എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Friday, December 26, 2008

പാലക്കാടന്‍ പലവകകള്‍ ഉണ്ടാകുന്നത്‌

ചാരുകസേരയില്‍
കിടന്ന് അടുത്തുള്ള അനന്തതയിലേയ്ക്ക്‌ നോക്കുകയായിരുന്നു.
അടുത്തുവന്ന് ഒരുഗ്ലാസ്സ്‌ കടുംകാപ്പി
ശബ്ദത്തോടെ നിലത്തുവെച്ചിട്ട്‌ അവള്‍ ചോദിച്ചു.
" ഇപ്പോള്‍ നോക്കുന്ന അനന്തതയ്ക്കും വെളിയിലല്ലേ ബാഹ്യാകാശം ?"
" അതെ, അതേയ്‌ എടിയേ ഇവിടെ അടുത്തെങ്ങാനും കുമാരധാരയുടെ
ബ്രാഞ്ച്‌ വല്ലോം തുറന്നിട്ടുണ്ടോ?
തല ഒന്ന് തണുപ്പിച്ചിട്ട്‌
ഉദയഗിരി ചുവന്നു
ഭാനുബിംബം വിളങ്ങി
എന്നൊന്ന് എഴുതാനാണ്‌"

" രാജപ്പാളയത്ത്‌ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ വണ്ടിയുടെ കുളിമുറിയില്‍നിന്ന് പ്ലാസ്റ്റിക്‌ കുടങ്ങളില്‍ വെള്ളമെടുത്തുകൊണ്ട്‌ പോകുന്ന തമിഴ്‌ സ്ത്രീകളെ നിങ്ങളുകണ്ടിട്ടില്ലെ?"
" ഉണ്ട്‌ അതിനെന്താ?"
" ജലം അമൂല്യമാണ്‌ അത്‌ പാഴാക്കരുത്‌ ദൈവമേ ഈ മനുഷ്യന്‍ എന്നേക്കൊണ്ട്‌ കടുംകൈ ചെയ്യിക്കുമല്ലോ"
ഒഴിഞ്ഞ കാപ്പിഗ്ലാസ്സ്‌ എടുത്തോണ്ട്‌ അകത്തോട്ട്‌ പോയി തിരിച്ച്‌ ഒരുകുടം വെള്ളവുമായി വന്ന് അത്‌ തലയില്‍ കമഴ്ത്തിയിട്ട്‌ അവള്‍ പറഞ്ഞു
" ഉടനേയൊന്നും തോര്‍ത്തണ്ട നല്ലപോലെ തണുക്കട്ടെ എന്നിട്ട്‌
ഉദയഗിരി ചുവന്നെന്നല്ലെങ്കിലും
ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍
വെള്ളിക്കിണ്ണം തുള്ളിത്തുള്ളി

എന്നെഴുതാന് ‍പാകത്തിന്‌ കുറച്ച്‌ അരിമേടിച്ചോണ്ട്‌ വന്നാട്ടെ"
തല നന്നായി തണുത്തപ്പോള്‍, എഴുന്നേറ്റ്‌ വേഷം കെട്ടി പുറത്തിറങ്ങി. കയ്യുംവീശി കല്ലേപ്പുള്ളി വഴി കൊട്ടേക്കാട്‌ വരെ നടന്നു. ദൂഷ്യം പറയരുതല്ലൊ, ജന്മനാ ഉള്ളതായിരുന്നു ഈ നടപ്പുദൂഷ്യം. വെയ്റ്റിംഗ്‌ ഷെഡ്ഡിലിരുന്ന്, തട്ടുകടയിലെ കടുംകാപ്പിയും, പക്കോടയും സിഗര്‍ട്ടും കഴിച്ചുകഴിഞ്ഞപ്പോള്‍ ഇനി അരിമേടിക്കാം എന്നായി
.തിരിച്ച്‌ കല്ലേപ്പുള്ളിയില്‍ വന്ന് പലചരക്കുകടയില്‍ ചെന്ന് അഞ്ചുകിലോ മട്ടയ്ക്ക്‌ ഓര്‍ഡര്‍ കൊടുത്തിട്ട്‌ നിന്നപ്പോള്‍ , കടക്കാരന്‍ ഒരു പൊതി കയ്യില്‍ത്തന്നിട്ട്‌ ചെവിയില്‍ പറഞ്ഞു.
" ഉഗ്രന്‍ സാധനങ്ങളാണ്‌ മാഷേ, മട്ട അവിടെ കിടക്കട്ടെ, പാലക്കാടന്‍ പലവക നാലാംഭാഗത്തിനുള്ള പാചകവിധി അതിനകത്തുണ്ട്‌ , തുറന്നുനോക്കിയാട്ടേ"
പൊതി രഹസ്യമായി തുറന്നുനോക്കി .
പാചകവിധി ഒന്ന് കേരളീയ ഗ്രാമങ്ങളിലൂടെ ശ്രീ കാട്ടാകട ദിവാകരന്‍ മാഷ്‌
പാചകവിധി രണ്ട്‌ കേരള സ്ഥലനാമചരിത്രം പാലക്കാട്‌ ജില്ല ശ്രീ വീവീകേവാ മാഷ്‌
സന്തോഷമായി അരിപോലും മേടിക്കാതെ തിരിച്ചുനടന്നു. പോക്കിനിടയില്‍ ആദ്യംകണ്ട പത്രമാപ്പീസ്സില്‍ കടക്കാരന്റെ ചിത്രം സഹിതം ഒരു പരസ്യം കൊടുത്തു .
" ഉദ്ദിഷ്ടകാര്യത്തിന്‌ ഉപകാരസ്മരണ"
ഒരു എഴുത്തുകാരന്‍
തിരിച്ച്‌ വീട്ടില്‍ചെന്ന് ചാരുകസേരയില്‍ കടലാസ്സും പേനയും പാചകവിധികളുമായി ഇരുന്നപ്പോള്‍ അവള്‍ അകത്തുനിന്ന് വിളിച്ചുപറഞ്ഞു
സോറീ ഫോര്‍ ദ ഇന്റെറപ്ഷന്‍, ആമുഖത്തിന്‌ പാലക്കാടന്‍ പലവക നാലാംഭാഗം ഉണ്ടാകുന്നത്‌ എന്ന പേര്‌ കൊടുത്താല്‍ മതി"
ഇന്റെറപ്ഷന്‍ വന്നപ്പോള്‍ കടലാസ്സുകള്‍ മടക്കി പേനകള്‍ അടച്ച്‌ കണ്ണുകളുമടച്ച്‌ പ്രാര്‍ത്ഥിച്ചു
ശ്രീകാശ്യപന്‍ മഹാത്മാവ്‌
തപസുചെയ്തിട്ട്‌ വന്നതാം
ശ്രീധരനാം പെരുമാളേ
തന്നീടേണേ വരമെല്ലാം

Saturday, December 13, 2008

അനുസ്മരണം

കൃത്യം ഒമ്പത്‌ മുപ്പത്‌ പീയെമ്മായപ്പോള്‍ രണ്ട്‌ ചന്ദനതിരിയെടുത്ത്‌ കത്തിച്ചുവെച്ചിട്ട്‌ ടീവീ ഓണാക്കി
. " കണ്ടു ഞാന്‍ കണ്ണനേ"
പാട്ടുകഴിഞ്ഞപ്പോള്‍ പൂന്താനം തിരുമേനി നെടുമുടി വേണുവിന്റെ രൂപത്തില്‍ വന്നുവിളിച്ചു
" ഹെന്റെ ഗുരുവായൂരപ്പാ"
" കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളേ
കണ്ടില്ലെന്നുവരുത്തുന്നതും ഭവാന്‍ "
" ഹെന്റെ ഗുരുവായൂരപ്പാ"
ചാരുകസേരയില്‍ ചാരിയിരുന്ന് നീട്ടിവിളിച്ചു " എന്റെ ഗുരുവായൂരപ്പാ" ശരിയാണ്‌ കണ്ടുകൊണ്ടിരുന്ന പലരേയും കാണാതായിരിക്കുന്നു. എല്ലാം ശ്രീ ഗുരുവായൂരപ്പന്റെ ലീല അല്ലാതെന്താ പറയാന്‍ യാത്രയില്‍ താങ്ങും തണലുമായിരുന്നു പലരും പരദേശത്തെത്താനും, മറുകര യെത്താനും സഹായിച്ചവര്‍. കളികഴിഞ്ഞ്‌ തിരശ്ശീലയ്ക്കകത്തേയ്ക്ക്‌ മറഞ്ഞുകഴിഞ്ഞു. ഏതോ ഒരു ഗുമസ്തന്‍ മഷിപ്പേന പലവട്ടം കുടഞ്ഞ്‌ കടലാസിലാക്കിയത്‌, ഏതോ ഒരു ടൈപ്പിസ്റ്റ്‌ അടിച്ചുംവെച്ചു. അതിനും താഴെ ത്രിക്കൈ വിളയാടിയാണ്‌ ഭഗവാന്‍ പലരേയും കാലപുരിക്കയച്ചത്‌. ഒരുദിവസം ഒരുവെടിക്ക്‌ രണ്ടുപക്ഷികളേ ഭഗവാന്‍ ആ വഴിക്ക്‌ പറത്തിവിട്ടു. കൊല്ലത്ത്‌ ഒന്നാം നമ്പര്‍ പിലാറ്റുഫോറത്തില്‍നിന്ന് ഈയുള്ളവനെ പലപാട്‌ മാനാമധുര വഴി രാമേശ്വരത്ത്‌ എത്തിച്ചവര്‍. അവരുണ്ടായിരുന്നതുകൊണ്ട്‌ രാമേശ്വരം അന്ന് വളരെ അടുത്തായിരുന്നു. . ചെലവും കുറവ്‌. കൊല്ലത്ത്‌ ചെന്ന് മാനാമധുരയ്ക്ക്‌ ശീട്ടെടുത്തുനില്‍ക്കുമ്പോള്‍ അവര്‍ പറയും
" ഇഷ്ടം പോലെ സമയമുണ്ടല്ലോ മക്കളേ, റയില്‍ വ്യൂവിലൊക്കെ ഒന്നുപോയിട്ടുപോരേ"
റയില്‍ വ്യൂവില്‍ചെന്ന് ആ തിരക്കിനിടയില്‍ ഒന്നും രണ്ടും പറഞ്ഞിരുന്ന് വെയിറ്റര്‍ക്ക്‌ പത്തുരൂപ ടിപ്പും കൊടുത്തുകഴിയുമ്പോള്‍ പിലാറ്റുഫോറത്തില്‍നിന്ന് അവര്‍ വിളിച്ചുകൂവും
" മക്കടെ ശ്രദ്ധയ്ക്ക്‌, മക്കളേ ഓടിവാ പോകാന്‍ സമയമായി"
ഇടമണ്ണില്‍നിന്ന് മലയും കയറി ആവണീശ്വരവും താണ്ടീ ചെങ്കോട്ട മുറിച്ചുകടന്ന് തമിഴ്‌നാട്ടില്‍ കയറുമ്പോള്‍ പൂന്താനം പറഞ്ഞതുപോലെ തന്നെ തോന്നും
" എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും"
നിലാവുള്ള രാത്രിയില്‍ ഓരോ ചെറിയ സ്റ്റേഷനും കാണുമ്പോള്‍ അവിടെയിറങ്ങി ആ നിലാവില്‍ അനന്തമായി ബീഡിയും വലിച്ച്‌ കുത്തിയിരിക്കാന്‍ തോന്നും. എത്രയെത്ര സ്റ്റേഷനുകള്‍ . തെങ്കാശി ശങ്കരന്‍ കോവില്‍ ശിവഗംഗ ശിവകാശി. അങ്ങിനെ പുളിയും വേപ്പും ചൂടി എത്രയെത്ര സ്റ്റേഷനുകള്‍ പഴയ കെട്ടിടങ്ങള്‍ ഇരുമ്പുബെഞ്ചുകള്‍ മഞ്ഞവെളിച്ചങ്ങള്‍.
തെങ്കാശി കടന്നുപോകുമ്പോള്‍ നിലാവില്‍ക്കുളിച്ചുനില്‍ക്കുന്ന ഗോപുരം കാണാം ഓര്‍ക്കുമ്പോള്‍ ഇപ്പോളും രോമാഞ്ചമുണ്ടകുന്നു ഇടമണ്ണില്‍നിന്ന് കയറ്റം തുടങ്ങുമ്പോള്‍ പലപ്പോഴും ചുമച്ചും, കിതച്ചുമാണ്‌ കേറികൊണ്ടിരുന്നത്‌ . പ്രായം, പിന്നെ പുകവലിച്ച്‌ തള്ളുകയുമായിരുന്നല്ലോ. എന്നാലും കൈവിടില്ല പറയും
" മക്കളേ, കേറ്റം മല്ലാണ്‌"
ഒരിക്കല്‍ അണച്ചും കിതച്ചും ശ്വാസം കിട്ടാതെ നിന്നുപോയി. പിന്നെ വിരുതനഗറീന്ന് ഇന്‍ഹേലര്‍ കൊണ്ടുവരേണ്ടിവന്നു. ഉറക്കമായിരുന്നതുകൊണ്ട്‌ ഇതൊന്നുമറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ പറഞ്ഞു.
" ഈ പ്രാവശ്യം പറ്റി മക്കളേ , ഇന്ന് കര്‍ക്കിടകവാവല്ലേ , രാമേശ്വരത്തുചെന്ന് ബലിയിടേണ്ടിവന്നേനെ"
മാനാമധുരയാകുമ്പോള്‍ നാഗൂര്‍പിള്ള പറയും " മക്കളേ ഞാനൊന്ന് വേളാങ്കണ്ണിവരെ പോയിട്ട്‌ ഇപ്പവരാം നിങ്ങള്‌ ഇവിടെനിന്നോ" മധുരനായ്ക്കന്‍ പറയും " ഞാനൊന്ന് മീനാക്ഷിയമ്മേ കണ്ടിട്ട്‌ വരാം , പാലക്കാടുനിന്നൊരു ചെങ്ങാതി ഇപ്പവരും മൂപ്പര്‌ നിങ്ങളെ രാമേശ്വരത്ത്‌ കൊണ്ടുപോയിക്കോളും"
അങ്ങിനെ എത്രയെത്ര യാത്രകള്‍ . രാമേശ്വരമെല്ലാം ചുറ്റിക്കറങ്ങി തിരിച്ച്‌ മാനാമധുരയിലെത്തി മസ്ജിദ്ദിന്റെ മുന്നിലെ തട്ടുകടയില്‍നിന്ന് മൂക്കറ്റം തട്ടി തീവണ്ടിയാപ്പീസ്സില്‍ ചെന്ന് കൊട്ടാരക്കരയ്ക്ക്‌ ശീട്ട്‌ വാങ്ങും അപ്പോളേയ്ക്കും പിള്ളയോ, നായ്ക്കനോ തിരിച്ചെത്തും മാനാമധുര സ്റ്റേഷനില്‍ ധനുഷ്കോടിയില്‍നിന്നോ പാമ്പനീന്നോ പിടിച്ച മീനുകളെ ജീവനോടെ ഐസുപെട്ടികകത്താക്കി വെച്ചിരിക്കും ഈ പെട്ടികളുമെടുത്താണ്‌ പിന്നെ പിള്ളയുടേയും നായ്ക്കന്റെയും കൊല്ലമ്പോക്ക്‌ കൊല്ലത്തും കൊട്ടാരക്കരയിലും എന്തിന്‌ ചങ്ങനാശ്ശേരിവരെയുള്ള മത്സ്യസ്നേഹികള്‍ ഇവര്‍ കൊണ്ടുവരുന്ന മീന്‍ തിന്നാണ്‌ വളര്‍ന്നത്‌ പക്ഷേ എന്തുചെയ്യാം . ഒരു ഗുമസ്തന്റെ, ടൈപ്പിസ്റ്റിന്റെ കൃതിയുടെ കീഴെ തുല്ല്യം ചാര്‍ത്തി ഭഗവാന്‍ ഇവരേ കണ്ടില്ലെന്നുവരുത്തിയല്ലോ .ഇവര്‍ താങ്ങിനിര്‍ത്തിയവരും ഇവരെ കണ്ടില്ല കഴിഞ്ഞദിവസം പാലക്കാട്ടുകാരാന്‍ ചെങ്ങാതിയേയും ദൈവം വിളിച്ചെന്നുകേട്ടു . ആരോഗ്യം മോശമായിരുന്നതുകൊണ്ട്‌ ഇടയ്ക്ക്‌ മധുരവരെയാക്കിയിരുന്നു കറക്കം പിന്നെ കേട്ടു പൊള്ളാച്ചിവരെയാക്കിയെന്നും
" കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളേ"
നല്ല ആള്‍ക്കാരായിരുന്നു. നാഗൂര്‍പിള്ളയും മധുരനായ്ക്കനും അവരുമായിട്ട്‌ അടുത്തിടപെട്ടിട്ടുള്ളവര്‍ക്കെല്ലാമറിയാം അവരുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആഴവും വിലയും. പാലക്കാടന്‍ ഭട്ടരേയും ദൈവം വിളിച്ചു എന്നറിഞ്ഞപ്പോളാണ്‌ താമസിച്ചാണെങ്കിലും ഒന്ന് അനുസ്മരിക്കാം എന്നുകരുതിയത്‌
കൊല്ലത്തുനിന്ന് പുറപ്പെട്ട്‌ കൊട്ടാരക്കര പുനലൂര്‍ ആവണീശ്വരം തെന്മല ആര്യങ്കാവ്‌ ചെങ്കോട്ട വഴി വേളാങ്കണ്ണിയ്ക്ക്‌ പോയികൊണ്ടിരുന്ന നാഗൂര്‍ എക്സ്പ്രെസ്സും, മധുരയ്ക്ക്‌ പോയികൊണ്ടിരുന്ന ഫാസ്റ്റ്‌ പാസെഞ്ചറും
" ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇനിനാളേയുമെന്തെന്നറിവീലാ
ഇന്നീക്കണ്ട വണ്ടിക്കു വിനാശവും
ഇന്നനേരമെന്നേതുമറിഞ്ഞീലാ"

