എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

പുറംവായനക്ക്‌...

Sunday, October 5, 2008

പാലക്കാടന്‍ പലവക മൂന്നാം ഭാഗം

1 Kumaarettan
പുറത്തേയ്ക്ക്‌ നോക്കിയപ്പോള്‍ കനത്തമഴ
. " പെയ്യട്ടങ്ങനെ, പെയ്യട്ടെകോരിച്ചൊരിഞ്ഞുപെയ്യട്ടേ" എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട്‌ പല്ലൊന്നുരച്ചു. മറ്റുകര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ ചായ ചെന്നേപറ്റു . മുന്തിയ കമ്പനിയുടെ മുന്തിയ മോഡല്‍ ചെരിപ്പ്‌ കട്ടിലിന്റെ കീഴിലേയ്ക്ക്‌ നീക്കിയിട്ടു . ഒന്നുനനഞ്ഞിട്ട്‌ പാലക്കാടൂടെ ഇട്ടോണ്ട്‌ നടന്നാല്‍ കോട്ടയത്തുള്ളവര്‍ വരെ മൂപാലക്കാടന്‍ പലവക മൂന്നാം ഭാഗംക്കുപൊത്തും . അതാണു സ്ഥിതി മുറിപൂട്ടി വെളിയിലിറങ്ങി മുക്കിലെ തട്ടുചായക്കടയിലെത്തിയപ്പോള്‍ കോറം തികഞ്ഞിരുന്നില്ല.
" എന്തുപറ്റി, ഇന്നലെ കണ്ടില്ലല്ലോ? പടുതയ്കടിയിലേക്ക്‌ നൂഴ്‌ന്നുകയറുന്നതിനിടയില്‍ കടക്കാരന്‍ പ്രകാശേട്ടനോട്‌ ചോദിച്ചു ." എന്തുപറയാനാണു മാഷേ, മഴതുടങ്ങിയതോടെ വീട്ടുകാരിക്കും പിള്ളേര്‍ക്കും ചൊമേം ജലദോഷവും തുടങ്ങി. വീട്ടില്‍, രണ്ടുമൂന്നിടത്ത്‌ ചോര്‍ച്ച ഉണ്ടായിരുന്നു. അതും നേരേയാക്കി"
" അല്‍പസുഖം, അനേകദു:ഖം" കുടമടക്കി പടുതയ്കകത്തോട്ടു കേറുന്നതിനിടയില്‍ കുമാരേട്ടന്‍ പറഞ്ഞു
" നിങ്ങള്‌ ഒറ്റത്തടി, കുമാരേട്ടാ , എന്തുവേണമെങ്കിലും ഉപദേശിക്കമല്ലോ" കുമാരേട്ടന്‌ ചായ കൊടുക്കുന്നതിനിടയില്‍ പ്രകാശന്‍ പറഞ്ഞു
