എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Friday, September 5, 2008

ഗജരാജന്‍ കലക്ടര്‍ കാഞ്ഞിരക്കാട്‌


1

നല്ലകാര്യങ്ങളെല്ലാം സുപ്രഭാതങ്ങളിലാണ്‌ സംഭവിക്കുന്നത്‌. അത്തരം ഒരു സുപ്രഭാതം. അവള്‍ അടുക്കളയില്‍നിന്ന് സുബ്ബലക്ഷ്മിയുടെ ശബ്ദത്തില്‍ കൗസല്ല്യയുടെ സുപ്രജയേ വിളിച്ചുകൊണ്ടിരുന്നു. നേരം ഏഴുമണിയാണെങ്കിലും, എഴുനേല്‍ക്കുമ്പോളാണ്‌ കിഴക്ക്‌ വെള്ള കീറുന്നതും, രാമനെ വിളിക്കുന്നതും

പ്രാഥമിക ആചാരങ്ങള്‍ ഒന്നൊന്നായി ചെയ്ത്‌ തീര്‍ത്ത്‌, ചാരുകസേരയില്‍ ചെന്നിരുന്നു. വലിയ അളവിന്‌ ചില സ്ഥലങ്ങളില്‍ കിടാരം എന്നാണുപറയുക. ഒരുകിടാരം കടുംകാപ്പി ചുണ്ടില്‍ ചേര്‍ത്തില്ല അതിനുമുമ്പ്‌ ഫോണങ്ങടിച്ചു.മറുതലക്കല്‍ നിന്ന് ശബ്ദം പറഞ്ഞു.


" അല്ലാ, ആശാനറിഞ്ഞില്ലേ,? ഇല്ലത്തേ വമ്പന്‍ കലക്ഷന്‍ തുടങ്ങി"

കടുംകാപ്പി ചെല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു. ചിത്രം വ്യക്തമായില്ല.

" ഏതില്ലം, ഏത്‌ വമ്പന്‍, എത്‌ കലക്ഷന്‍, എന്തു കലക്ഷന്‍ ? മറുതലക്കലേ ശബ്ദത്തിനോട്‌ തിരിച്ചുചോദിച്ചു

" അതേ ഇല്ലത്തിനേക്കുറിച്ചൊരു ക്ലൂ തരാം. പാലിലിടുന്ന, കുരുവിന്റെ, മരത്തിന്റെ, കാട്‌" ശബ്ദം പറഞ്ഞു

പെട്ടെന്ന് കാര്യങ്ങള്‍ തലക്കുപിടിച്ചു. " എവിടെ, എവിടെനിന്നാണു തുടക്കം? ശബ്ദത്തിനോടു ചോദിച്ചു

" മള്ളിയൂരമ്പലത്തില്‍നിന്നാണു തുടക്കം ഇനി വെച്ചടിവെച്ചടി കേറ്റമായിരിക്കും. വേഗം ചെന്നാല്‍ വേഗം കാണാം. ലോറിയില്‍കയറി വടക്കോട്ടുപോയാല്‍ പട്ടം കിട്ടിയവനെ പിന്നെ കാണാന്‍ കിട്ടില്ല. പട്ടന്മാര്‍ക്ക്‌ എന്താ അവിടെ ഡിമാന്റ്‌ " മറുതലക്കല്‍ ശബ്ദം നിലച്ചു

ചാടിയെഴുന്നേറ്റ്‌ കുപ്പായത്തില്‍ കയറി. സ്വന്തമായി വണ്ടി ഒന്നുമില്ലെങ്കിലും ഡ്രൈവറോട്‌ പറഞ്ഞു. " ഡ്രൈവര്‍, വണ്ടിയെടുക്ക്‌ , മള്ളിയൂര്‍ക്ക്‌ പോട്ടെ"

2

മള്ളിയൂര്‍ ഗണപതിയുടെ മുന്നില്‍ തല കുമ്പിട്ട്‌ കൈകൂപ്പി നിന്നു

" വേദങ്ങളെ വ്യസിച്ചോനുടെ

വ്യാസമുള്ളതാം ഭാരതം

ഭംഗമില്ലാതെ ഓലയിലാക്കിയ

ശ്രീ ഗണപതേ നമോനമ:"

പ്രദക്ഷിണം വെച്ച്‌ നാലമ്പലത്തിനും മതില്‍കകത്തിനും വെളിയിലിറങ്ങിയപ്പോള്‍ , അടുത്ത പുരയിടത്തില്‍ തെങ്ങും ചാരിനിന്നയാള്‍ വിളിച്ചു.

" വന്നാട്ടെ, വന്നാട്ടെ, ഞാന്‍ നോക്കിയിരിക്കുകയായിരുന്നു. "

അടുത്തുചെന്നപ്പോള്‍ രണ്ടുവരി കവിത ചൊല്ലാനാണ്‌ തോന്നിയത്‌

" അകത്തായി ഗണപതീം

പുറത്തോ പ്രത്യക്ഷനും"

" കുറച്ചു പട്ട കലക്ടു ചെയ്യാന്‍ പോയതാണേ, അന്നവിചാരമാണല്ലൊ, മുന്നവിചാരം , ഉദരനിമിത്തമാണല്ലോ ബഹുക്രിതവേഷവും"

"പട്ടങ്ങളു മാറ്റിവെച്ച്‌ പട്ടയാക്കിയൊ കലക്ഷന്‍?"

" വടക്കോട്ടുള്ള ലോറി കുറുപ്പുന്തറ കവലവരെ എത്തി, ആശാനേ, ഇവിടെയാണു നമ്മള്‍ മുറ്റത്തേമുല്ല"

" മുറ്റത്തേമുല്ലക്ക്‌ വടക്കോട്ട്‌ പോകുന്നതിനുമുമ്പ്‌ മാധ്യമങ്ങളോട്‌ എന്തെങ്കിലും പറയാനുണ്ടോ?"

