ഒരു കാമറ തോളിലും, പിന്നൊരു കാമറ കക്ഷത്തിലും തിരുകി, ഇരുപത്തഞ്ചും പുനരഞ്ചും ഉറുപ്പിക മുടക്കി, കോട്ടയില്‍ കയറിപറ്റി. അങ്ങിനെ നടക്കുമ്പോള്‍ പെട്ടന്ന് ശ്രീ പദ്മനാഭസ്വാമികള്‍, വടിയുംകുത്തി, ചങ്ങലയും വലിച്ച് മുന്നില്‍കയറിനിന്നു. എന്നിട്ട് അല്‍പം ഇടഞ്ഞുതന്നെ പറഞ്ഞു
" ഉണ്ണീ,ആനകളേക്കുറിച്ച് എഴുതുന്നത് നിര്‍ത്തിയത് വളരെ മോശമായിപ്പോയി"
സ്വാമികള്‍ അങ്ങിനെ പറയും എന്നൊട്ടും കരുതിയില്ല. തലചൊറിഞ്ഞുകൊണ്ട് സ്വാമികളോട് പറഞ്ഞു
" സ്വാമീ, സരസ്വതീ അന്തര്‍ജ്ജനത്തിന്റെ വിലക്കുണ്ട്"
" അന്തര്‍ജ്ജനം? അപ്പോള്‍ ഉള്ളിലുള്ളയാള്‍ നമ്പൂതിരി സ്ത്രീയോ?"
" ഉള്ളിലുള്ളയാളല്ല, ഉള്ളത്തിലുള്ളയാള്‍, താമരപ്പൂവില്‍ വീണയുംവായിച്ചുകൊണ്ടിരിക്കുന്ന മാഡം"
ഒരുനിമിഷം ആലോചിചിട്ട് സ്വാമികള്‍ പറഞ്ഞു. " ഞാന്‍ ദേവിയോടു പറയാം"
ആനകളേക്കുറിച്ച് എഴുതാന്‍ സാധിക്കുന്നില്ലല്ലോയെന്ന മനസ്താപത്തോടെ നടന്നു. വിഷയത്തിന്റെ ദാരിദ്ര്യമായിരുന്നു പ്രശ്നം. ദാരിദ്ര്യം എന്ന വിഷയവും. ഗജരാജമൂര്‍ത്തികളുടെ മുന്നില്‍പോയി നോക്കിനോക്കി അങ്ങിനെ നില്‍കാന്‍ വണ്ടിക്കൂലി പലപ്പോഴും അനുവദിച്ചിരുന്നില്ല. നടക്കുന്നതിനിടയില്‍ ശബ്ദം കേള്‍പ്പിച്ചുകൊണ്ട് ഒരു ചങ്ങല അടുത്തൂടെ ഇഴഞ്ഞുപോയതറിഞ്ഞില്ല. വായുവില്‍ ഉയര്‍ന്നുനീങ്ങിയ ഒരു പനമ്പട്ടയുടെ തുമ്പ് കവിളുമുറിച്ചു. കക്ഷത്തിലിരുന്ന കാമറ പകുതിതാഴേക്കുപോയി. പെട്ടെന്ന് പുറകില്‍നിന്നാരോ പാടി
" രണ്ടു കാമറേം തൂക്കിനടക്കുന്ന
തണ്ടുതപ്പിക്കു സുഖമില്ലൊരിക്കലും"
തണ്ടുതപ്പിക്കു സുഖമില്ലൊരിക്കലും"
തിരിഞ്ഞുനിന്ന് നമ്പ്യാരെ എങ്ങും നോക്കി. അപ്പോള്‍ മരത്തിന്റെ പുറകില്‍നിന്ന് മുന്നോട്ട് വന്ന് ഇന്ദ്രസേനന്‍ പറഞ്ഞു
. " ആശാനേ, ഞാന്‍ താന്‍ നമ്പ്യാര്‍"
പിന്നെ മറ്റൊന്നുമാലോചിചില്ല. കക്ഷത്തിലിരുന്ന കാമറ അടുത്തുകണ്ട കുളത്തിലേക്കു വലിച്ചെറിഞ്ഞു. കക്ഷത്തിലിരുന്നതുപോയപ്പോള്‍ ഉത്തരത്തിലിരിക്കുന്നതെന്തും ഇനിയെടുക്കാമല്ലോ എന്നചിന്തയായിരുന്നു പെട്ടെന്ന് നാലുപാടും വെള്ളംതെറുപ്പിച്ച്, തുമ്പിക്കരവും വളഞ്ഞകൊമ്പും പൊക്കി കുളത്തില്‍നിന്നുയര്‍ന്ന കുറുമ്പന്‍ പറഞ്ഞു
" ആശാനെ, ഇനിമേലില്‍ ഈ കുളം കാമറവീണതീര്‍ത്ഥം എന്നറിയപ്പെടും. ചുരുക്കിയാല്‍ കാവീതീര്‍ത്ഥം എന്നും
കര്‍ക്കിടകം 1
ഉത്തരത്തില്‍ പരതി. പൊടിപിടിച്ചിരുന്ന കിരന്തം വലിച്ചെടുത്തു. തലേകൊല്ലം വായിച്ചിട്ടുവെച്ചതാണ്. പൊടി ഊതിപറപ്പിച്ചു. മൂന്നുപ്രാവശ്യം തുമ്മി. ചാരുകസേരയില്‍പോയിരുന്നു. കിരന്തം തുറന്നു
ശ്രീരാമാ രാമാ രാമാ
ശ്രീരാമചന്ദ്രാ ജയ
ശ്രീരാമചന്ദ്രാ ജയ
തുടക്കംക്കുറിച്ച സന്തോഷത്തോടെ കിരന്തം അടച്ചു. അപ്പോള്‍ ഒരാവശ്യവുമില്ലാതെ
തെച്ചിക്കോട്ടുകാവില്‍
വാഴും ശ്രീരാമചന്ദ്രപ്രഭു
എന്നു മനസ്സില്‍ വന്നുപ്രഭു. രാമചന്ദ്രപ്രഭു
ചാരുകസേരയില്‍ ഒന്നുകൂടെ ചാരിയിരുന്നു. കേട്ടിട്ടേയുള്ളു, കണ്ടിട്ടില്ല. കണ്ടിട്ടുണ്ട് കൂറ്റന്‍ കട്ടൗട്ടുകളില്‍. നാലുകാലില്‍ ഒന്നുകാണാന്‍ എന്നാണോ സാധിക്കുക എന്റെ ശ്രീരാമചന്ദ്രാ, പ്രഭോ
അവള്‍ അടുത്തുവന്നുനിന്നത് അറിഞ്ഞില്ല.
ദാര്‍ശനികവ്യഥയായിരിക്കും അല്ലേ?
