എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Thursday, April 23, 2009

ഗജേന്ദ്രമൊക്ഷം നാലാമദ്ധ്യായം

കഥ ഇതുവരെ
ഒന്നാമദ്ധ്യായത്തില്‍ വാര്യര്‍ കല്ലുവെട്ടാംകുഴിയില്‍നിന്ന് വലിച്ചുകയറ്റിയ ആന രണ്ടാമദ്ധ്യായത്തില്‍ അപ്രത്യക്ഷനായി.സ്വതേ മൂഡ്ഡനായ വാര്യര്‍ ആന അപ്രത്യക്ഷനായതോടെ ഇതികര്‍ത്തവ്യതാമൂഡ്ഡനുമായി. പക്ഷേ മൂന്നാമദ്ധ്യായത്തില്‍ കാര്യങ്ങളെല്ലാം പാടേ മറിഞ്ഞു. ആന രായ്ക്കുരാമാനം തൊഴുത്തില്‍നിന്ന് കയറുപൊട്ടിച്ചിട്ട്‌ ഇല്ലാത്തപുരമ്പറ്റ ഭഗവതിക്ഷേത്രത്തില്‍ ചെന്നുചേര്‍ന്നതും സ്വീകരണം ഏറ്റുവാങ്ങിയതുമെല്ലാം നാട്ടുപത്രത്തില്‍നിന്ന് വായിച്ചുകേട്ടറിഞ്ഞ വാര്യര്‍ സന്തോഷം സഹിക്കാനാവാതെ വീണ്ടും ഇതികര്‍ത്തവ്യതാമൂഡ്ഡനായി ഉള്ള ബോധം കൂടെ നഷ്ടപെട്ട്‌ പുല്‍പായിലേയ്ക്ക്‌ മറിഞ്ഞു.
തുടര്‍ന്നു വായിക്കുക

ലോറിയിലെ നീണ്ടയാത്രയും, മണിക്കൂറുകള്‍ നീണ്ട എഴുന്നള്ളത്തും കഴിഞ്ഞ്‌ കോലം താഴെയിറക്കി നെറ്റിപ്പട്ടവും അഴിച്ച്‌ ആനയേ മതില്‍കകത്ത്‌ തളച്ചപ്പോളാണ്‌ ഗോവിന്ദന്‍പാപ്പാന്‌ ശ്വാസം നേരേവീണത്‌. കാര്യം കഥയിലാണെങ്കിലും ആന ഇടഞ്ഞാല്‍ നാടകം മുഴുവനും പൊളിയുമല്ലൊ. പോരാത്തതിന്‌ എഴുന്നള്ളത്ത്‌ കഥാപാത്രത്തിന്‌ പരിചയമില്ലാത്ത ഫീല്‍ഡും

രണ്ട്‌ പനമ്പട്ട ആനയുടെ മുന്നിലേയ്ക്ക്‌ വലിച്ചിട്ടിട്ട്‌ പാപ്പാന്‍ മതിലില്‍ ചാരിയിരുന്നു. മടിക്കുത്തില്‍നിന്ന് ഒരു ബീഡിയെടുത്ത്‌ കത്തിച്ചിട്ട്‌ ചിന്തിച്ചു. പനമ്പട്ടയുടെ കാര്യത്തില്‍ ഭാരവാഹിയുമായി വാക്കാല്‍ ഉടമ്പടി ഒപ്പിട്ടതുകൊണ്ട്‌ മൃഗം പട്ടിണികിടക്കില്ല. ഇനി മനുഷ്യനുള്ള വെറുമ്പട്ട എപ്പോളാണോ കിട്ടുന്നത്‌?

