എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Thursday, March 19, 2009

ഗജേന്ദ്രമോക്ഷം രണ്ടാമദ്ധ്യായം





ക്ഷേത്രത്തിലെ കഴകം കഴിഞ്ഞ്‌ തറവാട്ടിലെത്തിയ വാര്യര്‍ക്ക്‌ കല്ലുവെട്ടാംകുഴിയില്‍ കിടന്ന് ഒരു കൊമ്പനാനയേ കിട്ടി. വന്യജന്തു, നാട്ടാന പരിപാലനനിയമത്തിനേക്കുറിച്ചൊക്കെ ഏകദേശം കേട്ടിട്ടുള്ള വാര്യര്‍ ആദ്യം ഒന്ന് അന്ധാളിച്ചെങ്കിലും മിണ്ടാപ്രാണിയോടുള്ള സഹതാപതരംഗം കാരണം അതിനെ എടുത്ത്‌ തൊഴുത്തില്‍ കെട്ടി.കുടുംബം വൈറ്റ്‌ ഹൗസ്‌ ആകാതിരിക്കാന്‍ പാപ്പാന്‍ ഗോവിന്ദനെ വിളിച്ചുവരുത്തി


. തുടര്‍ന്ന് വായിക്കുക




അതിരാവിലെ എഴുന്നേറ്റ്‌ കിടന്ന പായ്‌ ചുരുട്ടി അകത്തേയ്ക്ക്‌ വലിച്ചെറിഞ്ഞിട്ട്‌ കിണറ്റിങ്കരയിലേക്ക്‌ നടന്നു. കിരുകിരാന്ന് കപ്പിയുടെ ശബ്ദം കേള്‍പ്പിച്ചുകൊണ്ട്‌ വെള്ളം കോരി കാലും മുഖവും കഴുകുമ്പോള്‍ അന്നേദിവസം ക്ഷേത്രത്തില്‍ പാല്‍പായസത്തിന്‌ കൂടുതല്‍ ശീട്ടുണ്ടല്ലോ എന്ന ചിന്തയായിരുന്നു. ഉപദംശമായി പാല്‍ തികയുമോ എന്ന ചിന്തയുമുണ്ടായിരുന്നു. തൊഴുത്തിലേക്ക്‌ നടന്നപ്പോള്‍ പാല്‍ തികഞ്ഞില്ലെങ്കില്‍ കിണറ്റില്‍ ആവശ്യത്തിന്‌ വെള്ളമുണ്ടല്ലൊ എന്നാശ്വസിക്കുകയും ചെയ്തു.




തൊഴുത്തില്‍ചെന്ന്, പശുവിന്റെ ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലിരുന്ന കൊതുകുകളെ ആട്ടിയോടിച്ച്‌ മൊന്തയിലുള്ള വെള്ളം അകിടില്‍ തളിച്ച്‌ ഒരു സാമ്പിള്‍വലി വലിച്ചപ്പോളാണ്‌ തലേന്ന് തൊഴുത്തില്‍ കെട്ടിയിരുന്ന ആനയേക്കുറിച്ചോര്‍ത്തത്‌ . നോക്കിയപ്പോള്‍ ആന കിടന്നിടത്ത്‌ പൂട പോലുമില്ല. അന്യജീവിയേ കണ്ട സന്തോഷത്തില്‍ പശു കൂടുതല്‍ ചാണകം ഇട്ടും വെച്ചിരുന്നു. തറ മെഴുകാന്‍ കൂടുതല്‍ ചാണകമായല്ലോ എന്നാണാദ്യം സന്തോഷിച്ചത്‌. ആന പോയതുകൊണ്ട്‌ ഇനി നാട്ടാന പരിപാലനസംഘത്തിനെ ഭയപെടണ്ടല്ലോ എന്നുനിനച്ചും സന്തോഷിച്ചു. പെട്ടന്നാണ്‌ നെട്ടൂപെട്ടിയില്‍ നിന്ന് ഒരുകടലാസ്സ്‌ കീറി ഗോവിന്ദന്റെ കയ്യില്‍കൊടുത്തത്‌ ഓര്‍ത്തത്‌. പത്തുപറ കണ്ടമാണ്‌ കീറി ഗോവിന്ദന്റെ കയ്യില്‍കൊടുത്തത്‌. നെഞ്ചത്ത്‌ കൈവെച്ച്‌ ഉറക്കെ വിളിച്ചുപോയി.




