എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Tuesday, February 19, 2008

Gajadaasan

പ്രാര്‍ത്ഥന
ശ്രീ പദ്മനാഭാ
ശ്രീ ശിവസുന്ദരാ
കോങ്ങാട്ട്ശ്രീയാം
കുട്ടിശ്ശങ്കരാ
കളഭശ്രേണിതന്‍
കളഭക്കുറികളാം
കളഭവീരരേ
പാഹിമാം പാഹിമാം
കുഴിഗജങ്ങളിലാണു തുടക്കം .മുറ്റത്തെവാരിക്കുഴികളില്‍നിന്നു ഗജങ്ങളെ മുകളില്‍ വലിച്ചു കേറ്റി വളരെ വാത്സല്യത്തോടെ വാലില്‍പിടിച്ച്‌ തലയ്ക്‌മീതേ മൂന്നുവട്ടംകറക്കി പാറയില്‍ അടിച്ചുകൊന്നുകൊണ്ട്‌ .അവറ്റകള്‍ പുറകോട്ടോടുന്ന ശീലക്കരായതുകൊണ്ട്‌ പില്‍കാലം സ്വന്തം കാലില്‍ നില്‍പും നടപ്പുമായപ്പോള്‍ കരികളഭവീരന്മാരുടെ പിന്നില്‍ തന്നെയാക്കി നില്‍പ്‌ .ഗജാനനത്തിന്റെ മറുവശം ഗജാസനം എന്നും കണ്ടുപിടിച്ചു. ഗജരാജവിരാജിതമന്ദഗതി എന്നും പറഞ്ഞ്‌ ചിലരുടെ പിന്നാലെയും നടന്നുനോക്കി
മുത്തഛന്റെ കാലം മുതല്‍ കലാകാരന്മാരെ തടയാതെ നടക്കാന്‍ മേലാത്ത അവസ്ഥയായിരുന്നു തറവാട്ടില്‍ ചിത്രമെഴുത്തും കളമെഴുത്തും നിലത്തെഴുത്തുമൊക്കെയായി അവര്‍ ആശാന്മാരായി .ഒന്നും എഴുതാന്‍ കിട്ടാതെ വരുമ്പോള്‍ ആധാരങ്ങളെഴുതി പണയംവെച്ചു .അങ്ങിനെ പെരുവഴിയാധാരത്തിന്റെ വക്കുവരേയും എത്തി
അഛന്‍ വില്‍പത്രമെഴുതിയപ്പോള്‍ ജ്യേഷ്ടനു കളിഭ്രാന്തും അനിയനു ആനപ്രാന്തും എഴുതിവെച്ചു
കളിഭ്രാന്ത്‌ വീതമായികിട്ടിയവന്‍ ചിത്രമെഴുത്ത്‌ മാറ്റിവെച്ചിട്ട്‌ ചിത്രമെടുപ്പാക്കി കല. ടിയാന്റെ സ്വപ്നത്തില്‍ പൂതന കൃഷ്ണന്‍ നായരും മറ്റും നിറഞ്ഞുനിന്നു .ദിവാസ്വപ്നത്തില്‍ ഗോപി എന്ന ആശാനും .വിവരമറിഞ്ഞ മഹാകവി വള്ളത്തില്‍ തിരുനക്കരവന്ന് ടിയാനു പേരിനുമുന്നില്‍ കലാമണ്ഡലം എന്ന വിശേഷണം ചാര്‍ത്തിക്കൊടുത്തു
ആനപ്രാന്തന്‍ അനിയന്‍ അവകളുടെ ചിത്രമെടുത്തു പൂജചെയ്തു .വിവരാന്വേഷികളോട്‌ ഇപ്രകാരം പറഞ്ഞു
ഇഷ്ടദൈവം ശ്രീ ഗുരുപവനപുരം പദ്മനാഭന്‍
ഇഷ്ട കളഭം കളഭകേസരി ശ്രീ ശ്രീ തിരുവമ്പാടി ശിവസുന്ദരസുന്ദരന്‍
ഇഷ്ടഗജം ശ്രീ ഗുരുവായൂര്‍ വലിയകേശവ പെരുമാള്‍
ഇഷ്ടസുഹ്രുത്ത്‌ ഹാത്തി മേരാ സാഥി അഥവ കോങ്ങാട്‌ കുട്ടിശങ്കരന്‍ മാഷ്‌ എന്നിങ്ങനെ
പൂരപറമ്പുകളില്‍ തെണ്ടിനടന്നപ്പോള്‍ ഗജറാണി വാമഭാഗം കളഭമ്മ ഇടഞ്ഞു അവളെ മൂന്നുവട്ടം മയക്കുവെടി വെച്ച്‌ തളച്ചു
ഇങ്ങനെയെല്ലാം പ്രാന്തുകള്‍ മൂത്തപ്പോള്‍ ഒരു ഉത്സവകാലം അമ്പലകമ്മറ്റി അമ്പലവാസിക്കു ഒരു പട്ടം കൊടുത്തു ഗജരത്നം കേസരി രാജന്‍ മാണിക്യം എന്നൊക്കെപ്പോലെ ഒന്ന് .പേരെഴുതിയ ഒരു ചങ്ങല കഴുത്തിലും
ഇവന്‍ ഗജദാസന്‍
ഗജദാസന്‍ ശ്രീ കേ ഉണ്ണികൃഷ്ണവാര്യര്‍ .

