എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

പുറംവായനക്ക്‌...

Friday, December 26, 2008

പാലക്കാടന്‍ പലവകകള്‍ ഉണ്ടാകുന്നത്‌

ചാരുകസേരയില്‍
കിടന്ന് അടുത്തുള്ള അനന്തതയിലേയ്ക്ക്‌ നോക്കുകയായിരുന്നു.
അടുത്തുവന്ന് ഒരുഗ്ലാസ്സ്‌ കടുംകാപ്പി
ശബ്ദത്തോടെ നിലത്തുവെച്ചിട്ട്‌ അവള്‍ ചോദിച്ചു.
" ഇപ്പോള്‍ നോക്കുന്ന അനന്തതയ്ക്കും വെളിയിലല്ലേ ബാഹ്യാകാശം ?"
" അതെ, അതേയ്‌ എടിയേ ഇവിടെ അടുത്തെങ്ങാനും കുമാരധാരയുടെ
ബ്രാഞ്ച്‌ വല്ലോം തുറന്നിട്ടുണ്ടോ?
തല ഒന്ന് തണുപ്പിച്ചിട്ട്‌
ഉദയഗിരി ചുവന്നു
ഭാനുബിംബം വിളങ്ങി
എന്നൊന്ന് എഴുതാനാണ്‌"

" രാജപ്പാളയത്ത്‌ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ വണ്ടിയുടെ കുളിമുറിയില്‍നിന്ന് പ്ലാസ്റ്റിക്‌ കുടങ്ങളില്‍ വെള്ളമെടുത്തുകൊണ്ട്‌ പോകുന്ന തമിഴ്‌ സ്ത്രീകളെ നിങ്ങളുകണ്ടിട്ടില്ലെ?"
" ഉണ്ട്‌ അതിനെന്താ?"
" ജലം അമൂല്യമാണ്‌ അത്‌ പാഴാക്കരുത്‌ ദൈവമേ ഈ മനുഷ്യന്‍ എന്നേക്കൊണ്ട്‌ കടുംകൈ ചെയ്യിക്കുമല്ലോ"
ഒഴിഞ്ഞ കാപ്പിഗ്ലാസ്സ്‌ എടുത്തോണ്ട്‌ അകത്തോട്ട്‌ പോയി തിരിച്ച്‌ ഒരുകുടം വെള്ളവുമായി വന്ന് അത്‌ തലയില്‍ കമഴ്ത്തിയിട്ട്‌ അവള്‍ പറഞ്ഞു
" ഉടനേയൊന്നും തോര്‍ത്തണ്ട നല്ലപോലെ തണുക്കട്ടെ എന്നിട്ട്‌
ഉദയഗിരി ചുവന്നെന്നല്ലെങ്കിലും
ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍
വെള്ളിക്കിണ്ണം തുള്ളിത്തുള്ളി

