എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

പുറംവായനക്ക്‌...

Sunday, July 20, 2008

കാവീതീര്‍ത്ഥം, സ്വപ്നവും യാഥാര്‍ത്ഥ്യവും

കാവീതീര്‍ത്ഥം
ഒരു കാമറ തോളിലും, പിന്നൊരു കാമറ കക്ഷത്തിലും തിരുകി, ഇരുപത്തഞ്ചും പുനരഞ്ചും ഉറുപ്പിക മുടക്കി, കോട്ടയില്‍ കയറിപറ്റി. അങ്ങിനെ നടക്കുമ്പോള്‍ പെട്ടന്ന് ശ്രീ പദ്മനാഭസ്വാമികള്‍, വടിയുംകുത്തി, ചങ്ങലയും വലിച്ച്‌ മുന്നില്‍കയറിനിന്നു. എന്നിട്ട്‌ അല്‍പം ഇടഞ്ഞുതന്നെ പറഞ്ഞു

" ഉണ്ണീ,ആനകളേക്കുറിച്ച്‌ എഴുതുന്നത്‌ നിര്‍ത്തിയത്‌ വളരെ മോശമായിപ്പോയി"

സ്വാമികള്‍ അങ്ങിനെ പറയും എന്നൊട്ടും കരുതിയില്ല. തലചൊറിഞ്ഞുകൊണ്ട്‌ സ്വാമികളോട്‌ പറഞ്ഞു

" സ്വാമീ, സരസ്വതീ അന്തര്‍ജ്ജനത്തിന്റെ വിലക്കുണ്ട്‌"

" അന്തര്‍ജ്ജനം? അപ്പോള്‍ ഉള്ളിലുള്ളയാള്‍ നമ്പൂതിരി സ്ത്രീയോ?"

" ഉള്ളിലുള്ളയാളല്ല, ഉള്ളത്തിലുള്ളയാള്‍, താമരപ്പൂവില്‍ വീണയുംവായിച്ചുകൊണ്ടിരിക്കുന്ന മാഡം"

ഒരുനിമിഷം ആലോചിചിട്ട്‌ സ്വാമികള്‍ പറഞ്ഞു. " ഞാന്‍ ദേവിയോടു പറയാം"

ആനകളേക്കുറിച്ച്‌ എഴുതാന്‍ സാധിക്കുന്നില്ലല്ലോയെന്ന മനസ്താപത്തോടെ നടന്നു. വിഷയത്തിന്റെ ദാരിദ്ര്യമായിരുന്നു പ്രശ്നം. ദാരിദ്ര്യം എന്ന വിഷയവും. ഗജരാജമൂര്‍ത്തികളുടെ മുന്നില്‍പോയി നോക്കിനോക്കി അങ്ങിനെ നില്‍കാന്‍ വണ്ടിക്കൂലി പലപ്പോഴും അനുവദിച്ചിരുന്നില്ല. നടക്കുന്നതിനിടയില്‍ ശബ്ദം കേള്‍പ്പിച്ചുകൊണ്ട്‌ ഒരു ചങ്ങല അടുത്തൂടെ ഇഴഞ്ഞുപോയതറിഞ്ഞില്ല. വായുവില്‍ ഉയര്‍ന്നുനീങ്ങിയ ഒരു പനമ്പട്ടയുടെ തുമ്പ്‌ കവിളുമുറിച്ചു. കക്ഷത്തിലിരുന്ന കാമറ പകുതിതാഴേക്കുപോയി. പെട്ടെന്ന് പുറകില്‍നിന്നാരോ പാടി

" രണ്ടു കാമറേം തൂക്കിനടക്കുന്ന
തണ്ടുതപ്പിക്കു സുഖമില്ലൊരിക്കലും"

തിരിഞ്ഞുനിന്ന് നമ്പ്യാരെ എങ്ങും നോക്കി. അപ്പോള്‍ മരത്തിന്റെ പുറകില്‍നിന്ന് മുന്നോട്ട്‌ വന്ന് ഇന്ദ്രസേനന്‍ പറഞ്ഞു
. " ആശാനേ, ഞാന്‍ താന്‍ നമ്പ്യാര്‍"

പിന്നെ മറ്റൊന്നുമാലോചിചില്ല. കക്ഷത്തിലിരുന്ന കാമറ അടുത്തുകണ്ട കുളത്തിലേക്കു വലിച്ചെറിഞ്ഞു. കക്ഷത്തിലിരുന്നതുപോയപ്പോള്‍ ഉത്തരത്തിലിരിക്കുന്നതെന്തും ഇനിയെടുക്കാമല്ലോ എന്നചിന്തയായിരുന്നു പെട്ടെന്ന് നാലുപാടും വെള്ളംതെറുപ്പിച്ച്‌, തുമ്പിക്കരവും വളഞ്ഞകൊമ്പും പൊക്കി കുളത്തില്‍നിന്നുയര്‍ന്ന കുറുമ്പന്‍ പറഞ്ഞു

" ആശാനെ, ഇനിമേലില്‍ ഈ കുളം കാമറവീണതീര്‍ത്ഥം എന്നറിയപ്പെടും. ചുരുക്കിയാല്‍ കാവീതീര്‍ത്ഥം എന്നും


കര്‍ക്കിടകം 1

ഉത്തരത്തില്‍ പരതി. പൊടിപിടിച്ചിരുന്ന കിരന്തം വലിച്ചെടുത്തു. തലേകൊല്ലം വായിച്ചിട്ടുവെച്ചതാണ്‌. പൊടി ഊതിപറപ്പിച്ചു. മൂന്നുപ്രാവശ്യം തുമ്മി. ചാരുകസേരയില്‍പോയിരുന്നു. കിരന്തം തുറന്നു

ശ്രീരാമാ രാമാ രാമാ
ശ്രീരാമചന്ദ്രാ ജയ

തുടക്കംക്കുറിച്ച സന്തോഷത്തോടെ കിരന്തം അടച്ചു. അപ്പോള്‍ ഒരാവശ്യവുമില്ലാതെ
തെച്ചിക്കോട്ടുകാവില്‍
വാഴും ശ്രീരാമചന്ദ്രപ്രഭു
എന്നു മനസ്സില്‍ വന്നു
പ്രഭു. രാമചന്ദ്രപ്രഭു
ചാരുകസേരയില്‍ ഒന്നുകൂടെ ചാരിയിരുന്നു. കേട്ടിട്ടേയുള്ളു, കണ്ടിട്ടില്ല. കണ്ടിട്ടുണ്ട്‌ കൂറ്റന്‍ കട്ടൗട്ടുകളില്‍. നാലുകാലില്‍ ഒന്നുകാണാന്‍ എന്നാണോ സാധിക്കുക എന്റെ ശ്രീരാമചന്ദ്രാ, പ്രഭോ
അവള്‍ അടുത്തുവന്നുനിന്നത്‌ അറിഞ്ഞില്ല.
ദാര്‍ശനികവ്യഥയായിരിക്കും അല്ലേ?
ചോദ്യം ചിന്തകളില്‍നിന്നുണര്‍ത്തി. മിഴിച്ചുനോക്കിയപ്പോള്‍ അവള്‍ വീണ്ടും ചോദിച്ചു
ദര്‍ശനം സാധിക്കാത്തതിലുള്ള വ്യഥയാണല്ലേ?. ഗ്രന്ഥം വീണ്ടും തുറന്നോളൂ, സുന്ദരകാണ്ഡത്തിലുണ്ട്‌ പ്രസക്തഭാഗം
ഇത്രയും പറഞ്ഞിട്ട്‌ അവള്‍ അവളുടെ പാട്ടിനുപോയി. ഗ്രന്ഥം വീണ്ടുംതുറന്നു. പ്രസക്തഭാഗം തപ്പിയെടുത്തു

