എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

പുറംവായനക്ക്‌...

Sunday, June 22, 2008

സത്യം ശിവം സുന്ദരം രണ്ടാംഭാഗം അഥവാ ദേവസംഗമം

ദീപങ്ങള്‍, ദീപങ്ങള്‍ എങ്ങും. ഒരായിരം പൂര്‍ണ്ണചന്ദ്രന്മാരുടെ ശോഭയോടെ . " ദീപപ്രപഞ്ചത്തിന്നാധാരമൂര്‍ത്തി ശ്രീ ധര്‍മ്മശാസ്താവ്‌ ശിവസുന്ദരമൂര്‍ത്തികളുടെ മേലേ എഴുന്നള്ളിനിന്നു. സ്വര്‍ഗ്ഗീയമായ ആ കാഴ്ച കണ്ട്‌ മതിവരാതെ ഒരാള്‍ പിന്നെയും പിന്നെയും തിരിഞ്ഞുനോക്കി പതുക്കെ പടിഞ്ഞാറേക്കു നടന്നു. അക്ഷമനായി ചന്ദ്രന്‍ വിളിച്ചുപറഞ്ഞു. " സൂര്യഭഗവാനേ ഒന്നു വേഗം , ഞാനും ആ കാഴ്ച ഒന്നു കണ്ടോട്ടേ. ദേവലോകം പോലും ഉറ്റുനോക്കുന്ന ആ കാഴ്ച . വേഗം വരൂ "

മേളം മുറുകിക്കൊണ്ടിരുന്നു. മുറുകുന്ന മേളത്തിനനുസരിച്ച്‌ ആകശത്തിലേക്കുയരുന്ന ഒരായിരം കയ്യുകള്‍ . മുത്തുക്കുടകള്‍ക്കുപിന്നില്‍ വെണ്‍ചാമരങ്ങള്‍ തിരയിളക്കി. അപ്പോള്‍ ഉയര്‍ന്നുനിന്ന ഒരു ആലവട്ടം മറയാക്കി സൂര്യഭഗവാന്‍ ചക്രവാളത്തിനപ്പുറം മറഞ്ഞു.

ഇത്‌ സത്യം ശിവം സുന്ദരം രണ്ടാം ഭാഗം അഥവ ദേവസംഗമത്തിന്റെ ആമുഖം

1

അസുരവാദ്യത്തിന്റെ ഒരു പെരുമഴ പെയ്തുനിന്നപ്പോള്‍ ഒരായിരംകണ്ഠങ്ങളില്‍നിന്നും ആരവമുയര്‍ന്നു .പാപ്പാന്മാര്‍ കൂച്ചുവിലങ്ങ് അഴിച്ചു. കാലില്‍നിന്നും വടികയ്യിലെടുത്തു . ഗോപുരം കടന്ന് അകത്തേക്കു കയറിയ ആനകളുടെ ചങ്ങലയുടേയും , കുടമണികളുടേയും ശബ്ദത്തിനിടയില്‍ , വയലിന്റെ വടക്കേമൂലയില്‍ മറ്റൊരു പൂരം വന്നിറങ്ങി. ആളുകള്‍ അങ്ങോട്ടുനീങ്ങിയപ്പോള്‍ ആല്‍ത്തറയില്‍നിന്നിറങ്ങി. പെയ്തൊഴിഞ്ഞ മേളവും ശിവസുന്ദരമൂര്‍ത്തികളുടെ ദര്‍ശനവും അയവിറക്കിക്കൊണ്ട്‌ അടുത്തുകണ്ട ചായക്കടയിലേക്ക്‌ നടന്നു.

" ഉണ്ണീ "

പുറകില്‍നിന്നാരോ വിളിച്ചു. തിരിഞ്ഞുനിന്നപ്പോള്‍ ചിരിച്ചുക്കൊണ്ട്‌ നാട്ടുകാരന്‍ അടുത്തേക്കുവന്നു.

