എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Thursday, March 19, 2009

ഗജേന്ദ്രമോക്ഷം രണ്ടാമദ്ധ്യായം





ക്ഷേത്രത്തിലെ കഴകം കഴിഞ്ഞ്‌ തറവാട്ടിലെത്തിയ വാര്യര്‍ക്ക്‌ കല്ലുവെട്ടാംകുഴിയില്‍ കിടന്ന് ഒരു കൊമ്പനാനയേ കിട്ടി. വന്യജന്തു, നാട്ടാന പരിപാലനനിയമത്തിനേക്കുറിച്ചൊക്കെ ഏകദേശം കേട്ടിട്ടുള്ള വാര്യര്‍ ആദ്യം ഒന്ന് അന്ധാളിച്ചെങ്കിലും മിണ്ടാപ്രാണിയോടുള്ള സഹതാപതരംഗം കാരണം അതിനെ എടുത്ത്‌ തൊഴുത്തില്‍ കെട്ടി.കുടുംബം വൈറ്റ്‌ ഹൗസ്‌ ആകാതിരിക്കാന്‍ പാപ്പാന്‍ ഗോവിന്ദനെ വിളിച്ചുവരുത്തി


. തുടര്‍ന്ന് വായിക്കുക




അതിരാവിലെ എഴുന്നേറ്റ്‌ കിടന്ന പായ്‌ ചുരുട്ടി അകത്തേയ്ക്ക്‌ വലിച്ചെറിഞ്ഞിട്ട്‌ കിണറ്റിങ്കരയിലേക്ക്‌ നടന്നു. കിരുകിരാന്ന് കപ്പിയുടെ ശബ്ദം കേള്‍പ്പിച്ചുകൊണ്ട്‌ വെള്ളം കോരി കാലും മുഖവും കഴുകുമ്പോള്‍ അന്നേദിവസം ക്ഷേത്രത്തില്‍ പാല്‍പായസത്തിന്‌ കൂടുതല്‍ ശീട്ടുണ്ടല്ലോ എന്ന ചിന്തയായിരുന്നു. ഉപദംശമായി പാല്‍ തികയുമോ എന്ന ചിന്തയുമുണ്ടായിരുന്നു. തൊഴുത്തിലേക്ക്‌ നടന്നപ്പോള്‍ പാല്‍ തികഞ്ഞില്ലെങ്കില്‍ കിണറ്റില്‍ ആവശ്യത്തിന്‌ വെള്ളമുണ്ടല്ലൊ എന്നാശ്വസിക്കുകയും ചെയ്തു.




തൊഴുത്തില്‍ചെന്ന്, പശുവിന്റെ ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലിരുന്ന കൊതുകുകളെ ആട്ടിയോടിച്ച്‌ മൊന്തയിലുള്ള വെള്ളം അകിടില്‍ തളിച്ച്‌ ഒരു സാമ്പിള്‍വലി വലിച്ചപ്പോളാണ്‌ തലേന്ന് തൊഴുത്തില്‍ കെട്ടിയിരുന്ന ആനയേക്കുറിച്ചോര്‍ത്തത്‌ . നോക്കിയപ്പോള്‍ ആന കിടന്നിടത്ത്‌ പൂട പോലുമില്ല. അന്യജീവിയേ കണ്ട സന്തോഷത്തില്‍ പശു കൂടുതല്‍ ചാണകം ഇട്ടും വെച്ചിരുന്നു. തറ മെഴുകാന്‍ കൂടുതല്‍ ചാണകമായല്ലോ എന്നാണാദ്യം സന്തോഷിച്ചത്‌. ആന പോയതുകൊണ്ട്‌ ഇനി നാട്ടാന പരിപാലനസംഘത്തിനെ ഭയപെടണ്ടല്ലോ എന്നുനിനച്ചും സന്തോഷിച്ചു. പെട്ടന്നാണ്‌ നെട്ടൂപെട്ടിയില്‍ നിന്ന് ഒരുകടലാസ്സ്‌ കീറി ഗോവിന്ദന്റെ കയ്യില്‍കൊടുത്തത്‌ ഓര്‍ത്തത്‌. പത്തുപറ കണ്ടമാണ്‌ കീറി ഗോവിന്ദന്റെ കയ്യില്‍കൊടുത്തത്‌. നെഞ്ചത്ത്‌ കൈവെച്ച്‌ ഉറക്കെ വിളിച്ചുപോയി.




" എന്റെ ഗോവിന്ദാ, ചതിക്കല്ലേ"




വഴിപാടുപോലെ, കറവ നടത്തി, കിണറ്റില്‍നിന്ന് ഒരുപാള വെള്ളം കോരി മൊന്തയിലൊഴിച്ച്‌ വരാന്തയില്‍ ചെന്ന് തൂണും ചാരിയിരുന്നു. തലേല്‍കെട്ടിയിരുന്ന തോര്‍ത്തെടുത്ത്‌ പലവട്ടം വീശിയിട്ടും പരവേശം മാറിയില്ല. അടുക്കളേന്ന് പാത്രങ്ങളുടെ ശബ്ദംകേട്ടപ്പോള്‍ അകത്തേയ്ക്ക്‌ നീട്ടിവിളിച്ചു.




" എടിയേ"




" അതിരാവിലേ എന്തിനാ ഇങ്ങിനെ തൊള്ളതുറക്കുന്നത്‌? ഞാനീ വെള്ളമൊന്ന് അനത്തിക്കോട്ടെ. ആനക്കാര്യമൊന്നുമല്ലല്ലോ?"


"ആനക്കാര്യം തന്നേയാടീ, നീയിങ്ങുവന്നേ"


അടുക്കളേല്‍ പാത്രമെടുത്ത്‌ നിലത്തിടുന്ന ശബ്ദം കേട്ടു. പുറകെ അവള്‍ വരാന്തയിലെത്തി.


" നിങ്ങള്‍ക്കിതെന്താ, ഈ അതിരാവിലെ. ഇതെന്നാ കൂത്താ ഇങ്ങിനെ വിയര്‍ക്കന്‍?"


" എടീ, നീ തൊഴുത്തില്‍ കെട്ടിയിരുന്ന ആനയേ കണ്ടോ? ആ ജന്തുവിനെ അവിടെ കാണുന്നില്ല"


" അതിനെന്താ വരുമോരോ ആന വന്നപോലെ പോം, അതാ ഭഗവാന്റെ ഓരോ ലീലകള്‌"


" അതല്ലെടി, പത്തുപറക്കണ്ടമാ ആ ആനേടെ പേരില്‍ കീറി ഗോവിന്ദന്‍പാപ്പാന്റെ കയ്യില്‍ കൊടുത്തത്‌"


" ങ്ങേ, പത്തുപറ കണ്ടമോ? നമ്മുടെ ഗോവിന്ദനാനയുടെ പേരില്‍ കീറികൊടുത്തന്നോ? ഹെന്റെ ഭഗവാനേ" അവള്‍ക്ക്‌ കാര്യഗൗരവം കുറച്ചു താമസിച്ചാണ്‌ കിട്ടിബോധിച്ചത്‌. തലയ്ക്ക്‌ കയ്യും കൊടുത്ത്‌ തൂണേല്‍ ചാരി താഴോട്ട്‌ ഊര്‍ന്നപ്പോള്‍ അവളോട്‌ ചോദിച്ചു.




" ഏതു നമ്മടെ? ഏത്‌ ഗോവിന്ദനാന? പാപ്പാന്‍ ഗോവിന്ദന്റെ കാര്യമാ ഞാന്‍ പറഞ്ഞത്‌"


"നിങ്ങളല്ലെ, ഇന്നലെ രാത്രിയില്‍ കടുമ്പായസം വഴിപാടു കഴിപ്പിച്ചിട്ട്‌ അതിനുകൊടുത്തിട്ട്‌ അതിനെ ഗോവിന്ദാ കാത്തുകൊള്ളണേന്ന് പറഞ്ഞ്‌ പേരിട്ട്‌ വിളിച്ചത്‌?"


" ഏത്‌ പേര്‌, പത്തുപറക്കണ്ടമാ ഗോവിന്ദാ സൂക്ഷിക്കണം എന്ന് പാപ്പാനേ കരുതി പറഞ്ഞതാ. അല്ലാതെ ആനയ്ക്ക്‌ പേരിടീലും ചോറൂണുമൊന്നും നടത്തിയതല്ല.നാടകം കണ്ടാമാത്രം മതി എന്നുപറഞ്ഞപ്പോള്‍ അതിങ്ങിനെ ചവിട്ടുനാടകമാണെന്ന് ആരെങ്കിലും കരുതിയോ?


മനസ്സില്‍ തീയായിരുന്നതുകൊണ്ട്‌ അന്ന് അടുപ്പില്‍ തീയില്ലാതെപോയി. കുളിയെല്ലാം കഴിഞ്ഞ്‌ ക്ഷേത്രത്തില്‍ പോയിട്ടും എല്ലാം വഴിപാടുപോലെയായി. മാലക്കെട്ടുമെല്ലാം ഒരു വഹയായി. നിവേദ്യം കഴിഞ്ഞ്‌ മാരാര്‌ അടുത്ത്‌ ചെന്ന് ചോദിച്ചു.


" എന്താ, വാര്യരേ ഒരു പന്തികേട്‌?"


" ഏയ്‌, ഒന്നുമില്ല, എല്ലാം ഗോവിന്ദന്റെ പണിയാണേ"


" അതേയതെ, എല്ലാം ഭഗവാന്റെ ഓരോ ലീലകള്‌. ഗോവിന്ദാ മാധവാ സച്ചിതാനന്ദാ നാരായണാ ഹരേ" മാരാര്‌ ശ്രീകോവിലിലോട്ട്‌ നീട്ടിവിളിച്ചു.


ഉച്ചയ്ക്ക്‌ തറവാട്ടില്‍ ചെന്ന് പടച്ചോറിനും മുകളില്‍ തോര്‍ത്തും വിരിച്ചുകിടന്നു. മനോരാജ്യങ്ങളിലൊന്നും സഞ്ചരിച്ചില്ല. പത്തുപറക്കണ്ടത്തില്‍ മാത്രമായിരുന്നു മനസ്സിന്റെ യാത്ര. യാത്രചെയ്ത്‌, യാത്രചെയ്ത്‌ ക്ഷീണിച്ചപ്പോള്‍ അറിയാതെ ഉറങ്ങിപ്പോയി.


ഒരു കുടം വെള്ളത്തിനു മുകളില്‍ അലര്‍ച്ച കേട്ടാണുണര്‍ന്നത്‌.


