എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

പുറംവായനക്ക്‌...

Monday, December 6, 2010

കഥയില്ലായ്മ മൂന്നാം ഇന്‍സ്റ്റാള്‍മന്റ്‌അപ്പുചേട്ടന്റെ കടലവണ്ടിയില്‍ നിന്ന് എട്ടണയ്ക്ക്‌ കടലയും വാങ്ങി അമ്പലപടിയില്‍ പോയിരുന്നു. ആലിനു ചേര്‍ന്നൊരു തറയ്ക്കും താഴെയായിട്ടാണ്‌ പടിയുടെ കിടപ്പ്‌. തനിത്തറകള്‍ക്ക്‌ കിടക്കാന്‍ പാകത്തിന്‌. തെക്കുനിന്ന് വടക്കോട്ട്‌ നീളത്തില്‍ .ചേര്‍ന്നൊരു കുളം പിന്നെയും താഴെയാണ്‌. ശ്രീനിവാസയ്യര്‍ റോഡും മുറിച്ച്‌ ദേവസ്വം ക്യാമ്പ്‌ ഷെഡിന്റെ ഓരം ചേര്‍ന്ന് താഴോട്ടിറങ്ങിയാല്‍ മുങ്ങിചാകാന്‍ പാകത്തിനാണ്‌ വെള്ളോം. അമ്പലപ്പടിയില്‍ എത്രനേരം ഇരുന്നാലും മുഷിയില്ല. സമയം പോകാന്‍ പ്രത്യേകിച്ച്‌ വാച്ചൊന്നും കെട്ടേണ്ടതില്ല. വഴിയേപോകുന്ന ഏതെങ്കിലും ചിന്തയേ എടുത്ത്‌ മനസ്സിലിട്ടാല്‍ മതി. കടല തീരുമ്പോള്‍ ദീപാരാധന കഴിഞ്ഞ്‌ നടതുറക്കും. ഗോപുരത്തിനുവെളിയിലുള്ള വെടിവഴിപാടുകാരന്‍ പുറകില്‍ കൊണ്ടുവെച്ച്‌ രണ്ടുമൂന്ന്‌ കതിന പൊട്ടിക്കും മതില്‍കകത്തുള്ള വലിയ മണിയുടെ കയറില്‍ ആരെങ്കിലും ആയാസപ്പെട്ട്‌ തൂങ്ങി അങ്ങോട്ടുമിങ്ങോട്ടും ആടും. അതാണ്‌ ചിട്ട. വേണമെങ്കില്‍ പടിയില്‍ നിന്നെഴുനേറ്റ്‌ തിരിഞ്ഞുനിന്ന്‌ കൈകൂപ്പി " എന്റെ തിരുനക്കരയപ്പാ" എന്ന്‌ വിളിക്കാം. വിളിച്ചില്ലെങ്കിലും പ്രത്യേകിച്ച്‌ പരാതിയൊന്നും കാണില്ല. അകത്ത്‌ സപരിവാരമാണ്‌. സിംഹോം കാളേം മയിലും പാമ്പും എലിയും എന്നുവേണ്ട . എല്ലാകാര്യവും നോക്കണ്ടെ.

പടിയില്‍ ഇരുന്ന്‌ കടലയുടെ കുമ്പിള്‍ തുറന്നപ്പോള്‍ പാരമ്പര്യഗുണം എന്ന വിഷയമാണ്‌ ഇന്നത്തെ ചിന്താവിഷയമായി ഏറ്റെടുത്തത്‌. അവിടുന്നങ്ങോട്ട്‌ ചിന്ത ഏതൊക്കെ കാടുകളിലാണ്‌ കയറിപോയതെന്നറിയില്ല. ഇടയ്ക്ക്‌ ചിന്തയ്ക്ക്‌ ചിന്തേരിടണോ എന്നുപോലും ശങ്കിച്ചു.

" നമസ്കാരം മാഷേ"

ഓര്‍ക്കാപ്പുറത്താണ്‌ ചിന്തയ്ക്കു മുറിവുപറ്റിയത്‌.

" വനംവകുപ്പിന്റെ അനുമതിയോടെയാണോ ചിന്തയെ കാടുകയറ്റിയത്‌"

വായില്‍നിന്ന്‌ ഒരുകെട്ട്‌ ബീഡിപ്പുക പുറത്തേക്ക്‌ തള്ളികൊണ്ട്‌ കുട്ടന്‍ അടുത്തുവന്നിരുന്നു. മുറിവില്‍ അല്‍പം മരുന്നുപുരട്ടിക്കൊണ്ട്‌ കുട്ടനോട്‌ ചോദിച്ചു.


" അല്ല കുട്ടാ ഇന്നെന്താ പതിവില്ലാതെ നേരത്തേ ? നേരത്തേ പതിവില്ലാത്തതായിരുന്നല്ലോ ?"

" അങ്ങകത്ത്‌ ഭയങ്കര ചൂടാണ്‌ മാഷേ അതാണ്‌ നേരത്തെ വെളിയിലേക്കിറങ്ങിയത്‌ മാത്രമല്ല ശബരിമല സീസണല്ലെ മിഡില്‍മെന്നിനെ കൂടതെ എന്തെങ്കിലും നേരിട്ടുകിട്ടുകാണെങ്കില്‍ അത്രേമായല്ലൊ .വില്ല്വപത്രമെങ്കില്‍ വില്ല്വപത്രം. അതെല്ലാം മറന്നേക്കൂ എന്തായിരുന്നു ഇന്നത്തെ ചിന്താവിഷയം?"

" കേട്ടോ കുട്ടാ പാരമ്പര്യഗുണം എന്ന വിഷയത്തിനെ അധീകരിച്ചായിരുന്നു പത്തുപുറത്തില്‍ കവിയാതെ ചിന്തിച്ചുകൊണ്ടിരുന്നത്‌. കുട്ടനറിയാമോ അച്ഛന്‍ പേരുകേള്‍പ്പിച്ച പ്രൊഫസറായിരുന്നു. അക്കാലത്ത്‌ അദ്ദേഹം രചിച്ച ഗൈഡുകള്‍ വായിച്ച കുട്ടികളെ സര്‍വ്വകലാശാലാബിരുദം നേടുയിരുന്നുള്ളൂ. സര്‍വ്വ കലാശാലയിലും അങ്ങിനെതന്നെ . അക്കുട്ടികള്‍ക്ക്‌ മൂലം പോലും വേണ്ടിയിരുന്നില്ല. മൂപ്പര്‌ ഗ്രന്ഥം മൂന്നായാണ്‌ പകര്‍ത്തിയിരുന്നത്‌. പിന്നെ സിന്ദാബാ സിന്ദാബാ അച്ഛന്റച്ഛന്‍ മുത്തച്ഛന്‍. തിരുവിതാംകോട്‌ യൂണിവേഴ്സിറ്റിയില്‍ പകരം വെയ്ക്കാന്‍ മറ്റൊരു പ്രൊഫസറില്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനോടൊപ്പം ആ ദേഹത്തിന്റെ വിഷയവും നിന്നുപോയി. ചാന്‍സിലര്‍ക്ക്‌ സെനറ്റുഹാളില്‍ ഒരു എണ്ണഛായ വെക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഒന്നും തടഞ്ഞില്ല. പിന്നെ മുത്തച്ഛന്‍ മുതുക്കന്റെ അച്ചന്‍ . പേരും കേമന്‍ എന്നുതന്നെയായിരുന്നു. രാജാക്കന്മാരുടെ പോലും ആശാനല്ലായിരുന്നോ അതാണ്‌ പാരമ്പര്യം. പക്ഷെ മൂപ്പിലാന്‌ "

മുഴുവനക്കാന്‍ പറ്റിയില്ല

" അച്ഛനില്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹവും മാഷായേനെ, അല്ലേ മാഷേ" കുട്ടന്‍ ഇടയ്ക്കുകയറി പറഞ്ഞു.

അത്ഭുതമാണ്‌ തോന്നിയത്‌. അതീവ ഗോപ്യമായി അടച്ചുപൂട്ടി ലോക്കറില്‍ വെച്ചുപൂട്ടിയിരുന്ന കുടുംബചരിതം കുട്ടനെങ്ങിനെയാണ്‌ അറിഞ്ഞത്‌. മനസുവായിച്ച പോലെ കുട്ടന്‍ പറഞ്ഞു.