"നാട്ടുകാരനയ്യപ്പന്‍ ഇതിനിടക്ക്‌ എവിടെപ്പോയി?

"ഞാനിവിടെയെല്ലായിടത്തുമുണ്ടായിരുന്നല്ലോ. ശിവസുന്ദരമൂര്‍ത്തികളുടെ മുകളില്‍ എന്നേ കണ്ടില്ലേ?

"ശിവസുന്ദരമൂര്‍ത്തികളെത്തന്നേ നോക്കിനില്‍ക്കുകയായിരുന്നു ഞാന്‍. കണ്ടില്ലല്ലോ. കോലത്തിനു പുറകിലായിരുന്നോ?"

"അതിനുമുന്നില്‍ വളരെക്കുറച്ചുപേരേ എന്നേ കണ്ടിട്ടുള്ളൂ" . നാട്ടുകാരനയ്യപ്പന്‍ ചിരിച്ചുകൊണ്ടുപറഞ്ഞു.
"ഉണ്ണീ ഈ ദേവസംഗമത്തില്‍ ഇനി എന്തൊക്കെ കാണാനുണ്ട്‌. ആദ്യം ചായകുടിനടക്കട്ടെ വരു"

കയ്യില്‍കടന്നുപിടിച്ചുകൊണ്ട്‌ പറഞ്ഞു. ആ സ്പര്‍ശനത്തില്‍ ഒരു മിന്നല്‍പിണര്‍ ശരീരത്തില്‍കൂടി കടന്നുപോയപോലെ

2

മലപോലെ നാളികേരം കൂട്ടിയിട്ടിരിക്കുന്നു. നാട്ടുകാരനയ്യപ്പന്‍ കയ്ക്ക്‌ പിടിച്ച്‌ അതിനു വലംവെച്ചു. അമ്മേ, അമ്മേ എന്നുപതുക്കെ വിള്‍ക്കുന്നുണ്ടായിരുന്നു. " ഇതെന്തൊരുറക്കമാണ്‌, ആനചവിട്ടിയാലും അറിയില്ലല്ലോ?" അറിയാതെ ഉറക്കെ ചോദിച്ചുപോയി. ഒരാള്‍ നാളികേരകൂനക്കു മുകളില്‍ കിടന്നു സുഖമായി ഉറങ്ങുന്നു.
"എന്നാലും ഉണര്‍ന്നെഴുന്നേറ്റാല്‍ കാലുവേദനിച്ചോ, എന്നേ രമേശന്‍ ചോദിക്കുകയുള്ളൂ ഉണ്ണീ. കാണാന്‍ തുടങ്ങിയനാളുതൊട്ട്‌ ഇങ്ങിനെ ഉറക്കമാണ്‌. അനന്തശയനം. ശായിയെ മനസ്സില്‍ വണങ്ങിക്കൊള്ളൂ. എല്ലാം പ്രതീകമല്ലേ. ഉണ്ണിക്കൊരു പൊടിച്ചായ" പറയാതെ തന്നെ അയ്യപ്പന്‍ ഒാര്‍ഡര്‍ ചെയ്തു.
"അയ്യപ്പന്‍ കുടിക്കുന്നില്ലെ?"
"ഇന്നെല്ലാം നേരത്തേയാണ്‌. നമ്പൂതിരി നേരത്തേ അത്താഴം തന്നിരിക്കുന്നു."
നാട്ടുകാരനയ്യപ്പന്‍ ചായയുടെ പണംകെട്ടിയപ്പോള്‍ ഒരു ജാള്യത തോന്നി.
"ജാള്യതയൊന്നുംവേണ്ടാ ഉണ്ണീ" മനസ്സുവായിച്ചപോലെ പറഞ്ഞു. " ഞാന്‍ ആതിഥേയനാണല്ലോ" മുഖത്ത്‌ ആ ചിരി മായാതെതന്നെ ഉണ്ട്‌

