എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Saturday, April 4, 2009

ഗജേന്ദ്രമോക്ഷം മൂന്നാമദ്ധ്യായം

കഥ ഇതുവരെ
അതിരാവിലെ പശുവിനെ കറക്കാന്‍ ചെന്നപ്പോളാണ്‌ ഒന്നാമദ്ധ്യായത്തില്‍ കല്ലുവെട്ടാങ്കുഴിയില്‍ കിടന്നുകിട്ടിയ ആന തൊഴുത്തില്‍നിന്ന് അപ്രത്യക്ഷനായി എന്ന് വാര്യര്‍ അറിഞ്ഞത്‌. കുഴിയില്‍നിന്ന് കിട്ടിയ ആനയേ നാട്ടാന ആക്കാനും നാട്ടാനപരിപാലന നിയമപ്രകാരം അതിനെ പരിപാലിക്കാനും പത്തുപറക്കണ്ടത്തിന്റെ കടലാസ്‌ കീറി പാപ്പാന്‍ ഗോവിന്ദന്റെ കയ്യില്‍കൊടുത്തത്‌ അപ്പോളാണ്‌ ഓര്‍ത്തത്‌. നെട്ടൂപെട്ടിയിലിരുന്ന ആ കണ്ടം നഷ്ടപ്പെട്ടു എന്നു കരുതി വാര്യര്‍ക്ക്‌ ആധിയായി. ഇക്കാണുന്നതൊന്നും സത്യമല്ലെന്നും എല്ലാം ഭഗവാന്റെ ലീലകളാണെന്നും ഭാര്യയും മാരാരും പറഞ്ഞിട്ടും അതു മനസ്സിലാക്കാനുള്ള ബുദ്ധിയും വാര്യര്‍ക്കില്ലാതെപോയി. ഉച്ചയ്ക്ക്‌ ആധിമൂത്ത്‌ ഉറങ്ങാന്‍ കിടന്ന വാര്യര്‍ ചൂടുവാര്‍ത്ത ചൂടുവാര്‍ത്ത എന്നുകേട്ട്‌ ഞെട്ടി ഉണര്‍ന്നു.
തുടര്‍ന്ന് വായിക്കുക
ഉറക്കം ശരിക്കുമങ്ങോട്ടു വിട്ടുമാറാത്ത വാര്യരെ ഒന്നുകൂടെ കുലുക്കിവിളിച്ചിട്ട്‌ ഭാര്യ പറഞ്ഞു.
" ചൂടുവാര്‍ത്ത, ചൂടുവാര്‍ത്ത, ദേ നിങ്ങളീ നാട്ടുപത്രത്തിലെ ചൂടുവാര്‍ത്ത കണ്ടോ?"
" തലയ്ക്ക്‌ തീപിടിച്ചിരിക്കുമ്പോളാ ചൂടുവാര്‍ത്ത" തിരിഞ്ഞുകിടക്കുന്നതിനിടയില്‍ വാര്യര്‍ പറഞ്ഞു.
" അതല്ലന്നേ, നിങ്ങളിതൊന്ന് വായിച്ചേ"
"പത്തുപറക്കണ്ടം പോയതോര്‍ത്ത്‌ കരഞ്ഞുകരഞ്ഞ്‌ എന്റെ കണ്ണ്‍ കലങ്ങിയിരിക്കുവാ ഒരക്ഷരം തിരിയുകേലാ നീ തന്നെ വായിച്ചോ"
ആധിമൂത്ത്‌ രക്തസമ്മര്‍ദ്ദം കൂടിയിരിക്കുന്നതുകൊണ്ടും പണ്ടേതോ നിലത്തെഴുത്തുകളരിയില്‍ ശരീരത്തിന്റെ ബാലന്‍സ്‌ കാത്തുസൂക്ഷിക്കുന്നത്‌ ചെവിയാണെന്ന് വായിച്ചെഴുതിയിട്ടുള്ളതുകൊണ്ടും വാര്യരുടെ ചെവിയും അടഞ്ഞിരിക്കുകയായിരുന്നു.
" നീ വായിച്ചോ, പക്ഷെ സ്പുടമായും അക്ഷരതെറ്റില്ലാതെയും വേണം വായിക്കാന്‍ എന്റെ ചെവി അടഞ്ഞിരിക്കുകാണേ"

ഭാര്യ നാട്ടുപത്രം കയ്യിലെടുത്തു. പിന്നെ സ്പുടമായും അക്ഷരതെറ്റില്ലാതെയും വായിച്ചുതുടങ്ങി
വെണ്ടയ്ക്ക അക്ഷരത്തില്‍ വലിയ തലക്കെട്ട്‌

" ആനയ്ക്ക്‌ സ്വീകരണം നല്‍കി"