" അച്ഛന്‍ മഹാജ്യോത്സരായിരുന്നു മാഷേ. ഞാന്‍ കീശ നോക്കി ഭാവി പറയുന്നതുപോലെയായിരുന്നു മൂപ്പര്‌ മുഖം നോക്കിപറഞ്ഞുകൊണ്ടിരുന്നത്‌. അണുവിട തെറ്റില്ല. അണു എന്നുപറഞ്ഞപ്പോളാണ്‌ ഒരുകാര്യം ഓര്‍ക്കുന്നത്‌. രണ്ടാം ലോകമഹായുദ്ധം എന്നാണ്‌ തീരുന്നത്‌ എന്നു പ്രവചിക്കാന്‍ അച്ഛനാശയുണ്ടായിരുന്നു. പക്ഷെ നീചന്മാര്‌ അമേരിക്കന്‍ കുത്തകമുതലാളിമാര്‌ അതിനുസമ്മതിച്ചില്ല. അവര്‍ നേരത്തെ പോയി സന്ധി ഒപ്പിട്ടുകളഞ്ഞു. സമധാനത്തിനുള്ള ഒരു നോബെല്‍പ്രൈസ്‌ വീട്ടിലെ ഫ്രിഡ്ജില്‍ വരണ്ടതായിരുന്നു. അവര്‍ അതാണ്‌ കളഞ്ഞുകുളിച്ചത്‌.പിന്നെ മുത്തശ്ശനോ. മൂപ്പിലാന്‍ അതിലും പുലിയായിരുന്നു. ഉത്സവപറമ്പുകളില്‍ തത്തേവിട്ട്‌ കാര്‍ഡ്‌ എടുക്കുന്ന കളി മൂപ്പരാണത്രെ തുടങ്ങിയത്‌. കവിയുമായിരുന്നു.

ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും
തത്തമ്മ തത്തമ്മ തന്നെ പാരില്‍

എന്ന കാവ്യം അദ്ദേഹമാണത്രെ രചിച്ചത്‌. ഒന്നാം ലോകമഹായുദ്ധത്തിലാണ്‌ മൂപ്പര്‍ക്ക്‌ നോബെല്‍സമ്മാനം കളഞ്ഞുപോയത്‌. ഇനി മുത്തശ്ശന്റെ അച്ഛനോ. മൂപ്പര്‍ക്ക്‌ കവടിനിരത്താന്‍ കവടിപോലും വേണ്ടായിരുന്നു എന്നാണ്‌ റ്റോയന്‍ബി പറഞ്ഞിരിക്കുന്നത്‌. പക്ഷെ മൂപ്പിലാന്‌"

ഒരുനിമിഷത്തെ മൗനത്തിനുശേഷം കുട്ടന്‍ ചോദിച്ചു. " മാഷെ മാഷിന്‌ കാര്യം പിടികിട്ടിയൊ?

" ഇറ്റീസ്‌ ഈസി മൈഡിയര്‍ കുട്‌സണ്‍ ഞാനിപ്പോള്‍ ഷെര്‍ലോക്‌ ഹോംസ്‌ കഥകളാണ്‌ വായിക്കുന്നത്‌.ബൈദ്ബൈ മിസ്റ്റര്‍ കുട്‌സണ്‍ നിങ്ങള്‍ കഞ്ചാവുബീഡിയാണ്‌ വലിക്കുന്നത്‌ എന്നു ഞാന്‍ മനസ്സിലാക്കുന്നു."

" ഒരു ബീഡി ഒണ്ടേല്‍ താടാ ഉവ്വേ" പുറകില്‍ കതിന കൊണ്ടുവെച്ചിട്ട്‌ വെടിക്കാരന്‍ പറഞ്ഞു.

Saturday, May 8, 2010

ഒന്നില്‍ പിഴച്ച്‌അതിരാവിലെ ചാടിയെഴുന്നേറ്റ്‌ പ്രാകൃതകര്‍മ്മങ്ങള്‍ യഥേഷ്ടം നിര്‍വ്വഹിച്ച്‌ കുപ്പായത്തില്‍ ഓടിക്കയറി. കര്‍മ്മഫലം തരും ഈശ്വരനല്ലോ എന്നു കീര്‍ത്തനവും ചൊല്ലി ബാങ്കില്‍ ചെന്നു. പാസ്ബുക്ക്‌ പതിച്ചുവാങ്ങി അക്കൗണ്ടിനെ മാറിയും മറിച്ചും നോക്കി. കഴിഞ്ഞ കേസിന്റെ കാലത്തുകണ്ടതിനേക്കാളും നന്നായി ക്ഷീണിച്ചിരിക്കുന്നു. പാവം പിന്നെ ഗര്‍ഭിണിയും എന്നു പ്രയോഗിക്കാന്‍ തോന്നും.


പൊരിവെയിലില്‍ വീട്ടിലോട്ട്‌ നടന്നു. ഇടക്ക്‌ ഒരു ഷോഡാ കുടിക്കാന്‍ പോലും ശരീരം നിര്‍ത്തണമെന്നു തോന്നിയില്ല. അത്രയ്ക്കുണ്ടായിരുന്നു അക്കൗണ്ടിന്റെ ആരോഗ്യസ്ഥിതി ഓര്‍ത്തുള്ള പരവേശം.


വീട്ടില്‍ചെന്ന് ഫാന്‍ ഫുള്‍സ്പീഡിലിട്ട്‌ ചാരുകസേരയില്‍ കിടന്നു. ആധി അങ്ങോട്ടെന്നല്ല എങ്ങോട്ടും മാറുന്നില്ല. പണ്ടേ ദുര്‍ബ്ബല എപ്പോള്‍വേണമെങ്കിലും സിദ്ധികൂടുമെന്ന് ഒരു നിജോമില്ല. അപ്പോളാണ്‌ പണംകൊണ്ടെറിഞ്ഞ്‌ പണത്തില്‍ കൊള്ളിക്കുന്ന ധനതത്വശാസ്ത്രാധ്യാപകനെ ഓര്‍ത്തത്‌. ഫോണ്‍ കറക്കി മറുതലയ്ക്കല്‍ സുഹൃത്തുവന്നപ്പോള്‍ ജാത്യാലും കര്‍മണാലും ഉണ്ടായ സകല കഥകളും പരത്തി വായിച്ചുകൊടുത്തു.


" വരുമോരോ കേസസ്‌
അക്ക്ക്കൗണ്ടിനു ഹാനിയായി
വരുമോരോ ഹാനി
വന്നപോലെ പോവും"

മറുതലയ്ക്കല്‍ കവിതകേട്ടപ്പോള്‍ അതു ധനതത്വക്കാരന്‍ സുഹൃത്തു തന്നെയോ എന്നു ശങ്ക തോന്നി.


" താങ്കള്‍ എന്റെ സുഹൃത്ത്‌ ധനതത്വം തന്നെയല്ലെ? ചോദിച്ചുപോയി

" അതേയതെ, ഉപരിബിരുദം നടത്തിയപ്പോളാണ്‌ ധനമായത്‌ ബിരുദം ഭാഷയിലാണേയ്‌. അതുകൊണ്ടാണ്‌ കവിതയില്‍ ഒരു കമ്പം വന്നത്‌ കുറ്റം പറയരുതല്ലൊ സുന്ദരിയാണു കേട്ടോ"


" അവളെവിടെയെങ്കിലും കിടക്കട്ടെയണ്ണാ, ഒരു പോംവഴി പറഞ്ഞാട്ടെ

" ആപദി കിംകരണീയം
ഒട്ടും അമാന്തിക്കണ്ട പാലക്കാടിനു വണ്ടി പിടിച്ചോളൂ സ്വര്‍ണ്ണത്തിനൊക്കെ ഇപ്പൊ എന്താണു വില? മുക്കുപണ്ടപണയത്തിനു പോലും ഇപ്പോള്‍ മണിമണി പോലെ മണികിട്ടും. അര്‍ത്ഥാപത്തിയാണേയ്‌ അലങ്കാരം. പൊന്നുംകുടത്തിനു പൊട്ടു വേണ്ടതാനും"


പിന്നെ ഒട്ടും അമാന്തിച്ചില്ല. വീട്‌ പൂട്ടി പുറത്തിറങ്ങി. ആദ്യംകണ്ട വണ്ടിക്കുതന്നെ പാലക്കാടിന്‌ തലവെച്ചു.