" എന്റെ ഗോവിന്ദാ, ചതിക്കല്ലേ"




വഴിപാടുപോലെ, കറവ നടത്തി, കിണറ്റില്‍നിന്ന് ഒരുപാള വെള്ളം കോരി മൊന്തയിലൊഴിച്ച്‌ വരാന്തയില്‍ ചെന്ന് തൂണും ചാരിയിരുന്നു. തലേല്‍കെട്ടിയിരുന്ന തോര്‍ത്തെടുത്ത്‌ പലവട്ടം വീശിയിട്ടും പരവേശം മാറിയില്ല. അടുക്കളേന്ന് പാത്രങ്ങളുടെ ശബ്ദംകേട്ടപ്പോള്‍ അകത്തേയ്ക്ക്‌ നീട്ടിവിളിച്ചു.




" എടിയേ"




" അതിരാവിലേ എന്തിനാ ഇങ്ങിനെ തൊള്ളതുറക്കുന്നത്‌? ഞാനീ വെള്ളമൊന്ന് അനത്തിക്കോട്ടെ. ആനക്കാര്യമൊന്നുമല്ലല്ലോ?"


"ആനക്കാര്യം തന്നേയാടീ, നീയിങ്ങുവന്നേ"


അടുക്കളേല്‍ പാത്രമെടുത്ത്‌ നിലത്തിടുന്ന ശബ്ദം കേട്ടു. പുറകെ അവള്‍ വരാന്തയിലെത്തി.


" നിങ്ങള്‍ക്കിതെന്താ, ഈ അതിരാവിലെ. ഇതെന്നാ കൂത്താ ഇങ്ങിനെ വിയര്‍ക്കന്‍?"


" എടീ, നീ തൊഴുത്തില്‍ കെട്ടിയിരുന്ന ആനയേ കണ്ടോ? ആ ജന്തുവിനെ അവിടെ കാണുന്നില്ല"


" അതിനെന്താ വരുമോരോ ആന വന്നപോലെ പോം, അതാ ഭഗവാന്റെ ഓരോ ലീലകള്‌"


" അതല്ലെടി, പത്തുപറക്കണ്ടമാ ആ ആനേടെ പേരില്‍ കീറി ഗോവിന്ദന്‍പാപ്പാന്റെ കയ്യില്‍ കൊടുത്തത്‌"


" ങ്ങേ, പത്തുപറ കണ്ടമോ? നമ്മുടെ ഗോവിന്ദനാനയുടെ പേരില്‍ കീറികൊടുത്തന്നോ? ഹെന്റെ ഭഗവാനേ" അവള്‍ക്ക്‌ കാര്യഗൗരവം കുറച്ചു താമസിച്ചാണ്‌ കിട്ടിബോധിച്ചത്‌. തലയ്ക്ക്‌ കയ്യും കൊടുത്ത്‌ തൂണേല്‍ ചാരി താഴോട്ട്‌ ഊര്‍ന്നപ്പോള്‍ അവളോട്‌ ചോദിച്ചു.




" ഏതു നമ്മടെ? ഏത്‌ ഗോവിന്ദനാന? പാപ്പാന്‍ ഗോവിന്ദന്റെ കാര്യമാ ഞാന്‍ പറഞ്ഞത്‌"


"നിങ്ങളല്ലെ, ഇന്നലെ രാത്രിയില്‍ കടുമ്പായസം വഴിപാടു കഴിപ്പിച്ചിട്ട്‌ അതിനുകൊടുത്തിട്ട്‌ അതിനെ ഗോവിന്ദാ കാത്തുകൊള്ളണേന്ന് പറഞ്ഞ്‌ പേരിട്ട്‌ വിളിച്ചത്‌?"


" ഏത്‌ പേര്‌, പത്തുപറക്കണ്ടമാ ഗോവിന്ദാ സൂക്ഷിക്കണം എന്ന് പാപ്പാനേ കരുതി പറഞ്ഞതാ. അല്ലാതെ ആനയ്ക്ക്‌ പേരിടീലും ചോറൂണുമൊന്നും നടത്തിയതല്ല.നാടകം കണ്ടാമാത്രം മതി എന്നുപറഞ്ഞപ്പോള്‍ അതിങ്ങിനെ ചവിട്ടുനാടകമാണെന്ന് ആരെങ്കിലും കരുതിയോ?