ഒരു പട്ട
തുമ്പിക്കരംകൊണ്ട്‌ വാരിയെടുത്തിട്ട്‌
അംബരമുറ്റത്തില്‍ വീശിയെറിഞ്ഞിട്ട്‌
പിന്നോട്ടുനന്നായ്‌ കശക്കിയെറിഞ്ഞിട്ട്‌
പാര്‍ശ്വങ്ങള്‍ രണ്ടിലും അമ്മാനമാടീട്ട്‌

മുന്‍ കാലിന്റെ അടിയിലേയ്ക്ക്‌ വെയ്ക്കുമ്പോള്‍ ആന വിചാരിച്ചു

" ഭാഗ്യവന്തം പ്രസൂയേഥാ
മാ ശൂരം മാച പണ്ഡിതം

എന്ന് ആര്‌ ആരോടാണ്‌ പറഞ്ഞത്‌?"

പട്ട രണ്ടായി ചവിട്ട്‌ ഒടിച്ചിട്ട്‌ പറ്റിപിടിച്ചിരുന്ന മണ്ണ്‍ ദേഹത്ത്‌ തട്ടി കുടഞ്ഞുകളഞ്ഞ്‌ വായിലേക്ക്‌ വെക്കുന്നതിനിടയില്‍ ആന വീണ്ടും വിചാരിച്ചു
" പത്താംതരത്തില്‍ അഭ്യസിച്ചിരുന്നെങ്കില്‍ ആര്‌ ആരോടാണ്‌ പറഞ്ഞതെന്ന് സന്ദര്‍ഭവും സ്വാരസ്യവും വിശദമാക്കി ഓര്‍ത്തെടുക്കാമായിരുന്നു"

മതിലില്‍ ചാരിയിരുന്ന്, ബീഡി വലിച്ച്‌ ഗോവിന്ദന്‍പാപ്പാന്‍, പനമ്പട്ട ചിട്ടയോടെ തിന്നുന്ന ആനയേത്തന്നെ നോക്കിയിരുന്നു. നോക്കിയിരുന്നപ്പോള്‍ വെറുമ്പട്ടയേക്കുറിച്ചോര്‍ത്തേയില്ല.പേര്‍ത്തും പേര്‍ത്തും നോക്കിയിരുന്നപ്പോള്‍ കേളുനായര്‍ പാപ്പാനു കാണുംതോറും കൗതുകം എന്ന ന്യായമനുസരിച്ച്‌, കഥയിലാണെങ്കിലും ഉള്ളിന്റെയുള്ളില്‍ വാത്സല്ല്യം നുരഞ്ഞുപൊന്തുന്നതായിട്ട്‌ ഗോവിന്ദന്‍ പാപ്പാനു മനസ്സിലായി.

" ആനേ" പാപ്പാന്‍ വാത്സല്ല്യത്തോടെ നീട്ടിവിളിച്ചു. ആന പട്ട നിലത്തിട്ടിട്ട്‌ ചെവി വട്ടം പിടിച്ചപ്പോള്‍ പാപ്പാന്‍ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ്‌ നെഞ്ചത്ത്‌ കൈവെച്ച്‌ നാലമ്പലത്തിനുള്ളിലേയ്ക്ക്‌ നോക്കികൊണ്ട്‌ പറഞ്ഞു.

" അമ്മേ മഹാമായേ ഈ നാല്‍ക്കാലിയേയും ഇരുകാലിയേയും പരമ്പര തീരുന്നതുവരെയെങ്കിലും കാത്തുകൊള്ളണേ, അമ്മെ ഭഗവതി"

പിന്നെ നാലമ്പലത്തിനുമുന്നില്‍ ഭസ്മത്തട്ടത്തില്‍നിന്ന് ഒരുപിടി വാരിയെടുത്ത്‌ കുറച്ച്‌ വെള്ളത്തില്‍ ചാലിച്ച്‌ നാല്‍കാലിയുടെ മസ്തകത്തില്‍ തൊടീക്കുമ്പോള്‍ പാപ്പാന്‍ ഓര്‍ത്തു.