" ഉപദേശങ്ങള്‍ സൗജന്യമാണ്‌, പണം കൊടുത്ത്‌ മേടിക്കുമ്പോള്‍ അത്‌ കൗണ്‍സിലിംഗ്‌ ആകും" കുമാരേട്ടന്‍ കാലിഗ്ലാസ്സ്‌ തിരിച്ചുകൊടുത്തിട്ട്‌ ഒരു ബീഡിക്ക്‌ തീകൊടുത്തു. മഴ തിമര്‍ത്തുപെയ്യുകയാണ്‌ കുറയുന്ന ഭാവമൊന്നുമില്ല പടുതയ്കിടെയിലൂടെ ചോര്‍ന്നുതുടങ്ങി. കുമാരേട്ടനോട്‌ ഒരുബീഡി വാങ്ങി ഒരുചായകൂടെ പറഞ്ഞു. ചോര്‍ന്നുതുടങ്ങിയതോടെ അകത്തിരുന്നവര്‍ കൂടുതല്‍ ചേര്‍ന്നിരുന്നു
" കേദാരനാഥത്തിലേക്കുള്ള വഴിയിലാണെങ്കില്‍ ആള്‍ക്കാര്‍ ഇതുപോലെ തീയ്ക്കുചുറ്റും ചേര്‍ന്നിരുന്ന് ചിലം മാറിമാറി എടുത്ത്‌ ബോലോ ബം ബം എന്നു പറഞ്ഞേനേ. പാലക്കാട്‌ ഇക്കൊല്ലം ഇങ്ങിനെ മഴ ഇതാദ്യമാണേ" പത്രത്തിന്റെ താളുമറിക്കുന്നതിനിടയില്‍ കുമാരേട്ടന്‍ പറഞ്ഞു. " ഉറങ്ങികിടക്കുമ്പോള്‍ തലയ്കടിച്ചുകൊന്നു, കേട്ടോ പ്രകാശാ , ചത്തതു, കൊന്നവനെങ്കില്‍ കൊന്നതു ചത്തവന്‍ തന്നേ"
" നിങ്ങള്‌ എന്ത്പ്രാന്താ ഇപ്പറയുന്നത്‌ കുമാരേട്ടാ?
" അരുണാചലത്തില്‍ കുത്തിയിരുന്ന ആശാന്‍ സെല്‍ഫ്‌ എന്നാണ്‌ പറഞ്ഞത്‌. ഇവിടെ കൊപ്പത്തുണ്ടല്ലോ ഒരാശ്രമം ബ്രഹ്മം എന്നും പറയും എല്ലാം ബ്രഹ്മമാകുമ്പോള്‍ ആരാണുപ്രകാശാ കൊല്ലുകേം ചാകുകേം ചെയ്യുന്നത്‌" കുമാരേട്ടന്‍ ഒരു ചായകൂടി പറഞ്ഞ്‌ അടുത്ത താളിലേക്ക്‌ കടന്നു" മാട്രിമോണിയല്‍, മഴേം നല്ലതണുപ്പും, വാണ്ടട്‌ ഗ്രൂം പ്രൊഫണല്‍സ്‌ ഓണ്‍ലി . ആര്‍ക്കും ചെറുക്കനേയും പെണ്ണിനേയും വേണ്ട പ്രൊഫണല്‍സിനെ മതി അതാകുമ്പോള്‍ കാര്യങ്ങളെല്ലാം അറിയാവുന്നതുകൊണ്ട്‌ പണി എളുപ്പമായിരിക്കുമേ, വെല്ല്യ താമസമില്ലാതെ ക്ലാസിഫൈഡ്സില്‍ ഫോര്‍ സെയില്‍ വൈഫ്‌ സ്പേറിങ്ങിലി യൂസ്ട്‌ എന്നുപരസ്യം വരും നമ്മുടെ നാട്‌ അതുപോലെ പുരോഗമിച്ചേ "
പ്രകാശന്‍ ചിരിച്ചുകൊണ്ട്‌ പൈസവാങ്ങി പെട്ടിയിലിട്ടു കുമാരേട്ടന്‍ ഒരുബീഡികൂടി കത്തിച്ച്‌ കുടനിവര്‍ത്തി മഴയിലേക്കിറങ്ങി
2Chekuththan