Thursday, November 27, 2008

സഞ്ചാരസാഹിത്യം ഒന്നാം തവണ

വിളിവന്ന കാലം മലയാളിക്ക്‌ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ തുലോം കമ്മിയായിരുന്നു. മൈസൂര്‍, ബാംഗ്ലൂര്‍ ഊട്ടി അല്ലെങ്കില്‍ മധുരയിലും പഴനിയിലും ചെയ്തുകൂട്ടുന്ന പാപങ്ങള്‍ കൊടൈകനാല്‍ തടാകത്തിനുചുറ്റും വട്ടം ചുറ്റിക്കളയും . ഓഫ്‌ സീസണിലായിരുന്നു ചുറ്റിക്കളി കൂടുതല്‍ . വഴിപാടിനുള്ള തുക കമ്മി മതിയായിരുന്നേ.അക്കാലം മലചവിട്ടാന്‍ പോയിരുന്ന മലയാളികളും കമ്മിയായിരുന്നു. ഭാഗ്യത്തിനെങ്ങാനും മലചവിട്ടിക്കേറാന്‍ പറ്റിയാല്‍ ആ ഭാഗ്യം കൊണ്ടുതന്നെ തിരിച്ചിറങ്ങി പത്ത്‌ പുത്തന്‍ ചെലവാക്കി സഞ്ചാരസാഹിത്യം പടച്ച്‌ പേരും പണവും ഉണ്ടാക്കിയിരുന്നുമില്ല . ഒരുപ്പോക്ക്‌ പോകുന്നതിന്‌ കാശിക്ക്‌ പോകുക എന്നുതന്നെയാണ്‌ അന്നും പറഞ്ഞിരുന്നത്‌.

എന്നിട്ടും പ്രകൃതിയുടെ വിളിവന്നു. വിളിക്ക്‌ പ്രത്യേകിച്ച്‌ ഹേതുവൊന്നും കണ്ടതുമില്ല അനുശ്ശന്‍ കാക്കനാടന്റെ പുസ്തകം പലതവണ വായിച്ച്‌ രോമാഞ്ചക്കുപ്പായമീറനാക്കിയതും പിന്നീടാണ്‌. ചെഞ്ചമ്മേ എന്നുവെച്ചാല്‍ നല്ലവണ്ണം വായിച്ച്‌ എന്നുതന്നെ. ലോകസഞ്ചാരിയുടെ
" മട്ടാഞ്ചേരിയില്‍ ചെന്നിറങ്ങിയപ്പോള്‍തന്നേ ആദ്യം കണ്ട പബ്ബില്‍ക്കയറി കോര്‍ബെറ്റിനൊപ്പം ബീരുകുടിച്ചു. മേനക ഛട്ടിയിലെത്തിയപ്പോള്‍ കനത്തമഴ ഓടി വിക്രംസിംഗ്‌ നേഗിയുടെ ചായക്കടയില്‍ കയറി തണുപ്പുസഹിക്കാന്‍ മേലാതെ കൂടെയുണ്ടായിരുന്ന റാവൂബഹാദൂര്‍ അടുപ്പിനകത്തേയ്ക്കുകയറി പിന്നെ ഇറങ്ങിവന്നില്ല ചായകുടിച്ചു പുറത്തേക്കിറങ്ങി ചായക്ക്‌ ഒരണ ചാ യയ്കൊക്കെ ഇപ്പോള്‍ എന്താ വില "

എന്ന മട്ട്‌ ഉള്ള വിളികൂടി കളയുകയും ചെയ്യും എന്നിട്ടും വിളി വന്നു വിളി കലശലായപ്പോള്‍ ഓടി രഘുവിന്റെ അടുത്തുചെന്നു

" എന്റെ, രഘുവേ, വിളിവന്നിട്ട്‌ ഒരു രക്ഷേമില്ല, വിട്ടാലോ?

" വിളിവന്നല്ലോ, പിന്‍ വിളി വിളിക്കാന്‍ ആരുമില്ലതാനും. എന്നാല്‍ വിട്ടേയ്ക്കാം" അവന്‍ പറഞ്ഞു

നല്ലദിവസം നോക്കി രാഹുകാലവും നോക്കി ബാങ്കിന്റെ പടികള്‍ ചവിട്ടിക്കയറി പ്രസന്നകുമാറിന്റെ മുന്നില്‍ചെന്ന് താണുവണങ്ങി നൂറ്റൊന്നുരൂപയും വെറ്റിലയും പാക്കും ദക്ഷിണ കൊടുത്തിട്ട്‌ പറഞ്ഞു

" മല ചവിട്ടിയാല്‍ കൊള്ളാമെന്നുണ്ട്‌ ഉപദേശങ്ങള്‍ തന്ന് അനുഗ്രഹിക്കണം കെട്ട്‌ ഒന്ന് മുറുക്കിത്തരണം "

ഉപദേശങ്ങള്‍ തരുന്നതിനിടയില്‍ പെരിയസ്വാമി പറഞ്ഞു " അവിടെ നല്ല തണുപ്പാണ്‌ ഐസ്‌ അന്വേഷിച്ച്‌ വേറെങ്ങും പോകണ്ട"

കെട്ടും മുറുക്കി റോഡിലെത്തിയപ്പോളാണ്‌ രഘു പറഞ്ഞത്‌ " ബ്ലയിസിനും വിളിവന്നോന്നൊരു ശങ്കയുണ്ട്‌
ശങ്കതീര്‍ത്ത്‌ വിട്ടേക്കൂ
, വില പിന്നെ തരാമെടാ"

( ബ്ലയിസ്‌ ഡയറിയില്‍ ഇങ്ങിനെ എഴുതി)

മല കയറാനുള്ള വിളിവന്ന ഉടനെ കെട്ടുമുറുക്കാനിരുന്നു. അപ്പോളാണ്‌ ഫോണടിച്ചത്‌. നാശം എന്നുപറഞ്ഞുകൊണ്ട്‌ പോയി ഫോണെടുത്തു മറുതലയ്ക്കല്‍നിന്ന് വാര്യര്‍ പറഞ്ഞു.
" അവിടെ നല്ല തണുപ്പാണ്‌ ചൂട്‌ വെള്ളം കുടിക്കേണ്ടിവരും ഐസെടുക്കണ്ട ആന്ധ്രയില്‍കടക്കുമ്പോള്‍ ഉരുകും"
ഫോണ്‍ വെച്ച്‌ തിരിഞ്ഞപ്പോളാണ്‌ തൊഴുത്തില്‍ നില്‍ക്കുന്ന കുതിരകള്‍ക്ക്‌ കൊടുക്കാന്‍ കരുതിവെച്ചിരുന്ന റമ്മിനേക്കുറിച്ചോര്‍ത്തത്‌ കയ്യോടെ മൂന്ന് സ്പടികകുപ ്പികള്‍ കെട്ടിലിറക്കിവെച്ചു. കെട്ടുമുറുക്കി പിന്തിരിഞ്ഞുനോക്കാതെ പാതയിലേയ്ക്കിറങ്ങിയപ്പോള്‍ നല്ല ഒരു ശകുനം നെരേമുന്നില്‍ വന്ന് ചോദിച്ചു

" അല്ല മോനേ ഇതെന്നാ കാശിക്കോ വല്ലോം പോവ്വാണോ?"

