എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

പുറംവായനക്ക്‌...

Sunday, March 21, 2010

ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍ രണ്ടാം ഭാഗം


അമ്മേ,

ഈ വൈരാഗി യാത്രയിലെ രണ്ടാമത്തെ എഴുത്താണിത്‌.ആദ്യത്തെ കത്ത്‌ അമ്മയ്ക്ക്‌ കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു. കിട്ടിയിട്ടില്ലെങ്കില്‍ ഇത്‌ ആദ്യത്തെ കത്തായി കരുതിയാല്‍ മതി. അല്ലെങ്കില്‍ തന്നെ അക്കങ്ങള്‍ക്ക്‌ പ്രസക്തി നഷ്ടപ്പെടുമ്പോള്‍ ഇത്‌ എത്രാമത്തെ പെഗ്ഗ്‌ എന്നു ചിന്തിച്ച്‌ ആരാണ്‌ വേവലാതി പെടുന്നത്‌.

മാതാവേ,

പേനയിലെ മഷി തീരാറായി. വാതിലും തുറന്നുകിടക്കുകയാണ്‌. അതുകൊണ്ട്‌ അവിടുത്തെ ഇളയ പുത്രനായ ഈ എളിയവന്‍ കഥയിലോട്ട്‌ പ്രവേശിക്കട്ടെ. അല്ലെങ്കിലും ഭവതി,

കഥയമമ, കഥയമമ
കഥകളതി സാദരം
ആത്മവിലാപങ്ങള്‍
കേട്ടാല്‍ മതിവരാ
എന്ന് പാടിയിട്ടുമുണ്ടല്ലൊ.


തീവണ്ടി ഏതോ സ്റ്റാന്റില്‍ കാപ്പികുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ കളിച്ചുകൊണ്ടിരുന്ന കൈ കമഴ്ത്തിയിട്ടു

" നീ മിഡില്‍ സ്ക്രൂട്ടാണോ?" രഘു ചോദിച്ചു

" കയ്യില്‍ ഒറ്റ ജോക്കറുപോലുമില്ല. വയറ്റിലും"

പിലാറ്റുഫോറത്തിലിറങ്ങി ആദ്യം കണ്ട ഷാപ്പില്‍ നിന്ന് ഒരു കുടം പാലു വാങ്ങി ഒറ്റവലിക്ക്‌ മോന്തി. ചിറിയും തുടച്ചു. പിന്നെ ചാരത്തെത്തിയ ഉന്തുവണ്ടിയില്‍നിന്ന് ഒരു പടല പച്ചപഴം ഒരു ഡബിള്‍ ഓമ്പ്ലേറ്റ്‌.. ഇവ

രണ്ടും കൂടി കക്ഷത്തിങ്ക
ലിടുക്കി കൊണ്ട്‌

തിരിച്ച്‌ തീവണ്ടി പിടിച്ചു

വണ്ടി നീങ്ങി തുടങ്ങിയിരുന്നു. പിലാറ്റുഫോറവും താണ്ടി വണ്ടി വെളിമ്പ്രദേശത്തേക്കിറങ്ങിയപ്പോള്‍ വലിയ മഞ്ഞ ബോര്‍ഡിലെ മൂന്ന് ഭാഷകളിലുമുള്ള പേരും പെറുക്കി വായിച്ചു.

മഥുര

" കുചേലന്റെ കക്ഷത്തില്‍ എന്താണീ കാണുന്നത്‌. മുഖ്യമായ പുസ്തകം എവിടെ പോയി?" രഘു ചോദിച്ചു.

" ഇത്‌ മഥുരയില്‍ കയറൂരി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഗോമാതക്കളുടെ ചാണകം ഇട്ട്‌ വിരിയിച്ചെടുത്ത പച്ചൈപഴം. പിന്നെ മുട്ട ഓമ്പ്ലേറ്റും. മുഖ്യമായ പുസ്തകം ഇടമറുകിന്റെ കൃഷ്ണനും കൃസ്തുവും ജീവിച്ചിരുന്നില്ല അത്‌ പഴകച്ചവടക്കാരന്‌ കൊടുത്തു. പഴം പൊതിഞ്ഞു കൊടുക്കാന്‍"

" പഴവും ഓമ്പ്ലേറ്റും ആയുര്‍വേദവിധിപ്രകാരം വിരുദ്ധഭക്ഷണനാകുന്നു" രഘു പറഞ്ഞു

" അതുസാരമില്ല, ഞാനൊരു വൈരുദ്ധ്യാത്മക ഭക്ഷണവാദക്കാരനാകുന്നു"

ഒരു പഴമെടുത്തു. ഒരു കഷ്ണം ഓമ്പ്ലേറ്റും. പഴത്തൊലികള്‍ ജനല്‍ വഴി പുറത്തേക്കിട്ടുകൊണ്ടിരുന്നു. ദാരിദ്രദു;ഖം മൂത്ത്‌ തീവണ്ടിക്കു തലവെയ്ക്കാന്‍ വരുന്ന ഏതെങ്കിലും ഗോമാതാക്കള്‍ ഉണ്ടെങ്കില്‍ അത്രയുമായല്ലൊ. ഇടയ്ക്ക്‌ രഘുവിനോട്‌ ചോദിച്ചു.


" പഴത്തൊലിയില്‍ ചവിട്ടി ഓടിയാല്‍ ട്രെയിനിന്റെ പാളം തെറ്റുമൊ"

" ഇല്ല"

അമ്മേ അപ്പോളാണ്‌ സമാധാനമായത്‌.. അവസാനത്തെ പഴത്തൊലിയും പാളത്തിലേക്കിട്ടിട്ട്‌ സടകുടഞ്ഞെഴുന്നേറ്റ്‌ മൂരിനിവര്‍ന്നു.

" നീ ഇനി കളിക്കുന്നുല്ലെ?"

" ഇല്ല, അത്യുന്നതങ്ങളില്‍ ഉറക്കംതൂങ്ങികള്‍ക്ക്‌ സമാധാനം"

ഏണിവെച്ച്‌ അപ്പര്‍ബര്‍ത്തില്‍ കയറി നീണ്ടുനിവരുന്നതിനിടയില്‍ താഴെ രഘു ഭഗവത്ഗീത മൂലം പാരായണം ചെയ്യുന്നതു കേട്ടു.

" നകൃതം സുകൃതം കിഞ്ചിത്‌
ബഹുധാ ദുഷ്കൃതം കൃതം"

കൃതം എന്നുകേട്ടപ്പോളാണ്‌ അമ്മേ സരസ്വതി ഈ യാത്ര പുറപ്പെടുന്നതിനു മുമ്പ്‌ അവിടുത്തേയ്ക്ക്‌ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ നിന്ന് സാരസ്വതഘൃതം മേടിച്ചു തന്നില്ലല്ലൊ എന്നോര്‍ത്തത്‌.

മറവിതന്‍ മാറിടത്തില്‍
മയങ്ങാന്‍ കിടന്നാലും
ഓര്‍മ്മകളോടിയെത്തി
ഉണര്‍ത്തീടുന്നു

അമ്മേ ഈ കത്തില്‍ സ്ഥലവും തീയതിയും പോലും എഴുതാന്‍ മറന്നിരിക്കുന്നു സദയം ക്ഷമിക്കുക

എന്ന്

മഥുരൈ കണ്ടിട്ടു പോന്ന സുന്ദരപുത്രന്‍

ഒപ്പ്‌


1 comment:

shajkumar said...

എഴുതുക