എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Wednesday, June 17, 2009

അബ്നോര്‍മല്‍ ആനപ്രേമിക്കള്‍കായി പ്രത്യേകം തയ്യാറാക്കിയ ഒരു കഥ

കുന്നുമല്‌, ലോഡ്ജ്‌ മുറിയുടെ തുറന്നിട്ട ജനലില്‍കൂടി മഴയുടെ തണുപ്പ്‌ അകത്തേയ്ക്ക്‌ അരിച്ചുകയറി. ഉടുമുണ്ടഴിച്ച്‌, തലവഴി മൂടികിടന്നു. ഒന്നുംകൂടെ ചുരുണ്ടുകൂടുന്നതിനിടയില്‍, ത്രിപുരാന്തക ക്ഷേത്രത്തില്‍നിന്നിറങ്ങി വന്ന് അനുരാധാ പൊതുവാള്‍ ഒരു സ്തുതിയായി കാതുകളില്‍ വന്ന് തലോടി.
" ഓം നമ;ശിവായ ഓം നമ; ശിവായാ
ഹരഹര ശങ്കര നമ; ശിവായാ
രാമേശ്വരാ ശ്രീ രാമേശ്വരാ
ഹര ഹര ബോലേ നമ; ശിവായാ"

ജടയില്‍നിന്ന് ഊര്‍ന്നിറങ്ങി, ഭഗീരഥിയായും അളകനന്ദയായും മന്ദാകിനിയായും ഒഴുകുന്ന ഗംഗയേപോലെ
" ഗംഗാധരാ ശിവ്‌ ഗംഗാധരാ "

സ്തുതി കാതുകളിലേക്ക്‌ ഒഴുകിയെത്തികൊണ്ടിരുന്നു. മയക്കത്തിലേക്ക്‌ തെന്നിവീഴുന്നതിനിടയില്‍, ഒഴുക്ക്‌ എവിടെയോ തട്ടിനിന്നപോലെ.
ജീപ്പില്‍ വെച്ചുകെട്ടിയിരുന്ന കോളാമ്പി പറഞ്ഞു.

" പരേതന്റെ മയ്യത്തുനമസ്കാരം"
കോളാമ്പി മയ്യത്തുസംസാരവുമായി കൂട്ടിലങ്ങാടിയിലേക്ക്‌ നീങ്ങികൊണ്ടിരുന്നു.
മയ്യത്ത്

