എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Sunday, February 10, 2008

Maash 2

വാര്യരുടെ കഥ വെച്ചുള്ള കളിയായിരുന്നു .നളചരിതം ഏതോ ദിവസം .അതിനും മുന്‍പെ മേളപ്പദം .തലയെടുപ്പുള്ള കൊമ്പന്മാരായിരുന്നു മേളക്കാര്‍
.മാരാര്‍ ചെണ്ടയും തൂക്കി വരുന്നതുകണ്ടപ്പോള്‍ പൊതുവാള്‍ പറഞ്ഞു
.കുട്ടനുണ്ടോ ? എങ്കില്‍ ഞാന്‍ ഇലത്താളം എടുക്കാം .
പിന്നെ ഒരു കാലം പൂരാവേശക്കമ്മിറ്റിയിലെ ഒരു ഭടന്‍ വടക്കുനോക്കിപ്പോയി .അങ്ങ്‌ വടക്ക്‌ തെച്ചിക്കോട്ട്‌കാവുവരെ .എന്നിട്ട്‌ രമചന്ദ്രപ്രഭുവിനെ നേരില്‍കണ്ട്‌ താണുവണങ്ങി തേരിലേറ്റി പൂരപറമ്പിലെത്തിച്ചു .ഭഗവതിയുടെ കോലം വെക്കാന്‍ .
തേരില്‍നിന്നിറങ്ങി ഉയര്‍ന്ന പീഠത്തില്‍ രമചന്ദ്രപ്രഭു ആസനസ്ഥനായപ്പോള്‍ ഭടന്‍ പെരുമ്പറ കൊട്ടി വിളമ്പരം ചെയ്തു
.പൂരപറമ്പുകളുടെ മാരന്‍ സാക്ഷാല്‍ രാമചന്ദ്രപ്രഭു ഇതാ എഴുന്നള്ളിയിരിക്കുന്നു ആറപ്പോ ഹിയ്യോ ഹിയ്യോ
ഒരോരോ പ്രാന്തന്മാര്‍ മുഖം കാണിച്ച്‌ ഒഴിഞ്ഞപ്പോളാണ്‌ ഒരു മൂലയില്‍ ഒതുങ്ങിനിന്ന വിനയാന്വിതനെ പ്രഭു കണ്ടത്‌
ആരവിടെ?
അടിയന്‍ തേവരുടാന
ഒരു മംഗളശ്ലോകം ചമച്ചിട്ടുണ്ട്‌ തിരുവുള്ളമുണ്ടായി കേള്‍ക്കുമാറാകണം
പ്രഭു സമ്മതഭാവത്തില്‍ ചെവിയാട്ടിപ്പോള്‍ വിനയാന്വിതന്‍ ശ്ലോകം വായിച്ചു
ലക്ഷം ലക്ഷം കരിജന്തുക്കളില്‍
ലക്ഷണമൊത്തവ ഒന്നോ രണ്ടോ
ലച്ചണമൊത്ത കരിജന്തുക്കളില്‍
തെച്ചിക്കോടനു ഒന്നാം സ്ഥാനം
പ്രഭു സന്തുഷ്ടചിത്തനായി വിനയാന്വിതന്റെ തോളില്‍തട്ടി
അകലെ പാടവരമ്പിന്റെ അങ്ങേതലക്കല്‍ ഒരു തേര്‌ കടന്നുവന്നു .എവിടെനിന്നോ വന്ന ചില കരിജന്തുക്കള്‍ പ്രഭുവിനെ വണങ്ങി പൂരപറമ്പിന്റെ മൂലയില്‍ ഒതുങ്ങിനിന്നു. ഭടന്‍ വീണ്ടും പെരുമ്പറ തോളില്‍ക്കയറ്റി .രമചന്ദ്രപ്രഭു അതൊന്നും കണ്ടില്ല .പാടവരമ്പത്ത്‌ തേര്‌ അടുത്തുകൊണ്ടിരുന്നു. തേരില്‍നിന്നു മിഴിമാറ്റാതെ പ്രഭു പീഠത്തില്‍ നിന്നു പതുക്കെ എഴുന്നേറ്റു പടികളില്‍ കൂടി താഴെ ഇറങ്ങി .
എങ്കില്‍ ഞാന്‍ വലത്തുനില്‍ക്കാം
ആ ആത്മഗതം ഭടന്‍ കേട്ടു .വിനയാന്വിതനും
അപ്പോള്‍ അവര്‍ക്കരികില്‍ വന്നുനിന്ന തേരില്‍നിന്ന്‌ വലത്തുകാല്‍ വെച്ച്‌ പൂരപറമ്പിലേക്കിറങ്ങി മാസ്റ്റര്‍ മഹാശയന്‍
സാക്ഷാല്‍ കോങ്ങാട്‌ കുട്ടിശ്ശങ്കരന്‍ മാഷ്‌

No comments: