എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Monday, December 6, 2010

കഥയില്ലായ്മ മൂന്നാം ഇന്‍സ്റ്റാള്‍മന്റ്‌



അപ്പുചേട്ടന്റെ കടലവണ്ടിയില്‍ നിന്ന് എട്ടണയ്ക്ക്‌ കടലയും വാങ്ങി അമ്പലപടിയില്‍ പോയിരുന്നു. ആലിനു ചേര്‍ന്നൊരു തറയ്ക്കും താഴെയായിട്ടാണ്‌ പടിയുടെ കിടപ്പ്‌. തനിത്തറകള്‍ക്ക്‌ കിടക്കാന്‍ പാകത്തിന്‌. തെക്കുനിന്ന് വടക്കോട്ട്‌ നീളത്തില്‍ .ചേര്‍ന്നൊരു കുളം പിന്നെയും താഴെയാണ്‌. ശ്രീനിവാസയ്യര്‍ റോഡും മുറിച്ച്‌ ദേവസ്വം ക്യാമ്പ്‌ ഷെഡിന്റെ ഓരം ചേര്‍ന്ന് താഴോട്ടിറങ്ങിയാല്‍ മുങ്ങിചാകാന്‍ പാകത്തിനാണ്‌ വെള്ളോം. അമ്പലപ്പടിയില്‍ എത്രനേരം ഇരുന്നാലും മുഷിയില്ല. സമയം പോകാന്‍ പ്രത്യേകിച്ച്‌ വാച്ചൊന്നും കെട്ടേണ്ടതില്ല. വഴിയേപോകുന്ന ഏതെങ്കിലും ചിന്തയേ എടുത്ത്‌ മനസ്സിലിട്ടാല്‍ മതി. കടല തീരുമ്പോള്‍ ദീപാരാധന കഴിഞ്ഞ്‌ നടതുറക്കും. ഗോപുരത്തിനുവെളിയിലുള്ള വെടിവഴിപാടുകാരന്‍ പുറകില്‍ കൊണ്ടുവെച്ച്‌ രണ്ടുമൂന്ന്‌ കതിന പൊട്ടിക്കും മതില്‍കകത്തുള്ള വലിയ മണിയുടെ കയറില്‍ ആരെങ്കിലും ആയാസപ്പെട്ട്‌ തൂങ്ങി അങ്ങോട്ടുമിങ്ങോട്ടും ആടും. അതാണ്‌ ചിട്ട. വേണമെങ്കില്‍ പടിയില്‍ നിന്നെഴുനേറ്റ്‌ തിരിഞ്ഞുനിന്ന്‌ കൈകൂപ്പി " എന്റെ തിരുനക്കരയപ്പാ" എന്ന്‌ വിളിക്കാം. വിളിച്ചില്ലെങ്കിലും പ്രത്യേകിച്ച്‌ പരാതിയൊന്നും കാണില്ല. അകത്ത്‌ സപരിവാരമാണ്‌. സിംഹോം കാളേം മയിലും പാമ്പും എലിയും എന്നുവേണ്ട . എല്ലാകാര്യവും നോക്കണ്ടെ.

പടിയില്‍ ഇരുന്ന്‌ കടലയുടെ കുമ്പിള്‍ തുറന്നപ്പോള്‍ പാരമ്പര്യഗുണം എന്ന വിഷയമാണ്‌ ഇന്നത്തെ ചിന്താവിഷയമായി ഏറ്റെടുത്തത്‌. അവിടുന്നങ്ങോട്ട്‌ ചിന്ത ഏതൊക്കെ കാടുകളിലാണ്‌ കയറിപോയതെന്നറിയില്ല. ഇടയ്ക്ക്‌ ചിന്തയ്ക്ക്‌ ചിന്തേരിടണോ എന്നുപോലും ശങ്കിച്ചു.

" നമസ്കാരം മാഷേ"

ഓര്‍ക്കാപ്പുറത്താണ്‌ ചിന്തയ്ക്കു മുറിവുപറ്റിയത്‌.

