എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Thursday, July 3, 2008

പാലക്കാടന്‍ പലവക

പേപ്പര്‍ നിവര്‍ത്തിവെച്ചു. പേനയെടുത്തു തുറന്നപ്പോള്‍, അവള്‍ പറഞ്ഞു.

" ആനയേക്കുറിച്ച്‌ ഒരക്ഷരം എഴുതിപോകരുത്‌"
പുരികകൊടികൊണ്ട്‌ ഒരു ചോദ്യം അയച്ചപ്പോള്‍ അവള്‍ തുടര്‍ന്നു

സ്വാമികള്‍ നീരിലത്രേ, കൂടെ
പെരുമാളും, ഇന്ദ്രസേനനും
ശിവസുന്ദരമൂര്‍ത്തികളും തഥാ
കോങ്ങാട്ടുശ്ശങ്കരന്മാഷുമത്രേ

പ്രഭു?

പ്രഭുവാം, രാമചന്ദ്രപ്രഭു
ആക്ടിങ്ങിലും, കേശവനായി
ചെമ്മേ

അപ്പോള്‍ എന്തായിപ്പോള്‍ എഴുതുക ?

" കോങ്ങാട്ടുതിരുമാന്ധാംകുന്നിലമരുന്ന അമ്മ അനുഗ്രഹിച്ചതല്ലേ. എന്തും കോറാം. ഞാന്‍ ആ സമയത്തു പാത്രം മോറുകയുമാകാം. അല്ലെങ്കില്‍ തന്നെ വായനക്കാരുണ്ടെങ്കില്‍ എഴുത്തുകാര്‍ എന്തിനു ഭയപ്പെടണം"

(ഇങ്ങിനെയാണ്‌ പാലക്കാടന്‍ പലവക എഴുതിത്തുടങ്ങിയത്‌ )


1

മെയ്‌ മാസം 26

ഒരുമാസം പാലക്കാടു വീണുകിട്ടിയ ഔദ്യോഗികവേഷം അഴിയുന്നദിവസം. കടലാസ്സുകള്‍ കവറിലാക്കി, സീലുചെയ്ത്‌, ഇസ്ക്കൂളും പൂട്ടി വെളിയിലിറങ്ങിയപ്പോള്‍ ഒരു മുറിവുതുറന്നുവന്നു. ഓരോന്നുചിന്തിച്ച്‌ നടന്നപ്പോള്‍ മുറിവ്‌ വലുതായികൊണ്ടിരുന്നു. സ്ഥിരം സ്ഥലത്ത്‌ ആളൊഴിഞ്ഞ കോണില്‍, പോയിരുന്നു. ഒന്നും പറയേണ്ടിവന്നില്ല . ഗ്ലാസ്സും, ബാക്കി സാധനങ്ങളും മേശപ്പുറത്തുകൊണ്ടുവെച്ചു. ഒരു റൗണ്ടുകഴിഞ്ഞു. ഒരു റൗണ്ടൂടെ കഴിഞ്ഞു. മുറിവുകൂടിവരുന്നതല്ലാതെ കുറയുന്നില്ല. കസേരയില്‍നിന്നെഴുനേറ്റ്‌ കൗണ്ടറിന്റെ മുന്നില്‍ ചെന്നു. അപ്പോള്‍ വെയ്‌റ്റര്‍ നീട്ടിവിളിച്ചുപറഞ്ഞു

"സാറിനു നാല്‌ എണ്ണപലഹാരം, രണ്ടുചായ, മൊത്തം 18 രൂപ"