" ചൂടുവാര്‍ത്ത, ചൂടുവാര്‍ത്ത"




( തുടരും)













Saturday, March 14, 2009

ഗജേന്ദ്രമോക്ഷം ഒരു തുടര്‍ക്കഥ അഥവ വായനക്കാരന്റെ ശിരോലിഖിതം

അദ്ധ്യായം ഒന്ന്
ഉച്ചപൂജ കഴിഞ്ഞ്‌ നടയടച്ച്‌, തറവാട്ടില്‍ വന്ന്, കുശാലായി ഉണക്കലരികൊണ്ടുള്ള പടച്ചോറ്‌, സമൃദ്ധമായി ജീരകവെള്ളോം പച്ചമുളകും ഉപ്പ്‌ ആവശ്യത്തിനും കൂട്ടി ഉണ്ടിട്ട്‌ വരാന്തയില്‍ തോര്‍ത്തും വിരിച്ച്‌ പലേ മനോരാജ്യങ്ങളിലും സഞ്ചരിച്ച്‌ കിടക്കുകയായിരുന്നു. മയക്കത്തിലോട്ട്‌ വീഴുന്നതിനിടയില്‍ നാലുകെട്ടിന്റെ പുറകില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടു. ആദ്യം ചക്ക വീണിട്ട്‌ മുയല്‍ ചത്തതാണെന്നാണ്‌ കരുതിയത്‌. കരച്ചില്‍ പിന്നെയും കേട്ടപ്പോള്‍ ചാടിയെഴുന്നെറ്റ്‌ തോര്‍ത്ത്‌ കുടഞ്ഞ്‌ തോളിലിട്ട്‌ നാലുകെട്ടിന്റെ പുറകിലോട്ട്‌ നടന്നു. ഭാഗ്യം ചക്കയൊന്നും വീണിട്ടില്ല ആയതിനാല്‍ മുയലുകളൊന്നും ചത്തിട്ടുമില്ല.ചത്തിരുന്നെങ്കില്‍ ഇറച്ചിമസാല മേടിക്കാന്‍ പണമുണ്ടാക്കേണ്ടിവന്നേനേ. പക്ഷെ ശബ്ദം കേട്ടതാണല്ലൊ. പുരികം ചുളിച്ച്‌ ഒന്നുകൂടി നോക്കി. ദേ കിടക്കുന്നു കല്ലുവെട്ടാങ്കുഴിയില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ ഒരു കൊമ്പനാന.വനപാലകരെങ്ങാനുമറിഞ്ഞാലോ എന്നാണാദ്യം ശങ്കിച്ചത്‌ എങ്കിലും മിണ്ടാപ്രാണിയുടെ കിടപ്പ്‌ കണ്ടപ്പോള്‍ സഹതാപം തോന്നി. പിന്നെ ശങ്കിച്ചില്ല രണ്ടും കല്‍പ്പിച്ച്‌ കയ്യോടെ ആനയെ തുമ്പിക്കയ്യില്‍ പിടിച്ച്‌ കുഴിയില്‍നിന്ന് വലിച്ചുകേറ്റി തൊഴുത്തില്‍ കൊണ്ടുക്കെട്ടി കുറച്ച്‌ പുല്ലും വൈക്കോലും ഇട്ടുകൊടുത്തു.വീണ്ടും വരാന്തയില്‍ തോര്‍ത്തുവിരിച്ച്‌ നടുചായ്ച്ചപ്പോള്‍ നടുത്തളത്തില്‍നിന്ന് അവള്‍ പറഞ്ഞു.
" നേരാംവണ്ണം നോക്കിയാല്‍ പണംകായ്ക്കുന്ന മൃഗമാണ്‌ ആന, പൊന്മുട്ടയിടുന്ന മൃഗവും. ഗോവിന്ദന്‍പാപ്പാനേ വിളിക്കണം. മുത്തച്ഛന്റെ പാപ്പാനായിരുന്നു.മാതംഗലീല കാണാതറിയാം. ചാണക്യസൂത്രം കണ്ടിട്ടുമുണ്ട്‌."
വിളിച്ചത്‌ കേട്ടപാതി, കേള്‍ക്കാത്തപാതി ഗോവിന്ദന്‍ എത്തി തൊഴുത്തിലേക്ക്‌
നോക്കി
" കണ്ടിട്ട്‌ ആനയുടെ ലക്ഷണമൊക്കെയുണ്ട്‌. വെറുതെ തൊഴുത്തില്‍കെട്ടിയാല്‍ കുടുംബം വെളുക്കും. ഇവിടെയാണേല്‍ വൈറ്റ്‌ വാഷുചെയ്യാന്‍ ഒരു സൂചിക്കുത്തുപോലുമില്ലതാനും"
" പിന്നെ എന്താ ഒരുവഴി?"

" സൂത്രമുണ്ട്‌ ആധാരം നിലവറയില്‍ നെട്ടൂപെട്ടിയിലാണോ അതോ സുരക്ഷിതമായി ബാങ്കിലിരിക്കുകയാണോ?"
" നെട്ടൂപെട്ടിയിലാണ്‌"
" നന്നായി, അന്യന്റെ ആധാരമെന്നുവെച്ചാല്‍ ബാങ്കുകാര്‍ക്ക്‌ ജീവനാണ്‌.പണംകൊണ്ടെറിയണം എന്നാലേ പണത്തേകൊള്ളൂ"

" നാല്‍ക്കാലിയുടെ പത്താംക്ലാസ്സ്‌ ബുക്കും അച്ചുകുത്തിയ കടലാസ്സുമൊക്കെയോ, അതിലെങ്കില്‍ വന്യജന്തുക്കളും സ്ക്വാഡും പിടിക്കത്തില്ലയോ?"
" എത്രയെണ്ണം വേണം? ഫോണൊന്ന് തരണം കുറച്ചു നാടകം കളിക്കാനുണ്ട്‌"
ഫോണെടുത്ത്‌ മുന്നില്‍ കൊടുത്തപ്പോള്‍ ഗോവിന്ദന്‍ അതേലൊന്നു കറക്കി. മറുതയ്ക്കല്‍ ആള്‌ ഹലോ എന്നുപറഞ്ഞപ്പോള്‍ മറുതലയോട്‌ പറഞ്ഞു

" മാഷേ, നാട്ടുപത്രത്തിന്റെ സ്വലേയല്ലേ ഇതു പഴയ ഗോവിന്ദന്‍ പാപ്പാനാണേയ്‌, ഒരുകുപ്പി ഉഗ്രന്‍ നാടനിരിപ്പുണ്ടേയ്‌.നാളെ ഒരു വാര്‍ത്ത കൊടുക്കണം മെയില്‍ ചെയ്യാം അപ്പോള്‍ എല്ലാം പറഞ്ഞപോലെ"
മറുതലയില്‍ സ്വലേ ഫോണ്‍ താഴെയിട്ടപ്പോള്‍ ഗോവിന്ദന്‍ പിന്നെയും ഫോണ്‍ കറക്കി പുതിയ മറുതലയോട്‌ പറഞ്ഞു
" ആശാനേയ്‌ ഇതു പഴയ ഗോവിന്ദന്‍പാപ്പാനാണേയ്‌, നാളെ അവിടെ കാവില്‌ ഉത്സവത്തിനു കൊടികേറുവല്ലിയോ ഭാരവാഹിതന്നെയല്ലിയോ പത്തുചക്രം ഉണ്ടാക്കണ്ടേ? ഒരാനയേ വിട്ടുതരാം വാടക പോക്കറ്റിലാക്കിക്കൊ, രശീതി ആവശ്യത്തിന്‌ എത്രവേണമെങ്കിലും തരാം.ആനയ്ക്ക്‌ പനമ്പട്ടയും ആനപാപ്പാന്‌ വെറുമ്പട്ടയും ആവശ്യത്തിന്‌ കൊടുത്താല്‍മതി.പിന്നെ നാളെയൊരു സ്വീകരണവും രണ്ടുദിവസം കോലവും എന്താ സമ്മതമല്ലേ എങ്കില്‍ ബാക്കിയെല്ലാം വന്നിട്ടുപറയാം"
ഫോണ്‍ താഴെയിട്ടിട്ട്‌ ഗോവിന്ദന്‍ തല ചൊറിഞ്ഞിട്ട്‌ പറഞ്ഞു
" ഇവിടുന്നിനി നാടകം കണ്ടോണ്ടിരുന്നാല്‍ മാത്രം മതി. അതിന്‌ പ്രത്യേകിച്ച്‌ ടിക്കറ്റും വേണ്ട. ബാക്കിയെല്ലാം ഞാനേറ്റു. ഒരു മൊബെയിലെടുത്തുതരണം . ഇവിടത്തേ ഫോണ്‍ നാളെ ഉച്ചകഴിഞ്ഞ്‌ താഴെയെടുത്തിട്ടേയ്ക്കണം വിളിക്കുന്നവര്‍ എംഗേജ്ഡ്‌ ആണന്നേ കരുതാവൂ അപ്പോള്‍ അവര്‍ മറ്റ്‌ എംഗേജുമെന്റുകള്‍ക്ക്‌ പൊക്കോളും"
ഗൊവിന്ദന്‍ പിന്നെയും തലചൊറിഞ്ഞുകൊണ്ട്‌ പര്ങാന്നു

" ഒരുവഴിക്കു പോകുവല്ലേ മടിശ്ശീലയില്‍ വെക്കാന്‍ എന്തെങ്കിലും?"
തോര്‍ത്തിനിന്നെഴുന്നേറ്റ്‌ നിലവറവരെ പോയി നെട്ടൂപെട്ടി എടുത്തോണ്ട്‌ വന്നു.
രാത്രിയില്‍ അത്താഴപൂജയും കഴിഞ്ഞ്‌ നടയടച്ച്‌ പ്രസാദമായികിട്ടിയ ഒരുരുളി കടുമ്പായസം തറവാട്ടില്‍കൊണ്ടുവന്നു. കയ്യോടെ ഒരുരുളയാക്കി തൊഴുത്തില്‍ നില്‍ക്കുന്ന പ്രത്യക്ഷഗണപതിക്ക്‌ കൊടുത്തിട്ട്‌ പ്രാര്‍ത്ഥിച്ചു

" ഗോവിന്ദാ കാത്തുകൊള്ളണേ"

" ആനയ്ക്ക്‌ പേരുമിട്ടല്ലെ?" അടുക്കളയില്‍നിന്ന് അവള്‍ വിളിച്ചുചോദിച്ചു

മീനമാസത്തിലേ ചൂടില്‍നിന്ന് രക്ഷപെടാന്‍ വരാന്തയില്‍ മെത്തപ്പായ്‌ വിരിച്ചുകിടന്നു. ഉറക്കത്തിലേയ്ക്ക്‌ വഴുതിവീഴുന്നതിനിടയില്‍ തൊഴുത്തില്‍നിന്ന് ഒരു ലോറി പുറപ്പെട്ട്‌ പോകുന്നതുപോലെ തോന്നി
( തുടരും)












