എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

പുറംവായനക്ക്‌...

Saturday, May 8, 2010

ഒന്നില്‍ പിഴച്ച്‌അതിരാവിലെ ചാടിയെഴുന്നേറ്റ്‌ പ്രാകൃതകര്‍മ്മങ്ങള്‍ യഥേഷ്ടം നിര്‍വ്വഹിച്ച്‌ കുപ്പായത്തില്‍ ഓടിക്കയറി. കര്‍മ്മഫലം തരും ഈശ്വരനല്ലോ എന്നു കീര്‍ത്തനവും ചൊല്ലി ബാങ്കില്‍ ചെന്നു. പാസ്ബുക്ക്‌ പതിച്ചുവാങ്ങി അക്കൗണ്ടിനെ മാറിയും മറിച്ചും നോക്കി. കഴിഞ്ഞ കേസിന്റെ കാലത്തുകണ്ടതിനേക്കാളും നന്നായി ക്ഷീണിച്ചിരിക്കുന്നു. പാവം പിന്നെ ഗര്‍ഭിണിയും എന്നു പ്രയോഗിക്കാന്‍ തോന്നും.


പൊരിവെയിലില്‍ വീട്ടിലോട്ട്‌ നടന്നു. ഇടക്ക്‌ ഒരു ഷോഡാ കുടിക്കാന്‍ പോലും ശരീരം നിര്‍ത്തണമെന്നു തോന്നിയില്ല. അത്രയ്ക്കുണ്ടായിരുന്നു അക്കൗണ്ടിന്റെ ആരോഗ്യസ്ഥിതി ഓര്‍ത്തുള്ള പരവേശം.


വീട്ടില്‍ചെന്ന് ഫാന്‍ ഫുള്‍സ്പീഡിലിട്ട്‌ ചാരുകസേരയില്‍ കിടന്നു. ആധി അങ്ങോട്ടെന്നല്ല എങ്ങോട്ടും മാറുന്നില്ല. പണ്ടേ ദുര്‍ബ്ബല എപ്പോള്‍വേണമെങ്കിലും സിദ്ധികൂടുമെന്ന് ഒരു നിജോമില്ല. അപ്പോളാണ്‌ പണംകൊണ്ടെറിഞ്ഞ്‌ പണത്തില്‍ കൊള്ളിക്കുന്ന ധനതത്വശാസ്ത്രാധ്യാപകനെ ഓര്‍ത്തത്‌. ഫോണ്‍ കറക്കി മറുതലയ്ക്കല്‍ സുഹൃത്തുവന്നപ്പോള്‍ ജാത്യാലും കര്‍മണാലും ഉണ്ടായ സകല കഥകളും പരത്തി വായിച്ചുകൊടുത്തു.


" വരുമോരോ കേസസ്‌
അക്ക്ക്കൗണ്ടിനു ഹാനിയായി
വരുമോരോ ഹാനി
വന്നപോലെ പോവും"

മറുതലയ്ക്കല്‍ കവിതകേട്ടപ്പോള്‍ അതു ധനതത്വക്കാരന്‍ സുഹൃത്തു തന്നെയോ എന്നു ശങ്ക തോന്നി.


" താങ്കള്‍ എന്റെ സുഹൃത്ത്‌ ധനതത്വം തന്നെയല്ലെ? ചോദിച്ചുപോയി

" അതേയതെ, ഉപരിബിരുദം നടത്തിയപ്പോളാണ്‌ ധനമായത്‌ ബിരുദം ഭാഷയിലാണേയ്‌. അതുകൊണ്ടാണ്‌ കവിതയില്‍ ഒരു കമ്പം വന്നത്‌ കുറ്റം പറയരുതല്ലൊ സുന്ദരിയാണു കേട്ടോ"