" മുല്ലകള്‍ വടക്ക്‌ ചെന്ന് മണം പരത്തിയാലേ, മുറ്റത്തും വേരോടു, തിരുനക്കര ശിവനും മലയാലപ്പുഴ രാസനും, ഗണേഷ്‌ പുല്ലുകുളങ്ങരയുമൊക്കെ ലോറിയില്‍ കേറിയിരുന്നെങ്കില്‍, വടക്ക്‌ തലയെടുത്ത്‌ നില്‍ക്കുന്ന പലരും തലയും താഴ്ത്തി, തുമ്പിയേകൊണ്ട്‌ കൗപീനം ധരിപിച്ചേനേ"

പിന്നെ?"

ജനങ്ങളില്‍ പകുതിഭാഗം ഭിക്ഷയെടുത്ത്‌ നടന്നിട്ട്‌ അടിച്ചുപൊളിച്ച്‌ ജീവിക്കുന്നവരാണ്‌, ബാക്കിവരുന്നവര്‍ അടിച്ചുപൊളിച്ചുനടന്നിട്ട്‌ ഭിക്ഷയെടുത്ത്‌ ജീവിക്കുന്നവരും"

പറഞ്ഞുതീര്‍ന്നില്ല ലോറിയെത്തി. അതില്‍കയറുന്നതിനിടയില്‍ ഇല്ലത്തേ കലക്ടര്‍ പറഞ്ഞു

" പിന്നെ കാണാം"

3

കലക്ടറേ പിന്നെ കാണുന്നത്‌ വൈക്കത്ത്‌ തിരുവുത്സവത്തിനാണ്‌ കോങ്ങാട്ടേ കുട്ടിശങ്കരന്‍ മാഷിനും, കുന്നത്തേ കര്‍ണ്ണശ്ശന്‍, പെരുമ്പുള്ളിശ്ശേരിയിലെ മാര്‍ക്കോവാന്‍ ബാസ്റ്റ്യന്‍ മുതലായവരുമായി മതില്‍കകത്ത്‌ പ്രദക്ഷിണം വെയ്ക്കുന്നു തിരക്കായിരുന്നതുകൊണ്ട്‌ മിണ്ടാന്‍ പറ്റിയില്ല പിന്നെ വ്രിശ്ചികോത്സവത്തിന്‌ ശ്രീ പൂര്‍ണ്ണത്രയീശ്വരന്റെ സന്നിധാനത്ത്‌. അവിടെയും കുട്ടിശ്ശങ്കരന്‍ മാഷുണ്ടായിരുന്നു. പിന്നെ തിരുവമ്പാടിയിലെ യുവരാജാ ചന്ദ്രശേഖര്‍ കുട്ടങ്കുളങ്ങരയിലെ രാമദാസന്‍. മിണ്ടിയില്ല എന്നു പറയേണ്ടല്ലൊ
1183 ലെ നെന്മാറ വേലക്ക്‌ വല്ലങ്ങിക്കാരുടെ ഗജരാജാക്കന്മാരുടെ ഇടയിലൂടെ നടക്കുകയായിരുന്നു.
" ഹലോ, ഓര്‍മ്മയുണ്ടോ ഈ മുഖം?" പെട്ടെന്ന് ആരോ പുറകില്‍ തട്ടീട്ടു ചോദിച്ചു.തിരിഞ്ഞുനോക്കിയപ്പോള്‍ കലക്ടറുണ്ട്‌ നില്‍ക്കുന്നു
" എന്റെ കലക്ടറേ ഓര്‍മ്മയുണ്ടോന്നോ?, വൈക്കത്തും ത്രിപ്പൂണിത്തുറയിലും ഞാന്‍ കണ്ടതല്ലെ"
" ഞാനും കണ്ടിരുന്നു, കുട്ടിശ്ശങ്കരന്‍ മാഷുണ്ടായിരുന്നതുകൊണ്ടാണ്‌ ഞാന്‍ മിണ്ടാതിരുന്നത്‌, ബഹുമാനിക്കേണ്ടവരേ നമ്മള്‍ ബഹുമാനിക്കേണ്ടേ. അവിടെ കോങ്ങാട്‌ തിരുമാന്ധാംകുന്നിലമ്മയുടെ സന്നിധിയിലും കൊടികയറി അതാ മാഷിനേ ഇവിടെ കാണാത്തത്‌"
"പട്ടം കിട്ടിക്കഴിഞ്ഞിട്ട്‌ എങ്ങിനെയുണ്ട്‌ ?
കലക്ടര്‍ വിനയത്തോടെ ചിരിച്ചു. എന്നിട്ട്‌ പറഞ്ഞു. " ഡ്യൂട്ടികെഴുന്നെള്ളാന്‍ സമയമായി. പിന്നെക്കാണാം. കാലത്തേ മരുന്നുപ്രയോഗം കഴിഞ്ഞേ പോകാവൂ, കേമമാണേ"
