എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Monday, April 21, 2008

Nenmaara Velai

മീനം 20


അതിരുകളില്ലാത്ത വയലുകള്‍ക്കു നടുവില്‍ സാക്ഷാല്‍ നെല്ലിക്കുളങ്ങര അമ്മ. തൊഴുതുപിന്മാറുമ്പോള്‍ അമ്മ പറഞ്ഞു


"ഉണ്ണീ ദൈവങ്ങളും മനുഷ്യരും മൃഗങ്ങളും തമ്മില്‍ ദൂരം കുറയുന്നു . സന്തോഷമായി .നന്നായിവരും" അനുഗ്രഹത്തിന്റെ ഒരായിരം കരങ്ങള്‍ ശിരസ്സില്‍ അമര്‍ന്നതുപോലെ . തലേന്നുപെയ്ത മഴയുടെ തണുപ്പിനെ നിഴ്പ്രഭമാക്കുന്ന മീനമാസത്തിലെ ചൂട്‌ ആ അനുഗ്രഹത്തില്‍ അലിഞ്ഞുപോയി


2


ഈ നെന്മാറ ബ്രദേഴ്സും വല്ലങ്ങി ബ്രദേഴ്സും?


ചോദ്യം മുഴുവനാക്കേണ്ടി വന്നില്ല .തേവരുടാനയല്ലേ ? ചായക്കാരന്‍ തിരിച്ചു ചോദിച്ചു . നെന്മാറക്കാര്‌ അവരുടെ മന്ദത്തിനടുത്ത്‌ സ്കൂളിലാണ്‌ നില്‍പ്‌ .അടയാളമിട്ടാണ്‌ പോയിരിക്കുന്നത്‌ .വേഗം പൊയ്ക്കോളു.


3


നെന്മാറബ്രദേഴ്സ്‌ ഇട്ടിട്ടുപോയ അടയാളങ്ങള്‍ നോക്കി അങ്ങോട്ടുകുതിച്ചു .കുതിക്കുന്നതിനിടയില്‍ കൂടെകൂടിയ ആള്‍ പറഞ്ഞു " ഞാന്‍ മേളവാദക്കാരനാണ്‌ .എന്താ ഒരു മേളം . അല്ല മേളമായാലെന്താ ആനയായാലെന്താ വേല വേലതന്നെ . എന്താ ഒരു വേല .മഴ ചതിക്കുമോ ആവോ ? വേഗമായിക്കോട്ടെ എഴുന്നള്ളിക്കാന്‍ സമയമായി "


4


ആശാനേ, പാതയോരത്തുകൂടി നാലുകാലില്‍പോയ ഒരുവന്‍ അടുത്തുകൂടി "നാട്ടുകാരനാണ്‌ . പാമ്പാടിദേശം സുന്ദരന്‍ . സ്ഥാനിയുടെ നിഴല്‍


."സുന്ദരനാണോ ? സത്യശിവസുന്ദരന്‍ ?


സത്യശിവസുന്ദരമൂര്‍ത്തികളുടെ മുന്നില്‍ ഞാന്‍ അജമല്ലിയോ


സ്ഥാനിരായര്‍ ഹാജറുണ്ടോ ?


സ്കൂളില്‍ ഹാജരുണ്ട്‌ വലതനാണ്‌


നടുക്കോ ?


നടുക്കുയതി പാദാദിപൊരുത്തമിതു


.കവിത മുഴുവനാക്കാതെ സുന്ദരന്‍ കയ്യില്‍ കടന്നുപിടിച്ചുകൊണ്ട്‌ സ്കൂളിന്റെ വളപ്പില്‍ കയറി