" വനംവകുപ്പിന്റെ അനുമതിയോടെയാണോ ചിന്തയെ കാടുകയറ്റിയത്‌"

വായില്‍നിന്ന്‌ ഒരുകെട്ട്‌ ബീഡിപ്പുക പുറത്തേക്ക്‌ തള്ളികൊണ്ട്‌ കുട്ടന്‍ അടുത്തുവന്നിരുന്നു. മുറിവില്‍ അല്‍പം മരുന്നുപുരട്ടിക്കൊണ്ട്‌ കുട്ടനോട്‌ ചോദിച്ചു.


" അല്ല കുട്ടാ ഇന്നെന്താ പതിവില്ലാതെ നേരത്തേ ? നേരത്തേ പതിവില്ലാത്തതായിരുന്നല്ലോ ?"

" അങ്ങകത്ത്‌ ഭയങ്കര ചൂടാണ്‌ മാഷേ അതാണ്‌ നേരത്തെ വെളിയിലേക്കിറങ്ങിയത്‌ മാത്രമല്ല ശബരിമല സീസണല്ലെ മിഡില്‍മെന്നിനെ കൂടതെ എന്തെങ്കിലും നേരിട്ടുകിട്ടുകാണെങ്കില്‍ അത്രേമായല്ലൊ .വില്ല്വപത്രമെങ്കില്‍ വില്ല്വപത്രം. അതെല്ലാം മറന്നേക്കൂ എന്തായിരുന്നു ഇന്നത്തെ ചിന്താവിഷയം?"

" കേട്ടോ കുട്ടാ പാരമ്പര്യഗുണം എന്ന വിഷയത്തിനെ അധീകരിച്ചായിരുന്നു പത്തുപുറത്തില്‍ കവിയാതെ ചിന്തിച്ചുകൊണ്ടിരുന്നത്‌. കുട്ടനറിയാമോ അച്ഛന്‍ പേരുകേള്‍പ്പിച്ച പ്രൊഫസറായിരുന്നു. അക്കാലത്ത്‌ അദ്ദേഹം രചിച്ച ഗൈഡുകള്‍ വായിച്ച കുട്ടികളെ സര്‍വ്വകലാശാലാബിരുദം നേടുയിരുന്നുള്ളൂ. സര്‍വ്വ കലാശാലയിലും അങ്ങിനെതന്നെ . അക്കുട്ടികള്‍ക്ക്‌ മൂലം പോലും വേണ്ടിയിരുന്നില്ല. മൂപ്പര്‌ ഗ്രന്ഥം മൂന്നായാണ്‌ പകര്‍ത്തിയിരുന്നത്‌. പിന്നെ സിന്ദാബാ സിന്ദാബാ അച്ഛന്റച്ഛന്‍ മുത്തച്ഛന്‍. തിരുവിതാംകോട്‌ യൂണിവേഴ്സിറ്റിയില്‍ പകരം വെയ്ക്കാന്‍ മറ്റൊരു പ്രൊഫസറില്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനോടൊപ്പം ആ ദേഹത്തിന്റെ വിഷയവും നിന്നുപോയി. ചാന്‍സിലര്‍ക്ക്‌ സെനറ്റുഹാളില്‍ ഒരു എണ്ണഛായ വെക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഒന്നും തടഞ്ഞില്ല. പിന്നെ മുത്തച്ഛന്‍ മുതുക്കന്റെ അച്ചന്‍ . പേരും കേമന്‍ എന്നുതന്നെയായിരുന്നു. രാജാക്കന്മാരുടെ പോലും ആശാനല്ലായിരുന്നോ അതാണ്‌ പാരമ്പര്യം. പക്ഷെ മൂപ്പിലാന്‌ "

മുഴുവനക്കാന്‍ പറ്റിയില്ല

" അച്ഛനില്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹവും മാഷായേനെ, അല്ലേ മാഷേ" കുട്ടന്‍ ഇടയ്ക്കുകയറി പറഞ്ഞു.