ചോദ്യം ചിന്തകളില്‍നിന്നുണര്‍ത്തി. മിഴിച്ചുനോക്കിയപ്പോള്‍ അവള്‍ വീണ്ടും ചോദിച്ചു
ദര്‍ശനം സാധിക്കാത്തതിലുള്ള വ്യഥയാണല്ലേ?. ഗ്രന്ഥം വീണ്ടും തുറന്നോളൂ, സുന്ദരകാണ്ഡത്തിലുണ്ട് പ്രസക്തഭാഗം
ഇത്രയും പറഞ്ഞിട്ട് അവള്‍ അവളുടെ പാട്ടിനുപോയി. ഗ്രന്ഥം വീണ്ടുംതുറന്നു. പ്രസക്തഭാഗം തപ്പിയെടുത്തു
" സുരനിവഹമതിബലവശാല്‍ സത്യമായിവരും
സ്വപ്നംചിലര്‍ക്കു ചിലകാലമൊക്കണം"
സ്വപ്നംചിലര്‍ക്കു ചിലകാലമൊക്കണം"
ഗ്രന്ഥം അടച്ചു. കണ്ണുകളും. ചിലകാലമൊക്കാന്‍ പ്രഭുവിനെകാണുന്നത് സ്വപ്നംകണ്ടുതുടങ്ങി
സ്വപ്നം
അമ്പലകുളം നീന്തികയറി പാമ്പാടിയില്‍ ചെന്നുനിന്നു. കൂറ്റന്‍ കമാനത്തിനുകീഴെ ഒരു പൂരത്തിനുള്ള ആളുണ്ടായിരുന്നു. ഒരുപരിചയക്കാരന്‍ അടുത്തുവന്ന് തോണ്ടിയിട്ട് പറഞ്ഞു. " കുന്നത്തേ സൂര്യപുത്രനാണ് മുഖ്യന്‍. തലയെടുത്തുപിടിച്ചങ്ങിനെ നില്‍ക്കും. പിന്നെ പാപ്പാന്‍ പറഞ്ഞാലും താഴെയിടത്തില്ല. അല്ല ആശാനേ, അല്‍പം പൂരാവേശമൊക്കെ വേണ്ടേ, വന്നാട്ടേ" പുറത്ത് പൂരത്തിനുള്ള ആളായിരുന്നെങ്കില്‍ അകത്ത് പൂരംതന്നെയായിരുന്നു. അഞ്ചുകപ്പുകള്ളും, അയ്യായിരം പേരും എന്നതായിരുന്നു രീതി
" വിശ്വേട്ടാ, എക്സൈസുകാരറിയെണ്ട, അറിഞ്ഞാല്‍ കുരിശേല്‍കേറ്റും" പഴയ പരിചയം വെച്ചുപറഞ്ഞു
" ഞങ്ങളിവിടൊക്കെത്തന്നേയുണ്ടേ, രണ്ടുകള്ളന്മാരൂടെ വേണം. അതാണുതാമസം. അവര്‍ക്കാണിപ്പം വല്ലാത്ത ക്ഷാമം. വിശ്വാ, ഒരുകപ്പൂടെ" ആരോ മൂലയില്‍നിന്നുവിളിച്ചുപറഞ്ഞു
ചിറിയും തുടച്ച് പുറത്തേക്കിറങ്ങിയപ്പോള്‍ ഒരോട്ടോയില്‍ ഉന്തികേറ്റിയിട്ട് പരിചയക്കാരന്‍ ഡ്രൈവറോടുപറഞ്ഞു. " ആശാനെ ചുങ്കത്തിറക്കിയേരേ, പണോം വാങ്ങിക്കോ"
ചുങ്കത്ത് രാജാ ഹോട്ടലിന്റെ പടിയില്‍ പടിഞ്ഞാറ്റുമ്മുറിക്കാരുടെ കമാനവും കണ്ടുനില്‍ക്കുമ്പോള്‍, ഒരാള്‍ പടിയില്‍നിന്ന് ചാടിയിറങ്ങി തെക്കോട്ടുനോക്കിയിട്ട് പറഞ്ഞു. " ആശാനേ, ദേ വരുന്നുണ്ട് " അങ്ങോട്ടുനോക്കി. ത്രിശൂരില്‍നിന്നുള്ള പാതയുടെ അങ്ങേയറ്റം ഒരു രഥം തെളിഞ്ഞുവന്നു. അതില്‍ ഒത്തയൊരാള്‍. " ദൈവമേ, ശ്രീരാമചന്ദ്രപ്രഭു" . ഹൃദയമിടിപ്പിന്റെ വേഗംകൂടി. പാതയിലൂടെ ഒഴുകുന്ന ആള്‍ക്കാര്‍ക്കിടയിലൂടെ രഥം അടുത്തുകൊണ്ടിരുന്നു. കവലയില്‍ നിലയുറപ്പിച്ചിരുന്നവര്‍ കമാനത്തിനടുത്തേക്കു നീങ്ങി