3

വിശാലമായ പാടത്തില്‍കൂടി നടക്കുകയാണ്‌. അങ്ങോട്ടുമിങ്ങോട്ടുമൊഴുകുന്ന സഹസ്രങ്ങള്‍ . പൊരിയുടേയും, ഹലുവയുടേയും കച്ചവടക്കാര്‍. വന്നുചേരുന്ന ചെറിയ,ചെറിയ പൂരങ്ങള്‍. മേളം. എഴുന്നള്ളത്തിന്റെ അടുത്ത ഊഴത്തിനു കാത്തുനില്‍ക്കുന്ന ആനകള്‍. അവയ്ക്കുചുറ്റും കൂടിനില്‍ക്കുന്ന പ്രേമികള്‍. വായില്‍ക്കിടക്കുന്ന മുറുക്കാന്‍ ചവക്കുന്നതിനൊപ്പം തലേപ്പൂരം അയവിറക്കുന്ന കാരണവന്മാര്‍.

"ഒരു നല്ലപട്ടുമെത്തയും, വിരിയും കിട്ടുമോ?"
ചോദ്യം കേട്ട സ്ഥലത്തേക്കു നോക്കി. സുഗന്ധതാംബൂലം വായിലിട്ട്‌ ചവച്ച്‌ നീട്ടിത്തുപ്പി ഒരാള്‍ പുല്‍പായും തോര്‍ത്തും വില്‍ക്കുന്നവനോട്‌ ചോദിച്ചു. അയ്യപ്പനെ കണ്ടപ്പോള്‍ അയാള്‍ ഒന്നറച്ചു. പിന്നെ തൊഴുതു. അയ്യപ്പന്‍ ചിരിച്ചുകൊണ്ട്‌ തലയാട്ടി. പിന്നെ എവിടെ മറഞ്ഞു എന്നുകണ്ടില്ല.
"സുരേശന്‍, ഒരു സുഖിമാനാണേ" അയ്യപ്പന്‍ പറഞ്ഞു.
" സൂരേഷിന്‌ അയ്യപ്പനോടു നല്ല ഭയഭക്തിബഹുമാനം ഉണ്ടെന്നുതോന്നുന്നല്ലോ?"
"അങ്ങിനെയല്ലേ വരൂ" അയ്യപ്പന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