അത്ഭുതമാണ്‌ തോന്നിയത്‌. അതീവ ഗോപ്യമായി അടച്ചുപൂട്ടി ലോക്കറില്‍ വെച്ചുപൂട്ടിയിരുന്ന കുടുംബചരിതം കുട്ടനെങ്ങിനെയാണ്‌ അറിഞ്ഞത്‌. മനസുവായിച്ച പോലെ കുട്ടന്‍ പറഞ്ഞു.

" അച്ഛന്‍ മഹാജ്യോത്സരായിരുന്നു മാഷേ. ഞാന്‍ കീശ നോക്കി ഭാവി പറയുന്നതുപോലെയായിരുന്നു മൂപ്പര്‌ മുഖം നോക്കിപറഞ്ഞുകൊണ്ടിരുന്നത്‌. അണുവിട തെറ്റില്ല. അണു എന്നുപറഞ്ഞപ്പോളാണ്‌ ഒരുകാര്യം ഓര്‍ക്കുന്നത്‌. രണ്ടാം ലോകമഹായുദ്ധം എന്നാണ്‌ തീരുന്നത്‌ എന്നു പ്രവചിക്കാന്‍ അച്ഛനാശയുണ്ടായിരുന്നു. പക്ഷെ നീചന്മാര്‌ അമേരിക്കന്‍ കുത്തകമുതലാളിമാര്‌ അതിനുസമ്മതിച്ചില്ല. അവര്‍ നേരത്തെ പോയി സന്ധി ഒപ്പിട്ടുകളഞ്ഞു. സമധാനത്തിനുള്ള ഒരു നോബെല്‍പ്രൈസ്‌ വീട്ടിലെ ഫ്രിഡ്ജില്‍ വരണ്ടതായിരുന്നു. അവര്‍ അതാണ്‌ കളഞ്ഞുകുളിച്ചത്‌.പിന്നെ മുത്തശ്ശനോ. മൂപ്പിലാന്‍ അതിലും പുലിയായിരുന്നു. ഉത്സവപറമ്പുകളില്‍ തത്തേവിട്ട്‌ കാര്‍ഡ്‌ എടുക്കുന്ന കളി മൂപ്പരാണത്രെ തുടങ്ങിയത്‌. കവിയുമായിരുന്നു.

ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും
തത്തമ്മ തത്തമ്മ തന്നെ പാരില്‍

എന്ന കാവ്യം അദ്ദേഹമാണത്രെ രചിച്ചത്‌. ഒന്നാം ലോകമഹായുദ്ധത്തിലാണ്‌ മൂപ്പര്‍ക്ക്‌ നോബെല്‍സമ്മാനം കളഞ്ഞുപോയത്‌. ഇനി മുത്തശ്ശന്റെ അച്ഛനോ. മൂപ്പര്‍ക്ക്‌ കവടിനിരത്താന്‍ കവടിപോലും വേണ്ടായിരുന്നു എന്നാണ്‌ റ്റോയന്‍ബി പറഞ്ഞിരിക്കുന്നത്‌. പക്ഷെ മൂപ്പിലാന്‌"

ഒരുനിമിഷത്തെ മൗനത്തിനുശേഷം കുട്ടന്‍ ചോദിച്ചു. " മാഷെ മാഷിന്‌ കാര്യം പിടികിട്ടിയൊ?

" ഇറ്റീസ്‌ ഈസി മൈഡിയര്‍ കുട്‌സണ്‍ ഞാനിപ്പോള്‍ ഷെര്‍ലോക്‌ ഹോംസ്‌ കഥകളാണ്‌ വായിക്കുന്നത്‌.ബൈദ്ബൈ മിസ്റ്റര്‍ കുട്‌സണ്‍ നിങ്ങള്‍ കഞ്ചാവുബീഡിയാണ്‌ വലിക്കുന്നത്‌ എന്നു ഞാന്‍ മനസ്സിലാക്കുന്നു."

" ഒരു ബീഡി ഒണ്ടേല്‍ താടാ ഉവ്വേ" പുറകില്‍ കതിന കൊണ്ടുവെച്ചിട്ട്‌ വെടിക്കാരന്‍ പറഞ്ഞു.