" ദൈവമേ, എത്രനാളായികൊതിക്കുന്ന ദര്‍ശനമാണ്" പോക്കറ്റില്‍ കൈവെച്ചുനോക്കി. എഴുതിതയ്യാറാക്കിയ മംഗളശ്ലോകം അവിടെത്തന്നേയുണ്ട്. മനസ്സില്‍ ഒന്നൂടെ ഉരുവിട്ടുനോക്കി. ശ്രീരാമചന്ദ്രപ്രഭുവിന്റെ മുന്നില്‍ വിനയാന്വിതനായി നിന്ന് അതുചൊല്ലുമ്പോള്‍, ആ കരം തലയില്‍ വെച്ച് അനുഗ്രഹിക്കുന്നതും ചിന്തിച്ച് പാതയിലേക്കിറങ്ങി. കമാനത്തിനുകീഴെ എത്തിയപ്പോള്‍ രഥം വേഗംകുറച്ചു അതില്‍ തലൗയര്‍ത്തിനിന്നുകൊണ്ട് പ്രഭു തന്നേ നോക്കുന്നുണ്ടെന്ന് തോന്നി. വിളിച്ചെന്നു തോന്നി. ആള്‍ക്കാരുടെ ശബ്ദം." കിഴക്കോട്ടുപോട്ടേ, കിഴക്കുമ്മുറിയിലേക്ക്" രഥം വീണ്ടും വേഗമെടുത്തപ്പോള്‍ ചക്രം നെഞ്ചില്‍കൂടിയാണുരുളുന്നതെന്നുതോന്നി.
" ശ്രീരാമ"
പറയാന്‍ വന്നത് മുഴുവനാക്കിയില്ല. അടുത്തുനിന്നയാള്‍ പറഞ്ഞു.
" ഇതുനമ്മുടെ മംഗലാംകുന്നിലേ മാന്‍പേട. മനസ്സിലായില്ലേ. ഒരു ക്ലൂ തരാം അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു. ഇപ്പം മനസ്സിലായോ?"
കുനിഞ്ഞ ശിരസ്സുമായി ഹോട്ടലിലേക്ക് തിരിയുമ്പോള്‍ ആരോ രാമായണം വായിക്കുന്നതുകേട്ടു.
" ഒരുത്തനേത്തന്നെ നിനച്ചിരുന്നാല്‍
വരുന്നതെല്ലാം അവനെന്നുതോന്നും"
പാതയോരത്ത് വളയും ചാന്തും വില്‍ക്കുന്ന കടയിലേ സ്ത്രീ. അവരാണ് അതുവായിച്ചത്. ഹോട്ടലിനകത്തേക്ക് കേറിയപ്പോളാണ് പെട്ടന്നൊരു ഉള്‍വിളിയുണ്ടായത്. അവര്‍ തന്നേക്കുറിച്ചല്ലേ പാടിയത് വെളിയിലിറങ്ങി അവരേനോക്കി.. അവിടെ അങ്ങിനെയൊരു കടയേയില്ലായിരുന്നുവരുന്നതെല്ലാം അവനെന്നുതോന്നും"
യാഥാര്‍ത്ഥ്യം
തിരുവില്ല്വാമല പറക്കോട്ടുകാവുതാലപ്പൊലിക്കുചെന്നതാണ്. ചുങ്കത്ത് രാജാ ഹോട്ടലില്‍ ചായകുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരുചെക്കന്‍ അടുത്തുവന്നു
" ഫോട്ടോ എടുക്കാന്‍ വന്നതാണോ? പടിഞ്ഞാറ്റുമ്മുറിക്കാരുടെ ആനകള് പുറകിലൊരുപറമ്പില്‍ നില്‍പുണ്ട്" അവന്‍ പറഞ്ഞു