തീര്‍ത്തും ഖിന്നനും ദു;ഖിതനുമായി ഇരുന്നപ്പോള്‍ അവള്‍ ചോദിച്ചു " എന്താണവിടേയ്ക്ക്‌ പറ്റിയത്‌ ഇങ്ങിനെ ഖിന്നനായി നിഷ്ക്രിയത്വം പൂണ്ട്‌ കാണപെടുവാന്‍. ഈ ദാസിയോട്‌ പറഞ്ഞാലുംജാത്യാലും കര്‍മണാലും എഴുതപ്പെട്ട കേസുകെട്ടെല്ലാം മലര്‍ക്കെ തുറന്ന് അവളുടെ മുന്നിലേക്കിട്ടിട്ട്‌ അനന്തതയിലേക്ക്‌ നോക്കി താടി തടവിക്കൊണ്ട്‌ അവളോട്‌ പറഞ്ഞു.


" ഒന്നും പറയാനും ചെയ്യാനും പറ്റാത്ത കാലമാടീ, കലികാലം എന്നല്ലാതെ എന്താ പറേകാ. ആര്‌ എപ്പോള്‍ എന്തിന്‌ കേസിന്‌ പോകും എന്നു പറയാന്‍ പറ്റുമൊ"


പെട്ടെന്നാണ്‌ തെളിഞ്ഞ ആകാശത്തില്‍ കാര്‍മേഘം നിറയുന്നതുപോലേ അവളുടെ മുഖം കറുത്തത്‌

" നിങ്ങള്‍ക്ക്‌ ലജ്ജയില്ലേ ഹേ മനുഷ്യാ " അവള്‍ കോപിഷ്ഠയായി ചോദിച്ചു. " ഈ കഥ പറയാനാണോ നിങ്ങള്‍ പണം മുടക്കി ഇത്തറ്റം വന്നത്‌ തിരിച്ചുള്ള ലാസ്റ്റ്‌ വണ്ടി ഇപ്പോള്‍ പോകും അതുകഴിഞ്ഞാല്‍ കുറച്ചുകഴിഞ്ഞേയുള്ളൂ"


അടുത്ത ഒരു കേസോടുകൂടി ശാപ്പാട്‌ ഫ്രീ എന്ന് ചിന്തിച്ച്‌ ചാരുകസേരയില്‍ കിടന്നപ്പോള്‍ കോളിംഗ്‌ ബെല്‍ ശബ്ദിച്ചു.വാതില്‍ തുറക്കാതെ തന്നെ അകത്തുകയറിയ കറുത്തകോട്ടിട്ട ചെങ്ങാതി പറഞ്ഞു


" ഇരിക്കാനൊന്നും സമയമില്ല, ആ കയ്യിങ്ങുതന്നേ, ഭാഗ്യവാന്‍ ഇനി ഫ്രീയായിട്ട്‌ നടക്കാമല്ലൊ. മറുസ്ത്രീഗമനവും നിഷ്ക്രിയത്വവും കൂടാതെ കാലമാടീ അതായത്‌ എരുമേ എന്നും വിളിച്ചെന്നും ആരോപിച്ച്‌ അവള്‍ വിവാഹമോചനത്തിന്‌ കേസുകൊടുത്തിട്ടുണ്ട്‌. ഒപ്പിട്ട്‌ കൊടുത്തിട്ട്‌ നമ്മക്കിതൊന്ന് ആഘോഷിക്കണ്ടേ മാഷേ"കണ്ണില്‍ ഇരുട്ട്‌ കയറുന്നതുപോലെ. ആകെ കൂടയുള്ള ഒരു അത്താണിയായിരുന്നു.അവള്‍. വീഴാതിരിക്കാന്‍ വക്കീലിനെ ചാരി തൊണ്ടയിടറികൊണ്ട്‌ ചോദിച്ചു.


" അല്ല വക്കീലേ, നമ്മുക്കിതങ്ങ്‌ കോമ്പ്രമൈസാക്കരുതോ? ഞാന്‍ വൈകിട്ട്‌ ഓഫീസിലോട്ട്‌....."


മുഴുവന്‍ പറയാന്‍ വക്കീല്‌ സമ്മതിച്ചില്ല. " മാഷിനെന്നാ ഭ്രാന്തുണ്ടൊ വൈകിട്ട്‌ നമ്മള്‍ക്കിതൊന്ന് ആഘോഷിക്കണം. ബാറില്‍നിന്നിറങ്ങിയാല്‍ ഞാന്‍ ബാറില്‍കാണും"


വാതില്‍ തുറന്ന് വക്കീല്‌ പുറത്തിറങ്ങി .തലകറങ്ങുന്നു. ഇട്ടിരുന്ന കുപ്പായത്തിനുള്ളില്‍ വിയര്‍പ്പ്‌ നദിയായി ഒഴുകുന്നു. ഫാനിന്‌ കാറ്റ്‌ കുറഞ്ഞതുപോലെ. ചാരുകസേര വലിച്ച്‌ ഫാനിന്റെ കീഴിലേക്കിട്ടു

ജനലഴികള്‍ക്കിടയിലൂടെ തല അകത്തേക്കിട്ടിട്ട്‌ വക്കീല്‌ പറഞ്ഞു


" കസേര വലിച്ച്‌ ഫാനിന്റെ അടിയിലേക്ക്‌ ഇടുന്നതൊക്കെകൊള്ളാം ശ്രമം പരാജയപെട്ടാല്‍ അതിന്‌ വേറെ കേസുവരും"


Friday, May 7, 2010

കര്‍മണജാത്യാല്‍ വന്നത്‌ തൂത്തുകളഞ്ഞിട്ട്‌ ചാരുകസേരയില്‍ നീണ്ടുനിവര്‍ന്നു കിടന്നു. കാഗെസ്സെടുത്തു. കലവും.

സൂര്യന്‍ നടന്ന് പടിഞ്ഞാറെത്തിയപ്പോള്‍ സായിപ്പ്‌ മുറിപൂട്ടി പുറത്തിറങ്ങി.നായരുടെ കാപ്പിക്ലബ്ബില്‍ നിന്ന് ഒരു ചായയും രണ്ടു വടയും വാങ്ങി. രണ്ടും അവിടെവെച്ച്‌ തന്നെ കഴിച്ചു. രണ്ടുകെട്ട്‌ ബീഡിയും വാങ്ങി കിഴക്കേ ആല്‍ത്തറയിലേക്ക്‌ നടന്നു.


ആല്‍ത്തറയില്‍ ഇരുന്നപ്പോള്‍ സായിപ്പ്‌ ചിന്തിച്ചു അമ്പലകുളം കുളത്തില്‍ കുളിക്കുന്ന സ്ത്രീകള്‍ കൂടാതെ അമ്പലവും കുളത്തിനുമപ്പുറം വയല്‍ഫീല്‍ഡുകള്‍ അതിനുമപ്പുറം നീളത്തില്‍ മരിച്ചുകിടക്കുന്ന, നദി നീളത്തില്‍കിടക്കുന്ന തീവണ്ടിപാത . തീവണ്ടിയാപ്പീസ്‌. എന്തുകൊണ്ടും സുന്ദരമായ സ്ഥലം. ശരിക്കും ഗോഡ്സ്‌ ഓണ്‍ കണ്ട്രികളുതന്നെ. ആല്‍ത്തറയാണെങ്കില്‍ കുത്തിയിരുന്ന് ബീഡിവലിക്കാന്‍ പറ്റിയ സ്ഥലവും. സായിപ്പ്‌ ഒരു ബീഡിക്ക്‌ തീ കൊളുത്തിയപ്പോള്‍ തീവണ്ടിയാപ്പീസില്‍നിന്ന് ഒരെണ്ണം ഇറങ്ങി പുകയൂതികൊണ്ട്‌ ഒറ്റപാലം ലാക്കാക്കി ഇഴഞ്ഞുപോയി.