Sunday, February 10, 2008

Maash 2

വാര്യരുടെ കഥ വെച്ചുള്ള കളിയായിരുന്നു .നളചരിതം ഏതോ ദിവസം .അതിനും മുന്‍പെ മേളപ്പദം .തലയെടുപ്പുള്ള കൊമ്പന്മാരായിരുന്നു മേളക്കാര്‍
.മാരാര്‍ ചെണ്ടയും തൂക്കി വരുന്നതുകണ്ടപ്പോള്‍ പൊതുവാള്‍ പറഞ്ഞു
.കുട്ടനുണ്ടോ ? എങ്കില്‍ ഞാന്‍ ഇലത്താളം എടുക്കാം .
പിന്നെ ഒരു കാലം പൂരാവേശക്കമ്മിറ്റിയിലെ ഒരു ഭടന്‍ വടക്കുനോക്കിപ്പോയി .അങ്ങ്‌ വടക്ക്‌ തെച്ചിക്കോട്ട്‌കാവുവരെ .എന്നിട്ട്‌ രമചന്ദ്രപ്രഭുവിനെ നേരില്‍കണ്ട്‌ താണുവണങ്ങി തേരിലേറ്റി പൂരപറമ്പിലെത്തിച്ചു .ഭഗവതിയുടെ കോലം വെക്കാന്‍ .
തേരില്‍നിന്നിറങ്ങി ഉയര്‍ന്ന പീഠത്തില്‍ രമചന്ദ്രപ്രഭു ആസനസ്ഥനായപ്പോള്‍ ഭടന്‍ പെരുമ്പറ കൊട്ടി വിളമ്പരം ചെയ്തു
.പൂരപറമ്പുകളുടെ മാരന്‍ സാക്ഷാല്‍ രാമചന്ദ്രപ്രഭു ഇതാ എഴുന്നള്ളിയിരിക്കുന്നു ആറപ്പോ ഹിയ്യോ ഹിയ്യോ
ഒരോരോ പ്രാന്തന്മാര്‍ മുഖം കാണിച്ച്‌ ഒഴിഞ്ഞപ്പോളാണ്‌ ഒരു മൂലയില്‍ ഒതുങ്ങിനിന്ന വിനയാന്വിതനെ പ്രഭു കണ്ടത്‌
ആരവിടെ?
അടിയന്‍ തേവരുടാന
ഒരു മംഗളശ്ലോകം ചമച്ചിട്ടുണ്ട്‌ തിരുവുള്ളമുണ്ടായി കേള്‍ക്കുമാറാകണം
പ്രഭു സമ്മതഭാവത്തില്‍ ചെവിയാട്ടിപ്പോള്‍ വിനയാന്വിതന്‍ ശ്ലോകം വായിച്ചു
ലക്ഷം ലക്ഷം കരിജന്തുക്കളില്‍
ലക്ഷണമൊത്തവ ഒന്നോ രണ്ടോ
ലച്ചണമൊത്ത കരിജന്തുക്കളില്‍
തെച്ചിക്കോടനു ഒന്നാം സ്ഥാനം
പ്രഭു സന്തുഷ്ടചിത്തനായി വിനയാന്വിതന്റെ തോളില്‍തട്ടി
അകലെ പാടവരമ്പിന്റെ അങ്ങേതലക്കല്‍ ഒരു തേര്‌ കടന്നുവന്നു .എവിടെനിന്നോ വന്ന ചില കരിജന്തുക്കള്‍ പ്രഭുവിനെ വണങ്ങി പൂരപറമ്പിന്റെ മൂലയില്‍ ഒതുങ്ങിനിന്നു. ഭടന്‍ വീണ്ടും പെരുമ്പറ തോളില്‍ക്കയറ്റി .രമചന്ദ്രപ്രഭു അതൊന്നും കണ്ടില്ല .പാടവരമ്പത്ത്‌ തേര്‌ അടുത്തുകൊണ്ടിരുന്നു. തേരില്‍നിന്നു മിഴിമാറ്റാതെ പ്രഭു പീഠത്തില്‍ നിന്നു പതുക്കെ എഴുന്നേറ്റു പടികളില്‍ കൂടി താഴെ ഇറങ്ങി .
എങ്കില്‍ ഞാന്‍ വലത്തുനില്‍ക്കാം
ആ ആത്മഗതം ഭടന്‍ കേട്ടു .വിനയാന്വിതനും
അപ്പോള്‍ അവര്‍ക്കരികില്‍ വന്നുനിന്ന തേരില്‍നിന്ന്‌ വലത്തുകാല്‍ വെച്ച്‌ പൂരപറമ്പിലേക്കിറങ്ങി മാസ്റ്റര്‍ മഹാശയന്‍
സാക്ഷാല്‍ കോങ്ങാട്‌ കുട്ടിശ്ശങ്കരന്‍ മാഷ്‌