നല്ലശകുനം കണ്ട സന്തോഷത്തില്‍ പത്തുരൂപ അവര്‍ക്കുകൊടുത്തിട്ട്‌ ഏഴാംക്ലാസ്സിലെ സാമൂഹ്യപാഠത്തിലെ ഒരുവാചകം പറഞ്ഞു

" ഭാരതത്തിന്റെ വടക്കേ അതിരിലെ കയ്യാല മഞ്ഞുമൂടിയ ഒരു പര്‍വതമാകുന്ന ു"

" ഗംഗയാറൊഴുകുന്ന
നാട്ടിലേക്കിന്നൊരു
കെന്തര്‍വന്‍
പുറപ്പെട്ടു പോണൂ
ഇന്നൊരു കെന്തര്‍വന്‍
ഒരുമ്പെട്ടു പോണൂ"

ശകുനം പുറകില്‍നിന്ന് ഫിലിമീഗീത്‌ പാടിയതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ വ ലിച്ചുനടന്നു. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ ഫോമില്‍ വലതുകാല്‍ കുത്തി കുത്തിയില്ല എന്നായപ്പോള്‍ മൈക്കില്‍കൂടി ഒരു സ്ത്രീ ശബ്ദം അലറി

" യാത്രക്കാരുടെ ശ്രദ്ധക്ക്‌ തലസ്ഥാനത്തുനിന്ന് തലസ്ഥാനം വരെ പോകുന്ന 2625 ആം നമ്പര്‍ കേരളാ എക്സ്പ്രസ്സ്‌ ഇതാ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ ഫോമിലേയ്ക്ക്‌ പ്രവേശിച്ചുകൊണ്ടിരിക്കുന്നു"

അപ്പോള്‍ ഭാണ്ഡക്കെട്ടുമായി അടുത്തുവന്ന് വാര്യര്‍ പറഞ്ഞു
" അങ്ങിനെ ഒരു യാത്ര തുടങ്ങുകയാണ്‌ അല്ലേ സ്വാമീ

അസ്ത്യുത്തരസ്യാം ദിശിദേവതാത്മാ
ഹിമാലയോ നാമാ നഗാധിരാജാ:
പൂര്‍വ്വാപരൗ വാരിനിധീവഗാഹ്യ
സ്ഥിത: പ്രിഥീവ്യാ ഇവ മാനദണ്ഡാ"


അനുബന്ധം


കയ്യെഴുത്തുകള്‍പ്രിറ്റ്‌ വായിച്ചിട്ട്‌ അവള്‍ പറഞ്ഞു
" മൂന്ന് അശുഭമാകുന്നു. വിളിവന്നകാലം സാഹിത്യത്തില്‍ തമാശക്കാരുണ്ടായിരുന്നല്ലോ കണ്ണുവെയ്ക്കാതിരിക്കാനെങ്കിലും ഒരു നാലാമന്‍ വേണ്ടേ ചാതുര്‍വര്‍ണ്ണ്യത്തില്‍ നാലാമതായിട്ടൊ, നാലാംവേദക്കാരനായിട്ടൊ എങ്കിലും ഒരാള്‍"

അപ്പോള്‍ വെളുക്കെ ചിരിച്ചുകൊണ്ട്‌ സഞ്ചാരസാഹിത്യത്തിലേക്ക്‌ അവന്‍ കടന്നുവന്നു


Thursday, November 6, 2008

വരുമോരോ ദശ

അങ്ങിനെയിരിക്കെ ഒരുനാള്‍ ഭാഷയില്‍ ഒരു ഈ മെയില്‍ വന്നു.

" ഭഗവാനേ, ആന കറുത്തിട്ടാണല്ലോ, അവിടുന്നാണെങ്കില്‍ കാര്‍വര്‍ണ്ണനും, ആമ അവിടത്തേ അവതാരവുമാണല്ലോ. അനുഗ്രഹിക്കണം അവിടുന്ന് മാത്രമാണൊരാശ്രയം"

മെയില്‍ വായിച്ചുകഴിഞ്ഞയുടനെ പൂന്താനംതിരുമേനിയെ അടുത്തുവിളിച്ച്‌

" എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും"

എന്ന് മറുമെയില്‍ അയയ്ക്കാന്‍ കല്‍പ്പിച്ചു

1

ചാരുകസേരയില്‍ അനന്തശായിയായി കിടക്കുകയായിരുന്നു.അപ്പോള്‍ കാല്‍ക്കല്‍ ഇരുന്നുകൊണ്ട്‌ ദേവി ചോദിച്ചു

" നാഥാ, അവിടുത്തേ, ആന ചങ്ങല പൊട്ടിച്ച്‌ ബ്ലോഗ്ഗില്‍ കയറിയിട്ട്‌ ഒരുവര്‍ഷം തികഞ്ഞില്ലേ, ആഘോഷം വേണ്ടേ?"

അപ്പോള്‍ അടുത്തുകിടന്ന അന്നേദിവസത്തെ പത്രത്തില്‍നിന്ന് കുറച്ച്‌ വെണ്ടയ്ക്ക എടുത്ത്‌ ദേവിക്കുകൊടുത്തു വെണ്ടയ്ക്ക കൈപ്പറ്റികൊണ്ട്‌ ദേവി പറഞ്ഞു " വെണ്ടയ്ക്ക തന്നത്‌ നന്നായി, പച്ചക്കറികള്‍ക്കൊക്കെ ഇപ്പോള്‍ എന്താ വില" തുടര്‍ന്ന്ദേവി വെണ്ടയ്ക്ക നിരത്തിവായിച്ചു

" ലോക്കല്‍ പോലീസില്‍ പോലും ഒരു കറുത്തവന്‍ ഇല്ലെന്നിരിക്കെ , ലോക പോലീസില്‍ ഒരു കറുത്ത എസ്സൈ പിറന്നിരിക്കുന്നു "

പത്രം മടക്കിവെച്ച്‌, ഭക്ത്യാദരപൂര്‍വ്വം കണ്ണുകള്‍ അടച്ച്‌ ദേവി പറഞ്ഞു " ഭഗവാനേ, അവിടുത്തേ ലീലാവിലാസാങ്ങള്‍ ആര്‍ക്കാണ്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌ "

ഉടന്‍ തന്നെ പൂന്താനം തിരുമേനിയേ വിളിച്ചുവരുത്തി

" രണ്ടുനാലുദിനം കൊണ്ടൊരുത്തനേ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍"

എന്ന് ഓലയിലാക്കാന്‍ കല്‍പിച്ചു

Monday, October 27, 2008

മറുനാട്ടിലൊരു മലയാളി ഒരു കഥൈ



മറുനാട്ടിലൊരു മലയാളി ഒരു കഥൈ


സാധനങ്ങളെല്ലാം ബാഗിലാക്കി എന്ന് ഒന്നൂടെ ഉറപ്പുവരുത്തി. ഡൊമിനിക്‌ ജോര്‍ജ്‌ ( യഥാര്‍ത്ഥ പേരല്ല, യഥാര്‍ത്ഥനാമം വേറേതോ ജോര്‍ജ്‌ എന്നാണ്‌). പാന്റില്‍ കയറി, ഷര്‍ട്ടിട്ടു. കപ്ബോര്‍ഡ്‌ തുറന്നു. മൂലയിലിരുന്ന കുപ്പി വലിച്ചെടുത്തു.




" വണ്‍ ഫോര്‍ ദ റോഡ്‌ " എന്ന് മന്ത്രം ജപിച്ച്‌, കുപ്പി സ്റ്റീല്‍ഗ്ലാസ്സിലേക്കു കമത്തി. വണ്‍ എന്നുപറഞ്ഞെങ്കിലും ത്രീയായിരുന്നു ലാര്‍ജ്‌ . നീറ്റടിക്കുന്ന ശീലമില്ലാതിരുന്നതുകൊണ്ട്‌ വാഷ്ബേസിനിലെ ടാപ്‌ തുറന്ന് കുറച്ചുവെള്ളവും തളിച്ചു. ഗ്ലാസ്സുയര്‍ത്തി, കണ്ണാടിയിലെ പ്രതിരൂപത്തിനോട്‌ പറഞ്ഞു




" ചിയേഴ്സ്‌"




ഒറ്റ വലി
ഗ്ലാസ്സുകാലി
പ്രയോഗം അന്ത്യാക്ഷരപ്രാസമാണല്ലോ എന്നോര്‍ത്തു. വാച്ചില്‍ നോക്കി




" ഓ, ടെന്‍ റ്റു മിഡ്‌ നൈറ്റ്‌"
ബാഗെടുത്ത്‌ തോളിലിട്ടു. മുറിപൂട്ടിയിറങ്ങി. റിസപ്ഷന്‍ ഡെസ്ക്കില്‍ തലവെച്ചുറങ്ങുന്നവനെ കുലുക്കിയുണര്‍ത്തി. താക്കോല്‍ കയ്യില്‍ വെച്ചുകൊടുത്തു. പത്തുരൂപയും.അപ്പോള്‍ ഉള്ളില്‍കിടന്ന ലാര്‍ജ്‌ അവനോട്‌ പറഞ്ഞു




." സയനോരാ"




" ഏ, എന്താ ?" കണ്ണുതിരുമ്മി വാ പൊളിച്ചുകൊണ്ടവന്‍ ചോദിച്ചു




" ദാസ്‌ വിദാനിയാ"




കുമളിയിലെ തണുപ്പിലേയ്ക്ക്‌ ഇറങ്ങി. വലത്തുനിന്ന് ഒരുലോറി നാല്‍ക്കാലികള്‍ താഴേയ്ക്കുരുണ്ടുപോയി. ലക്ഷണപ്രകാരം വലതാണ്‌ തമിഴ്‌നാട്‌ എന്നുകണ്ട്‌ ഉറയ്ക്കാത്ത ചുവടുകള്‍ അങ്ങോട്ടുവെച്ചു. പെട്ടെന്ന് ഒരു കയറിന്റെ തുമ്പില്‍ ആകാശത്തുനിന്ന് തൂങ്ങിയിറങ്ങി ചെക്ക്‌ പോസ്റ്റിന്റെ മുളംതണ്ട്‌ പറഞ്ഞു.




" നിങ്ങള്‍ കേരളത്തില്‍നിന്ന് രക്ഷപെടുകയാണ്‌, തമിള്‍നാട്ടിലേയ്ക്കു സ്വാഗതം"




ഒരു ലോറി നാല്‍ക്കാലികള്‍ കൂടെ പോസ്റ്റിനടുത്ത്‌ വന്നുനിന്നു. മുളംതണ്ട്‌ വീണ്ടും പറഞ്ഞു




" നാല്‍ക്കാലികള്‍ മാത്രമേ കേരളത്തിലേക്ക്‌ കടക്കൂ"




രണ്ടുകാലേ ഉള്ളൂ എന്നുറപ്പിച്ച്‌ അതില്‍ വലത്തുകാലേതെന്നുറപ്പിച്ച്‌ മുളംതണ്ടിനടിയില്‍കൂടി വലതുകാല്‍ തമിള്‍നാട്ടിലേയ്ക്ക്‌ നീട്ടിവെച്ചു അപ്പോള്‍ എവിടെനിന്നോ അശരീരി മുഴങ്ങി




" നമ്മുടെ കഥയുടെ പേര്‌ മറുനാട്ടിലൊരു മലയാളി"




എവിടെയോ, ആരോ സിമ്പലടിച്ചു


1




വിന്‍ഡോഗ്ലാസ്സില്‍ തല ചാരി ഒന്നു കണ്ണടച്ചപ്പോള്‍ കണ്ടക്ടര്‍ അടുത്തുചെന്ന് തോളില്‍ തട്ടി




" ശീട്ടെട്‌ സാര്‍"


അമ്പതുരൂപയുടെ രണ്ട്‌ നോട്ടെടുത്ത്‌ വീശിയിട്ട്‌ പറഞ്ഞു


" ഒരു മധുരൈ കൊട്‌"


ഒന്നും മിണ്ടാതെ കണ്ടക്ടര്‍ ഒരമ്പതുതിരിച്ച്‌ കൊടുത്തപ്പോള്‍ ഒരുസംശയം " അകത്തുകിടക്കുന്ന ലാര്‍ജ്‌ സ്ഥലം വല്ലോം മാറിപറഞ്ഞോ ?" നാക്കിനു സ്പുടത വരുത്തി ഒന്നുകൂടെ പറഞ്ഞു


" അണ്ണാ, ഒരു മധുര കൊട്‌"


ഒന്നു സൂക്ഷിച്ചുനോക്കി, ഒരു ശീട്ട്‌ കീറി കയ്യില്‍ കോടുത്തിട്ട്‌ കണ്ടക്ടര്‍ പറഞ്ഞു


" കേരളാവാ ? സാര്‍, ഇങ്കെ ബസ്ചാര്‍ജ്‌ റൊമ്പ കമ്മി. മട്ടുമല്ലൈ, പേശും പടം ഫ്രീ"


മൂന്നു രൂപ കൂടി കയ്യില്‍ വെച്ചുകൊടുക്കുന്നതിനിടയില്‍ കണ്ടക്ടര്‍ തിരിഞ്ഞ്‌ ഡ്രൈവറോട്‌ പറഞ്ഞു


" അടൈ തമ്പിദുരൈ, ഇന്ത സാറ്‌ക്കാകെ ഫിലിം പോട്‌"