Friday, February 27, 2009

അജിത്കവി എന്ന ശുദ്ധബ്ലോഗ്ഷ്കന്‌

ഞാന്‍ ഇത്‌ നിനക്കായി ഓങ്ങിവെച്ചിരിക്കുന്നു
ഞാന്‍ ഈ ആല്‍ത്തറയിലിരുന്ന് മനസ്സ്‌ ഒരു വലിയ ഉരുളന്‍ കല്ലാക്കി, ഗോവിന്ദാമലയുടെ മുകളിലേയ്ക്ക്‌ ഉരുട്ടികേറ്റിക്കൊണ്ടിരിക്കുകയാണ്‌. നാറാണത്തുഭ്രാന്തന്മാര്‍ക്ക്‌ ഏതുമലയാണ്‌ രായിരനെല്ലൂര്‍മല അല്ലാത്തത്‌. ആലില്‍നിന്ന് പച്ചിലകള്‍ കൊഴിഞ്ഞുതുടങ്ങിയിരിക്കുന്നു. ശ്രദ്ധിച്ചു കാതോര്‍ത്താല്‍, പഴുത്തിലകള്‍ ചിരിക്കുന്ന ശബ്ദം കേള്‍ക്കാം.
അജിത്കവി എന്ന ശുദ്ധബ്ലോഗ്ഷ്കാ
ഈ ഓങ്ങിവെച്ചിരിക്കുന്നത്‌, അര്‍ദ്ധനഗ്ന ഫക്കീര്‍ വിശ്വവിദ്യാലയത്തില്‍, എനിക്കു മറുവശം ഇരിക്കുന്ന നിന്നോട്‌ നേരിട്ടുപറയാവുന്നതേയുള്ളു. ഒരു സ്വകാര്യമായി, അതുമല്ലെങ്കില്‍ ഒരു മുറുമുറുപ്പാക്കി നിന്റെ ചെവികള്‍ തിന്നാം. പ്ലീസ്‌ ലെന്റ്‌ യുവര്‍ ഇയേര്‍സ്‌ എന്നുപോലും പറയാതെ. അതുമല്ലെങ്കില്‍ ശ്രീമന്ദിരം കേപീയുടെ കേ എസ്സാറിന്‍ പ്രകാരം ഒരു നോട്ട്‌ ഫയല്‍ ഒറിജിനേറ്റ്‌ ചെയ്ത്‌ മേലുദ്യോഗസ്ഥരുടെ വിരല്‍ത്തുമ്പ്‌ പതിപ്പിച്ച്‌ പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളൈ വശം നിന്റെ മേശപ്പുറത്തെത്തിക്കുകയുമാവാം. പക്ഷെ എന്റെ മനസ്സ്‌ തുറന്നതും കുത്തഴിഞ്ഞതുമായ ഒരു പുസ്തകമായതുകൊണ്ട്‌ എനിക്കങ്ങിനെ ചെയ്യാന്‍ സാധിക്കുന്നില്ല.
മുകളിലേയ്ക്ക്‌ ഉരുട്ടിക്കയറ്റിയ കല്ല് താഴേയ്കുരുണ്ട്‌ ഭൂമിയില്‍പതിച്ച്‌ പൊട്ടിചിതറുമ്പോള്‍ , പാറുക്കുട്ടി ഏഴുവരികളും ഏഴക്ഷരങ്ങളും തള്ളി ഗ്രന്ഥം വായിക്കുമ്പോള്‍ , വരികള്‍ക്കിടയിലുള്ള പലതും ഇരട്ടവാലന്‍ തിന്നുതുടങ്ങിയ പലതും ഉണര്‍ന്നുവരുന്നു.
തിരുവില്ല്വാമല തപ്പാലാഫീസ്‌ എന്ന ബോര്‍ഡ്‌ കണ്ടപ്പോള്‍ അകത്തുകയറി കയ്യോടെ ഒരു കാര്‍ഡ്‌ വാങ്ങി സുഹ്രുത്ത്‌ ബ്ലൈസ്‌ ജ്യോര്‍ജിനെഴുതി.
" തിരുവില്ല്വാമല എന്ന മുദ്ര പതിയുന്നതിനുവേണ്ടിയാണ്‌ ഈ എഴുത്ത്‌."
ശേഷം ഓഫീസില്‍ചെന്ന് ദിവസങ്ങള്‍ക്കു ശേഷം എഴുത്ത്‌ അവനുകിട്ടിയപ്പോള്‍ മുദ്ര ശരിക്കുപതിഞ്ഞുകണ്ടപ്പോള്‍ ഒരു സന്തോഷം തോന്നി.
കാലമേറെയായി. മനസ്സില്‍ പതിഞ്ഞ തിരുവില്വാമല എന്ന മുദ്ര മങ്ങിത്തുടങ്ങിയൊ എന്നൊരു സംശയം. ദിവാകരന്‍ മാമയുടെ സത്രത്തിന്റെ വരാന്തയില്‍ കസേര പുറകോട്ടെറിഞ്ഞ്‌, കാലുകള്‍ അരമതിലില്‍ നീട്ടിവെച്ച്‌ പാറക്കെട്ടുകള്‍കിടയില്‍നിന്ന് വരുന്ന ചൂടുകാറ്റും കൊണ്ട്‌ പൊരിവെയിലില്‍ ചുങ്കത്തുനിന്ന് വരുന്നവരേയും ചുങ്കത്തോട്ട്‌ പോകുന്നവരേയും നോക്കി അങ്ങിനെ ഏറെനേരം ഇരുന്നിട്ട്‌ കാലമേറെയായി. അതുമല്ലെങ്കില്‍, രാജേന്ദ്രന്‍ തരുന്ന കീറിത്തുടങ്ങിയ പുല്‍പാ വിരിച്ച്‌ ആ വരാന്തയില്‍ രാജലക്ഷ്മിയില്‍ നിന്നുള്ള ചോറിനും വലിയ ഒരു ഏമ്പക്കത്തിനും പുറത്ത്‌ കിടന്നൊന്ന് മയങ്ങിയിട്ട്‌ .വൈകിട്ട്‌ പറക്കോട്ടുകാവിലേക്ക്‌ ദര്‍ശനത്തിനു പോകുന്നവരെ നോക്കിയിരുന്നിട്ടും കാലമേറെയായി. കിഴക്കേ ആല്‍ത്തറയില്‍ സന്ധ്യയ്ക്ക്‌ ബീഡിയും വലിച്ചുതള്ളിയിരിക്കുമ്പോള്‍ കൊതുകുകള്‍ മൂളിയാര്‍ത്തുവന്ന് ചെവിയില്‍ എത്രയോപ്രാവശ്യം പറഞ്ഞിട്ടില്ല

" നിങ്ങള്‍ അതിഥികളും ദേവകളുമാണ്‌ .എങ്കിലും ദേവന്മാരുടെ ചോരയും ഞങ്ങള്‍ കുടിക്കും അതുകൊണ്ട്‌ വേഗം സ്ഥലം വിട്ടോളുക"

പിന്നെ കൊതുകുകളെ ആട്ടിയോടിക്കുകയും അടിച്ചൊതുക്കുകയും ചെയ്യുമ്പോള്‍ ആ ഈണത്തില്‍ നാലമ്പലത്തില്‍നിന്നും പൂജയുടെ നാദം കേട്ടിട്ടും കാലമേറെയായി.
ആല്‍ത്തറയില്‍ ഇരിക്കുമ്പോള്‍ ലക്കിടി സ്റ്റേഷനില്‍നിന്നും ഇഴഞ്ഞുനീങ്ങുന്ന ഒരു പുഴുവിനേയും കണ്ടിട്ട്‌ കവിയുടെ കാല്‍പാടുകള്‍ താഴോട്ടളന്ന് ക്ഷേത്രക്കുളവും ചുറ്റി ലക്കിടി പാലവും കടന്ന് ലക്കിടി സ്റ്റേഷനും കടന്ന് വയല്‍ വരമ്പില്‍ കൂടിനടന്ന് കലക്കത്തെ നമ്പ്യാരുടെ വീടും കണ്ടുവന്നിട്ടും കാലമേറെയായി. കലക്കത്തേ നമ്പ്യാര്‍ പാല്‍പായസം തുള്ളികലക്കാന്‍ അമ്പലപ്പുഴയ്ക്കു പോയെങ്കിലും എവിടെയും പോകാത്ത, പോകാന്‍ സ്ഥലമില്ലാത്ത ഒരാളുണ്ടായിരുന്നു. നമ്പ്യാരുടെ അയല്‍ക്കാരന്‍ ഒരു ശിവന്‍. എത്രയോപ്രാവശ്യം അവിടംവരെ പോയി. ഇതുവരെ ഒന്നു മുഖം കാണിച്ചിട്ടില്ല. ആ കടമൊന്നു തീര്‍ക്കണ്ടെ.
ചീരക്കുഴിയില്‍ നദിക്കു കുറുകെ ഡാമിന്റെ ഷട്ടര്‍. അതിനടുത്തുള്ള ആല്‍ത്തറയിലിരുന്ന് ഷട്ടറിനടിയിലൂടെ പുഴയുടെ കണ്ണീര്‍ ഒലിച്ചുവരുന്നത്‌ കണ്ടിട്ടും തിരിച്ച്‌ പഴയ ഇരുമ്പുപാലവും ചുങ്കത്തേയ്ക്ക്‌ നടക്കുമ്പോള്‍ കിട്ടിക്കൊണ്ടിരുന്നത്‌ കിട്ടിയിട്ടും കാലമേറെയായി.
വലതുവശത്തുള്ള വയലുകള്‍ക്കിടയില്‍ തലയുയര്‍ത്തി നിന്നിരുന്ന പഴയ ഇരുനിലമാളികയും അതിന്റെ പടിവാതിലും അതിനുമുന്നിലുണ്ടായിരുന്ന താമരക്കുളവുമെല്ലാം ഇല്ലാണ്ടാക്കിയപോലെ കാലം എന്തൊക്കെയാണ്‌ ഇല്ലാണ്ടാക്കാതിരിക്കുക?
പറക്കോട്ടുകാവിനുമുകളില്‍ ചുങ്കത്തേയ്ക്കുള്ള പാതയ്ക്കും മുകളില്‍ പാറയില്‍ കാല്‍പാദമുണ്ട്‌. താഴെയെങ്ങും കാലത്തിന്റെ പാദവും. അപ്പോള്‍ വീണ്ടും ഒരു ഉരുളങ്കല്ല് ഉരുട്ടിക്കയറ്റാന്‍ , തിരുവില്ല്വാമലയിലെ കിഴക്കേ ആല്‍ത്തറയില്‍ ചെന്നിരുന്ന് അടുത്ത ഏതെങ്കിലുമൊരു കാറ്റില്‍ തിരി അണയുമെങ്കില്‍ അത്‌ അണയുന്നതിനുമുമ്പ്‌ അതില്‍നിന്ന് ഒരു നാളമെടുത്ത്‌ വില്ല്വാദ്രിനാഥന്‌ അര്‍പ്പിക്കാന്‍, അതുമല്ലെങ്കില്‍ പുനര്‍ജനിയുടെ വാതിലില്‍ ഗതികിട്ടാത്ത ആത്മാക്കളെ പോലെ തലകീഴായി തൂങ്ങികിടക്കുന്ന നരിച്ചീറുകളേയും കണ്ടിരിക്കുമ്പോള്‍