" ആരും കണ്ണുവെയ്ക്കാതിരിക്കാന്‍ ഒരു ബ്യൂട്ടിസ്പോട്ട്‌ ഇരിക്കട്ടെ"

വീണ്ടും മതിലില്‍ചാരിയിരുന്ന് ഒരുബീഡി കൂടി കത്തിച്ച്‌ പുക അകത്തേയ്ക്കും പുറത്തേക്കും വിടുമ്പോള്‍ ചില മഹാത്മാക്കളേക്കുറിച്ചാണ്‌ പാപ്പാന്‍ ഓര്‍ത്തത്‌. കോന്നിയില്‍ കൊച്ചയ്യപ്പന്‍, വൈക്കത്ത്‌ തിരുനീലാണ്ടന്‍, കൊട്ടാരക്കര ചന്ദ്രശേഖരന്‍, തിരുവട്ടാറ്റ്‌ ആദികേശവന്‍.
" ദൈവമേ, കൊട്ടാരത്തില്‍ വേണ്ട ഒരു കുടിലില്‍ ശങ്കുണ്ണിയെങ്കിലും ഇവനേക്കുറിച്ച്‌ ഇതുപോലൊരാന ഇതുവരെ ഉണ്ടായിട്ടുമില്ല ഇനിയൊട്ട്‌ ഉണ്ടാകാനും പോകുന്നില്ല, എന്നെഴുതുമോ?"

" നെട്ടൂപെട്ടിയില്‍നിന്ന് രണ്ടുമൂന്ന് കടലാസ്സുകൂടി കീറിയെടുത്ത്‌, നാടകത്തിന്‌ രണ്ടുമൂന്ന് രംഗങ്ങള്‍ കൂടെ കൂട്ടിയാല്‍മതി, കൊട്ടാരവും,കുടിലും ഇല്ലെങ്കിലും ഒരു ബംഗ്ലാവില്‍ ശങ്കുണ്ണിയെങ്കിലും അങ്ങിനെ എഴുതിക്കോളും"

ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഗോവിന്ദന്‍ പാപ്പാന്‍ നോക്കി. അപ്പോള്‍ ചിരിച്ചീടിന മദ്ധ്യേ അടുത്തുചെന്നിട്ട്‌ ബാലകന്‍ ചോദിച്ചു. " അതൊക്കെ പോകട്ടെ ഗോവിന്ദേട്ടാ, കഥയില്‍ ഈ ആന ഒറ്റച്ചട്ടമാണോ?

പാപ്പാന്‍ ബാലകന്റെ മുഖത്തുനോക്കി. കഥയെല്ലാമറിയാവുന്നവന്‍ എന്നുകണ്ടപ്പോള്‍, എഴുന്നേറ്റ്‌ മടക്കികുത്തിയിരുന്ന മുണ്ട്‌ അഴിച്ചിട്ട്‌, നടയ്ക്കലേക്ക്‌ നോക്കിവിളിച്ചു.

" അമ്മേ, മഹാമായേ"

പിന്നെ ബാലകന്റെ കയ്യിലിരുന്ന വെറ്റിലയും പാക്കും വെള്ളിരൂപയും വലതുകയ്യില്‍ മേടിച്ചിട്ട്‌ അവന്റെ കയ്യിലേയ്ക്ക്‌ തോട്ടിയും കോലും വെച്ചുകൊടുത്തിട്ട്‌ പറഞ്ഞു.

" ഈ നിമിഷം വരെ ഒറ്റച്ചട്ടമായിരുന്നു. ഇനിമുതല്‍ നീ വേണം ഇവനു പട്ടവെട്ടാനും തണുപ്പിക്കാനും വക്ക കെട്ടാനും."

" പനമ്പട്ട ആവശ്യത്തിന്‌ വെട്ടിക്കഴിഞ്ഞു. ഇനി വെറുമ്പട്ട ആവശ്യത്തിന്‌ ഒഴിക്കണ്ടേ? ദേ ആള്‌ എത്തിക്കഴിഞ്ഞു."

