എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

പുറംവായനക്ക്‌...

Wednesday, January 20, 2016

മധുരമീനാക്ഷി


     കാച്ചാംകുറിശ്ശി ,  നേർത്ത കാറ്റിൽ ഇളകുന്ന ആലിലകൾക്കിടയിലൂടെ തിരുവാതിരരാവിലെ ചന്ദ്രൻ നിലാവ് കൊണ്ട് അവളെ തഴുകികൊണ്ടിരുന്നപ്പോൾ മുഖം മെല്ലെയുയർത്തി അവൾ പറഞ്ഞു

 '' ഉണ്ണീ ഇന്ന് ധനുമാസത്തിലെ തിരുവാതിരയാണ് ,മീനാക്ഷി ഉണ്ണിയുടെ അടുത്ത് വന്നില്ലെങ്കിൽ ഉണ്ണി മീനാക്ഷിയുടെ അടുത്ത് ചെല്ലണം

    അപ്പോൾ അവളുടെ മുടിയിൽ കയ്യോടിച്ചുകൊണ്ട് പറഞ്ഞു  '' നീയാണെന്റെ മീനാക്ഷി "  അപ്പോൾ മധുരയോ? ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു '' എന്റെ മനസ്സ്‌ "   മുടിയിൽനിന്ന് കയ്യെടുക്കാതെ പറഞ്ഞു

   ആലിലയിൽ ഒളിച്ചിരുന്ന ഒരു മഞ്ഞിൻ കണം അടർന്ന് താഴോട്ടുവീണ് അവളുടെ മേനിയിൽ പതിച്ചു 

 

   

Tuesday, December 31, 2013

വരുമോരോ വർഷം വന്നപോലെ പോം        വരാനുള്ള വർഷമൊന്നും വഴിയിൽ തങ്ങില്ല. ശകൻ, കൊല്ലൻ, ഗ്രിഗൊറി പിന്നെ പേരറിയാത്ത എത്രയോ പേരുകളിലുള്ള വർഷങ്ങൾ. എന്തൊക്കെ കോലാഹലത്തോടെയാൺ` ഇവറ്റകൾ വന്നുകൊണ്ടിരുന്നത്` ഇതുപോലൊരു കൊല്ലം ഇതുവരെ ഉണ്ടായിട്ടില്ല ഇനിയൊട്ട്` ഉണ്ടാകാനും പോകുന്നില്ല. ഇനി ഇതുപോലൊന്ന്` കാണണം എന്നുണ്ടെങ്കിൽ ഏഴെട്ടുജന്മം കഴിയണം .എന്നൊക്കെ കൊട്ടിയും ഘോഷിച്ചുമാണ്‌ വരവ്. പോകുന്നതിന്‌ പലപ്പോഴും സാക്ഷികളുപോലും കാണില്ല. വരുമോരോ കൊയ്‌ലോൺ വന്നപോലെ പോം. അത്രയേ ഉള്ളൂ. . ആറുദിവസം കഴിഞ്ഞുള്ള ഏഴാം ദിവസം ഒന്നും ചെയ്യാതെ മടിയനായി ചാരുകസേരയിൽ കിടന്ന്` വീശുപാളകൊണ്ട് വീശികൊണ്ടിരുന്നപ്പോൾ മൂപ്പര്‌ ഏഴുദിവസം കൂടുമ്പോൾ ഒരു ആഴ്ച നാലാഴ്ച ഒരു മാസം പന്ത്രണ്ട് മാസം ഒരു വർഷം ഒരു വർഷം കഴിഞ്ഞാൽ അടുത്തത്‌. എന്ന്‌ ചിന്തിച്ചിരുന്നൊ എന്നെനിക്കറിയില്ല. ആരാണ്‌ മൂപ്പർക്ക് വേണ്ടി അനന്തമായ കാലത്തിനെ ചെറിയ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചതെന്നും അറിയില്ല. അങ്ങിനെ മുറിച്ചതിൽ ഒന്നിന്‌ 2014 എന്ന്‌ പേരുമിട്ട് . ഒരു ചെറിയ ഇലക്കുമ്പിളിൽ കിട്ടുമ്പോൾ വിളമ്പുന്നവനും അറിയാം എന്ന് ഉണ്ണുന്നവൻ അറിയണം. അതുകൊണ്ട്‌ നേരാംവണ്ണം ഉപയോഗിച്ചാൽ അവരവർക്ക്‌ കൊള്ളാം എന്നേ എനിക്ക്‌ പറയാനുള്ളൂ. ഇത് മരിച്ചവർക്കും ജനിച്ചിട്ടില്ലാത്തവർക്കും ബാധകമല്ലതാനും