ഇല്ലാത്തപുരമ്പറ്റ.പാലക്കാട്ജില്ല- ഇല്ലാത്തപുരമ്പറ്റ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളത്തിന്‌ പാപ്പാന്റെ സഹായം കൂടാതെ സ്വയം നടന്ന് എത്തിയ ആനയ്ക്ക്‌ സ്വീകരണം നല്‍കി. രണ്ടായിരത്തോളം കൊല്ലം പഴക്കമുള്ള ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ്‌ ഒരാന സ്വയം നടന്ന് എഴുന്നള്ളത്തിന്‌ക്ഷേത്രത്തിലെത്തുന്നത്‌. ഇക്കാലമത്രയും പാപ്പാന്മാരും ആന ഇടനിലക്കാരും കൂടി ഏതെങ്കിലും ഒരാനയെ കെട്ടിവലിച്ച്‌ ഉത്സവത്തിന്‌ എത്തിക്കാറായിരുന്നു പതിവ്‌ പക്ഷെ ഇക്കൊല്ലം തെക്കോട്ടും പൂരങ്ങള്‍ തുടങ്ങിയതുകൊണ്ട്‌ എഴുന്നള്ളത്തിന്‌ ഒരാനയേയും കിട്ടാതെ ഉത്സവം മുടങ്ങുമൊ എന്നു ദു:ഖിച്ചിരിക്കുകയായിരുന്നു ഭക്തജനങ്ങളും നാട്ടുകാരും ഉത്സവക്കമ്മിറ്റി ഭാരവാഹികളും. നടയ്ക്കല്‍ കിട്ടുന്ന കാണിക്ക കുറയുമല്ലൊ എന്ന ദു:ഖം പൂജാരിക്കുമുണ്ടായിരുന്നു. അപ്പോളാണ്‌ എവിടെ നിന്നാണെന്ന് പോലുമറിയാതെ ആരോടും പറയാതെയും ഒരാന സ്വയം നടന്ന് എഴുന്നള്ളത്തിനുള്ള സമയത്തുതന്നെ ക്ഷേത്രത്തിലെത്തിയത്‌ . ഉത്സവം മുടങ്ങാതിരിക്കാന്‍ ഭഗവതി തന്നെ എത്തിച്ചതാണ്‌ ആനയേ എന്നാണ്‌ കോമരം തുള്ളിക്കൊണ്ട്‌ പറഞ്ഞത്‌.സന്തുഷ്ടരായ ഭക്തജനങ്ങളും നാട്ടുകാരും കമ്മിറ്റിക്കാരും ചേര്‍ന്ന് കയ്യോടെ ആനയേപിടിച്ച്‌ ഒരു സ്വീകരണം നല്‍കി.മേലില്‍ ഈ ഉത്സവക്കമ്മിറ്റികാരുള്ളടത്തോളം കാലം ഈ ആനയേതന്നെ വരുന്നകൊല്ലങ്ങളിലും എഴുന്നള്ളിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ട്‌.ഉത്സവസമാപനദിവസം ഒരു ഗജരാജപട്ടവും കേരളപുരത്ത്‌ ഉണ്ണിക്കൃഷ്ണവാര്യരുടെ ഉടമസ്ഥതയിലുള്ള ഗോവിന്ദന്‍ എന്ന ഈ ആനയ്ക്ക്‌ സമ്മാനിക്കുവാനും തീരുമാനമായിട്ടുണ്ട്‌"

വാര്‍ത്ത വായിച്ചുകഴിഞ്ഞപ്പോള്‍ വാര്യര്‍ ചാടിയെഴുന്നേറ്റു.പത്രം തട്ടിപ്പറിച്ച്‌ വാര്‍ത്തയിലേയ്ക്ക്‌ സൂക്ഷിച്ചുനോക്കി

" ഹെന്റെ ഗോവിന്ദാ"

" പാപ്പാനേയായിരിക്കും വിളിച്ചത്‌?"ഭാര്യ ചോദിച്ചു " നമ്മാള്‍ എന്റെ ഗോവിന്ദാന്ന് പാപ്പാനെ കരുതിവിളിച്ചാലും ഭഗവാന്‍ വിചാരിച്ചോളും അത്‌ ഭഗവാനെ വിളിച്ചതായിരിക്കുമെന്ന്" അവള്‍ തുടര്‍ന്ന് പറഞ്ഞു

വാര്യര്‍ ഒന്നുകൂടെ വാര്‍ത്തയിലേയ്ക്ക്‌ സൂക്ഷിച്ചുനോക്കി.പിന്നെ ഒട്ടും ശങ്കിച്ചില്ല എന്റെ ഗോവിന്ദാന്ന് നീട്ടിവിളിച്ച്‌ ബോധം കെട്ട്‌ പുറകോട്ട്‌ മറിഞ്ഞു.

( തുടരും)

1 comment:

varier963 said...

Muzhuvanum varatte