എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

പുറംവായനക്ക്‌...

Thursday, December 31, 2009

ഗൃഹാതുരത്വം എട്ടാംഭാഗംകണ്ണേട്ടന്റെ ചായക്കടയിലെ കാലിളകുന്ന ബഞ്ചിലിരുന്നു. ചീനചട്ടിയില്‍ എണ്ണ തിളയ്ക്കുന്നു. സൂര്യന്‍ പടിഞ്ഞാറു മറഞ്ഞുകഴിഞ്ഞിരുന്നു. അങ്ങു വടക്ക്‌ ചോപ്തയില്‍ മംഗള്‍ജിയുടെ ഹുക്കയ്ക്കു ചുറ്റും ആള്‍ക്കാര്‍ വട്ടമിട്ട്‌ ഇരുന്നിട്ടുണ്ടാകും. വെറുതെ ആലോചിച്ചുപോയി. എത്രകാലമായി ആ ചായക്കടയുടെ പടിയിറങ്ങി തുംഗനാഥന്റെ കമാനത്തിലെ മണിയും അടിച്ച്‌ തിരിച്ചുപോന്നിട്ട്‌.

ബഞ്ചിനടിയില്‍ നിന്ന് ബാഗെടുത്ത്‌ തോളിലിട്ടു ഗുപ്തകാശിയില്‍ നിന്ന് ഗോബേശ്വറിനുള്ള ഭൂക്കര്‍ത്താല്‍ ബസ്സ്‌ എട്ടരയ്ക്ക്‌ ചോപ്തയിലെത്തും. സീറ്റുപിടിക്കണം. മംഗള്‍സിംഗ്‌ അടുപ്പത്തിരുന്ന വാലുപാത്രത്തിലേക്ക്‌ പാലൊഴിച്ചു.

" മംഗള്‍ജി, എത്രയാണ്‌? വണ്ടി വരാന്‍ സമയമായി "

" ഞാന്‍ പറയില്ല, നിങ്ങള്‍ ഒന്നും തരണ്ട" പാത്രത്തില്‍ നിന്ന് കണ്ണെടുക്കാതെ മംഗള്‍സിംഗ്‌ പറഞ്ഞു.

" ഫ്രീയാണോ എങ്കില്‍ ഒരു സിഗര്‍റ്റുകൂടെ ഫ്രീയായി തരിക, വേഗം"

" നിങ്ങള്‍ പോണെന്നു ഞാന്‍ പറഞ്ഞില്ലല്ലൊ" തിളയ്ക്കുന്ന പാലിലേക്ക്‌ ഇന്‍സ്റ്റന്റ്‌ കാപ്പിപൊടി ഇട്ടിട്ട്‌ മംഗള്‍ജി തലപൊക്കി.

" ഫ്രീയായിട്ട്‌ സിഗര്‍റ്റുവേണം അല്ലെ?" അടുത്തിരുന്ന ബീഡികെട്ടില്‍നിന്ന് ഒരെണ്ണം എടുത്തുതന്നിട്ട്‌ തുടര്‍ന്നു.

" നാട്ടില്‍ചെന്ന് നല്ലപോലെ ചുമയ്ക്കാന്‍ ഈ ബീഡിയാണു നല്ലത്‌"

" എങ്കില്‍ ഒരു കൂട്‌ തന്നേക്കുക"

" നല്ല തല്ലുതരും ഞാന്‍" കയ്യിലിരുന്ന കുട മേടിച്ച്‌ അടിക്കാന്‍ ഓങ്ങിക്കൊണ്ട്‌ മംഗള്‍സിംഗ്‌ പറഞ്ഞു.അപ്പോള്‍ ആ കണ്ണുകളും ചിരിക്കുന്നുണ്ടായിരുന്നു

" ഉണ്ണീ, പോകണ്ടേ, എത്രയാണ്‌ കൊടുക്കണ്ടത്‌?" രഘു ചോദിച്ചു

" കൊടുക്കുമ്പോള്‍ കുറഞ്ഞെന്ന് തോന്നരുത്‌

രണ്ടുദിവസത്തെ താമസം, ആഹാരം എണ്ണമില്ലാത്ത ചായയും സിഗര്‍റ്റും. കുറഞ്ഞുപോയി എന്നു തോന്നാത്ത ഒരു തുക കയ്യില്‍ വെച്ചുകൊടുത്തപ്പോള്‍ എണ്ണുക പോലും ചെയ്യാതെ പെട്ടിയിലിട്ടു.