മനസ്സില്‍ തീയായിരുന്നതുകൊണ്ട്‌ അന്ന് അടുപ്പില്‍ തീയില്ലാതെപോയി. കുളിയെല്ലാം കഴിഞ്ഞ്‌ ക്ഷേത്രത്തില്‍ പോയിട്ടും എല്ലാം വഴിപാടുപോലെയായി. മാലക്കെട്ടുമെല്ലാം ഒരു വഹയായി. നിവേദ്യം കഴിഞ്ഞ്‌ മാരാര്‌ അടുത്ത്‌ ചെന്ന് ചോദിച്ചു.


" എന്താ, വാര്യരേ ഒരു പന്തികേട്‌?"


" ഏയ്‌, ഒന്നുമില്ല, എല്ലാം ഗോവിന്ദന്റെ പണിയാണേ"


" അതേയതെ, എല്ലാം ഭഗവാന്റെ ഓരോ ലീലകള്‌. ഗോവിന്ദാ മാധവാ സച്ചിതാനന്ദാ നാരായണാ ഹരേ" മാരാര്‌ ശ്രീകോവിലിലോട്ട്‌ നീട്ടിവിളിച്ചു.


ഉച്ചയ്ക്ക്‌ തറവാട്ടില്‍ ചെന്ന് പടച്ചോറിനും മുകളില്‍ തോര്‍ത്തും വിരിച്ചുകിടന്നു. മനോരാജ്യങ്ങളിലൊന്നും സഞ്ചരിച്ചില്ല. പത്തുപറക്കണ്ടത്തില്‍ മാത്രമായിരുന്നു മനസ്സിന്റെ യാത്ര. യാത്രചെയ്ത്‌, യാത്രചെയ്ത്‌ ക്ഷീണിച്ചപ്പോള്‍ അറിയാതെ ഉറങ്ങിപ്പോയി.


ഒരു കുടം വെള്ളത്തിനു മുകളില്‍ അലര്‍ച്ച കേട്ടാണുണര്‍ന്നത്‌.


" ചൂടുവാര്‍ത്ത, ചൂടുവാര്‍ത്ത"




( തുടരും)