" സുരനിവഹമതിബലവശാല്‍ സത്യമായിവരും
സ്വപ്നംചിലര്‍ക്കു ചിലകാലമൊക്കണം"

ഗ്രന്ഥം അടച്ചു. കണ്ണുകളും. ചിലകാലമൊക്കാന്‍ പ്രഭുവിനെകാണുന്നത്‌ സ്വപ്നംകണ്ടുതുടങ്ങി


സ്വപ്നം


അമ്പലകുളം നീന്തികയറി പാമ്പാടിയില്‍ ചെന്നുനിന്നു. കൂറ്റന്‍ കമാനത്തിനുകീഴെ ഒരു പൂരത്തിനുള്ള ആളുണ്ടായിരുന്നു. ഒരുപരിചയക്കാരന്‍ അടുത്തുവന്ന്‌ തോണ്ടിയിട്ട്‌ പറഞ്ഞു. " കുന്നത്തേ സൂര്യപുത്രനാണ്‌ മുഖ്യന്‍. തലയെടുത്തുപിടിച്ചങ്ങിനെ നില്‍ക്കും. പിന്നെ പാപ്പാന്‍ പറഞ്ഞാലും താഴെയിടത്തില്ല. അല്ല ആശാനേ, അല്‍പം പൂരാവേശമൊക്കെ വേണ്ടേ, വന്നാട്ടേ" പുറത്ത്‌ പൂരത്തിനുള്ള ആളായിരുന്നെങ്കില്‍ അകത്ത്‌ പൂരംതന്നെയായിരുന്നു. അഞ്ചുകപ്പുകള്ളും, അയ്യായിരം പേരും എന്നതായിരുന്നു രീതി

" വിശ്വേട്ടാ, എക്സൈസുകാരറിയെണ്ട, അറിഞ്ഞാല്‍ കുരിശേല്‍കേറ്റും" പഴയ പരിചയം വെച്ചുപറഞ്ഞു

" ഞങ്ങളിവിടൊക്കെത്തന്നേയുണ്ടേ, രണ്ടുകള്ളന്മാരൂടെ വേണം. അതാണുതാമസം. അവര്‍ക്കാണിപ്പം വല്ലാത്ത ക്ഷാമം. വിശ്വാ, ഒരുകപ്പൂടെ" ആരോ മൂലയില്‍നിന്നുവിളിച്ചുപറഞ്ഞു
ചിറിയും തുടച്ച്‌ പുറത്തേക്കിറങ്ങിയപ്പോള്‍ ഒരോട്ടോയില്‍ ഉന്തികേറ്റിയിട്ട്‌ പരിചയക്കാരന്‍ ഡ്രൈവറോടുപറഞ്ഞു. " ആശാനെ ചുങ്കത്തിറക്കിയേരേ, പണോം വാങ്ങിക്കോ"

ചുങ്കത്ത്‌ രാജാ ഹോട്ടലിന്റെ പടിയില്‍ പടിഞ്ഞാറ്റുമ്മുറിക്കാരുടെ കമാനവും കണ്ടുനില്‍ക്കുമ്പോള്‍, ഒരാള്‍ പടിയില്‍നിന്ന് ചാടിയിറങ്ങി തെക്കോട്ടുനോക്കിയിട്ട്‌ പറഞ്ഞു. " ആശാനേ, ദേ വരുന്നുണ്ട്‌ " അങ്ങോട്ടുനോക്കി. ത്രിശൂരില്‍നിന്നുള്ള പാതയുടെ അങ്ങേയറ്റം ഒരു രഥം തെളിഞ്ഞുവന്നു. അതില്‍ ഒത്തയൊരാള്‍. " ദൈവമേ, ശ്രീരാമചന്ദ്രപ്രഭു" . ഹൃദയമിടിപ്പിന്റെ വേഗംകൂടി. പാതയിലൂടെ ഒഴുകുന്ന ആള്‍ക്കാര്‍ക്കിടയിലൂടെ രഥം അടുത്തുകൊണ്ടിരുന്നു. കവലയില്‍ നിലയുറപ്പിച്ചിരുന്നവര്‍ കമാനത്തിനടുത്തേക്കു നീങ്ങി
" ദൈവമേ, എത്രനാളായികൊതിക്കുന്ന ദര്‍ശനമാണ്‌" പോക്കറ്റില്‍ കൈവെച്ചുനോക്കി. എഴുതിതയ്യാറാക്കിയ മംഗളശ്ലോകം അവിടെത്തന്നേയുണ്ട്‌. മനസ്സില്‍ ഒന്നൂടെ ഉരുവിട്ടുനോക്കി. ശ്രീരാമചന്ദ്രപ്രഭുവിന്റെ മുന്നില്‍ വിനയാന്വിതനായി നിന്ന് അതുചൊല്ലുമ്പോള്‍, ആ കരം തലയില്‍ വെച്ച്‌ അനുഗ്രഹിക്കുന്നതും ചിന്തിച്ച്‌ പാതയിലേക്കിറങ്ങി. കമാനത്തിനുകീഴെ എത്തിയപ്പോള്‍ രഥം വേഗംകുറച്ചു അതില്‍ തലൗയര്‍ത്തിനിന്നുകൊണ്ട്‌ പ്രഭു തന്നേ നോക്കുന്നുണ്ടെന്ന് തോന്നി. വിളിച്ചെന്നു തോന്നി. ആള്‍ക്കാരുടെ ശബ്ദം." കിഴക്കോട്ടുപോട്ടേ, കിഴക്കുമ്മുറിയിലേക്ക്‌" രഥം വീണ്ടും വേഗമെടുത്തപ്പോള്‍ ചക്രം നെഞ്ചില്‍കൂടിയാണുരുളുന്നതെന്നുതോന്നി.

" ശ്രീരാമ"
പറയാന്‍ വന്നത്‌ മുഴുവനാക്കിയില്ല. അടുത്തുനിന്നയാള്‍ പറഞ്ഞു.
" ഇതുനമ്മുടെ മംഗലാംകുന്നിലേ മാന്‍പേട. മനസ്സിലായില്ലേ. ഒരു ക്ലൂ തരാം അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു. ഇപ്പം മനസ്സിലായോ?"
കുനിഞ്ഞ ശിരസ്സുമായി ഹോട്ടലിലേക്ക്‌ തിരിയുമ്പോള്‍ ആരോ രാമായണം വായിക്കുന്നതുകേട്ടു.