" ക്രിപകൂടാതെ പീഡിപ്പിച്ചീടുന്ന
കവി ചത്ത്‌ കപിയായ്പിറക്കുന്നു
ആന ചത്തൊരു
ചേനയായ്തീരുന്നു" .
എന്ന് ആരെങ്കിലും പാടാതിരിക്കാനെങ്കിലും. ആ വാതില്‍ക്കലിരുന്ന് മനസ്സുകൊണ്ടെങ്കിലും പുനര്‍ജനി ഒന്നു നൂഴാന്‍ എന്റെ പല തിരുവില്ല്വാമലയാത്രയിലും എന്നോടൊപ്പമുണ്ടായിരുന്ന നിനക്ക്‌ എന്റെ വണ്ടിക്കൂലി കൂടിയെടുത്ത്‌ തിരുവില്ല്വാമല വരെ ഒന്ന് പോകരുതോ? ത്രിശ്ശിവപേരൂര്‍ വടക്കേസ്റ്റാന്റില്‍നിന്ന് മയില്‍ വാഹനത്തില്‍ കയറി ചേലക്കരയും താണ്ടി പഴയന്നൂര്‍ മതില്‍കകത്തെ കോഴികളേയും കണ്ട്‌,ചുങ്കത്തിറങ്ങി രാജായിലെ ചായയും കുടിച്ച്‌
വാല്‍ക്കഷ്ണം- ആലും ആല്‍ത്തറയുമെല്ലാം വല്ലാതങ്ങ്‌ ചിന്തകളില്‍ വേരോടിയിരിക്കുന്നു അതുകൊണ്ട്‌ തന്നെ ഞാനെന്റെ പുറകില്‍ ഒരു ആലിങ്ക്ടാവിനെ നട്ടിരിക്കുകയാണ്‌.എന്നെങ്കിലും ഒരു തണലാവുകയാനെങ്കില്‍

Friday, February 13, 2009

അവള്‍ കഥയെഴുതുകയാണ്‌

ആല്‍ത്തറയില്‍ ചാരുകസേരയിട്ട്‌, ഗോവിന്ദാമല നോക്കിക്കൊണ്ടിരുന്നു പണ്ടൊരിക്കല്‍ കൊട്ടേക്കാട്ടോട്ട്‌ നടക്കുന്നതിനിടയില്‍ രാഹുലിന്റെ ഡാഡി ഗൗതം പറഞ്ഞതായിരുന്നു.
" ഉണ്ണീ, ആഗ്രഹങ്ങളാണ്‌ എല്ലാ ദുഖങ്ങള്‍ക്കും കാരണം "
എങ്കിലും എന്തെങ്കിലും എഴുതണന്ന് ഒരു ആഗ്രഹം തോന്നിതുടങ്ങിയിട്ട്‌ കുറച്ചുനാളായി. പക്ഷേ മനസ്സ്‌ ഒരു ഒഴിഞ്ഞ പാത്രമായിരുന്നു. ആല്‍ത്തറയിലെ കാറ്റും കൊണ്ടിരുത്തിയാല്‍ അതില്‍ എന്തെങ്കിലും നിറഞ്ഞാലോ എന്നു കരുതി പാത്രമെടുത്ത്‌ ആല്‍ത്തറയില്‍ വെച്ചിട്ട്‌ കണ്ണേട്ടന്റെ ചായപീടികയിലോട്ട്‌ നടന്നു. ചായയും കുടിച്ച്‌ ഒരു ബീഡിക്ക്‌ തീയും കൊളുത്തി വീണ്ടും ആല്‍ത്തറയില്‍ വന്നിരുന്നു. അപ്പോളാണ്‌ പെരുമാളിനെ തൊഴുതിട്ട്‌ അവള്‍ അടുത്തേയ്ക്ക്‌ വന്നത്‌.
" ഉണ്ണീ, മറ്റൊന്നും വിചാരിക്കരുത്‌ ആല്‍ത്തറയില്‍ ചാരുകസേര ഇട്ടിരിക്കുന്നവനെ തല്ലികൊന്നിട്ട്‌ മുട്ടുചിറയില്‍ കിട്ടുന്ന പെട്ടിയില്‍ ഇട്ടുവെയ്ക്കുന്നതാണ്‌ ശുഭം ഉപ്പിലിട്ടതായാല്‍ ചീയുകയുമില്ല" അവള്‍ പറഞ്ഞു.

"കഥയല്ലേ"
" കഥയിലാണെങ്കിലും ആല്‍ത്തറയില്‍ ചാരുകസേര ഇട്ടിരിക്കുന്നത്‌ കഥയില്ലായ്മയാണ്‌"

" ശരി" പേനയെടുത്ത്‌ കഥയില്‍നിന്ന് ചാരുകസേരയെടുത്ത്‌ തല്ലിയൊടിച്ച്‌ കളയുന്നതിനിടയ്ക്കാണ്‌ അവളുടെ ശ്രദ്ധ ആല്‍ത്തറയില്‍ വെച്ചിരുന്ന പളുങ്കുപാത്രത്തില്‍ വീണത്‌
" അതുശരി, ഒഴിഞ്ഞ പളുങ്കുപാത്രമാണല്ലെ? ഒരു നേരമ്പോക്കിന്‌ ഞാന്‍ ഒന്നുരണ്ടെണ്ണം എഴുതി അതിലിടട്ടെ? ഉണ്ണി ഗോവിന്ദാമല കയറിക്കോളൂ"
സമ്മതിച്ചപ്പോള്‍ അവള്‍ കഥയെഴുതി തുടങ്ങി.

അവള്‍ എഴുതിയ ഒന്നാം കഥ

തിരക്കിട്ട ജോലിക്കിടയില്‍ മൊബെയിലടിച്ചപ്പോള്‍ ആരാണെന്നുപോലും നോക്കാതെ എടുത്തു. മറുവശത്ത്‌ പാലക്കാടുനിന്ന് അവള്‍ പറഞ്ഞു.
" ഉണ്ണീ, വരുമ്പോള്‍ ഒരു ഒലക്ക കൂടി കൊണ്ടുവരണം. ഞാന്‍ കുറച്ച്‌ ഒരുമ ഉണ്ടാക്കിവെച്ചിട്ടുണ്ട്‌"

പക്ഷെ ജോലിത്തിരക്കിനിടയില്‍ എല്ലാമങ്ങ്‌ മറന്നുപോയി. പാലക്കാട്ടു ചെന്നിറങ്ങിയപ്പോളാണ്‌ പിന്നെ അവള്‍ പറഞ്ഞതോര്‍ത്തത്‌. പല കടകളിലും കയറി. കടക്കാരു പറഞ്ഞു.
" കഥകളിലെ അവള്‍ എന്നയാളിന്റെ ഒരുമയ്ക്കുവേണ്ടിയല്ലേ, ഇവിടെ കിട്ടുന്നതൊന്നും സ്യൂട്ടാകില്ല. കോട്ടയത്തുനിന്ന് തന്നേ കൊണ്ടുവരണം"
ഉള്ളില്‍ കുറ്റബോധവും വ്യസനവുമായാണ്‌ അവളുടെ അടുത്തെത്തിയത്
" അതേയ്‌, ഒലക്കയുടെ കാര്യം......."

" ഞാനതു പറയാന്‍ പലപ്രാവശ്യം ഉണ്ണിയേ വിളിച്ചിരുന്നു. അപ്പോളൊക്കെ ഉണ്ണി പരിധി വിട്ട്‌ കളിക്കുകയായിരുന്നു. ഇടയ്ക്ക്‌ ഒരു ഭിക്ഷക്കാരന്‍ ഇവിടെവന്ന് അമ്മാ, എന്തെങ്കിലും തരണേ എന്നുപറഞ്ഞപ്പോല്‍ എനിക്ക്‌ വല്ലാത്ത സഹതാപം തോന്നി. ഞാന്‍ ഉണ്ടാക്കിവെച്ചിരുന്ന ഒരുമയെല്ലാമെടുത്ത്‌ ഭിക്ഷയായി കൊടുത്തു"
അവള്‍ അതുപറഞ്ഞപ്പോള്‍ കൂടുതല്‍ വിഷമം തോന്നി. അതു ശ്രദ്ധിച്ചിട്ട്‌ അവള്‍ പറഞ്ഞു.

" അതു സാരമില്ല ഉണ്ണീ, കഥയല്ലേ, അടുത്ത കഥയില്‍ ഞാന്‍ ഒരുമയുണ്ടാക്കി വെക്കുന്നതായിട്ടും ഉണ്ണി ഒലക്ക കൊണ്ടുവരുന്നതായിട്ടും എഴുതാം"
അവള്‍ പറഞ്ഞുനിര്‍ത്തിയില്ല അതിനുമുമ്പ്‌ വാതിലില്‍ ആരോ മുട്ടി . തുറന്നപ്പൊള്‍ ഭിക്ഷു ഒരുമ വാതില്‍ക്കല്‍ നീട്ടിവെച്ചിട്ട്‌ പറഞ്ഞു.
" അമ്മാ, ഈ ഒരുമ സ്യൂട്ടാകുന്നില്ല. തിരിച്ചെടുത്താട്ടേ "
'ഗോവിന്ദാമലയേത്തന്നേ നോക്കിക്കൊണ്ടു കിടന്നപ്പൊള്‍ അവള്‍ രണ്ടമത്തെ കഥയെഴുതി തുടങ്ങി.

