എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Friday, February 13, 2009

അവള്‍ കഥയെഴുതുകയാണ്‌

ആല്‍ത്തറയില്‍ ചാരുകസേരയിട്ട്‌, ഗോവിന്ദാമല നോക്കിക്കൊണ്ടിരുന്നു പണ്ടൊരിക്കല്‍ കൊട്ടേക്കാട്ടോട്ട്‌ നടക്കുന്നതിനിടയില്‍ രാഹുലിന്റെ ഡാഡി ഗൗതം പറഞ്ഞതായിരുന്നു.
" ഉണ്ണീ, ആഗ്രഹങ്ങളാണ്‌ എല്ലാ ദുഖങ്ങള്‍ക്കും കാരണം "
എങ്കിലും എന്തെങ്കിലും എഴുതണന്ന് ഒരു ആഗ്രഹം തോന്നിതുടങ്ങിയിട്ട്‌ കുറച്ചുനാളായി. പക്ഷേ മനസ്സ്‌ ഒരു ഒഴിഞ്ഞ പാത്രമായിരുന്നു. ആല്‍ത്തറയിലെ കാറ്റും കൊണ്ടിരുത്തിയാല്‍ അതില്‍ എന്തെങ്കിലും നിറഞ്ഞാലോ എന്നു കരുതി പാത്രമെടുത്ത്‌ ആല്‍ത്തറയില്‍ വെച്ചിട്ട്‌ കണ്ണേട്ടന്റെ ചായപീടികയിലോട്ട്‌ നടന്നു. ചായയും കുടിച്ച്‌ ഒരു ബീഡിക്ക്‌ തീയും കൊളുത്തി വീണ്ടും ആല്‍ത്തറയില്‍ വന്നിരുന്നു. അപ്പോളാണ്‌ പെരുമാളിനെ തൊഴുതിട്ട്‌ അവള്‍ അടുത്തേയ്ക്ക്‌ വന്നത്‌.
" ഉണ്ണീ, മറ്റൊന്നും വിചാരിക്കരുത്‌ ആല്‍ത്തറയില്‍ ചാരുകസേര ഇട്ടിരിക്കുന്നവനെ തല്ലികൊന്നിട്ട്‌ മുട്ടുചിറയില്‍ കിട്ടുന്ന പെട്ടിയില്‍ ഇട്ടുവെയ്ക്കുന്നതാണ്‌ ശുഭം ഉപ്പിലിട്ടതായാല്‍ ചീയുകയുമില്ല" അവള്‍ പറഞ്ഞു.

"കഥയല്ലേ"
" കഥയിലാണെങ്കിലും ആല്‍ത്തറയില്‍ ചാരുകസേര ഇട്ടിരിക്കുന്നത്‌ കഥയില്ലായ്മയാണ്‌"

" ശരി" പേനയെടുത്ത്‌ കഥയില്‍നിന്ന് ചാരുകസേരയെടുത്ത്‌ തല്ലിയൊടിച്ച്‌ കളയുന്നതിനിടയ്ക്കാണ്‌ അവളുടെ ശ്രദ്ധ ആല്‍ത്തറയില്‍ വെച്ചിരുന്ന പളുങ്കുപാത്രത്തില്‍ വീണത്‌
" അതുശരി, ഒഴിഞ്ഞ പളുങ്കുപാത്രമാണല്ലെ? ഒരു നേരമ്പോക്കിന്‌ ഞാന്‍ ഒന്നുരണ്ടെണ്ണം എഴുതി അതിലിടട്ടെ? ഉണ്ണി ഗോവിന്ദാമല കയറിക്കോളൂ"
സമ്മതിച്ചപ്പോള്‍ അവള്‍ കഥയെഴുതി തുടങ്ങി.

അവള്‍ എഴുതിയ ഒന്നാം കഥ

തിരക്കിട്ട ജോലിക്കിടയില്‍ മൊബെയിലടിച്ചപ്പോള്‍ ആരാണെന്നുപോലും നോക്കാതെ എടുത്തു. മറുവശത്ത്‌ പാലക്കാടുനിന്ന് അവള്‍ പറഞ്ഞു.
" ഉണ്ണീ, വരുമ്പോള്‍ ഒരു ഒലക്ക കൂടി കൊണ്ടുവരണം. ഞാന്‍ കുറച്ച്‌ ഒരുമ ഉണ്ടാക്കിവെച്ചിട്ടുണ്ട്‌"

പക്ഷെ ജോലിത്തിരക്കിനിടയില്‍ എല്ലാമങ്ങ്‌ മറന്നുപോയി. പാലക്കാട്ടു ചെന്നിറങ്ങിയപ്പോളാണ്‌ പിന്നെ അവള്‍ പറഞ്ഞതോര്‍ത്തത്‌. പല കടകളിലും കയറി. കടക്കാരു പറഞ്ഞു.
" കഥകളിലെ അവള്‍ എന്നയാളിന്റെ ഒരുമയ്ക്കുവേണ്ടിയല്ലേ, ഇവിടെ കിട്ടുന്നതൊന്നും സ്യൂട്ടാകില്ല. കോട്ടയത്തുനിന്ന് തന്നേ കൊണ്ടുവരണം"
ഉള്ളില്‍ കുറ്റബോധവും വ്യസനവുമായാണ്‌ അവളുടെ അടുത്തെത്തിയത്
" അതേയ്‌, ഒലക്കയുടെ കാര്യം......."