" അവളെവിടെയെങ്കിലും കിടക്കട്ടെയണ്ണാ, ഒരു പോംവഴി പറഞ്ഞാട്ടെ

" ആപദി കിംകരണീയം
ഒട്ടും അമാന്തിക്കണ്ട പാലക്കാടിനു വണ്ടി പിടിച്ചോളൂ സ്വര്‍ണ്ണത്തിനൊക്കെ ഇപ്പൊ എന്താണു വില? മുക്കുപണ്ടപണയത്തിനു പോലും ഇപ്പോള്‍ മണിമണി പോലെ മണികിട്ടും. അര്‍ത്ഥാപത്തിയാണേയ്‌ അലങ്കാരം. പൊന്നുംകുടത്തിനു പൊട്ടു വേണ്ടതാനും"


പിന്നെ ഒട്ടും അമാന്തിച്ചില്ല. വീട്‌ പൂട്ടി പുറത്തിറങ്ങി. ആദ്യംകണ്ട വണ്ടിക്കുതന്നെ പാലക്കാടിന്‌ തലവെച്ചു.


തീര്‍ത്തും ഖിന്നനും ദു;ഖിതനുമായി ഇരുന്നപ്പോള്‍ അവള്‍ ചോദിച്ചു " എന്താണവിടേയ്ക്ക്‌ പറ്റിയത്‌ ഇങ്ങിനെ ഖിന്നനായി നിഷ്ക്രിയത്വം പൂണ്ട്‌ കാണപെടുവാന്‍. ഈ ദാസിയോട്‌ പറഞ്ഞാലുംജാത്യാലും കര്‍മണാലും എഴുതപ്പെട്ട കേസുകെട്ടെല്ലാം മലര്‍ക്കെ തുറന്ന് അവളുടെ മുന്നിലേക്കിട്ടിട്ട്‌ അനന്തതയിലേക്ക്‌ നോക്കി താടി തടവിക്കൊണ്ട്‌ അവളോട്‌ പറഞ്ഞു.


" ഒന്നും പറയാനും ചെയ്യാനും പറ്റാത്ത കാലമാടീ, കലികാലം എന്നല്ലാതെ എന്താ പറേകാ. ആര്‌ എപ്പോള്‍ എന്തിന്‌ കേസിന്‌ പോകും എന്നു പറയാന്‍ പറ്റുമൊ"


പെട്ടെന്നാണ്‌ തെളിഞ്ഞ ആകാശത്തില്‍ കാര്‍മേഘം നിറയുന്നതുപോലേ അവളുടെ മുഖം കറുത്തത്‌

" നിങ്ങള്‍ക്ക്‌ ലജ്ജയില്ലേ ഹേ മനുഷ്യാ " അവള്‍ കോപിഷ്ഠയായി ചോദിച്ചു. " ഈ കഥ പറയാനാണോ നിങ്ങള്‍ പണം മുടക്കി ഇത്തറ്റം വന്നത്‌ തിരിച്ചുള്ള ലാസ്റ്റ്‌ വണ്ടി ഇപ്പോള്‍ പോകും അതുകഴിഞ്ഞാല്‍ കുറച്ചുകഴിഞ്ഞേയുള്ളൂ"


അടുത്ത ഒരു കേസോടുകൂടി ശാപ്പാട്‌ ഫ്രീ എന്ന് ചിന്തിച്ച്‌ ചാരുകസേരയില്‍ കിടന്നപ്പോള്‍ കോളിംഗ്‌ ബെല്‍ ശബ്ദിച്ചു.വാതില്‍ തുറക്കാതെ തന്നെ അകത്തുകയറിയ കറുത്തകോട്ടിട്ട ചെങ്ങാതി പറഞ്ഞു