ബീഡി വലിച്ച്‌ കൂട്ടുന്നതിനിടയില്‍ സമയം പോയതറിഞ്ഞില്ല മണിയടിക്കുന്ന ശബ്ദം കേട്ടാണ്‌ ചിന്തയില്‍നിന്നുണര്‍ന്നത്‌. ആദ്യം ബിഗ്ബെന്‍ ആണെന്നാണ്‌ കരുതിയത്‌. പിന്നെയാണ്‌ ക്ഷേത്രത്തില്‍ ദീപാരാധനയുടെ മണിയാണെന്ന് മനസ്സിലായത്‌. ഒരു കൊതുക്‌ പറന്ന് വന്ന് സായിപ്പിന്റെ ചെവിയില്‍ മൂളി.


" സായിപ്പാണെന്നൊന്നും നോക്കില്ല. ചോരകുടിച്ചുകളയും ഞാന്‍. വേഗം സ്ഥലം വിട്ടൊ"

വലിച്ചുകൊണ്ടിരുന്ന ബീഡി ആല്‍ത്തറയില്‍ കുത്തികെടുത്തി കുറ്റി ചെവിയ്ക്കിടയില്‍ തിരുകി മുറിയിലേക്ക്‌ നടക്കുന്നതിനിടയിലാണ്‌ അവളെ കണ്ടത്‌.


" പേരെന്താ?" ഒരു കൗതുകത്തിന്‌ ചോദിച്ചു

" സുശീല"

സന്ധ്യ കഴിഞ്ഞ്‌ ഇരുട്ട്‌ വീണുതുടങ്ങിയതുകൊണ്ട്‌ അവള്‍ കാല്‍നഖം കൊണ്ടൊരു കുറിവരച്ചോ എന്ന് സായിപ്പ്‌ കണ്ടില്ല." നാളോ?"

" നാള്‌ നാരങ്ങ, അഭിമുഖമൊന്നും ഇവിടെ വെച്ച്‌ വേണ്ട സായിപ്പെ. നാട്ടുകാര്‍ എന്തുവിചാരിക്കും." അവള്‍ മുന്നോട്ടുനടന്നു.

മുറിയുടെ വാതില്‍ സായിപ്പ്‌ അടയ്ക്കുന്നതിനിടയില്‍ മണ്ണെണ്ണവിളക്കിന്റെ തിരി താഴ്ത്തികൊണ്ട്‌ അവള്‍ പറഞ്ഞു


" ഞാന്‍ ഇതൊക്കെയൊന്ന് മാറ്റിവെയ്ക്കട്ടെ, മുഷിഞ്ഞാല്‍ നാളെ ധരിക്കാന്‍ പറ്റില്ല
എല്ലാം മാറ്റിവെച്ചിട്ട്‌ അവള്‍ തുടര്‍ന്നു

" എങ്കില്‍ സായിപ്പ്‌ അഭിമുഖം തുടങ്ങികൊള്ളു"

പിറ്റേന്ന് കാലത്ത്‌ പുഴ നീന്തികടന്ന് നഗരത്തിലെ അച്ചടിശാലയിലെത്തി സായിപ്പ്‌ മാനേജരോട്‌ ചോദിച്ചു.

" അല്ല മാനേരേ, എനിക്കറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ ഒരു പേരിലെന്താ ഇത്രയിരിക്കാന്‍?"

" സുശീല എന്നുപറഞ്ഞാല്‍ നല്ല വസ്ത്രം ധരിക്കുന്നവള്‍ എന്നാണര്‍ത്ഥം മാഷേ" മാനേജരു പറഞ്ഞു


ആഫ്റ്റൊറാള്‍ വാട്ടീസിന്നെ നെയിം എന്ന് പേരുമെഴുതി കലമടച്ചു. കാഗസ്‌ മടക്കി. ജനലില്‍കൂടി പുറത്തേക്ക്‌ നോക്കി. ഉണങ്ങാനിട്ടുരുന്ന തുണികള്‍ കാറ്റില്‍ ആടുന്നു. അയയില്‍ കിടക്കുന്ന തുണിയെയെടുത്ത്‌ ആരെങ്കിലും അലമാരിയില്‍ വെയ്ക്കുമൊ? അങ്ങിനെ ഒരു പ്രയോഗം മലയാളത്തിലുണ്ടൊ എന്നു സംശയം തോന്നി സുഹൃത്തായ മലയാളം അധ്യാപികയോട്‌ ചോദിക്കാം എന്ന് മനസ്സില്‍ കുറിയ്ക്കുന്നതിടയില്‍ കോളിംഗ്‌ ബെല്‍ ശബ്ദിച്ചു.

ചാരുകസേരയില്‍നിന്ന് എഴുന്നേറ്റ്‌ വാതില്‍ തുറന്നപ്പോള്‍ കറുത്തകോട്ടിട്ട ചെങ്ങാതി വെളുക്കെ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.


" ഇരിക്കാനൊന്നും സമയമില്ല മാഷേ, സൂക്ഷിച്ച്‌ നോക്കുന്നതുപോലും പാപമാണെന്ന് മാഷിനറിയരുതൊ. അര്‍ഥം വെച്ച്‌ നോക്കി പീഡിപ്പിച്ചൂന്ന് ഒരു സുശീലയുടെ കേസുണ്ട്‌ നമ്മുക്കതങ്ങ്‌ കോമ്പ്രമൈസാക്കാം എന്താ ? വൈകിട്ട്‌ ഓഫീസിലോട്ട്‌ വരണം"


ചെങ്ങാതി വണ്ടിയെടുത്ത്‌ പടികടക്കുന്നതിനിടയില്‍ പറഞ്ഞു " ഒന്നില്‍ പിഴച്ച്‌ മൂന്നാകരുത്‌ കേട്ടോ"

ജാത്യാല്‍കുളിമുറിയില്‍ മുഷിഞ്ഞ തുണികളുമായി മല്ലടിച്ചുകൊണ്ടിരുന്നപ്പോളാണ്‌ കോളിംഗ്‌ ബെല്‍ ശബ്ദിച്ചത്‌. കയ്യില്‍ പറ്റിയിരുന്ന സോപ്പുപതയെല്ലാം കഴുകികളഞ്ഞ്‌ കൈ തുടച്ച്‌ വാതില്‍ പോയി തുറന്നപ്പോള്‍ ആഗതന്‍ വെളുക്കെ തുടിക്കുന്ന വെണ്മയോടെ ചിരിച്ചുകൊണ്ട്‌ ചോദിച്ചു.


" എന്താ മാഷേ വതില്‍ തുറക്കാന്‍ ഒരു അമാന്തം. വെള്ളമായിരുന്നോ?. ഞാനൂടെ കൂടണോ?"

" വെള്ളമായിരുന്നു. തുണി അലക്കുകാരുന്നേയ്‌" ക്ഷമാപണത്തോടെ പറഞ്ഞു.

" അതുകൊള്ളാമല്ലൊ മാഷേ നിങ്ങളുടെ തുണി നിങ്ങള്‍ തന്നെയാണോ അലക്കുന്നത്‌?"

വന്നകാല്‍ മാറ്റിവെച്ച്‌ സെറ്റിയിലേക്ക്‌ മലര്‍ന്ന് ടീവിയുടെ റിമോട്ട്‌ കയ്യിലെടുക്കുന്നതിനിടയില്‍ ആഗതന്‍
ചോദിച്ചു

" അതെ അതിനെന്താ ഒരു കുറവ്‌? താങ്കള്‍ താങ്കളുടെ തുണി അല്ലേ അലക്കുന്നത്‌"

പെട്ടന്നാണ്‌ ആഗതന്റെ മുഖം മുഷിഞ്ഞത്‌. റിമോട്ട്‌ സെറ്റിയുടെ ഒരു മൂലയ്ക്കലേക്ക്‌ വലിച്ചെറിഞ്ഞിട്ട്‌ മൂപ്പര്‌ ചാടിയെഴുന്നേറ്റു. മുഖത്തേയ്ക്ക്‌ വിരല്‍ ചൂണ്ടി അയാള്‍ കയര്‍ത്തു

" താനെന്നാടോ ഏബ്രഹാം ലിങ്കണു പഠിക്കുവാണോ? ഒരു തരം മുന വെച്ചു സംസാരിക്കാന്‍ കാണിച്ചുതരാം ഞാന്‍"