പണം കൊടുത്തിട്ട്‌, പടുതയിലെ ചോര്‍ച്ചയില്‍നിന്ന് വെളിയിലേക്കിറങ്ങി. മഴകുറയുന്ന ലക്ഷണമില്ല. മുറിയിലെത്തി, കട്ടിലില്‍ നീണ്ടുനിവര്‍ന്ന് കിടന്നു. ജനലിനു വെളിയില്‍ മഴതിമര്‍ത്തുപെയ്യുന്നു. കാറ്റില്‍ അകത്തേയ്ക്ക്‌ ഈര്‍പ്പവും തണുപ്പും അരിച്ചു കയറുന്നു. മഴ കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍, ഒരാള്‍ കട്ടിലില്‍ വന്നിരുന്നത്‌ അറിഞ്ഞില്ല. ചാടിയെഴുന്നേറ്റു. മുറിയുടെ വാതില്‍ അടഞ്ഞുതന്നെ കിടക്കുന്നു.

" ആരാ, എങ്ങിനാ ഇതിനകത്തുകയറിയത്‌" ? ശബ്ദം ഇടറുന്നുണ്ടായിരുന്നു.

കയ്യിലിരുന്ന മൂന്നുകുത്ത്‌ ചീട്ട്‌ പൊക്കികാണിച്ചുകൊണ്ട്‌ അകത്തുവന്നയാള്‍ പറഞ്ഞു.
" വാര്യര്‍ സമാധാനമായിട്ടിരിക്കുക. മടിയനായികിടക്കുന്നത്‌ കണ്ട്‌ ഇത്‌ കളിക്കാന്‍ കേറിയതാണ്‌. മടിയന്മാരുടെ മനസ്സാണ്‌ എന്റെ പ്ലേഗ്രൗണ്ട്‌. ഓ, സോറി ഞാന്‍ പരിചയപ്പെടുത്തിയില്ല, ഞാന്‍ ചെകുത്താന്‍. ഒരുവിധപെട്ട എല്ലാ മതക്കാര്‍ക്കും ത്രിത്വം പറഞ്ഞിട്ടുണ്ട്‌ അതുകൊണ്ടാണ്‌ മൂന്നുകുത്ത്‌ ചീട്ടുമായി ഇറങ്ങിയത്‌. "
അപ്പോളാണ്‌ ശ്വാസം നേരേ വീണത്‌ " ഹാവൂ, ആശ്വാസമായി, ചെകുത്താനാണല്ലേ, ഞാന്‍ വിചാരിച്ചു വല്ല കള്ളന്മാരുമായിരിക്കുമെന്ന്. അല്ല ചെകുത്താന്‍ എന്താ ഇത്ര ടിപ്പ്‌ ടോപ്പായിട്ട്‌ ഫോട്ടോയില്‍ ഇങ്ങിനെയല്ലല്ലൊ.?
ഞങ്ങളുടെ ശത്രുക്കളാണ്‌ ഫോട്ടോകളെല്ലാം എടുത്തിരിക്കുന്നത്‌. ഞങ്ങള്‍ ഏതു സമുദായത്തില്‍പെട്ട ചെകുത്താന്മാരാണെങ്കിലും. ഇങ്ങിനെ ടിപ്പ്‌ ടോപ്പായേ നടക്കൂ. എന്നാലേ ഞങ്ങള്‍ക്ക്‌ മനുഷ്യരേ ഞങ്ങളുടെ വഴിയേ നടത്താന്‍ പറ്റൂ. ഇപ്പോള്‍ പത്രത്തില്‍ വരുന്ന ക്രിമിനല്‍സിന്റെ ചിത്രങ്ങളു കണ്ടിട്ടില്ലേ? എത്ര സ്മാര്‍ട്ടാണവര്‍, എന്ത്‌ ഐശ്വര്യവും സന്തോഷവുമാണ്‌ അവരുടെ മുഖത്ത്‌"
ചെകുത്താന്‍ ചീട്ടുകള്‍ പുറത്തെടുത്തു. കശക്കി. പിന്നെ തുടര്‍ന്നു " ദൈവം ഒറ്റ ലൈഫേ ആകാവൂ എന്നാണു പറയുന്നത്‌ പക്ഷേ ഞങ്ങള്‍ക്ക്‌ സെക്കണ്ട്‌ ലൈഫ്‌ മസ്റ്റാണ്‌ ഒരു ജന്മം കൊണ്ട്‌ എന്താകാനാ. ചില അവന്മാര്‍ കയ്യെടുത്തിട്ട്‌ സ്ക്രൂട്ട്‌ ചെയ്യും കളിക്കില്ല. വേറേ ചിലര്‍ കളിച്ചു തുടങ്ങിയിട്ട്‌ മിഡില്‍ സ്ക്രൂട്ട്‌ ചെയ്യും. മണ്ടന്മാര്‍ അവരെന്നിട്ട്‌ ദൈവത്തിന്റെ കൂടെപോകും അവരറിയുന്നുണ്ടോ സ്വര്‍ഗ്ഗത്തില്‍ കഞ്ഞിയും പയറുമേയുള്ളൂ എന്ന്"