" അപ്പോള്‍ പുറപ്പെടാന്‍ തന്നെ തീരുമാനിച്ചു അല്ലെ?"

" പുറപ്പെടാതെ പറ്റില്ലല്ലൊ. ഇനി അടുത്ത തവണ"

" ഈ കിളവന്‌ എണ്‍പതുകഴിഞ്ഞു. അടുത്ത തവണ എന്താ ഉറപ്പ്‌?"

സ്റ്റീലുഗ്ലാസ്സില്‍ ആവിപറക്കുന്ന കാപ്പി നീട്ടിയിട്ട്‌ പറഞ്ഞു.


" ഇതിനു പണം തരരുത്‌" കണ്ണുകള്‍ അപ്പോളും തിളങ്ങുന്നുണ്ടായിരുന്നു. ഗ്ലാസ്‌ തിരിച്ചുകൊടുത്തപ്പോള്‍ ഒരു കാപ്സ്റ്റന്‍ എടുത്തുതന്നിട്ട്‌ പറഞ്ഞു. " ഇതും ഫ്രീ, ഫ്രീയായി ചുമയ്ക്കാം"

ഒരു ചെറിയ ആഗ്രഹം അടുത്തുനിന്ന ഷാജിയോട്‌ പറഞ്ഞു. " എടാ, ഈ കുട ഞാന്‍ മംഗള്‍ജിയ്ക്ക്‌ കൊടുക്കാന്‍ പോകുകയാണ്‌"

" കൊടുക്ക്‌"

" മംഗള്‍ജി, ഇതുകൊണ്ട്‌ എന്നെ അടിക്കാന്‍ ഓങ്ങിയതല്ലേ, ഇത്‌ മംഗള്‍ജിയ്ക്ക്‌ ഇരിക്കട്ടെ"

കുട കയ്യില്‍ പിടിച്ച്‌ ഒന്നും മിണ്ടാതെ മംഗള്‍ജി മുഖത്തേക്കു തന്നെ നോക്കി. കണ്ണുകളിലെ തിളക്കത്തിനുമപ്പുറം ആ മുഖത്ത്‌ സ്നേഹമോ, സന്തോഷമോ, വേര്‍പിരിയുന്നതിന്റെ വ്യസനമോ എന്തായിരുന്നു?

" വണ്ടിവന്നാലും സമയമുണ്ട്‌ സീറ്റ്‌ പിടിച്ചിട്ട്‌ വെളിയിലിറങ്ങി മറ്റു ചായക്കടകളില്‍ കേറരുത്‌ ഇങ്ങോട്ടുതന്നെ പോരണം കേറിയാല്‍ ഞാനറിയും"

ബീഡിയുടെ കെട്ടില്‍നിന്ന് ചോദിക്കാതെതന്നെ ഒരെണ്ണമെടുത്തു

" അപ്പോള്‍ അങ്ങിനെ"

"ശരി" മംഗള്‍സിംഗ്‌ വലതുകൈ ഉയര്‍ത്തി.

" മാഷുറക്കമാണോ?"

കണ്ണേട്ടന്റെ ചോദ്യം ചിന്തകളില്‍നിന്നുണര്‍ത്തി. " കുറച്ചുനേരമായി ഒന്നും പറഞ്ഞില്ല പിന്നെ ഞാന്‍ തന്നെ ഒരു കാപ്പി കൊണ്ടുവെയ്ക്കുകയായിരുന്നു"

" ഒന്നുമില്ല കണ്ണേട്ടാ, ഞാന്‍ അങ്ങ്‌ വടക്കുള്ള ഒരു ചായക്കട ഓര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു" ചിരിച്ചുകൊണ്ട്‌ കണ്ണേട്ടനോട്‌ പറഞ്ഞു.


" അതുകൊണ്ട്‌ ഓറേക്ക്‌ കാപ്പി ചീനി കം"

കണ്ണേട്ടന്‍ ചിരിച്ചുകൊണ്ട്‌ സമോവറിനടുത്തേക്ക്‌ പോയി

ധനുമാസത്തിലെ കുളിരും നിലാവും. ഒരു സിഗര്‍റ്റും കത്തിച്ച്‌ ആല്‍ത്തറയിലേക്ക്‌ നടന്നു.

" ക്ഷേത്രത്തില്‍ കണ്ടില്ലല്ലൊ? ചങ്ങാതി വന്നിരുന്നു" പെരുമാളിന്റെ ദീപാരാധന തൊഴുതിട്ട്‌ മടങ്ങുന്ന രാജേട്ടന്‍ ചോദിച്ചു.