അവള്‍ എഴുതിയ രണ്ടാമത്തേ കഥ
( ഒന്നുകൊണ്ടറിയാം രണ്ടിന്റെ ബലാബലം)
മൂത്തമകന്‍ സിവില്‍സര്‍വ്വീസ്‌ കിട്ടിയിട്ട്‌ മുസ്സോറിക്ക്‌ പോയ അന്നുതൊട്ട്‌ തട്ടിമ്പുറത്തുനിന്ന് പഴയ ചര്‍ക്ക തപ്പിയെടുത്ത്‌ പല സ്വപ്നങ്ങളുടേയും നൂല്‍നൂക്കുകായിരുന്നു. അങ്ങിനെയിരിക്കെ ഒരുദിവസം അവന്റെ വിളിവന്നു
." അച്ഛന്‍ ചര്‍ക്കയില്‍ നൂല്‍നൂക്കുകാണല്ലേ,? ആ നൂലുകൊണ്ട്‌ നെയ്യാന്‍ വരട്ടേ , അച്ഛന്‍ തകഴിയുടെ തഹസീല്‍ദാരുടെ അച്ഛന്‍ വായിച്ചിട്ടുണ്ടോ?"
" ഉണ്ടല്ലോ മോനേ, എന്താ കാര്യം?"
" അല്ല അതില്‍നിന്ന് ചില പാഠങ്ങള്‍ ഉള്‍ക്കൊള്‍ലണമെന്നു പറയുകയായിരുന്നു"
ഇതും പറഞ്ഞ്‌ ഫോണങ്ങവന്‍ താഴെയിട്ടു..
പിന്നെ ഒട്ടും അമാന്തിച്ചില്ല. ഫോണില്‍നിന്ന് അവന്റെ പേരങ്ങ്‌ ഡിലീറ്റ്‌ ചെയ്തിട്ട്‌ മുറിയിലേക്ക്‌ കയറി. ഷര്‍ട്ടിട്ടു. അപ്പോള്‍ അടിക്കളയില്‍നിന്ന് അവള്‍ വിളിച്ചുപറഞ്ഞു.
" ഇപ്രാവശ്യം കയ്യുംവീശി വേണം ഇറങ്ങിപോകാന്‍"

൨

" ഉണ്ണീ, കഥകള്‍ കഴിഞ്ഞു. കഥകഴിഞ്ഞു എന്നുപറയരുതല്ലോ."
മുഖത്തേയ്ക്ക്‌ നോക്കിച്ചിരിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു
".ഇനി ബാക്കി ഉണ്ണി എഴുതണം"

അവളുടെ കണ്ണുകളിലേയ്ക്ക്‌ നോക്കികൊണ്ട്‌ ചോദിച്ചു.
" നിന്റെ കണ്ണുകള്‍കെത്രയാണാഴം?"
" എന്റെ മനസ്സിനോളം, അതില്‍ നിറച്ചു സ്നേഹമാണ്‌. ഉണ്ണിയോടുള്ള സ്നേഹം"
" എങ്കില്‍ ഞാന്‍ ബാക്കി എഴുതാം"


ആല്‍ത്തറയില്‍ തോര്‍ത്തും വിരിച്ചുകിടന്നു. പെരുമാളിന്റെ കോവിലിനുള്ളില്‍നിന്ന് അത്താഴശിവേലിയുടെ കൊട്ട്‌ പുറത്തേകൊഴുകിവന്നു. ശംഖിന്റെ നാദവും. അത്‌ ഗോവിന്ദാമലയുടെ മുകളില്‍നിന്നാണ്‌ വരുന്നതെന്നുതോന്നി. ശ്രീകോവില്‍നട അടയ്ക്കുന്ന ശബ്ദം. വാതില്‍മണികള്‍ കിലുങ്ങുന്ന ശബ്ദം. ഒരു ഇലക്കീറില്‍ പ്രസാദവുമായി അവള്‍ അടുത്തുവന്നു. നെറ്റിയില്‍ തൊടീക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.
" ഉണ്ണീ, ശ്രീകോവിലിനുള്ളില്‍ ലക്ഷ്മീദേവിയുമായാണ്‌ പെരുമാള്‍ കുടികൊള്ളുന്നത്‌. അതുപോലെ ഞാനും ഉണ്ണിയുടെ അടുത്തിരിക്കട്ടേ അനന്തകാലം. ഈ ആല്‍ത്തറയില്‍ നിലാവായും കാറ്റായും തണലായും എന്റെ സ്നേഹംകൊണ്ട്‌ ഉണ്ണിയേ പൊതിഞ്ഞ്‌"

അപ്പോള്‍ ആലിലത്തുമ്പില്‍നിന്ന് ഒരു മഞ്ഞിങ്കണം മനസ്സിലേയ്ക്കിറ്റുവീണു.

" ഉണ്ണീ, ആ കണം നൂറായി ആയിരമായി അരുവിയായി ഉണ്ണിയുടെ മനസ്സും നിറച്ച്‌ കരകവിഞ്ഞൊഴുകി ഉണ്ണിയേ തന്നേ മൂടും അതെന്റെ സ്നേഹമാണ്‌ യുഗങ്ങളായി രാധയായി ഞാന്‍ ഉണ്ണിയ്ക്കുവേണ്ടി കാത്തുസൂക്ഷിക്കുന്ന സ്നേഹം"

നിലാവു പരന്നൊഴുകി. ആല്‍ത്തറയ്ക്കുചുറ്റും ഒരു പാല്‍കടല്‍പോലെ പരന്നപ്പോള്‍ കാല്‍ക്കല്‍ ഇരുന്ന അവളുടെ തലമുടിയില്‍ കരങ്ങളോറ്റിച്ചുകൊണ്ട്‌ പറഞ്ഞു.
" നീ രാധ തന്നെയാണ്‌ . യുഗങ്ങളായി ആവര്‍ത്തിക്കുന്ന രാധ"

Saturday, February 7, 2009

കണ്ണൂസേ,

കണ്ണൂസേ, പഴയ കഥയാണ്‌. കണ്ണൂസ്‌ ഇങ്ങിനെ കുറിച്ചു.
" പാലക്കാട്‌- തിരുവില്വാമല അരുണാ ബസ്സിലായിരിക്കും പോയിട്ടുണ്ടാവ്വ. 8-20 ന്‌ കാവശ്ശേരി പാസ്സുചെയ്ത്തിട്ടുണ്ടാവും"
തിരുവില്വാമല ചവിട്ടാന്‍ ആദ്യം പോയ പോക്കായിരുന്നു അത്‌. നെല്ലിയാമ്പതി മലയിറങ്ങി, നെന്മാറയിലും, ആലത്തുരും വന്ന്. ഇരുട്ടത്ത്‌ വഴികാണിക്കാന്‍ അന്ന് കാട്ടക്കട ദിവാകരന്മാഷിന്റെ പുസ്തകവും ഒരു പാട്ടും
മാത്രമേയുണ്ടയിരുന്നുള്ളു

. തിരുവില്വാമലയില്‍ നേദിച്ചു കൊണ്ടുവന്ന
ഇളനീര്‍കുടമിന്നുടയ്ക്കും ഞാന്‍.
എന്നാല്‍ തമ്പുരാട്ടിയേ കാണാം എന്നും കരുതി.
അരുണാ ബസ്സേതാ, കാവശ്ശേരിയെന്താ എന്നറിയാതെ.


കണ്ണൂസിന്റെ കമന്റ്‌ വായിച്ചപ്പോള്‍ അതുകൊണ്ട്‌ തന്നെ സന്തോഷം തോന്നി. പലര്‍കൂടി തല്ലി പല പാമ്പുകളേയും തിരുവില്വാമല ചുങ്കത്തിറക്കുന്നുണ്ടല്ലോ എന്നറിഞ്ഞപ്പൊള്‍. പലവകയായി പറഞ്ഞിരിക്കുന്നത്‌ സത്യമാണല്ലോയെന്നോര്‍ത്തും . കഥയില്‍ പറഞ്ഞിരിക്കുന്നവരെല്ലാം ജീവിച്ചിരുന്നവരും ഇപ്പോളും ജീവിച്ചിരിക്കുന്നവരുമാണെന്നും അറിയിക്കട്ടെ. തേവരുടാനയായ ഞാനും പിന്നെ തിരുവില്വാമല ചവിട്ടിയതിനു കണക്കില്ല.
കണക്കില്ലേ ? എങ്കില്‍ കണക്കായിപോയി.എന്ന് സ്വര്‍ഗത്തിലോ നരകത്തിലോ അതോ ഭൂമിയില്‍തന്നയോ ഏതോ കോണിലിരുന്ന് ദിവാകരന്മാമ പറയുന്നുണ്ടായിരിക്കും. മല ചവിട്ടാന്‍ ചെന്നപ്പോളൊക്കെ ദിവാകരന്മാമയുടെ ലോഡ്ജിലാണ്‌ കൂടിയിരുന്നത്‌. ഒറ്റക്കാണെങ്കില്‍ ഒറ്റക്ക്‌. കൂട്ടായിട്ടാണെങ്കില്‍ അങ്ങിനെ. അങ്ങിനെയാണ്‌ കൂട്ടം തെറ്റിയവര്‍ തങ്ങിയിരുന്നത്‌. വൈകുന്നേരമാകുമ്പോള്‍ കിഴക്കേ ആല്‍ത്തറയില്‍ പോയിരിക്കും മണിക്കൂറുകളോളം . കൂട്ടിന്‌ കൊതുകുകള്‍ കാണും കൂട്ടത്തോടെ .പിന്നെ കൂടെ ഉള്ളവരും. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ കൂടെ അന്നത്തിന്‌ വക തേടുന്ന അജിത്കവി എന്ന ബ്ലോഗ്ഷ്കന്‍ ആയിരുന്നു പലപ്രാവശ്യവും ഓര്‍കൂട്ട്‌.
ലക്കിടി പാലത്തിനുകീഴെ നിളയില്‍ നീളത്തില്‍ കിടക്കുന്നതായിരുന്നു മറ്റൊരു മൃഗയാവിനോദം . മുട്ടറ്റം വെള്ളത്തില്‍. വാട്ടര്‍ ട്രെക്കിംഗ്‌. പാമ്പാടിയില്‍ ഷാപ്പുണ്ട്‌ എന്ന് പ്രത്യേകം പറയേണ്ടല്ലോ. അതുമല്ലെങ്കില്‍ പറക്കോട്ടുകാവിനു മുകളില്‍ വഴിവക്കില്‍ കലുങ്കില്‍ നിലാവില്‍ ബീഡിയും വലിച്ചുകുത്തിയിരിക്കുക. ചുങ്കത്തുപോകുമ്പോള്‍ രാജാ ഹോട്ടലില്‍നിന്ന് ഒരു പൊടിച്ചായ . സുഖായീ
അതുകൊണ്ട്‌ ഇനി എന്താ എഴുതുക. കഴിഞ്ഞതിനു തലേക്കൊല്ലം ആറാട്ടുപുഴ പൂരത്തിന്‌ ത്രിപ്രയാര്‍ തേവരുടെ വരവും കഴിഞ്ഞ്‌ കൂട്ടിയെഴുന്നള്ളത്തും കഴിഞ്ഞ്‌ കിടന്ന പത്രം നിവര്‍ത്തിനോക്കിയപ്പോളാണ്‌ കാവശ്ശേരിയിലും പൂരമായിരുന്നു എന്നറിഞ്ഞത്‌. അടുത്തകൊല്ലം വരണമെന്നുകരുതി. തിരുനക്കര തേവര്‍ക്ക്‌ ഒരു അപേക്ഷ സമര്‍പ്പിച്ചു. പക്ഷേ തേവര്‌ തള്ളികളഞ്ഞു. ഇവിടെ തേവരുടെ തട്ടകത്തിലും ഉത്സവമാണേ, ആ സമയം.
ഇങ്ങിനെയെല്ലാം സമയം പൊയ്ക്കോണ്ടിരുന്നപ്പോളാണ്‌ കണ്ണൂസ്‌ കമന്റടിച്ചത്‌. എന്നാല്‍ ഇക്കൊല്ലം കാവശ്ശേരി കവലയിലോ ചെറിയ ചായപ്പീടികയിലോവെച്ച്‌ കണ്ടുകളയാം എന്നുകരുതി. പിന്നെ സൂക്ഷിച്ചുനോക്കിയപ്പോളാണ്‌ കണ്ണൂസ്‌ അന്യദേശത്തെവുടെയോ കവലയിലോ ചായപ്പീടികയിലോ ആണിരിക്കുന്നതെന്ന് മനസ്സിലായത്‌ അവിടെ ഇരുന്നോളുക.