പെട്ടെന്ന് കൊട്ടകയ്കകത്ത്‌ ലൈറ്റുകളണഞ്ഞു. ആ ഇരുട്ടിനുള്ളില്‍ ഞെട്ടിപ്പിക്കുന്ന ശബ്ദത്തില്‍ ഓംകാരനാദമുയര്‍ന്നു


" ഓം


"അരുണാചലേശായ നമഹ:


ഞെട്ടലില്‍നിന്നുണര്‍ന്നപ്പോള്‍ സ്റ്റെയില്മന്നന്‍ ഡാന്‍സുകാരുടെ കൂട്ടത്തില്‍നിന്ന് സ്ക്രീനിന്റെ മുന്നിലേയ്ക്ക്‌ വന്ന് ഡൊമിനിക്കിനോട്‌ പറഞ്ഞു


" അതാണ്ഡാ, ഇതാണ്ഡാ


അരുണാചലം ഞാന്താണ്ഡാ"


പിന്നെ രണ്ടുമൂന്ന് വരീം കൂടെ പേശീട്ട്‌ മന്നന്‍ ചുവടുവെച്ച്‌ ഗ്രൂപ്പ്‌ ഡാന്‍സിനു പോയി. കണ്ടക്ടര്‍ അടുത്ത്‌ ചെന്ന് ഡൊമിനിക്കിന്റെ ചെവിയില്‍ പറഞ്ഞു


" നേരമേ അവര്‌ വന്ത്‌ കണ്ടക്ടര്‍ , നാന്‍ ഇപ്പോവും കണ്ടക്ടര്‍ . അപ്പടിതാന്‍ ആണ്ടവന്‍ നിനൈത്തത്‌"


അപ്പോളാണ്‌ കണ്ടക്ടര്‍ ഡൊമിനിക്കിന്റെ ബാഗുകണ്ടത്‌


" സാര്‍, ചിന്ന സാമാനം പെരിയ സുഖം തെരിയാതാ? "


ചുരമിറങ്ങി കമ്പം ലാക്കാക്കി ഒടാന്‍ തുടങ്ങിയപ്പോള്‍ തൂക്കത്തിലായി കമ്പം. കണ്ണടച്ചപ്പോള്‍ കാസറ്റ്‌ ഓട്ടോറീവൈന്‍ഡായി പുനലൂരുനിന്ന് ആര്യങ്കാവുവരെ . ആന കുഴികളൊഴിവാക്കിയപ്പോള്‍ തവളയുടെ ചാട്ടമായുരുന്നു പിന്നെ . അടുത്തിരുന്നയാള്‍ തോളില്‍തട്ടി കാസറ്റ്‌ ഓഫാക്കീട്ടു പറഞ്ഞു


" ഇങ്കെ, റോഡ്‌ ഔവളവും റൊമ്പ അളകായിരിക്കേന്‍ സാര്‍. കേരളവിലേ മാതിരി കുണ്ട്‌, കുളി ഏതും കെടയാത്‌ പളത്തില്‍ കത്തി ഏറ്റണമാതിരി ബസ്സ്‌ സ്മൂത്തായി പോയിടും സാര്‍ നീങ്ക തൂങ്ക്‌ സാര്‍"


കണ്ണുകള്‍ വീണ്ടും അടച്ചപ്പോള്‍ മന്നന്‍


" അതെന്താ? ഇതെന്താ:


സര്‍ക്കാര്‍ വളി ഇതാണ്ഡാ"


എന്നു പാടുന്നതുപോലെ തോന്നി എത്ര നേരം മയങ്ങി എന്നറിയില്ല . ഇടക്കൊന്നു കണ്ണുതുറന്നപ്പോള്‍ മന്നന്‍ ചെമ്പുവള ഇട്ട കയ്യുയര്‍ത്തി ആകാശത്തിലൊന്നു കറക്കി തലമുടിയിലൊന്നു തട്ടി ഡൊമിനിക്കിനോട്‌ പറഞ്ഞു


" ആണ്ടവന്‍ നിനപ്പേന്‍അരുണാചലം മുടിപ്പേന്‍"


2


" സാര്‍, മധുരൈ ആച്ച്‌"


അടുത്തിരുന്നയാള്‍ കുലുക്കി വിളിച്ചപ്പോളാണ്‌ ഉണര്‍ന്നത്‌. ബസ്സില്‍നിന്നിറങ്ങി. കണ്ടക്ടര്‍ അടുത്തുചെന്ന് ചോദിച്ചു


" സാര്‍, ജേര്‍ണി എപ്പടി ?"


" അണ്ണാ, രാമേശ്വരം ബസ്‌ എങ്കെ നിന്ന് കിടയ്ക്കും?"


" സാര്‍, ഇത്‌ ആറപ്പാളയം. നീങ്കള്‍ മാട്ടുത്താവണി പോങ്ക"


ബസ്സ്റ്റാന്റിനു വെളിയില്‍കിടന്ന ഓട്ടോയിലേയ്ക്ക്‌ നോക്കിയപ്പോള്‍ കണ്ടക്ടര്‍ തുടര്‍ന്ന് പറഞ്ഞു


" നിറയെ ബസ്സിറുക്ക്‌ സാര്‍, എതുക്ക്‌ ഓട്ടോ മൂന്നുരൂപാ മട്ടും. എയര്‍ബസ്സ്ക്ക്‌ ഏള്‌"


മാട്ടുത്താവണി


വാച്ചില്‍ നോക്കി നാലര മൊബെയിലെടുത്ത്‌ നാട്ടിലുള്ള സുഹ്രുത്ത്‌ വാര്യരെ ഒന്നു വിളിച്ചു അവന്‍ പറഞ്ഞു


" സ്റ്റാന്റില്‍ കഴിപ്പിടം എന്ന് മലയാളത്തില്‍ എഴുതിവെച്ചിട്ടുണ്ടായിരിക്കും എന്നാല്‍ ഒരു രണ്ട്‌ വീശാം എന്നുകരുതി അങ്ങോട്ടു പോകണ്ട, ഒരു ചായ വീശീട്ട്‌ ബസ്സില്‍ കയറ്‌ നാലുനാലര മണിക്കൂറുണ്ട്‌ രാമേശ്വരം "


സ്റ്റാന്റിനു വെളിയിലിറങ്ങി ചെറിയ ചായക്കടയില്‍ കുറിയിട്ട പിത്തള സമോവറില്‍ പത്തിന്റെ തുട്ടുകള്‍ ഇളകുന്ന ശബ്ദം . ഉഴുന്നുവടയില്‍ നിന്ന് ആവി പൊങ്ങുന്നു. ഒരു ചൂടുചായ രണ്ട്‌ വട . പത്തുരൂപ കൊടുത്തിട്ട്‌ തിരിഞ്ഞപ്പോള്‍ കടക്കാരന്‍ വിളിച്ചു


" കേരളാവാ? സാര്‍ ഇങ്കെ വിലയെല്ലാം റൊമ്പ കമ്മി"


തുട്ടുകള്‍ എണ്ണിനോക്കി . മൂന്നുരൂപാ


രാമേശ്വരത്തോട്ടുള്ള പോയിന്റ്‌ റ്റു പോയിന്റ്‌ ബസ്സില്‍ കയറിയിരുന്നപ്പോള്‍, മക്കള്‍തിലകം ഏതോ മിസ്സിന്റെ പുറകേനടന്ന് പാടുകയാണ്‌


" ഹലോ മിസ്‌, ഹലോ മിസ്‌


നീ എങ്കെ പോറിങ്കെ"


ശീട്ടുതരാന്‍ അടുത്തുവന്ന കണ്ടക്ടറോട്‌ പറഞ്ഞു


" നാന്‍ രാമേശ്വരം പോറിങ്കെ"


അമ്പതുരൂപാ മേടിച്ച്‌ ശീട്ട്‌ കീറികൊടുത്തിട്ട്‌ ചിരിച്ചുകൊണ്ട്‌ കണ്ടക്ടര്‍ പറഞ്ഞു


" സാര്‍, ഇങ്കെ ഫെയര്‍ റൊമ്പ കമ്മി"


3


അലര്‍ച്ച കേട്ടാണുണര്‍ന്നത്‌. അടുത്തിരുന്നയാള്‍ എത്തിവലിഞ്ഞ്‌ പുറത്തേയ്ക്ക്‌ നോക്കിയിട്ട്‌ ഉറക്കെ ആത്മഗതം നടത്തി


" നഞ്ച്‌ എതുക്ക്‌ നാന്നാഴി"


നോക്കി. മൈക്കും കൊടിയും വെച്ചുകെട്ടിയ സൈക്കിള്‍ ഉന്തികൊണ്ട്‌ ഒരാള്‍ അലറുകയാണ്‌


" ആര്‍പ്പാട്ടം ആര്‍പ്പാട്ടം കമ്മ്യൂണിസ്റ്റു കച്ചി ആര്‍പ്പാട്ടം"


മാനാമധുരൈ , അടുത്തിരുന്നയാള്‍ പറഞ്ഞു. വണ്ടി പളത്തില്‍ കത്തി ഏറ്റണമാതിരി സ്മൂത്തായി പോകുകയാണ്‌ ദൂരം പിന്നിടുമ്പോള്‍ കണ്ണുകള്‍ തുറന്നുവെച്ച്‌ പുറത്തേ കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നു. ഏക്കറുകണക്കിന്‌ തെങ്ങിന്തോപ്പുകള്‍ അതും കടന്ന് വണ്ടിയോടിയപ്പോള്‍ വാഴത്തോപ്പുകള്‍ . കണ്ണെടുക്കാതെ നോക്കികൊണ്ടിരുന്നപ്പോള്‍ അടുത്തിരുന്നയാള്‍ തോളില്‍തട്ടി പറഞ്ഞു


" തെന്നൈ, വാഴൈ ഇതെല്ലാമേ നീങ്കടെ ഊരിലിറുക്കാ?'


പച്ചനിറം വാരിപുതച്ച്‌ പരന്നുകിടക്കുന്ന വയലുകളൂടായപ്പോള്‍ കണ്ണടച്ചിരുട്ടാക്കി . അപകര്‍ഷതാബോധമാണോ, നിസ്സഹായവസ്ഥയാണോ ഉറക്കിയതെന്നറിഞ്ഞില്ല


4 ഡൊമിനിക്‌ ജോര്‍ജിന്റെ ഡയറിയില്‍ നിന്ന് ഞായര്‍ 26/10/2008


രാമേശ്വരംകോവിലിനുപക്കത്തില്‍ മുറിയെടുത്തു. കഴിപ്പിടത്തില്‍ ഇരിക്കുന്നതിനിടയില്‍ ചിന്തിച്ചു." റോമില്‍ ചെല്ലുമ്പോള്‍ റോമാക്കാരനേപ്പോലേ , ചേരയേ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുമുറി തിന്നണം" കുളിച്ചു. ഏറ്റവും വൃത്തികെട്ട വേഷം ധരിച്ചു. പുറത്തേക്കിറങ്ങി. കോവിലില്‍ച്ചെന്ന് അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമുണ്ടോ എന്നുനോക്കി. ഒരു ബോര്‍ഡും മനസ്സിലാകാത്തതുകൊണ്ട്‌ ഉദ്ധാരണ,പുനരുദ്ധാരണത്തിന്‌ ഓലകൊണ്ട്‌ മൂടിയിട്ടിരിക്കുന്ന കിഴക്കേ ഗോപുരത്തിനുകീഴേകൂടെ അകത്തുകയറി. ഏറ്റവും വലിയ വരാന്തയില്‍കൂടിനടക്കുമ്പോളാണ്‌ കുളിതെറ്റിക്കണ്ട എന്നുചിന്തിച്ചത്‌. വിശേഷാല്‍ ശീട്ടെടുത്ത്‌ തൊട്ടിയും കയറുമായി നടക്കുന്നവന്റെ പുറകേനടന്നു. തീര്‍ത്ഥം നമ്പ്ര വണ്‍, തീര്‍ത്ഥം നമ്പ്ര റ്റൂ, ഇരുപത്തൊന്നുംകഴിഞ്ഞ്‌ ആകാശഗംഗയിലും നനഞ്ഞ്‌ റോഡിലേക്കിറങ്ങി. രാമര്‍പാദം വരെ ഒന്നുപോയി. മുകളില്‍കയറി കണ്ണിനുമുകളില്‍ കൈവെച്ച്‌ ദിശനോക്കി രാമര്‍ പാലം പണിഞ്ഞതെവിടെയെന്നുകണ്ട്‌ മൂന്നാം നമ്പ്ര വണ്ടി പിടിച്ചു. വണ്ടിയില്‍ നിറയെ കുട്ടകളും വട്ടികളും കോഴികളും മാടുകളും പിന്നെ കുളിച്ചുവൃത്തിയാകാത്ത പാണ്ടികളുമായിരുന്നു. മൂക്കടഞ്ഞിരുന്നതുകൊണ്ട്‌ മീനിന്റെ മണം ഒന്നുംതന്നെ കിട്ടിയില്ല. കണ്ടക്ടര്‍ അഞ്ചുരൂപയുടെ ശീട്ട്‌ തന്നപ്പോള്‍ അടുത്തിരുന്ന നീറ്റായി വൃത്തികെട്ട വേഷം ധരിച്ചിരുന്നയാളോട്‌ ചോദിച്ചു


" അണ്ണാ, ധനുഷ്കോടി എത്ര ദൂരമിറുക്ക്‌?"