4

വരമ്പിനു താഴെ, വയലില്‍ ആളുകള്‍ ഒഴിഞ്ഞുമാറുന്നു. അവിടെ കരിമരുന്നുകാരന്‍ മുളംകുറ്റികള്‍ നാട്ടിത്തുടങ്ങി. കൂറ്റന്‍ അമിട്ടുകുറ്റികളും. മരുന്നിന്റെ ചാക്കുകള്‍ വയലിന്റെ ഒരു മൂലക്ക്‌ അട്ടിയട്ടിയായി കൊണ്ടുവെച്ചു. അതുനോക്കിനിന്നപ്പോള്‍ അയ്യപ്പന്‍ പറഞ്ഞു.
"ഇവിടെ മരുന്നുകമ്മിയാണ്‌, നെന്മാറയിലാണ്‌ മരുന്ന്. മേളത്തിനു പെരുവനവും. ഇവിടെ ആന, സംശയിക്കേണ്ട"
"ആരാ ആനയുടെ കാര്യം പറയുന്നത്‌"
കളിപ്പാട്ടകടയുടെ മുന്നില്‍ അമ്മയുടെ കയ്യില്‍ തൂങ്ങിനിന്ന രണ്ടുപയ്യന്മാരില്‍ ഉരുണ്ടുകൊഴുത്ത ഒരെണ്ണം ഓടിവന്ന് അയ്യപ്പന്റെ കയ്യില്‍തൂങ്ങി. എന്നിട്ട്‌ അയ്യപ്പനോടായി പറഞ്ഞു.
"കേട്ടോ ചേട്ടാ ഇവിടെ ഒറ്റ എലിയേപ്പോലും കണ്ടില്ല. ഈ ആനകളേയെല്ലാം കണ്ട്‌ അതുങ്ങള്‌ പേടിച്ച്‌ മാളത്തില്‍തന്നെ ഇരിക്കുകയായിരിക്കും. പാവങ്ങള്‌"
"ആനകളെയല്ല കുട്ടാ പാമ്പിനേയും മയിലിനേയും കണ്ടിട്ടായിരിക്കും"
"എനിക്കൊരു മയിലിനെ വേണം ചേട്ടാ" മറ്റേപയ്യനും വന്ന് അയ്യപ്പന്റെ കയ്യില്‍ത്തൂങ്ങി.
"ഇപ്പോള്‍ ഒന്നുംവേണ്ട മോനേ" അവരുടെ അമ്മ അടുത്തേക്കുവന്നു. " ഇവന്‌ ഇഷ്ടം പോലെ മയിലുകള്‍ അങ്ങുമലയിലുണ്ട്‌"
"അമ്മേ, സുഖമല്ലേ?" അയ്യപ്പന്‍ തലകുനിച്ച്‌ തൊഴുതുകൊണ്ട്‌ ചോദിച്ചു.
"അതേ, മകനേ" അയ്യപ്പന്റെ തലയില്‍ കൈവെച്ചുകൊണ്ടവര്‍ പറഞ്ഞു. " ആല്‍ത്തറയിലേയ്ക്കു പോയിട്ടുണ്ട്‌,അങ്ങോട്ടുചെല്ലൂ" അവര്‍ പറഞ്ഞു.
ആല്‍ത്തറ ലക്ഷ്യമാക്കി തിരിഞ്ഞപ്പോള്‍ ഉരുണ്ട ചെറുക്കന്‍ വിളിച്ചുപറഞ്ഞു.
" അതേയ്‌, ഉണ്ണിയേയ്‌, കഥ നിര്‍ത്താതെ പറയുകാണേല്‍ ഞാന്‍ നിര്‍ത്താതെ എഴുതിതരാം . എനിക്കു മോദകവും വടയും വയറുനിറച്ചു മേടിച്ചുതന്നാല്‍ മതി." എന്നിട്ട്‌ കുലുങ്ങിച്ചിരിച്ചുകൊണ്ട്‌ അമ്മയുടെകയ്യില്‍ വീണ്ടും തൂങ്ങി.
"അങ്ങിനൊന്നും പറയാതെ കുട്ടാ, ഉണ്ണികതൊന്നും മനസ്സിലാകില്ല". കുട്ടികളെ കയ്യില്‍ത്തൂക്കി ആ അമ്മ ആള്‍ത്തിരക്കില്‍ മറഞ്ഞു.