Sunday, June 23, 2013

അപേക്ഷ      ഉത്തർഖണ്ഡിലെ ദുരന്തബാധിതരെ സഹായിക്കാൻ ഒരുമിക്കുക Sunday, June 9, 2013

കിഡ്നി ഫൌണ്ടേഷൻ ഒരു കഥ      രാവിലെ ചാരുകസേരയിൽ കിടന്ന്  കട്ടങ്കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ . നിലത്ത് പത്രത്തിൽ കമിഴ്ന്നുകിടന്നിരുന്ന മകൻ തലപൊക്കാതെ ചോദിച്ചു .
     
   " ഡാഡ് , ഈ കിഡ്നി ഫൌണ്ടേഷൻ എന്ന് പറഞ്ഞാ എന്താ ?

      " ഈ ടോയിലെറ്റ് എന്ന് കേട്ടിട്ടുണ്ട് ഈ കിഡ്നി എന്താണെന്ന് അറിയില്ല "

        അവന്റെ ചോദ്യം കട്ടങ്കാപ്പിയുടെ സുഖം കളഞ്ഞിരുന്നു 

         "വിവരമില്ല അല്ലെ ? തല ഉയർത്തി അവൻ ചോദിച്ചു 

       പെരുന്തച്ചൻ  കോമ്പ്ലെക്സ് കണ്ടമാനം വന്ന് കുത്താതിരിക്കാൻ അവനോട് പറഞ്ഞു ." ഫൌണ്ടേഷൻ .അടിത്തറ കിഡ്നി കിഡ്നി തന്നെ  വൃക്ക എന്നും പറയും " 

     " ഡിക്ഷ്ണറി ആണേൽ അലമാരിയിൽ കാണും ". അവൻ വീണ്ടും പത്രത്തിൽ കമിഴ്ന്നുകിടന്നിരുന്നു 

      അവനെ അങ്ങിനെ വിട്ടാൽ പറ്റില്ല എന്ന് തോന്നിയപ്പോൾ ചാരുകസേരയിൽ നിവർന്നിരുന്ന്  അവനോട് പറഞ്ഞു . " മകനെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പേരന്റ്സ് രണ്ടു കിഡ്നി വീതം ഉള്ളതിൽ ഒന്ന് മാറ്റി വെക്കുന്നതാണ് കിഡ്നി ഫൌണ്ടേഷൻ " .

      അടുക്കളയിൽ പോയി ഒരു കാപ്പി കൂടി എടുത്തുകൊണ്ട് വന്നു . മകൻ തല ഉയർത്തി ഇരിക്കുകയായിരുന്നു  
" അപ്പൊ എനിക്ക് വിദ്യാഭ്യാസം ഉറപ്പായി അല്ലെ   മറ്റ്  ആവശ്യങ്ങൾക്കൊന്നും എടുത്തിട്ടില്ലല്ലോ ?

  പ്രാഥമിക വിളികളും ചടങ്ങുകളും എല്ലാം കഴിഞ്ഞ്  ഓഫീസിൽ പോകാൻ സ്കൂട്ടർ ചെരിച്ചുവെച്ച ശേഷം നിവർത്തിവെച്ചിട്ട് ചവിട്ടുമ്പോൾ അവൻ തല ചൊറിഞ്ഞുകൊണ്ട് അടുത്ത് വന്നു 

   " ഡാഡ്  അപ്പൊ ഉന്നതവിദ്യാഭ്യാസത്തിനോ ? 