പറക്കോട്ടുകാവ്‌ താലപ്പൊലിക്ക്‌ പകലും രാത്രിയും മരുന്ന് കാണാന്‍ പാറപ്പുറത്ത്‌ എണ്ണിയാലോടുങ്ങാത്തവര്‍ അള്ളിപ്പിടിച്ചിരിക്കുന്ന കാഴ്ചയുണ്ട്‌ . അതുപോലെയാണ്‌ തിരുവില്വാമലയേക്കുറിച്ചുള്ള ഓര്‍മ്മകളും

Tuesday, January 27, 2009

പാലക്കാടന്‍ പലവക നാലാംഭാഗം

പാലായില്‍നിന്ന് പുറപ്പെടുന്ന ആനക്കട്ടിവണ്ടിക്ക്‌ പാലക്കാട്‌ അതിരാവിലെ വന്നിറങ്ങിയതാണ്‌ . നല്ല തണുപ്പില്‍ ബസ്സിലിരുന്ന് ഒന്ന് മയങ്ങിയപ്പോള്‍ പെരുംബാവൂര്‍ ബസ്സ്റ്റാന്റില്‍ ചായക്കടക്കാരന്‍ വണ്ടിയുടെ സൈഡില്‍ തട്ടികൊണ്ട്‌ അലറി .
" ചായകുടിക്കാം കാപ്പികുടിക്കാം
ചായകുടിക്കാം കാപ്പികുടിക്കാം
ആനക്കട്ടിക്ക്‌ പത്തുമിനിറ്റ്‌ താമസമുണ്ട്‌
"
ചായ കുടിക്കാന്‍ ഇറങ്ങിപ്പോയ മയക്കം പിന്നെ തിരിച്ചുവന്നുതുടങ്ങുകയായിരുന്നു. പുത്തൂര്‍ സ്കൂളിന്റെ ഓഫീസ്‌ റൂമിലിരുന്നപ്പോള്‍ . തടിച്ച പുസ്തകം മറിച്ചുനോക്കികൊണ്ടിരുന്ന സിയാവിദ്ദീന്‍ അത്‌ മടക്കിവെച്ചിട്ട്‌ ഉറക്കെ പറഞ്ഞു.
" ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ്‌ ഇതാണ്‌ ഇതല്ലാതെ മറ്റൊന്നുമല്ല"
വന്ന മയക്കം സ്വര്‍ഗത്തിലോട്ടു പോയി
" പുത്തൂരേ ഈ ഇസ്കൂളിനേക്കുറിച്ചാണോ മാഷേ, മുകിലന്‍ അങ്ങിനെ പറഞ്ഞത്‌ ? എങ്കില്‍ ഞാന്‍ തത്വത്തില്‍ യോജിക്കാം " പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗോപിമാഷ്‌ നീണ്ടചിരി ചിരിച്ചു. പിന്നെ കട്ടികൂടിയ കറുത്ത കണ്ണട ഊരി മേശപ്പുറത്തുവെച്ചിട്ട്‌ പാടി
" നമ്മുക്കു നാമേ പണിവതു നാകം നരകവുമതുപോലേ"
" മാഷ്‌ കാചാംകുറിശ്ശിയില്‍ പോയിട്ടുണ്ടോ?" ചോദ്യം പെട്ടന്നായിരുന്നു.
2
അതിരാവിലെ, മുക്കിലെ ചായപ്പീടികയിലേക്കു നടന്നപ്പോള്‍ മധുര വരേയുള്ള മീറ്റര്‍ഗേജ്‌ തീവണ്ടിയേക്കുറിച്ചാണ്‌ ഓര്‍ത്തത്‌. കൊല്ലംകോട്‌ മുതലമട പൊള്ളാച്ചി പളനി വഴി മധുര. പണ്ട്‌ രാമേശ്വരം വരെ ഉണ്ടായിരുന്നു. ചായകുടിക്കുന്നതിനിടയില്‍, പ്രകാശന്‍, പറഞ്ഞു.
" ട്രയിന്‍ , ബസ്സിനേക്കാളും താമസമാണുമാഷേ, സ്റ്റേഡിയം സ്റ്റാന്റില്‍, പോയാല്‍മതി . കൊല്ലംകോട്ടേയ്ക്ക്‌ ഇഷ്ടം പോലെ ബസ്സുണ്ട്‌"
പുതുവെമ്പ്‌ വഴി കൊല്ലംകോട്‌. കൊല്ലംകോട്‌ ബസ്സിറങ്ങാന്‍, നേരം, അടുത്തിരുന്നയാള്‍, പറഞ്ഞു
" പുലിക്കോട്ട്‌, അയ്യപ്പങ്കാവിനടുത്ത്‌, നിന്നാല്‍മതി, എലവഞ്ചേരിക്കുള്ള, വണ്ടി വരും. അതില്‍, കയറിക്കോളൂ"
അയ്യപ്പങ്കാവിനും, മുന്നില്‍, വിശാലമായ, കുളം. എലവഞ്ചേരിക്കുള്ള, ബസ്സുകാത്തുനിന്നപ്പ്പ്പോള്‍, കാളവണ്ടി, കടന്നുപോയി.പൊയിലൂര്‍മുക്ക്‌, തിരിഞ്ഞപ്പോളാണ്‌, മലനിരകള്‍,കണ്ടത്‌. ബസ്‌, മലയുടെ, നേര്‍ക്ക്‌, ഓടുകയാണ്‌. പാതയുടെ, ഇരുവശവും, വിശാലമായ, പാടങ്ങള്‍, വരമ്പുകളില്‍, തലയുയര്‍ത്തി നില്‍ക്കുന്ന, പനകള്‍, വയലിനുമപ്പുറം പറമ്പുകളില്‍, വേപ്പുമരങ്ങള്‍, പുളികള്‍. പാടവരമ്പില്‍കൂടി, അലക്ഷ്യമായി നടക്കുന്ന വെളുത്ത കൊക്കുകള്‍..
പെരുമാള്‍കോവില്‍ഗ്രാമം കഴിഞ്ഞപ്പോള്‍, കണ്ടക്ടര്‍, അടുത്തുവന്ന്, പറഞ്ഞു.
" അടുത്ത സ്റ്റോപ്പില്‍, ഇറങ്ങിക്കോളൂ, അവിടെയാണ്‌, കാച്ചാംകുറിശ്ശി പെരുമാള്‍."
3
കണ്ണേട്ടന്‌ ചായയുടെ പണം, കൊടുക്കുന്നതിനിടയില്‍, മൂപ്പരു പറഞ്ഞു.
" നട, അടച്ചുകാണും, ആല്‍ത്തറയില്‍, ഇരിക്കുകോ, കിടക്കുകോ, ആകാം. വൈകിട്ട്‌, നടതുറന്ന് തൊഴുത്തിട്ട്‌, പോകാം"
കാളവണ്ടിക്കാരന്‍, ആല്‍ത്തറയോട്‌ ചേര്‍ത്ത്‌, വണ്ടിനിര്‍ത്തി. കാളകളെ, വണ്ടിയില്‍നിന്നുമഴിച്ച്‌, കഴുത്തിലെ,കയറും, മുന്നിലെ കാലും, തമ്മില്‍, കൂട്ടികെട്ടി, വയലിലേക്ക്‌, ഇറക്കിവിട്ടു. തലയില്‍, കെട്ടിയിരുന്ന, തോര്‍ത്തഴിച്ച്‌, ആല്‍ത്തറയിലേ, പൊടിതട്ടിക്കളഞ്ഞ്‌, നിവര്‍ത്തിവിരിച്ചു. ചെവിയ്ക്കിടയില്‍നിന്ന് മുറിബീഡി എടുത്ത്‌ കത്തിക്കുന്നതിനിടയില്‍, പറഞ്ഞു.
" യാത്രികന്റെ, മനസ്സ്‌ അസ്വസ്ഥമായിരിക്കും. നടതുറന്നിട്ട്‌, പെരുമാള്‍ക്ക്‌, നെയ്യ്‌ വിളക്കുകത്തിച്ചാല്‍, മതി"
ആലിനുമപ്പുറം പെരുമാളിന്റെ, കോവില്‍. അതിനുമപ്പുറം, ഉയര്‍ന്നുനില്‍ക്കുന്ന തെങ്ങിന്തലപ്പുകള്‍, പനകള്‍. പനകള്‍ക്കുമപ്പുറം മല തലയുയര്‍ത്തിനില്‍ക്കുന്നു. വണ്ടിക്കാരന്‍, ആസ്വദിച്ച്‌ ബീഡി വലിച്ച്‌, പുക പുറത്തേക്ക്‌ തള്ളുന്നതുകണ്ടപ്പ്പ്പോള്‍, കൊതിതോന്നി
" ഒരു, ബീഡി,തരാമോ?"
മടിക്കുത്തില്‍, ഭദ്രമായി വെച്ചിരുന്ന പ്ലാസ്റ്റിക്കുകൂടില്‍നിന്ന് ബീഡിയെടുത്ത്‌ തരുന്നതിനിടയില്‍, അയാള്‍, പറഞ്ഞു
" ആ മലമുകളിലാണ്‌, സ്വാമികള്‍ക്ക്‌, പെരുമാള്‍, ദര്‍ശനം കൊടുത്തത്‌. പാദങ്ങളുണ്ടവിടെ, മകരത്തൈപ്പൂയത്തിന്‌ തമിഴ്‌നാട്ടില്‍നിന്ന്, മലകയറാന്‍, വരുന്നവര്‍ക്ക്‌ കയ്യും, കണക്കുമില്ല, കേശവനേക്കുറിച്ച്‌, കേട്ടിട്ടുണ്ടോ?"
ഇല്ലെന്നയര്‍ത്ഥത്തില്‍, തലയാട്ടിയപ്പോള്‍, അയാള്‍, പറഞ്ഞു.
" വലിയ ആനയായിരുന്നു"
ബീഡികുറ്റി, ഒന്നൂടെ ആഞ്ഞുവലിച്ച്‌ തറയില്‍, കുത്തികെടുത്തി എറിഞ്ഞുകളഞ്ഞ്‌ നിവര്‍ത്തിയിട്ടിരുന്ന തോര്‍ത്തിലേയ്ക്ക്‌, നടുനിവര്‍ത്തുന്നതിനിടയില്‍, അയാള്‍, നീട്ടിവിളിച്ചു
" നാരായണാ"
അപ്പോള്‍, മലമുകളില്‍,, ആരോ വിളികേള്‍ക്കുന്നതുപോലെ തോന്നി. കാറ്റ്‌, ആലിലകളുടെ സംഗീതം,. ബീഡിപുക ഊതിവിട്ടുകൊണ്ട്‌, മലനോക്കികൊണ്ടിരുന്നു. പുകയ്കിടയിലൂടെ, മനസ്സ്‌ മലകയറിതുടങ്ങിയിരുന്നു. ഇല്ലാത്ത വഴികളിലൂടെ, പാറയില്‍, അള്ളിപ്പിടിച്ചും, ചൂടില്‍, വെന്തെരിഞ്ഞും. അപ്പോള്‍, ആ പുകമഞ്ഞിനിടയില്‍കൂടി അവള്‍, അടുത്തുവന്നതറിഞ്ഞില്ല.
4
" ഗോവിന്ദാമല"
ആല്‍ത്തറയില്‍,, അടുത്തുവന്നിരിക്കുന്നതിനിടയില്‍, അവള്‍,, പറഞ്ഞു.. അവളേ, പ്രതീക്ഷിച്ചിരുന്നില്ല. വിശ്വാസം വരാതെ സൂക്ഷിച്ചുനോക്കിയപ്പോള്‍,, അവള്‍, പറഞ്ഞു.,
" പെരുമാള്‍ക്ക്‌ നെയ്‌ വിളക്ക്‌ കത്തിക്കണം"