എന്നെഴുതാന് ‍പാകത്തിന്‌ കുറച്ച്‌ അരിമേടിച്ചോണ്ട്‌ വന്നാട്ടെ"
തല നന്നായി തണുത്തപ്പോള്‍, എഴുന്നേറ്റ്‌ വേഷം കെട്ടി പുറത്തിറങ്ങി. കയ്യുംവീശി കല്ലേപ്പുള്ളി വഴി കൊട്ടേക്കാട്‌ വരെ നടന്നു. ദൂഷ്യം പറയരുതല്ലൊ, ജന്മനാ ഉള്ളതായിരുന്നു ഈ നടപ്പുദൂഷ്യം. വെയ്റ്റിംഗ്‌ ഷെഡ്ഡിലിരുന്ന്, തട്ടുകടയിലെ കടുംകാപ്പിയും, പക്കോടയും സിഗര്‍ട്ടും കഴിച്ചുകഴിഞ്ഞപ്പോള്‍ ഇനി അരിമേടിക്കാം എന്നായി
.തിരിച്ച്‌ കല്ലേപ്പുള്ളിയില്‍ വന്ന് പലചരക്കുകടയില്‍ ചെന്ന് അഞ്ചുകിലോ മട്ടയ്ക്ക്‌ ഓര്‍ഡര്‍ കൊടുത്തിട്ട്‌ നിന്നപ്പോള്‍ , കടക്കാരന്‍ ഒരു പൊതി കയ്യില്‍ത്തന്നിട്ട്‌ ചെവിയില്‍ പറഞ്ഞു.
" ഉഗ്രന്‍ സാധനങ്ങളാണ്‌ മാഷേ, മട്ട അവിടെ കിടക്കട്ടെ, പാലക്കാടന്‍ പലവക നാലാംഭാഗത്തിനുള്ള പാചകവിധി അതിനകത്തുണ്ട്‌ , തുറന്നുനോക്കിയാട്ടേ"
പൊതി രഹസ്യമായി തുറന്നുനോക്കി .
പാചകവിധി ഒന്ന് കേരളീയ ഗ്രാമങ്ങളിലൂടെ ശ്രീ കാട്ടാകട ദിവാകരന്‍ മാഷ്‌
പാചകവിധി രണ്ട്‌ കേരള സ്ഥലനാമചരിത്രം പാലക്കാട്‌ ജില്ല ശ്രീ വീവീകേവാ മാഷ്‌
സന്തോഷമായി അരിപോലും മേടിക്കാതെ തിരിച്ചുനടന്നു. പോക്കിനിടയില്‍ ആദ്യംകണ്ട പത്രമാപ്പീസ്സില്‍ കടക്കാരന്റെ ചിത്രം സഹിതം ഒരു പരസ്യം കൊടുത്തു .
" ഉദ്ദിഷ്ടകാര്യത്തിന്‌ ഉപകാരസ്മരണ"
ഒരു എഴുത്തുകാരന്‍
തിരിച്ച്‌ വീട്ടില്‍ചെന്ന് ചാരുകസേരയില്‍ കടലാസ്സും പേനയും പാചകവിധികളുമായി ഇരുന്നപ്പോള്‍ അവള്‍ അകത്തുനിന്ന് വിളിച്ചുപറഞ്ഞു
സോറീ ഫോര്‍ ദ ഇന്റെറപ്ഷന്‍, ആമുഖത്തിന്‌ പാലക്കാടന്‍ പലവക നാലാംഭാഗം ഉണ്ടാകുന്നത്‌ എന്ന പേര്‌ കൊടുത്താല്‍ മതി"
ഇന്റെറപ്ഷന്‍ വന്നപ്പോള്‍ കടലാസ്സുകള്‍ മടക്കി പേനകള്‍ അടച്ച്‌ കണ്ണുകളുമടച്ച്‌ പ്രാര്‍ത്ഥിച്ചു
ശ്രീകാശ്യപന്‍ മഹാത്മാവ്‌
തപസുചെയ്തിട്ട്‌ വന്നതാം
ശ്രീധരനാം പെരുമാളേ
തന്നീടേണേ വരമെല്ലാം

