എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

പുറംവായനക്ക്‌...

Thursday, June 12, 2008

Oru Penayilninnum Aanayilekkulla Vazhi

ഗ്രന്ഥപലകയില്‍നിന്ന് ഗ്രന്ഥം എടുത്തു. ഭൂതകാലത്തിന്റെ ഏടുകള്‍ മറിച്ചുനോക്കി.
ഒരുനാള്‍ പേന തന്നിട്ട്‌ അവള്‍ പറഞ്ഞു " രാമം ദശരഥം വിദ്ധി, പേനയേ ഞാനാം വിദ്ധി"
ഒന്നും മനസ്സിലാകാതെ മുഖത്തുനോക്കിയപ്പ്പ്പോള്‍ അവള്‍ പറഞ്ഞു
"പേനയേ ഞാനയിട്ടുകരുതണം എന്നാണു പറഞ്ഞത്‌ . വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എഴുതിതുടങ്ങും അപ്പോള്‍ ഈ പേനയായിട്ട്‌ ഞാന്‍ കൂടെ കാണും "
ഇപ്പോള്‍ തന്നെ എഴുതിയാലോ ? മഷിനിറക്കട്ടേ ? മുഖത്തുനിന്നും കണ്ണെടുക്കാതെ അര്‍ഥം വെച്ചു ചോദിച്ചു
"മനസ്സിലാണു മഷിനിറയേണ്ടത്‌ . കാലമാകട്ടെ"
പിന്നെ അവള്‍ തിരിഞ്ഞ്‌ ആള്‍ക്കൂട്ടത്തിലെങ്ങോ മറഞ്ഞു
2
മേടമാസത്തിലെ പാലക്കാടന്‍ ചൂട്‌ . അതൊ പാലക്കാട്ടെ മേടമാസചൂടോ . എതാണു ശരിയെങ്കില്‍ അതിലേയ്ക്കു വലത്തുകാല്‍ വെച്ചിറങ്ങി . ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റില്‍ കോയമ്പത്തൂര്‍ ബസ്സിനുള്ള ക്യൂ അങ്ങ്‌ കോയമ്പത്തൂര്‍ വരെ നീണ്ടിരുന്നു
രാത്രിയില്‍ ചൂട്‌ ഉറക്കത്തിനെ ആട്ടിയകറ്റി . കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോള്‍ ആരോ തിരിയുകയും മറിയുകയും ചെയ്ത ഒരു കവിതയാണ്‌ മനസ്സില്‍ വന്നത്‌
" തിരിയുന്നു മറിയുന്നുഎഴുത്താണിയെടുക്കുന്നു":
എഴുത്താണി:
പെട്ടന്നാണ്‌ എഴുത്താണി മനസ്സില്‍ തറച്ച്തത്‌ .ചാടിയെഴുന്നേറ്റു . കട്ടിലിന്റെ ചുവട്ടില്‍നിന്നും പഴയ ട്രങ്കുപെട്ടി വലിച്ചെടുത്ത്‌ തുറന്നു . ഒരു മൂലയില്‍ അന്നത്തേപ്പോലെതന്നേ ഇരിക്കുന്നു. കയ്യിലെടുക്കുമ്പോള്‍ ചിന്തിച്ചു " ഇപ്പോള്‍ ഇതവളായിക്കാണുമോ , എഴുതിതുടങ്ങിയാലോ ? " മഷിനിറച്ചു , ഡയറിതുറന്ന് എഴുതിനോക്കി .ഒരക്ഷരവും പതിയുന്നില്ല . തറയിലേക്ക്‌ ആഞ്ഞുകുടഞ്ഞു . ഒരുതുള്ളി മഷി തറയില്‍ വീണു . കടലാസില്‍ വീണ്ടും എഴുതി . ഒരക്ഷരം പതിഞ്ഞില്ല . എഴുതാന്‍ പറ്റാത്ത അവസ്ഥ മനസ്സിന്റെ സമനില തെറ്റിക്കുന്നതുപോലെ
. " നാശം" പേന കട്ടിലിലേക്ക്‌ വലിച്ചെറിഞ്ഞു . ലൈറ്റണച്ച്‌ കിടന്നു. അപ്പോള്‍ അടുത്തുകിടന്ന് അവള്‍ പറഞ്ഞു
'എന്നോടു ദേഷ്യപ്പെട്ടിട്ടെന്താകാര്യം , മനസ്സിലാണു മഷിനിറയേണ്ടത്‌"
കൊതുകുകള്‍ മൂളിപ്പറന്നുകൊണ്ടിരുന്നു . അവള്‍ പറഞ്ഞു
" കൊതുകുകളേക്കാള്‍ ദയ ആനകള്‍ക്കുണ്ട്‌ , അവ ഒന്നോരണ്ടോ പ്രാവശ്യമേ കുത്തുകുള്ളു . പിന്നെ ആരുകുത്തിയാലും അറിയില്ല , മോക്ഷം . കൊതുകുകള്‍ അങ്ങിനെയല്ല എപ്പളും കുത്തും
ചൂടിലും കൊതുകിലും എങ്ങിനെയോ ഒന്നുമയങ്ങിയപ്പോള്‍ കോളിങ്ങ്ബെല്ലിന്റെ നീണ്ടശബ്ദം മുഴങ്ങി
3
