എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Thursday, November 27, 2008

സഞ്ചാരസാഹിത്യം ഒന്നാം തവണ

വിളിവന്ന കാലം മലയാളിക്ക്‌ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ തുലോം കമ്മിയായിരുന്നു. മൈസൂര്‍, ബാംഗ്ലൂര്‍ ഊട്ടി അല്ലെങ്കില്‍ മധുരയിലും പഴനിയിലും ചെയ്തുകൂട്ടുന്ന പാപങ്ങള്‍ കൊടൈകനാല്‍ തടാകത്തിനുചുറ്റും വട്ടം ചുറ്റിക്കളയും . ഓഫ്‌ സീസണിലായിരുന്നു ചുറ്റിക്കളി കൂടുതല്‍ . വഴിപാടിനുള്ള തുക കമ്മി മതിയായിരുന്നേ.അക്കാലം മലചവിട്ടാന്‍ പോയിരുന്ന മലയാളികളും കമ്മിയായിരുന്നു. ഭാഗ്യത്തിനെങ്ങാനും മലചവിട്ടിക്കേറാന്‍ പറ്റിയാല്‍ ആ ഭാഗ്യം കൊണ്ടുതന്നെ തിരിച്ചിറങ്ങി പത്ത്‌ പുത്തന്‍ ചെലവാക്കി സഞ്ചാരസാഹിത്യം പടച്ച്‌ പേരും പണവും ഉണ്ടാക്കിയിരുന്നുമില്ല . ഒരുപ്പോക്ക്‌ പോകുന്നതിന്‌ കാശിക്ക്‌ പോകുക എന്നുതന്നെയാണ്‌ അന്നും പറഞ്ഞിരുന്നത്‌.

എന്നിട്ടും പ്രകൃതിയുടെ വിളിവന്നു. വിളിക്ക്‌ പ്രത്യേകിച്ച്‌ ഹേതുവൊന്നും കണ്ടതുമില്ല അനുശ്ശന്‍ കാക്കനാടന്റെ പുസ്തകം പലതവണ വായിച്ച്‌ രോമാഞ്ചക്കുപ്പായമീറനാക്കിയതും പിന്നീടാണ്‌. ചെഞ്ചമ്മേ എന്നുവെച്ചാല്‍ നല്ലവണ്ണം വായിച്ച്‌ എന്നുതന്നെ. ലോകസഞ്ചാരിയുടെ
" മട്ടാഞ്ചേരിയില്‍ ചെന്നിറങ്ങിയപ്പോള്‍തന്നേ ആദ്യം കണ്ട പബ്ബില്‍ക്കയറി കോര്‍ബെറ്റിനൊപ്പം ബീരുകുടിച്ചു. മേനക ഛട്ടിയിലെത്തിയപ്പോള്‍ കനത്തമഴ ഓടി വിക്രംസിംഗ്‌ നേഗിയുടെ ചായക്കടയില്‍ കയറി തണുപ്പുസഹിക്കാന്‍ മേലാതെ കൂടെയുണ്ടായിരുന്ന റാവൂബഹാദൂര്‍ അടുപ്പിനകത്തേയ്ക്കുകയറി പിന്നെ ഇറങ്ങിവന്നില്ല ചായകുടിച്ചു പുറത്തേക്കിറങ്ങി ചായക്ക്‌ ഒരണ ചാ യയ്കൊക്കെ ഇപ്പോള്‍ എന്താ വില "

എന്ന മട്ട്‌ ഉള്ള വിളികൂടി കളയുകയും ചെയ്യും എന്നിട്ടും വിളി വന്നു വിളി കലശലായപ്പോള്‍ ഓടി രഘുവിന്റെ അടുത്തുചെന്നു

" എന്റെ, രഘുവേ, വിളിവന്നിട്ട്‌ ഒരു രക്ഷേമില്ല, വിട്ടാലോ?

" വിളിവന്നല്ലോ, പിന്‍ വിളി വിളിക്കാന്‍ ആരുമില്ലതാനും. എന്നാല്‍ വിട്ടേയ്ക്കാം" അവന്‍ പറഞ്ഞു

നല്ലദിവസം നോക്കി രാഹുകാലവും നോക്കി ബാങ്കിന്റെ പടികള്‍ ചവിട്ടിക്കയറി പ്രസന്നകുമാറിന്റെ മുന്നില്‍ചെന്ന് താണുവണങ്ങി നൂറ്റൊന്നുരൂപയും വെറ്റിലയും പാക്കും ദക്ഷിണ കൊടുത്തിട്ട്‌ പറഞ്ഞു