" ഞാനതു പറയാന്‍ പലപ്രാവശ്യം ഉണ്ണിയേ വിളിച്ചിരുന്നു. അപ്പോളൊക്കെ ഉണ്ണി പരിധി വിട്ട്‌ കളിക്കുകയായിരുന്നു. ഇടയ്ക്ക്‌ ഒരു ഭിക്ഷക്കാരന്‍ ഇവിടെവന്ന് അമ്മാ, എന്തെങ്കിലും തരണേ എന്നുപറഞ്ഞപ്പോല്‍ എനിക്ക്‌ വല്ലാത്ത സഹതാപം തോന്നി. ഞാന്‍ ഉണ്ടാക്കിവെച്ചിരുന്ന ഒരുമയെല്ലാമെടുത്ത്‌ ഭിക്ഷയായി കൊടുത്തു"
അവള്‍ അതുപറഞ്ഞപ്പോള്‍ കൂടുതല്‍ വിഷമം തോന്നി. അതു ശ്രദ്ധിച്ചിട്ട്‌ അവള്‍ പറഞ്ഞു.

" അതു സാരമില്ല ഉണ്ണീ, കഥയല്ലേ, അടുത്ത കഥയില്‍ ഞാന്‍ ഒരുമയുണ്ടാക്കി വെക്കുന്നതായിട്ടും ഉണ്ണി ഒലക്ക കൊണ്ടുവരുന്നതായിട്ടും എഴുതാം"
അവള്‍ പറഞ്ഞുനിര്‍ത്തിയില്ല അതിനുമുമ്പ്‌ വാതിലില്‍ ആരോ മുട്ടി . തുറന്നപ്പൊള്‍ ഭിക്ഷു ഒരുമ വാതില്‍ക്കല്‍ നീട്ടിവെച്ചിട്ട്‌ പറഞ്ഞു.
" അമ്മാ, ഈ ഒരുമ സ്യൂട്ടാകുന്നില്ല. തിരിച്ചെടുത്താട്ടേ "
'ഗോവിന്ദാമലയേത്തന്നേ നോക്കിക്കൊണ്ടു കിടന്നപ്പൊള്‍ അവള്‍ രണ്ടമത്തെ കഥയെഴുതി തുടങ്ങി.

അവള്‍ എഴുതിയ രണ്ടാമത്തേ കഥ
( ഒന്നുകൊണ്ടറിയാം രണ്ടിന്റെ ബലാബലം)
മൂത്തമകന്‍ സിവില്‍സര്‍വ്വീസ്‌ കിട്ടിയിട്ട്‌ മുസ്സോറിക്ക്‌ പോയ അന്നുതൊട്ട്‌ തട്ടിമ്പുറത്തുനിന്ന് പഴയ ചര്‍ക്ക തപ്പിയെടുത്ത്‌ പല സ്വപ്നങ്ങളുടേയും നൂല്‍നൂക്കുകായിരുന്നു. അങ്ങിനെയിരിക്കെ ഒരുദിവസം അവന്റെ വിളിവന്നു
." അച്ഛന്‍ ചര്‍ക്കയില്‍ നൂല്‍നൂക്കുകാണല്ലേ,? ആ നൂലുകൊണ്ട്‌ നെയ്യാന്‍ വരട്ടേ , അച്ഛന്‍ തകഴിയുടെ തഹസീല്‍ദാരുടെ അച്ഛന്‍ വായിച്ചിട്ടുണ്ടോ?"
" ഉണ്ടല്ലോ മോനേ, എന്താ കാര്യം?"
" അല്ല അതില്‍നിന്ന് ചില പാഠങ്ങള്‍ ഉള്‍ക്കൊള്‍ലണമെന്നു പറയുകയായിരുന്നു"
ഇതും പറഞ്ഞ്‌ ഫോണങ്ങവന്‍ താഴെയിട്ടു..
പിന്നെ ഒട്ടും അമാന്തിച്ചില്ല. ഫോണില്‍നിന്ന് അവന്റെ പേരങ്ങ്‌ ഡിലീറ്റ്‌ ചെയ്തിട്ട്‌ മുറിയിലേക്ക്‌ കയറി. ഷര്‍ട്ടിട്ടു. അപ്പോള്‍ അടിക്കളയില്‍നിന്ന് അവള്‍ വിളിച്ചുപറഞ്ഞു.
" ഇപ്രാവശ്യം കയ്യുംവീശി വേണം ഇറങ്ങിപോകാന്‍"