" ഒരുത്തനേത്തന്നെ നിനച്ചിരുന്നാല്‍
വരുന്നതെല്ലാം അവനെന്നുതോന്നും"
പാതയോരത്ത്‌ വളയും ചാന്തും വില്‍ക്കുന്ന കടയിലേ സ്ത്രീ. അവരാണ്‌ അതുവായിച്ചത്‌. ഹോട്ടലിനകത്തേക്ക്‌ കേറിയപ്പോളാണ്‌ പെട്ടന്നൊരു ഉള്‍വിളിയുണ്ടായത്‌. അവര്‍ തന്നേക്കുറിച്ചല്ലേ പാടിയത്‌ വെളിയിലിറങ്ങി അവരേനോക്കി.. അവിടെ അങ്ങിനെയൊരു കടയേയില്ലായിരുന്നു

യാഥാര്‍ത്ഥ്യം

തിരുവില്ല്വാമല പറക്കോട്ടുകാവുതാലപ്പൊലിക്കുചെന്നതാണ്‌. ചുങ്കത്ത്‌ രാജാ ഹോട്ടലില്‍ ചായകുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരുചെക്കന്‍ അടുത്തുവന്നു

" ഫോട്ടോ എടുക്കാന്‍ വന്നതാണോ? പടിഞ്ഞാറ്റുമ്മുറിക്കാരുടെ ആനകള്‌ പുറകിലൊരുപറമ്പില്‍ നില്‍പുണ്ട്‌" അവന്‍ പറഞ്ഞു

ചായയുടെ പണംകെട്ടി, പുറകിലോട്ടുനടന്നു. പടിഞ്ഞാറ്റുമ്മുറിക്കാരുടെ കോവിലിനുമപ്പുറം പറമ്പില്‍ തെങ്ങില്‍ചാരിനിന്ന തിരുവാണിക്കാവ്‌ രാജഗോപാല്‍ വിളിച്ചു

" ആശാനേ, വന്നാട്ടേ"
ചെന്നപ്പോള്‍, കൂടെനിന്നവനെചൂണ്ടി ചോദിച്ചു " ഇവനേ അറിയത്തില്ലേ? രാജശേഖരന്‍, കൂറ്റനാടാണേ"
എവിടെയോ വെള്ളംവീഴുന്ന ശബ്ദംകേട്ടു. ചെവിവട്ടം പിടിച്ചപ്പോള്‍ രാജഗോപാലുപറഞ്ഞു " ചെന്നാട്ടേ, പള്ളിനീരാട്ടാണ്‌"
വെള്ളത്തിന്റെ ശബ്ദം കേട്ടിടത്തേക്കു ചെന്നു. പരിചാരകര്‍ക്കുനടുവില്‍, ഒരു വമ്പന്‍ അമര്‍ന്നിരിക്കുന്നു. ചിലര്‍ കുംഭങ്ങളില്‍ ജലം പകരുന്നു. ചിലര്‍ ആ തിരുമേനിയില്‍ ഇഞ്ച ഉരക്കുന്നു.

" കളഭവും, കുങ്കുമവും വരട്ടേ" പ്രധാനി പറഞ്ഞു
വിശാലമായനെറ്റിയില്‍ കളഭവും, കുങ്കുമവും പൂശി
" മാല വരട്ടേ" പ്രധാനി വീണ്ടും പറഞ്ഞു
രണ്ടുപേര്‍, വളരെ ശ്രദ്ധയോടെ സ്വര്‍ണ്ണമാല കൊണ്ടുവന്നു. അത്‌ ആ കഴുത്തില്‍ചാര്‍ത്തി.
" ഇനി എഴുന്നേറ്റോളൂ"

ഉന്നതന്‍ കാലുകള്‍ നീട്ടി ആസനത്തില്‍നിന്നുയര്‍ന്നു. പിന്നെ ശരീരം നിവര്‍ത്തിനിന്നപ്പോള്‍

ആ വലിപ്പവും ഉയരവും മുഴുവന്‍ കാണാന്‍ കഴുത്ത്‌ എത്ര ഉയര്‍ത്തി എന്നറിയില്ല . മുഖംകാണിക്കാന്‍ പ്രജകള്‍ കൂടിക്കൊണ്ടിരുന്നു. പഴങ്ങളും, ശര്‍ക്കരയും വെച്ച താലങ്ങള്‍ മുന്നില്‍ നിരന്നു.

ആരാണീ തമ്പുരാന്‍? എത്രയാലോചിചിട്ടും പിടികിട്ടിയില്ല. മുന്നില്‍നിന്നയാളേ ഒന്നുതോണ്ടി. അല്‍പം ഈര്‍ഷ്യയോടെ അയാള്‍ തിരിഞ്ഞുനോക്കി. ചോദ്യം തൊണ്ടയില്‍നിന്ന് പുറത്തേക്കു വന്നില്ല . തമ്പുരാന്‍ പഴവും ശര്‍ക്കരയും ആസ്വദിച്ചുകഴിക്കുകയായിരുന്നു. ആരോ അടുത്തുചെന്നു. പിന്നെ അനുമതി കിട്ടിയപ്പോള്‍ വിനയത്തോടെ കുനിഞ്ഞ്‌ തമ്പുരാന്റെ മാലയിലെ മുദ്ര നേരേയിട്ടു. മുന്നില്‍നിന്നവരുടെ തലക്കുമുകളിലൂടെ എത്തിനോക്കി, പിന്നെ ആ മുദ്രയില്‍ സ്വര്‍ണ്ണലിപികളില്‍ എഴുതിവെച്ചിരുന്നത്‌ മനസ്സില്‍ വായിച്ചു

ഗജരാജന്‍ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍

Sunday, July 13, 2008

പാലക്കാടന്‍ പലവക രണ്ടാം ഭാഗം

ആലത്തൂരുന്നുള്ള അവസാനത്തേ വണ്ടിക്ക്‌ ഇടിച്ചുകയറി, ഒരു സൈഡ്‌ സീറ്റുപിടിച്ച്‌ ശ്വാസം വിട്ടുകൊണ്ടിരുന്നപ്പോള്‍, അടുത്തിരുന്നയാള്‍ ചോദിച്ചു.

" ഈ ദേശക്കാരനല്ലെന്നുതോന്നുന്നു, എവിടെ പോകുന്നു?"

പോകുന്ന സ്ഥലം പറഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ചോദിച്ചു

അതാരുടെ സ്ഥലമാണെന്നറിയാമോ?