1184 ചിങ്ങം 18 ശ്രീ വിനായകചതുര്‍ത്ഥി
രാവിലെ ഒരുകിടാരം കടുംകാപ്പി മോന്തികൊണ്ടിരുന്നപ്പോള്‍ , അവള്‍ നിവര്‍ത്തിപിടിച്ച പത്രവുമായി അടുത്തുവന്നു.
" ദേ, ഇങ്ങോട്ടുനോക്കിക്കേ, ഈ വെണ്ടക്കാ കണ്ടോ? "
നോക്കിയപ്പോള്‍ മുന്‍പേജില്‍ വെണ്ടക്കായക്ഷരത്തില്‍ എഴുതിയിരിക്കുന്നു
" ചരിത്രം ആവര്‍ത്തിക്കുന്നു, ജീ എം ട്രെവല്ല്യന്‍, ചരിത്രം അങ്ങിനെയങ്ങ്‌ ആവര്‍ത്തിക്കുന്നുമില്ല. ജീ എം ട്രെവെല്ല്യന്‍ "
" ഈ, ട്രെവല്ല്യനെന്നാ വട്ടാണോ, ഇങ്ങിനെയൊക്കെ പറയാന്‍? അതൊക്കെ അച്ചടിക്കാന്‍ ഒരു പത്രവും, അല്ലാ, ആരാ ഈ ട്രെവെല്ല്യവന്‍?" അവള്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.
മറുപടി പറയാന്‍ വാ തുറന്നില്ല അതിനുമുമ്പ്‌ ഫോണങ്ങടിച്ചു. മറുതലക്കല്‍നിന്ന് ശബ്ദം പറഞ്ഞു.
" ആശാനേ, അറിയില്ലേ ചരിത്രം ആവര്‍ത്തിക്കുന്നൂന്ന് പറഞ്ഞാല്‍ ഇല്ലത്തേ കലക്ടര്‍ക്ക്‌ ഇക്കൊല്ലവും പട്ടം എന്നാണ്‌ ചരിത്രം അങ്ങിനെയങ്ങ്‌ ആവര്‍ത്തിക്കുന്നില്ല എന്നുപറഞ്ഞാല്‍ സ്ഥലവും സദസും മാറി എന്നാണ്‌ ഇല്ലാത്ത വണ്ടിയുടെ ഡ്രൈവറോട്‌ വണ്ടിയെടുക്കാന്‍ പറഞ്ഞാട്ടെ"
മറുതലക്കല്‍ ശബ്ദം നിലച്ചു ചാടിയെഴുന്നേറ്റു. ഡ്രൈവര്‍ വണ്ടിയെടുത്തുചവുട്ടുവരി കവലയിലെത്തിയപ്പോള്‍ അഞ്ചലോട്ടക്കാരന്‍ തല വണ്ടികകത്തേക്ക്‌ ഇട്ടിട്ട്‌ പറഞ്ഞു
" തല പുറത്തേക്കിടരുതന്നല്ലേയുള്ളൂ, അകത്തേക്കിടാമല്ലോ, ചരിത്രം അങ്ങിനേയങ്ങ്‌ ആവര്‍ത്തിക്കുന്നില്ലാ ജീ എം ട്രെവെല്ല്യവന്‍ എന്നുവെച്ചാല്‍ ഇത്തവണ പട്ടം തപാല്‍മാര്‍ഗ്ഗേണയത്രേ"
ശേഷം അഞ്ചലോട്ടക്കാരന്‍ തലപുറത്തെടുത്ത്‌ മണിയും കിലുക്കി ഓടിപ്പോയി
[ കഥ ഇതുവരെ വായിച്ചുകഴിഞ്ഞപ്പോള്‍ ഇല്ലത്തേ കലക്ടര്‍ പറഞ്ഞു " മതി, ഈ കഥ ഇങ്ങിനെയവസാനിപ്പിക്കിന്നതാണ്‌ ഭംഗി
" വായിക്കുന്നവര്‍ക്കൊക്കെ സസ്പെന്‍സുമുണ്ടാം
അര്‍ത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്‌"
അപ്പോള്‍ കലക്ടറോട്‌ ചോദിച്ചു " കഥക്കൊരു ശീര്‍ഷകം വേണ്ടേ, അതോ?
" അത്‌ മനസ്സില്‍ കരുതിയതുതന്നേ മതി
ഗജരാജന്‍ കലക്ടര്‍ കാഞ്ഞിരക്കാട്‌

