ഓണം . ഹാ എത്ര മനോഹരമായ പദം എന്നാണ് പണ്ടൊരു സാഹിത്യകാരൻ പറഞ്ഞ് രേഖയിലാക്കിയിരിക്കുന്നത് .ചരിത്രാതീത കാലം മുതല്ക്കുതന്നെ ഇപ്പറഞ്ഞ മനോഹരമായ പദം ലോക മലയാലികളുടെ ദേശീയ ഉത്സവമായിരുന്നു എന്നും വിൽ ഡ്യൂറന്റ് വിൻസന്റ് എ സ്മിത്ത് തുടങ്ങിയ ചരിത്രകാരന്മാരും പറഞ്ഞുവെച്ചിട്ടുണ്ട്. മാവേലി എന്നൊരു തമ്പ്രാന്റെ ഓർമ്മദിവസമാണ് ഓണം എന്നും അങ്ങോരുടെ ഭരണകാലത്ത് സമ്പത്തും സമൃദ്ദിയും ഓരോ കാർഡുടമകൾക്കും ന്യായവിലഷാപ്പുകൾ വഴി വെറുതെ കിട്ടിയിരുന്നു എന്നും അവർ പറഞ്ഞിട്ടുണ്ട്. എന്നാൽ മാർക്സിസ്റ്റ് ചരിത്രകാരന്മാർ മാവേലിയേ ഒരൂ നാടുവാഴി ദുഷ്പ്രഭു ആയിട്ടാണ് വരച്ചുകാണിക്കുന്നത്. മാവേലി സ്റ്റോർസ് എന്നൊരു വ്യാപാര ശൃംഘലയുടെ സ്ഥാപകനാണ് ഈ പെറ്റിട്ട ബൂർഷ്വാ എന്നുമാണ് അവരൂടെ മതം.ഇൻഡ്യൻ കോഫീ ഹൗസുകൾക്ക് ഏകേജീ പോലെയാണത്രെ മാവേലി സ്റ്റോറുകൾക്ക് മാവേലി എന്നും പറയുന്നവരുണ്ട് ഓണമല്ലേ സഖാക്കളേ എന്നുരയ്ക്കുന്നവരുടെ ചരിത്രത്താളുകളിൽ ഈ ദ്വയക്ഷരി വെറും ഒരു കാർഷിക വിളവെടുപ്പ് കാപട്യമായിരുന്നത്രെ ആൾക്കാർക്ക് ഇന്നതേ പറയാവൂ എന്നില്ലല്ലോ. ചില പഴമക്കാർ പറയുന്നത് ആയിരം കുടങ്ങളുടെ വാ മൂടിക്കെട്ടാം ഒരു ചരിത്രകാരന്റെ വാ മൂടിക്കെട്ടണമെങ്കിൽ അവനും ചരിത്രമാകണമെന്നുമാണ്.
ലഭ്യമായ ചില പ്രാചീന ശിരോലിഖിതങ്ങൾ അനുസരിച്ച് ചരിത്രം പുറകോട്ടാണ് വെച്ചടിവെച്ചടി
പോകുന്നത്.കൃസ്തുവിനും കൃഷ്ണനുമൊക്കെ മുന്നെ ( പുറം നാട്ടുകാരുടെ കാലഗണനയിൽ ബീ സി
. ബീഫോർ ക്രൈസ്റ്റ് അഥവ ബീഫോർ കൃഷ്ണ. ) ഒരു പരശ് റാം കടൽ നികത്തി എടുത്ത ഒരു
തുണ്ടു ഭൂമിയുടെ തമ്പ്രാനായിരുന്നു പരശ് റാമിനും ടി റാം മഴു എറിയുന്നതിനും ഒക്കെ
മുന്നെ ജീവിച്ചിരുന്ന മാവേലിത്തമ്പ്രാക്കൾ .എന്തായിരുന്നു പുള്ളിയുടെ പവ്വറും
പത്രാസും ഭരണമോ .അതു പറയണ്ട കാര്യമില്ല. സ്വർഗമല്ലായിരുന്നൊ സ്വർഗം. അക്കാലത്തേ ഒരു
നിശബ്ദചിത്രത്തിലെ ഗാനം ഈ ചരിത്രമെല്ലാം പാടുന്നുണ്ട്
“മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരും ഒന്നുപോലെ
എന്നൊക്കെയുള്ള ആ ഗാനം ഇക്കാലത്തും ഹിറ്റ് ചാർട്ടിൽ മുകളിൽ തന്നെയുണ്ട്. ഒന്ന്
എന്ന അക്കത്തിനു തുല്ല്യരായി നിവർന്ന് ശിരസ്സ് ഉയർത്തിയാണ് അഭിമാനികൾ
നടന്നിരുന്നത്. പക്ഷികളും മൃഗങ്ങളും മാത്രമായിരുന്നു. ഈ അക്കത്തിന് ഒരൂ ആക്ഷേപം.