" ഇരിക്കാനൊന്നും സമയമില്ല, ആ കയ്യിങ്ങുതന്നേ, ഭാഗ്യവാന്‍ ഇനി ഫ്രീയായിട്ട്‌ നടക്കാമല്ലൊ. മറുസ്ത്രീഗമനവും നിഷ്ക്രിയത്വവും കൂടാതെ കാലമാടീ അതായത്‌ എരുമേ എന്നും വിളിച്ചെന്നും ആരോപിച്ച്‌ അവള്‍ വിവാഹമോചനത്തിന്‌ കേസുകൊടുത്തിട്ടുണ്ട്‌. ഒപ്പിട്ട്‌ കൊടുത്തിട്ട്‌ നമ്മക്കിതൊന്ന് ആഘോഷിക്കണ്ടേ മാഷേ"കണ്ണില്‍ ഇരുട്ട്‌ കയറുന്നതുപോലെ. ആകെ കൂടയുള്ള ഒരു അത്താണിയായിരുന്നു.അവള്‍. വീഴാതിരിക്കാന്‍ വക്കീലിനെ ചാരി തൊണ്ടയിടറികൊണ്ട്‌ ചോദിച്ചു.


" അല്ല വക്കീലേ, നമ്മുക്കിതങ്ങ്‌ കോമ്പ്രമൈസാക്കരുതോ? ഞാന്‍ വൈകിട്ട്‌ ഓഫീസിലോട്ട്‌....."


മുഴുവന്‍ പറയാന്‍ വക്കീല്‌ സമ്മതിച്ചില്ല. " മാഷിനെന്നാ ഭ്രാന്തുണ്ടൊ വൈകിട്ട്‌ നമ്മള്‍ക്കിതൊന്ന് ആഘോഷിക്കണം. ബാറില്‍നിന്നിറങ്ങിയാല്‍ ഞാന്‍ ബാറില്‍കാണും"


വാതില്‍ തുറന്ന് വക്കീല്‌ പുറത്തിറങ്ങി .തലകറങ്ങുന്നു. ഇട്ടിരുന്ന കുപ്പായത്തിനുള്ളില്‍ വിയര്‍പ്പ്‌ നദിയായി ഒഴുകുന്നു. ഫാനിന്‌ കാറ്റ്‌ കുറഞ്ഞതുപോലെ. ചാരുകസേര വലിച്ച്‌ ഫാനിന്റെ കീഴിലേക്കിട്ടു

ജനലഴികള്‍ക്കിടയിലൂടെ തല അകത്തേക്കിട്ടിട്ട്‌ വക്കീല്‌ പറഞ്ഞു


" കസേര വലിച്ച്‌ ഫാനിന്റെ അടിയിലേക്ക്‌ ഇടുന്നതൊക്കെകൊള്ളാം ശ്രമം പരാജയപെട്ടാല്‍ അതിന്‌ വേറെ കേസുവരും"


Friday, May 7, 2010

കര്‍മണജാത്യാല്‍ വന്നത്‌ തൂത്തുകളഞ്ഞിട്ട്‌ ചാരുകസേരയില്‍ നീണ്ടുനിവര്‍ന്നു കിടന്നു. കാഗെസ്സെടുത്തു. കലവും.

സൂര്യന്‍ നടന്ന് പടിഞ്ഞാറെത്തിയപ്പോള്‍ സായിപ്പ്‌ മുറിപൂട്ടി പുറത്തിറങ്ങി.നായരുടെ കാപ്പിക്ലബ്ബില്‍ നിന്ന് ഒരു ചായയും രണ്ടു വടയും വാങ്ങി. രണ്ടും അവിടെവെച്ച്‌ തന്നെ കഴിച്ചു. രണ്ടുകെട്ട്‌ ബീഡിയും വാങ്ങി കിഴക്കേ ആല്‍ത്തറയിലേക്ക്‌ നടന്നു.