Monday, September 1, 2008

പരദേശിമോക്ഷയാത്ര അഥവ ഒരു സാധകന്റെ സഞ്ചാരം



ഒന്നാം ദിവസം ഓഫീസില്‍ പോകാന്‍ നഗരസഭയുടെ മുന്നില്‍നില്‍ക്കുകയായിരുന്നു. അപ്പോള്‍ തെക്കുനിന്ന് ഒരാന ഒരുണ്ടുരുണ്ട്‌ അടുത്തുവന്നു. ബോര്‍ഡ്‌ വായിച്ചപ്പോള്‍ അറിയാതെ വിളിച്ചുപോയി .
" പഴനിമലൈയാണ്ടവനേ, മുരുകയ്യാ"
"അയ്യാ" പുറകില്‍നിന്ന് ആരോ വിളിച്ചു. നോക്കിയപ്പോള്‍ രമണമഹര്‍ഷിക്കു വായിക്കുന്നവനാണ്‌. സഹപ്രവര്‍ത്തകന്‍ രാസാ. " അയ്യാ, കൊട്ടാരക്കരയില്‍നിന്നാണ്‌ പുറപ്പാട്‌. ശകടം അങ്ങ്‌ പഴനിവരെ പുറപ്പെട്ടുപോകും."
" ഈ ശകടം സാഹോദര്യം ഊട്ടിൂറപ്പിക്കുന്നുണ്ടല്ലേ സഹോദര? " അവനോടു ചോദിച്ചു. മനസ്സിലാകാതെ അവന്‍ കണ്ണുമിഴിച്ചപ്പോള്‍ വീണ്ടുംചോദിച്ചു. " അയ്യാ കൊട്ടാരക്കര ഗണപതിയും, പഴനിയാണ്ടവനും സഹോദരരുതന്നല്ലോ?" " തന്നേ, തന്നെ, മുരുകാ " രാസ ഭക്തിയോടെ കണ്ണുകളടച്ച്‌ നീട്ടിവിളിച്ചു. അപ്പോള്‍ അവള്‍ അടുത്തുവന്നിട്ട്‌ പറഞ്ഞു. " മനസ്സിനെ കയറൂരിവിട്ടാല്‍മതി, കാള പഴനിബസ്സില്‍നിന്ന് പഴനിയിലും പിന്നെ ആണ്ടവനിലും എത്തിക്കോളും
"രണ്ടാം ദിവസം
പതിവുപോലെ ഓഫീസില്‍പോകാന്‍ നഗരസഭയുടെ മുന്നില്‍നില്‍ക്കുകയായിരുന്നു. തെക്കുനിന്ന് ശകടം പുറപ്പെട്ടുവന്നു. " സഹോദര, കൊട്ടാരക്കരയില്‍നിന്നുതന്നെയല്ലിയോ കഥകളിയും പുറപ്പെട്ടുപോന്നത്‌?" രാസനോടുചോദിച്ചു. രാസ ഉത്തരം പറയുന്നതിനുമുമ്പ്‌, ശകടം അടുത്തുവന്നു. " മുരുകാ" കണ്ണുകളടച്ച്‌, ഭക്തിയോടെ രാസ വിളിച്ചു. പിന്നെ പറഞ്ഞു" അയ്യാ, മുരുകന്റെ പ്രധാനപ്പെട്ട ആറു കോവിലുകളാണ്‌ പാണ്ടിനാട്ടില്‍, ഒന്നാണിതുപഴനി, പിന്നെ തിരുപ്പറകുണ്ഡ്രവും, തിരുചെന്തൂരും.
"ബാക്കി മൂന്നെണ്ണമോ?
" അത്‌ വിവരമുള്ള ആരോടെങ്കിലും ചോദിക്കണം" രാസ പറഞ്ഞു അപ്പോള്‍ അവള്‍ അടുത്തുവന്ന് ചെവിയില്‍പറഞ്ഞു
പെരുമയേറുംകോവിലുകള്‍ആറാക്കും മുരുകനിക്ക്‌
സ്വാമിമലൈ, മരുതമലൈ
തിരുത്തണിയും പളനിമലൈ
തീരത്ത്‌ തിരുചെന്തൂര്‍തിരുപ്പറകുണ്ഡ്രവുമെവുമെ
ആറുമുഖന്‍ പടയപ്പആറാക്കും കോവിലുകള്‍പിന്നെ നടന്നുമറയുന്നതിനിടയില്‍ അവള്‍ തിരിഞ്ഞുനിന്ന് പറഞ്ഞു " മനസ്സിനെ കയറൂരിവിടണം, മനസ്സാണുപോകേണ്ടത്‌"
മൂന്നാം ദിവസം
പതിവില്ലാതെ, അമ്പലത്തിലൊന്നുപോകണമെന്നുതോന്നി. തിരുനക്കര മതില്‍കകത്ത്‌, മഹാദേവനേയും,തൊഴുത്‌, ഗണപതിയേയും, അയ്യപ്പനേയും തൊഴുത്‌, മുരുകന്റെ നടയില്‍ചെന്നപ്പോള്‍ അറിയാതെ ചോദിച്ചുപോയി " മുരുകാ, മനസു പോകുമോ ?" വടക്കും നാഥനേയും ഭഗവതിയേയും തൊഴുത്‌, രക്ഷസ്സിനെ വലം വെയ്ക്കാതെ വെളിയിലിറങ്ങി, നഗരസഭയുടെ മുന്നില്‍ചെന്ന് തെക്കുനിന്ന് ശകടം വരുന്നത്‌ നോക്കിനിന്നു. ശകടം അടുത്തെത്തി മന്ദഗതിയായപ്പോള്‍, മനസ്‌ ഒരുപൊതിയാക്കി, അകത്തേക്കിട്ടിട്ട്‌ കണ്ടക്ടറോട്‌ പറഞ്ഞു. " എന്റെ മനസാണ്‌ പഴനിയിലൊന്നിറക്കിവെക്കണം " പൊതിയെടുത്ത്‌ വെളിയിലെറിഞ്ഞിട്ട്‌ കണ്ടക്ടര്‍ പറഞ്ഞു " മനസോ, ഇതിനൊക്കെ ഭയങ്കര ലഗ്ഗേജാകും, ബേക്കര്‍ ജംഗ്ഷനില്‍ വന്ന് കൈകാണിക്ക്‌, ശരീരം പഴനിയില്‍ കൊണ്ടിറക്കാം, ശരീരത്തിനേ അവിടെ മുറികിട്ടു. പൈസ ഇല്ലെങ്കില്‍ പിച്ചളത്തട്ടം എടുക്ക്‌
