എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

പുറംവായനക്ക്‌...

Friday, May 7, 2010

ജാത്യാല്‍കുളിമുറിയില്‍ മുഷിഞ്ഞ തുണികളുമായി മല്ലടിച്ചുകൊണ്ടിരുന്നപ്പോളാണ്‌ കോളിംഗ്‌ ബെല്‍ ശബ്ദിച്ചത്‌. കയ്യില്‍ പറ്റിയിരുന്ന സോപ്പുപതയെല്ലാം കഴുകികളഞ്ഞ്‌ കൈ തുടച്ച്‌ വാതില്‍ പോയി തുറന്നപ്പോള്‍ ആഗതന്‍ വെളുക്കെ തുടിക്കുന്ന വെണ്മയോടെ ചിരിച്ചുകൊണ്ട്‌ ചോദിച്ചു.


" എന്താ മാഷേ വതില്‍ തുറക്കാന്‍ ഒരു അമാന്തം. വെള്ളമായിരുന്നോ?. ഞാനൂടെ കൂടണോ?"

" വെള്ളമായിരുന്നു. തുണി അലക്കുകാരുന്നേയ്‌" ക്ഷമാപണത്തോടെ പറഞ്ഞു.

" അതുകൊള്ളാമല്ലൊ മാഷേ നിങ്ങളുടെ തുണി നിങ്ങള്‍ തന്നെയാണോ അലക്കുന്നത്‌?"

വന്നകാല്‍ മാറ്റിവെച്ച്‌ സെറ്റിയിലേക്ക്‌ മലര്‍ന്ന് ടീവിയുടെ റിമോട്ട്‌ കയ്യിലെടുക്കുന്നതിനിടയില്‍ ആഗതന്‍
ചോദിച്ചു

" അതെ അതിനെന്താ ഒരു കുറവ്‌? താങ്കള്‍ താങ്കളുടെ തുണി അല്ലേ അലക്കുന്നത്‌"

പെട്ടന്നാണ്‌ ആഗതന്റെ മുഖം മുഷിഞ്ഞത്‌. റിമോട്ട്‌ സെറ്റിയുടെ ഒരു മൂലയ്ക്കലേക്ക്‌ വലിച്ചെറിഞ്ഞിട്ട്‌ മൂപ്പര്‌ ചാടിയെഴുന്നേറ്റു. മുഖത്തേയ്ക്ക്‌ വിരല്‍ ചൂണ്ടി അയാള്‍ കയര്‍ത്തു

" താനെന്നാടോ ഏബ്രഹാം ലിങ്കണു പഠിക്കുവാണോ? ഒരു തരം മുന വെച്ചു സംസാരിക്കാന്‍ കാണിച്ചുതരാം ഞാന്‍"

വന്നതെന്തിനാണെന്നുപോലും പറയാതെ വാതില്‍ വലിച്ചുതുറന്ന് ആഗതന്‍ പോയവനായി.. വീണ്ടും നനഞ്ഞ തുണിയിലേക്ക്‌ പ്രവേശിച്ചപ്പോള്‍ പൊട്ടിപോയ റിമോട്ടോ കൊളുത്തുപോയ വാതിലോ ആയിരുന്നില്ല മനസ്സില്‍. ഏബ്രഹാം ലിങ്കണും തുണിയും തമ്മില്‍ എന്തായിരുന്നു ബന്ധം ആതിലെന്തായിരുന്നു ഹാം എന്നാണു ചിന്തിച്ചത്‌. തുണിയെല്ലാം അലക്കികഴിഞ്ഞ്‌ സുഹൃത്തായ ചരിത്രാധ്യാപകനോട്‌ ചോദിക്കാം എന്ന് മനസ്സില്‍ കുറിച്ചിടുന്നതിനിടയില്‍ കോളിംഗ്‌ ബെല്‍ വീണ്ടും ശബ്ദിച്ചു. മുമ്പേ വന്ന് കലിതുള്ളിയ ആഗതന്‍ കാണിച്ചുതരാന്‍ വന്നതാണെന്ന് കരുതി കൈപോലും കഴുകാതെ വാതില്‍ പോയി തുറന്നു. കറുത്ത കോട്ടിട്ട ചെങ്ങാതി വെളുക്കെ ചിരിച്ചുകൊണ്ട്‌ അകത്തുകയറി.

" ഇരിക്കു, ഞാന്‍ കയ്യൊന്നു കഴുകിയിട്ട്‌ വരാം"

" ഇരിക്കാനൊന്നും സമയമില്ല. കൈ കഴുകുന്ന കാര്യം തന്നെ പറയാന്‍ വന്നതാണ്‌. ജാതിപറഞ്ഞ്‌ കളിയാക്കീന്നൊരു കേസുണ്ട്‌ നമ്മുക്കതങ്ങ്‌ കോമ്പ്രമൈസാക്കാം എന്താ വൈകിട്ട്‌ കോടതിവിട്ടുകഴിയുമ്പോള്‍ ഓഫീസിലോട്ട്‌ വന്നാല്‍ മതി."

പുറത്തിറങ്ങി വണ്ടിയെടുക്കുന്നതിനിടയില്‍ ചെങ്ങാതി തിരിഞ്ഞുനോക്കി വീണ്ടും പറഞ്ഞു

" അപ്പോള്‍ വൈകിട്ട്‌ മറക്കണ്ട "

No comments: