എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

പുറംവായനക്ക്‌...

Sunday, September 13, 2009

ഗൃഹാതുരത്വം ഒന്നാംഭാഗം

ബംഗ്ലാവിന്റെ വരാന്തയില്‍ കാലും നീട്ടിയിരുന്നു.
മഴ.

ആലുകള്‍ നിവര്‍ത്തിവെച്ചിരുന്ന ഇലക്കുടകള്‍കിടയിലൂടെയും ആല്‍ത്തറകള്‍ നനഞ്ഞുകൊണ്ടിരുന്നു. തൊഴുത്തിലെ കന്നുകാലികള്‍ക്ക്‌ വൈക്കോല്‍ ഇട്ടുകൊടുത്തിട്ട്‌ അടുത്തുവന്ന് രാജേട്ടന്‍ പറഞ്ഞു.

" ഇതിപ്പോള്‍ പെയ്തുമാറും"

മഴ ഒന്നു പെയ്തുമാറിയപ്പോള്‍ വരാന്തയില്‍നിന്നെഴുന്നേറ്റു. മുക്കില്‍ കണ്ണേട്ടന്റെ കടയില്‍നിന്ന് ഒരുകാപ്പി കുടിച്ചുകഴിഞ്ഞപ്പോള്‍ ഒരെണ്ണം കൂടെ കുടിക്കണമെന്നുതോന്നി.

" കണ്ണേട്ട, ഓറേക്ക്‌ കാപ്പി, കടുപ്പത്തില്‍ മധുരം കമ്മി"

തിരിച്ച്‌ നനഞ്ഞുകിടന്നിരുന്ന ആല്‍ത്തറയില്‍ ചെന്നിരുന്നു. ദൂരെ ഗോവിന്ദാമലയുടെ ശിരസ്സില്‍ മേഘങ്ങള്‍ കിരീടം ധരിപ്പിച്ചിരിക്കുന്നു. പിന്നെ ഇളകുന്ന ആലിലകളുടെ കാറ്റില്‍ അവിടുന്നും ഉയര്‍ന്ന് ആകാശത്തിലേക്ക്‌.

ഓര്‍മ്മകള്‍ കലങ്ങിയൊഴുകുന്നു. എവിടെവെച്ചാണ്‌ ആകാശത്ത്‌ നീന്തിതുടിച്ചുകൊണ്ടിരുന്ന മേഘകുഞ്ഞുങ്ങളെ കുനിഞ്ഞുനിന്ന് കൈകളില്‍ വാരിയെടുത്തത്‌?

ഗോവിന്ദാമലയുടെ മുകളില്‍നിന്നും മേഘങ്ങള്‍ പിന്നെയും ഉയര്‍ന്നുപോകുന്നുണ്ടായിരുന്നു. ആകാശത്തിലേക്ക്‌.

ആകാശം ആകാശ്‌ ആകാശ്ഗംഗാ ആകാശ്ഗംഗാ റസ്റ്റോറന്റ്‌

ഓര്‍മ്മകളിലെ ഡയറിയില്‍ താളുകള്‍ മറിഞ്ഞുവരുന്നു

" വിക്രംസിങ്ങ്ജി ഓറേക്ക്‌ ചായ്‌, ചീനി കം"

ചായ്‌ ഊതി ഊതി കുടിക്കുമ്പോള്‍ വിക്രംസിംഗ്‌ നേഗി കുനിഞ്ഞിരുന്ന് പുക പിടിച്ച പഴയ ട്രെങ്കുപെട്ടി തുറന്ന് എന്തോ പരതി. ഗ്ലാസ്സു തിരിച്ചുമേടിക്കുന്നതിനിടയില്‍ ഡയറി കയ്യില്‍തന്നിട്ട്‌ വിക്രംസിംഗ്‌ പറഞ്ഞു.