           ' ഉന്നത വിദ്യാഭ്യാസമോ പൊക്കോണം മുന്നീന്ന് .അതൊക്കെ സ്വന്തം കിഡ്നീ നിന്നോണ്ട്‌ "

  അടുത്ത കിക്കിനു സ്കൂട്ടർ  സ്റ്റാർട്ടായി 

Friday, August 31, 2012

യുക്തിക്കൃഷ്ണം
           

       നാട്ടുനടപ്പ് എന്നാണ്‌ പറയുന്നത്. സമൂഹത്തിന്റെ ചിട്ടകളെ. മനുഷ്യൻ സമൂഹജീവിയാണ്‌ എന്നും പറഞ്ഞ്‌ ചിറകുവിരിച്ച് നില്ക്കുമ്പോൾ ചിറകിനടിയിൽ അഭയം തേടുന്നവർ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്നു ചിന്തിക്കാറില്ല. അവരാണുതാനും ഭൂരിപക്ഷം. എല്ലാക്കാലത്തും ഉണ്ടായിരുന്നു നാട്ടുവഴിക്കപ്പുറമുള്ള വഴികളിലൂടെ അതുമല്ലെങ്കിൽ ചിട്ടകളുടെ വരികൾക്കിടയിലൂടെ യാത്ര ചെയ്തവർ. വിരലിലെണ്ണാവുന്നവർ. ചിലരെ സമൂഹം കല്ലെറിഞ്ഞുകൊന്നു. ചിലരുടെ മുന്നിൽ മേനകയുടെ വേഷം കെട്ടി. പാചകവിധികളും ചപ്പുചവറുകളും പതിപ്പുകൾ ആവർത്തിക്കുമ്പോൾ തോമസ് പീറ്ററുടെ പുസ്തകം പേരിൽ കാമമുണ്ടെങ്കിൽ കൂടി എത്ര പതിപ്പുകളായി എന്ന് ചിന്തിക്കുമ്പോൾ അറിയാം നാട്ടുനടപ്പ് എങ്ങിനെയെന്ന്‌. 

             യുക്തിയും ധർമ്മവും വ്യക്തിപരമായതുകൊണ്ട്‌ ഒരു പരിധി വരെ സമൂഹം പൂച്ചയേപോലെ പാലുകുടിച്ചുകൊണ്ടിരുന്നോളും.കുടിക്കാൻ പാലുകൊടുക്കണം എന്നേയുള്ളു. യുക്തിയും ധർമ്മവും മറ്റൊരാളുടെ മൂക്ക് തുടങ്ങുന്നിടത്ത് അവസാനിക്കുന്നു എന്ന് ഓർമ്മപ്പെടുത്താൻ പക്ഷെ സമൂഹം വേണം താനും. ചിട്ടകളുടെ ചിലന്തിവലയും വലിയ പ്രാണികളാണെങ്കിൽ പൊട്ടിച്ചുപോകാം. സ്വാർഥതാല്പര്യങ്ങൾക്കനുസരിച്ച് ഞാൻ എന്റെ എന്നൊക്കെ പറയാം. എന്റെ എന്നുപറയുന്നിടത്ത് സമൂഹം തുടങ്ങും. 

                        വനിതാമസികകളിലെ പരസ്യങ്ങൾ കണ്ടാൽ ദൈവം പെണ്ണിനെ സൃഷ്ടിച്ചത്‌ അണ്ടർ ഗാർമെന്റോടുകൂദിയാണെന്നേ ( അടിവസ്ത്രം എന്നാണ്‌ പഴയ പ്രയോഗം ) ഈ തോന്നലിൽനിന്നാണ്‌ പെർവേർഷൻ ഉണ്ടാകുന്നത്‌. ഈ പെർവേർഷൻ ഉള്ളതുകൊണ്ടാണ്‌ അടിവസ്ത്രപരസ്യങ്ങൾ താളുകൾ നിറയുന്നതും.