Saturday, March 14, 2009

ഗജേന്ദ്രമോക്ഷം ഒരു തുടര്‍ക്കഥ അഥവ വായനക്കാരന്റെ ശിരോലിഖിതം

അദ്ധ്യായം ഒന്ന്
ഉച്ചപൂജ കഴിഞ്ഞ്‌ നടയടച്ച്‌, തറവാട്ടില്‍ വന്ന്, കുശാലായി ഉണക്കലരികൊണ്ടുള്ള പടച്ചോറ്‌, സമൃദ്ധമായി ജീരകവെള്ളോം പച്ചമുളകും ഉപ്പ്‌ ആവശ്യത്തിനും കൂട്ടി ഉണ്ടിട്ട്‌ വരാന്തയില്‍ തോര്‍ത്തും വിരിച്ച്‌ പലേ മനോരാജ്യങ്ങളിലും സഞ്ചരിച്ച്‌ കിടക്കുകയായിരുന്നു. മയക്കത്തിലോട്ട്‌ വീഴുന്നതിനിടയില്‍ നാലുകെട്ടിന്റെ പുറകില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടു. ആദ്യം ചക്ക വീണിട്ട്‌ മുയല്‍ ചത്തതാണെന്നാണ്‌ കരുതിയത്‌. കരച്ചില്‍ പിന്നെയും കേട്ടപ്പോള്‍ ചാടിയെഴുന്നെറ്റ്‌ തോര്‍ത്ത്‌ കുടഞ്ഞ്‌ തോളിലിട്ട്‌ നാലുകെട്ടിന്റെ പുറകിലോട്ട്‌ നടന്നു. ഭാഗ്യം ചക്കയൊന്നും വീണിട്ടില്ല ആയതിനാല്‍ മുയലുകളൊന്നും ചത്തിട്ടുമില്ല.ചത്തിരുന്നെങ്കില്‍ ഇറച്ചിമസാല മേടിക്കാന്‍ പണമുണ്ടാക്കേണ്ടിവന്നേനേ. പക്ഷെ ശബ്ദം കേട്ടതാണല്ലൊ. പുരികം ചുളിച്ച്‌ ഒന്നുകൂടി നോക്കി. ദേ കിടക്കുന്നു കല്ലുവെട്ടാങ്കുഴിയില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ ഒരു കൊമ്പനാന.വനപാലകരെങ്ങാനുമറിഞ്ഞാലോ എന്നാണാദ്യം ശങ്കിച്ചത്‌ എങ്കിലും മിണ്ടാപ്രാണിയുടെ കിടപ്പ്‌ കണ്ടപ്പോള്‍ സഹതാപം തോന്നി. പിന്നെ ശങ്കിച്ചില്ല രണ്ടും കല്‍പ്പിച്ച്‌ കയ്യോടെ ആനയെ തുമ്പിക്കയ്യില്‍ പിടിച്ച്‌ കുഴിയില്‍നിന്ന് വലിച്ചുകേറ്റി തൊഴുത്തില്‍ കൊണ്ടുക്കെട്ടി കുറച്ച്‌ പുല്ലും വൈക്കോലും ഇട്ടുകൊടുത്തു.വീണ്ടും വരാന്തയില്‍ തോര്‍ത്തുവിരിച്ച്‌ നടുചായ്ച്ചപ്പോള്‍ നടുത്തളത്തില്‍നിന്ന് അവള്‍ പറഞ്ഞു.
" നേരാംവണ്ണം നോക്കിയാല്‍ പണംകായ്ക്കുന്ന മൃഗമാണ്‌ ആന, പൊന്മുട്ടയിടുന്ന മൃഗവും. ഗോവിന്ദന്‍പാപ്പാനേ വിളിക്കണം. മുത്തച്ഛന്റെ പാപ്പാനായിരുന്നു.മാതംഗലീല കാണാതറിയാം. ചാണക്യസൂത്രം കണ്ടിട്ടുമുണ്ട്‌."
വിളിച്ചത്‌ കേട്ടപാതി, കേള്‍ക്കാത്തപാതി ഗോവിന്ദന്‍ എത്തി തൊഴുത്തിലേക്ക്‌
നോക്കി
" കണ്ടിട്ട്‌ ആനയുടെ ലക്ഷണമൊക്കെയുണ്ട്‌. വെറുതെ തൊഴുത്തില്‍കെട്ടിയാല്‍ കുടുംബം വെളുക്കും. ഇവിടെയാണേല്‍ വൈറ്റ്‌ വാഷുചെയ്യാന്‍ ഒരു സൂചിക്കുത്തുപോലുമില്ലതാനും"
" പിന്നെ എന്താ ഒരുവഴി?"

" സൂത്രമുണ്ട്‌ ആധാരം നിലവറയില്‍ നെട്ടൂപെട്ടിയിലാണോ അതോ സുരക്ഷിതമായി ബാങ്കിലിരിക്കുകയാണോ?"
" നെട്ടൂപെട്ടിയിലാണ്‌"
" നന്നായി, അന്യന്റെ ആധാരമെന്നുവെച്ചാല്‍ ബാങ്കുകാര്‍ക്ക്‌ ജീവനാണ്‌.പണംകൊണ്ടെറിയണം എന്നാലേ പണത്തേകൊള്ളൂ"

" നാല്‍ക്കാലിയുടെ പത്താംക്ലാസ്സ്‌ ബുക്കും അച്ചുകുത്തിയ കടലാസ്സുമൊക്കെയോ, അതിലെങ്കില്‍ വന്യജന്തുക്കളും സ്ക്വാഡും പിടിക്കത്തില്ലയോ?"
" എത്രയെണ്ണം വേണം? ഫോണൊന്ന് തരണം കുറച്ചു നാടകം കളിക്കാനുണ്ട്‌"
ഫോണെടുത്ത്‌ മുന്നില്‍ കൊടുത്തപ്പോള്‍ ഗോവിന്ദന്‍ അതേലൊന്നു കറക്കി. മറുതയ്ക്കല്‍ ആള്‌ ഹലോ എന്നുപറഞ്ഞപ്പോള്‍ മറുതലയോട്‌ പറഞ്ഞു