" മുരുകാ ശരീരമെങ്കിലും"ഒരു പിച്ചളത്തട്ടം മേടിച്ചു, ഭസ്മമിട്ട്‌, മുരുകന്റെ പടം വെച്ച്‌ പഴത്തില്‍ സാമ്പ്രാണിയും കുത്തി രാസന്റെ മുന്നില്‍ചെന്നു" സ്വാമീ, പഴനിക്കുപോകാന്‍ എന്തെങ്കിലും തരണേ"
" സര്‍കാരുദ്യോഗസ്ഥര്‍ മറ്റുതൊഴിലുകള്‍ ചെയ്യാന്‍പാടില്ല, ഭിക്ഷാടനം പോലും കേ എസ്സാര്‍ വായിച്ചിട്ടില്ലേ ? " മുഖംതിരിക്കുന്നതിനിടയില്‍ രാസ ചോദിച്ചു. " സ്വാമീ, ഭിക്ഷാംദേഹികള്‍ക്ക്‌ സര്‍ക്കാരുദ്യോഗം പറ്റുമല്ലോ, ഞാനതാകുന്നു" രാസനോട്‌ അങ്ങിനെ മറുപടി പറഞ്ഞപ്പോള്‍ എവിടെനിന്നോ ഒരു പത്തുരൂപ പിച്ചളത്തട്ടില്‍ വന്നുവീണു
നാലാം ദിവസം
ബേക്കര്‍ജംഗ്ഷനില്‍ പോയിനിന്നു. ശകടംവന്നപ്പോള്‍ കൈകാണിച്ചകത്തുകയറി. കണ്ടക്ടറുടെ അടുത്തുള്ള സീറ്റിലിരുന്നു." പഴനിയിലെപ്പചെല്ലും?" കണ്ടക്ടറോടു ചോദിച്ചു " ചെല്ലുന്നതാണ്‌ സമയം" കണ്ടക്ടര്‍ പറഞ്ഞു. " കണ്ണടച്ച്‌ മുരുകനെവിളിച്ച്‌ മയങ്ങിക്കോണ്ടേ, തുറക്കുമ്പോഴേക്കും, വണ്ടി അടിമാലിയിലെത്തും. അവിടെ ബസ്സ്‌ സ്റ്റാന്റില്‍ കേറി, കേറിയില്ല എന്നാകുമ്പോള്‍ അനൗണ്‍സര്‍ പറയും, ആന, വേഗം സ്ഥലംവിട്ടോ, മൂന്നാറിലേക്കുള്ള പ്രൈവറ്റുകള്‌ പത്തുകാശുണ്ടാക്കിക്കോട്ടെ, വിട്ടുപൊക്കോ, കേട്ടപാതി, കേള്‍ക്കാത്തപാതി വണ്ടിവഴിയിലിറക്കി മൂന്നാര്‍ റോഡില്‍ കേറ്റത്തില്‍ കൊണ്ടിടും. അവിടെ ഹോട്ടലിലാണ്‌ ഉച്ചയൂണ്‌. തിരിച്ചിറങ്ങുമ്പോള്‍ . കടക്കാരന്‍ രണ്ടുപായ്കറ്റ്‌ സിസേഴ്സ്‌ ചുമ്മാതരും. അത്‌ അടുത്ത മുറുക്കാന്‍ കടയില്‍കൊടുത്തു കാശാക്കി, വണ്ടിപിന്നേം വിടും"
കണ്ണടച്ച്‌ മുരുകാന്നുവിളിച്ചുകൊണ്ട്‌ മയങ്ങിതുടങ്ങിയതുകൊണ്ട്‌ കണ്ടക്ടര്‍ പിന്നെ പറഞ്ഞതൊന്നും കേട്ടില്ല. കണ്ണുതുറന്നപ്പോള്‍ വണ്ടി അടിമാലിടൗണില്‍ കിടക്കുകയാണ്‌. ഒരു കാപ്പികുടിച്ചു, ഒരുവടതിന്നു, പത്തുരൂപ കൊടുത്തിട്ട്‌ ബാക്കിക്ക്‌ കൈനീട്ടിയപ്പോള്‍ കടക്കാരന്‍ കൈതുടക്കാന്‍ ഒരുകഷ്ണം കടലാസുതന്നു. അതുകൊണ്ട്‌ കണ്ണുതുടച്ചു. ഒരു പുകവലിച്ചുതുപ്പി മണിയടിക്കുന്നതിനിടയില്‍ കണ്ടക്ടര്‍ വിളിച്ചുചോദിച്ചു. " ഇനി ആരെങ്കിലും വരാനുണ്ടോ, ഇവിടെ ഇരുന്ന ശരീരമെന്തിയേ?" ചാടിക്കേറി സീറ്റിലിരുന്നിട്ട്‌ കണ്ടക്ടറോട്‌ ചോദിച്ചു." സാറേ, പഴനിയിലെപ്പചെല്ലും?"" ഇതുവല്ല്യ ശല്ല്യമായല്ലോ, ആണ്ടവാന്നു വിളിച്ച്‌ മയങ്ങിക്കോ, തുറക്കുമ്പോഴേക്കും മറയൂരാകും, അവിടെ ഒരു മറ ഉള്ളതുകൊണ്ട്‌ ഒന്നോ, രണ്ടോ ആകാം, ഒരുണ്ട ശര്‍ക്കര മേടിച്ച്‌ ചവച്ചുതിന്നാം കണ്ണടച്ചൊ, കണ്ണടച്ചൊ"" അപ്പൊ മൂന്നാറ്‌ സ്റ്റോപ്പില്ലേ?' : ഒന്നുനിര്‍ത്തീന്നു വരുത്തും, ആരുകേറാന്‍ ഇതേകേറുന്ന പൈസയുണ്ടേല്‍ പാണ്ടിവണ്ടീല്‍ നാലുപ്രാവശ്യം പഴനിക്കുപോകാം, കണ്ണടച്ചൊ, കണ്ണടച്ചൊ"
കണ്ണടച്ചുതുറന്നപ്പോള്‍ വണ്ടികകത്ത്‌ ചന്ദനത്തിന്റെ മണം. വണ്ടിയില്‍നിന്ന് ഇറങ്ങുന്നതിനിടയില്‍ കണ്ടക്ടര്‍ പറഞ്ഞു. " ഈ മണം നിങ്ങള്‍ക്കായി സ്പോണ്‍സര്‍ ചെയ്യുന്നത്‌ മറയൂരേ ചന്ദനക്കാടുകള്‍.