വന്നതെന്തിനാണെന്നുപോലും പറയാതെ വാതില്‍ വലിച്ചുതുറന്ന് ആഗതന്‍ പോയവനായി.. വീണ്ടും നനഞ്ഞ തുണിയിലേക്ക്‌ പ്രവേശിച്ചപ്പോള്‍ പൊട്ടിപോയ റിമോട്ടോ കൊളുത്തുപോയ വാതിലോ ആയിരുന്നില്ല മനസ്സില്‍. ഏബ്രഹാം ലിങ്കണും തുണിയും തമ്മില്‍ എന്തായിരുന്നു ബന്ധം ആതിലെന്തായിരുന്നു ഹാം എന്നാണു ചിന്തിച്ചത്‌. തുണിയെല്ലാം അലക്കികഴിഞ്ഞ്‌ സുഹൃത്തായ ചരിത്രാധ്യാപകനോട്‌ ചോദിക്കാം എന്ന് മനസ്സില്‍ കുറിച്ചിടുന്നതിനിടയില്‍ കോളിംഗ്‌ ബെല്‍ വീണ്ടും ശബ്ദിച്ചു. മുമ്പേ വന്ന് കലിതുള്ളിയ ആഗതന്‍ കാണിച്ചുതരാന്‍ വന്നതാണെന്ന് കരുതി കൈപോലും കഴുകാതെ വാതില്‍ പോയി തുറന്നു. കറുത്ത കോട്ടിട്ട ചെങ്ങാതി വെളുക്കെ ചിരിച്ചുകൊണ്ട്‌ അകത്തുകയറി.

" ഇരിക്കു, ഞാന്‍ കയ്യൊന്നു കഴുകിയിട്ട്‌ വരാം"

" ഇരിക്കാനൊന്നും സമയമില്ല. കൈ കഴുകുന്ന കാര്യം തന്നെ പറയാന്‍ വന്നതാണ്‌. ജാതിപറഞ്ഞ്‌ കളിയാക്കീന്നൊരു കേസുണ്ട്‌ നമ്മുക്കതങ്ങ്‌ കോമ്പ്രമൈസാക്കാം എന്താ വൈകിട്ട്‌ കോടതിവിട്ടുകഴിയുമ്പോള്‍ ഓഫീസിലോട്ട്‌ വന്നാല്‍ മതി."

പുറത്തിറങ്ങി വണ്ടിയെടുക്കുന്നതിനിടയില്‍ ചെങ്ങാതി തിരിഞ്ഞുനോക്കി വീണ്ടും പറഞ്ഞു

" അപ്പോള്‍ വൈകിട്ട്‌ മറക്കണ്ട "

Saturday, March 27, 2010

കണക്കെടുപ്പ്‌


ആനിമല്‍ കണക്കെടുപ്പ്‌ പ്രമാണിച്ച്‌ തേവരുടാന ഡോട്‌ ബ്ലോഗ്സ്പോട്ട്‌ എന്ന ഈ കട കുറച്ചു ദിവസത്തേയ്ക്ക്‌ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. തേവരുടെ ആന ആയതുകൊണ്ടാണ്‌ ആനിമല്‍ എന്നായിപോയത്‌. അല്ലാത്തവര്‍ ആനുവല്‍ എന്നു വായിച്ചാലും മതി. അവിടുന്നങ്ങോട്ട്‌ ഏപ്രില്‍ ഒന്നുമുതല്‍ എന്തു വിഡ്ഢിത്തരവും പ്രതീക്ഷിക്കാം. ഗൃഹാതുരത്വം ഒമ്പതാം ഭാഗമോ, ഗജേന്ദ്രമോക്ഷം അഞ്ചാം എപ്പിസോഡോ, അതുമല്ലെങ്കില്‍ കണ്ണീരില്‍ കുതിര്‍ന്ന ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍ മൂന്നാം ഇന്‍സ്റ്റാള്‍മെന്റോ നണ്‍ ഓഫ്‌ ദ എബൗവോ . എന്തും

ഞങ്ങള്‍ കച്ചവടക്കാര്‍മുകില്‍ വര്‍ണ്ണന്മാര്‍ കട്ടിയും ത്രാസ്സും പൂജയ്ക്കു വെയ്ക്കാന്‍ ദാ പുറപ്പെടുകയായി.

ഔസേപ്പു ചേട്ടോ ഷട്ടറു താത്തിക്കൊ

Sunday, March 21, 2010

ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍ രണ്ടാം ഭാഗം


അമ്മേ,

ഈ വൈരാഗി യാത്രയിലെ രണ്ടാമത്തെ എഴുത്താണിത്‌.ആദ്യത്തെ കത്ത്‌ അമ്മയ്ക്ക്‌ കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു. കിട്ടിയിട്ടില്ലെങ്കില്‍ ഇത്‌ ആദ്യത്തെ കത്തായി കരുതിയാല്‍ മതി. അല്ലെങ്കില്‍ തന്നെ അക്കങ്ങള്‍ക്ക്‌ പ്രസക്തി നഷ്ടപ്പെടുമ്പോള്‍ ഇത്‌ എത്രാമത്തെ പെഗ്ഗ്‌ എന്നു ചിന്തിച്ച്‌ ആരാണ്‌ വേവലാതി പെടുന്നത്‌.

മാതാവേ,

പേനയിലെ മഷി തീരാറായി. വാതിലും തുറന്നുകിടക്കുകയാണ്‌. അതുകൊണ്ട്‌ അവിടുത്തെ ഇളയ പുത്രനായ ഈ എളിയവന്‍ കഥയിലോട്ട്‌ പ്രവേശിക്കട്ടെ. അല്ലെങ്കിലും ഭവതി,

കഥയമമ, കഥയമമ
കഥകളതി സാദരം
ആത്മവിലാപങ്ങള്‍
കേട്ടാല്‍ മതിവരാ
എന്ന് പാടിയിട്ടുമുണ്ടല്ലൊ.


തീവണ്ടി ഏതോ സ്റ്റാന്റില്‍ കാപ്പികുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ കളിച്ചുകൊണ്ടിരുന്ന കൈ കമഴ്ത്തിയിട്ടു

" നീ മിഡില്‍ സ്ക്രൂട്ടാണോ?" രഘു ചോദിച്ചു

" കയ്യില്‍ ഒറ്റ ജോക്കറുപോലുമില്ല. വയറ്റിലും"

പിലാറ്റുഫോറത്തിലിറങ്ങി ആദ്യം കണ്ട ഷാപ്പില്‍ നിന്ന് ഒരു കുടം പാലു വാങ്ങി ഒറ്റവലിക്ക്‌ മോന്തി. ചിറിയും തുടച്ചു. പിന്നെ ചാരത്തെത്തിയ ഉന്തുവണ്ടിയില്‍നിന്ന് ഒരു പടല പച്ചപഴം ഒരു ഡബിള്‍ ഓമ്പ്ലേറ്റ്‌.. ഇവ

രണ്ടും കൂടി കക്ഷത്തിങ്ക
ലിടുക്കി കൊണ്ട്‌

തിരിച്ച്‌ തീവണ്ടി പിടിച്ചു

വണ്ടി നീങ്ങി തുടങ്ങിയിരുന്നു. പിലാറ്റുഫോറവും താണ്ടി വണ്ടി വെളിമ്പ്രദേശത്തേക്കിറങ്ങിയപ്പോള്‍ വലിയ മഞ്ഞ ബോര്‍ഡിലെ മൂന്ന് ഭാഷകളിലുമുള്ള പേരും പെറുക്കി വായിച്ചു.

മഥുര

" കുചേലന്റെ കക്ഷത്തില്‍ എന്താണീ കാണുന്നത്‌. മുഖ്യമായ പുസ്തകം എവിടെ പോയി?" രഘു ചോദിച്ചു.