ആല്‍ത്തറയില്‍ ഇരുന്നപ്പോള്‍ സായിപ്പ്‌ ചിന്തിച്ചു അമ്പലകുളം കുളത്തില്‍ കുളിക്കുന്ന സ്ത്രീകള്‍ കൂടാതെ അമ്പലവും കുളത്തിനുമപ്പുറം വയല്‍ഫീല്‍ഡുകള്‍ അതിനുമപ്പുറം നീളത്തില്‍ മരിച്ചുകിടക്കുന്ന, നദി നീളത്തില്‍കിടക്കുന്ന തീവണ്ടിപാത . തീവണ്ടിയാപ്പീസ്‌. എന്തുകൊണ്ടും സുന്ദരമായ സ്ഥലം. ശരിക്കും ഗോഡ്സ്‌ ഓണ്‍ കണ്ട്രികളുതന്നെ. ആല്‍ത്തറയാണെങ്കില്‍ കുത്തിയിരുന്ന് ബീഡിവലിക്കാന്‍ പറ്റിയ സ്ഥലവും. സായിപ്പ്‌ ഒരു ബീഡിക്ക്‌ തീ കൊളുത്തിയപ്പോള്‍ തീവണ്ടിയാപ്പീസില്‍നിന്ന് ഒരെണ്ണം ഇറങ്ങി പുകയൂതികൊണ്ട്‌ ഒറ്റപാലം ലാക്കാക്കി ഇഴഞ്ഞുപോയി.

ബീഡി വലിച്ച്‌ കൂട്ടുന്നതിനിടയില്‍ സമയം പോയതറിഞ്ഞില്ല മണിയടിക്കുന്ന ശബ്ദം കേട്ടാണ്‌ ചിന്തയില്‍നിന്നുണര്‍ന്നത്‌. ആദ്യം ബിഗ്ബെന്‍ ആണെന്നാണ്‌ കരുതിയത്‌. പിന്നെയാണ്‌ ക്ഷേത്രത്തില്‍ ദീപാരാധനയുടെ മണിയാണെന്ന് മനസ്സിലായത്‌. ഒരു കൊതുക്‌ പറന്ന് വന്ന് സായിപ്പിന്റെ ചെവിയില്‍ മൂളി.


" സായിപ്പാണെന്നൊന്നും നോക്കില്ല. ചോരകുടിച്ചുകളയും ഞാന്‍. വേഗം സ്ഥലം വിട്ടൊ"

വലിച്ചുകൊണ്ടിരുന്ന ബീഡി ആല്‍ത്തറയില്‍ കുത്തികെടുത്തി കുറ്റി ചെവിയ്ക്കിടയില്‍ തിരുകി മുറിയിലേക്ക്‌ നടക്കുന്നതിനിടയിലാണ്‌ അവളെ കണ്ടത്‌.


" പേരെന്താ?" ഒരു കൗതുകത്തിന്‌ ചോദിച്ചു

" സുശീല"

സന്ധ്യ കഴിഞ്ഞ്‌ ഇരുട്ട്‌ വീണുതുടങ്ങിയതുകൊണ്ട്‌ അവള്‍ കാല്‍നഖം കൊണ്ടൊരു കുറിവരച്ചോ എന്ന് സായിപ്പ്‌ കണ്ടില്ല." നാളോ?"

" നാള്‌ നാരങ്ങ, അഭിമുഖമൊന്നും ഇവിടെ വെച്ച്‌ വേണ്ട സായിപ്പെ. നാട്ടുകാര്‍ എന്തുവിചാരിക്കും." അവള്‍ മുന്നോട്ടുനടന്നു.

മുറിയുടെ വാതില്‍ സായിപ്പ്‌ അടയ്ക്കുന്നതിനിടയില്‍ മണ്ണെണ്ണവിളക്കിന്റെ തിരി താഴ്ത്തികൊണ്ട്‌ അവള്‍ പറഞ്ഞു


" ഞാന്‍ ഇതൊക്കെയൊന്ന് മാറ്റിവെയ്ക്കട്ടെ, മുഷിഞ്ഞാല്‍ നാളെ ധരിക്കാന്‍ പറ്റില്ല
എല്ലാം മാറ്റിവെച്ചിട്ട്‌ അവള്‍ തുടര്‍ന്നു

" എങ്കില്‍ സായിപ്പ്‌ അഭിമുഖം തുടങ്ങികൊള്ളു"

പിറ്റേന്ന് കാലത്ത്‌ പുഴ നീന്തികടന്ന് നഗരത്തിലെ അച്ചടിശാലയിലെത്തി സായിപ്പ്‌ മാനേജരോട്‌ ചോദിച്ചു.