ഒന്നുകൂടെ ചീട്ടുകശക്കി പോയിന്റെഴുതാന്‍ കടലാസും പേനയുമെടുത്ത്ചെകുത്താന്‍ കളിക്കാന്‍ തയ്യാറായി.
" കഞ്ഞിയുടെ കാര്യം പറഞ്ഞപ്പോളാണോര്‍ത്തത്‌ ഉച്ചക്ക്‌ 12 മണിവരെ കളിച്ചാല്‍മതി അതുകഴിഞ്ഞാല്‍ എനിക്ക്‌ കഴിക്കാന്‍ പോകണം "
" പന്ത്രണ്ടെങ്കില്‍ പന്ത്രണ്ട്‌ മിസ്റ്റര്‍ വാര്യര്‍, തമിഴര്‍ കഴിക്കുന്നതും കളിക്കുകയാണ്‌ യൂനോ?
ചീട്ടുകളിട്ടുഉച്ചക്കുണ്ണാന്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ കുമാരേട്ടന്‍ കയ്യും തുടച്ചിറങ്ങിവരുന്നു
" അല്ലാ സ്മാര്‍ട്ടായിട്ടുണ്ടല്ലൊ, എന്തായിരുന്നു പരിപാടി? പിന്നെ ഉപദേശിച്ചു"
" മൂത്രമൊഴിച്ചുണ്ണണം
മോരൊഴിച്ചുണ്ണരുത്‌"
ഉച്ചയൂണുകഴിഞ്ഞ്‌ ലോഡ്ജിലെത്തി, മുറിതുറന്നകത്ത്‌ കയറിയപ്പോള്‍ ചെകുത്താന്‍ കട്ടിലില്‍തന്നെ ഇരിപ്പുണ്ട്‌
" എന്താ, വാര്യര്‍, ഒത്തിരി സമയമെടുത്തല്ലോ ഉണ്ടിട്ടുവരാന്‍ "ചെകുത്താന്റെ ശബ്ദം കടുത്തോ എന്നോരു സംശയം.
" കുമാരേട്ടനേ കണ്ടു, അതാണുതാമസിച്ചത്‌"
" കുമാരനേയോ?" ചെകുത്താന്റെ മുഖം ഇരുണ്ടു. " ഇന്ന് ആദ്യമായാണോ കാണുന്നത്‌? "
" അല്ല, രാവിലെ കണ്ടിരുന്നു എന്താ ?"
" അവന്‍ ബ്രഹ്മത്തിനേക്കുറിച്ച്‌ പറഞ്ഞു അല്ലേ. അതുകൊണ്ടാണ്‌ മിസ്റ്റര്‍ വാര്യര്‍ക്ക്‌ ഉച്ചയ്ക്ക്‌ കളിനിര്‍ത്താന്‍ പറ്റിയത്‌. ഇന്നിനി ഞാന്‍ നില്‍ക്കുന്നില്ല. ശരി പിന്നെക്കാണാം"
ചെകുത്താന്‍ അടഞ്ഞുകിടന്ന വാതിലിലൂടെ ഇറങ്ങിപ്പോയിനോക്കിയപ്പോള്‍ പുറത്ത്‌ മഴ തിമിര്‍ക്കുന്നുണ്ടായിരുന്നു
3 Mettupaalayam Street
ഒരു ശൂന്യത. ആള്‌ ചെകുത്താനായിരുന്നെങ്കിലും നല്ല കമ്പനിയായിരുന്നു. കുമാരേട്ടനെ കാണേണ്ടിയിരുന്നില്ല. കട്ടിലില്‍ കിടന്നുകൊണ്ട്‌ ചിന്തിച്ചു. അപ്പോള്‍ കാറ്റില്‍കൂടി അകത്തേയ്ക്ക്‌ തെറിച്ചുവീണ ഒരു മഴത്തുള്ളിയില്‍നിന്ന് രൂപം കൊണ്ട്‌ അവള്‍ പറഞ്ഞു
" ദൈവമെന്നും, ചെകുത്താനെന്നും തോന്നുന്നതും തോന്നിക്കുന്നന്നതും എല്ലാം ഞാനാണ്‌. വൈകിട്ട്‌ മേട്ടുപാളായം സ്റ്റ്രീറ്റില്‍കൂടി നടന്നാല്‍ മതി ഒരു പാഠം കൂടി കിട്ടും"