" എറൗണ്ട്‌ സെവന്റീന്‍ കിലോമീറ്റേഴ്സ്‌, ദ ലാസ്റ്റ്‌ ബസ്‌ പോയിന്റ്‌ അനദര്‍ എയിറ്റ്‌ റ്റു ദ ടിപ്‌" ടിയാന്‍ മണിമണി പോലെ ഇംഗ്ലീഷില്‍ പറഞ്ഞു


പതിനേഴുകിലോമീറ്ററിന്‌ അഞ്ച്‌ രൂപയേ ഉള്ളോ എന്ന് അത്ഭുതത്തോടെ ചിന്തിച്ചപ്പോള്‍ ടിയാന്‍ വീണ്ടും പറഞ്ഞു


" ഹിയര്‍ ട്രാവല്ലിംഗ്‌ ഈസ്‌ വെരി ചീപ്പ്പ്‌ ദാന്‍ കേരളാ"


" ഇതാ ഉങ്കളുടെ ഊര്‌?"


" ഓഹ്‌ നോ ഐ ബിലോങ്ങ്സ്‌ റ്റു ദ അദര്‍ സൈഡ്‌ ഓഫ്‌ രാമര്‍ ബ്രിഡ്ജ്‌"


ധനുഷ്കോടി. ബസ്സിറങ്ങി. മുക്കുവരുടെ ഓലക്കുടിലുകള്‍, ചെറിയ ചായക്കടകള്‍ , കരയിലേയ്ക്ക്‌ കയറുന്ന തിരമാലകള്‍. വണ്ടിക്കാരന്‍ അടുത്തുവന്ന് ചോദിച്ചു


" പോകലാമ?"


പുതയുന്ന മണലില്‍കൂടി അങ്ങേയറ്റത്തേയ്ക്ക്‌ കൂടെയുണ്ടായിരുന്ന മലയാളിഫാമിലി പറഞ്ഞു.


" തെളിമയുണ്ടെങ്കില്‍ അറ്റത്തുചെന്നാല്‍ ലങ്ക കാണാം പിന്നെ വാലുചുരുട്ടി ചാടിയാല്‍മതി."


തിരിച്ചുവരുന്ന വഴിയില്‍ കടലാക്രമണത്തിന്റെ ബാക്കിപത്രം തകര്‍ന്നപള്ളി, റെയിവേസ്റ്റേഷന്‍ . വീണ്ടും ധനുഷ്കോടിയിലെത്തിയപ്പോള്‍ സൂര്യന്‍ താഴാന്‍ കാത്തുനില്‍ക്കുകയായിരുന്നു അമൂല്‍സ്പ്രേ ഇട്ട ഒരുചായ ഒരുമുറുക്ക്‌ . തിരിച്ച്‌ കോവില്‍പക്കത്തെത്തിയപ്പോള്‍ സന്ധ്യാ ലോഡ്ജിനു താഴെ തട്ടുകടയില്‍ ഇഡലിക്ക്‌ ആവിപറക്കുന്നു. എട്ടിഡലി, രണ്ടുവടൈ, പതിനഞ്ച്‌ രൂപൈ


5 കഥൈ തുടരുകയാണ്‌


കിഴക്കേഗോപുരത്തിനു താഴെ കുത്തിയിരിക്കുകയായിരുന്നു. പെണ്‍കുട്ടി കോവിലില്‍ തൊഴുത്‌ സൈക്കിളിന്റെ അടുത്തോട്ട്‌ നീങ്ങുന്നതിനിടയിലണ്‌ വേഷപ്രച്ഛന്നനേ കണ്ടത്‌ മുന്നില്‍ ചെന്ന് സൂക്ഷിച്ചുനോക്കിയിട്ട്‌ അവാള്‍ വായ്‌ തുറന്നു


" നീങ്കെ മലയാളിയല്ലയാ, എന്ത വേഷം പോട്ടാലും ഉങ്കളെ പാത്താല്‍ തെരിയും. നാങ്ക വന്ത്‌ തമിളര്‍ എങ്കിളുക്ക്‌ വന്ത്‌ നീറ്റ്നെസ്സ്‌ കെടയാത്‌. നാങ്കെ കുളിക്കവുമില്ലൈ. ഇന്ത സൈക്കിള്‍ പാത്താച്ചാ ? ഇത്‌ വന്ത്‌ അരശാങ്കം കൊടുത്തത്‌ ഉങ്കളുക്ക്‌ ഒരുരൂപാവുക്ക്‌ അരി വേണമാ, നാന്‍ വാങ്കിത്തരേന്‍ കേരളാവിലെ ഒരുരൂപ, പിച്ചക്കാരുകൂടെ വാങ്കുമാ? ഇങ്കവന്ത്‌ മക്കളോടെ ആട്ചി മക്കള്‍ നിനപ്പേന്‍ കരുണാനിധി മുടിപ്പേന്‍. നിധി ഇല്ലേന്നാല്‍ പറവായില്ലൈ, അമ്മ മുടിപ്പേന്‍ അങ്കയോ? കുറവന്‍ കുറത്തി വിളയാടലല്ലയാ? പോയി സത്ത്‌ തുലയുങ്ക്‌ സാര്‍"


പെണ്‍പേച്ച്‌ കത്തിപോലെ കേറിയപ്പോള്‍ സത്ത്‌ തുലയാന്‍ തന്നെ തീരുമാനിച്ചു. തീരത്തുചെന്നപ്പോളാണ്‌ ടി ടീ ഡീ സി യുടെ പെര്‍മിറ്റ്‌ റൂം കണ്ടത്‌ എന്നാല്‍ രണ്ടെണ്ണം അടിച്ചിട്ട്‌ ചാകാം എന്നുകരുതി. ബാര്‍മാന്‍ ലാര്‍ജിനൊപ്പം സോഡയും ചുണ്ടലും വെച്ചു. അത്‌ രണ്ടും തിരിച്ചുന്തിനീക്കിയിട്ട്‌ പറഞ്ഞു


" നോ താങ്ക്സ്‌ "


ബാര്‍മാന്‍ പറഞ്ഞു " ഫ്രീയാക്കും സാര്‍ "


അപ്പോള്‍ ലാര്‍ജിന്റെ അളവുനാലായി സത്ത്‌ തുലയെണ്ടാ എന്നു തീരുമാനവുമെടുത്തു


6 മടക്കയാത്ര


മധുരവണ്ടിയില്‍ കൗണ്ടര്‍കാന്ത്‌ അംബികയുടെ തങ്കച്ചി രാധയുടെ പുറകേ നടന്ന് പാടുകയാണ്‌


" ചിന്നമണിക്കുയിലേമെല്ലേവരൂ മയിലേ"


മധുരയില്‍നിന്ന് പൊള്ളാച്ചി. പൊള്ളാച്ചിയില്‍നിന്ന് . ഇരുവശങ്ങളും കാറ്റാടിയന്ത്രങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. ഏക്കറുകണക്കിനു കൃഷി പെട്ടിയില്‍ വീണ്ടും സ്റ്റെയില്മന്നന്‍ ചാടിക്കയറി


" മലയാളക്കരയോളം തമിഴ്‌ പാടും കുരുവി"


മലയാളക്കര ആകാറായെന്ന് അപ്പോളാണ്‌ മനസ്സിലായത്‌. കാലുകള്‍ക്കെന്തോ രൂപമാറ്റം വന്നപോലെ . ചെക്ക്‌ പോസ്റ്റില്‍ എത്തിയപ്പോള്‍ തീര്‍ത്തും നാല്‍ക്കാലിയായിക്കഴിഞ്ഞിരുന്നു. " കഴുതൈ" കൊഴിഞ്ഞാമ്പാറയില്‍ എത്തിയപ്പോള്‍ വാര്യരെ വിളിച്ചു.


" അയാം സഫറിംഗ്‌ ഫ്രം മെന്റല്‍ ഡിസന്റ്രി"


വാര്യര്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു " അപ്പടിതാന്‍ ആണ്ടവന്‍ നിനൈത്തത്‌ ഫേറ്റ്‌ ഓഫ്‌ ഏ മാന്‍ വേറെ ആണുങ്ങള്‍ എഴുതിയിട്ടുണ്ട്‌ . പോയി ഫേറ്റ്‌ ഓഫ്‌ ഏ സ്റ്റേറ്റ്‌ എന്ന കഥ എഴുത്‌ "


രാത്രി പാലക്കാടുനിന്ന് തിരുവനന്തപുരത്തേയ്ക്ക്‌ അമൃത പിടിച്ചു. അഞ്ചുമണിക്ക്‌ തമ്പാനൂരെറങ്ങി . ലക്ഷ്യമില്ലാതെനടന്ന് ചെന്നുനിന്നത്‌ പത്രത്തിലും ടീവിയിലും സ്ഥിരം കാണുന്ന വലിയകെട്ടിടത്തിന്റെ മുന്നിലാണ്‌ സകല നിയന്ത്രണവും കൈവിട്ടുപോയി. വലത്തുകാല്‍ മുന്നോട്ടുനീക്കിക്കുത്തി കെട്ടിടത്തിനുനേരേ കൈചൂണ്ടി ഉറക്കെ പാടി


" യാരുകാഹേ, ഇത്‌ യാരുകാഹേ


ഇന്തമാളിഹൈ വസന്തമാളിഹൈ"