ജനല്‍കര്‍ട്ടന്‍ മാറ്റിപുറത്തേക്കുനോക്കി. കിഴക്ക്‌ ആരോ വെള്ള കീറിയിട്ടിരിക്കുന്നു . പരപരാ വെളുത്തനിറം . കര്‍ട്ടനില്‍ തൂങ്ങിക്കിടന്നിരുന്ന കൊതുകുകള്‍ ചിറകടിച്ച്‌ പുറത്തേയ്ക്ക്‌ പറന്നു. വീണ്ടും കോളിങ്ങ്ബെല്‍ മുഴങ്ങി. കതകുപതുക്കെ തുറന്നപ്പോള്‍ , കറുത്ത ബാഗും തൂക്കിനിന്ന പെണ്‍ക്കുട്ടി ഒറ്റശ്വാസത്തില്‍ പറഞ്ഞു.
"സാര്‍ ഞങ്ങളുടെ പുതിയ വാക്വംക്ലീനറിന്റെ ഫ്രീ ഡെമോണ്‍സ്റ്റ്രേഷനാണ്‌. വാതില്‍ക്കല്‍നിന്നൊന്നു മാറു , ഞാനകത്തോട്ടു കയറട്ടെ "
അവളെ വാതില്‍ക്കല്‍തന്നെ നിര്‍ത്തിയിട്ട്‌ അല്‍പം കയര്‍ത്തുതന്നെ ചോദിച്ചു
"കച്ചവടത്തിനൊരു സമയമൊക്കെയില്ലേകൊച്ചേ, അതിരാവിലെ കുത്തിപ്പൊക്കിയാണോ ഡെമോണ്‍സ്റ്റ്രേഷന്‍ ?
"സമയമല്ലസാര്‍ ഞങ്ങള്‍ക്ക്‌ മുഖ്യം ടാര്‍ഗെറ്റാണ്‌ , ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപോലും ഇതു വലിച്ചെടുക്കും . സാറുമാറിക്കേ"
ഒരുനിമിഷം ശങ്കിച്ചിട്ട്‌ ചങ്കെടുത്തുനീട്ടി ചോദിച്ചു
"കൊച്ചേ, ഈ ചെമ്പരത്തിപ്പൂവിലെ പൊടിയും, മാറലയുമൊക്കയോ ? "
ഒന്നു സൂക്ഷിച്ചുനോക്കിയിട്ട്‌ അവള്‍ തിരിഞ്ഞുനടന്നു . നടക്കുന്നതിനിടയില്‍ പറഞ്ഞു
"അതിനു ചികിത്സയാണു നല്ലതുസാര്‍ "
അകത്തു പൂജാമുറിയില്‍നിന്ന് ചന്ദനത്തിരിയുടെ ഗന്ധം ഒഴുകിയെത്തി. അവളുടെ സ്വരവും ആപദികിംകരണീയംശരണീയംചരണയുഗളമംബായാം
4
കുളിച്ചുവേഷം മാറി ആഹാരം പോലും കഴിക്കാതെ പുറത്തേക്കിറങ്ങിയപ്പോള്‍, അവള്‍ പുറകീന്നുവിളിച്ചു ചോദിച്ചു
.കോങ്ങാടിനാണല്ലേ?
ഒന്നും മിണ്ടിയില്ല.യാത്രയില്‍, അവാള്‍ ചൊല്ലിയതാണു ചിന്തിച്ചത്‌. " ശരണീയം ചരണയുഗളമംബായാം ". കിഴക്ക്‌ പാടവും കടന്ന്, പടികള്‍ ചവുട്ടി അംബയുടെ മുന്നില്‍ച്ചെന്നു വീണു. മനസു പൊട്ടി വിളിച്ചു
"അമ്മേ, മഹാമായേ, ദേവി"
പിന്നെ ഉറക്കെ പാടി
കോങ്ങാട്ടുതിരുമാന്ധാംകുന്നിലമ്മേ
കോറിച്ചിടേണംകഥ, കാവ്യമമ്മേ
കോരിനിറക്കണം മനതാരിലമ്മേ
കോള്‍മയിര്‍കൊള്ളിക്കുംസ്നേഹമമ്മേ
വീണ്ടും, പ്രദക്ഷിണം വെച്ചിട്ട്‌ ശ്രീകോവിലിനു മുന്നില്‍ നമസ്കരിച്ചെഴുന്നേറ്റപ്പോള്‍, അകത്തുനിന്ന് അമ്മ, മധുരമായി പറഞ്ഞു
" ഉണ്ണീ, അമ്മയുടെ സ്നേഹം അന്തവും, അളവുമില്ലാത്ത പ്രവാഹമാണ്‌. മനസ്സില്‍ അടഞ്ഞിരിക്കുന്ന കുംഭം തുറക്കണം, എന്നാലേ അതു നിറഞ്ഞുകവിയൂ . സന്തോഷമായി, പൊയ്കോളു. അമ്മയുടെ സ്നേഹം എന്നും ഉണ്ണിക്കുണ്ടാകും"
നിറഞ്ഞ സന്തോഷത്തോടെ, അമ്മയേ വീണ്ടുംവീണ്ടും തൊഴുത്‌ പുറകോട്ടു തിരിഞ്ഞിറങ്ങുമ്പോള്‍ അമ്മ, വീണ്ടും പറഞ്ഞു
."ഉണ്ണീ, ഗുരുവും കഴിഞ്ഞേ ദൈവം വരു.ഈശ്വരനെന്നുംഗുരുവെന്നും രണ്ടില്ലവിശ്വസിച്ചോര്‍ക്കുകില്‍ ഒന്നുതന്നേഎന്നു ഉണ്ണി തന്നെ കുട്ടിക്കാലത്തു പാടിയിട്ടില്ലേ, മാഷിനേയും കണ്ടിട്ടുപോകു"
അപ്പോള്‍ ക്ഷേത്രത്തിനു കിഴക്കായി പ്രാര്‍ത്ഥനയോടെ അമ്മയേ നമസ്കരിച്ചെഴുനേല്‍ക്കുന്ന മാഷിനെ കാണായിവന്നു