മൂന്നക്ഷരംകൊണ്ട്‌ ഈരേഴുപതിനാലുലോകവും പലവട്ടമളന്ന അതികായന്റെ എത്രയോ പുസ്തകങ്ങള്‍, എത്രയോ പ്രാവശ്യം വായിച്ചിട്ടില്ല എന്നു ചിന്തിച്ചിരിക്കുമ്പോള്‍, കണ്ടക്ടര്‍ അടുത്തുവന്ന് വണ്ടിക്കൂലിക്ക്‌ കൈ നീട്ടി

" നെല്ലായിട്ടുമതിയോ?"
ഓര്‍ക്കാതെ ചോദിച്ചുപോയി. ഒന്നും മനസ്സിലാകാതെ കണ്ടക്ടര്‍ മിഴിച്ചുനോക്കിയപ്പോള്‍, അടുത്തിരുന്നയാള്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു
" അപ്പോളറിയാം അല്ലേ"

വണ്ടി ഓടിക്കോണ്ടിരുന്നു. അറിയാത്തവഴികളിലൂടെ,. അറിയാത്ത സ്റ്റോപ്പുകളില്‍ അറിയാത്ത യാത്രക്കാര്‍ ഇറങ്ങിപോകുന്നു. ഒരിടത്തു വണ്ടിനിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ ഇരിട്ടിലേക്കിറങ്ങിപ്പോയി. അടുത്തിരുന്നയാള്‍ പറഞ്ഞു

" ഈ ചാലിങ്ങനെയാണ്‌. ഇനി കണ്ടക്ടനാണ്‌ ചക്രപാണി. കുറച്ചുകഴിഞ്ഞുള്ള ഇരുട്ടില്‍ കണ്ടക്ടന്‍ ചക്രപാണിയും ഇറങ്ങിപ്പോകും. പിന്നെയങ്ങോട്ടു കിളിയായിരിക്കും ചിറകടിക്കുക"
കൂടുതല്‍ യാത്രക്കാര്‍ ചേക്കേറാന്‍ വണ്ടിയില്‍നിന്നിറങ്ങി പൊയ്കോണ്ടിരുന്നു. അടുത്ത ഇരുട്ടില്‍നിന്ന് കിളി ചിറകടിക്കാന്‍ തുടങ്ങിയപ്പോള്‍ അടുത്തിരുന്നയാള്‍ പറഞ്ഞു.

" അടുത്ത ഇരുട്ടില്‍ ഞാനുമിറങ്ങും, പിന്നെ നിങ്ങളും, അവിടെ ചുങ്കത്ത്‌ ഹോട്ടലുകളെല്ലാം അടച്ചുകാണും, നേന്ത്രപ്പഴമോ മറ്റോ വാങ്ങിച്ചോളു, ക്ഷേത്രത്തിനടുത്ത്‌ ദിവാകരന്‍ മാമയുടെ സത്രമുണ്ട്‌, മുറികിട്ടാതിരിക്കില്ല"
ചുങ്കത്ത്‌ ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ അദ്ദേഹം ഹസ്തം ദാനം ചെയ്തിട്ടുപറഞ്ഞു
" എന്നാല്‍ ഞാനും ഇരുട്ടിലേക്ക്‌ മറയുകയല്ലേ"
നിറയാത്ത നാലഞ്ച്‌ വയറുകള്‍ക്കുവേണ്ടി കുറേയേറേ നേന്ത്രപ്പഴം വാങ്ങി കീശയിലിട്ടിട്ട്‌, ഓടാന്‍ വെമ്പിനിന്ന ഓട്ടോക്കാരനോടു പറഞ്ഞു

" ദിവാകരന്‍ മാമയുടെ അടുത്തേയ്ക്ക്‌

തുരുമ്പുപിടിച്ച ഗെയിറ്റിന്റെ കുറ്റിനീക്കുന്നതിനിടയില്‍ , ഓട്ടോകാരനോടു ചോദിച്ചു

ഇയാളു കുരക്കുമോ?
കടിക്കുമോന്നറിയാനാണോ മാഷേ?
ദിവാകരന്‍ മാമയേ ഉണര്‍ത്തേണ്ടേ?
കുരക്കേണ്ടിവന്നില്ല. തന്റെ മുറിയുടെ വാതില്‍ തുറന്ന് മാമ വെളിച്ചമില്ലാത്ത ടോര്‍ച്ച്‌ മുഖത്തേക്കടിച്ചുകൊണ്ട്‌ ചോദിച്ചു
ആരാ, എന്താ ?
' ദിവാകരന്‍ മാമാ, അതുപിന്നെ ഒരു മുറി"
പേരുവിളിച്ചതുകൊണ്ടാണെന്നു തോന്നുന്നു, മാമ അകത്തേക്കു കൂട്ടി

ദിവാകരന്‍ മാമയുടെ ഗുഹ. നാല്‍പതു വാട്ടിന്റെ പ്രാകാശത്തില്‍. മച്ചില്‍നിന്നു തൂങ്ങികിടക്കുന്ന മാറാല, ആണിയില്‍ കക്ഷം കീറിയ കയ്യുള്ള ബനിയനുകള്‍, പഴയ കയറ്റുകട്ടില്‍, പഞ്ഞിവെളിയില്‍ വന്ന കിടക്ക, തടിമേശ, മേശപ്പുറത്ത്‌ നൂറ്റൊന്നുതരം രോഗങ്ങളുടെ പ്രതിവിധി നൂറായിരം കൂട്ടം മരുന്നുകള്‍, ഭിത്തിയില്‍ ഇതെല്ലാം കണ്ട്‌ അമര്‍ത്തിചിരിച്ച്‌ തൂങ്ങികിടക്കുന്ന ദൈവങ്ങള്‍
മരുന്നുകുപ്പികളുടെ ഇടയില്‍നിന്നും ചാവിതപ്പിയെടുത്ത്‌ ഏഴാം നമ്പര്‍ മുറിയുടെ വാതില്‍ തുറന്നുതരുന്നതിനിടയില്‍ ദിവാകരന്‍ മാമ പറഞ്ഞു

" വെള്ളം കമ്മിയാണ്‌ ശങ്കയുള്ളവര്‍ക്ക്‌ ഇവിടെയാകം, കുളിക്കാന്‍ ക്ഷേത്രകുളമുണ്ട്‌" ടോര്‍ച്ച്‌ കയ്യില്‍ വെച്ചു തന്നിട്ട്‌ പറഞ്ഞു " ഇതു വെച്ചോളൂ വെളിച്ചവും കമ്മി, ബട്ടണ്‍ ഞെക്കിയിട്ട്‌ വെളിച്ചമേ നയിച്ചാലും എന്നു പ്രാര്‍ത്ഥിച്ചോളു, എവിടെനിന്നെങ്കിലും നയിക്കാതിരിക്കില്ല"

താഴുഞ്ഞെക്കിപ്പൂട്ടി, ടോര്‍ച്ച്‌ കക്ഷത്തില്‍ വെച്ച്‌ ഇരുട്ടിലേക്കിറങ്ങി. തപ്പിതടഞ്ഞ്‌ ക്ഷേത്രനടയിലെത്തി. ഒരുദിക്കും തിരിയാതെ വന്നപ്പോള്‍ അജിത്‌ ഉറക്കെ പറഞ്ഞു
' വെളിച്ചമേ നയിച്ചാലും"
മതില്‍കകത്ത്‌ ഉറങ്ങികിടന്ന ഒരു ചാക്കുകെട്ട്‌ ചെറുതായി അനങ്ങി. സ്വാമി അതിനുള്ളില്‍നിന്ന് വിളിച്ചുപറഞ്ഞു " വടക്ക്‌, വടക്കോട്ടിറങ്ങണം" പിന്നെ ഒന്നുകൂടെ അനങ്ങിയിട്ട്‌ പറഞ്ഞു " ഇടത്തോട്ടു പടിയിറങ്ങിക്കോളു അവിടെയാണു കുളം"