ശിവസ്തുതി ഒഴുകുവരുന്നുണ്ടായിരുന്നു. എങ്കിലും ചിന്ത വഴുതിമാറിപോയി. അതിരാവിലെയുടെ ഇരുട്ടിലും മഴയുടെ തണുപ്പിലും ചിന്തകളില്‍ മയ്യത്തിന്റെ തണുപ്പ്‌ അരിച്ചുകയറി.
രുദ്രപ്രയാഗിലെക്കുള്ള അവസാനത്തെ വളവില്‍ വഴിയരികില്‍ മൂടികെട്ടിവെച്ചിരുന്നത്‌, ഹരി കി പൗറിയില്‍ നദിയുടെ കല്‍പടവില്‍ നദിയിലേക്ക്‌ വലിച്ചെറിയപ്പെടാനുള്ള ഊഴവും കാത്തുകിടന്നത്‌, തിരുനക്കര അമ്പലക്കുളത്തില്‍ മുങ്ങിക്കുളിക്കാന്‍ ഇറങ്ങിയിട്ട്‌ പൊങ്ങാതെ പിന്നീട്‌ പൊങ്ങിയ മാലയിട്ട അയ്യപ്പന്റെ, പൊണ്ടാട്ടി ചുട്ടുകൊന്നു എന്ന് മരണക്കുറിപ്പെഴുതിവെച്ചിട്ട്‌ തലവഴി മണ്ണെണ്ണയും ഒഴിച്ച്‌ ബീഡിയും വലിച്ച്‌ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ പോയികിടന്ന പട്ടാളത്തിലെ കുശിനിക്കാരന്റെയും..
മയ്യത്തുകള്‍ കൊടിയും പിടിച്ച്‌ ജാഥയായി ചിന്തകളില്‍ കൂടി കടന്നുപോയപ്പോള്‍ യക്ഷന്റെ ചോദ്യവും അഗ്രജന്റെ ഉത്തരവുമാണ്‌ മനസ്സില്‍ വന്നത്‌.
ഒരുനിമിഷം. ഇതിനകത്തുള്ളയാളും സ്ഥലം വിടുകയില്ലെ.?
ഒരസ്വസ്ഥത. തലവഴി മൂടിയിട്ടിരുന്ന മുണ്ട്‌ കഴുത്തിലേക്ക്‌ മാറ്റി. പാലക്കാട്ടേക്ക്‌ ഒന്നു വിളിക്കണമെന്ന് തോന്നി. പിന്നെ വിളിക്കാന്‍ പറ്റിയില്ലെങ്കിലൊ? ലൈറ്റിടാതെ തന്നെ ഫോണ്‍ തപ്പിയെടുത്ത്‌ അവള്‍ എന്ന നമ്പറിലേക്ക്‌ ഡയല്‍ ചെയ്തു
" ശ്രീ വെങ്കിടേശ്വര സുപ്രഭാതം തന്നെ, എന്താ ഇത്തരം കുരുത്തംകെട്ട പ്രഭാതത്തില്‍?"
അടുക്കളയിലെ പശ്ചാത്തല സംഗീതത്തിനിടയില്‍ അവള്‍ ചോദിച്ചു
" മനസ്‌ അസ്വസ്ഥമാണ്‌ അതുകൊണ്ടുവിളിച്ചതാണ്‌"
" മുറിയിലെ ലൈറ്റിട്ടിട്ട്‌ ഗോപാലന്‍ നായരുടെ താടി ഒന്നു വായിച്ചാല്‍മതി. അതില്‍ മനസ്‌ അലക്കിയെടുക്കുന്ന ഒരു വാഷിംഗ്‌ മെഷീനുണ്ട്‌ " അവള്‍ പരിഹസിച്ചുകൊണ്ടു പറഞ്ഞു.
" അതല്ല, ഞാന്‍ മയ്യത്താകുമ്പോള്‍ "
മുഴുവന്‍ പറയാന്‍ അവള്‍ അനുവദിച്ചില്ല. " നിങ്ങള്‍ മയ്യത്താകില്ല" അവള്‍ തറപ്പിച്ചു പറഞ്ഞു
" മയ്യത്താകില്ലെന്നൊ?" അവള്‍ എന്താ അങ്ങിനെ പറഞ്ഞതെന്നു മനസ്സിലായില്ല. സ്നേഹമെങ്ങാനും കൂടീട്ട്‌ ഭ്രാന്തായിട്ടാണ്‌ അങ്ങിനെ പറഞ്ഞതെങ്കില്‍ മനസിലാക്കാമായിരുന്നു.
" അതെന്താ ഞാന്‍ മയ്യത്താകാത്തത്‌? ഞാനെന്നാ ഹനുമാനേപോലെയാണോ?"
" ഹനുമാനേപോലെതന്നെയാണേയ്‌, പക്ഷെ സൂപ്പര്‍സ്റ്റാര്‍ ചിരംജീവിയൊന്നുമല്ല"
" പിന്നെന്താ ഞാന്‍ മയ്യത്താകാത്തത്‌?" അവള്‍ ഒരു ജന്മാവകാശത്തെ ചോദ്യം ചെയ്യുന്നതുപോലെ തോന്നി.