" ഇത്‌ മഥുരയില്‍ കയറൂരി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഗോമാതക്കളുടെ ചാണകം ഇട്ട്‌ വിരിയിച്ചെടുത്ത പച്ചൈപഴം. പിന്നെ മുട്ട ഓമ്പ്ലേറ്റും. മുഖ്യമായ പുസ്തകം ഇടമറുകിന്റെ കൃഷ്ണനും കൃസ്തുവും ജീവിച്ചിരുന്നില്ല അത്‌ പഴകച്ചവടക്കാരന്‌ കൊടുത്തു. പഴം പൊതിഞ്ഞു കൊടുക്കാന്‍"

" പഴവും ഓമ്പ്ലേറ്റും ആയുര്‍വേദവിധിപ്രകാരം വിരുദ്ധഭക്ഷണനാകുന്നു" രഘു പറഞ്ഞു

" അതുസാരമില്ല, ഞാനൊരു വൈരുദ്ധ്യാത്മക ഭക്ഷണവാദക്കാരനാകുന്നു"

ഒരു പഴമെടുത്തു. ഒരു കഷ്ണം ഓമ്പ്ലേറ്റും. പഴത്തൊലികള്‍ ജനല്‍ വഴി പുറത്തേക്കിട്ടുകൊണ്ടിരുന്നു. ദാരിദ്രദു;ഖം മൂത്ത്‌ തീവണ്ടിക്കു തലവെയ്ക്കാന്‍ വരുന്ന ഏതെങ്കിലും ഗോമാതാക്കള്‍ ഉണ്ടെങ്കില്‍ അത്രയുമായല്ലൊ. ഇടയ്ക്ക്‌ രഘുവിനോട്‌ ചോദിച്ചു.


" പഴത്തൊലിയില്‍ ചവിട്ടി ഓടിയാല്‍ ട്രെയിനിന്റെ പാളം തെറ്റുമൊ"

" ഇല്ല"

അമ്മേ അപ്പോളാണ്‌ സമാധാനമായത്‌.. അവസാനത്തെ പഴത്തൊലിയും പാളത്തിലേക്കിട്ടിട്ട്‌ സടകുടഞ്ഞെഴുന്നേറ്റ്‌ മൂരിനിവര്‍ന്നു.

" നീ ഇനി കളിക്കുന്നുല്ലെ?"

" ഇല്ല, അത്യുന്നതങ്ങളില്‍ ഉറക്കംതൂങ്ങികള്‍ക്ക്‌ സമാധാനം"

ഏണിവെച്ച്‌ അപ്പര്‍ബര്‍ത്തില്‍ കയറി നീണ്ടുനിവരുന്നതിനിടയില്‍ താഴെ രഘു ഭഗവത്ഗീത മൂലം പാരായണം ചെയ്യുന്നതു കേട്ടു.

" നകൃതം സുകൃതം കിഞ്ചിത്‌
ബഹുധാ ദുഷ്കൃതം കൃതം"

കൃതം എന്നുകേട്ടപ്പോളാണ്‌ അമ്മേ സരസ്വതി ഈ യാത്ര പുറപ്പെടുന്നതിനു മുമ്പ്‌ അവിടുത്തേയ്ക്ക്‌ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ നിന്ന് സാരസ്വതഘൃതം മേടിച്ചു തന്നില്ലല്ലൊ എന്നോര്‍ത്തത്‌.

മറവിതന്‍ മാറിടത്തില്‍
മയങ്ങാന്‍ കിടന്നാലും
ഓര്‍മ്മകളോടിയെത്തി
ഉണര്‍ത്തീടുന്നു

അമ്മേ ഈ കത്തില്‍ സ്ഥലവും തീയതിയും പോലും എഴുതാന്‍ മറന്നിരിക്കുന്നു സദയം ക്ഷമിക്കുക

എന്ന്

മഥുരൈ കണ്ടിട്ടു പോന്ന സുന്ദരപുത്രന്‍

ഒപ്പ്‌


Friday, March 19, 2010

ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍.


മാതാശ്രീ മാധവിക്കുട്ടിയമ്മയ്ക്ക്‌,
ഇല കൊണ്ടുണ്ടാക്കിയ പ്ലേറ്റില്‍ പ്രസാദം പോലെ അയ്യപ്പന്റെ അമ്പലത്തില്‍നിന്ന് കിട്ടിയ പച്ചരി ചോറിനു മുകളില്‍ ഏമ്പക്കം വിട്ടിട്ട്‌ പലക കട്ടിലില്‍ പുല്‍പായ്‌ വിരിക്കുമ്പോള്‍ രഘു ചോദിച്ചു. " നീ ഉറങ്ങുന്നില്ലെ?"

" കാലും നീട്ടി മലര്‍ന്നു കിടന്നാല്‍
അതിന്റെ സുഖമൊന്നു വേറേ
എന്നു പാടാനാണെങ്കില്‍ ഈ വഴിയെല്ലാം താണ്ടി ഇവിടെ വരണോ" അവനോടു തിരിച്ചു ചോദിച്ചു. മുറിക്ക്‌ പുറത്ത്‌ ഹരി കി പൗറിയില്‍നിന്ന് വരുന്ന കുതിരവണ്ടികളുടെ ശബ്ദം ഇപ്പൊളും കേള്‍ക്കാം.

മാതാശ്രീ മാധവിക്കുട്ടിയമ്മേ,
ഞാന്‍ ഈ എഴുത്ത്‌ എഴുതുന്ന നേരം ഭവതി ടെലിവിഷന്‍ തുറന്നുവെച്ച്‌ പരസ്യങ്ങള്‍ക്കിടയില്‍ വീണുകിട്ടുന്ന രാമായണത്തിന്റെ പീസുകള്‍ കാണുകയായിരിക്കും. അതുകൊണ്ടാണ്‌ മാതാശ്രീ എന്നാക്കിയത്‌. ആദ്യമേ അല്‍പം ആദ്യാക്ഷരപ്രാസവും കിടക്കട്ടെ എന്നും കരുതി. നമ്മുടെ സമുദായാംഗം ഇക്കണ്ടവാര്യരുടേയും പട്ടം താണുപിള്ളയുടേയും ഒക്കെ കാലത്തെ ഏഴാം ക്ലാസ്സ്‌ പഠിച്ച്‌ വൃത്തിയായി തോറ്റ അവിടുത്തേയ്ക്ക്‌ മാതാശ്രീയുടെ അര്‍ത്ഥം പറഞ്ഞുതരേണ്ടതില്ലല്ലോ. നമ്മള്‍ ഭാഷയില്‍ അമ്മേ തായെ എന്ന് പറയുന്നതു തന്നെയാണ്‌ സംഗതി. ആയതിനാല്‍.

അമ്മേ മാധവിക്കുട്ടിയമ്മേ,
കുറച്ചുനാളുകളായി ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ വായിക്കണം എന്നാശിച്ച്‌ തുടങ്ങിയിട്ട്‌. ഒരച്ഛന്‍ എന്നുപറയുമ്പോള്‍ ഏതച്ഛന്‍ എന്ന ചോദ്യമില്ല.

ചൂടിയത്‌ ചാച്ചായെങ്കില്‍
പൂവതു റോസാതന്നെ
കഴിഞ്ഞയിടക്ക്‌ ബുദ്ധന്‍ വീട്ടില്‍ വന്നപ്പൊള്‍ പറഞ്ഞത്‌ മാതാശ്രി ഓര്‍ക്കുന്നില്ലെ? ആഗ്രഹങ്ങള്‍ ദു;ഖത്തിനു കാരണമാണ്‌.കരഞ്ഞുപറഞ്ഞിട്ടും വായിക്കാന്‍ പോയിട്ട്‌ ഒന്നു കാണാന്‍ പോലും അവളാ എഴുത്തുകള്‍ തന്നില്ല. ആ ഒരു വാശിക്കാണ്‌ ഇതെഴുതി തുടങ്ങിയത്‌ .ഈയുള്ളവന്റെ ഭാഗിനേയന്മാരോട്‌ അവിടുന്ന് സ്റ്റീല്‍ പാത്രങ്ങള്‍ കമഴ്ത്തിവെച്ച്‌ സിംബല്‍സ്‌ അടിക്കാന്‍ പറയണം. നമ്മുടെ കഥയുടെ പേര്‌

" ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍"
(അവര്‍ സിംബല്‍സ്‌ അടിക്കുക ഉണ്ടായോ തായേ)
അമ്മേ മുമ്പേ പറഞ്ഞ ആഗ്രഹങ്ങളെ ഗംഗാനദിയില്‍ മുക്കികൊല്ലാന്‍ ഇറങ്ങിത്തിരിച്ച ഈ യാത്രയില്‍ കയ്യില്‍ കരുതിയിരിക്കുന്ന പോസ്റ്റുകാര്‍ഡുകള്‍ തീരുന്നത്‌ വരെ ഈ കത്തുകള്‍ എഴുതികൊണ്ടിരിക്കും.മുഴുവനും തപാലില്‍ എത്തികഴിയുമ്പോള്‍ അവിടേയ്ക്ക്‌ കാപ്പി അനത്തുമ്പോള്‍ ഇവ പ്രകാശിപ്പിക്കാവുന്നതേയുള്ളു. പഴയ ഏഴാംക്ലാസുകാരിയായ അമ്മയുടെ സൗകര്യാര്‍ത്ഥം പഴയലിപിയിലാണ്‌ ഇവറ്റകളെ ഇട്ടു കാച്ചുന്നത്‌. തിമിരം വെള്ളെഴുത്ത്‌ തുടങ്ങിയ കൂട്ടുകാരുള്ള അമ്മയ്ക്ക്‌ ഇവറ്റകളെ വായിക്കുവാനുള്ള കണ്ണടയും ഇതിനോടൊപ്പം അയക്കുന്നുണ്ട്‌.വായിച്ചെല്ലാം കഴിയുമ്പോള്‍ മടക്കതപാലില്‍ തിരിച്ചയച്ചു തരുമല്ലൊ?