ഒന്ന്, രണ്ട്‌, മൂന്ന് പടിയിറങ്ങിതുടങ്ങിയപ്പോള്‍ അജിത്‌ എണ്ണിതുടങ്ങി. പിന്നെ " രാമ, രാമ എന്നു ജപിക്കുന്നതാണുകേട്ടത്‌
ഇരുപത്തഞ്ച്‌ വരേയുള്ളോ സ്റ്റോക്ക്‌?
" അല്ല പാതാളത്തിലേക്കാണിറങ്ങുന്നതെന്നു തോന്നി അതാണ്‌ നാമം ജപിച്ചത്‌"

വീണ്ടും എത്രയോ പടികള്‍ ചവിട്ടിയിറങ്ങി താഴെ കുളപ്പുരയുടെ പട്ടികയില്‍ തലയിടിച്ചപ്പോള്‍ അവനോടു പറഞ്ഞു. " കേറുമ്പോള്‍ എണ്ണിയാല്‍മതി, അതുതന്നെയായിരിക്കും താഴോട്ടും

ജലദേവതയുടെ നിശ്വാസം പോലെ കുളിര്‍മ ഉയര്‍ന്നുവരുന്നു. ഇറങ്ങിവന്ന പടികളുടെ വശങ്ങളില്‍, പാറക്കെട്ടുകളില്‍നിന്ന് ചൂടാറിയിട്ടില്ലായിരുന്നു. അതുകൊണ്ട്‌ തന്നെ കുളത്തിന്റെ കുളിര്‍മയിലേയ്ക്ക്‌ എടുത്തുചാടാന്‍ തോന്നി.
" എന്റെ ദൈവമേ " ആദ്യത്തെ പടിയിലേക്ക്‌ സധൈര്യം കാലുവെച്ച അജിത്‌, അലറികൊണ്ട്‌ എടിത്തുചാടി. പുറകോട്ട്‌.
"എന്താ, എന്താ വല്ലതും പൊങ്ങിവന്നോ?' ഞെട്ടിതരിച്ചുകൊണ്ട്‌ ചോദിച്ചു
" മീന്‍, ഒന്നും രണ്ടുമൊന്നുമല്ല, ദിവാകരന്‍ മാമയുടെ മേശപ്പുറത്തെ മരുന്നുകുപ്പികള്‍ പോലെ, നൂറായിരം മീനുകള്‍"
ദിവാകരന്‍ മാമയുടെ ടോര്‍ച്ചിന്റെ ഇല്ലാത്ത വെളിച്ചത്തില്‍ കുളം പരിശോധിച്ചു. ഒരു വലിയ ചെമ്പുപാത്രമായേ തോന്നിയുള്ളു. അനേകമനേകം മീനുകള്‍ തുള്ളികളിക്കുന്നു. വെള്ളത്തില്‍ മുക്കിയ കാലുകളില്‍ അവ കൂട്ടത്തോടെവന്ന് ഉമ്മവെച്ച്‌ ഇക്കിളി കൂട്ടി. പെട്ടെന്ന് ഒന്ന് മുങ്ങിനിവര്‍ന്ന് തോര്‍ത്തി പടികയറി. മുകളില്‍ചെന്നപ്പോള്‍ അജിത്തിനോട്‌ ചോദിച്ചു " എണ്ണിയോ?"
' ഈ ചെറിയ കുളത്തിനു വേണ്ടിയാണോ ഇത്രയും പടികള്‍ കെട്ടിയിരിക്കുന്നത്‌ ? അവന്‍ തിരിച്ചു ചോദിച്ചു. അപ്പോള്‍ ചാക്കുകെട്ട്‌ വീണ്ടും അനങ്ങി
" നാളെ മാറ്റിപറയും"
പിന്നെ എല്ലാവരോടുമായി പാടി

" ജ്യേഷ്ടനെ നന്നായി വണങ്ങീട്ടു പിന്നെ
നിദ്രവെടിഞ്ഞോരനുജനേയും, തഥാ
സേവകനാകും,കുരങ്ങിനേയും പിന്നെ
ഗുരുവായൂരപ്പനെ നീട്ടി വണങ്ങുവിന്‍"

2

പാതാളത്തിലേക്കുള്ള പടികള്‍ ഇറങ്ങി കുളത്തിന്റെ മുന്നില്‍ ചെന്നുനിന്നപ്പോള്‍ അജിത്‌ വീണ്ടും വിളിച്ചു
" എന്റെ ദൈവമേ" വളരെ വിശാലമായ കുളം കണ്ടിട്ടും, പിന്നെ സ്ത്രീകളുടെ കടവിലെ തിരക്കുകണ്ടിട്ടും
സത്രത്തിനടുത്തുള്ള ചായകടയില്‍ ചെന്നിരുന്നപ്പോള്‍ അമ്മാവന്‍ അളവില്ലാതെ സ്നേഹവും, എണ്ണമില്ലാത്ത ഇഡലിയും വിളമ്പിതന്നു. സ്നേഹത്തില്‍ ചാലിച്ച മുളകുപൊടിയും. എത്രയാ കഴിക്കുന്നതെന്നോര്‍ക്കാതെ എത്രയോ കഴിച്ചിട്ട്‌ അവന്‍ എഴുന്നേറ്റ്‌ നിന്ന് ഏമ്പക്കം വിട്ടു. എന്നിട്ടുപറഞ്ഞു
" ഏമ്പക്കത്തില്‍ നിന്നാണ്‌ ഓംകാരനാദമുണ്ടായത്‌"

പടിഞ്ഞാറേനടയിലൂടെ, പൊക്കമുള്ള പടി കവച്ചുകടന്ന്, നാലമ്പലത്തില്‍, ശ്രീകോവിലിനു മുന്നില്‍ തൊഴുതുകൊണ്ടുനിന്നപ്പോള്‍ തലേന്നു രാത്രി സ്വാമി പാടിയ പാട്ടാണു മനസ്സില്‍ വന്നത്‌ . പ്രദക്ഷിണം വെച്ച്‌ നിദ്ര വെടിഞ്ഞ അനുജന്റെ മുന്നില്‍, ചെന്നു തൊഴുതു കിഴക്കുനിന്ന് മല ഊര്‍ന്നിറങ്ങി അനിയനെ നമസ്കരിച്ചുകിടക്കുന്നു. വെളിയിലിറങ്ങി സേവകനേയും വണങ്ങി ,ആല്‍ത്തറയ്ക്ക്‌ പ്രദക്ഷിണം വെച്ച്‌ ഗൗളിചിലച്ചതും കേട്ട്‌ ഗുരുവായൂരപ്പനെ നീട്ടിതൊഴുതുനിന്നപ്പോള്‍ സ്വാമി അടുത്തുവന്നു. പിന്നെ കിഴക്കു മലയിലേക്കു കൈചൂണ്ടി പറഞ്ഞു.