5

"ആരാണ്‌ ആല്‍ത്തറയിലിരിക്കുന്നത്‌?" അങ്ങോട്ടുനടക്കുമ്പോള്‍ അയ്യപ്പനോട്‌ ചോദിച്ചു.
"ആ കുട്ടികളുടെ അച്ഛന്‍. വലിയ യോഗിയാണ്‌." അതുപറയുമ്പോള്‍ അയ്യപ്പന്റെ മുഖത്തേ ചിരിമാഞ്ഞിരുന്നു. പകരം ഭക്തിയും ബഹുമാനവുമാണ്‌ കണ്ടത്‌
ഈ നാട്ടുകാരനാ?
" ഏതാ നാടല്ലാത്തത്‌, വിശ്വപൗരന്‍ അല്ല വിശ്വനാഥന്‍" അയ്യപ്പന്റെ ശബ്ദം തന്നെ മാറിയിരുന്നു. ആല്‍ത്തറയില്‍ ഉടലാകെ ഭസ്മവും പൂശി, രുദ്രാക്ഷമാലയും ധരിച്ച്‌ ഒരാള്‍. അയ്യപ്പന്‍ സാഷ്ടാംഗം നമസ്കരിച്ചു. പാദത്തിങ്കല്‍നിന്ന് മണ്ണ്‍ വാരി നെറ്റിയില്‍ പൂശി. അപ്പോള്‍ ഘനഗാംഭീര്യത്തോടെ വിശ്വനാഥന്‍ പറഞ്ഞു.
"എഴുനേല്‍ക്കു, ഞാനും നീയും രണ്ടല്ല "
"അനുഗ്രഹിക്കേണമേ" കിടന്നുകൊണ്ട്‌ തന്നെ അയ്യപ്പന്‍ പറഞ്ഞു. " ഈ ദേവസംഗമത്തിനെത്തിയിരിക്കുന്ന അനേകമാള്‍ക്കാരേയും, സകല മൃഗങ്ങളേയും "
വിശ്വനാഥന്‍ വലത്തുകൈ അയ്യപ്പന്റെ ശിരസ്സില്‍ വെച്ചു. കാല്‍ക്കല്‍ നിന്നെഴുന്നേറ്റ അയ്യപ്പന്‍ തൊഴുതുകൊണ്ടുതന്നെ നിന്നു. അപ്പോള്‍ വിശ്വനാഥന്‍ ഉണ്ണിയോടു പറഞ്ഞു.
"എന്റെ അനുഗ്രഹം ഉണ്ണി ഇപ്പോള്‍ താങ്ങില്ല, കുറച്ചുകൂടികഴിയും.കാലങ്ങള്‍, ചിലപ്പോള്‍ ജന്മങ്ങളും"
"എങ്കിലും ഉണ്ണിയില്‍ അവിടുത്തെ ദയവുണ്ടാകണം " അയ്യപ്പന്‍ തൊഴുതുകൊണ്ടുതന്നെ പറഞ്ഞു
"അങ്ങിനെയാകട്ടെ, ചെല്ലു തേവര്‍ വരാന്‍ സമയമായി" ഇത്രയും പറഞ്ഞിട്ട്‌ വിശ്വനാഥന്‍ കണ്ണുകളടച്ചു. വിശ്വനാഥന്റെ കാല്‍ക്കല്‍ നമസ്കരിക്കാന്‍ ഉള്ളിലിരുന്നാരോ പറയുന്നതുപോലെ. വീണുനമസ്കരിച്ചു. മനസ്സില്‍ പറഞ്ഞു. " ദൈവമേ അനുഗ്രഹിക്കേണമേ"
എഴുന്നേറ്റു, തൊഴുതുവീണ്ടും നോക്കിയപ്പോള്‍ വിശ്വനാഥന്റെ ചുറ്റിലും ഒരു അഭൗമമായ പ്രഭ പടരുന്നതായി തോന്നി
" ഉണ്ണീ ചെല്ലൂ തേവര്‍ വരാറായി"
അയ്യപ്പന്റെ സ്വരം എവിടെനിന്നോകേട്ടു. ചുറ്റിനും നോക്കി. എവിടേയും കണ്ടില്ല . വീണ്ടും വിശ്വനാഥനെ നോക്കി. പ്രഭ കൂടുതല്‍, കൂടുതല്‍ പരക്കുന്നു. നാലുദിക്കിലേക്കും. അങ്ങ്‌ ഉയരത്തില്‍ ആകശത്തിലേക്കും. ഒരുനിമിഷം . കണ്ണുകളടഞ്ഞുപ്പോയി. തുറന്നപ്പോള്‍ പൂര്‍ണ്ണചന്ദ്രന്‍ ആകാശത്ത്‌ വിരിഞ്ഞുനിന്നിരുന്നു.

