എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Sunday, September 20, 2009

ഗൃഹാതുരത്വം അഞ്ചാംഭാഗം

ഗൃഹാതുരത്വം നാലാംഭാഗത്തിന്റെ തുടര്‍ച്ച
ആലിലകളില്‍ കാറ്റിന്റെ നൃത്തം അവസാനിച്ചിരുന്നു. ഗോവിന്ദാമലയുടെ മുകളില്‍ അടുത്തകാറ്റിനു വേണ്ടി കാത്തുനില്‍ക്കുന്ന മേഘകെട്ടുകള്‍. സിഗര്‍ട്ടിന്റെ പുക പരക്കുന്നു.
" സാര്‍, സിഗര്‍ട്ടിന്റെ പുക മഞ്ഞുപോലെയാണു പരക്കുന്നത്‌ അല്ലെ?"
" ചോപ്ടയില്‍ചെന്ന് നീ വാതുറന്നാല്‍ സിഗര്‍ട്ടില്ലെങ്കിലും പുകവരും. മുപ്പത്തിമുക്കോടി ഗണങ്ങള്‍ എത്ര സിഗര്‍ട്ടുവലിച്ചിട്ടാണ്‌ അവിടെ അത്രയും മഞ്ഞ്‌ പരക്കുന്നത്‌?"
" സാര്‍, അറ്റംകൂര്‍പ്പിച്ച വടികള്‍ ചൂണ്ടികാട്ടി മംഗള്‍സിംഗ്‌ പറഞ്ഞു. ഹിമാലയം നടന്നുതന്നെ കാണണം. സാറിന്റെ ഓര്‍മ്മകള്‍ നടക്കട്ടെ . ഞാന്‍ ചെവി കൂര്‍പ്പിച്ച്‌ കൂടെ നടക്കാം"
മംഗള്‍സിംഗിന്റെ ചായക്കടയില്‍ നിന്നെഴുനേറ്റ്‌ തുംഗനാഥിലേക്കുള്ള കല്ലുപാകിയ വഴി ചവിട്ടിതുടങ്ങി. ചോപ്ടയില്‍നിന്നും നാലുകിലോമീറ്റര്‍ തുംഗനാഥ്‌. വടിയുംകുത്തി ആയാസത്തോടെ കയറുന്നതിനിടയില്‍ ഒരു കവിള്‍ ശ്വാസത്തിനു നിന്ന രഘു ചോദിച്ചു.
" ഹരിദ്വാറിലെ അയ്യപ്പന്റെ അമ്പലത്തിനുമുന്നില്‍ വെച്ച്‌ രവീന്ദ്രന്‍സാര്‍ പറഞ്ഞത്‌ നീ ഓര്‍ക്കുന്നുണ്ടോ?"
ഹരിദ്വാറിലെ സന്ധ്യ. ഹരി കി പൗറിയില്‍ ഏഴായി ഒഴുകുന്ന ഗംഗ. അങ്ങുമുകളില്‍ മാനസാദേവി ക്ഷേത്രത്തില്‍നിന്നും മണിയുടെ ശബ്ദം മുഴങ്ങി. ഇലക്കുമ്പിളില്‍ പൂവുമിട്ട്‌ തിരിയും കത്തിച്ച്‌ ഒഴുകുന്ന ഗംഗയില്‍ വെച്ച്‌ മനസ്സില്‍ വിളിച്ചു "അമ്മേ" ഓം ജെയ്‌ ജഗദീശഹരേ ഉയര്‍ന്നുകേള്‍ക്കുന്ന സ്തുതി. ഒഴുകി വരുന്ന തിരിയിട്ട ഒരു ഇലക്കുമ്പിള്‍ കൂടെ. പിന്നെ നോക്കുമ്പോള്‍ ഒരായിരമെണ്ണം തീരത്തെ ദേവീ ക്ഷേത്രത്തിനുമുന്നില്‍ നിന്നും ഒരായിരം മണികളുടെ നാദമുയരുന്നു. ദേവിയുടെ മുന്നില്‍ കര്‍പ്പൂരത്തട്ടില്‍ അഗ്നിദേവന്‍ നൃത്തം ചവിട്ടുന്നു. ഒരായിരം കണ്ഠത്തില്‍നിന്ന് വിളികളുയരുന്നു
" അമ്മേ ഗംഗേ"
പിന്നെ നദിയിലെ അവസാന തിരിയും അണഞ്ഞുകഴിഞ്ഞപ്പോള്‍ തിരിച്ചുനടന്ന് അയ്യപ്പന്റെ അമ്പലത്തിനു മുന്നില്‍ എത്തിയപ്പോളാണ്‌ ഹിമാലയയാത്ര കഴിഞ്ഞ്‌ നാട്ടിലേയ്ക്ക്‌ പുറപ്പെടാന്‍ ഒരുങ്ങുന്ന രവീന്ദ്രന്‍ സാറിനെ കണ്ടത്‌. പലതും പറയുന്നതിനിടയില്‍ അദ്ദേഹം കൂട്ടിചേര്‍ത്തു. " കയറിതുടങ്ങുമ്പോള്‍ തന്നെ കയറ്റത്തിന്റെ കാഠിന്യം കൊണ്ട്‌ ഇട്ട വസ്ത്രങ്ങള്‍ പോലും ഭാരമായിതോന്നും.ഊരികളഞ്ഞെങ്കിലോ എന്നും"
" ഊരികളയണമെന്നുണ്ട്‌ രഘൂ," അണച്ചുകൊണ്ട്‌ രഘുവിനോട്‌ പറഞ്ഞു." ഊരികളഞ്ഞാല്‍ പിന്നെ ഊരികളയാന്‍ ദേഹം മാത്രമല്ലേ ഉള്ളൂ. കൂടുതല്‍ ദിഗംബരമൂര്‍ത്തികളേ കുറിച്ച്‌ പുരാണങ്ങളില്ലതാനും"
പുല്‍മേട്‌. പൈന്മരങ്ങള്‍, ഭൂര്‍ജവൃക്ഷങ്ങളും അവയ്കിടയില്‍ മേയുന്ന ചെമ്മരിയാടുകള്‍. അവരെ തഴുകിയും കോടകൊണ്ട്‌ പുതപ്പിച്ചും കടന്നുപോകുന്ന കാറ്റ്‌ ഭൂര്‍ജവൃക്ഷതണലിലിരുന്ന് ബീഡിവലിക്കുന്ന ആട്ടിടയന്‍. ആട്ടിടയരുടെ പുല്ലുമേഞ്ഞ കുടിലുകള്‍ക്ക്‌ മുകളില്‍ അടുപ്പിലെ പുകപരക്കുന്നു. ഒരു മോണാല്‍ കല്ലുപാകിയ പാത മുറിച്ചുകടന്ന് അടുത്തുള്ള കുറ്റിക്കാട്ടില്‍ മറഞ്ഞു.
" ബോലോ തുംഗനാഥ്‌ കീ ജെയ്‌"
ജഡകെട്ടിയ മുടിയും താടിയുമായി അര്‍ദ്ധനഗ്നനായ സ്വാമി മുന്നില്‍കടന്ന് വളവിലെവിടെയോ മറഞ്ഞു. നടന്നിട്ടും കയറീട്ടും തീരാത്ത വഴി ആകാശത്തിലേയ്ക്കും അനന്തതയിലേയ്ക്കും നീളുന്നതുപോലെ മഴയ്ക്കുവേണ്ടി കേഴുന്ന വേഴാമ്പലിനേപോലെ അല്‍പം ശ്വാസത്തിനുവേണ്ടി ദാഹിച്ചുകൊണ്ടിരുന്ന ഹൃദയം നിന്നുപോകും എന്നുതോന്നിയ ഒരു നിമിഷം കാതുകളില്‍ മണിനാദം വന്നുതട്ടി.
" ബോലോ തുംഗനാഥ്‌ കീ ജെയ്‌"
രഘുവിന്റെ വിളിക്ക്‌ ശബ്ദമില്ലായിരുന്നു

( തുടരും)

4 comments:

പാവപ്പെട്ടവൻ said...

ഗോവിന്ദാമലയുടെ മുകളില്‍ അടുത്തകാറ്റിനു വേണ്ടി കാത്തുനില്‍ക്കുന്ന മേഘകെട്ടുകള്‍. സിഗര്‍ട്ടിന്റെ പുക പരക്കുന്നു.
ഈ ഒരു തുടക്കം മനോഹരം വല്ലാത്തൊരു അനുഭൂതിതരുന്നു

shajkumar said...

ഡാ..വാര്യരെ ഗൃഹാതുരത്വം ..കേമായി..ഇനിയും..

Unknown said...

ക്ഷ പി ടി ച്ചു തുടരൻ കസറട്ടെ

krishku said...

ഇപ്പോളാണ് വായിച്ചത്....നന്നായിരിക്കുന്നു....