അപ്പോള്‍ ആശാനേന്ന് നീട്ടിവിളിച്ചുകൊണ്ട്‌ ഉത്സവക്കമ്മിറ്റി ആഫീസില്‍നിന്ന് ഭാരവാഹി അവരുടെ അടുത്തേയ്ക്ക്‌ വരുന്നുണ്ടായിരുന്നു
(തുടരും)


Tuesday, April 14, 2009

തിരഞ്ഞെടുപ്പു മാമാങ്കം

എന്താ ഒരാഘോഷം. സ്ഥിരം നാടകവേദിയായതുകൊണ്ട്‌ കാണികള്‍ കൂടുതലുണ്ടേയ്‌.ഇനി ഈ തേവരുടാനയ്ക്ക്‌ രണ്ട്‌ ദിവസം കുശാലാണേയ്‌. സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഷയില്‍ ഇലെക്ഷന്‍ ഡ്യൂട്ടി എന്നൊക്കെ പറയും. പറഞ്ഞില്ലെങ്കിലും അതൊക്കെ തന്നെ. ഓര്‍ഡറിന്‍ പ്രകാരം ഇരുനൂറു മീറ്റര്‍ ചുറ്റളവില്‍ വെടിവെയ്ക്കുകയുമാകാം. പക്ഷെ തോക്കും ഉണ്ടയും തരപെട്ടിട്ടില്ല .തരപെട്ടാല്‍ തന്നെ തോക്കുണ്ടെങ്കില്‍ ഉണ്ട കാണില്ല ആന്റ്‌ വൈസ്‌ വേഴ്സ.
വൈസ്‌ വേഴ്സ എന്നടിച്ചപ്പോളാണ്‌ പണ്ടെഴുതിയ ഒരു മഹാകാവ്യം മനസ്സില്‍ വന്നത്‌.ദാ ഇപ്പം .ഗജേന്ദ്രമോക്ഷം നാലാം ഭാഗം കുടിശ്ശികയാണ്‌ . ബാങ്കീന്നൊക്കെ കുടിശ്ശിക തീര്‍ക്കാന്‍ വിളിയും വരുന്നുണ്ട്‌. ബാങ്കുവിളി. അതിനുപകരം വൈസ്‌ വേഴ്സ എന്ന മഹാകാവ്യം എഴുതിയിടാം .തിരഞ്ഞെടുപ്പു ഡ്യൂട്ടി കഴിയുന്നതുവരെ. എവിടെയാണോ ആര്‍ സ്കറിയാ എന്നുവെച്ചാല്‍ ആര്‍ക്കറിയാം പതിനാറാം തീയതി ഡ്യൂട്ടി കഴിഞ്ഞ്‌ അവശനായി ഇരിക്കുന്ന തേവരുടാനയുടെ ഒരു ചിത്രവും ( ചിത്രകാരന്റെ കണ്ണില്‍ എന്നുപറയേണ്ടതില്ലല്ലൊ)

വൈസ്‌ വേഴ്സ ഒരു മഹാകാവ്യം


റീനാ റീനായെന്നായിരം
ഉരയ്ക്കുകില്‍ ഏതുറീനയ്ക്കും
നാറിയായിടാം ആന്റ്‌
വൈസ്‌ വേഴ്സ
ശുഭം