പിന്നെ അവള്‍ വീണ്ടും മഴത്തുള്ളിയായി മാറിമഴ ശമിച്ചു. വാച്ചില്‍ നോക്കി. മണി നാലാകുന്നു. മുറിപൂട്ടി പുറത്തേക്കിറങ്ങി. ടൗണ്‍ റെയില്വേ സ്റ്റേഷനില്‍പോയി മധുരക്കുള്ള രാത്രിവണ്ടിക്ക്‌ ഒരു ചീട്ടെടുക്കണം മേട്ടുപാളയം സ്റ്റ്രീറ്റില്‍കൂടി നടന്ന് ഇടത്തോട്ട്‌ തിരിഞ്ഞു. അറിയാതെ മൂക്കുപൊത്തി. മഴ പെയ്താല്‍ മണം കൂടുതലാണ്‌
" അര്‍ത്ഥാപത്തി അതോപിന്നെ
ചൊല്ലാനില്ലെന്ന യുക്തിയാം"
ആരോ ചൊല്ലുന്നതുകേട്ടിട്ട്‌ തിരിഞ്ഞുനോക്കി. കൂട്ടില്‍കിടക്കുന്ന ചാകാറായ ഒരു ഇറച്ചിക്കോഴി
" കോയമ്പത്തൂരുനിന്ന് ഇവിടെവരെ എത്തിയപ്പോള്‍ ഞങ്ങള്‌ ചത്തപോലായി, മാഷ്‌ മൂക്കും പൊത്തി. അപ്പോള്‍ ഞങ്ങള്‌ മാഷിന്റെ നാട്ടില്‌ അങ്ങ്‌ കോട്ടയത്ത്‌ എത്തുമ്പോ എന്തായിരിക്കും മണം
അപ്പക്കോലെലി മോഷ്ടിക്കുന്നു
അപ്പത്തിന്‍ കഥ ചൊല്ലണോ"
അല്ല മാഷേ, ഇപ്പോള്‍ അടച്ച ഈ മൂക്ക്‌ നന്നായി തുറന്നല്ലെ ഏറ്റുമാനൂര്‍ കവലയില്‍കൂടി മാഷ്‌ വൈകുന്നേരം പോകുന്നത്‌ ചത്ത ഞങ്ങളുടെ ഇറച്ചികറികളുടെ മണം പിടിക്കാന്‍ മാഷിനു നാണയത്തിന്റെ മറുവശം കാണണോ? തൊട്ടപ്പുറത്ത്‌ ഇടത്തോട്ടുള്ള ഇടവഴീകൂടെ പോയാല്‍ മതി"
ഒരുനിമിഷം ആലോചിച്ചു. പൂരൂരുട്ടാതി നക്ഷത്രക്കാരുടെ പക്ഷി ഉപ്പനാണ്‌ അപ്പോള്‍ ഒരു കോഴി പറയുന്നതുകേട്ടാല്‍ ശരിയാകുമോ?
അപ്പോള്‍ മനസ്സുവായിച്ചിട്ടെന്നപോലെ കൂട്ടില്‍കിടന്ന കോഴിപറഞ്ഞു
" കോഴീന്നും, ഉപ്പനെന്നും ഒക്കെ തോന്നിക്കുന്നതും അവള്‍തന്നെയാണു മാഷേ"
തിരിച്ചുനടന്നു. തൊട്ടടുത്ത ഇടത്തോട്ടുള്ള ഇടവഴിയിലേയ്ക്ക്‌ തിരിഞ്ഞു. പൂക്കള്‍, ജമന്തി മുല്ല മല പോലെ കൂട്ടിയിട്ടിരിക്കുന്നു. പൂമാലകള്‍ തൂക്കിത്തൂക്കിയിട്ടിരിക്കുന്നു. തൊട്ടപ്പുറത്തേ ഇടവഴിയിലേ കോഴികളുടെ ദുര്‍ഗന്ധം തന്നേ മറന്നു. ഈ വഴിയില്‍ പൂക്കളുടെ സുഗന്ധം മാത്രമേയുള്ളു,. മൂക്കുതുറന്നുപിടിച്ച്‌ മുന്നോട്ടുനടന്നു. ഇടവഴിയുടെ അവസാനമെത്തിയപ്പോള്‍ ആരോ വിളിച്ചു
" ഹലോ"
നോക്കിയപ്പോള്‍ ഒരു തമിഴ്‌ സ്ത്രീക്ക്‌ മാല പൊതിഞ്ഞുകൊടുക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു " കേട്ടോ മാഷേ ദക്ഷിണേശ്വരത്തിലെ ആശാന്‍ പറഞ്ഞിട്ടുണ്ട്‌ വായു സുഗന്ധവും ദുര്‍ഗന്ധവും വഹിച്ചുകൊണ്ടുവരും പക്ഷേ വായുവിനേ ഇതുരണ്ടും ബാധിക്കുന്നില്ല. എന്ന് കേട്ടിട്ടുണ്ടോ ചെന്നാട്ടേ, ടൗണ്‍ സ്റ്റേഷനില്‍ പോകണ്ടേ?"
ഇതുപറയുമ്പോള്‍ അവള്‍ ചിരിക്കുന്നുണ്ടായിരുന്നു
4 Vararuchi