                  യുക്തിക്കും ധർമ്മത്തിനും ഉപരിയായി കാമപൂർത്തീകരണത്തിന്‌ മറ്റൊരാൾ കൂടെ വേണമല്ലൊ. അനുഭവിക്കുക എന്നേ സമൂഹം പറയു.അനുഭവിക്കുന്നതിൽ ഒരു ബലപ്രയോഗത്തിന്റെ ചുവയുണ്ട്. അവിടെ സമൂഹത്തിന്‌ നിയന്ത്രണമേർപ്പെടുത്താനും കഴിയും. സംഗീതം ആസ്വദിക്കുന്നതുപോലെ അതുമല്ലെങ്കിൽ ഈ ഒരു പരിപാടി ആസ്വദിക്കാൻ പറയാത്തതെന്തുകൊണ്ടാണ്‌

     പണ്ടൊരാൾ ചായകുടിക്കുന്നതുപോലെ എന്നുപറഞ്ഞപ്പോൾ എന്തായിരുന്നു പുകില്‌. ഈ ഒരു ആസ്വാദനം ചായകുടിക്കുന്നതുപോലെതന്നെ മറ്റൊരു പ്രക്രിയ മാത്രമാണ്‌ എന്ന്‌ മനസ്സിലാക്കിയിരുന്നെങ്കിൽ മാധ്യമങ്ങൾ ആഘോഷിക്കുന്നതുപോലെ ഇത്രയധികം ചായകുടികൾ ഉണ്ടാകുമായിരുന്നൊ ? ടേംസ് ആന്റ് കണ്ടീഷൻസ് അനുസരിച്ചുള്ള ക്രയവിക്രയമാണല്ലൊ സമൂഹത്തിന്‌ വേണ്ടത്. 

 
      മദർ തെരേസയും ഡയാനാരാജകുമാരിയും ഒരേ സമയത്താണ്‌ രംഗത്തുനിന്ന്‌ മറഞ്ഞത്‌. ഓളിച്ചോട്ടത്തിനിടയിൽ മരിച്ച ഡയാനയേയും മാധ്യമങ്ങൾ മദർ തെരേസയോടൊപ്പം വാഴ്ത്തി. ഒരു സാധാരണക്കാരി ഒളിച്ചോടിയാലൊ?

          ഏട്ടിലെ പശു എത്ര കെട്ട് പുല്ലുതിന്നും എന്നു ചോദിച്ചാൽ പുല്ലല്ല വയ്ക്കോലാണ്‌ പതിവ്‌ എന്നാണുത്തരം 
 
  
 

Wednesday, August 29, 2012

ഉദ്ധരിക്കാവുന്നവ
      1) സാംക്രമീകരോഗങ്ങളേക്കാൾ വേഗത്തിലാണ്‌ സാംസ്കാരികരോഗങ്ങൾ പടരുന്നത്‌ 

        2) ന്യൂനപക്ഷകോരന്മാരേപോലെതന്നെയാണ്‌ മൃഗീയഭൂരിപക്ഷകോരന്മാരും. ഓൾഡ് റൈസ് പോറിഡ്ജ് കുമ്പിളിൽ തന്നെയാണ്‌ മോന്തുക പതിവ്‌ 

