എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Sunday, August 17, 2008

പുതുവല്‍സരയോഗക്ഷേമം

ഇന്ന്, ചന്ദ്രഗ്രഹണം . കഴിഞ്ഞദിവസം സൂര്യനേ വിഴുങ്ങിയതേയുള്ളു. എന്താ വിശപ്പ്‌. വയറ്റിലെന്താ കോഴീം കുഞ്ഞുമാണോ ? കലികാലം എന്നല്ലാതെ എന്താപറയ്ക . എല്ലായിടവും ചിങ്ങം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്‌ . ഇന്നലേതന്നേ എല്ലവരും ആദ്ധ്യാത്മികഗ്രന്ഥം മടക്കി തട്ടിന്‍പുറത്തേക്കിട്ടു. ഇനിയങ്ങോട്ട്‌ പതിനൊന്നുമാസത്തേക്ക്‌ രാവണനാണ്‌ ദൈവം.
ഇതുവരെ ആടിക്കിഴിവായിരുന്നെങ്കില്‍ ഇനി ഓണക്കിഴിവാണ്‌. എല്ലാ കിഴിവും കിഴിക്കുമ്പോള്‍, ശരാശരി മലയാളി മാവേലിനാട്ടിലേപോലെയാകും. ക്ഷീണിച്ചും വിഷമിച്ചും ഒന്ന് എന്ന അക്കം പോലെ. യോഗവും ക്ഷേമവും വ്യാം, വ്യാം എന്ന് ചൂയിങ്ഗം പോലെയാകും. മനസിനു വിഷമം വരുമ്പോള്‍ പോയിരണ്ടെണ്ണമടിക്കും. അപ്പോള്‍ ഒരു സന്തോഷം തോന്നും . സന്തോഷം തോന്നുമ്പോള്‍ ഒരുനാലെണ്ണമടിക്കും. വഴീലിറങ്ങിയാല്‍ ശാസ്ത്രീറോഡില്‍ നില്‍ക്കുന്ന പ്രതിമയോടുപോലും ചോദിക്കും. " ഓണമല്ലേ ഒന്നുകൂടണ്ടെ" കൂടി കൂടി കോടികള്‍ക്കുകൂടും . കോടി പുതച്ചാലും ശീലം മാറില്ല. ചിങ്ങത്തില്‍ റോഡിലോട്ട്‌ ഇറങ്ങാന്‍ മേലാത്ത സ്ഥിതിയാണ്‌ . കുറച്ചുപേര്‍ സെറ്റും നേര്യതും ചുറ്റിയാണെങ്കില്‍ , മറ്റുചിലര്‍ കസവുമുണ്ടും കൗപീനവും ഒട്ടിചാണിറങ്ങുക. ഏച്ചുകെട്ടിയതുകാണുമ്പോള്‍ കലിവരും. പിന്നെ കലികാലമാണല്ലോ എന്നോര്‍ത്താശ്വസിക്കും. അതാണുശീലം.ശീലം പോലെതന്നെയാണ്‌ ദുശ്ശീലവും. ചത്താലും മാറില്ല. ഒരാവശ്യവുമില്ലാതെ ഒരു ദുശ്ശീലം പിടിപെട്ടിരിക്കുന്നു. ആശംസകള്‍ വര്‍ഷിക്കുക എന്ന ദുശ്ശീലം . പോയവര്‍ഷം വര്‍ഷം കമ്മിയായിരുന്നതുകൊണ്ടും, കൊല്ലവര്‍ഷവും ഒരുവര്‍ഷമായതുകൊണ്ടും , കിടക്കട്ടെ ഒരു പുതുവര്‍ഷം കൂടി. വരുമോരോ വര്‍ഷം വന്നപോലെ പോം. കാലത്തേ പിടിച്ചുനിര്‍ത്താന്‍ ഏതു വാച്ചുകമ്പനിക്കാണു പറ്റുക.
1184 ചിങ്ങം 1
തിരുനക്കര പുതിയത്രിക്കോവില്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രത്യക്ഷഗണപതികള്‍ക്ക്‌ ചോറുകൊടുത്തു. വലിയ ഉരുളകള്‍ തിരുനക്കരശിവനും, പാമ്പാടീന്നുവന്ന സ്ഥാനിരായനുമാണ്‌ കൊടുത്തത്‌ തിരുനക്കരശ്ശിവന്‍ഓനൊരു സുന്ദരനാണേ. കാലത്തേ പിടിച്ചുനിര്‍ത്താന്‍ ശിവനല്ലേയുള്ളൂ.