Sunday, October 5, 2008

പാലക്കാടന്‍ പലവക മൂന്നാം ഭാഗം

1 Kumaarettan
പുറത്തേയ്ക്ക്‌ നോക്കിയപ്പോള്‍ കനത്തമഴ
. " പെയ്യട്ടങ്ങനെ, പെയ്യട്ടെകോരിച്ചൊരിഞ്ഞുപെയ്യട്ടേ" എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട്‌ പല്ലൊന്നുരച്ചു. മറ്റുകര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ ചായ ചെന്നേപറ്റു . മുന്തിയ കമ്പനിയുടെ മുന്തിയ മോഡല്‍ ചെരിപ്പ്‌ കട്ടിലിന്റെ കീഴിലേയ്ക്ക്‌ നീക്കിയിട്ടു . ഒന്നുനനഞ്ഞിട്ട്‌ പാലക്കാടൂടെ ഇട്ടോണ്ട്‌ നടന്നാല്‍ കോട്ടയത്തുള്ളവര്‍ വരെ മൂപാലക്കാടന്‍ പലവക മൂന്നാം ഭാഗംക്കുപൊത്തും . അതാണു സ്ഥിതി മുറിപൂട്ടി വെളിയിലിറങ്ങി മുക്കിലെ തട്ടുചായക്കടയിലെത്തിയപ്പോള്‍ കോറം തികഞ്ഞിരുന്നില്ല.
" എന്തുപറ്റി, ഇന്നലെ കണ്ടില്ലല്ലോ? പടുതയ്കടിയിലേക്ക്‌ നൂഴ്‌ന്നുകയറുന്നതിനിടയില്‍ കടക്കാരന്‍ പ്രകാശേട്ടനോട്‌ ചോദിച്ചു ." എന്തുപറയാനാണു മാഷേ, മഴതുടങ്ങിയതോടെ വീട്ടുകാരിക്കും പിള്ളേര്‍ക്കും ചൊമേം ജലദോഷവും തുടങ്ങി. വീട്ടില്‍, രണ്ടുമൂന്നിടത്ത്‌ ചോര്‍ച്ച ഉണ്ടായിരുന്നു. അതും നേരേയാക്കി"
" അല്‍പസുഖം, അനേകദു:ഖം" കുടമടക്കി പടുതയ്കകത്തോട്ടു കേറുന്നതിനിടയില്‍ കുമാരേട്ടന്‍ പറഞ്ഞു
" നിങ്ങള്‌ ഒറ്റത്തടി, കുമാരേട്ടാ , എന്തുവേണമെങ്കിലും ഉപദേശിക്കമല്ലോ" കുമാരേട്ടന്‌ ചായ കൊടുക്കുന്നതിനിടയില്‍ പ്രകാശന്‍ പറഞ്ഞു
" ഉപദേശങ്ങള്‍ സൗജന്യമാണ്‌, പണം കൊടുത്ത്‌ മേടിക്കുമ്പോള്‍ അത്‌ കൗണ്‍സിലിംഗ്‌ ആകും" കുമാരേട്ടന്‍ കാലിഗ്ലാസ്സ്‌ തിരിച്ചുകൊടുത്തിട്ട്‌ ഒരു ബീഡിക്ക്‌ തീകൊടുത്തു. മഴ തിമര്‍ത്തുപെയ്യുകയാണ്‌ കുറയുന്ന ഭാവമൊന്നുമില്ല പടുതയ്കിടെയിലൂടെ ചോര്‍ന്നുതുടങ്ങി. കുമാരേട്ടനോട്‌ ഒരുബീഡി വാങ്ങി ഒരുചായകൂടെ പറഞ്ഞു. ചോര്‍ന്നുതുടങ്ങിയതോടെ അകത്തിരുന്നവര്‍ കൂടുതല്‍ ചേര്‍ന്നിരുന്നു
" കേദാരനാഥത്തിലേക്കുള്ള വഴിയിലാണെങ്കില്‍ ആള്‍ക്കാര്‍ ഇതുപോലെ തീയ്ക്കുചുറ്റും ചേര്‍ന്നിരുന്ന് ചിലം മാറിമാറി എടുത്ത്‌ ബോലോ ബം ബം എന്നു പറഞ്ഞേനേ. പാലക്കാട്‌ ഇക്കൊല്ലം ഇങ്ങിനെ മഴ ഇതാദ്യമാണേ" പത്രത്തിന്റെ താളുമറിക്കുന്നതിനിടയില്‍ കുമാരേട്ടന്‍ പറഞ്ഞു. " ഉറങ്ങികിടക്കുമ്പോള്‍ തലയ്കടിച്ചുകൊന്നു, കേട്ടോ പ്രകാശാ , ചത്തതു, കൊന്നവനെങ്കില്‍ കൊന്നതു ചത്തവന്‍ തന്നേ"
" നിങ്ങള്‌ എന്ത്പ്രാന്താ ഇപ്പറയുന്നത്‌ കുമാരേട്ടാ?
" അരുണാചലത്തില്‍ കുത്തിയിരുന്ന ആശാന്‍ സെല്‍ഫ്‌ എന്നാണ്‌ പറഞ്ഞത്‌. ഇവിടെ കൊപ്പത്തുണ്ടല്ലോ ഒരാശ്രമം ബ്രഹ്മം എന്നും പറയും എല്ലാം ബ്രഹ്മമാകുമ്പോള്‍ ആരാണുപ്രകാശാ കൊല്ലുകേം ചാകുകേം ചെയ്യുന്നത്‌" കുമാരേട്ടന്‍ ഒരു ചായകൂടി പറഞ്ഞ്‌ അടുത്ത താളിലേക്ക്‌ കടന്നു" മാട്രിമോണിയല്‍, മഴേം നല്ലതണുപ്പും, വാണ്ടട്‌ ഗ്രൂം പ്രൊഫണല്‍സ്‌ ഓണ്‍ലി . ആര്‍ക്കും ചെറുക്കനേയും പെണ്ണിനേയും വേണ്ട പ്രൊഫണല്‍സിനെ മതി അതാകുമ്പോള്‍ കാര്യങ്ങളെല്ലാം അറിയാവുന്നതുകൊണ്ട്‌ പണി എളുപ്പമായിരിക്കുമേ, വെല്ല്യ താമസമില്ലാതെ ക്ലാസിഫൈഡ്സില്‍ ഫോര്‍ സെയില്‍ വൈഫ്‌ സ്പേറിങ്ങിലി യൂസ്ട്‌ എന്നുപരസ്യം വരും നമ്മുടെ നാട്‌ അതുപോലെ പുരോഗമിച്ചേ "
പ്രകാശന്‍ ചിരിച്ചുകൊണ്ട്‌ പൈസവാങ്ങി പെട്ടിയിലിട്ടു കുമാരേട്ടന്‍ ഒരുബീഡികൂടി കത്തിച്ച്‌ കുടനിവര്‍ത്തി മഴയിലേക്കിറങ്ങി
2Chekuththan

പണം കൊടുത്തിട്ട്‌, പടുതയിലെ ചോര്‍ച്ചയില്‍നിന്ന് വെളിയിലേക്കിറങ്ങി. മഴകുറയുന്ന ലക്ഷണമില്ല. മുറിയിലെത്തി, കട്ടിലില്‍ നീണ്ടുനിവര്‍ന്ന് കിടന്നു. ജനലിനു വെളിയില്‍ മഴതിമര്‍ത്തുപെയ്യുന്നു. കാറ്റില്‍ അകത്തേയ്ക്ക്‌ ഈര്‍പ്പവും തണുപ്പും അരിച്ചു കയറുന്നു. മഴ കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍, ഒരാള്‍ കട്ടിലില്‍ വന്നിരുന്നത്‌ അറിഞ്ഞില്ല. ചാടിയെഴുന്നേറ്റു. മുറിയുടെ വാതില്‍ അടഞ്ഞുതന്നെ കിടക്കുന്നു.

" ആരാ, എങ്ങിനാ ഇതിനകത്തുകയറിയത്‌" ? ശബ്ദം ഇടറുന്നുണ്ടായിരുന്നു.

കയ്യിലിരുന്ന മൂന്നുകുത്ത്‌ ചീട്ട്‌ പൊക്കികാണിച്ചുകൊണ്ട്‌ അകത്തുവന്നയാള്‍ പറഞ്ഞു.
" വാര്യര്‍ സമാധാനമായിട്ടിരിക്കുക. മടിയനായികിടക്കുന്നത്‌ കണ്ട്‌ ഇത്‌ കളിക്കാന്‍ കേറിയതാണ്‌. മടിയന്മാരുടെ മനസ്സാണ്‌ എന്റെ പ്ലേഗ്രൗണ്ട്‌. ഓ, സോറി ഞാന്‍ പരിചയപ്പെടുത്തിയില്ല, ഞാന്‍ ചെകുത്താന്‍. ഒരുവിധപെട്ട എല്ലാ മതക്കാര്‍ക്കും ത്രിത്വം പറഞ്ഞിട്ടുണ്ട്‌ അതുകൊണ്ടാണ്‌ മൂന്നുകുത്ത്‌ ചീട്ടുമായി ഇറങ്ങിയത്‌. "
അപ്പോളാണ്‌ ശ്വാസം നേരേ വീണത്‌ " ഹാവൂ, ആശ്വാസമായി, ചെകുത്താനാണല്ലേ, ഞാന്‍ വിചാരിച്ചു വല്ല കള്ളന്മാരുമായിരിക്കുമെന്ന്. അല്ല ചെകുത്താന്‍ എന്താ ഇത്ര ടിപ്പ്‌ ടോപ്പായിട്ട്‌ ഫോട്ടോയില്‍ ഇങ്ങിനെയല്ലല്ലൊ.?
ഞങ്ങളുടെ ശത്രുക്കളാണ്‌ ഫോട്ടോകളെല്ലാം എടുത്തിരിക്കുന്നത്‌. ഞങ്ങള്‍ ഏതു സമുദായത്തില്‍പെട്ട ചെകുത്താന്മാരാണെങ്കിലും. ഇങ്ങിനെ ടിപ്പ്‌ ടോപ്പായേ നടക്കൂ. എന്നാലേ ഞങ്ങള്‍ക്ക്‌ മനുഷ്യരേ ഞങ്ങളുടെ വഴിയേ നടത്താന്‍ പറ്റൂ. ഇപ്പോള്‍ പത്രത്തില്‍ വരുന്ന ക്രിമിനല്‍സിന്റെ ചിത്രങ്ങളു കണ്ടിട്ടില്ലേ? എത്ര സ്മാര്‍ട്ടാണവര്‍, എന്ത്‌ ഐശ്വര്യവും സന്തോഷവുമാണ്‌ അവരുടെ മുഖത്ത്‌"
ചെകുത്താന്‍ ചീട്ടുകള്‍ പുറത്തെടുത്തു. കശക്കി. പിന്നെ തുടര്‍ന്നു " ദൈവം ഒറ്റ ലൈഫേ ആകാവൂ എന്നാണു പറയുന്നത്‌ പക്ഷേ ഞങ്ങള്‍ക്ക്‌ സെക്കണ്ട്‌ ലൈഫ്‌ മസ്റ്റാണ്‌ ഒരു ജന്മം കൊണ്ട്‌ എന്താകാനാ. ചില അവന്മാര്‍ കയ്യെടുത്തിട്ട്‌ സ്ക്രൂട്ട്‌ ചെയ്യും കളിക്കില്ല. വേറേ ചിലര്‍ കളിച്ചു തുടങ്ങിയിട്ട്‌ മിഡില്‍ സ്ക്രൂട്ട്‌ ചെയ്യും. മണ്ടന്മാര്‍ അവരെന്നിട്ട്‌ ദൈവത്തിന്റെ കൂടെപോകും അവരറിയുന്നുണ്ടോ സ്വര്‍ഗ്ഗത്തില്‍ കഞ്ഞിയും പയറുമേയുള്ളൂ എന്ന്"
ഒന്നുകൂടെ ചീട്ടുകശക്കി പോയിന്റെഴുതാന്‍ കടലാസും പേനയുമെടുത്ത്ചെകുത്താന്‍ കളിക്കാന്‍ തയ്യാറായി.
" കഞ്ഞിയുടെ കാര്യം പറഞ്ഞപ്പോളാണോര്‍ത്തത്‌ ഉച്ചക്ക്‌ 12 മണിവരെ കളിച്ചാല്‍മതി അതുകഴിഞ്ഞാല്‍ എനിക്ക്‌ കഴിക്കാന്‍ പോകണം "
" പന്ത്രണ്ടെങ്കില്‍ പന്ത്രണ്ട്‌ മിസ്റ്റര്‍ വാര്യര്‍, തമിഴര്‍ കഴിക്കുന്നതും കളിക്കുകയാണ്‌ യൂനോ?
ചീട്ടുകളിട്ടുഉച്ചക്കുണ്ണാന്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ കുമാരേട്ടന്‍ കയ്യും തുടച്ചിറങ്ങിവരുന്നു
" അല്ലാ സ്മാര്‍ട്ടായിട്ടുണ്ടല്ലൊ, എന്തായിരുന്നു പരിപാടി? പിന്നെ ഉപദേശിച്ചു"
" മൂത്രമൊഴിച്ചുണ്ണണം
മോരൊഴിച്ചുണ്ണരുത്‌"
ഉച്ചയൂണുകഴിഞ്ഞ്‌ ലോഡ്ജിലെത്തി, മുറിതുറന്നകത്ത്‌ കയറിയപ്പോള്‍ ചെകുത്താന്‍ കട്ടിലില്‍തന്നെ ഇരിപ്പുണ്ട്‌
" എന്താ, വാര്യര്‍, ഒത്തിരി സമയമെടുത്തല്ലോ ഉണ്ടിട്ടുവരാന്‍ "ചെകുത്താന്റെ ശബ്ദം കടുത്തോ എന്നോരു സംശയം.
" കുമാരേട്ടനേ കണ്ടു, അതാണുതാമസിച്ചത്‌"
" കുമാരനേയോ?" ചെകുത്താന്റെ മുഖം ഇരുണ്ടു. " ഇന്ന് ആദ്യമായാണോ കാണുന്നത്‌? "
" അല്ല, രാവിലെ കണ്ടിരുന്നു എന്താ ?"
" അവന്‍ ബ്രഹ്മത്തിനേക്കുറിച്ച്‌ പറഞ്ഞു അല്ലേ. അതുകൊണ്ടാണ്‌ മിസ്റ്റര്‍ വാര്യര്‍ക്ക്‌ ഉച്ചയ്ക്ക്‌ കളിനിര്‍ത്താന്‍ പറ്റിയത്‌. ഇന്നിനി ഞാന്‍ നില്‍ക്കുന്നില്ല. ശരി പിന്നെക്കാണാം"
ചെകുത്താന്‍ അടഞ്ഞുകിടന്ന വാതിലിലൂടെ ഇറങ്ങിപ്പോയിനോക്കിയപ്പോള്‍ പുറത്ത്‌ മഴ തിമിര്‍ക്കുന്നുണ്ടായിരുന്നു
3 Mettupaalayam Street
ഒരു ശൂന്യത. ആള്‌ ചെകുത്താനായിരുന്നെങ്കിലും നല്ല കമ്പനിയായിരുന്നു. കുമാരേട്ടനെ കാണേണ്ടിയിരുന്നില്ല. കട്ടിലില്‍ കിടന്നുകൊണ്ട്‌ ചിന്തിച്ചു. അപ്പോള്‍ കാറ്റില്‍കൂടി അകത്തേയ്ക്ക്‌ തെറിച്ചുവീണ ഒരു മഴത്തുള്ളിയില്‍നിന്ന് രൂപം കൊണ്ട്‌ അവള്‍ പറഞ്ഞു
" ദൈവമെന്നും, ചെകുത്താനെന്നും തോന്നുന്നതും തോന്നിക്കുന്നന്നതും എല്ലാം ഞാനാണ്‌. വൈകിട്ട്‌ മേട്ടുപാളായം സ്റ്റ്രീറ്റില്‍കൂടി നടന്നാല്‍ മതി ഒരു പാഠം കൂടി കിട്ടും"
പിന്നെ അവള്‍ വീണ്ടും മഴത്തുള്ളിയായി മാറിമഴ ശമിച്ചു. വാച്ചില്‍ നോക്കി. മണി നാലാകുന്നു. മുറിപൂട്ടി പുറത്തേക്കിറങ്ങി. ടൗണ്‍ റെയില്വേ സ്റ്റേഷനില്‍പോയി മധുരക്കുള്ള രാത്രിവണ്ടിക്ക്‌ ഒരു ചീട്ടെടുക്കണം മേട്ടുപാളയം സ്റ്റ്രീറ്റില്‍കൂടി നടന്ന് ഇടത്തോട്ട്‌ തിരിഞ്ഞു. അറിയാതെ മൂക്കുപൊത്തി. മഴ പെയ്താല്‍ മണം കൂടുതലാണ്‌
" അര്‍ത്ഥാപത്തി അതോപിന്നെ
ചൊല്ലാനില്ലെന്ന യുക്തിയാം"
ആരോ ചൊല്ലുന്നതുകേട്ടിട്ട്‌ തിരിഞ്ഞുനോക്കി. കൂട്ടില്‍കിടക്കുന്ന ചാകാറായ ഒരു ഇറച്ചിക്കോഴി
" കോയമ്പത്തൂരുനിന്ന് ഇവിടെവരെ എത്തിയപ്പോള്‍ ഞങ്ങള്‌ ചത്തപോലായി, മാഷ്‌ മൂക്കും പൊത്തി. അപ്പോള്‍ ഞങ്ങള്‌ മാഷിന്റെ നാട്ടില്‌ അങ്ങ്‌ കോട്ടയത്ത്‌ എത്തുമ്പോ എന്തായിരിക്കും മണം
അപ്പക്കോലെലി മോഷ്ടിക്കുന്നു
അപ്പത്തിന്‍ കഥ ചൊല്ലണോ"
അല്ല മാഷേ, ഇപ്പോള്‍ അടച്ച ഈ മൂക്ക്‌ നന്നായി തുറന്നല്ലെ ഏറ്റുമാനൂര്‍ കവലയില്‍കൂടി മാഷ്‌ വൈകുന്നേരം പോകുന്നത്‌ ചത്ത ഞങ്ങളുടെ ഇറച്ചികറികളുടെ മണം പിടിക്കാന്‍ മാഷിനു നാണയത്തിന്റെ മറുവശം കാണണോ? തൊട്ടപ്പുറത്ത്‌ ഇടത്തോട്ടുള്ള ഇടവഴീകൂടെ പോയാല്‍ മതി"
ഒരുനിമിഷം ആലോചിച്ചു. പൂരൂരുട്ടാതി നക്ഷത്രക്കാരുടെ പക്ഷി ഉപ്പനാണ്‌ അപ്പോള്‍ ഒരു കോഴി പറയുന്നതുകേട്ടാല്‍ ശരിയാകുമോ?
അപ്പോള്‍ മനസ്സുവായിച്ചിട്ടെന്നപോലെ കൂട്ടില്‍കിടന്ന കോഴിപറഞ്ഞു
" കോഴീന്നും, ഉപ്പനെന്നും ഒക്കെ തോന്നിക്കുന്നതും അവള്‍തന്നെയാണു മാഷേ"
തിരിച്ചുനടന്നു. തൊട്ടടുത്ത ഇടത്തോട്ടുള്ള ഇടവഴിയിലേയ്ക്ക്‌ തിരിഞ്ഞു. പൂക്കള്‍, ജമന്തി മുല്ല മല പോലെ കൂട്ടിയിട്ടിരിക്കുന്നു. പൂമാലകള്‍ തൂക്കിത്തൂക്കിയിട്ടിരിക്കുന്നു. തൊട്ടപ്പുറത്തേ ഇടവഴിയിലേ കോഴികളുടെ ദുര്‍ഗന്ധം തന്നേ മറന്നു. ഈ വഴിയില്‍ പൂക്കളുടെ സുഗന്ധം മാത്രമേയുള്ളു,. മൂക്കുതുറന്നുപിടിച്ച്‌ മുന്നോട്ടുനടന്നു. ഇടവഴിയുടെ അവസാനമെത്തിയപ്പോള്‍ ആരോ വിളിച്ചു
" ഹലോ"
നോക്കിയപ്പോള്‍ ഒരു തമിഴ്‌ സ്ത്രീക്ക്‌ മാല പൊതിഞ്ഞുകൊടുക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു " കേട്ടോ മാഷേ ദക്ഷിണേശ്വരത്തിലെ ആശാന്‍ പറഞ്ഞിട്ടുണ്ട്‌ വായു സുഗന്ധവും ദുര്‍ഗന്ധവും വഹിച്ചുകൊണ്ടുവരും പക്ഷേ വായുവിനേ ഇതുരണ്ടും ബാധിക്കുന്നില്ല. എന്ന് കേട്ടിട്ടുണ്ടോ ചെന്നാട്ടേ, ടൗണ്‍ സ്റ്റേഷനില്‍ പോകണ്ടേ?"
ഇതുപറയുമ്പോള്‍ അവള്‍ ചിരിക്കുന്നുണ്ടായിരുന്നു
4 Vararuchi