പേര്‍സില്‍നിന്ന്‌ പണമെടുത്തുകൊടുത്തിട്ട്‌ പുറത്തിറങ്ങി. മുറിവിന്റെ അസ്വസ്ഥത കൂടികൊണ്ടിരുന്നൂ. ഗോപിമാഷിനെ ഫോണില്‍ വിളിച്ചുപറഞ്ഞു.
" മാഷേ, ഒരു മുറിവുണ്ട്‌ കരിയുന്നില്ല"
" മുട്ടികുളങ്ങര മുറിവെണ്ണ മതി, മുറിവുകരിഞ്ഞോളും"
മാഷുപറഞ്ഞു
പിന്നെ അമാന്തിച്ചില്ല. തരേക്കാട്ടുചെന്ന് ആദ്യം കണ്ട വണ്ടിക്കുകേറി മുട്ടികുളങ്ങരയില്‍ ഇറങ്ങി. പണിക്കരുവൈദ്യന്റെ മുന്നില്‍ ചെന്നു.. പണിക്കര്‍വൈദ്യന്‍ പറഞ്ഞു
" മുട്ടികുളങ്ങര മുറിവെണ്ണ മാംസത്തിന്റെ മുറിവേ ഉണക്കൂ, മനസ്സിന്റെ മുറിവ്‌ കാലമാണുണക്കുന്നത്‌. കാലത്തിന്റെ കാസറ്റ്‌ പിന്നോട്ടുകറക്കിക്കോളൂ"
വൈദ്യര്‍ക്കു ഫീസുകൊടുത്ത്‌ വെളിയിലിറങ്ങി. ലോഡ്ജുമുറിയില്‍ വന്നു കട്ടിലില്‍ കിടന്നു. കാലത്തിന്റെ കാസറ്റ്‌ റീവൈന്റെ്.ചെയ്തുനോക്കി. ഓര്‍മ്മകളുടെ നീര്‍ചാല്‍ ഒരു മലയുടെ മുകളില്‍നിന്നും ഒലിച്ചിറങ്ങുന്നതുപോലെ, ശക്തിപ്രാപിക്കുന്നതുപോലെ, മരങ്ങളേയും പാറക്കെട്ടുകളേയും വകഞ്ഞുമാറ്റി തട്ടിതെറിച്ച്‌ പടികള്‍ ചാടിയിറങ്ങുന്നതുപോലെ

2

ആര്‍ത്തട്ടഹസിച്ച്‌ താഴേക്കു പതിക്കുന്നതിനുമുന്നില്‍ വിനയത്തോടെ നിന്നപ്പോള്‍ നാട്ടുകാരന്‍ പറഞ്ഞു
" മീന്‍ വല്ലത്തിന്റെ രണ്ടാമത്തേ കുത്താണിത്‌ . ഇതാണേറ്റം വലുത്‌, പലരും പോയിട്ടുണ്ട്‌, പാറ തെന്നുന്നത്‌ അറിയില്ല, ഇനി മുകളിലേക്ക്‌ മൂന്നെണ്ണം കൂടി, മല്ലുകേറ്റം , കാട്ടില്‍കൂടിത്തന്നെ മ്രുഗങ്ങള്‍ കാണും, ഇരുളുന്നുണ്ട്‌"
ആകാശത്ത്‌ കാര്‍മേഘം ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. എന്തുംവരട്ടെ എന്നുകരുതി വീണ്ടും മുകളിലേക്കു കയറി. ചെടികളും വള്ളികളും വകഞ്ഞുമാറ്റി, തെന്നുന്ന വഴിയിലൂടെ . കാട്ടുമുള്ളുകള്‍കൊണ്ട്‌ ദേഹമാകെ മുറിയുന്നുണ്ടായിരുന്നു. തലേന്നുപെയ്ത മഴയില്‍ കിളിര്‍ത്തുവന്ന അട്ടകള്‍ കാലില്‍കൂടി അരിച്ചുകയറിതുടങ്ങി. വളഞ്ഞുവളഞ്ഞ്‌ മുകളിലേയ്ക്ക്‌ . അങ്ങിനെ അങ്ങിനെ . പെട്ടെന്ന് ചെവി തുളച്ചുകൊണ്ട്‌ വെള്ളത്തിന്റെ ശബ്ദം. മൂന്നാമത്തേ കുത്ത്‌ . വീണ്ടും മുകളിലേയ്ക്ക്‌. നാലാമത്തെ കുത്തിന്റെ മുന്നില്‍ തവണ വ്യവസ്ഥയില്‍ ശ്വാസം വലിച്ചുകൊണ്ടിരുന്നപ്പോള്‍ , അങ്ങുമുകളില്‍നിന്ന് ദേഹത്തേക്ക്‌ ഒരുതുള്ളി വെള്ളം വീണു . മലമുകളില്‍ മഴ പെയ്താല്‍ പെട്ടന്നാണ്‌ വരവ്‌. തിരിച്ചിറങ്ങി തുടങ്ങി.