6

നിലാവുപരന്നൊഴുകുന്നു. കുളിര്‍കാറ്റുവന്നു ദേഹം തലോടുന്നു. പക്ഷെ അയ്യപ്പന്‍ കൂടെ ഇല്ലാത്തതുകൊണ്ട്‌ മനസ്സിന്റെയും, ശരീരത്തിന്റെയും ബലം ചോര്‍ന്നതുപോലെ . ആള്‍ക്കൂട്ടത്തിനിടയില്‍ എങ്ങോട്ടോ നടന്നു. അപ്പോള്‍ ആ ശബ്ദം വീണ്ടും കേട്ടു.
"ഉണ്ണീ ഞാനിവിടൊക്കെത്തന്നെയുണ്ട്‌. ഉണ്ണിയുടെകൂടെയുമുണ്ട്‌. മുന്നോട്ടുതന്നെ നടന്നോളു തേവരു വരാറായി. ആ വരവുകണ്ടില്ലെങ്കില്‍ ദേവസംഗമം പൂര്‍ണ്ണമാകില്ല "
ചുറ്റിനും ശബ്ദങ്ങള്‍ നിലച്ചപോലെ . ആരോ മുന്നോട്ടുനയിക്കുന്നു. ശരീരത്തിനു ഭാരമില്ലെന്നുതോന്നി. മേഘങ്ങള്‍ക്കിടയില്‍ നീന്തുന്നതുപോലെ
അപ്പോള്‍ വയലിനുമപ്പുറം, തെങ്ങിന്ത്തോപ്പിനുമപ്പുറം ഒരു ചെറിയ തിരിനാളം തെളിഞ്ഞുവന്നു. പിന്നെ അതുരണ്ടായി. അത്‌ അടുത്തുകൊണ്ടിരുന്നു . ദീപനാളം ദീപയഷ്ടിയായി. ഒന്നല്ല. പലതായി. അഗ്നിനാളങ്ങള്‍ ദീപയഷ്ടിയില്‍ ന്രുത്തം ചവിട്ടി. ആ ന്രുത്തത്തില്‍ നെറ്റിപ്പട്ടങ്ങള്‍ കൂടുതല്‍ സ്വര്‍ണ്ണവര്‍ണ്ണമായി. ചന്ദ്രന്‍ കൂടുതല്‍ താഴേക്കിറങ്ങിനിന്നു. നിലാവിന്റെ വല കൂടുതല്‍ വീശിയെറിഞ്ഞു. ആരോ ശംഖുവിളിച്ചു.
ആപ്പോള്‍ ദേവലോകവും കടന്ന് തെങ്ങിന്ത്തോപ്പും കടന്ന് വയല്‍മദ്ധ്യത്തിലേക്കു വന്നിറങ്ങി . പൂര്‍ണ്ണചന്ദ്രനേയും സക്ഷിയാക്കി, ലക്ഷദീപങ്ങളേയും സാക്ഷിയാക്കി സാക്ഷാല്‍

ത്രിപ്രയാര്‍ തേവരപ്പന്‍
ശ്രീരാമചന്ദ്രപ്രഭു

4 comments:

ശിവ said...

ഈ ശൈലി വളരെ നന്നായി....

ശിവ said...

ഈ ഗ്രാമഭംഗിയും...

മുരളിക... said...

ദൈവമേ അനുഗ്രഹിക്കേണമേ"
എഴുന്നേറ്റു, തൊഴുതുവീണ്ടും നോക്കിയപ്പോള്‍ വിശ്വനാഥന്റെ ചുറ്റിലും ഒരു അഭൗമമായ പ്രഭ പടരുന്നതായി തോന്നി

ശെരിയാണ്‌.. ഓരോ തവണ ഭക്തന്‍ തൊഴുംബോഴും ദേവന്റെ ഐശ്വര്യം കൂടുന്നു.. :)
''നീയില്ലയെന്കില്‍ നിന്‍ വൃത ഭക്തിയില്ലെന്കില്‍ ഈ ശ്യാമ കൃഷ്ണന്‍ വെറും കരി കട്ടയെന്നു... '' അയ്യപ്പപണിക്കര്‍ എഴുതിയതാണ് ഓര്മ വന്നത്.. താങ്കള്‍ ഉദ്ദേശിച്ചത് അതല്ല എങ്കിലും..

RJ said...

UGRAN!!!!!

--ranju