"ഉണ്ണീ,
അനുജന്റെ നടയും കടന്ന്
ആലിന്റെ തറയും കടന്ന്
തേവരുടെ ഗോക്കളേം കണ്ട്‌
മല കയറിക്കോളൂ
ചുണ്ടയുടെ മുള്ളുംകൊണ്ട്‌
കാട്ടുപുല്ലിലു കാലുംതെറ്റി
തേക്കിന്റെ മരങ്ങളും ചുറ്റി
വില്ല്വത്തിന്‍ കൂട്ടവും കണ്ട്‌

അവിടെയാണു ഗുഹ, എത്രയാണു പുനര്‍ജന്മം എന്നറിയില്ലല്ലോ?"

സ്വാമി പറഞ്ഞ വഴിയിലൂടെ മുകളിലേയ്ക്ക്‌ കയറി. തേവരുടെ പശുക്കള്‍ക്കുമപ്പുറം ഏതോവീട്ടില്‍നിന്ന് ഇടക്കയുടെ സ്വരമുയര്‍ന്നു
കുറച്ചു വെള്ളമെടുക്കാമായിരുന്നു. ആദ്യം കണ്ട വീട്ടില്‍ കയറി,വെള്ളം ശേഖരിച്ചപ്പോള്‍, ഇടക്ക നിര്‍ത്തി മാരാരു പറഞ്ഞു
"സാഹസമാണ്‌, നൂഴാന്‍ നോക്കരുത്‌"
നന്ദിയുംചൊല്ലി, വീണ്ടും കയറി. പാറകെട്ടുകള്‍ പഴുക്കുന്നു, സൂര്യരശ്മിയില്‍ തിളങ്ങുന്നു. ഉണങ്ങികിടന്ന പുല്ലുകള്‍കിടയില്‍ ഒരു പാമ്പിന്റെ അനക്കം. അങ്ങിനെ കേറിക്കേറി തേക്കിന്‍ കൂട്ടവും കടന്ന് മറ്റൊരു പാറയെ വലംവെച്ച്‌ ഉയര്‍ന്നുനോക്കി. അങ്ങ്‌ താഴെ തെങ്ങുകളുടെ കൂട്ടത്തിനുമപ്പുറം, തലേന്നു ചുങ്കത്തിനുവന്ന പാത. കുടിലിന്റെ ഓലകള്‍ക്കിടയിലൂടെ അടുക്കളയിലെ പുകപൊങ്ങുന്നു. കുറ്റികാടിനിടയില്‍നിന്ന് ഒരു ആണ്മയില്‍ ഓടിമറഞ്ഞു
പാറകെട്ടിന്റെ ഇടയില്‍ വളര്‍ന്നുനിന്ന മരത്തിന്റെ വേരില്‍പിടിച്ച്‌ തൂങ്ങി പാപനാശിനിയില്‍ കാലുകഴുകി പിന്നെ പാറയില്‍ പിടിച്ച്‌ മുകളിലേക്ക്‌ വലിഞ്ഞു. ഗുഹാമുഖത്തുനുന്ന് ഒരു കുറുക്കന്‍ ഓടിയിറങ്ങി കുറ്റിക്കാട്ടില്‍ മറഞ്ഞു. അകത്ത്‌ ഏതോ കാട്ടുപക്ഷിയുടെ തൂവലുകള്‍ ചിതറികിടക്കുന്നു. വവ്വാലിന്റെ കാഷ്ടത്തിന്റെ ഗന്ധം. ഗുഹാമുഖത്തുനിന്ന് അകത്ത്‌ ഇരുട്ടിലേക്ക്‌ തല നീട്ടിയപ്പോള്‍ മുഖത്തേക്ക്‌ ചിറകടിച്ചുകൊണ്ട്‌ പുറത്തെക്ക്‌ പറന്നു. മാരാര്‍ പറഞ്ഞതോര്‍ത്തു." നൂഴാന്‍ നോക്കരുത്‌ സാഹസമാണ്‌. ഏകാദശിനാളില്‍ മുകളില്‍നിന്ന് നാരങ്ങാ ഇട്ടുനോക്കീട്ടാണ്‌ നൂഴുക"
ഗുഹാമുഖത്തുതന്നെ ഇരുന്നു. പിന്നെ എഴുന്നേറ്റ്‌ മലകുത്തനേ പാമ്പാടിക്കിറങ്ങുമ്പോള്‍ പുഴക്കര തറവാട്ടിലെ അതികായനെ ഓര്‍ത്തു. മലയുടെ താഴെ നിറയെ പാടശേഖരങ്കുട്ടികള്‍. ചാത്തന്‍സിന്റെ കൂര. പുഴയുടെ വിരിഞ്ഞ മാറ്‌. മാറിടത്തില്‍ മേയുന്ന പശുക്കള്‍. പാലത്തിനപ്പുറം സ്റ്റേഷനില്‍നിന്ന് ഒരു പുഷു പുകയൂതി ഒലവക്കോട്ടേയ്ക്ക്‌ ഇഴഞ്ഞുനീങ്ങി . കേമദ്രുമക്കാരന്‍ വന്നിറങ്ങിയോ എന്നും ചിന്തിച്ച്‌ ഗ്രാമചത്വരത്തില്‍ ചെന്നിറങ്ങി .

3

പഴയന്നൂരുകാരല്ല എന്നു പലവട്ടം തറപ്പിച്ചുപറഞ്ഞിട്ടും വിശ്വാസംവരാതെ വിശ്വന്‍ വീണ്ടും ചോദിച്ചു " അപ്പോ അതല്ല ദേശം അല്ലേ?
പ്ലാസ്റ്റിക്ക്‌ കാപ്പില്‍ കുടത്തില്‍നിന്ന് കള്ള്‌ പകരുന്നതിനിടയില്‍ വിശ്വന്‍ പറഞ്ഞു. " ജലസേചനം നടത്തിയ ശ്രീധരേട്ടന്‍ ഇതിനപ്പുറം തീരത്തുവന്നാണവസാനം കിടന്നത്‌. ഇനി ആരൊക്കേയാണോ പായുമായിവരുന്നത്‌". കപ്പ്‌ ചുണ്ടോട്‌ ചേര്‍ത്തപ്പോള്‍ വിശ്വന്‍ രണ്ടുവരി കവിത ചൊല്ലി