" അല്ല മാനേരേ, എനിക്കറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ ഒരു പേരിലെന്താ ഇത്രയിരിക്കാന്‍?"

" സുശീല എന്നുപറഞ്ഞാല്‍ നല്ല വസ്ത്രം ധരിക്കുന്നവള്‍ എന്നാണര്‍ത്ഥം മാഷേ" മാനേജരു പറഞ്ഞു


ആഫ്റ്റൊറാള്‍ വാട്ടീസിന്നെ നെയിം എന്ന് പേരുമെഴുതി കലമടച്ചു. കാഗസ്‌ മടക്കി. ജനലില്‍കൂടി പുറത്തേക്ക്‌ നോക്കി. ഉണങ്ങാനിട്ടുരുന്ന തുണികള്‍ കാറ്റില്‍ ആടുന്നു. അയയില്‍ കിടക്കുന്ന തുണിയെയെടുത്ത്‌ ആരെങ്കിലും അലമാരിയില്‍ വെയ്ക്കുമൊ? അങ്ങിനെ ഒരു പ്രയോഗം മലയാളത്തിലുണ്ടൊ എന്നു സംശയം തോന്നി സുഹൃത്തായ മലയാളം അധ്യാപികയോട്‌ ചോദിക്കാം എന്ന് മനസ്സില്‍ കുറിയ്ക്കുന്നതിടയില്‍ കോളിംഗ്‌ ബെല്‍ ശബ്ദിച്ചു.

ചാരുകസേരയില്‍നിന്ന് എഴുന്നേറ്റ്‌ വാതില്‍ തുറന്നപ്പോള്‍ കറുത്തകോട്ടിട്ട ചെങ്ങാതി വെളുക്കെ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.


" ഇരിക്കാനൊന്നും സമയമില്ല മാഷേ, സൂക്ഷിച്ച്‌ നോക്കുന്നതുപോലും പാപമാണെന്ന് മാഷിനറിയരുതൊ. അര്‍ഥം വെച്ച്‌ നോക്കി പീഡിപ്പിച്ചൂന്ന് ഒരു സുശീലയുടെ കേസുണ്ട്‌ നമ്മുക്കതങ്ങ്‌ കോമ്പ്രമൈസാക്കാം എന്താ ? വൈകിട്ട്‌ ഓഫീസിലോട്ട്‌ വരണം"


ചെങ്ങാതി വണ്ടിയെടുത്ത്‌ പടികടക്കുന്നതിനിടയില്‍ പറഞ്ഞു " ഒന്നില്‍ പിഴച്ച്‌ മൂന്നാകരുത്‌ കേട്ടോ"

ജാത്യാല്‍കുളിമുറിയില്‍ മുഷിഞ്ഞ തുണികളുമായി മല്ലടിച്ചുകൊണ്ടിരുന്നപ്പോളാണ്‌ കോളിംഗ്‌ ബെല്‍ ശബ്ദിച്ചത്‌. കയ്യില്‍ പറ്റിയിരുന്ന സോപ്പുപതയെല്ലാം കഴുകികളഞ്ഞ്‌ കൈ തുടച്ച്‌ വാതില്‍ പോയി തുറന്നപ്പോള്‍ ആഗതന്‍ വെളുക്കെ തുടിക്കുന്ന വെണ്മയോടെ ചിരിച്ചുകൊണ്ട്‌ ചോദിച്ചു.


" എന്താ മാഷേ വതില്‍ തുറക്കാന്‍ ഒരു അമാന്തം. വെള്ളമായിരുന്നോ?. ഞാനൂടെ കൂടണോ?"

" വെള്ളമായിരുന്നു. തുണി അലക്കുകാരുന്നേയ്‌" ക്ഷമാപണത്തോടെ പറഞ്ഞു.

" അതുകൊള്ളാമല്ലൊ മാഷേ നിങ്ങളുടെ തുണി നിങ്ങള്‍ തന്നെയാണോ അലക്കുന്നത്‌?"