"വാര്യത്തുബേക്കറി എന്നുകണ്ടപ്പോള്‍ അകത്തുകയറി ഉറക്കെ വിളിച്ചു" വാര്യരേ, മുരുകാ" പിന്നെ പിച്ചളത്തട്ടം കൗണ്ടറിലോട്ടുനീട്ടി. ഒരമ്പതുരൂപ തട്ടത്തില്‍ വെച്ച്‌ ഭസ്മമെടുത്ത്‌ നെറ്റിയില്‍ പൂശുന്നതിനിടയില്‍ ശശിചേട്ടന്‍ പറഞ്ഞു. " വാര്യരേ, ഉണ്ണീ തിരിച്ചിതിലേതന്നേ വരണം, പഞ്ചാമൃതം കൊണ്ടുവരണം" തലകുലുക്കി പുറത്തേക്കിറങ്ങിയപ്പോള്‍ ശശിചേട്ടന്‍ പുറകീന്നുവിളിച്ചു പറഞ്ഞു " ഉണ്ണീ, ഇനി ഇരിപ്പിന്റെ സൈഡുമാറണം, എഴുത്തിന്റെ ശെയിലിയും അകത്തും പുറത്തും കണ്ണുതുറക്കണം എന്നാലേകാണൂ"
വണ്ടിയില്‍കയറി ശശിചേട്ടന്‍ പറഞ്ഞതുപോലെ സൈഡുമാറി അറ്റത്തിരുന്നു. കണ്ടക്ടര്‍ അടുത്തുവന്നുപറഞ്ഞു " ഞാന്‍ പറയാന്‍ വരികയായിരുന്നു" വണ്ടി ഓടിതുടങ്ങി. കാന്തലൂര്‍ക്ക്‌ തിരിയുന്നവഴി എത്തിയപ്പോള്‍ അടുത്തിരുന്നയാള്‍ പറഞ്ഞു." പതിനാറുകിലോമീറ്ററുണ്ട്‌ ഭയങ്കരകേറ്റമാണ്‌, പേടിതോന്നും, പ്രക്രുതിയുടെ ഭംഗികാണാന്‍ വേറെ എവിടെയും പോകണ്ട. പഴമക്കാരുടെ ഒരു ഗുഹാക്ഷേത്രമുണ്ടവിടെ, മലയുടെ ഇടയില്‍. ശ്രീരാമനാണ്‌ മലമുകളില്‍ നീലക്കുറിഞ്ഞി പൂക്കാറുണ്ട്‌ പക്ഷെ ഇപ്പോള്‍ ഗ്രാന്റിസിന്റെ കൃഷിയാണ്‌ മുഴുവന്‍ സ്ഥലം നശിക്കും" വണ്ടി ഓടികൊണ്ടിരുന്നു. അയാള്‍ തുടര്‍ന്നു. " താഴെ കോവില്‍കടവ്‌ സ്കൂളിനുപുറകില്‍ പാറയില്‍ മുനിയറകളുണ്ട്‌. വെള്ളമുള്ളപ്പോള്‍ കോവില്‍കടവ്‌പാലത്തില്‍ നിന്ന് നദികാണണം. എന്താഭംഗി. പാറകെട്ടുകളില്‍തല്ലിയലച്ച്‌,തുള്ളിക്കളിച്ച്‌, പാറയിടുക്കുകളില്‍ വട്ടംകറങ്ങി നദി അങ്ങിനെ ഒഴുകും വളരെ ശാന്തമായ അന്തരീക്ഷമാണ്‌ കടവിലുള്ള കോവിലില്‍. കോവില്‍കടവില്‍ സര്‍കാര്‍ മദ്യഷാപ്പു തുറന്നു ഇനി ആ സ്ഥലവും നശിക്കും"
വലത്തുതാഴെ അഗാധത. അഗാധതയില്‍ കാടിനിടയില്‍ വെള്ളിയും ചെമ്പും കലര്‍ന്ന അരഞ്ഞാണം പോലെ നദിയൊഴുകുന്നു. തീരത്ത്‌ കാട്ടുവള്ളികള്‍ തൂങ്ങികിടക്കുന്നു. കൂറ്റന്‍ പാറകഷ്ണങ്ങള്‍ ചിതറികിടക്കുന്നു"
അടുത്തവളവുകഴിയുമ്പോള്‍ തൂവാനംകുത്ത്‌" അയാള്‍ പറഞ്ഞുതീര്‍ന്നില്ല , വളവുതിരിഞ്ഞ വണ്ടിയില്‍നിന്ന് താഴേക്കുനോക്കിയപ്പോള്‍ അങ്ങകലെ പച്ചകാടുകള്‍ക്കു നടുവില്‍ വെള്ളം ചാടിമറിയുന്നു. വണ്ടിമുന്നോട്ടുനീങ്ങുമ്പോള്‍ തൂവാനം അകന്നുകൊണ്ടിരുന്നു, പാറയിടുക്കില്‍കൂടി വെള്ളി ഉരുകി ചാടിയൊലിച്ച്‌ പിന്നെ ഒരു ചാലായി ഒഴുകി, ഒഴുകി. കണ്ണെടുക്കാന്‍ തോന്നിയില്ല"
വഴിയില്‍നിന്ന് രണ്ടുമൂന്നു കിലോമീറ്ററേയുള്ളു, പക്ഷേ അപകടമാണ്‌. നദീതീരത്തുകൂടെയാണെങ്കില്‍ തെന്നുന്ന പാറയില്‍ ചവിട്ടിച്ചാടി വേണം പോകാന്‍. സമയമെടുക്കും. മുകളില്‍ വേറൊരു എളുപ്പവഴിയുണ്ട്‌. ദൂരം കൂടും. മൃഗങ്ങള്‍ കണ്ടേക്കും എന്തായാലെന്താ തൂവാനത്തിനുമുന്നില്‍ചെന്നാല്‍ നമ്മുക്ക്‌ പോരാന്‍ തോന്നില്ല "