മേട്ടുപാളയം സ്റ്റ്രീറ്റില്‍നിന്ന് മുന്‍സിപ്പല്‍ സ്റ്റാന്റില്‍കൂടി ടൗണ്‍ സ്റ്റേഷനില്‍ ചെന്നു. രാത്രി 10..50 നു ഒലവക്കോടുനിന്നുവിടുന്ന മധുരവണ്ടിക്ക്‌ ചീട്ടെടുത്തു. വെളിയിലിറങ്ങി ഒരു ചായ കുടിച്ചുകൊണ്ടുനിന്നപ്പോള്‍ പെട്ടെന്ന് ഒരു ഉള്‍വിളി പോലെ . വീണ്ടും സ്റ്റേഷനിലെ ടിക്കറ്റ്‌ കൗണ്ടറിലെത്തി. മൂന്നുരൂപാ അകത്തേയ്ക്ക്‌ വെച്ചിട്ട്‌ പറഞ്ഞു
" ഒരു പ്ലാറ്റ്‌ ഫോം ടിക്കറ്റ്‌"
കണ്ണാടിയ്കടിയിലൂടെ സൂക്ഷിച്ച്‌ നോക്കിയിട്ട്‌ കൗണ്ട്രാള്‍ പറഞ്ഞു
" ഇവിടെ പിലാറ്റുഫോറം ടിക്കറ്റേ കിട്ടുള്ളൂ . അതിലൊരെണ്ണം എടുക്കട്ടെ ?
സമ്മതഭാവത്തില്‍ തലകുലുക്കിയപ്പോള്‍ അയാള്‍ മൂന്നുരൂപ പെട്ടിയിലാക്കി ഒരു കാക്കികടലാസുകഷ്ണം ഇട്ടുതന്നു പിലാറ്റുഫോറത്തില്‍ ഒഴിഞ്ഞ കോണില്‍ മരത്തിന്റെ താഴെയുള്ള ബെഞ്ചില്‍ പോയിരുന്നു പഴനിയില്‍നിന്നു വന്ന ട്രെയിനിലെ യാത്രക്കാരെല്ലാം ചിലച്ചുകൊണ്ട്‌ ഇറങ്ങിപ്പോയി. അപ്പോള്‍ മരങ്ങളില്‍നിന്ന് കിളികള്‍ ചിലച്ചുതുടങ്ങി പോര്‍ട്ടര്‍ ദാമു ഒരു ബീഡി വലിച്ചുകൊണ്ട്‌ അടുത്തുവന്നിട്ട്‌ പറഞ്ഞു
" എല്ലാം ബ്രഹ്മമാണെന്നറിയുന്നതുവരെ പക്ഷികാഷ്ഠം , പക്ഷികാഷ്ഠം തന്നെയാണുമാഷേ"
ചിരിച്ചുകൊണ്ട്‌ ദാമുവിന്റെ കയ്യില്‍നിന്ന് ഒരു ബീഡി മേടിച്ചു. കണ്ണടച്ചിരുന്നു. കിളികള്‍ ചിലക്കുന്നത്‌ സംഗീതമായി ചെവികളില്‍ അലിയുന്നു. പെട്ടെന്ന് സംഗീതം നിലച്ചു. ഇലകളുടെ ഇടയില്‍നിന്നും ഒരു സംസാരം ഉയര്‍ന്നു
" കിളീ, പണ്ട്‌ നമ്മളൊരു മരത്തിലിരുന്നപ്പോള്‍ , രാമം ദശരഥം വിദ്ധി എന്നറിയാന്മേലാത്ത ഒരു പട്ടര്‌ നമ്മുടെ കീഴില്‍ വന്നിരുന്നത്‌ കിളി ഓര്‍ക്കുന്നുണ്ടോ ? "
" ഉണ്ട്‌ കിളിയെന്താ, ഇപ്പോളത്‌ ചോദിച്ചത്‌?"
" ലോഡ്ജുമുറിയിലും പൂക്കടയിലും അവളേ കണ്ടിട്ടും കാണാതെ, കാണാന്‍ മധുരക്കുപോകുന്ന ഒരു മണ്ടന്‍ ദേ താഴെയിരിക്കുന്നു"
കിളികളുടെ സംസാരം വീണ്ടും വീണ്ടും ചെവികളില്‍ മുഴങ്ങിയപ്പോള്‍ കണ്ണുതുറന്നു
5 Aval