മമ്മീ, മഹാമായേ

തെലുഗുനാട്ടിലെ ചുട്ടുപഴുത്ത പകലില്‍കൂടെ തീവണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഹരിദ്വാറിന്‌ നേരിട്ട്‌ ശീട്ടെടുത്ത സ്വാമികള്‌ പറഞ്ഞു.
"ഹരിദ്വാരത്തെ പല സ്വാമിയാര്‍കളും തിരിച്ചും ഈ തീയില്‍ കൂടി യാത്ര ചെയ്യണമല്ലൊ എന്നുചിന്തിച്ച്‌ വൈരാഗികളായവരാണ്‌" ഭവതി രാത്രിയില്‍ ഒരു വാനനീരീക്ഷണം നടത്തി ഇളയപുത്രന്‍ സന്യാസിയാകാനുള്ള നക്ഷത്രങ്ങള്‍ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടൊ എന്നു നോക്കണം. ശേഷമെല്ലാം പിന്നീട്‌.

എന്ന് സ്നേഹാദരവുകളോടെ തൊണ്ണൂറ്റിമൂന്നാമാണ്ട്‌ ആഗസ്ത്‌ മാസം മുപ്പതാംതീയതി ഹരിദ്വാരത്തില്‍നിന്നും ഇളയ പുത്ര് ഉണ്ണികിഷന്‍.

എന്‍ ബി;- സന്യാസിയാകാനുള്ള യാത്രയില്‍ പണത്തിനാവശ്യം വരുമ്പോള്‍ അറിയിക്കാം ബ്രാഡ്മാന്‍ സംവേര്‍ ഇന്‍ ഇംഗ്ലണ്ട്‌ എന്ന മേല്‍ വിലാസത്തിലൊ പൊന്നുമോന്‍ ഉണ്ണിക്കുട്ടന്‍ സംവേര്‍ ഇന്‍ ഹിമാലയസാനു എന്ന മേല്‍ വിലാസത്തിലൊ മറുപടി മണി ഓര്‍ഡറായി അയച്ചാല്‍ മതി.

കര്‍മ്മണ്ണ്യേ വാധികാരസ്തേ
മാഫലേഷു കദാചന.

Thursday, January 7, 2010

കഥയില്ലായ്മ രണ്ടാം ഇന്‍സ്റ്റാള്‍മന്റ്‌

ഇസ്കൂളും കഴിഞ്ഞ്‌ കാളേജിന്റെ പടി ചവുട്ടിയ കാലത്താണ്‌ വായന ഇടത്തുനിന്ന് വലത്തോട്ട്‌ എന്ന രീതിയില്‍ പരന്നതായത്‌. അക്കാലം തന്നെയാണ്‌ ഏതോ ഒരു സിദ്ധാര്‍ത്ഥന്‍ ആല്‍ത്തറയിലിരുന്നാണ്‌ ബുദ്ധനായത്‌ എന്ന് കണ്ടുപിടിച്ചതും.. പിന്നെയങ്ങോട്ട്‌ സായാഹ്നങ്ങളില്‍ അമ്പലത്തിന്റെ ആല്‍ത്തറയില്‍ തന്നെയാക്കി ഇരിപ്പും കിടപ്പും .ചേക്കേറുന്ന പക്ഷികളുടെ കാഷ്ടത്തിനൊപ്പം ഇന്‍സ്റ്റാള്‍മന്റ്‌ സ്കീമിലെങ്കിലും അല്‍പം ബോധോദയം ഉണ്ടായാല്‍ അത്രയുമായല്ലൊ. പല രാത്രികളിലും ശങ്ക തീര്‍ക്കാന്‍ മുറ്റത്തിറങ്ങുമ്പോള്‍ ആകാശത്തില്‍ ഒരു ഇന്‍സ്റ്റന്റ്‌ ബുദ്ധനുള്ള സ്കോപ്പ്‌ തെളിഞ്ഞുകാണുകയും ചെയ്തിരുന്നു..ആല്‍ത്തറയില്‍ കുത്തിയിരിപ്പ്‌ പാതിരാകോഴി കൂവുന്നതുവരേയോ, നൈറ്റ്‌ പട്രോള്‍ ലാത്തി വെക്കുന്നതുവരേയോ ഏതാണാദ്യം എന്ന കണക്കിലായിരുന്നു. അങ്ങിനെയിരിക്കെ ഒരു സുന്ദരമായ സായാഹ്നത്തില്‍ ആല്‍ത്തറയില്‍ എന്നും വന്നിരുന്ന് കഞ്ചാവ്‌ വലിക്കുന്ന കുട്ടന്‍ പറഞ്ഞു.

" കേട്ടോ, ആശാനേ, മനുഷ്യജീവിതത്തില്‍ ദാരിദ്ര്യം രോഗം വാര്‍ദ്ധക്യം മരണം എന്നപോലെ തന്നെ നാലെണ്ണമാണ്‌ ഞാനീ പറയാന്‍ പോകുന്ന കാര്യവും ഞാനീ എന്നു പറഞ്ഞ സ്ഥലത്ത്‌ ജ്ഞാനി എന്നു പ്രയോഗിച്ചാലും എനിക്ക്‌ മുഷിയില്ല "
ഒന്ന് നിര്‍ത്തിയിട്ട്‌ കുട്ടന്‍ വീണ്ടും പറഞ്ഞു. " കേട്ടൊ ആശാനേ എന്തുതരം മനുഷ്യജന്മമാണെങ്കിലും ദുര്‍ഗുണങ്ങള്‍ നാലാ.

കള്ളുകുടി, പെണ്ണുപിടിയും പിന്നെ
ചീട്ടുകളിയും മോഷണോം
ദുര്‍ഗുണങ്ങള്‍ നാലുമിവര്‍
മനുഷ്യജന്മത്തില്‍ നിശ്ചയം"

" യുറേക്കാ" എന്നാര്‍ത്തുവിളിച്ചുകൊണ്ട്‌ ആല്‍ത്തറയില്‍നിന്ന് ചാടിയെഴുന്നേറ്റു. ദുര്‍ഗുണങ്ങളേക്കുറിച്ചുള്ള ബോധോദയം ഉണ്ടായപ്പോള്‍ പിന്നെ ഒട്ടും അമാന്തിച്ചില്ല. ലോക്കല്‍ എന്നറിയപ്പെടുന്ന ശാരദയുടെ വീട്ടില്‍ പോയി നാഴൂരി പാലുമേടിച്ച്‌ ഒറ്റവലിക്ക്‌ കുടിച്ചു. പണമെണ്ണികൊടുക്കുകയും ചെയ്തു.

അവിടുന്നങ്ങോട്ട്‌ ദുര്‍ഗുണങ്ങളിലായി ഗവേഷണം. ഇരിപ്പിലും നടപ്പിലും ഊ ണിലും ഉറക്കത്തില്‍ പോലും. കാലമേറെ ചെന്നപ്പൊള്‍ അമൃതും വിഷമായപ്പോള്‍ ഒരു പുതുവര്‍ഷ പുലരിയില്‍ ഇനി മേലില്‍ ദുര്‍ഗുണങ്ങളെ കൈകൊണ്ടുപോലും തൊടുകയില്ലെന്ന് ശപഥം ചെയ്ത്‌ അവറ്റകളെ ഭാണ്ഡത്തിലാക്കി നദിയിലൊഴുക്കി. പാപനാശിനിയില്‍ പോയി മുങ്ങിക്കുളിക്കുകയും ചെയ്തു.