" മല ചവിട്ടിയാല്‍ കൊള്ളാമെന്നുണ്ട്‌ ഉപദേശങ്ങള്‍ തന്ന് അനുഗ്രഹിക്കണം കെട്ട്‌ ഒന്ന് മുറുക്കിത്തരണം "

ഉപദേശങ്ങള്‍ തരുന്നതിനിടയില്‍ പെരിയസ്വാമി പറഞ്ഞു " അവിടെ നല്ല തണുപ്പാണ്‌ ഐസ്‌ അന്വേഷിച്ച്‌ വേറെങ്ങും പോകണ്ട"

കെട്ടും മുറുക്കി റോഡിലെത്തിയപ്പോളാണ്‌ രഘു പറഞ്ഞത്‌ " ബ്ലയിസിനും വിളിവന്നോന്നൊരു ശങ്കയുണ്ട്‌
ശങ്കതീര്‍ത്ത്‌ വിട്ടേക്കൂ
, വില പിന്നെ തരാമെടാ"

( ബ്ലയിസ്‌ ഡയറിയില്‍ ഇങ്ങിനെ എഴുതി)

മല കയറാനുള്ള വിളിവന്ന ഉടനെ കെട്ടുമുറുക്കാനിരുന്നു. അപ്പോളാണ്‌ ഫോണടിച്ചത്‌. നാശം എന്നുപറഞ്ഞുകൊണ്ട്‌ പോയി ഫോണെടുത്തു മറുതലയ്ക്കല്‍നിന്ന് വാര്യര്‍ പറഞ്ഞു.
" അവിടെ നല്ല തണുപ്പാണ്‌ ചൂട്‌ വെള്ളം കുടിക്കേണ്ടിവരും ഐസെടുക്കണ്ട ആന്ധ്രയില്‍കടക്കുമ്പോള്‍ ഉരുകും"
ഫോണ്‍ വെച്ച്‌ തിരിഞ്ഞപ്പോളാണ്‌ തൊഴുത്തില്‍ നില്‍ക്കുന്ന കുതിരകള്‍ക്ക്‌ കൊടുക്കാന്‍ കരുതിവെച്ചിരുന്ന റമ്മിനേക്കുറിച്ചോര്‍ത്തത്‌ കയ്യോടെ മൂന്ന് സ്പടികകുപ ്പികള്‍ കെട്ടിലിറക്കിവെച്ചു. കെട്ടുമുറുക്കി പിന്തിരിഞ്ഞുനോക്കാതെ പാതയിലേയ്ക്കിറങ്ങിയപ്പോള്‍ നല്ല ഒരു ശകുനം നെരേമുന്നില്‍ വന്ന് ചോദിച്ചു

" അല്ല മോനേ ഇതെന്നാ കാശിക്കോ വല്ലോം പോവ്വാണോ?"

നല്ലശകുനം കണ്ട സന്തോഷത്തില്‍ പത്തുരൂപ അവര്‍ക്കുകൊടുത്തിട്ട്‌ ഏഴാംക്ലാസ്സിലെ സാമൂഹ്യപാഠത്തിലെ ഒരുവാചകം പറഞ്ഞു

" ഭാരതത്തിന്റെ വടക്കേ അതിരിലെ കയ്യാല മഞ്ഞുമൂടിയ ഒരു പര്‍വതമാകുന്ന ു"

" ഗംഗയാറൊഴുകുന്ന
നാട്ടിലേക്കിന്നൊരു
കെന്തര്‍വന്‍
പുറപ്പെട്ടു പോണൂ
ഇന്നൊരു കെന്തര്‍വന്‍
ഒരുമ്പെട്ടു പോണൂ"

ശകുനം പുറകില്‍നിന്ന് ഫിലിമീഗീത്‌ പാടിയതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ വ ലിച്ചുനടന്നു. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ ഫോമില്‍ വലതുകാല്‍ കുത്തി കുത്തിയില്ല എന്നായപ്പോള്‍ മൈക്കില്‍കൂടി ഒരു സ്ത്രീ ശബ്ദം അലറി

" യാത്രക്കാരുടെ ശ്രദ്ധക്ക്‌ തലസ്ഥാനത്തുനിന്ന് തലസ്ഥാനം വരെ പോകുന്ന 2625 ആം നമ്പര്‍ കേരളാ എക്സ്പ്രസ്സ്‌ ഇതാ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ ഫോമിലേയ്ക്ക്‌ പ്രവേശിച്ചുകൊണ്ടിരിക്കുന്നു"

അപ്പോള്‍ ഭാണ്ഡക്കെട്ടുമായി അടുത്തുവന്ന് വാര്യര്‍ പറഞ്ഞു
" അങ്ങിനെ ഒരു യാത്ര തുടങ്ങുകയാണ്‌ അല്ലേ സ്വാമീ