വീതികുറഞ്ഞ റോഡില്‍കൂടി വണ്ടി ഓടികൊണ്ടിരിക്കുകയാണ്‌. വളവുകളും തിരിവുകളും. ഇറക്കം. നദി ദൂരത്തെവിടെയോ മറഞ്ഞു. വലിയമരങ്ങള്‍ കുറ്റികാടിനു വഴിമാറി. ഒരുവളവ്‌ പെട്ടെന്ന് ഡ്രൈവര്‍ വണ്ടി ചവുട്ടിനിര്‍ത്തി. ഒരാനകുട്ടി കാട്ടില്‍നിന്ന് റോഡിലിറങ്ങി വണ്ടിയുടെമുന്നില്‍ പകച്ചുനിന്നു. അമ്മയാന കുട്ടിയുടെ അടുത്തേക്ക്‌ നീങ്ങി. കുറ്റികാടിനുപുറകില്‍ ചെമ്മണ്ണുചാര്‍ത്തിയ കുന്നുകള്‍ അനങ്ങുന്നു. മരങ്ങള്‍ക്കിടയിലൂടെ രണ്ടുകൊമ്പുകള്‍ നീണ്ടുവന്നു. " മുരുകാ എല്ലാം തീരുമോ, ദൈവമേ" ഭയം കൊണ്ട്‌ ശബ്ദം ഉറക്കെയായിപ്പോയി. കൊമ്പന്‍ തലയുയര്‍ത്തി, ചെവി വട്ടം പിടിച്ചു, തുമ്പിനീട്ടി. " മുരുകാ" കണ്ണുകളടച്ച്‌ മുരുകനെ വിളിച്ചുകൊണ്ടിരുന്നു. കണ്ണുതുറന്നപ്പോള്‍ അമ്മ കുട്ടിയെ തുമ്പികൊണ്ടടുപ്പിച്ച്‌, കാലുകള്‍ക്കിടയിലാക്കി, കാട്ടിലേക്ക്‌ കയറിപ്പോകുന്നതാണ്‌ കണ്ടത്‌. " എന്റെ മുരുകാ," വീണ്ടും നീട്ടിവിളിച്ചു. നെഞ്ചില്‍ കൈവെച്ചുകൊണ്ട്‌." പേടിച്ചുപോയി അല്ലേ" അടുത്തിരുന്നയാള്‍ തോളില്‍തട്ടികൊണ്ട്‌ ചോദിച്ചു." ഇത്‌ ഇവിടെ പതിവാണ്‌" ". അടുത്ത സ്റ്റോപ്പ്‌ ചമ്പകാടാണ്‌ ഞാന്‍ അവിടെ ട്രൈബല്‍ സ്കൂളില്‍ മാഷാണേ, അവിടെ നദികപ്പുറം വളരെ ആദിവാസികുടികളുണ്ട്‌" ചമ്പകാട്ടില്‍ വണ്ടിനിര്‍ത്തിയപ്പോള്‍ പിന്നെക്കാണാം എന്നുപറഞ്ഞ്‌ മാഷിറങ്ങിപ്പോയി.
ചിന്നാര്‍ ചെക്ക്‌ പോസ്റ്റും, പാലവും കടന്ന് വണ്ടി തമിള്‍നാട്ടിലേക്കിറങ്ങി. " നിങ്ങള്‍ ചിന്നാര്‍ വൈല്‍ഡ്‌ ലൈഫ്‌ സാങ്ങ്ച്വറി പിന്നിട്ടു. ഇനി പ്രിയദര്‍ശിനി നാഷണല്‍ പാര്‍ക്കിലേയ്ക്ക്‌ സ്വാഗതം" വലിയ ബോര്‍ഡ്‌ തമിള്‍ ചെക്ക്‌ പോസ്റ്റിനടുത്ത്‌ വന്യജീവനക്കാര്‍ക്ക്‌ ഇഡലിയും പരിപ്പുവടയും ബീഡിയും വില്‍ക്കുന്ന ഓലകൂരകള്‍ കുറ്റികാടുകള്‍ക്കിടയിലൂടെ വണ്ടി ഓടികൊണ്ടിരുന്നു. റോഡില്‍നിന്നകന്ന് ഒരാനക്കൂട്ടം കൂടി, കാട്ടുപന്നികള്‍ മാനുകളും. " എസ്‌" വളവും കഴിഞ്ഞ്‌ പാലത്തിനു താഴെ വെള്ളം വറ്റിയ നദി. നദിയില്‍ വെളുത്ത സോക്സും നെറ്റിയില്‍ പൊട്ടുമായി അവര്‍ കൂട്ടം കൂടിനില്‍ക്കുന്നു. കാട്ടുപോത്തുകള്‍. അമരാവതിയിലേയ്ക്കു തിരിയുന്ന ഒമ്പതാര്‍, തിരുമൂര്‍ത്തിമലയിലേയ്ക്കു പോകുന്ന കുറിച്ചികോട്ടൈ, പള്ളപാളയം, ഉദുമലൈ. നേരം ഇരുട്ടിയിരുന്നു. തമിള്‍നാട്ടിലെ ചൂടും പൊടിയും. ഷട്ടര്‍ താഴ്ത്തിയിട്ട്‌ കണ്ണടച്ചു. സ്വാമി രാംദാസ്‌ പളനിമല കയറി ദര്‍ശം നടത്തിയത്‌ ഓര്‍ത്തുകൊണ്ടിരുന്നു. എപ്പളോ മയങ്ങിപോയി.
" മാഷേ, ഇറങ്ങണ്ടേ, പളനിയായി" കണ്ടക്ടര്‍ തട്ടിവിളിച്ചപ്പോളാണ്‌ ഉണര്‍ന്നത്‌. ബസ്സില്‍നിന്നിറങ്ങി. കണ്ണുതിരുമ്മുന്നതിനിടയില്‍ കണ്ടക്ടറോട്‌ ചോദിച്ചു. " അമ്പലം അടുത്താണോ?" മുകളിലേക്ക്‌ കൈചൂണ്ടി, കണ്ടക്ടര്‍ പറഞ്ഞു " അതാണമ്പലം ,
ആകാശത്തില്‍ ഒരായിരം നക്ഷത്രങ്ങള്‍ പൂത്തുനില്‍ക്കുന്നു. നിലാവുപരത്തികൊണ്ട്‌ ചന്ദ്രന്‍ ഉദിച്ചുനില്‍ക്കുന്നു. അതിനും താഴെ മലയുടെ മുകളില്‍ അനേകം ദീപങ്ങളുടെ ശോഭ.ഒരു ചായ കുടിച്ചുപിരിയുന്നതിനിടയില്‍ കണ്ടക്ടര്‍ പറഞ്ഞു " മുന്നോട്ടുനടന്നാല്‍മതി മലയുടെ താഴെ മുറികിട്ടാതിരിക്കില്ല" അടിവാരത്തിലെക്ക്‌ നടക്കുന്നതിനിടയില്‍ ഒരാള്‍ അടുത്തുകൂടി " സാര്‍ റൂം വേണമാ?"രജിസ്റ്ററില്‍ പേരെഴുതി തിരിഞ്ഞപ്പോള്‍ അയാള്‍ കൈനീട്ടി " എതാവത്‌ കൊട്‌ സാര്‍"