" ഉണ്ണീ, കഥകള്‍ കഴിഞ്ഞു. കഥകഴിഞ്ഞു എന്നുപറയരുതല്ലോ."
മുഖത്തേയ്ക്ക്‌ നോക്കിച്ചിരിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു
".ഇനി ബാക്കി ഉണ്ണി എഴുതണം"

അവളുടെ കണ്ണുകളിലേയ്ക്ക്‌ നോക്കികൊണ്ട്‌ ചോദിച്ചു.
" നിന്റെ കണ്ണുകള്‍കെത്രയാണാഴം?"
" എന്റെ മനസ്സിനോളം, അതില്‍ നിറച്ചു സ്നേഹമാണ്‌. ഉണ്ണിയോടുള്ള സ്നേഹം"
" എങ്കില്‍ ഞാന്‍ ബാക്കി എഴുതാം"


ആല്‍ത്തറയില്‍ തോര്‍ത്തും വിരിച്ചുകിടന്നു. പെരുമാളിന്റെ കോവിലിനുള്ളില്‍നിന്ന് അത്താഴശിവേലിയുടെ കൊട്ട്‌ പുറത്തേകൊഴുകിവന്നു. ശംഖിന്റെ നാദവും. അത്‌ ഗോവിന്ദാമലയുടെ മുകളില്‍നിന്നാണ്‌ വരുന്നതെന്നുതോന്നി. ശ്രീകോവില്‍നട അടയ്ക്കുന്ന ശബ്ദം. വാതില്‍മണികള്‍ കിലുങ്ങുന്ന ശബ്ദം. ഒരു ഇലക്കീറില്‍ പ്രസാദവുമായി അവള്‍ അടുത്തുവന്നു. നെറ്റിയില്‍ തൊടീക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.
" ഉണ്ണീ, ശ്രീകോവിലിനുള്ളില്‍ ലക്ഷ്മീദേവിയുമായാണ്‌ പെരുമാള്‍ കുടികൊള്ളുന്നത്‌. അതുപോലെ ഞാനും ഉണ്ണിയുടെ അടുത്തിരിക്കട്ടേ അനന്തകാലം. ഈ ആല്‍ത്തറയില്‍ നിലാവായും കാറ്റായും തണലായും എന്റെ സ്നേഹംകൊണ്ട്‌ ഉണ്ണിയേ പൊതിഞ്ഞ്‌"

അപ്പോള്‍ ആലിലത്തുമ്പില്‍നിന്ന് ഒരു മഞ്ഞിങ്കണം മനസ്സിലേയ്ക്കിറ്റുവീണു.

" ഉണ്ണീ, ആ കണം നൂറായി ആയിരമായി അരുവിയായി ഉണ്ണിയുടെ മനസ്സും നിറച്ച്‌ കരകവിഞ്ഞൊഴുകി ഉണ്ണിയേ തന്നേ മൂടും അതെന്റെ സ്നേഹമാണ്‌ യുഗങ്ങളായി രാധയായി ഞാന്‍ ഉണ്ണിയ്ക്കുവേണ്ടി കാത്തുസൂക്ഷിക്കുന്ന സ്നേഹം"

നിലാവു പരന്നൊഴുകി. ആല്‍ത്തറയ്ക്കുചുറ്റും ഒരു പാല്‍കടല്‍പോലെ പരന്നപ്പോള്‍ കാല്‍ക്കല്‍ ഇരുന്ന അവളുടെ തലമുടിയില്‍ കരങ്ങളോറ്റിച്ചുകൊണ്ട്‌ പറഞ്ഞു.
" നീ രാധ തന്നെയാണ്‌ . യുഗങ്ങളായി ആവര്‍ത്തിക്കുന്ന രാധ"

1 comment:

shajkumar said...

" ഉണ്ണീ, ആ കണം നൂറായി ആയിരമായി അരുവിയായി ഉണ്ണിയുടെ മനസ്സും നിറച്ച്‌ കരകവിഞ്ഞൊഴുകി ഉണ്ണിയേ തന്നേ മൂടും അതെന്റെ സ്നേഹമാണ്‌ യുഗങ്ങളായി രാധയായി ഞാന്‍ ഉണ്ണിയ്ക്കുവേണ്ടി കാത്തുസൂക്ഷിക്കുന്ന സ്നേഹം"


ഉണ്ണീ..അല്‍പം സ്നേഹം എണ്റ്റെയും വഹ.