എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Friday, March 19, 2010

ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍.


മാതാശ്രീ മാധവിക്കുട്ടിയമ്മയ്ക്ക്‌,
ഇല കൊണ്ടുണ്ടാക്കിയ പ്ലേറ്റില്‍ പ്രസാദം പോലെ അയ്യപ്പന്റെ അമ്പലത്തില്‍നിന്ന് കിട്ടിയ പച്ചരി ചോറിനു മുകളില്‍ ഏമ്പക്കം വിട്ടിട്ട്‌ പലക കട്ടിലില്‍ പുല്‍പായ്‌ വിരിക്കുമ്പോള്‍ രഘു ചോദിച്ചു. " നീ ഉറങ്ങുന്നില്ലെ?"

" കാലും നീട്ടി മലര്‍ന്നു കിടന്നാല്‍
അതിന്റെ സുഖമൊന്നു വേറേ
എന്നു പാടാനാണെങ്കില്‍ ഈ വഴിയെല്ലാം താണ്ടി ഇവിടെ വരണോ" അവനോടു തിരിച്ചു ചോദിച്ചു. മുറിക്ക്‌ പുറത്ത്‌ ഹരി കി പൗറിയില്‍നിന്ന് വരുന്ന കുതിരവണ്ടികളുടെ ശബ്ദം ഇപ്പൊളും കേള്‍ക്കാം.

മാതാശ്രീ മാധവിക്കുട്ടിയമ്മേ,
ഞാന്‍ ഈ എഴുത്ത്‌ എഴുതുന്ന നേരം ഭവതി ടെലിവിഷന്‍ തുറന്നുവെച്ച്‌ പരസ്യങ്ങള്‍ക്കിടയില്‍ വീണുകിട്ടുന്ന രാമായണത്തിന്റെ പീസുകള്‍ കാണുകയായിരിക്കും. അതുകൊണ്ടാണ്‌ മാതാശ്രീ എന്നാക്കിയത്‌. ആദ്യമേ അല്‍പം ആദ്യാക്ഷരപ്രാസവും കിടക്കട്ടെ എന്നും കരുതി. നമ്മുടെ സമുദായാംഗം ഇക്കണ്ടവാര്യരുടേയും പട്ടം താണുപിള്ളയുടേയും ഒക്കെ കാലത്തെ ഏഴാം ക്ലാസ്സ്‌ പഠിച്ച്‌ വൃത്തിയായി തോറ്റ അവിടുത്തേയ്ക്ക്‌ മാതാശ്രീയുടെ അര്‍ത്ഥം പറഞ്ഞുതരേണ്ടതില്ലല്ലോ. നമ്മള്‍ ഭാഷയില്‍ അമ്മേ തായെ എന്ന് പറയുന്നതു തന്നെയാണ്‌ സംഗതി. ആയതിനാല്‍.

അമ്മേ മാധവിക്കുട്ടിയമ്മേ,
കുറച്ചുനാളുകളായി ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ വായിക്കണം എന്നാശിച്ച്‌ തുടങ്ങിയിട്ട്‌. ഒരച്ഛന്‍ എന്നുപറയുമ്പോള്‍ ഏതച്ഛന്‍ എന്ന ചോദ്യമില്ല.

ചൂടിയത്‌ ചാച്ചായെങ്കില്‍
പൂവതു റോസാതന്നെ
കഴിഞ്ഞയിടക്ക്‌ ബുദ്ധന്‍ വീട്ടില്‍ വന്നപ്പൊള്‍ പറഞ്ഞത്‌ മാതാശ്രി ഓര്‍ക്കുന്നില്ലെ? ആഗ്രഹങ്ങള്‍ ദു;ഖത്തിനു കാരണമാണ്‌.കരഞ്ഞുപറഞ്ഞിട്ടും വായിക്കാന്‍ പോയിട്ട്‌ ഒന്നു കാണാന്‍ പോലും അവളാ എഴുത്തുകള്‍ തന്നില്ല. ആ ഒരു വാശിക്കാണ്‌ ഇതെഴുതി തുടങ്ങിയത്‌ .ഈയുള്ളവന്റെ ഭാഗിനേയന്മാരോട്‌ അവിടുന്ന് സ്റ്റീല്‍ പാത്രങ്ങള്‍ കമഴ്ത്തിവെച്ച്‌ സിംബല്‍സ്‌ അടിക്കാന്‍ പറയണം. നമ്മുടെ കഥയുടെ പേര്‌

" ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍"
(അവര്‍ സിംബല്‍സ്‌ അടിക്കുക ഉണ്ടായോ തായേ)
അമ്മേ മുമ്പേ പറഞ്ഞ ആഗ്രഹങ്ങളെ ഗംഗാനദിയില്‍ മുക്കികൊല്ലാന്‍ ഇറങ്ങിത്തിരിച്ച ഈ യാത്രയില്‍ കയ്യില്‍ കരുതിയിരിക്കുന്ന പോസ്റ്റുകാര്‍ഡുകള്‍ തീരുന്നത്‌ വരെ ഈ കത്തുകള്‍ എഴുതികൊണ്ടിരിക്കും.മുഴുവനും തപാലില്‍ എത്തികഴിയുമ്പോള്‍ അവിടേയ്ക്ക്‌ കാപ്പി അനത്തുമ്പോള്‍ ഇവ പ്രകാശിപ്പിക്കാവുന്നതേയുള്ളു. പഴയ ഏഴാംക്ലാസുകാരിയായ അമ്മയുടെ സൗകര്യാര്‍ത്ഥം പഴയലിപിയിലാണ്‌ ഇവറ്റകളെ ഇട്ടു കാച്ചുന്നത്‌. തിമിരം വെള്ളെഴുത്ത്‌ തുടങ്ങിയ കൂട്ടുകാരുള്ള അമ്മയ്ക്ക്‌ ഇവറ്റകളെ വായിക്കുവാനുള്ള കണ്ണടയും ഇതിനോടൊപ്പം അയക്കുന്നുണ്ട്‌.വായിച്ചെല്ലാം കഴിയുമ്പോള്‍ മടക്കതപാലില്‍ തിരിച്ചയച്ചു തരുമല്ലൊ?

മമ്മീ, മഹാമായേ

തെലുഗുനാട്ടിലെ ചുട്ടുപഴുത്ത പകലില്‍കൂടെ തീവണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഹരിദ്വാറിന്‌ നേരിട്ട്‌ ശീട്ടെടുത്ത സ്വാമികള്‌ പറഞ്ഞു.
"ഹരിദ്വാരത്തെ പല സ്വാമിയാര്‍കളും തിരിച്ചും ഈ തീയില്‍ കൂടി യാത്ര ചെയ്യണമല്ലൊ എന്നുചിന്തിച്ച്‌ വൈരാഗികളായവരാണ്‌" ഭവതി രാത്രിയില്‍ ഒരു വാനനീരീക്ഷണം നടത്തി ഇളയപുത്രന്‍ സന്യാസിയാകാനുള്ള നക്ഷത്രങ്ങള്‍ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടൊ എന്നു നോക്കണം. ശേഷമെല്ലാം പിന്നീട്‌.

എന്ന് സ്നേഹാദരവുകളോടെ തൊണ്ണൂറ്റിമൂന്നാമാണ്ട്‌ ആഗസ്ത്‌ മാസം മുപ്പതാംതീയതി ഹരിദ്വാരത്തില്‍നിന്നും ഇളയ പുത്ര് ഉണ്ണികിഷന്‍.

എന്‍ ബി;- സന്യാസിയാകാനുള്ള യാത്രയില്‍ പണത്തിനാവശ്യം വരുമ്പോള്‍ അറിയിക്കാം ബ്രാഡ്മാന്‍ സംവേര്‍ ഇന്‍ ഇംഗ്ലണ്ട്‌ എന്ന മേല്‍ വിലാസത്തിലൊ പൊന്നുമോന്‍ ഉണ്ണിക്കുട്ടന്‍ സംവേര്‍ ഇന്‍ ഹിമാലയസാനു എന്ന മേല്‍ വിലാസത്തിലൊ മറുപടി മണി ഓര്‍ഡറായി അയച്ചാല്‍ മതി.

കര്‍മ്മണ്ണ്യേ വാധികാരസ്തേ
മാഫലേഷു കദാചന.

1 comment:

shajkumar said...

മമ്മീ, മഹാമായേ