Monday, August 27, 2012

കാണം വിക്കേണ്ടിവരുന്നവന്റെ ഓണചിന്തകൾ        ഓണം . ഹാ എത്ര മനോഹരമായ പദം എന്നാണ്‌ പണ്ടൊരു സാഹിത്യകാരൻ പറഞ്ഞ്‌ രേഖയിലാക്കിയിരിക്കുന്നത്‌ .ചരിത്രാതീത കാലം മുതല്ക്കുതന്നെ ഇപ്പറഞ്ഞ മനോഹരമായ പദം ലോക മലയാലികളുടെ ദേശീയ ഉത്സവമായിരുന്നു എന്നും വിൽ ഡ്യൂറന്റ് വിൻസന്റ് എ സ്മിത്ത് തുടങ്ങിയ ചരിത്രകാരന്മാരും പറഞ്ഞുവെച്ചിട്ടുണ്ട്. മാവേലി എന്നൊരു തമ്പ്രാന്റെ ഓർമ്മദിവസമാണ്‌ ഓണം എന്നും അങ്ങോരുടെ ഭരണകാലത്ത്‌ സമ്പത്തും സമൃദ്ദിയും ഓരോ കാർഡുടമകൾക്കും ന്യായവിലഷാപ്പുകൾ വഴി വെറുതെ കിട്ടിയിരുന്നു എന്നും അവർ പറഞ്ഞിട്ടുണ്ട്. എന്നാൽ മാർക്സിസ്റ്റ് ചരിത്രകാരന്മാർ മാവേലിയേ ഒരൂ നാടുവാഴി ദുഷ്പ്രഭു ആയിട്ടാണ്‌ വരച്ചുകാണിക്കുന്നത്‌. മാവേലി സ്റ്റോർസ് എന്നൊരു വ്യാപാര ശൃംഘലയുടെ സ്ഥാപകനാണ്‌ ഈ പെറ്റിട്ട ബൂർഷ്വാ എന്നുമാണ്‌ അവരൂടെ മതം.ഇൻഡ്യൻ കോഫീ ഹൗസുകൾക്ക് ഏകേജീ പോലെയാണത്രെ മാവേലി സ്റ്റോറുകൾക്ക് മാവേലി എന്നും പറയുന്നവരുണ്ട് ഓണമല്ലേ സഖാക്കളേ എന്നുരയ്ക്കുന്നവരുടെ ചരിത്രത്താളുകളിൽ ഈ ദ്വയക്ഷരി വെറും ഒരു കാർഷിക വിളവെടുപ്പ് കാപട്യമായിരുന്നത്രെ ആൾക്കാർക്ക് ഇന്നതേ പറയാവൂ എന്നില്ലല്ലോ. ചില പഴമക്കാർ പറയുന്നത്‌ ആയിരം കുടങ്ങളുടെ വാ മൂടിക്കെട്ടാം ഒരു ചരിത്രകാരന്റെ വാ മൂടിക്കെട്ടണമെങ്കിൽ അവനും ചരിത്രമാകണമെന്നുമാണ്‌.


         ലഭ്യമായ ചില പ്രാചീന ശിരോലിഖിതങ്ങൾ അനുസരിച്ച് ചരിത്രം പുറകോട്ടാണ്‌ വെച്ചടിവെച്ചടി പോകുന്നത്‌.കൃസ്തുവിനും കൃഷ്ണനുമൊക്കെ മുന്നെ ( പുറം നാട്ടുകാരുടെ കാലഗണനയിൽ ബീ സി . ബീഫോർ ക്രൈസ്റ്റ് അഥവ ബീഫോർ കൃഷ്ണ. ) ഒരു പരശ്‌ റാം കടൽ നികത്തി എടുത്ത ഒരു തുണ്ടു ഭൂമിയുടെ തമ്പ്രാനായിരുന്നു പരശ് റാമിനും ടി റാം മഴു എറിയുന്നതിനും ഒക്കെ മുന്നെ ജീവിച്ചിരുന്ന മാവേലിത്തമ്പ്രാക്കൾ .എന്തായിരുന്നു പുള്ളിയുടെ പവ്വറും പത്രാസും ഭരണമോ .അതു പറയണ്ട കാര്യമില്ല. സ്വർഗമല്ലായിരുന്നൊ സ്വർഗം. അക്കാലത്തേ ഒരു നിശബ്ദചിത്രത്തിലെ ഗാനം ഈ ചരിത്രമെല്ലാം പാടുന്നുണ്ട്‌ 