" മാഷേ, നാട്ടുപത്രത്തിന്റെ സ്വലേയല്ലേ ഇതു പഴയ ഗോവിന്ദന്‍ പാപ്പാനാണേയ്‌, ഒരുകുപ്പി ഉഗ്രന്‍ നാടനിരിപ്പുണ്ടേയ്‌.നാളെ ഒരു വാര്‍ത്ത കൊടുക്കണം മെയില്‍ ചെയ്യാം അപ്പോള്‍ എല്ലാം പറഞ്ഞപോലെ"
മറുതലയില്‍ സ്വലേ ഫോണ്‍ താഴെയിട്ടപ്പോള്‍ ഗോവിന്ദന്‍ പിന്നെയും ഫോണ്‍ കറക്കി പുതിയ മറുതലയോട്‌ പറഞ്ഞു
" ആശാനേയ്‌ ഇതു പഴയ ഗോവിന്ദന്‍പാപ്പാനാണേയ്‌, നാളെ അവിടെ കാവില്‌ ഉത്സവത്തിനു കൊടികേറുവല്ലിയോ ഭാരവാഹിതന്നെയല്ലിയോ പത്തുചക്രം ഉണ്ടാക്കണ്ടേ? ഒരാനയേ വിട്ടുതരാം വാടക പോക്കറ്റിലാക്കിക്കൊ, രശീതി ആവശ്യത്തിന്‌ എത്രവേണമെങ്കിലും തരാം.ആനയ്ക്ക്‌ പനമ്പട്ടയും ആനപാപ്പാന്‌ വെറുമ്പട്ടയും ആവശ്യത്തിന്‌ കൊടുത്താല്‍മതി.പിന്നെ നാളെയൊരു സ്വീകരണവും രണ്ടുദിവസം കോലവും എന്താ സമ്മതമല്ലേ എങ്കില്‍ ബാക്കിയെല്ലാം വന്നിട്ടുപറയാം"
ഫോണ്‍ താഴെയിട്ടിട്ട്‌ ഗോവിന്ദന്‍ തല ചൊറിഞ്ഞിട്ട്‌ പറഞ്ഞു
" ഇവിടുന്നിനി നാടകം കണ്ടോണ്ടിരുന്നാല്‍ മാത്രം മതി. അതിന്‌ പ്രത്യേകിച്ച്‌ ടിക്കറ്റും വേണ്ട. ബാക്കിയെല്ലാം ഞാനേറ്റു. ഒരു മൊബെയിലെടുത്തുതരണം . ഇവിടത്തേ ഫോണ്‍ നാളെ ഉച്ചകഴിഞ്ഞ്‌ താഴെയെടുത്തിട്ടേയ്ക്കണം വിളിക്കുന്നവര്‍ എംഗേജ്ഡ്‌ ആണന്നേ കരുതാവൂ അപ്പോള്‍ അവര്‍ മറ്റ്‌ എംഗേജുമെന്റുകള്‍ക്ക്‌ പൊക്കോളും"
ഗൊവിന്ദന്‍ പിന്നെയും തലചൊറിഞ്ഞുകൊണ്ട്‌ പര്ങാന്നു

" ഒരുവഴിക്കു പോകുവല്ലേ മടിശ്ശീലയില്‍ വെക്കാന്‍ എന്തെങ്കിലും?"
തോര്‍ത്തിനിന്നെഴുന്നേറ്റ്‌ നിലവറവരെ പോയി നെട്ടൂപെട്ടി എടുത്തോണ്ട്‌ വന്നു.
രാത്രിയില്‍ അത്താഴപൂജയും കഴിഞ്ഞ്‌ നടയടച്ച്‌ പ്രസാദമായികിട്ടിയ ഒരുരുളി കടുമ്പായസം തറവാട്ടില്‍കൊണ്ടുവന്നു. കയ്യോടെ ഒരുരുളയാക്കി തൊഴുത്തില്‍ നില്‍ക്കുന്ന പ്രത്യക്ഷഗണപതിക്ക്‌ കൊടുത്തിട്ട്‌ പ്രാര്‍ത്ഥിച്ചു

" ഗോവിന്ദാ കാത്തുകൊള്ളണേ"

" ആനയ്ക്ക്‌ പേരുമിട്ടല്ലെ?" അടുക്കളയില്‍നിന്ന് അവള്‍ വിളിച്ചുചോദിച്ചു

മീനമാസത്തിലേ ചൂടില്‍നിന്ന് രക്ഷപെടാന്‍ വരാന്തയില്‍ മെത്തപ്പായ്‌ വിരിച്ചുകിടന്നു. ഉറക്കത്തിലേയ്ക്ക്‌ വഴുതിവീഴുന്നതിനിടയില്‍ തൊഴുത്തില്‍നിന്ന് ഒരു ലോറി പുറപ്പെട്ട്‌ പോകുന്നതുപോലെ തോന്നി
( തുടരും)