Sunday, April 12, 2009

വിഷുക്കണി


വിഷു. അത്ന്നേ

വിഷുവിളക്കിന്‌, തറവാട്ടിനകത്തുതന്നെ രണ്ട്‌ ദേശക്കാരായി, രണ്ട്‌ കരക്കാരായി, കുറച്ച്‌ പടക്കത്തിന്‌ തീ കൊളുത്തണമെന്നുണ്ടായിരുന്നു.വാലിന്‌ തീ കൊളുത്തിനടക്കുന്നതിനിടയില്‍ പടക്കത്തിന്‌ തീ കൊളുത്താന്‍ എവിടെ സമയം.കൂടെ ആ ഗോളസാമ്പത്തിക മാന്ദ്യവും.( ഏത്‌ ഗോള ? ) ഉള്ളവനെ മാന്ദ്യം നല്ലപോലെ ബാധിച്ചിട്ടുണ്ടേയ്‌. ഇല്ലാത്തവന്‌ കുഴപ്പമില്ല അവനു മാന്ദ്യമില്ല.ഇല്ലായ്മ മാത്രമേയുള്ളു.മാത്രമല്ല അങ്ങിനെയുള്ളവരുടെ രക്ഷകന്‍ ഇക്കൊല്ലം ഈ മാസം പന്തിരണ്ടാം തീയതി ഉയര്‍ത്തെഴുന്നേറ്റിട്ടുമുണ്ട്‌. ആനന്ദലബ്ദിക്കിനിയെന്തുവേണം.


( പലതും പ്രമാണിച്ച്‌ ആനന്ദക്കാലകള്‍, ആനന്ദവാടികള്‍ ഷാപ്പുകളും പലദിവസവും അടവായിരുന്നതുകൊണ്ട്‌ വിഴു എന്നേ പറയു. ചെക്ക്പോസ്റ്റ്‌ വഴി അടവിലെത്തുന്നതുകൊണ്ട്‌ ഉയര്‍ത്തെഴുന്നേല്‍പ്‌ ഇത്രാംദിവസം എന്ന കണക്കുമില്ല)


എന്നാലും മാന്ദ്യമവിടെ കിടക്കട്ടെ


വിഷുവല്ലെ. അടുത്തകൊല്ലം കൈ നീട്ടി കൈനീട്ടം തരാന്‍ ആരൊക്കെ കാണും എന്നാര്‍ക്കറിയാം കൈനീട്ടം മേടിക്കാനും


കരം പിരിച്ച്‌ പടക്കം പൊട്ടിക്കാം എന്നുകരുതിയാലോ അടിയാളന്മാര്‍ കരം പിരിച്ചുവിടുകയും ചെയ്യും.

എങ്കിലും വിഷു തന്നല്ലിയോ.