മേട്ടുപാളയം സ്റ്റ്രീറ്റില്‍നിന്ന് മുന്‍സിപ്പല്‍ സ്റ്റാന്റില്‍കൂടി ടൗണ്‍ സ്റ്റേഷനില്‍ ചെന്നു. രാത്രി 10..50 നു ഒലവക്കോടുനിന്നുവിടുന്ന മധുരവണ്ടിക്ക്‌ ചീട്ടെടുത്തു. വെളിയിലിറങ്ങി ഒരു ചായ കുടിച്ചുകൊണ്ടുനിന്നപ്പോള്‍ പെട്ടെന്ന് ഒരു ഉള്‍വിളി പോലെ . വീണ്ടും സ്റ്റേഷനിലെ ടിക്കറ്റ്‌ കൗണ്ടറിലെത്തി. മൂന്നുരൂപാ അകത്തേയ്ക്ക്‌ വെച്ചിട്ട്‌ പറഞ്ഞു
" ഒരു പ്ലാറ്റ്‌ ഫോം ടിക്കറ്റ്‌"
കണ്ണാടിയ്കടിയിലൂടെ സൂക്ഷിച്ച്‌ നോക്കിയിട്ട്‌ കൗണ്ട്രാള്‍ പറഞ്ഞു
" ഇവിടെ പിലാറ്റുഫോറം ടിക്കറ്റേ കിട്ടുള്ളൂ . അതിലൊരെണ്ണം എടുക്കട്ടെ ?
സമ്മതഭാവത്തില്‍ തലകുലുക്കിയപ്പോള്‍ അയാള്‍ മൂന്നുരൂപ പെട്ടിയിലാക്കി ഒരു കാക്കികടലാസുകഷ്ണം ഇട്ടുതന്നു പിലാറ്റുഫോറത്തില്‍ ഒഴിഞ്ഞ കോണില്‍ മരത്തിന്റെ താഴെയുള്ള ബെഞ്ചില്‍ പോയിരുന്നു പഴനിയില്‍നിന്നു വന്ന ട്രെയിനിലെ യാത്രക്കാരെല്ലാം ചിലച്ചുകൊണ്ട്‌ ഇറങ്ങിപ്പോയി. അപ്പോള്‍ മരങ്ങളില്‍നിന്ന് കിളികള്‍ ചിലച്ചുതുടങ്ങി പോര്‍ട്ടര്‍ ദാമു ഒരു ബീഡി വലിച്ചുകൊണ്ട്‌ അടുത്തുവന്നിട്ട്‌ പറഞ്ഞു
" എല്ലാം ബ്രഹ്മമാണെന്നറിയുന്നതുവരെ പക്ഷികാഷ്ഠം , പക്ഷികാഷ്ഠം തന്നെയാണുമാഷേ"
ചിരിച്ചുകൊണ്ട്‌ ദാമുവിന്റെ കയ്യില്‍നിന്ന് ഒരു ബീഡി മേടിച്ചു. കണ്ണടച്ചിരുന്നു. കിളികള്‍ ചിലക്കുന്നത്‌ സംഗീതമായി ചെവികളില്‍ അലിയുന്നു. പെട്ടെന്ന് സംഗീതം നിലച്ചു. ഇലകളുടെ ഇടയില്‍നിന്നും ഒരു സംസാരം ഉയര്‍ന്നു
" കിളീ, പണ്ട്‌ നമ്മളൊരു മരത്തിലിരുന്നപ്പോള്‍ , രാമം ദശരഥം വിദ്ധി എന്നറിയാന്മേലാത്ത ഒരു പട്ടര്‌ നമ്മുടെ കീഴില്‍ വന്നിരുന്നത്‌ കിളി ഓര്‍ക്കുന്നുണ്ടോ ? "
" ഉണ്ട്‌ കിളിയെന്താ, ഇപ്പോളത്‌ ചോദിച്ചത്‌?"
" ലോഡ്ജുമുറിയിലും പൂക്കടയിലും അവളേ കണ്ടിട്ടും കാണാതെ, കാണാന്‍ മധുരക്കുപോകുന്ന ഒരു മണ്ടന്‍ ദേ താഴെയിരിക്കുന്നു"
കിളികളുടെ സംസാരം വീണ്ടും വീണ്ടും ചെവികളില്‍ മുഴങ്ങിയപ്പോള്‍ കണ്ണുതുറന്നു
5 Aval

ജനലിനുവെളിയില്‍ മഴ തിമര്‍ത്തുപെയ്യുകയാണ്‌. വാച്ചില്‍നോക്കി. മണി ആറുകഴിഞ്ഞിരിക്കുന്നു. കട്ടിലില്‍നിന്നെഴുന്നേറ്റു. ഒന്നുമൂത്രമൊഴിച്ചു മുഖം കഴുകി ഷര്‍ട്ടിട്ടു പുതിയ ചെരിപ്പ്‌ കട്ടിലിന്റെ കീഴിലേക്ക്‌ നീക്കിയിട്ട്‌ മുറിപൂട്ടി പുറത്തിറങ്ങി ഒരു ചായ കുടിക്കാന്‍ മുക്കിലെ ചായപ്പീടികയില്‍ ചെന്നുഒരു ചൂടുചായ തരുന്നതിനിടയില്‍ പ്രകാശന്‍ ചോദിച്ചു
" മാഷ്‌ മുറീല്‍ തന്നെയുണ്ടായിരുന്നോ? ചീട്ടുകളിക്കാന്‍ ആളില്ലാതെ കുമാരേട്ടന്‍ വിഷമിച്ചുനടക്കുകായിരുന്നു"
അപ്പോള്‍ കടന്നുപോയ ഒരു രണ്ടാം നമ്പര്‍ ബസ്സില്‍നിന്ന് അവള്‍ കൈപൊക്കി ചിരിച്ചുകാണിച്ചു

Friday, September 5, 2008

ഗജരാജന്‍ കലക്ടര്‍ കാഞ്ഞിരക്കാട്‌


1

നല്ലകാര്യങ്ങളെല്ലാം സുപ്രഭാതങ്ങളിലാണ്‌ സംഭവിക്കുന്നത്‌. അത്തരം ഒരു സുപ്രഭാതം. അവള്‍ അടുക്കളയില്‍നിന്ന് സുബ്ബലക്ഷ്മിയുടെ ശബ്ദത്തില്‍ കൗസല്ല്യയുടെ സുപ്രജയേ വിളിച്ചുകൊണ്ടിരുന്നു. നേരം ഏഴുമണിയാണെങ്കിലും, എഴുനേല്‍ക്കുമ്പോളാണ്‌ കിഴക്ക്‌ വെള്ള കീറുന്നതും, രാമനെ വിളിക്കുന്നതും

പ്രാഥമിക ആചാരങ്ങള്‍ ഒന്നൊന്നായി ചെയ്ത്‌ തീര്‍ത്ത്‌, ചാരുകസേരയില്‍ ചെന്നിരുന്നു. വലിയ അളവിന്‌ ചില സ്ഥലങ്ങളില്‍ കിടാരം എന്നാണുപറയുക. ഒരുകിടാരം കടുംകാപ്പി ചുണ്ടില്‍ ചേര്‍ത്തില്ല അതിനുമുമ്പ്‌ ഫോണങ്ങടിച്ചു.മറുതലക്കല്‍ നിന്ന് ശബ്ദം പറഞ്ഞു.


" അല്ലാ, ആശാനറിഞ്ഞില്ലേ,? ഇല്ലത്തേ വമ്പന്‍ കലക്ഷന്‍ തുടങ്ങി"

കടുംകാപ്പി ചെല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു. ചിത്രം വ്യക്തമായില്ല.