അസ്ത്യുത്തരസ്യാം ദിശിദേവതാത്മാ
ഹിമാലയോ നാമാ നഗാധിരാജാ:
പൂര്‍വ്വാപരൗ വാരിനിധീവഗാഹ്യ
സ്ഥിത: പ്രിഥീവ്യാ ഇവ മാനദണ്ഡാ"


അനുബന്ധം


കയ്യെഴുത്തുകള്‍പ്രിറ്റ്‌ വായിച്ചിട്ട്‌ അവള്‍ പറഞ്ഞു
" മൂന്ന് അശുഭമാകുന്നു. വിളിവന്നകാലം സാഹിത്യത്തില്‍ തമാശക്കാരുണ്ടായിരുന്നല്ലോ കണ്ണുവെയ്ക്കാതിരിക്കാനെങ്കിലും ഒരു നാലാമന്‍ വേണ്ടേ ചാതുര്‍വര്‍ണ്ണ്യത്തില്‍ നാലാമതായിട്ടൊ, നാലാംവേദക്കാരനായിട്ടൊ എങ്കിലും ഒരാള്‍"

അപ്പോള്‍ വെളുക്കെ ചിരിച്ചുകൊണ്ട്‌ സഞ്ചാരസാഹിത്യത്തിലേക്ക്‌ അവന്‍ കടന്നുവന്നു


Thursday, November 6, 2008

വരുമോരോ ദശ

അങ്ങിനെയിരിക്കെ ഒരുനാള്‍ ഭാഷയില്‍ ഒരു ഈ മെയില്‍ വന്നു.

" ഭഗവാനേ, ആന കറുത്തിട്ടാണല്ലോ, അവിടുന്നാണെങ്കില്‍ കാര്‍വര്‍ണ്ണനും, ആമ അവിടത്തേ അവതാരവുമാണല്ലോ. അനുഗ്രഹിക്കണം അവിടുന്ന് മാത്രമാണൊരാശ്രയം"

മെയില്‍ വായിച്ചുകഴിഞ്ഞയുടനെ പൂന്താനംതിരുമേനിയെ അടുത്തുവിളിച്ച്‌

" എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും"

എന്ന് മറുമെയില്‍ അയയ്ക്കാന്‍ കല്‍പ്പിച്ചു

1

ചാരുകസേരയില്‍ അനന്തശായിയായി കിടക്കുകയായിരുന്നു.അപ്പോള്‍ കാല്‍ക്കല്‍ ഇരുന്നുകൊണ്ട്‌ ദേവി ചോദിച്ചു

" നാഥാ, അവിടുത്തേ, ആന ചങ്ങല പൊട്ടിച്ച്‌ ബ്ലോഗ്ഗില്‍ കയറിയിട്ട്‌ ഒരുവര്‍ഷം തികഞ്ഞില്ലേ, ആഘോഷം വേണ്ടേ?"

അപ്പോള്‍ അടുത്തുകിടന്ന അന്നേദിവസത്തെ പത്രത്തില്‍നിന്ന് കുറച്ച്‌ വെണ്ടയ്ക്ക എടുത്ത്‌ ദേവിക്കുകൊടുത്തു വെണ്ടയ്ക്ക കൈപ്പറ്റികൊണ്ട്‌ ദേവി പറഞ്ഞു " വെണ്ടയ്ക്ക തന്നത്‌ നന്നായി, പച്ചക്കറികള്‍ക്കൊക്കെ ഇപ്പോള്‍ എന്താ വില" തുടര്‍ന്ന്ദേവി വെണ്ടയ്ക്ക നിരത്തിവായിച്ചു

" ലോക്കല്‍ പോലീസില്‍ പോലും ഒരു കറുത്തവന്‍ ഇല്ലെന്നിരിക്കെ , ലോക പോലീസില്‍ ഒരു കറുത്ത എസ്സൈ പിറന്നിരിക്കുന്നു "

പത്രം മടക്കിവെച്ച്‌, ഭക്ത്യാദരപൂര്‍വ്വം കണ്ണുകള്‍ അടച്ച്‌ ദേവി പറഞ്ഞു " ഭഗവാനേ, അവിടുത്തേ ലീലാവിലാസാങ്ങള്‍ ആര്‍ക്കാണ്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌ "

ഉടന്‍ തന്നെ പൂന്താനം തിരുമേനിയേ വിളിച്ചുവരുത്തി

" രണ്ടുനാലുദിനം കൊണ്ടൊരുത്തനേ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍"

എന്ന് ഓലയിലാക്കാന്‍ കല്‍പിച്ചു