ആലിന്റെ, കാറ്റും ബീഡിയുടെ പുകയും ഒന്നടങ്ങിയപ്പോള്‍,, അവള്‍, പറഞ്ഞു.
" ഉണ്ണീ, കഥകളില്‍, പുകവലിയും ചായകുടിയും വല്ലാണ്ടങ്ങ്‌ കൂടുന്നു"
" കഥയില്‍,, ചോദ്യം പാടില്ലെന്നേയുള്ളു. ബീഡിവലിയും ചായകുടിയും എത്രവേണമെങ്കിലുമാകാം" ചിരിച്ചുകൊണ്ട്‌ അവളോട്‌ പറഞ്ഞു. പിന്നെ വീണ്ടും ആലിലകളില്‍,, കാറ്റും സംഗീതവും തിരിച്ചുവന്നപ്പോള്‍, കണ്ണില്‍നിന്ന് കണ്ണെടുത്ത്‌ അവള്‍,, പറഞ്ഞു.
" കണ്ണുകളില്‍നിന്ന്, മനസ്സിലേയ്ക്കും, മനസ്സില്‍നിന്ന് ശരീരത്തിലേയ്ക്കും, പിന്നെ അടുത്ത തലമുറയിലേയ്ക്കും, ജന്മത്തിലേയ്ക്കും അങ്ങിനെയല്ലെ ഉണ്ണി പണ്ടു പറഞ്ഞിരുന്നത്‌. നടക്കാം, ഗോവിന്ദാമലയുടെ അടിവാരത്തിലേക്ക്‌, കൈകള്‍, ചേര്‍ത്ത്‌,, വിരലുകള്‍,, കോര്‍ത്ത്‌"
5
ടാറിളകി മെറ്റില്‍,, തെളിഞ്ഞ വഴിയിലൂടെ നടന്നു. കൈകള്‍,, കോര്‍ത്ത്‌ വീടുകളില്‍നിന്ന് കൈത്തറിയുടെ താളമുയരുന്നു. ഇടക്ക്‌ വഴിപിരിഞ്ഞപ്പോള്‍,, അവള്‍,, പറഞ്ഞു.
" ഉണ്ണീ, എല്ലാവഴികളും ഗ്രാമങ്ങളിലേയ്ക്ക്‌ നയിക്കുന്നു"
പുരാവസ്തുപോലെ പഴയ പേപ്പര്‍മില്ല്. പാലത്തിനടിയില്‍,, പാറക്കെട്ടുകള്‍കിടയിലൂടെ, ചെറിയ അരുവി
" ഈ നാടിന്‍ നന്മചെയ്യാന്‍
പുത്രിയാകുമിഷ്വവേ
പുണ്യനദിയാക്കിയ
കശ്യപമുനേ, നമോനമ"
".ഇതെവിടുന്നുകിട്ടി?"
പാലത്തിന്റെ കൈവരിയില്‍,, ചാരി അരുവി കാണുന്നതിനിടയില്‍, ചോദിച്ചു
." പെരുമാളിന്റെ, കോവിലിനുമുന്നില്‍, കശ്യപത്തറയുണ്ട്‌. അവിടെ കോറിയിട്ടിരിക്കുന്നതാണ്‌. ഈ അരുവി, കശ്യപപുത്രി, ഇക്ഷ്വയാണ്‌. കശ്യപമുനിയേ മനസ്സില്‍, നമിച്ചോളു"
ഗോവിന്ദാമല അടുത്തുവരുന്നു.. മലയില്‍നിന്ന് ഒരുവെള്ളച്ചാട്ടം. താഴെ വയലിലെവിടെയൊ ഒളിക്കുന്നു. മൂകാംബിക്കടുത്ത്‌ മുതൂരുനില്‍ക്കുമ്പോള്‍,, കാണാവുന്ന ഗോവിന്ദതീര്‍ത്ഥമാണ്‌ മനസ്സില്‍,, വന്നത്‌.
" അതിനുകീഴേചെന്ന് ഗോവിന്ദാ, എന്നുനീട്ടി വിളിക്കണമുണ്ണീ "
.തൊണ്ടേക്കാട്‌. പാതക്കിരുവശവും, വയലുകള്‍,, പരന്നുകിടക്കുന്നു. ഒരുവശത്ത്‌ വയലില്‍, ഇഷ്ടികചൂളകളില്‍നിന്ന്, പുക പൊങ്ങുന്നു.
" ചൂളകളില്‍,, ഭൂമിയുടെ ചിത കത്തുന്നതുകണ്ടോ? ആരായിരിക്കുമോ തലയ്ക്കല്‍,, തീ കൊളുത്തിയത്‌? ഇനി, വരാന്‍,, പോകുന്ന ഒരു നാളെ, അപ്പുറമുള്ള വയലുകളിലും, ചിതയൊരുങ്ങും"
ചാത്തമ്പാറയില്‍,, പാറപ്പുറത്ത്‌ പനയോലകൊണ്ട്‌ മേഞ്ഞ ചെറിയ ചായക്കട.
" കഥയില്‍,, ചായകുടിക്കാമല്ലോ" അവള്‍,, ചിരിച്ചു.
" നിന്നേക്കാണുമ്പോള്‍,,അവര്‍,,എന്തുവിചാരിക്കും?"
" ഉണ്ണി, മാത്രമേ എന്നേ കാണുന്നുള്ളൂ"
അന്യനാട്ടുകാരനാണെന്നറിഞ്ഞപ്പോള്‍,, കടക്കാരന്‍,, പറഞ്ഞു.
" ഗോവിന്ദാമലയ്ക്കുമപ്പുറം, നെല്ലിയാമ്പതി, അതിനുമപ്പുറം പറമ്പികുളം. ആനയും പോത്തും മാത്രമേ താഴേയ്ക്ക്‌ ഇറങ്ങാതുള്ളൂ. ഈ പാടവരമ്പത്തൂടെ അങ്ങിനെ നടന്നാല്‍,, വേങ്ങാപാറ, അല്ലെങ്കില്‍,, വേങ്ങാപാറയിലെത്താന്‍,, കൊല്ലംകോട്ടു പോണം"
പണം കൊടുത്തിട്ട്‌ വീണ്ടും, നടന്നു. ഓലപ്പുരകളുടെ എണ്ണം കുറയുന്നു. മലയടിവാരത്ത്‌, വിശാലമായ, തെങ്ങിന്തോപ്പ്‌. പിന്നെ, മലയിലേയ്ക്ക്‌, അല്‍പം കയറി, വെള്ളച്ചാട്ടത്തില്‍നിന്ന്, വെള്ളം കൈപിടിയിലാക്കി, കുടിച്ചപ്പോള്‍, നടന്നതിന്റെ,, ക്ഷീണം ഓടിയിരുന്നു.കാലും, മുഖവും കഴുകി, അടിവാരത്തിലെ, അയ്യപ്പങ്കാവില്‍,, തൊഴുതുകൊണ്ട്‌ നിന്നപ്പോള്‍,, അകലെ,,പെരുമാള്‍കോവിലില്‍നിന്ന്, കീര്‍ത്തനം, ഒഴുകിവരുന്നതുപോലെ
"പോകാം, പെരുമാള്‍ക്ക്‌, നെയ്‌,വിളക്ക്‌ കത്തിക്കണ്ടേ?"
6
ആല്‍ത്തറയില്‍,,കാളവണ്ടിക്കാരന്‍,,കാളകളേ വണ്ടിയില്‍,,കെട്ടി. തറയില്‍നിന്ന്, തോര്‍ത്തെടുത്ത്‌, കുടഞ്ഞ്‌ തലയില്‍കെട്ടി. മടികുത്തില്‍നിന്ന്, ബീഡിയെടുത്തു.ഒരു കൊതി.
" ഒരു ബീഡികൂടി തരാമോ?"
ബീഡിതന്നിട്ട്‌ പുകയ്ക്കിടയിലൂടെ,അയാള്‍,,പറഞ്ഞു.
" നട തുറക്കാറായി. തൊഴുത്തിട്ടേ, പോകാവൂ. വളരെ പഴക്കമുള്ള ക്ഷേത്രമാണ്‌. കൊല്ലംകോട്ടു രാജാക്കന്മാരുടെ, അരിയിട്ടുവാഴ്ച നടന്നിരുന്ന ക്ഷേത്രം. ദാരുവിഗ്രഹമാണ്‌. അഭിഷേകത്തിനു വേറെ" വണ്ടിക്കാരന്‍,,വണ്ടിയില്‍കയറി. ചാട്ട ചുഴറ്റി ചാട്ട ചുഴറ്റി
" നെന്മാറയ്ക്കാണ്‌"
അമ്പലക്കുളത്തില്‍,,കാലുകള്‍,,മുക്കിയിരുന്നു. മീനുകള്‍,,വന്ന് പൊതിഞ്ഞ്‌,വിരലുകള്‍ക്കിടയിലും നഖങ്ങള്‍ക്കിടയിലും ഇക്കിളിയിട്ട്‌. അവള്‍,,കൗതുകത്തോടെ നോക്കികൊണ്ട്‌ പടിക്കെട്ടിലിരുന്നു.
" ഈ, കുളത്തിലെ, വെള്ളത്തിന്‌, ഔഷധഗുണമുണ്ട്‌"
"കുളത്തില്‍,,മീനുകളുണ്ട്‌, എന്റെ, കാലിലെ മാലിന്യങ്ങള്‍,,കൊത്തിയെടുക്കുകയാണ്‌. മനസ്സിലെ, മാലിന്യം,ഏതു മീന്‍,,കൊത്തിയെടുക്കും?"
" പെരുമാള്‍,, മീനുമാണല്ലോ?"
പിന്നെ, തിരുനടയില്‍,, നെയ്‌,വിളക്കുംവെച്ച്‌, ശ്രീകോവിലിനു പ്രദക്ഷിണം വെച്ച്‌, ഗണപതിയേയും, നാഗസുബ്രഹ്മണ്യനേയും, ശിവനേയും തൊഴുത്‌, തിരുനടയില്‍,,വീണ്ടും വന്ന് തൊഴുത്‌ നിന്നപ്പോള്‍, അവള്‍,,പറഞ്ഞു.
" പ്രാര്‍ത്ഥിക്കൂ.
ശ്രീ, കാശ്യപ മഹാത്മാവ്‌.
തപസ്സു ചെയ്തതാം ഭൂമിയും.
ശ്രീ, യോടും,പെരുമാളാം
തമ്പുരാനേ നമോ നമ:.
7
ആല്‍ത്തറയില്‍,,ഇളകുന്ന ഇലകളുടെ കാറ്റില്‍,, അകലെ ഗോവിന്ദാമലയുടെ മുകളില്‍,,ഉദിച്ചുനില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രനേയും, നോക്കി അന്തമില്ലാതെ ഇരുന്നപ്പോള്‍,, മനസ്സില്‍,,ഒരു കൊതി.
" ഈ കുറിശ്ശിയില്‍,, ആലിന്റെ കാറ്റുംകൊണ്ട്‌ ഗോവിന്ദാമലയും കണ്ട്‌ പെരുമാളിന്‌ നെയ്‌, വിളക്കും കത്തിച്ച്‌, എക്കാലവും ഇരിക്കാന്‍,, ഒരല്‍പം"'
." ഇപ്പോള്‍,, നമ്മള്‍,, ഇരിക്കുന്നില്ലേ"'പിന്നെ, ആകാശത്തുനിന്ന് നിലാവും കുളിരും താഴ്‌ന്നിറങ്ങി പരന്നൊഴുകി,,, ആല്‍ത്തറയേ, മൂടിയപ്പോള്‍,, പിന്നേയും, പിന്നേയും അവളുടെ കണ്ണുകളിലൂടെ മനസ്സിലേയ്ക്കിറങ്ങിയപ്പോള്‍,, അവള്‍,, പറഞ്ഞു.
" ഉണ്ണീ, ഇന്ന് ധനുമാസത്തിലെ, തിരുവാതിരയാണ്‌"