" ഏതില്ലം, ഏത്‌ വമ്പന്‍, എത്‌ കലക്ഷന്‍, എന്തു കലക്ഷന്‍ ? മറുതലക്കലേ ശബ്ദത്തിനോട്‌ തിരിച്ചുചോദിച്ചു

" അതേ ഇല്ലത്തിനേക്കുറിച്ചൊരു ക്ലൂ തരാം. പാലിലിടുന്ന, കുരുവിന്റെ, മരത്തിന്റെ, കാട്‌" ശബ്ദം പറഞ്ഞു

പെട്ടെന്ന് കാര്യങ്ങള്‍ തലക്കുപിടിച്ചു. " എവിടെ, എവിടെനിന്നാണു തുടക്കം? ശബ്ദത്തിനോടു ചോദിച്ചു

" മള്ളിയൂരമ്പലത്തില്‍നിന്നാണു തുടക്കം ഇനി വെച്ചടിവെച്ചടി കേറ്റമായിരിക്കും. വേഗം ചെന്നാല്‍ വേഗം കാണാം. ലോറിയില്‍കയറി വടക്കോട്ടുപോയാല്‍ പട്ടം കിട്ടിയവനെ പിന്നെ കാണാന്‍ കിട്ടില്ല. പട്ടന്മാര്‍ക്ക്‌ എന്താ അവിടെ ഡിമാന്റ്‌ " മറുതലക്കല്‍ ശബ്ദം നിലച്ചു

ചാടിയെഴുന്നേറ്റ്‌ കുപ്പായത്തില്‍ കയറി. സ്വന്തമായി വണ്ടി ഒന്നുമില്ലെങ്കിലും ഡ്രൈവറോട്‌ പറഞ്ഞു. " ഡ്രൈവര്‍, വണ്ടിയെടുക്ക്‌ , മള്ളിയൂര്‍ക്ക്‌ പോട്ടെ"

2

മള്ളിയൂര്‍ ഗണപതിയുടെ മുന്നില്‍ തല കുമ്പിട്ട്‌ കൈകൂപ്പി നിന്നു

" വേദങ്ങളെ വ്യസിച്ചോനുടെ

വ്യാസമുള്ളതാം ഭാരതം

ഭംഗമില്ലാതെ ഓലയിലാക്കിയ

ശ്രീ ഗണപതേ നമോനമ:"

പ്രദക്ഷിണം വെച്ച്‌ നാലമ്പലത്തിനും മതില്‍കകത്തിനും വെളിയിലിറങ്ങിയപ്പോള്‍ , അടുത്ത പുരയിടത്തില്‍ തെങ്ങും ചാരിനിന്നയാള്‍ വിളിച്ചു.

" വന്നാട്ടെ, വന്നാട്ടെ, ഞാന്‍ നോക്കിയിരിക്കുകയായിരുന്നു. "

അടുത്തുചെന്നപ്പോള്‍ രണ്ടുവരി കവിത ചൊല്ലാനാണ്‌ തോന്നിയത്‌

" അകത്തായി ഗണപതീം

പുറത്തോ പ്രത്യക്ഷനും"

" കുറച്ചു പട്ട കലക്ടു ചെയ്യാന്‍ പോയതാണേ, അന്നവിചാരമാണല്ലൊ, മുന്നവിചാരം , ഉദരനിമിത്തമാണല്ലോ ബഹുക്രിതവേഷവും"

"പട്ടങ്ങളു മാറ്റിവെച്ച്‌ പട്ടയാക്കിയൊ കലക്ഷന്‍?"

" വടക്കോട്ടുള്ള ലോറി കുറുപ്പുന്തറ കവലവരെ എത്തി, ആശാനേ, ഇവിടെയാണു നമ്മള്‍ മുറ്റത്തേമുല്ല"

" മുറ്റത്തേമുല്ലക്ക്‌ വടക്കോട്ട്‌ പോകുന്നതിനുമുമ്പ്‌ മാധ്യമങ്ങളോട്‌ എന്തെങ്കിലും പറയാനുണ്ടോ?"

" മുല്ലകള്‍ വടക്ക്‌ ചെന്ന് മണം പരത്തിയാലേ, മുറ്റത്തും വേരോടു, തിരുനക്കര ശിവനും മലയാലപ്പുഴ രാസനും, ഗണേഷ്‌ പുല്ലുകുളങ്ങരയുമൊക്കെ ലോറിയില്‍ കേറിയിരുന്നെങ്കില്‍, വടക്ക്‌ തലയെടുത്ത്‌ നില്‍ക്കുന്ന പലരും തലയും താഴ്ത്തി, തുമ്പിയേകൊണ്ട്‌ കൗപീനം ധരിപിച്ചേനേ"

പിന്നെ?"

ജനങ്ങളില്‍ പകുതിഭാഗം ഭിക്ഷയെടുത്ത്‌ നടന്നിട്ട്‌ അടിച്ചുപൊളിച്ച്‌ ജീവിക്കുന്നവരാണ്‌, ബാക്കിവരുന്നവര്‍ അടിച്ചുപൊളിച്ചുനടന്നിട്ട്‌ ഭിക്ഷയെടുത്ത്‌ ജീവിക്കുന്നവരും"

പറഞ്ഞുതീര്‍ന്നില്ല ലോറിയെത്തി. അതില്‍കയറുന്നതിനിടയില്‍ ഇല്ലത്തേ കലക്ടര്‍ പറഞ്ഞു

" പിന്നെ കാണാം"

3

കലക്ടറേ പിന്നെ കാണുന്നത്‌ വൈക്കത്ത്‌ തിരുവുത്സവത്തിനാണ്‌ കോങ്ങാട്ടേ കുട്ടിശങ്കരന്‍ മാഷിനും, കുന്നത്തേ കര്‍ണ്ണശ്ശന്‍, പെരുമ്പുള്ളിശ്ശേരിയിലെ മാര്‍ക്കോവാന്‍ ബാസ്റ്റ്യന്‍ മുതലായവരുമായി മതില്‍കകത്ത്‌ പ്രദക്ഷിണം വെയ്ക്കുന്നു തിരക്കായിരുന്നതുകൊണ്ട്‌ മിണ്ടാന്‍ പറ്റിയില്ല പിന്നെ വ്രിശ്ചികോത്സവത്തിന്‌ ശ്രീ പൂര്‍ണ്ണത്രയീശ്വരന്റെ സന്നിധാനത്ത്‌. അവിടെയും കുട്ടിശ്ശങ്കരന്‍ മാഷുണ്ടായിരുന്നു. പിന്നെ തിരുവമ്പാടിയിലെ യുവരാജാ ചന്ദ്രശേഖര്‍ കുട്ടങ്കുളങ്ങരയിലെ രാമദാസന്‍. മിണ്ടിയില്ല എന്നു പറയേണ്ടല്ലൊ
1183 ലെ നെന്മാറ വേലക്ക്‌ വല്ലങ്ങിക്കാരുടെ ഗജരാജാക്കന്മാരുടെ ഇടയിലൂടെ നടക്കുകയായിരുന്നു.
" ഹലോ, ഓര്‍മ്മയുണ്ടോ ഈ മുഖം?" പെട്ടെന്ന് ആരോ പുറകില്‍ തട്ടീട്ടു ചോദിച്ചു.തിരിഞ്ഞുനോക്കിയപ്പോള്‍ കലക്ടറുണ്ട്‌ നില്‍ക്കുന്നു
" എന്റെ കലക്ടറേ ഓര്‍മ്മയുണ്ടോന്നോ?, വൈക്കത്തും ത്രിപ്പൂണിത്തുറയിലും ഞാന്‍ കണ്ടതല്ലെ"
" ഞാനും കണ്ടിരുന്നു, കുട്ടിശ്ശങ്കരന്‍ മാഷുണ്ടായിരുന്നതുകൊണ്ടാണ്‌ ഞാന്‍ മിണ്ടാതിരുന്നത്‌, ബഹുമാനിക്കേണ്ടവരേ നമ്മള്‍ ബഹുമാനിക്കേണ്ടേ. അവിടെ കോങ്ങാട്‌ തിരുമാന്ധാംകുന്നിലമ്മയുടെ സന്നിധിയിലും കൊടികയറി അതാ മാഷിനേ ഇവിടെ കാണാത്തത്‌"
"പട്ടം കിട്ടിക്കഴിഞ്ഞിട്ട്‌ എങ്ങിനെയുണ്ട്‌ ?
കലക്ടര്‍ വിനയത്തോടെ ചിരിച്ചു. എന്നിട്ട്‌ പറഞ്ഞു. " ഡ്യൂട്ടികെഴുന്നെള്ളാന്‍ സമയമായി. പിന്നെക്കാണാം. കാലത്തേ മരുന്നുപ്രയോഗം കഴിഞ്ഞേ പോകാവൂ, കേമമാണേ"
1184 ചിങ്ങം 18 ശ്രീ വിനായകചതുര്‍ത്ഥി
രാവിലെ ഒരുകിടാരം കടുംകാപ്പി മോന്തികൊണ്ടിരുന്നപ്പോള്‍ , അവള്‍ നിവര്‍ത്തിപിടിച്ച പത്രവുമായി അടുത്തുവന്നു.
" ദേ, ഇങ്ങോട്ടുനോക്കിക്കേ, ഈ വെണ്ടക്കാ കണ്ടോ? "
നോക്കിയപ്പോള്‍ മുന്‍പേജില്‍ വെണ്ടക്കായക്ഷരത്തില്‍ എഴുതിയിരിക്കുന്നു
" ചരിത്രം ആവര്‍ത്തിക്കുന്നു, ജീ എം ട്രെവല്ല്യന്‍, ചരിത്രം അങ്ങിനെയങ്ങ്‌ ആവര്‍ത്തിക്കുന്നുമില്ല. ജീ എം ട്രെവെല്ല്യന്‍ "
" ഈ, ട്രെവല്ല്യനെന്നാ വട്ടാണോ, ഇങ്ങിനെയൊക്കെ പറയാന്‍? അതൊക്കെ അച്ചടിക്കാന്‍ ഒരു പത്രവും, അല്ലാ, ആരാ ഈ ട്രെവെല്ല്യവന്‍?" അവള്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.
മറുപടി പറയാന്‍ വാ തുറന്നില്ല അതിനുമുമ്പ്‌ ഫോണങ്ങടിച്ചു. മറുതലക്കല്‍നിന്ന് ശബ്ദം പറഞ്ഞു.
" ആശാനേ, അറിയില്ലേ ചരിത്രം ആവര്‍ത്തിക്കുന്നൂന്ന് പറഞ്ഞാല്‍ ഇല്ലത്തേ കലക്ടര്‍ക്ക്‌ ഇക്കൊല്ലവും പട്ടം എന്നാണ്‌ ചരിത്രം അങ്ങിനെയങ്ങ്‌ ആവര്‍ത്തിക്കുന്നില്ല എന്നുപറഞ്ഞാല്‍ സ്ഥലവും സദസും മാറി എന്നാണ്‌ ഇല്ലാത്ത വണ്ടിയുടെ ഡ്രൈവറോട്‌ വണ്ടിയെടുക്കാന്‍ പറഞ്ഞാട്ടെ"
മറുതലക്കല്‍ ശബ്ദം നിലച്ചു ചാടിയെഴുന്നേറ്റു. ഡ്രൈവര്‍ വണ്ടിയെടുത്തുചവുട്ടുവരി കവലയിലെത്തിയപ്പോള്‍ അഞ്ചലോട്ടക്കാരന്‍ തല വണ്ടികകത്തേക്ക്‌ ഇട്ടിട്ട്‌ പറഞ്ഞു
" തല പുറത്തേക്കിടരുതന്നല്ലേയുള്ളൂ, അകത്തേക്കിടാമല്ലോ, ചരിത്രം അങ്ങിനേയങ്ങ്‌ ആവര്‍ത്തിക്കുന്നില്ലാ ജീ എം ട്രെവെല്ല്യവന്‍ എന്നുവെച്ചാല്‍ ഇത്തവണ പട്ടം തപാല്‍മാര്‍ഗ്ഗേണയത്രേ"
ശേഷം അഞ്ചലോട്ടക്കാരന്‍ തലപുറത്തെടുത്ത്‌ മണിയും കിലുക്കി ഓടിപ്പോയി
[ കഥ ഇതുവരെ വായിച്ചുകഴിഞ്ഞപ്പോള്‍ ഇല്ലത്തേ കലക്ടര്‍ പറഞ്ഞു " മതി, ഈ കഥ ഇങ്ങിനെയവസാനിപ്പിക്കിന്നതാണ്‌ ഭംഗി
" വായിക്കുന്നവര്‍ക്കൊക്കെ സസ്പെന്‍സുമുണ്ടാം
അര്‍ത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്‌"
അപ്പോള്‍ കലക്ടറോട്‌ ചോദിച്ചു " കഥക്കൊരു ശീര്‍ഷകം വേണ്ടേ, അതോ?
" അത്‌ മനസ്സില്‍ കരുതിയതുതന്നേ മതി
ഗജരാജന്‍ കലക്ടര്‍ കാഞ്ഞിരക്കാട്‌