" ഞാന്‍ ചോപ്ത വരെ പോയിരിക്കുകയായിരുന്നു." ഓര്‍ക്കാതെ പറഞ്ഞുപോയി.മറുപടി രാജേട്ടന്‍ കടന്നുപോകുന്നതിനിടയില്‍ ശരിക്കും കേട്ടില്ലെന്ന് തോന്നുന്നു

" ഓ എന്നിട്ട്‌ തിരിച്ച്‌ ബസ്സുകിട്ടാന്‍ വൈകിയോ?" രാജേട്ടന്‍ കടയിലേക്ക്‌ നടന്നു

ആല്‍ത്തറയില്‍ ചെന്നിരുന്നു

" സാര്‍ ഇവിടെ ഇരിക്കുകയായിരുന്നൊ?" ദീപാരാധന തൊഴുത്തിട്ട്‌ അടുത്തേക്ക്‌ വന്ന് മധു ചോദിച്ചു ഇലക്കീറില്‍നിന്ന് പ്രസാദമെടുത്ത്‌ തൊടുന്നതിനിടയില്‍ അവനോട്‌ ചോദിച്ചു

" നീ അച്ഛന്റെ പേരില്‍ ഏക്ക്‌ ലിറ്റര്‍ പാല്‍പായസ്‌ ബിനാ ശക്കറിന്‌ ശീട്ടാക്കിയോ?"


" ഉവ്വ്‌ സാര്‍, ഒരു സിഗര്‍ട്‌ എനിക്കൂടെ "

" പ്യൂണ്‍സ്‌ സിഗര്‍ട്‌ കണ്ണേട്ടന്റെ കടയില്‍ മിലേഗ"


" ശരി സാര്‍" മധു കണ്ണേട്ടന്റെ കടയിലേക്ക്‌ നടന്നു


പരന്നൊഴുകുന്ന നിലാവ്‌ ആലിലകളിലെ കാറ്റില്‍കൂടി തണുപ്പ്‌ അരിച്ചിറങ്ങുന്നു.


തണുപ്പ്‌

ഇട്ടിരിക്കുന്ന കമ്പിളി വസ്ത്രങ്ങളെ കൂസാതെ തണുപ്പ്‌ അരിച്ചുകയറുന്നു. വലിച്ചുകൊണ്ടിരുന്ന സിഗര്‍റ്റിന്റെ കുറ്റി കല്ലുപാകിയ പാതയിലേക്ക്‌ വലിച്ചെറിഞ്ഞു.ബാഗില്‍നിന്ന് കടലാസും പേനയുമെടുത്തു. തൂണില്‍ ചാരിയിരുന്നു.


ബ്ലൈയ്സിനെഴുതി


ബ്ലൈസ്‌,


ഇത്‌ ചോപ്ത മംഗള്‍സിംഗിന്റെ ചായക്കട. മംഗള്‍സിംഗ്‌ കനലില്‍ റൊട്ടി ചുട്ടുകൊണ്ടിരിക്കുന്നു .ചൂടും സ്വാദുമുള്ള ഉരുളക്കിഴങ്ങുകറി കൂട്ടി എത്ര റൊട്ടി തിന്നു എന്നറിയില്ല. കുതിരകള്‍ക്ക്‌ പുല്ലും വെള്ളവും കൊടുത്തിട്ട്‌ കുതിരക്കാര്‍ മംഗള്‍സിങ്ങിന്റെ അടുപ്പിനടുത്ത്‌ വന്നിരുന്നു. കയ്യില്‍ റേഡിയോയുമായി ഒരു അയല്‍ക്കാരന്‍ വന്നുകയറി. മൂക്കറ്റം കഴിച്ച റൊട്ടിക്കുമുകളില്‍ ഒരു സിഗര്‍റ്റും കത്തിച്ച്‌ തൂണില്‍ ചാരിയിരുന്നു. പുക പുറത്തെ തണുപ്പിലേക്കും നിലാവിലേക്കും ഊതിവിട്ടുകൊണ്ട്‌ നിലാവില്‍ അകലെ വൃക്ഷങ്ങള്‍ മൃഗങ്ങളുടെ രൂപം ധരിച്ചുനില്‍ക്കുന്നു. മംഗള്‍സിംഗ്‌ ഹുക്കയെടുത്ത്‌ നടുക്കുവെച്ചു. ചുറ്റിലുമിരുന്നവരുടെ കണ്ണുകളില്‍ തിളക്കം അതിലും തിളക്കമുള്ള ഒരു കനല്‍കഷ്ണം മംഗള്‍സിംഗ്‌ ചവണ കൊണ്ടെടുത്തു' റേഡിയോയില്‍ മുഹമ്മദ്‌ റാഫി പാടുന്നു.