അത്ഭുതമെന്നുപറയട്ടെ ഋഷിനാഗകുളം എന്ന പുരാതന നഗരത്തിന്റെ
പ്രാന്തപ്രദേശത്തുനിന്നുള്ള ഒരാൾ ഈ തമ്പ്രാനെ ചേറിൽ ചവുട്ടിത്താഴ്ത്തിയ കഥ പ്ളേ
സ്കൂളുകളിലും കിൻഡർഗാർട്ട്നിലും കുപ്പിപാല് കുടിച്ച് കിടന്നുറങ്ങുന്ന
കുഞ്ഞുകുട്ടികൾക്കുപോലും അറിയാം. പിന്നെയല്ലെ പരാധീനക്കാരായ അർത്ഥാപത്തികൾക്ക്.
സ്ളോമോഷനിലാണ് ചേറിൽ താഴ്ന്നുപോയതത്രെ. മുങ്ങിചാകുന്നതിനുമുമ്പ് ഒരു നെല്ലിടനേരം
കൊണ്ട് എഴുതി തയാറാക്കിയ വില്പത്രമനുസരിച്ചാണത്രെ ഓർമ്മദിവസം ആഘോഷമായി
കൊണ്ടാടുന്നതത്രെ. തിരുവോണ നക്ഷത്രജാത മാവേലിനാമ ദേവദാസ് പ്രേത് എന്നൊക്കെ
മന്ത്രംചൊല്ലിയാണത്രെ ബലിയുടെ ബലി തയാറാക്കുന്നതും .ചത്തത് മാവേലിയെങ്കിൽ കൊന്നത്
വാമനൻ തന്നെ എന്നൊരു സീബീയൈ റിപ്പോർട്ട് പില്ക്കാലത്ത് വെളിച്ചവും കണ്ടു. ആരേം
കുറ്റം പറഞ്ഞിട്ടുകാര്യമില്ല.വിധി പിരമ്മാവിനുപോലും തടുക്കാാൻ പറ്റില്ലല്ലൊ.
വരാനുള്ള വാമനൻ വഴിയിൽ തങ്ങാതെ കിണ്ടിയുടെ വാൽ വഴിയാണേലും എത്തിചേരും. പറയുമ്പോൾ
എല്ലാം പറയണമല്ലൊ ഒരുകണക്കിന് അതും നന്നായി. മാവേലി അന്നു
മരിച്ചില്ലായിരുന്നെങ്കിൽ പിന്നെ എപ്പോഴെങ്കിലും മരിച്ചേനെ. കള്ളനേയും
പിടിച്ചുപറിക്കാരനേയും ഒക്കെ പൂവിട്ടുപൂജിക്കുന്ന കാലമല്ലെ. കൊലപാതകിയ്ക്ക് ഒരമ്പലം
ഉണ്ടയതിൽ ഒരദ്ഭുതവും വേണ്ട. കലികാലം കലികാലം എന്നും പറഞ്ഞ് തലയ്ക്കടിച്ച്
പറഞ്ഞോണ്ടിരിക്കാം
അല്ല അപ്പൊ നമ്മൾ പറഞ്ഞുവന്നത് എന്തുവായിരുന്നു. ആ അതെ ഓണം
1 comment:
ചത്തതു മാവേലിയെങ്കില് ......?
Post a Comment