വരുമോരോ മാന്ദ്യം

വന്നപോലെ പോം

എന്നപോലല്ലിയോ വിഷുവും

ആയതിനാല്‍


മാന്ദ്യമില്ലാതെതന്നെ




Saturday, April 4, 2009

ഗജേന്ദ്രമോക്ഷം മൂന്നാമദ്ധ്യായം

കഥ ഇതുവരെ
അതിരാവിലെ പശുവിനെ കറക്കാന്‍ ചെന്നപ്പോളാണ്‌ ഒന്നാമദ്ധ്യായത്തില്‍ കല്ലുവെട്ടാങ്കുഴിയില്‍ കിടന്നുകിട്ടിയ ആന തൊഴുത്തില്‍നിന്ന് അപ്രത്യക്ഷനായി എന്ന് വാര്യര്‍ അറിഞ്ഞത്‌. കുഴിയില്‍നിന്ന് കിട്ടിയ ആനയേ നാട്ടാന ആക്കാനും നാട്ടാനപരിപാലന നിയമപ്രകാരം അതിനെ പരിപാലിക്കാനും പത്തുപറക്കണ്ടത്തിന്റെ കടലാസ്‌ കീറി പാപ്പാന്‍ ഗോവിന്ദന്റെ കയ്യില്‍കൊടുത്തത്‌ അപ്പോളാണ്‌ ഓര്‍ത്തത്‌. നെട്ടൂപെട്ടിയിലിരുന്ന ആ കണ്ടം നഷ്ടപ്പെട്ടു എന്നു കരുതി വാര്യര്‍ക്ക്‌ ആധിയായി. ഇക്കാണുന്നതൊന്നും സത്യമല്ലെന്നും എല്ലാം ഭഗവാന്റെ ലീലകളാണെന്നും ഭാര്യയും മാരാരും പറഞ്ഞിട്ടും അതു മനസ്സിലാക്കാനുള്ള ബുദ്ധിയും വാര്യര്‍ക്കില്ലാതെപോയി. ഉച്ചയ്ക്ക്‌ ആധിമൂത്ത്‌ ഉറങ്ങാന്‍ കിടന്ന വാര്യര്‍ ചൂടുവാര്‍ത്ത ചൂടുവാര്‍ത്ത എന്നുകേട്ട്‌ ഞെട്ടി ഉണര്‍ന്നു.
തുടര്‍ന്ന് വായിക്കുക
ഉറക്കം ശരിക്കുമങ്ങോട്ടു വിട്ടുമാറാത്ത വാര്യരെ ഒന്നുകൂടെ കുലുക്കിവിളിച്ചിട്ട്‌ ഭാര്യ പറഞ്ഞു.
" ചൂടുവാര്‍ത്ത, ചൂടുവാര്‍ത്ത, ദേ നിങ്ങളീ നാട്ടുപത്രത്തിലെ ചൂടുവാര്‍ത്ത കണ്ടോ?"
" തലയ്ക്ക്‌ തീപിടിച്ചിരിക്കുമ്പോളാ ചൂടുവാര്‍ത്ത" തിരിഞ്ഞുകിടക്കുന്നതിനിടയില്‍ വാര്യര്‍ പറഞ്ഞു.
" അതല്ലന്നേ, നിങ്ങളിതൊന്ന് വായിച്ചേ"
"പത്തുപറക്കണ്ടം പോയതോര്‍ത്ത്‌ കരഞ്ഞുകരഞ്ഞ്‌ എന്റെ കണ്ണ്‍ കലങ്ങിയിരിക്കുവാ ഒരക്ഷരം തിരിയുകേലാ നീ തന്നെ വായിച്ചോ"
ആധിമൂത്ത്‌ രക്തസമ്മര്‍ദ്ദം കൂടിയിരിക്കുന്നതുകൊണ്ടും പണ്ടേതോ നിലത്തെഴുത്തുകളരിയില്‍ ശരീരത്തിന്റെ ബാലന്‍സ്‌ കാത്തുസൂക്ഷിക്കുന്നത്‌ ചെവിയാണെന്ന് വായിച്ചെഴുതിയിട്ടുള്ളതുകൊണ്ടും വാര്യരുടെ ചെവിയും അടഞ്ഞിരിക്കുകയായിരുന്നു.
" നീ വായിച്ചോ, പക്ഷെ സ്പുടമായും അക്ഷരതെറ്റില്ലാതെയും വേണം വായിക്കാന്‍ എന്റെ ചെവി അടഞ്ഞിരിക്കുകാണേ"

ഭാര്യ നാട്ടുപത്രം കയ്യിലെടുത്തു. പിന്നെ സ്പുടമായും അക്ഷരതെറ്റില്ലാതെയും വായിച്ചുതുടങ്ങി
വെണ്ടയ്ക്ക അക്ഷരത്തില്‍ വലിയ തലക്കെട്ട്‌

" ആനയ്ക്ക്‌ സ്വീകരണം നല്‍കി"