Friday, December 26, 2008

പാലക്കാടന്‍ പലവകകള്‍ ഉണ്ടാകുന്നത്‌

ചാരുകസേരയില്‍
കിടന്ന് അടുത്തുള്ള അനന്തതയിലേയ്ക്ക്‌ നോക്കുകയായിരുന്നു.
അടുത്തുവന്ന് ഒരുഗ്ലാസ്സ്‌ കടുംകാപ്പി
ശബ്ദത്തോടെ നിലത്തുവെച്ചിട്ട്‌ അവള്‍ ചോദിച്ചു.
" ഇപ്പോള്‍ നോക്കുന്ന അനന്തതയ്ക്കും വെളിയിലല്ലേ ബാഹ്യാകാശം ?"
" അതെ, അതേയ്‌ എടിയേ ഇവിടെ അടുത്തെങ്ങാനും കുമാരധാരയുടെ
ബ്രാഞ്ച്‌ വല്ലോം തുറന്നിട്ടുണ്ടോ?
തല ഒന്ന് തണുപ്പിച്ചിട്ട്‌
ഉദയഗിരി ചുവന്നു
ഭാനുബിംബം വിളങ്ങി
എന്നൊന്ന് എഴുതാനാണ്‌"

" രാജപ്പാളയത്ത്‌ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ വണ്ടിയുടെ കുളിമുറിയില്‍നിന്ന് പ്ലാസ്റ്റിക്‌ കുടങ്ങളില്‍ വെള്ളമെടുത്തുകൊണ്ട്‌ പോകുന്ന തമിഴ്‌ സ്ത്രീകളെ നിങ്ങളുകണ്ടിട്ടില്ലെ?"
" ഉണ്ട്‌ അതിനെന്താ?"
" ജലം അമൂല്യമാണ്‌ അത്‌ പാഴാക്കരുത്‌ ദൈവമേ ഈ മനുഷ്യന്‍ എന്നേക്കൊണ്ട്‌ കടുംകൈ ചെയ്യിക്കുമല്ലോ"
ഒഴിഞ്ഞ കാപ്പിഗ്ലാസ്സ്‌ എടുത്തോണ്ട്‌ അകത്തോട്ട്‌ പോയി തിരിച്ച്‌ ഒരുകുടം വെള്ളവുമായി വന്ന് അത്‌ തലയില്‍ കമഴ്ത്തിയിട്ട്‌ അവള്‍ പറഞ്ഞു
" ഉടനേയൊന്നും തോര്‍ത്തണ്ട നല്ലപോലെ തണുക്കട്ടെ എന്നിട്ട്‌
ഉദയഗിരി ചുവന്നെന്നല്ലെങ്കിലും
ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍
വെള്ളിക്കിണ്ണം തുള്ളിത്തുള്ളി

എന്നെഴുതാന് ‍പാകത്തിന്‌ കുറച്ച്‌ അരിമേടിച്ചോണ്ട്‌ വന്നാട്ടെ"
തല നന്നായി തണുത്തപ്പോള്‍, എഴുന്നേറ്റ്‌ വേഷം കെട്ടി പുറത്തിറങ്ങി. കയ്യുംവീശി കല്ലേപ്പുള്ളി വഴി കൊട്ടേക്കാട്‌ വരെ നടന്നു. ദൂഷ്യം പറയരുതല്ലൊ, ജന്മനാ ഉള്ളതായിരുന്നു ഈ നടപ്പുദൂഷ്യം. വെയ്റ്റിംഗ്‌ ഷെഡ്ഡിലിരുന്ന്, തട്ടുകടയിലെ കടുംകാപ്പിയും, പക്കോടയും സിഗര്‍ട്ടും കഴിച്ചുകഴിഞ്ഞപ്പോള്‍ ഇനി അരിമേടിക്കാം എന്നായി
.തിരിച്ച്‌ കല്ലേപ്പുള്ളിയില്‍ വന്ന് പലചരക്കുകടയില്‍ ചെന്ന് അഞ്ചുകിലോ മട്ടയ്ക്ക്‌ ഓര്‍ഡര്‍ കൊടുത്തിട്ട്‌ നിന്നപ്പോള്‍ , കടക്കാരന്‍ ഒരു പൊതി കയ്യില്‍ത്തന്നിട്ട്‌ ചെവിയില്‍ പറഞ്ഞു.
" ഉഗ്രന്‍ സാധനങ്ങളാണ്‌ മാഷേ, മട്ട അവിടെ കിടക്കട്ടെ, പാലക്കാടന്‍ പലവക നാലാംഭാഗത്തിനുള്ള പാചകവിധി അതിനകത്തുണ്ട്‌ , തുറന്നുനോക്കിയാട്ടേ"
പൊതി രഹസ്യമായി തുറന്നുനോക്കി .
പാചകവിധി ഒന്ന് കേരളീയ ഗ്രാമങ്ങളിലൂടെ ശ്രീ കാട്ടാകട ദിവാകരന്‍ മാഷ്‌
പാചകവിധി രണ്ട്‌ കേരള സ്ഥലനാമചരിത്രം പാലക്കാട്‌ ജില്ല ശ്രീ വീവീകേവാ മാഷ്‌
സന്തോഷമായി അരിപോലും മേടിക്കാതെ തിരിച്ചുനടന്നു. പോക്കിനിടയില്‍ ആദ്യംകണ്ട പത്രമാപ്പീസ്സില്‍ കടക്കാരന്റെ ചിത്രം സഹിതം ഒരു പരസ്യം കൊടുത്തു .
" ഉദ്ദിഷ്ടകാര്യത്തിന്‌ ഉപകാരസ്മരണ"
ഒരു എഴുത്തുകാരന്‍
തിരിച്ച്‌ വീട്ടില്‍ചെന്ന് ചാരുകസേരയില്‍ കടലാസ്സും പേനയും പാചകവിധികളുമായി ഇരുന്നപ്പോള്‍ അവള്‍ അകത്തുനിന്ന് വിളിച്ചുപറഞ്ഞു
സോറീ ഫോര്‍ ദ ഇന്റെറപ്ഷന്‍, ആമുഖത്തിന്‌ പാലക്കാടന്‍ പലവക നാലാംഭാഗം ഉണ്ടാകുന്നത്‌ എന്ന പേര്‌ കൊടുത്താല്‍ മതി"
ഇന്റെറപ്ഷന്‍ വന്നപ്പോള്‍ കടലാസ്സുകള്‍ മടക്കി പേനകള്‍ അടച്ച്‌ കണ്ണുകളുമടച്ച്‌ പ്രാര്‍ത്ഥിച്ചു
ശ്രീകാശ്യപന്‍ മഹാത്മാവ്‌
തപസുചെയ്തിട്ട്‌ വന്നതാം
ശ്രീധരനാം പെരുമാളേ
തന്നീടേണേ വരമെല്ലാം