ചായയുടെ പണംകെട്ടി, പുറകിലോട്ടുനടന്നു. പടിഞ്ഞാറ്റുമ്മുറിക്കാരുടെ കോവിലിനുമപ്പുറം പറമ്പില്‍ തെങ്ങില്‍ചാരിനിന്ന തിരുവാണിക്കാവ് രാജഗോപാല്‍ വിളിച്ചു
" ആശാനേ, വന്നാട്ടേ"
ചെന്നപ്പോള്‍, കൂടെനിന്നവനെചൂണ്ടി ചോദിച്ചു " ഇവനേ അറിയത്തില്ലേ? രാജശേഖരന്‍, കൂറ്റനാടാണേ"
എവിടെയോ വെള്ളംവീഴുന്ന ശബ്ദംകേട്ടു. ചെവിവട്ടം പിടിച്ചപ്പോള്‍ രാജഗോപാലുപറഞ്ഞു " ചെന്നാട്ടേ, പള്ളിനീരാട്ടാണ്"
വെള്ളത്തിന്റെ ശബ്ദം കേട്ടിടത്തേക്കു ചെന്നു. പരിചാരകര്‍ക്കുനടുവില്‍, ഒരു വമ്പന്‍ അമര്‍ന്നിരിക്കുന്നു. ചിലര്‍ കുംഭങ്ങളില്‍ ജലം പകരുന്നു. ചിലര്‍ ആ തിരുമേനിയില്‍ ഇഞ്ച ഉരക്കുന്നു.
" കളഭവും, കുങ്കുമവും വരട്ടേ" പ്രധാനി പറഞ്ഞു
വിശാലമായനെറ്റിയില്‍ കളഭവും, കുങ്കുമവും പൂശി
" മാല വരട്ടേ" പ്രധാനി വീണ്ടും പറഞ്ഞു
രണ്ടുപേര്‍, വളരെ ശ്രദ്ധയോടെ സ്വര്‍ണ്ണമാല കൊണ്ടുവന്നു. അത് ആ കഴുത്തില്‍ചാര്‍ത്തി.
" ഇനി എഴുന്നേറ്റോളൂ"
ഉന്നതന്‍ കാലുകള്‍ നീട്ടി ആസനത്തില്‍നിന്നുയര്‍ന്നു. പിന്നെ ശരീരം നിവര്‍ത്തിനിന്നപ്പോള്‍
ആ വലിപ്പവും ഉയരവും മുഴുവന്‍ കാണാന്‍ കഴുത്ത് എത്ര ഉയര്‍ത്തി എന്നറിയില്ല . മുഖംകാണിക്കാന്‍ പ്രജകള്‍ കൂടിക്കൊണ്ടിരുന്നു. പഴങ്ങളും, ശര്‍ക്കരയും വെച്ച താലങ്ങള്‍ മുന്നില്‍ നിരന്നു.
ആരാണീ തമ്പുരാന്‍? എത്രയാലോചിചിട്ടും പിടികിട്ടിയില്ല. മുന്നില്‍നിന്നയാളേ ഒന്നുതോണ്ടി. അല്‍പം ഈര്‍ഷ്യയോടെ അയാള്‍ തിരിഞ്ഞുനോക്കി. ചോദ്യം തൊണ്ടയില്‍നിന്ന് പുറത്തേക്കു വന്നില്ല . തമ്പുരാന്‍ പഴവും ശര്‍ക്കരയും ആസ്വദിച്ചുകഴിക്കുകയായിരുന്നു. ആരോ അടുത്തുചെന്നു. പിന്നെ അനുമതി കിട്ടിയപ്പോള്‍ വിനയത്തോടെ കുനിഞ്ഞ് തമ്പുരാന്റെ മാലയിലെ മുദ്ര നേരേയിട്ടു. മുന്നില്‍നിന്നവരുടെ തലക്കുമുകളിലൂടെ എത്തിനോക്കി, പിന്നെ ആ മുദ്രയില്‍ സ്വര്‍ണ്ണലിപികളില്‍ എഴുതിവെച്ചിരുന്നത് മനസ്സില്‍ വായിച്ചു
ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍
1 comment:
Aaanakale kurichezhuthunnathu nirthiyathu mosamaayi poyi!!!!!!
Evide aduthathu?????
Post a Comment