കാടാറുമാസം നാടാറുമാസമായി ജീവിക്കുന്നവര്‍ക്കറിയാം. മലകയറ്റമല്ല ഇറക്കമാണു പ്രയാസം. ഇല്ലാത്തതും വല്ലാത്തതുമായ പാതയിലൂടെ, കുത്തനേ താഴേയ്ക്ക്‌. നനഞ്ഞുകുതിര്‍ന്നവ, കാട്ടിലകള്‍ വീണുമൂടിയവ.
"ഒരു കാലുതെറ്റിയാല്‍"
: പെട്ടെന്നെത്താം" കൂടെയുള്ളവന്‍ പൂരിപ്പിച്ചു
മുട്ടുകള്‍ പിടിച്ചുതുടങ്ങി. കാലുകള്‍ വിറക്കുന്നു. എങ്ങിനെയോ താഴെയെത്തി.. മുറിച്ചുകടന്ന ചപ്പാത്തില്‍ ഒഴുക്കിന്റെ ശക്തി കൂടിയിരുന്നു

മൂന്നേക്കറിലെത്തി, കാലും നീട്ടിയിരുന്ന് ഒരു ചായ ഊതികുടിച്ചുകൊണ്ട്‌ ബസ്സിന്റെ സമയം തിരക്കി

" അട്ടേം പെറുക്കികളഞ്ഞ്‌ ഇവിടെകൂടാം, ഇനി നാളെ കാലത്തേയുള്ളു. അല്ലെങ്കില്‍ കനാലിന്റെ ഓരത്തുകൂടെ പതുക്കെ നടന്നോളു" ചായകടക്കാരന്‍ പറഞ്ഞു

വീണ്ടും നടപ്പ്‌. വിശാലമായ പാടങ്ങള്‍, അങ്ങിങ്ങു ചെറിയ കുടിലുകള്‍, ഇടത്തുവശം ഉയര്‍ന്നുനില്‍ക്കുന്ന മല, പാടത്തിന്റെ വരമ്പില്‍ ഒറ്റക്കുനില്‍ക്കുന്ന പന. ദേഹത്തുവീഴുന്ന ഓരോതുള്ളിയും നടത്തത്തിന്റെ ആക്കം കൂട്ടികൊണ്ടിരുന്നു. കല്ലടികോടെത്തിയപ്പോളേക്കും മഴ തിമര്‍ത്തിരുന്നു

ബെന്നിയും ഹരിയുമൊത്താണ്‌ അങ്ങിനെ മീന്‍ വല്ലത്തിനു പോയത്‌. പിന്നീട്‌ പലപ്രാവശ്യം കല്ലടികോടുവഴി കടന്നുപോയി. എന്നിട്ടും മീന്‍ വല്ലത്തിന്റെ അഞ്ചാമത്തെ കുത്ത്‌ കാണാന്‍ സാധിച്ചിട്ടില്ല

3 comments:

കണ്ണൂസ്‌ said...

കല്ലടിക്കോടന്‍ മല!

മീന്‍‌വല്ലം കണ്ടിട്ടില്ല. മഴക്കാല്ത്തെ ഉണ്ടാവുള്ളൂ അല്ലേ? അഞ്ചു കുത്തുണ്ടെന്നതും പുതിയ അറിവ്.

തിരക്കൊഴിഞ്ഞ, മറ്റ് അസ്വസ്ഥതകളൊന്നുമില്ലാത്ത ഒരു ഒഴിവുകാലം കനിഞ്ഞു തരണേ ദൈവമേ.

krish | കൃഷ് said...

:)

Promod P P said...

നല്ല എഴുത്ത്..

പാലക്കാടന്‍ പലവക എരമ്പി

(മുകളില്‍ കമന്റ് ഇട്ട 2 പാലക്കാടുകാര്‍ക്ക് ശേഷം മറ്റൊരു പാലക്കാടുകാരന്‍)

പാലക്കാടുകാരുടെ ബ്ലോഗ് കാണു
http://paalakkaad.blogspot.com/