" നിങ്ങള്‍ മയ്യത്താകുകേലന്നല്ലെ ഞാന്‍ പറഞ്ഞുള്ളു. നിങ്ങള്‍ മരിക്കുകേയുള്ളൂ. കുറച്ചൂടെ കൂടിയ ഇനമായിരുന്നെങ്കില്‍ അന്തരിച്ചേനെ. വേറേയും വകുപ്പുകളുണ്ട്‌. പരലോകം പൂകാം തീപ്പെടാം ഇഹലോകവാസം വെടിയാം പക്ഷെ അതിനൊക്കെ വേറെ ടെസ്റ്റുകള്‍ പാസാകണം. ശവം ജഡവും മൃതദേഹവും ഭൗതികശരീരവുമൊക്കെ ആകുന്നതും അങ്ങിനൊക്കെത്തന്നെ"
" എന്തെങ്കിലുമായിക്കോട്ടെ ഞാനൊന്നു മുഴുവന്‍ പറഞ്ഞോട്ടെ"
" പറഞ്ഞാട്ടെ"
" അതേയ്‌, ഞാന്‍ ഒരാനപ്രേമിയാണെന്നും, അവരുടെ പുറകേ നടക്കുന്നവനും അതില്‍ പലരുടേയും കൂടെ ഒരേ ബഞ്ചിലിരുന്ന് വിദ്യ അഭ്യസിച്ചിട്ടുണ്ടെന്നും നിനക്കറിയാമല്ലൊ?"
" അറിയാം അതാണെന്റെ വിധി എന്നുമറിയാം"
" അതല്ല, നുമ്പേ പറഞ്ഞപോലെ ഞാന്‍ ഏതെങ്കിലുമാകുമ്പോള്‍ പത്രത്തില്‍ വാര്‍ത്ത വാര്‍ദ്ധക്യസഹജമായ എരണ്ടക്കെട്ടുമൂലം ചെരിഞ്ഞു എന്നേ കൊടുക്കാവൂ. പിന്നെ മാവിന്റെ കൊമ്പൊന്നും ഇറക്കുകേമരുത്‌. കിഴക്ക്‌ കാഞ്ഞിരപ്പള്ളിയില്‍ ഒരു സ്ഥലമുണ്ട്‌ അങ്ങോട്ട്‌ ലോറിയില്‍ കേറ്റിവിട്ടാല്‍മതി, അതുപറയാനാണ്‌ ഇത്തരം കുരുത്തംകെട്ട പ്രഭാതത്തില്‍ വിളിച്ചത്‌."
അല്‍പനേരത്തെ മൗനത്തിനു ശേഷം അവള്‍ ചോദിച്ചു. " പത്രക്കാര്‍ എന്തുവാര്‍ത്തയും ഇടും ആള്‍ക്കാരു വായിക്കുകയും ചെയ്യും. പക്ഷെ ഇങ്ങിനെ ഒരു വാര്‍ത്ത കൊടുത്താല്‍ ആരെങ്കിലും എന്നെ തല്ലികൊല്ലില്ലേ?"
" അതില്ല, നിന്നെ മയക്കുവെടിവെച്ച്‌ തളക്കുകേയുള്ളൂ" ലോറിയില്‍ കിടന്ന് കാഞ്ഞിരപ്പള്ളിക്ക്‌ പോകുന്നതോര്‍ത്തോണ്ട്‌ അവളോട്‌ പറഞ്ഞു.
" ശരി, ശരി, എങ്കില്‍ ചെരിഞ്ഞുകഴിഞ്ഞ്‌ അറിയിച്ചാല്‍ മതി. പറഞ്ഞതുപോലൊക്കെ ചെയ്തേക്കാം."
മറുതലയ്ക്കല്‍ എന്തോ ശബ്ദം കേട്ടപ്പോള്‍ ഫോണ്‍ വലിച്ചെറിഞ്ഞിട്ട്‌ അവള്‍ അവളുടെ പാട്ടിനുപോയി എന്നുമനസ്സിലായി. കാര്യങ്ങള്‍ക്കെല്ലാം ഒരു തീരുമാനമാക്കിയതുകൊണ്ട്‌ വീണ്ടും തലവഴി മുണ്ടിട്ട്‌ ചുരുണ്ടുകൂടി
എത്രനേരം ഉറങ്ങി എന്നറിയാന്മേല. ഫോണടിച്ചപ്പോളാണ്‌ ഉണര്‍ന്നത്‌. എടുത്തപ്പോള്‍ മറുതലയ്ക്കല്‍ അവള്‍ ചിന്നം വിളിച്ചു. " ഒരു സംശയം ചോദിക്കാന്‍ വിളിച്ചതാണേയ്‌"
" ചെരിഞ്ഞോന്നാണോ?"
" അല്ല അബ്നോര്‍മലായി ചിന്തിക്കുന്നവരെ സമൂഹം എന്താ വിളിക്കുക?"
" ജീനിയസ്‌"
" ശരിക്കും തെറ്റായ ഉത്തരം, " ചിരിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു " പിന്നെ വൈകിട്ട്‌ ഇതിലേ വരണം ഡോക്ടറുടെ അടുത്ത്‌ അപ്പോയിന്റ്‌മന്റ്‌ ഫിക്സ്‌ ചെയ്തിട്ടുണ്ട്‌ . അതുപറയാനാണ്‌ ഇപ്പോള്‍ വിളിച്ചത്‌"
മറുതലയ്ക്കല്‍ എന്തോ താഴെവീഴുന്ന ശബ്ദം കേട്ടു.