Saturday, December 13, 2008

അനുസ്മരണം

കൃത്യം ഒമ്പത്‌ മുപ്പത്‌ പീയെമ്മായപ്പോള്‍ രണ്ട്‌ ചന്ദനതിരിയെടുത്ത്‌ കത്തിച്ചുവെച്ചിട്ട്‌ ടീവീ ഓണാക്കി
. " കണ്ടു ഞാന്‍ കണ്ണനേ"
പാട്ടുകഴിഞ്ഞപ്പോള്‍ പൂന്താനം തിരുമേനി നെടുമുടി വേണുവിന്റെ രൂപത്തില്‍ വന്നുവിളിച്ചു
" ഹെന്റെ ഗുരുവായൂരപ്പാ"
" കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളേ
കണ്ടില്ലെന്നുവരുത്തുന്നതും ഭവാന്‍ "
" ഹെന്റെ ഗുരുവായൂരപ്പാ"
ചാരുകസേരയില്‍ ചാരിയിരുന്ന് നീട്ടിവിളിച്ചു " എന്റെ ഗുരുവായൂരപ്പാ" ശരിയാണ്‌ കണ്ടുകൊണ്ടിരുന്ന പലരേയും കാണാതായിരിക്കുന്നു. എല്ലാം ശ്രീ ഗുരുവായൂരപ്പന്റെ ലീല അല്ലാതെന്താ പറയാന്‍ യാത്രയില്‍ താങ്ങും തണലുമായിരുന്നു പലരും പരദേശത്തെത്താനും, മറുകര യെത്താനും സഹായിച്ചവര്‍. കളികഴിഞ്ഞ്‌ തിരശ്ശീലയ്ക്കകത്തേയ്ക്ക്‌ മറഞ്ഞുകഴിഞ്ഞു. ഏതോ ഒരു ഗുമസ്തന്‍ മഷിപ്പേന പലവട്ടം കുടഞ്ഞ്‌ കടലാസിലാക്കിയത്‌, ഏതോ ഒരു ടൈപ്പിസ്റ്റ്‌ അടിച്ചുംവെച്ചു. അതിനും താഴെ ത്രിക്കൈ വിളയാടിയാണ്‌ ഭഗവാന്‍ പലരേയും കാലപുരിക്കയച്ചത്‌. ഒരുദിവസം ഒരുവെടിക്ക്‌ രണ്ടുപക്ഷികളേ ഭഗവാന്‍ ആ വഴിക്ക്‌ പറത്തിവിട്ടു. കൊല്ലത്ത്‌ ഒന്നാം നമ്പര്‍ പിലാറ്റുഫോറത്തില്‍നിന്ന് ഈയുള്ളവനെ പലപാട്‌ മാനാമധുര വഴി രാമേശ്വരത്ത്‌ എത്തിച്ചവര്‍. അവരുണ്ടായിരുന്നതുകൊണ്ട്‌ രാമേശ്വരം അന്ന് വളരെ അടുത്തായിരുന്നു. . ചെലവും കുറവ്‌. കൊല്ലത്ത്‌ ചെന്ന് മാനാമധുരയ്ക്ക്‌ ശീട്ടെടുത്തുനില്‍ക്കുമ്പോള്‍ അവര്‍ പറയും
" ഇഷ്ടം പോലെ സമയമുണ്ടല്ലോ മക്കളേ, റയില്‍ വ്യൂവിലൊക്കെ ഒന്നുപോയിട്ടുപോരേ"
റയില്‍ വ്യൂവില്‍ചെന്ന് ആ തിരക്കിനിടയില്‍ ഒന്നും രണ്ടും പറഞ്ഞിരുന്ന് വെയിറ്റര്‍ക്ക്‌ പത്തുരൂപ ടിപ്പും കൊടുത്തുകഴിയുമ്പോള്‍ പിലാറ്റുഫോറത്തില്‍നിന്ന് അവര്‍ വിളിച്ചുകൂവും
" മക്കടെ ശ്രദ്ധയ്ക്ക്‌, മക്കളേ ഓടിവാ പോകാന്‍ സമയമായി"
ഇടമണ്ണില്‍നിന്ന് മലയും കയറി ആവണീശ്വരവും താണ്ടീ ചെങ്കോട്ട മുറിച്ചുകടന്ന് തമിഴ്‌നാട്ടില്‍ കയറുമ്പോള്‍ പൂന്താനം പറഞ്ഞതുപോലെ തന്നെ തോന്നും
" എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും"
നിലാവുള്ള രാത്രിയില്‍ ഓരോ ചെറിയ സ്റ്റേഷനും കാണുമ്പോള്‍ അവിടെയിറങ്ങി ആ നിലാവില്‍ അനന്തമായി ബീഡിയും വലിച്ച്‌ കുത്തിയിരിക്കാന്‍ തോന്നും. എത്രയെത്ര സ്റ്റേഷനുകള്‍ . തെങ്കാശി ശങ്കരന്‍ കോവില്‍ ശിവഗംഗ ശിവകാശി. അങ്ങിനെ പുളിയും വേപ്പും ചൂടി എത്രയെത്ര സ്റ്റേഷനുകള്‍ പഴയ കെട്ടിടങ്ങള്‍ ഇരുമ്പുബെഞ്ചുകള്‍ മഞ്ഞവെളിച്ചങ്ങള്‍.
തെങ്കാശി കടന്നുപോകുമ്പോള്‍ നിലാവില്‍ക്കുളിച്ചുനില്‍ക്കുന്ന ഗോപുരം കാണാം ഓര്‍ക്കുമ്പോള്‍ ഇപ്പോളും രോമാഞ്ചമുണ്ടകുന്നു ഇടമണ്ണില്‍നിന്ന് കയറ്റം തുടങ്ങുമ്പോള്‍ പലപ്പോഴും ചുമച്ചും, കിതച്ചുമാണ്‌ കേറികൊണ്ടിരുന്നത്‌ . പ്രായം, പിന്നെ പുകവലിച്ച്‌ തള്ളുകയുമായിരുന്നല്ലോ. എന്നാലും കൈവിടില്ല പറയും
