ഒന്നാമദ്ധ്യായത്തില്‍ വാര്യര്‍ കല്ലുവെട്ടാംകുഴിയില്‍നിന്ന് വലിച്ചുകയറ്റിയ ആന രണ്ടാമദ്ധ്യായത്തില്‍ അപ്രത്യക്ഷനായി.സ്വതേ മൂഡ്ഡനായ വാര്യര്‍ ആന അപ്രത്യക്ഷനായതോടെ ഇതികര്‍ത്തവ്യതാമൂഡ്ഡനുമായി. പക്ഷേ മൂന്നാമദ്ധ്യായത്തില്‍ കാര്യങ്ങളെല്ലാം പാടേ മറിഞ്ഞു. ആന രായ്ക്കുരാമാനം തൊഴുത്തില്‍നിന്ന് കയറുപൊട്ടിച്ചിട്ട് ഇല്ലാത്തപുരമ്പറ്റ ഭഗവതിക്ഷേത്രത്തില്‍ ചെന്നുചേര്‍ന്നതും സ്വീകരണം ഏറ്റുവാങ്ങിയതുമെല്ലാം നാട്ടുപത്രത്തില്‍നിന്ന് വായിച്ചുകേട്ടറിഞ്ഞ വാര്യര്‍ സന്തോഷം സഹിക്കാനാവാതെ വീണ്ടും ഇതികര്‍ത്തവ്യതാമൂഡ്ഡനായി ഉള്ള ബോധം കൂടെ നഷ്ടപെട്ട് പുല്‍പായിലേയ്ക്ക് മറിഞ്ഞു.
തുടര്‍ന്നു വായിക്കുക
ലോറിയിലെ നീണ്ടയാത്രയും, മണിക്കൂറുകള്‍ നീണ്ട എഴുന്നള്ളത്തും കഴിഞ്ഞ് കോലം താഴെയിറക്കി നെറ്റിപ്പട്ടവും അഴിച്ച് ആനയേ മതില്കകത്ത് തളച്ചപ്പോളാണ് ഗോവിന്ദന്പാപ്പാന് ശ്വാസം നേരേവീണത്. കാര്യം കഥയിലാണെങ്കിലും ആന ഇടഞ്ഞാല്‍ നാടകം മുഴുവനും പൊളിയുമല്ലൊ. പോരാത്തതിന് എഴുന്നള്ളത്ത് കഥാപാത്രത്തിന് പരിചയമില്ലാത്ത ഫീല്‍ഡും
രണ്ട് പനമ്പട്ട ആനയുടെ മുന്നിലേയ്ക്ക് വലിച്ചിട്ടിട്ട് പാപ്പാന് മതിലില്‍ ചാരിയിരുന്നു. മടിക്കുത്തില്‍നിന്ന് ഒരു ബീഡിയെടുത്ത് കത്തിച്ചിട്ട് ചിന്തിച്ചു. പനമ്പട്ടയുടെ കാര്യത്തില്‍ ഭാരവാഹിയുമായി വാക്കാല്‍ ഉടമ്പടി ഒപ്പിട്ടതുകൊണ്ട് മൃഗം പട്ടിണികിടക്കില്ല. ഇനി മനുഷ്യനുള്ള വെറുമ്പട്ട എപ്പോളാണോ കിട്ടുന്നത്?
ഒരു പട്ട
തുമ്പിക്കരംകൊണ്ട് വാരിയെടുത്തിട്ട്
അംബരമുറ്റത്തില്‍ വീശിയെറിഞ്ഞിട്ട്
പിന്നോട്ടുനന്നായ് കശക്കിയെറിഞ്ഞിട്ട്
പാര്‍ശ്വങ്ങള്‍ രണ്ടിലും അമ്മാനമാടീട്ട്
മുന്‍ കാലിന്റെ അടിയിലേയ്ക്ക് വെയ്ക്കുമ്പോള്‍ ആന വിചാരിച്ചു
" ഭാഗ്യവന്തം പ്രസൂയേഥാ
മാ ശൂരം മാച പണ്ഡിതം
എന്ന് ആര് ആരോടാണ് പറഞ്ഞത്?"
പട്ട രണ്ടായി ചവിട്ട് ഒടിച്ചിട്ട് പറ്റിപിടിച്ചിരുന്ന മണ്ണ് ദേഹത്ത് തട്ടി കുടഞ്ഞുകളഞ്ഞ് വായിലേക്ക് വെക്കുന്നതിനിടയില്‍ ആന വീണ്ടും വിചാരിച്ചു
" പത്താംതരത്തില്‍ അഭ്യസിച്ചിരുന്നെങ്കില്‍ ആര് ആരോടാണ് പറഞ്ഞതെന്ന് സന്ദര്‍ഭവും സ്വാരസ്യവും വിശദമാക്കി ഓര്‍ത്തെടുക്കാമായിരുന്നു"
മതിലില്‍ ചാരിയിരുന്ന്, ബീഡി വലിച്ച് ഗോവിന്ദന്പാപ്പാന്, പനമ്പട്ട ചിട്ടയോടെ തിന്നുന്ന ആനയേത്തന്നെ നോക്കിയിരുന്നു. നോക്കിയിരുന്നപ്പോള്‍ വെറുമ്പട്ടയേക്കുറിച്ചോര്‍ത്തേയില്ല.പേര്‍ത്തും പേര്‍ത്തും നോക്കിയിരുന്നപ്പോള്‍ കേളുനായര്‍ പാപ്പാനു കാണുംതോറും കൗതുകം എന്ന ന്യായമനുസരിച്ച്, കഥയിലാണെങ്കിലും ഉള്ളിന്റെയുള്ളില്‍ വാത്സല്ല്യം നുരഞ്ഞുപൊന്തുന്നതായിട്ട് ഗോവിന്ദന് പാപ്പാനു മനസ്സിലായി.