5


അടുത്തെവിടെനിന്നോ മേളം ഉയരുന്നു. ഊടുവഴികളില്‍ പോലും മേളത്തിനനുസരിച്ച്‌ താളമിട്ടുകൊണ്ട്‌ ഒഴുകുന്ന ജനങ്ങള്‍ . ഇടക്ക്‌ ഒരു കതിന ആകാശത്തില്‍ വീണുപൊട്ടി. സ്കൂള്‍വളപ്പില്‍, വേലക്ക്‌ ഉന്നതനായ ഗജരാജന്റെ മേലെ നെന്മാറഭഗവതി എഴുന്നള്ളുമ്പോള്‍ അകമ്പടി സേവിക്കാനുള്ളവര്‍, കുളിച്ചും, കുറിയിട്ടും നില്‍ക്കുന്നു. കാഴ്ചക്കാര്‍ കൂടുമ്പോള്‍ തല ഉയര്‍ത്തിയും ചെവി വിടര്‍ത്തിയും. കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന ഏലസ്സുകള്‍,പട്ടങ്ങളും. ഗുരുവായൂര്‍ കേശവങ്കുട്ടി,കൂറ്റനാട്‌ രാജശേഖരന്‍,ചിറക്കലേ കാളിദാസന്‍,പിന്നെ

ആശാനേ, സമയം പാഴാക്കാതെ

.സുന്ദരന്‍ കയ്യില്‍പിടിച്ചുവീണ്ടും വലിച്ചു.

സ്ഥാനിരായനെ കണ്ടില്ലല്ലോ ?

അതൊക്കെ പിന്നെ കാണാം. അവിടെ തിടമ്പെഴുന്നെള്ളിക്കാറായി.

ഊടുവഴിയിലൂടെ മുന്നോട്ട്‌`. ഉയര്‍ന്നുയര്‍ന്നുവരുന്ന മേളം. ജനക്കൂട്ടം. സഹസ്രങ്ങള്‍. അതിനും നടുവില്‍ ദേവിയുടെ തിടമ്പേറ്റാന്‍ ഒരുങ്ങിനില്‍ക്കുന്നവന്‍. ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി മുന്നില്‍ ചെന്നു. ആ ഔന്നത്യം കണ്ട്‌ മതിമറന്ന് അങ്ങിനെ നോക്കിനിന്നപ്പോള്‍ ഉന്നതന്‍ വളരെ മനോഹരമായി ചിരിച്ചു. പിന്നെ ഘനഗാംഭീര്യത്തോടെ പറഞ്ഞു.

" ഉണ്ണീ, തേവരാണെല്ലാം, ആനയല്ല. അമ്മയേ വണങ്ങൂ. അതാ അമ്മയുടെ പൊന്നിന്‍ തിടമ്പ്‌"

അപ്പോള്‍ പൂജിക്കുവാന്‍ ഇറക്കിവെച്ചിരുന്ന പൊന്നിന്‍ തിടമ്പ്‌ കാണായിവന്നു.

ആ തിടമ്പിലെ അമ്മയുടെ സാനിധ്യത്തെ വീണുനമസ്കരിച്ചിട്ടെഴുന്നേറ്റപ്പോള്‍, പുറകില്‍നിന്നും ആരവമുയര്‍ന്നു.

"അമ്മേ മഹാമായേ, അമ്മേ ഭഗവതി."

കോമരത്തിന്റെ വാളിലെ മണികള്‍ കിലുങ്ങി. ഉന്നതന്‍ തന്റെ കാലുകള്‍ മടക്കി, തല കുമ്പിട്ടു. കത്തിനില്‍ക്കുന്ന കോലുവിളക്കിന്റെ മുന്നില്‍ തിരുമേനി, അമ്മയുടെ തിടമ്പുമായി ഉന്നതന്റെ മേലേയേറി.ആകശത്തില്‍ ഒരു കതിനകൂടി വീണുപൊട്ടി. അപ്പോള്‍ ഉന്നതന്റെ ഉയര്‍ത്തിപ്പിടിച്ച ശിരസ്സില്‍ അമ്മ അമര്‍ന്നിരുന്നു

1 comment:

Sreeram R Warrier said...

Nadukkuyathi padathi poruthamithethu unnathan????