ഇല്ലാത്തപുരമ്പറ്റ.പാലക്കാട്ജില്ല- ഇല്ലാത്തപുരമ്പറ്റ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളത്തിന്‌ പാപ്പാന്റെ സഹായം കൂടാതെ സ്വയം നടന്ന് എത്തിയ ആനയ്ക്ക്‌ സ്വീകരണം നല്‍കി. രണ്ടായിരത്തോളം കൊല്ലം പഴക്കമുള്ള ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ്‌ ഒരാന സ്വയം നടന്ന് എഴുന്നള്ളത്തിന്‌ക്ഷേത്രത്തിലെത്തുന്നത്‌. ഇക്കാലമത്രയും പാപ്പാന്മാരും ആന ഇടനിലക്കാരും കൂടി ഏതെങ്കിലും ഒരാനയെ കെട്ടിവലിച്ച്‌ ഉത്സവത്തിന്‌ എത്തിക്കാറായിരുന്നു പതിവ്‌ പക്ഷെ ഇക്കൊല്ലം തെക്കോട്ടും പൂരങ്ങള്‍ തുടങ്ങിയതുകൊണ്ട്‌ എഴുന്നള്ളത്തിന്‌ ഒരാനയേയും കിട്ടാതെ ഉത്സവം മുടങ്ങുമൊ എന്നു ദു:ഖിച്ചിരിക്കുകയായിരുന്നു ഭക്തജനങ്ങളും നാട്ടുകാരും ഉത്സവക്കമ്മിറ്റി ഭാരവാഹികളും. നടയ്ക്കല്‍ കിട്ടുന്ന കാണിക്ക കുറയുമല്ലൊ എന്ന ദു:ഖം പൂജാരിക്കുമുണ്ടായിരുന്നു. അപ്പോളാണ്‌ എവിടെ നിന്നാണെന്ന് പോലുമറിയാതെ ആരോടും പറയാതെയും ഒരാന സ്വയം നടന്ന് എഴുന്നള്ളത്തിനുള്ള സമയത്തുതന്നെ ക്ഷേത്രത്തിലെത്തിയത്‌ . ഉത്സവം മുടങ്ങാതിരിക്കാന്‍ ഭഗവതി തന്നെ എത്തിച്ചതാണ്‌ ആനയേ എന്നാണ്‌ കോമരം തുള്ളിക്കൊണ്ട്‌ പറഞ്ഞത്‌.സന്തുഷ്ടരായ ഭക്തജനങ്ങളും നാട്ടുകാരും കമ്മിറ്റിക്കാരും ചേര്‍ന്ന് കയ്യോടെ ആനയേപിടിച്ച്‌ ഒരു സ്വീകരണം നല്‍കി.മേലില്‍ ഈ ഉത്സവക്കമ്മിറ്റികാരുള്ളടത്തോളം കാലം ഈ ആനയേതന്നെ വരുന്നകൊല്ലങ്ങളിലും എഴുന്നള്ളിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ട്‌.ഉത്സവസമാപനദിവസം ഒരു ഗജരാജപട്ടവും കേരളപുരത്ത്‌ ഉണ്ണിക്കൃഷ്ണവാര്യരുടെ ഉടമസ്ഥതയിലുള്ള ഗോവിന്ദന്‍ എന്ന ഈ ആനയ്ക്ക്‌ സമ്മാനിക്കുവാനും തീരുമാനമായിട്ടുണ്ട്‌"

വാര്‍ത്ത വായിച്ചുകഴിഞ്ഞപ്പോള്‍ വാര്യര്‍ ചാടിയെഴുന്നേറ്റു.പത്രം തട്ടിപ്പറിച്ച്‌ വാര്‍ത്തയിലേയ്ക്ക്‌ സൂക്ഷിച്ചുനോക്കി

" ഹെന്റെ ഗോവിന്ദാ"

" പാപ്പാനേയായിരിക്കും വിളിച്ചത്‌?"ഭാര്യ ചോദിച്ചു " നമ്മാള്‍ എന്റെ ഗോവിന്ദാന്ന് പാപ്പാനെ കരുതിവിളിച്ചാലും ഭഗവാന്‍ വിചാരിച്ചോളും അത്‌ ഭഗവാനെ വിളിച്ചതായിരിക്കുമെന്ന്" അവള്‍ തുടര്‍ന്ന് പറഞ്ഞു

വാര്യര്‍ ഒന്നുകൂടെ വാര്‍ത്തയിലേയ്ക്ക്‌ സൂക്ഷിച്ചുനോക്കി.പിന്നെ ഒട്ടും ശങ്കിച്ചില്ല എന്റെ ഗോവിന്ദാന്ന് നീട്ടിവിളിച്ച്‌ ബോധം കെട്ട്‌ പുറകോട്ട്‌ മറിഞ്ഞു.

( തുടരും)