട്ടും തിരിച്ച് പഴയ ഇരുമ്പുപാലവും ചുങ്കത്തേയ്ക്ക് നടക്കുമ്പോള്‍ കിട്ടിക്കൊണ്ടിരുന്നത് കിട്ടിയിട്ടും കാലമേറെയായി.
വലതുവശത്തുള്ള വയലുകള്‍ക്കിടയില്‍ തലയുയര്‍ത്തി നിന്നിരുന്ന പഴയ ഇരുനിലമാളികയും അതിന്റെ പടിവാതിലും അതിനുമുന്നിലുണ്ടായിരുന്ന താമരക്കുളവുമെല്ലാം ഇല്ലാണ്ടാക്കിയപോലെ കാലം എന്തൊക്കെയാണ് ഇല്ലാണ്ടാക്കാതിരിക്കുക?
പറക്കോട്ടുകാവിനുമുകളില്‍ ചുങ്കത്തേയ്ക്കുള്ള പാതയ്ക്കും മുകളില്‍ പാറയില്‍ കാല്‍പാദമുണ്ട്. താഴെയെങ്ങും കാലത്തിന്റെ പാദവും. അപ്പോള്‍ വീണ്ടും ഒരു ഉരുളങ്കല്ല് ഉരുട്ടിക്കയറ്റാന്‍ , തിരുവില്ല്വാമലയിലെ കിഴക്കേ ആല്‍ത്തറയില്‍ ചെന്നിരുന്ന് അടുത്ത ഏതെങ്കിലുമൊരു കാറ്റില്‍ തിരി അണയുമെങ്കില്‍ അത് അണയുന്നതിനുമുമ്പ് അതില്‍നിന്ന് ഒരു നാളമെടുത്ത് വില്ല്വാദ്രിനാഥന് അര്‍പ്പിക്കാന്‍, അതുമല്ലെങ്കില്‍ പുനര്‍ജനിയുടെ വാതിലില്‍ ഗതികിട്ടാത്ത ആത്മാക്കളെ പോലെ തലകീഴായി തൂങ്ങികിടക്കുന്ന നരിച്ചീറുകളേയും കണ്ടിരിക്കുമ്പോള്‍
" ക്രിപകൂടാതെ പീഡിപ്പിച്ചീടുന്ന
കവി ചത്ത് കപിയായ്പിറക്കുന്നു
ആന ചത്തൊരു
ചേനയായ്തീരുന്നു" .
എന്ന് ആരെങ്കിലും പാടാതിരിക്കാനെങ്കിലും. ആ വാതില്‍ക്കലിരുന്ന് മനസ്സുകൊണ്ടെങ്കിലും പുനര്‍ജനി ഒന്നു നൂഴാന്‍ എന്റെ പല തിരുവില്ല്വാമലയാത്രയിലും എന്നോടൊപ്പമുണ്ടായിരുന്ന നിനക്ക് എന്റെ വണ്ടിക്കൂലി കൂടിയെടുത്ത് തിരുവില്ല്വാമല വരെ ഒന്ന് പോകരുതോ? ത്രിശ്ശിവപേരൂര്‍ വടക്കേസ്റ്റാന്റില്‍നിന്ന് മയില്‍ വാഹനത്തില്‍ കയറി ചേലക്കരയും താണ്ടി പഴയന്നൂര്‍ മതില്‍കകത്തെ കോഴികളേയും കണ്ട്,ചുങ്കത്തിറങ്ങി രാജായിലെ ചായയും കുടിച്ച്
വാല്‍ക്കഷ്ണം- ആലും ആല്‍ത്തറയുമെല്ലാം വല്ലാതങ്ങ് ചിന്തകളില്‍ വേരോടിയിരിക്കുന്നു അതുകൊണ്ട് തന്നെ ഞാനെന്റെ പുറകില്‍ ഒരു ആലിങ്ക്ടാവിനെ നട്ടിരിക്കുകയാണ്.എന്നെങ്കിലും ഒരു തണലാവുകയാനെങ്കില്‍
ആകസ്മിക സഞ്ചാരിയുടെ മടക്കയാത്ര
2 years ago