ജനലിനുവെളിയില്‍ മഴ തിമര്‍ത്തുപെയ്യുകയാണ്‌. വാച്ചില്‍നോക്കി. മണി ആറുകഴിഞ്ഞിരിക്കുന്നു. കട്ടിലില്‍നിന്നെഴുന്നേറ്റു. ഒന്നുമൂത്രമൊഴിച്ചു മുഖം കഴുകി ഷര്‍ട്ടിട്ടു പുതിയ ചെരിപ്പ്‌ കട്ടിലിന്റെ കീഴിലേക്ക്‌ നീക്കിയിട്ട്‌ മുറിപൂട്ടി പുറത്തിറങ്ങി ഒരു ചായ കുടിക്കാന്‍ മുക്കിലെ ചായപ്പീടികയില്‍ ചെന്നുഒരു ചൂടുചായ തരുന്നതിനിടയില്‍ പ്രകാശന്‍ ചോദിച്ചു
" മാഷ്‌ മുറീല്‍ തന്നെയുണ്ടായിരുന്നോ? ചീട്ടുകളിക്കാന്‍ ആളില്ലാതെ കുമാരേട്ടന്‍ വിഷമിച്ചുനടക്കുകായിരുന്നു"
അപ്പോള്‍ കടന്നുപോയ ഒരു രണ്ടാം നമ്പര്‍ ബസ്സില്‍നിന്ന് അവള്‍ കൈപൊക്കി ചിരിച്ചുകാണിച്ചു

2 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാലക്കാട് കണ്ടിട്ട് വന്നതാ.

വായിച്ചു , കൊള്ളാം

lakshmy said...

‘ഒന്നുമൂത്രമൊഴിച്ചു മുഖം കഴുകി ‘
വെള്ളക്ഷാമമൊണ്ടോ അവിടെ?!!!