" ഓ ദുനിയാ കേ രഖുവാലേ"

ഹുക്കയുടെ പൈപ്‌ കൈമറിഞ്ഞ്‌ പോയികൊണ്ടിരുന്നപ്പോള്‍ റേഡിയോയില്‍കൂടി മുകേഷ്‌ ചോദിച്ചു


" " ജാനേ കഹാംഗയേ വൊ ദില്‍"


റേഡിയൊ ഓഫാക്കിയപ്പൊള്‍ രഘു എഴുന്നേറ്റ്‌ ബാഗില്‍നിന്ന് നോട്ടുബുക്കെടുത്തു

"ഇതെന്താണ്‌ രഘൂബാബൂ?" മംഗള്‍സിംഗ്‌ ചോദിച്ചു

" ഞങ്ങളുടെ നാട്ടിലുള്ള പഴയ പാട്ടുകളാണ്‌"

" കേള്‍ക്കട്ടെ, കേള്‍ക്കട്ടെ"


ചോപ്തയിലെ രാത്രിയിലേക്ക്‌, രാത്രിയുടെ നിശബ്ദതയിലേക്കും രഘുവിന്റെ ശബ്ദമുയര്‍ന്നു

"ആലായാല്‍ തറവേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്‍ന്നൊരു
കുളവും വേണം"

ഹുക്ക വലിക്കുന്നവര്‍ തുടയില്‍ താളമിട്ടു തുടങ്ങിയിരുന്നു

" യുദ്ധതിങ്കല്‍ രാമന്‍ നല്ലൂ
കുലത്തിങ്കല്‍ സീത നല്ലൂ"

മംഗള്‍സിംഗ്‌ റാന്തലിന്റെ തിരി ഒന്നുകൂടെ ഉയര്‍ത്തി


" മങ്ങാതിരിപ്പാന്‍
നിലവിളക്കൂനല്ലൂ"


അത്‌ രഘു മംഗള്‍സിംഗിനോട്‌ പറയുന്നതായാണ്‌ തോന്നിയത്‌. പാട്ടുതീര്‍ന്നപ്പോള്‍ ഹുക്ക മാറ്റിവെച്ചിട്ട്‌ മംഗള്‍സിംഗ്‌ പറഞ്ഞു

" ഒരു പാട്ടൂടെ"

രഘു വീണ്ടും പേജുകള്‍ മറിച്ചു

" ശ്രീഗണപതിയുടെ തിരുനാമക്കുറി
തുയിലുണര്‌ തുയിലുണര്‌"


പിന്നെ അടുപ്പിനകത്ത്‌ കനല്‍കട്ടകള്‍ കണ്ണുകളടച്ചപ്പോള്‍ മംഗള്‍സിംഗ്‌ പറഞ്ഞു

" ഇനി ഉറങ്ങാന്‍ കിടന്നോളൂ. ശ്രീ ഗണപതിയുടെ അച്ഛന്റെയും അമ്മയുടേയും നാട്ടില്‍ വന്നിട്ട്‌ കൂടുതല്‍ തണുപ്പടിക്കണ്ട അകത്ത്‌ കിടക്കയും രജായിയും വെച്ചിട്ടുണ്ട്‌"

" ആല്‍ത്തറയിലിരുന്ന് കൂടുതല്‍ തണുപ്പുകൊള്ളണ്ട, ബംഗ്ലാവിന്റെ മുറിയില്‍ പുല്‍പായും തലയിണയും ഇട്ടിട്ടുണ്ട്‌"

രാജേട്ടന്‍ അടുത്തുവന്നു പറഞ്ഞു

ആല്‍ത്തറയിലെ താണുപ്പില്‍ നിന്ന് മുറിക്കകത്തുകയറി പുല്‍പാ നിവര്‍ത്തിയിടുമ്പോള്‍ ആലോചിച്ചു എങ്ങിനെയാണ്‌ ബ്ലൈസിനുള്ള എഴുത്ത്‌ അവസാനിപ്പിച്ചത്‌

" ബ്ലൈസ്‌

തണുപ്പ്‌. രജായിയുടെ ചൂട്‌ ശരീരത്തിലേക്കിറങ്ങി വരുന്നു. പക്ഷെ രജായിക്കു ജീവനില്ലല്ലോ"

പുല്‍പായില്‍ മൂടിപ്പുതച്ചുകിടന്നു