അടുത്തുള്ള ചെറിയ ചായപീടികയുടെ അടഞ്ഞ വാതിലിനുമുന്നില്‍ കര്‍പൂരം കത്തുന്നു ലോഡ്ജില്‍ മുറി തുറന്നകത്തുകയറി അകത്ത്‌ കൊതുകുതിരിയുടെ ഗന്ധം നിറഞ്ഞുനില്‍ക്കുന്നു. ഇരുമ്പുകട്ടിലില്‍ കീറിപറിഞ്ഞ പുല്‍പായ്‌ കിടക്കുന്നതിനുമുമ്പ്‌ സ്വാമി രാംദാസിന്റെ പുസ്തകം തുറന്നു. സ്വാമി മല കയറുന്നത്‌ ഒന്നുകൂടെ വായിച്ചു. പുസ്തകം അടച്ചു പിന്നെ കണ്ണുകളും
അഞ്ചാം ദിവസം
" പളനിയപ്പാ, ജ്ഞാനപ്പഴം നീയപ്പാ"
സുന്ദരാംബാളിന്റെ പാട്ടുകേട്ടാണുണര്‍ന്നത്‌. ജനലില്‍കൂടി പുറത്തേക്കുനോക്കി. നേരം വെളുത്തിട്ടില്ല എഴുനേറ്റ്‌ മുറിക്കുപുറത്തിറങ്ങി. ലോഡ്ജിനടുത്തുള്ള ചായക്കടകാരന്‍ കടയുടെ മുന്നില്‍ വെള്ളം തളിക്കുന്നു. പിച്ചള സമോവറില്‍ ഭസ്മവും കുങ്കുമവും പൂശി. മുരുകന്റെ ചിത്രത്തിനു മുന്നില്‍ സാമ്പ്രാണി കത്തിച്ചുഴിഞ്ഞു. ചായയുടെ പണം കൊടുത്തപ്പോള്‍ അയാള്‍ പറഞ്ഞു. " കൈനീട്ടം താന്‍ സാര്‍"മലയുടെ മുകളില്‍ പ്രകാശം കത്തിനില്‍ക്കുന്നു മുറിയില്‍ചെന്ന് കുളിച്ച്‌ പുറത്തിറങ്ങി. മലയടിവാരത്തിലേക്ക്‌ നടന്നു. ദേവസ്ഥാനം വക മുടിമുറിപ്പുകേന്ദ്രം തുറന്നിരുന്നില്ല ക്ഷേത്രത്തിലേക്കുള്ള പടികള്‍ തുടങ്ങുന്നിടത്ത്‌, ഗണപതിയുടെ വിഗ്രഹം കൂറ്റന്‍ കല്‍ വിളക്ക്‌ നട തുറക്കുന്ന നേരം തന്നെ ദര്‍ശനം നടത്താന്‍ എത്തിയ ഭക്തര്‍ കര്‍പ്പൂരവും ചന്ദനതിരിയും ഗണപതിക്കുമുന്നിലും വിളക്കിനു താഴെയും കത്തിക്കുന്നു. കര്‍പ്പൂരവും ചന്ദനത്തിരിയും കത്തിച്ച്‌, തൊഴുത്‌ ആദ്യത്തേ പടിയില്‍ വലതുകാല്‍ വെച്ചു.
" പളനിയപ്പാ ഹരോഹരാ"
പിന്നെ മുരുകാ എന്നു ജപിച്ചുകൊണ്ട്‌ ഓരോ പടിയും ചവുട്ടികയറി
തിരിച്ചിറങ്ങുമ്പോള്‍ അടിവാരത്തില്‍ നഗരം ഉണര്‍ന്നുകഴിഞ്ഞിരുന്നു.
വാര്യത്ത്‌ ബേക്കറിയില്‍ ശശിചേട്ടന്‍ വലതുകൈ ഒരുകുമ്പിളാക്കി പഞ്ചാമൃതം വാങ്ങി ഭക്തിയോടെ കഴിക്കുന്നതിനിടയില്‍ സുന്ദരാമ്പാളിന്റെ ഗാനം ഓര്‍ത്തുപോയി. " പളനിയപ്പാ. ജ്ഞാനപ്പഴം നീയപ്പാ"
" പഴനിയിലെ പഞ്ചാമൃതത്തില്‍ വയല്‍പഴമേ ഇടൂ, വിരൂപാക്ഷി എന്നും പറയും " ശശിചേട്ടന്‍ പറഞ്ഞു ഒരുപ്രാവശ്യം കൂടി പഞ്ചാമൃതം വാങ്ങുന്നതിനിടയില്‍ ശശിചേട്ടന്‍ ചോദിച്ചു. " ഉണ്ണീ, ഇതിനകത്ത്‌, ഒരാവശ്യവുമില്ലാതെ കാടുകയറി ഒത്തിരി എഴുതികൂട്ടി, ദര്‍ശനം നടത്തിയതിനേക്കുറിച്ച്‌ എന്താ ഒന്നും എഴുതാതിരുന്നത്‌? "
ചോദ്യം കാര്യമാക്കാതെ ശശിചേട്ടനോട്‌ തിരിച്ചു ചോദിച്ചു" ശശിചേട്ടാ, പഴനിയിലെ ഈ പഞ്ചാമൃതത്തിന്റെ സ്വാദ്‌ എങ്ങിനെയുണ്ട്‌ ?"
" ഈ പഞ്ചാമൃതത്തിന്റെ സ്വാദ്‌ എങ്ങിനാ ഞാനതു വര്‍ണ്ണിക്കുന്നത്‌"
' വര്‍ണ്ണിക്കാന്‍ പറ്റുന്നില്ല ശശിചേട്ടാ അതാനെന്റെയും പ്രശ്നം"
തിരിച്ചുപോരാന്‍ ബസ്സില്‍ കയറുമ്പോള്‍ ശശിചേട്ടന്‍ ചോദിച്ചു
എന്നാണിനി?