" മക്കളേ, കേറ്റം മല്ലാണ്‌"
ഒരിക്കല്‍ അണച്ചും കിതച്ചും ശ്വാസം കിട്ടാതെ നിന്നുപോയി. പിന്നെ വിരുതനഗറീന്ന് ഇന്‍ഹേലര്‍ കൊണ്ടുവരേണ്ടിവന്നു. ഉറക്കമായിരുന്നതുകൊണ്ട്‌ ഇതൊന്നുമറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ പറഞ്ഞു.
" ഈ പ്രാവശ്യം പറ്റി മക്കളേ , ഇന്ന് കര്‍ക്കിടകവാവല്ലേ , രാമേശ്വരത്തുചെന്ന് ബലിയിടേണ്ടിവന്നേനെ"
മാനാമധുരയാകുമ്പോള്‍ നാഗൂര്‍പിള്ള പറയും " മക്കളേ ഞാനൊന്ന് വേളാങ്കണ്ണിവരെ പോയിട്ട്‌ ഇപ്പവരാം നിങ്ങള്‌ ഇവിടെനിന്നോ" മധുരനായ്ക്കന്‍ പറയും " ഞാനൊന്ന് മീനാക്ഷിയമ്മേ കണ്ടിട്ട്‌ വരാം , പാലക്കാടുനിന്നൊരു ചെങ്ങാതി ഇപ്പവരും മൂപ്പര്‌ നിങ്ങളെ രാമേശ്വരത്ത്‌ കൊണ്ടുപോയിക്കോളും"
അങ്ങിനെ എത്രയെത്ര യാത്രകള്‍ . രാമേശ്വരമെല്ലാം ചുറ്റിക്കറങ്ങി തിരിച്ച്‌ മാനാമധുരയിലെത്തി മസ്ജിദ്ദിന്റെ മുന്നിലെ തട്ടുകടയില്‍നിന്ന് മൂക്കറ്റം തട്ടി തീവണ്ടിയാപ്പീസ്സില്‍ ചെന്ന് കൊട്ടാരക്കരയ്ക്ക്‌ ശീട്ട്‌ വാങ്ങും അപ്പോളേയ്ക്കും പിള്ളയോ, നായ്ക്കനോ തിരിച്ചെത്തും മാനാമധുര സ്റ്റേഷനില്‍ ധനുഷ്കോടിയില്‍നിന്നോ പാമ്പനീന്നോ പിടിച്ച മീനുകളെ ജീവനോടെ ഐസുപെട്ടികകത്താക്കി വെച്ചിരിക്കും ഈ പെട്ടികളുമെടുത്താണ്‌ പിന്നെ പിള്ളയുടേയും നായ്ക്കന്റെയും കൊല്ലമ്പോക്ക്‌ കൊല്ലത്തും കൊട്ടാരക്കരയിലും എന്തിന്‌ ചങ്ങനാശ്ശേരിവരെയുള്ള മത്സ്യസ്നേഹികള്‍ ഇവര്‍ കൊണ്ടുവരുന്ന മീന്‍ തിന്നാണ്‌ വളര്‍ന്നത്‌ പക്ഷേ എന്തുചെയ്യാം . ഒരു ഗുമസ്തന്റെ, ടൈപ്പിസ്റ്റിന്റെ കൃതിയുടെ കീഴെ തുല്ല്യം ചാര്‍ത്തി ഭഗവാന്‍ ഇവരേ കണ്ടില്ലെന്നുവരുത്തിയല്ലോ .ഇവര്‍ താങ്ങിനിര്‍ത്തിയവരും ഇവരെ കണ്ടില്ല കഴിഞ്ഞദിവസം പാലക്കാട്ടുകാരാന്‍ ചെങ്ങാതിയേയും ദൈവം വിളിച്ചെന്നുകേട്ടു . ആരോഗ്യം മോശമായിരുന്നതുകൊണ്ട്‌ ഇടയ്ക്ക്‌ മധുരവരെയാക്കിയിരുന്നു കറക്കം പിന്നെ കേട്ടു പൊള്ളാച്ചിവരെയാക്കിയെന്നും
" കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളേ"
നല്ല ആള്‍ക്കാരായിരുന്നു. നാഗൂര്‍പിള്ളയും മധുരനായ്ക്കനും അവരുമായിട്ട്‌ അടുത്തിടപെട്ടിട്ടുള്ളവര്‍ക്കെല്ലാമറിയാം അവരുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആഴവും വിലയും. പാലക്കാടന്‍ ഭട്ടരേയും ദൈവം വിളിച്ചു എന്നറിഞ്ഞപ്പോളാണ്‌ താമസിച്ചാണെങ്കിലും ഒന്ന് അനുസ്മരിക്കാം എന്നുകരുതിയത്‌
കൊല്ലത്തുനിന്ന് പുറപ്പെട്ട്‌ കൊട്ടാരക്കര പുനലൂര്‍ ആവണീശ്വരം തെന്മല ആര്യങ്കാവ്‌ ചെങ്കോട്ട വഴി വേളാങ്കണ്ണിയ്ക്ക്‌ പോയികൊണ്ടിരുന്ന നാഗൂര്‍ എക്സ്പ്രെസ്സും, മധുരയ്ക്ക്‌ പോയികൊണ്ടിരുന്ന ഫാസ്റ്റ്‌ പാസെഞ്ചറും
" ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇനിനാളേയുമെന്തെന്നറിവീലാ
ഇന്നീക്കണ്ട വണ്ടിക്കു വിനാശവും
ഇന്നനേരമെന്നേതുമറിഞ്ഞീലാ"