വന്നകാല്‍ മാറ്റിവെച്ച്‌ സെറ്റിയിലേക്ക്‌ മലര്‍ന്ന് ടീവിയുടെ റിമോട്ട്‌ കയ്യിലെടുക്കുന്നതിനിടയില്‍ ആഗതന്‍
ചോദിച്ചു

" അതെ അതിനെന്താ ഒരു കുറവ്‌? താങ്കള്‍ താങ്കളുടെ തുണി അല്ലേ അലക്കുന്നത്‌"

പെട്ടന്നാണ്‌ ആഗതന്റെ മുഖം മുഷിഞ്ഞത്‌. റിമോട്ട്‌ സെറ്റിയുടെ ഒരു മൂലയ്ക്കലേക്ക്‌ വലിച്ചെറിഞ്ഞിട്ട്‌ മൂപ്പര്‌ ചാടിയെഴുന്നേറ്റു. മുഖത്തേയ്ക്ക്‌ വിരല്‍ ചൂണ്ടി അയാള്‍ കയര്‍ത്തു

" താനെന്നാടോ ഏബ്രഹാം ലിങ്കണു പഠിക്കുവാണോ? ഒരു തരം മുന വെച്ചു സംസാരിക്കാന്‍ കാണിച്ചുതരാം ഞാന്‍"

വന്നതെന്തിനാണെന്നുപോലും പറയാതെ വാതില്‍ വലിച്ചുതുറന്ന് ആഗതന്‍ പോയവനായി.. വീണ്ടും നനഞ്ഞ തുണിയിലേക്ക്‌ പ്രവേശിച്ചപ്പോള്‍ പൊട്ടിപോയ റിമോട്ടോ കൊളുത്തുപോയ വാതിലോ ആയിരുന്നില്ല മനസ്സില്‍. ഏബ്രഹാം ലിങ്കണും തുണിയും തമ്മില്‍ എന്തായിരുന്നു ബന്ധം ആതിലെന്തായിരുന്നു ഹാം എന്നാണു ചിന്തിച്ചത്‌. തുണിയെല്ലാം അലക്കികഴിഞ്ഞ്‌ സുഹൃത്തായ ചരിത്രാധ്യാപകനോട്‌ ചോദിക്കാം എന്ന് മനസ്സില്‍ കുറിച്ചിടുന്നതിനിടയില്‍ കോളിംഗ്‌ ബെല്‍ വീണ്ടും ശബ്ദിച്ചു. മുമ്പേ വന്ന് കലിതുള്ളിയ ആഗതന്‍ കാണിച്ചുതരാന്‍ വന്നതാണെന്ന് കരുതി കൈപോലും കഴുകാതെ വാതില്‍ പോയി തുറന്നു. കറുത്ത കോട്ടിട്ട ചെങ്ങാതി വെളുക്കെ ചിരിച്ചുകൊണ്ട്‌ അകത്തുകയറി.

" ഇരിക്കു, ഞാന്‍ കയ്യൊന്നു കഴുകിയിട്ട്‌ വരാം"

" ഇരിക്കാനൊന്നും സമയമില്ല. കൈ കഴുകുന്ന കാര്യം തന്നെ പറയാന്‍ വന്നതാണ്‌. ജാതിപറഞ്ഞ്‌ കളിയാക്കീന്നൊരു കേസുണ്ട്‌ നമ്മുക്കതങ്ങ്‌ കോമ്പ്രമൈസാക്കാം എന്താ വൈകിട്ട്‌ കോടതിവിട്ടുകഴിയുമ്പോള്‍ ഓഫീസിലോട്ട്‌ വന്നാല്‍ മതി."

പുറത്തിറങ്ങി വണ്ടിയെടുക്കുന്നതിനിടയില്‍ ചെങ്ങാതി തിരിഞ്ഞുനോക്കി വീണ്ടും പറഞ്ഞു

" അപ്പോള്‍ വൈകിട്ട്‌ മറക്കണ്ട "