" ആനേ" പാപ്പാന് വാത്സല്ല്യത്തോടെ നീട്ടിവിളിച്ചു. ആന പട്ട നിലത്തിട്ടിട്ട് ചെവി വട്ടം പിടിച്ചപ്പോള്‍ പാപ്പാന് ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് നെഞ്ചത്ത് കൈവെച്ച് നാലമ്പലത്തിനുള്ളിലേയ്ക്ക് നോക്കികൊണ്ട് പറഞ്ഞു.
" അമ്മേ മഹാമായേ ഈ നാല്ക്കാലിയേയും ഇരുകാലിയേയും പരമ്പര തീരുന്നതുവരെയെങ്കിലും കാത്തുകൊള്ളണേ, അമ്മെ ഭഗവതി"
പിന്നെ നാലമ്പലത്തിനുമുന്നില്‍ ഭസ്മത്തട്ടത്തില്‍നിന്ന് ഒരുപിടി വാരിയെടുത്ത് കുറച്ച് വെള്ളത്തില്‍ ചാലിച്ച് നാല്കാലിയുടെ മസ്തകത്തില്‍ തൊടീക്കുമ്പോള്‍ പാപ്പാന് ഓര്‍ത്തു.
" ആരും കണ്ണുവെയ്ക്കാതിരിക്കാന്‍ ഒരു ബ്യൂട്ടിസ്പോട്ട് ഇരിക്കട്ടെ"
വീണ്ടും മതിലില്‍ചാരിയിരുന്ന് ഒരുബീഡി കൂടി കത്തിച്ച് പുക അകത്തേയ്ക്കും പുറത്തേക്കും വിടുമ്പോള്‍ ചില മഹാത്മാക്കളേക്കുറിച്ചാണ് പാപ്പാന് ഓര്‍ത്തത്. കോന്നിയില്‍ കൊച്ചയ്യപ്പന്, വൈക്കത്ത് തിരുനീലാണ്ടന്‍, കൊട്ടാരക്കര ചന്ദ്രശേഖരന്, തിരുവട്ടാറ്റ് ആദികേശവന്.
" ദൈവമേ, കൊട്ടാരത്തില്‍ വേണ്ട ഒരു കുടിലില്‍ ശങ്കുണ്ണിയെങ്കിലും ഇവനേക്കുറിച്ച് ഇതുപോലൊരാന ഇതുവരെ ഉണ്ടായിട്ടുമില്ല ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല, എന്നെഴുതുമോ?"
" നെട്ടൂപെട്ടിയില്‍നിന്ന് രണ്ടുമൂന്ന് കടലാസ്സുകൂടി കീറിയെടുത്ത്, നാടകത്തിന് രണ്ടുമൂന്ന് രംഗങ്ങള്‍ കൂടെ കൂട്ടിയാല്‍മതി, കൊട്ടാരവും,കുടിലും ഇല്ലെങ്കിലും ഒരു ബംഗ്ലാവില്‍ ശങ്കുണ്ണിയെങ്കിലും അങ്ങിനെ എഴുതിക്കോളും"
ശബ്ദം കേട്ട ഭാഗത്തേക്ക് ഗോവിന്ദന് പാപ്പാന് നോക്കി. അപ്പോള്‍ ചിരിച്ചീടിന മദ്ധ്യേ അടുത്തുചെന്നിട്ട് ബാലകന് ചോദിച്ചു. " അതൊക്കെ പോകട്ടെ ഗോവിന്ദേട്ടാ, കഥയില്‍ ഈ ആന ഒറ്റച്ചട്ടമാണോ?
പാപ്പാന് ബാലകന്റെ മുഖത്തുനോക്കി. കഥയെല്ലാമറിയാവുന്നവന്‍ എന്നുകണ്ടപ്പോള്‍, എഴുന്നേറ്റ് മടക്കികുത്തിയിരുന്ന മുണ്ട് അഴിച്ചിട്ട്, നടയ്ക്കലേക്ക് നോക്കിവിളിച്ചു.
" അമ്മേ, മഹാമായേ"
പിന്നെ ബാലകന്റെ കയ്യിലിരുന്ന വെറ്റിലയും പാക്കും വെള്ളിരൂപയും വലതുകയ്യില്‍ മേടിച്ചിട്ട് അവന്റെ കയ്യിലേയ്ക്ക് തോട്ടിയും കോലും വെച്ചുകൊടുത്തിട്ട് പറഞ്ഞു.
" ഈ നിമിഷം വരെ ഒറ്റച്ചട്ടമായിരുന്നു. ഇനിമുതല്‍ നീ വേണം ഇവനു പട്ടവെട്ടാനും തണുപ്പിക്കാനും വക്ക കെട്ടാനും."
" പനമ്പട്ട ആവശ്യത്തിന് വെട്ടിക്കഴിഞ്ഞു. ഇനി വെറുമ്പട്ട ആവശ്യത്തിന് ഒഴിക്കണ്ടേ? ദേ ആള് എത്തിക്കഴിഞ്ഞു."
അപ്പോള്‍ ആശാനേന്ന് നീട്ടിവിളിച്ചുകൊണ്ട് ഉത്സവക്കമ്മിറ്റി ആഫീസില്‍നിന്ന് ഭാരവാഹി അവരുടെ അടുത്തേയ്ക്ക് വരുന്നുണ്ടായിരുന്നു
(തുടരും)