പ്ലാസ്റ്റിക്കുകപ്പില്‍ തുള്ളും പനങ്കള്ളില്‍
മജ്ജനം ചെയ്കയായി തന്‍ ഹൃദയം
പിന്നെ
നീളാനദിയുടെ തീരത്തുനിന്നുതന്‍
ദാഹത്തേ തീര്‍ത്തിതു രാമദേവന്‍
പുറത്തേക്കിറങ്ങിയപ്പോള്‍ അജിത്‌ വയറ്റില്‍ കൈവെച്ചു " പനയാണേ, ഒരു ശങ്കയുണ്ടോ എന്നൊരു ശങ്ക "
പിന്നെ ഒരു നീണ്ട സമയം കഴിഞ്ഞ്‌ അവന്‍ പാലത്തിനു കീഴെ ഇരുന്നിടത്തുനിന്നെഴുനേറ്റപ്പോള്‍, മുട്ടറ്റം വെള്ളത്തില്‍ ഒന്നൂടെ മുങ്ങി സത്രത്തിലേക്കു നടന്നു. കവിയുടെ കാല്‍പാടില്‍ നമ്മുടെ കാല്‍പാടും പതിയാതെ , മുകളിലേക്ക്‌ നടന്നു, തറിയുടെ താളവും കേട്ട്‌ പര്‍പ്പിടകെട്ടുകള്‍ പരക്കുന്നതും കണ്ട്‌
പടിഞ്ഞാറേ ആല്‍ത്തറയില്‍ സ്വാമി ചമ്രം പടഞ്ഞിരിക്കുന്നുണ്ടായിരുന്നു. വിളിച്ചുചോദിച്ചു
" ഉണ്ണീ, ഇനിയും പുനര്‍ജന്മമുണ്ടല്ലേ?"
ഏഴാം നമ്പ്ര് മുറിതുറന്ന് അകത്തുകയറി പിന്നെ വാതിലടച്ച്‌ പുറം ലോകത്തിനു പുറംതിരിഞ്ഞുനിന്നു

4

പുനര്‍ജനിയുടെ മുന്നില്‍ ചാരുകസേരയിട്ട്‌ ഊഴവും കാത്ത്‌ കിടക്കുമ്പോള്‍ അവള്‍ അടുത്തുവന്നുചോദിച്ചു
" എന്നാണ്‌ ജ്യേഷ്ടാനുജന്മാരുടെ, സേവകന്റെ, കവിയുടെ, ത്രയാക്ഷരിയുടെ ഈ സ്ഥലം ത്രിശ്ശിവപേരൂര്‍ ജില്ലയില്‍നിന്ന് നടകൊണ്ട്‌ പാലക്കാടു പോയത്‌. ശീര്‍ഷകം കണ്ട്‌ ചോദിച്ചതാണ്‌"
ഒരുനിമിഷം ആലോചിചിട്ട്‌ അവളോട്‌ പറഞ്ഞു

അമ്പലകുളവും നീന്തി
പാമ്പാടിമുക്കും കണ്ട്‌
ഷാപ്പിലേകള്ളും മോന്തി
ലെക്കിടിപാലോം കടന്ന്
കടന്നിട്ടുപിന്നെകൂരായണ
എന്നുപറയുമ്പഴേക്കും പാലക്കാടായി

എന്നിട്ടുറക്കെ ആത്മഗതം ചെയ്തു
തിരുവില്ല്വാമലക്ക്‌ അല്ലേലും ഒരു പാലക്കാടന്‍ സ്വാദാണുള്ളത്‌


Thursday, July 3, 2008

പാലക്കാടന്‍ പലവക

പേപ്പര്‍ നിവര്‍ത്തിവെച്ചു. പേനയെടുത്തു തുറന്നപ്പോള്‍, അവള്‍ പറഞ്ഞു.

" ആനയേക്കുറിച്ച്‌ ഒരക്ഷരം എഴുതിപോകരുത്‌"
പുരികകൊടികൊണ്ട്‌ ഒരു ചോദ്യം അയച്ചപ്പോള്‍ അവള്‍ തുടര്‍ന്നു

സ്വാമികള്‍ നീരിലത്രേ, കൂടെ
പെരുമാളും, ഇന്ദ്രസേനനും
ശിവസുന്ദരമൂര്‍ത്തികളും തഥാ
കോങ്ങാട്ടുശ്ശങ്കരന്മാഷുമത്രേ

പ്രഭു?

പ്രഭുവാം, രാമചന്ദ്രപ്രഭു
ആക്ടിങ്ങിലും, കേശവനായി
ചെമ്മേ

അപ്പോള്‍ എന്തായിപ്പോള്‍ എഴുതുക ?

" കോങ്ങാട്ടുതിരുമാന്ധാംകുന്നിലമരുന്ന അമ്മ അനുഗ്രഹിച്ചതല്ലേ. എന്തും കോറാം. ഞാന്‍ ആ സമയത്തു പാത്രം മോറുകയുമാകാം. അല്ലെങ്കില്‍ തന്നെ വായനക്കാരുണ്ടെങ്കില്‍ എഴുത്തുകാര്‍ എന്തിനു ഭയപ്പെടണം"

(ഇങ്ങിനെയാണ്‌ പാലക്കാടന്‍ പലവക എഴുതിത്തുടങ്ങിയത്‌ )


1

മെയ്‌ മാസം 26

ഒരുമാസം പാലക്കാടു വീണുകിട്ടിയ ഔദ്യോഗികവേഷം അഴിയുന്നദിവസം. കടലാസ്സുകള്‍ കവറിലാക്കി, സീലുചെയ്ത്‌, ഇസ്ക്കൂളും പൂട്ടി വെളിയിലിറങ്ങിയപ്പോള്‍ ഒരു മുറിവുതുറന്നുവന്നു. ഓരോന്നുചിന്തിച്ച്‌ നടന്നപ്പോള്‍ മുറിവ്‌ വലുതായികൊണ്ടിരുന്നു. സ്ഥിരം സ്ഥലത്ത്‌ ആളൊഴിഞ്ഞ കോണില്‍, പോയിരുന്നു. ഒന്നും പറയേണ്ടിവന്നില്ല . ഗ്ലാസ്സും, ബാക്കി സാധനങ്ങളും മേശപ്പുറത്തുകൊണ്ടുവെച്ചു. ഒരു റൗണ്ടുകഴിഞ്ഞു. ഒരു റൗണ്ടൂടെ കഴിഞ്ഞു. മുറിവുകൂടിവരുന്നതല്ലാതെ കുറയുന്നില്ല. കസേരയില്‍നിന്നെഴുനേറ്റ്‌ കൗണ്ടറിന്റെ മുന്നില്‍ ചെന്നു. അപ്പോള്‍ വെയ്‌റ്റര്‍ നീട്ടിവിളിച്ചുപറഞ്ഞു

"സാറിനു നാല്‌ എണ്ണപലഹാരം, രണ്ടുചായ, മൊത്തം 18 രൂപ"