പതിവുപോലെ സായാഹ്നത്തില്‍ ആല്‍ത്തറയില്‍ ചെന്നിരുന്നപ്പോള്‍ ഒരു ശൂന്യത പോലെ. കാര്യം ദുര്‍ഗുണങ്ങളായിരുന്നെങ്കിലും നല്ല കമ്പനികളായിരുന്നു..സമയം പോകുന്നത്‌ അറിയുകപോലുമില്ലായിരുന്നു..കഞ്ചാവുബീഡി വലിച്ചുകൊണ്ട്‌ കുട്ടന്‍ അടുത്ത്‌ വന്നിരുന്നപ്പോള്‍ കുട്ടനോട്‌ പറഞ്ഞു.

" കേട്ടോ, കുട്ടാ ദുര്‍ഗുണങ്ങളെല്ലം ആറ്റിലൊഴുക്കി. പക്ഷെ മനസ്സിനൊരു സുഖം തോന്നുന്നില്ല. അവറ്റകള്‍ ഉണ്ടായിരുന്നപ്പോള്‍ നല്ല ജോളിയായിരുന്നു. ഇക്കണക്കിനുപോയാല്‍ എനിക്ക്‌ ഭ്രാന്ത്‌ മുഴുവാകും."
ഒരു പുക കൂടെ എടുത്തിട്ട്‌ കുട്ടന്‍ പറഞ്ഞു. " കേട്ടോ, ആശാനേ അദ്വൈതവാദികളാണ്‌ ദുര്‍ഗുണസുഗുണങ്ങളില്‍ വിശ്വസിക്കാത്തത്‌. അവര്‍ക്ക്‌ ദുര്‍ഗുണവുമില്ല സുഗുണവുമില്ല. എന്തിനധികം പറയുന്നു. ഒരു ഗുണോമില്ല അവര്‍ക്ക്‌. പക്ഷെ നമ്മളേപോലുള്ള ദ്വൈതവാദികള്‍ക്ക്‌ ദുര്‍ഗുണന്മാരുണ്ടെങ്കിലെ സുഗുണന്മാരുണ്ടാകു. അതുകൊണ്ട്‌ മരുന്നിനെങ്കിലും ഒരു ദുര്‍ഗുണങ്ങള്‍ കൊണ്ടുനടക്കണം. ഷുഗറുകാര്‌ മുട്ടായി കൊണ്ടുനടക്കുന്നതുപോലെ"
" യുറേക്കാ" എന്നലറിവിളിച്ചുകൊണ്ട്‌ ചാടിയെഴുന്നേറ്റു. ദ്വൈതസിദ്ധാന്തത്തിനേക്കുറിച്ചുള്ള ബോധോദയം കിട്ടിയത്‌ കൊണ്ട്‌ ലോക്കല്‍ ശാരദയുടെ വീട്ടില്‍ പോയുമില്ല പാലുകുടിച്ചുമില്ല മറ്റു ദുര്‍ഗുണങ്ങളെല്ലാം നദിയിലൊഴുക്കിയിരുന്നല്ലൊ. ഇപ്പോള്‍ ഒരു ദുര്‍ഗുണങ്ങളേയുള്ളു.

കള്ളം പറയും.

കള്ളം പറയാം എന്ന് ഭഗവാന്‍ സാക്ഷാല്‍ ഉണ്ണിക്കൃഷ്ണന്‍ ( വാര്യരല്ല ) പറഞ്ഞിട്ടുമുണ്ട്‌. കാര്യമെന്തൊക്കെ പറഞ്ഞാലും ഇപ്പം മനസ്സിനൊരു സുഖമുണ്ടേയ്‌

Monday, January 4, 2010

കഥയില്ലായ്മധനുമാസത്തിലെ പൂര്‍ണ്ണചന്ദ്രനേയും നോക്കി ആല്‍ത്തറയില്‍, അവളുടെ മടിയില്‍ തലവെച്ചുകിടക്കുമ്പോള്‍ അവള്‍ പറഞ്ഞു.

" ഉണ്ണീ, ഈ കഥയില്‍ എനിക്ക്‌ ഡബിള്‍ റോളായിരുന്നെങ്കില്‍ ഉണ്ണിയുടെ കാല്‍ക്കല്‍ ആകാലുകളും എന്റെ മടിയില്‍ വെച്ച്‌ ഞാനിരുന്നേനെ

" പുരുഷന്‍ ഒന്നേയുള്ളു. പ്രകൃതിക്ക്‌ ഏത്‌ വേഷവും കെട്ടാം" ഒരു വേദാന്തിയേപോലെ അവളോട്‌ പറഞ്ഞു.

നിലാവില്‍ തിളങ്ങുന്ന അവളുടെ മുഖത്തങ്ങിനെ നോക്കികൊണ്ട്‌ കിടന്നപ്പോള്‍ കണ്ണെടുക്കാന്‍ തോന്നിയില്ല. അവളോട്‌ ചോദിച്ചു " പെണ്ണേ, ഉപമയുടെ ഉദാഹരണം നിനക്കറിയാമോ?"

" ഇല്ല"

" മണ്ടിപ്പെണ്ണേ, വിളങ്ങുന്നു
ചന്ദ്രനേപോല്‍ നിന്മുഖം

നിന്റെ മുഖത്തിങ്ങനെ നോക്കുമ്പോള്‍ പഴയ ഒരു ഹിന്ദിപാട്ടാണ്‌ ഓര്‍മ്മ വരുന്നത്‌


" തുഛെ, ദില്‍ കെ ആയിനേ മേ
മേനെ, ബാറു ബാറ്‌ ദേഖാ"

" ദില്‍ കൊ ദേഖോ
ചെഹരാ ന ദേഖോ

എന്നും ഒരു പാട്ടില്ലേ ഉണ്ണീ" അവള്‍ ചോദിച്ചു

ശ്രദ്ധ മുഴുവന്‍ അവളുടെ മുഖത്തായിരുന്നതുകൊണ്ട്‌ അവള്‍ പറഞ്ഞത്‌ ശരിക്ക്‌ കേട്ടില്ല

" എന്താ എവിടെ നോക്കണമ്ന്നാണ്‌ നീ പറഞ്ഞത്‌?"

" ക്ലൂവായി ഒരു ഉപകഥ പറയാം ഉണ്ണീ
ആകാശത്തില്‍ മഴമേഘങ്ങള്‍ കൂടുകൂട്ടി തുടങ്ങിയപ്പോള്‍ അവള്‍ അവനോട്‌ അടിവരയിട്ട്‌ പറഞ്ഞു.

പയോധരത്തിന്നുയര്‍ച്ച പര്‍ത്തിട്ടാ-
ധിയെങ്കില്‍ പുലരേ ഗമിക്കാം "

അവള്‍ തുടര്‍ന്ന് പറഞ്ഞു. " കഥയില്‍ പറഞ്ഞിരിക്കുന്നതിന്‌ അടുത്തുതന്നെയാണ്‌ ഉണ്ണീ, മനസ്സെന്ന ദില്‍"

" മനസ്സിലായി, ബ്രഹ്മസത്യം ജഗന്മിഥ്യ എന്ന പ്രസ്ഥാനമല്ലേ അവിടെത്തന്നെയാണ്‌ എന്റെ മനസ്സും പക്ഷെ എത്രനേരമാണ്‌ പെണ്ണേ അങ്ങോട്ടുതന്നെ നോക്കിയിരിക്കുന്നത്‌ നാട്ടുകാര്‍ കണ്ടാല്‍ എന്തുവിചാരിക്കും? " വിഷാദത്തോടെ അവളോട്‌ ചോദിച്ചു

" ഒന്നും വിചാരിക്കില്ലുണ്ണീ കോങ്കണ്ണുള്ളവര്‍ എങ്ങോട്ടാണ്‌ നോക്കുന്നതെന്ന് അവര്‍ക്ക്‌ മനസ്സിലാകില്ല" അവള്‍ ആശ്വസിപ്പിച്ചു