" സന്ദര്‍ശകരുടെ കുറിപ്പുകളാണ്‌ "

ഒരു കാപ്സ്റ്റണ്‍ ഫില്‍റ്ററിന്‌ തീയിട്ടുകൊണ്ട്‌ ഡയറി അലക്ഷ്യമായി മറിച്ചുനോക്കി. എല്ലാം ഹിന്ദിയിലും ബംഗാളിയിലും എഴുതിയ കുറിപ്പുകള്‍. പെട്ടന്നാണ്‌ സിഗര്‍ട്ടിന്റെ പുകയ്കിടയിലൂടെ അതുകണ്ടത്‌.

" തുംഗനാഥ്‌, ഭൂമിയിലെ ഈ സ്വര്‍ഗ്ഗത്തില്‍ വരാന്‍ സാധിച്ചത്‌ എന്റെ പുണ്യം. രാജന്‍ കോട്ടയം

കുറിപ്പിലെ തീയതിയും ഭിത്തിയില്‍ തൂങ്ങിക്കിടന്ന കലണ്ടറിലും നോക്കി. പിന്നെ സുഹൃത്തായ രാജന്‍ എഴുതിയതിനും താഴെയായി എഴുതി.

" കഴിഞ്ഞവര്‍ഷം സുഹൃത്ത്‌ രാജന്‍ ഇവിടെ, ഈ ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ എത്തിയ ദിവസം തന്നെയാണ്‌ ഞങ്ങളും എത്തിയിരിക്കുന്നത്‌. "

പിന്നെ തുംഗനാഥിലെ തണുപ്പിലേക്ക്‌ വിറച്ചുകൊണ്ടിറങ്ങി. കൂടെയുണ്ടായിരുന്ന ചിലര്‍ ചന്ദ്രശിലയിലേക്കുള്ള ഒറ്റയടിപാത അണച്ചും കിതച്ചും കേറികൊണ്ടിരുന്നപ്പോള്‍ അങ്ങുതാഴെ മേഘങ്ങളില്‍ ഒളിച്ചുകളിച്ചുകൊണ്ടിരുന്ന പൈന്മരകാടുകളും അതിനുമപ്പുറം ഏതോ ഒരു പര്‍വ്വതനിരയും അതിനുമപ്പുറം മറ്റൊന്നിന്റെ മഞ്ഞുമൂടിയ ശിരസ്സും നോക്കിനില്‍ക്കുന്നതിനിടയില്‍ അടുത്തുനിന്നിരുന്ന ബിജുവിനോട്‌ പറഞ്ഞു

" അനിയാ, ചന്ദ്രശില ഒരു കടമായി കിടക്കട്ടെ, അടുത്തകൊല്ലവും വരാന്‍ എന്തെങ്കിലും ബാക്കിവേണ്ടെ"

തുംഗനാഥ്‌ ക്ഷേത്രത്തില്‍നിന്ന് ചോപ്ടയിലേക്കുള്ള കല്ലുപാകിയ നടപ്പാതയിലൂടെ തിരിച്ചിറങ്ങുന്നതിനുമുമ്പ്‌ രാജന്‍ തന്നുവിട്ട പൊതി വിക്രംസിംഗ്‌ നേഗിയുടെ കയ്യില്‍ കൊടുത്തിട്ട്‌ പറഞ്ഞു

" രാജന്‍ തന്നുവിട്ടതാണ്‌ കിശോറിനു കൊടുക്കണം, ഇറങ്ങട്ടെ പിന്നെക്കാണാം"

" തീര്‍ച്ചയായും, അടുത്തകൊല്ലം "

പുകയിലക്കറ പിടിച്ച പല്ലുകള്‍ പുറത്തുകാട്ടി വിക്രംസിംഗ്‌ നേഗി പറഞ്ഞു

( തുടരും)

2 comments:

Geetha Vijayam said...

ഗൃഹാതുരത്വം തന്നെ തുംഗനാഥിൽ നിന്നും കാണാനാവുന്ന വെള്ളി കെട്ടിയ പർവതങ്ങൾ..

Unknown said...

ഉണ്ണീ സൂപ്പർ