പേര്‍സില്‍നിന്ന്‌ പണമെടുത്തുകൊടുത്തിട്ട്‌ പുറത്തിറങ്ങി. മുറിവിന്റെ അസ്വസ്ഥത കൂടികൊണ്ടിരുന്നൂ. ഗോപിമാഷിനെ ഫോണില്‍ വിളിച്ചുപറഞ്ഞു.
" മാഷേ, ഒരു മുറിവുണ്ട്‌ കരിയുന്നില്ല"
" മുട്ടികുളങ്ങര മുറിവെണ്ണ മതി, മുറിവുകരിഞ്ഞോളും"
മാഷുപറഞ്ഞു
പിന്നെ അമാന്തിച്ചില്ല. തരേക്കാട്ടുചെന്ന് ആദ്യം കണ്ട വണ്ടിക്കുകേറി മുട്ടികുളങ്ങരയില്‍ ഇറങ്ങി. പണിക്കരുവൈദ്യന്റെ മുന്നില്‍ ചെന്നു.. പണിക്കര്‍വൈദ്യന്‍ പറഞ്ഞു
" മുട്ടികുളങ്ങര മുറിവെണ്ണ മാംസത്തിന്റെ മുറിവേ ഉണക്കൂ, മനസ്സിന്റെ മുറിവ്‌ കാലമാണുണക്കുന്നത്‌. കാലത്തിന്റെ കാസറ്റ്‌ പിന്നോട്ടുകറക്കിക്കോളൂ"
വൈദ്യര്‍ക്കു ഫീസുകൊടുത്ത്‌ വെളിയിലിറങ്ങി. ലോഡ്ജുമുറിയില്‍ വന്നു കട്ടിലില്‍ കിടന്നു. കാലത്തിന്റെ കാസറ്റ്‌ റീവൈന്റെ്.ചെയ്തുനോക്കി. ഓര്‍മ്മകളുടെ നീര്‍ചാല്‍ ഒരു മലയുടെ മുകളില്‍നിന്നും ഒലിച്ചിറങ്ങുന്നതുപോലെ, ശക്തിപ്രാപിക്കുന്നതുപോലെ, മരങ്ങളേയും പാറക്കെട്ടുകളേയും വകഞ്ഞുമാറ്റി തട്ടിതെറിച്ച്‌ പടികള്‍ ചാടിയിറങ്ങുന്നതുപോലെ

2

ആര്‍ത്തട്ടഹസിച്ച്‌ താഴേക്കു പതിക്കുന്നതിനുമുന്നില്‍ വിനയത്തോടെ നിന്നപ്പോള്‍ നാട്ടുകാരന്‍ പറഞ്ഞു
" മീന്‍ വല്ലത്തിന്റെ രണ്ടാമത്തേ കുത്താണിത്‌ . ഇതാണേറ്റം വലുത്‌, പലരും പോയിട്ടുണ്ട്‌, പാറ തെന്നുന്നത്‌ അറിയില്ല, ഇനി മുകളിലേക്ക്‌ മൂന്നെണ്ണം കൂടി, മല്ലുകേറ്റം , കാട്ടില്‍കൂടിത്തന്നെ മ്രുഗങ്ങള്‍ കാണും, ഇരുളുന്നുണ്ട്‌"
ആകാശത്ത്‌ കാര്‍മേഘം ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. എന്തുംവരട്ടെ എന്നുകരുതി വീണ്ടും മുകളിലേക്കു കയറി. ചെടികളും വള്ളികളും വകഞ്ഞുമാറ്റി, തെന്നുന്ന വഴിയിലൂടെ . കാട്ടുമുള്ളുകള്‍കൊണ്ട്‌ ദേഹമാകെ മുറിയുന്നുണ്ടായിരുന്നു. തലേന്നുപെയ്ത മഴയില്‍ കിളിര്‍ത്തുവന്ന അട്ടകള്‍ കാലില്‍കൂടി അരിച്ചുകയറിതുടങ്ങി. വളഞ്ഞുവളഞ്ഞ്‌ മുകളിലേയ്ക്ക്‌ . അങ്ങിനെ അങ്ങിനെ . പെട്ടെന്ന് ചെവി തുളച്ചുകൊണ്ട്‌ വെള്ളത്തിന്റെ ശബ്ദം. മൂന്നാമത്തേ കുത്ത്‌ . വീണ്ടും മുകളിലേയ്ക്ക്‌. നാലാമത്തെ കുത്തിന്റെ മുന്നില്‍ തവണ വ്യവസ്ഥയില്‍ ശ്വാസം വലിച്ചുകൊണ്ടിരുന്നപ്പോള്‍ , അങ്ങുമുകളില്‍നിന്ന് ദേഹത്തേക്ക്‌ ഒരുതുള്ളി വെള്ളം വീണു . മലമുകളില്‍ മഴ പെയ്താല്‍ പെട്ടന്നാണ്‌ വരവ്‌. തിരിച്ചിറങ്ങി തുടങ്ങി.

കാടാറുമാസം നാടാറുമാസമായി ജീവിക്കുന്നവര്‍ക്കറിയാം. മലകയറ്റമല്ല ഇറക്കമാണു പ്രയാസം. ഇല്ലാത്തതും വല്ലാത്തതുമായ പാതയിലൂടെ, കുത്തനേ താഴേയ്ക്ക്‌. നനഞ്ഞുകുതിര്‍ന്നവ, കാട്ടിലകള്‍ വീണുമൂടിയവ.
"ഒരു കാലുതെറ്റിയാല്‍"
: പെട്ടെന്നെത്താം" കൂടെയുള്ളവന്‍ പൂരിപ്പിച്ചു
മുട്ടുകള്‍ പിടിച്ചുതുടങ്ങി. കാലുകള്‍ വിറക്കുന്നു. എങ്ങിനെയോ താഴെയെത്തി.. മുറിച്ചുകടന്ന ചപ്പാത്തില്‍ ഒഴുക്കിന്റെ ശക്തി കൂടിയിരുന്നു

മൂന്നേക്കറിലെത്തി, കാലും നീട്ടിയിരുന്ന് ഒരു ചായ ഊതികുടിച്ചുകൊണ്ട്‌ ബസ്സിന്റെ സമയം തിരക്കി

" അട്ടേം പെറുക്കികളഞ്ഞ്‌ ഇവിടെകൂടാം, ഇനി നാളെ കാലത്തേയുള്ളു. അല്ലെങ്കില്‍ കനാലിന്റെ ഓരത്തുകൂടെ പതുക്കെ നടന്നോളു" ചായകടക്കാരന്‍ പറഞ്ഞു

വീണ്ടും നടപ്പ്‌. വിശാലമായ പാടങ്ങള്‍, അങ്ങിങ്ങു ചെറിയ കുടിലുകള്‍, ഇടത്തുവശം ഉയര്‍ന്നുനില്‍ക്കുന്ന മല, പാടത്തിന്റെ വരമ്പില്‍ ഒറ്റക്കുനില്‍ക്കുന്ന പന. ദേഹത്തുവീഴുന്ന ഓരോതുള്ളിയും നടത്തത്തിന്റെ ആക്കം കൂട്ടികൊണ്ടിരുന്നു. കല്ലടികോടെത്തിയപ്പോളേക്കും മഴ തിമര്‍ത്തിരുന്നു

ബെന്നിയും ഹരിയുമൊത്താണ്‌ അങ്ങിനെ മീന്‍ വല്ലത്തിനു പോയത്‌. പിന്നീട്‌ പലപ്രാവശ്യം കല്ലടികോടുവഴി കടന്നുപോയി. എന്നിട്ടും മീന്‍ വല്ലത്തിന്റെ അഞ്ചാമത്തെ കുത്ത്‌ കാണാന്‍ സാധിച്ചിട്ടില്ല