                           “മാവേലി നാടുവാണീടുംകാലം
                            മാനുഷരെല്ലാരും ഒന്നുപോലെ

             എന്നൊക്കെയുള്ള ആ ഗാനം ഇക്കാലത്തും ഹിറ്റ് ചാർട്ടിൽ മുകളിൽ തന്നെയുണ്ട്‌. ഒന്ന്‌ എന്ന അക്കത്തിനു തുല്ല്യരായി നിവർന്ന് ശിരസ്സ് ഉയർത്തിയാണ്‌ അഭിമാനികൾ നടന്നിരുന്നത്‌. പക്ഷികളും മൃഗങ്ങളും മാത്രമായിരുന്നു. ഈ അക്കത്തിന്‌ ഒരൂ ആക്ഷേപം. 

       അത്ഭുതമെന്നുപറയട്ടെ ഋഷിനാഗകുളം എന്ന പുരാതന നഗരത്തിന്റെ പ്രാന്തപ്രദേശത്തുനിന്നുള്ള ഒരാൾ ഈ തമ്പ്രാനെ ചേറിൽ ചവുട്ടിത്താഴ്ത്തിയ കഥ പ്ളേ സ്കൂളുകളിലും കിൻഡർഗാർട്ട്നിലും കുപ്പിപാല്‌ കുടിച്ച് കിടന്നുറങ്ങുന്ന കുഞ്ഞുകുട്ടികൾക്കുപോലും അറിയാം. പിന്നെയല്ലെ പരാധീനക്കാരായ അർത്ഥാപത്തികൾക്ക്. സ്ളോമോഷനിലാണ്‌ ചേറിൽ താഴ്ന്നുപോയതത്രെ. മുങ്ങിചാകുന്നതിനുമുമ്പ് ഒരു നെല്ലിടനേരം കൊണ്ട് എഴുതി തയാറാക്കിയ വില്പത്രമനുസരിച്ചാണത്രെ ഓർമ്മദിവസം ആഘോഷമായി കൊണ്ടാടുന്നതത്രെ. തിരുവോണ നക്ഷത്രജാത മാവേലിനാമ ദേവദാസ് പ്രേത് എന്നൊക്കെ മന്ത്രംചൊല്ലിയാണത്രെ ബലിയുടെ ബലി തയാറാക്കുന്നതും .ചത്തത് മാവേലിയെങ്കിൽ കൊന്നത് വാമനൻ തന്നെ എന്നൊരു സീബീയൈ റിപ്പോർട്ട് പില്ക്കാലത്ത് വെളിച്ചവും കണ്ടു. ആരേം കുറ്റം പറഞ്ഞിട്ടുകാര്യമില്ല.വിധി പിരമ്മാവിനുപോലും തടുക്കാ​‍ാൻ പറ്റില്ലല്ലൊ. വരാനുള്ള വാമനൻ വഴിയിൽ തങ്ങാതെ കിണ്ടിയുടെ വാൽ വഴിയാണേലും എത്തിചേരും. പറയുമ്പോൾ എല്ലാം പറയണമല്ലൊ ഒരുകണക്കിന്‌ അതും നന്നായി. മാവേലി അന്നു മരിച്ചില്ലായിരുന്നെങ്കിൽ പിന്നെ എപ്പോഴെങ്കിലും മരിച്ചേനെ. കള്ളനേയും പിടിച്ചുപറിക്കാരനേയും ഒക്കെ പൂവിട്ടുപൂജിക്കുന്ന കാലമല്ലെ. കൊലപാതകിയ്ക്ക് ഒരമ്പലം ഉണ്ടയതിൽ ഒരദ്ഭുതവും വേണ്ട. കലികാലം കലികാലം എന്നും പറഞ്ഞ് തലയ്ക്കടിച്ച് പറഞ്ഞോണ്ടിരിക്കാം 

            അല്ല അപ്പൊ നമ്മൾ പറഞ്ഞുവന്നത്‌ എന്തുവായിരുന്നു. ആ അതെ ഓണം