എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Wednesday, September 23, 2009

ഗൃഹാതുരത്വം ഏഴാംഭാഗം

ഗൃഹാതുരത്വം ആറാംഭാഗത്തിന്റെ തുടര്‍ച്ച

തലേന്നു രാത്രിയില്‍ പെയ്ത മഞ്ഞിന്റെ നനവില്‍ കുതിരകളുടെ ചാണകം കുതിര്‍ന്നുകിടക്കുന്നു. കല്ലുപാകിയ പാതയില്‍ കാലുകള്‍ തെന്നിപോകുന്നു. കയറ്റത്തിനേക്കാളും ദുഷ്കരമായ ഇറക്കം.

" കാലൊന്നു തെന്നിയാല്‍"

" തുംഗനാഥന്‍ വീഴാതെ താങ്ങിക്കോളും"

മഹേഷ്‌ ആനന്ദ്‌ മൈഠാണി കെട്ടികൊടുത്ത രക്ഷ പൊക്കികാണിച്ചുകൊണ്ട്‌ രഘു പറഞ്ഞു.. ചോപ്ടയില്‍നിന്ന് കുതിരപ്പുറത്ത്‌ തുംഗനാഥിലേക്ക്‌ വരുന്ന രണ്ടു തീര്‍ത്ഥാടകര്‍. കുതിരകള്‍ക്ക്‌ പോകാന്‍ സ്ഥലമൊരുക്കി ഒരു വശത്തേക്ക്‌ ഒതുങ്ങിനിന്നപ്പോള്‍ അവന്‍ വീണ്ടും പറഞ്ഞു

" സൂക്ഷിച്ചുനില്‍ക്കണം, കാലുതെന്നി താഴോട്ടുപോകരുത്‌. തുംഗനാഥന്‍ വീഴാതെ താങ്ങാന്‍ തുംഗനാഥില്‍നിന്ന് ഈ വഴി തന്നെ ഇറങ്ങി വരണ്ടെ താമസിച്ചാലോ?"

രഘു പറഞ്ഞുനിര്‍ത്തിയില്ല. കാലുകള്‍ തെന്നി. താഴേയ്ക്ക്‌ വീഴുന്നതിനിടയില്‍ ആരോ പുറകില്‍നിന്ന് പിടിച്ചു.

" തുംഗനാഥന്‍ താമസിക്കില്ല രഘുവേ"

" ഇവിടെ ഒരു രഘുവുമില്ല തുംഗനാഥനുമില്ല, ഞാന്‍ പിടിച്ചില്ലായിരുന്നെങ്കില്‍ സാറ്‌ ആല്‍ത്തറയില്‍നിന്ന് ഉരുണ്ട്‌ താഴെ കിടന്നേനെ.

" തുംഗനാഥനു പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളയുടെ വേഷവും കെട്ടാം മധുവേ"

മധുവിന്റെ കയ്യില്‍ പിടിച്ച്‌ ആല്‍ത്തറയില്‍നിന്ന് എഴുന്നേല്‍ക്കുന്നതിനിടയില്‍ അവനോട്‌ പറഞ്ഞു

" സാര്‍, ഓര്‍മ്മകള്‍ക്ക്‌ ഒരു ബ്രേയ്ക്ക്‌ കൊടുത്തിട്ട്‌ കണ്ണേട്ടന്റെ കട വരെ പോയാലോ?"

" ആകാം, അല്ലെങ്കില്‍ പോകാം"

" എങ്കില്‍ പറഞ്ഞേക്കട്ടെ?"

പുരികം വളച്ച്‌ എന്ത്‌ എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു.

" ബോലോ കണ്ണേട്ടന്‍ കീ ജെയ്‌"

ചായക്കടയുടെ വരാന്തയില്‍ ആളുകള്‍ വന്ന് കുത്തിയിരുന്ന് തുടങ്ങിയിരുന്നു. ബീഡിയും വലിച്ച്‌ ചീനചട്ടിയിലെ തിളച്ച എണ്ണയിലേക്ക്‌ പരിപ്പുവടയുടേയും പക്കോടയുടേയും മസാലവടയുടേയും മാവുകള്‍ ഉരുണ്ടുവീഴുന്നത്‌ അക്ഷമയോടെ നോക്കികൊണ്ട്‌

" കണ്ണന്‍ നായരെ ഒന്നു വേഗം. വയലില്‍ പണി തീര്‍ന്നിട്ടില്ല. രണ്ടുവട തിന്നിട്ട്‌ വീണ്ടും ഇറങ്ങണ്ടതാ"

വലിച്ചുകൊണ്ടിരുന്ന ബീഡി ഒന്നൂടെ ആഞ്ഞുവലിച്ച്‌ റോഡിലേക്കിട്ടിട്ട്‌ ഒരു അക്ഷമന്‍ പറഞ്ഞു.അകത്തേമുറിയിലെ ഇളക്കുന്ന ബഞ്ചില്‍ ഊഴവും കാത്തിരുന്നു. ഊഴമായപ്പോള്‍ കണ്ണേട്ടന്‍ ഒരു കടലാസ്സില്‍ ചൂട്‌ പക്കോടയും മസാലവടയും കൊണ്ടുവെച്ചു. രണ്ടും തീര്‍ന്നുകഴിഞ്ഞപ്പോള്‍ ആ കടലാസ്സുകൊണ്ട്‌ തന്നെ മുഖം തുടച്ചിട്ട്‌ മധു പറഞ്ഞു.

" കണ്ണേട്ടാ, രണ്ടുകാപ്പി"

" കടുപ്പത്തില്‍, ചീനി കം. ഓറേക്ക്‌ കാപ്പി ഈ സാറിന്‌ രണ്ടാമതും അല്ലേ" ചിരിച്ചുകൊണ്ട്‌ കണ്ണേട്ടന്‍ മധുവിനോട്‌ ചോദിച്ചു.

തിരിച്ച്‌ ആല്‍ത്തറയിലേക്ക്‌ നടക്കുമ്പോള്‍ മധു പറഞ്ഞു.

" പക്കോടയും പരിപ്പുവടയും തിന്നാന്‍ ഈ സമയത്ത്‌ എത്ര പേരാണ്‌ കണ്ണേട്ടന്റെ വരാന്തയില്‍ ബീഡിയും വലിച്ച്‌ കുത്തിയിരിക്കുന്നത്‌"

" മംഗള്‍സിങ്ങിന്റെ വരാന്തയില്‍ എന്നുവേണം പറയാന്‍"

" സാര്‍ ഓര്‍മ്മകളെ വീണ്ടും കയറൂരിവിടാന്‍ പോകുകാണോ?"

" വിടട്ടെ"

" ഞാനൊന്ന് പെരുമാളിനേയും തൊഴുത്‌ വഴിപാടിന്‌ ശീട്ടുമാക്കിയിട്ട്‌ വരാം"

" എങ്കില്‍ പറഞ്ഞേക്കട്ടെ?"

" എന്താണ്‌ സാര്‍?" ഇത്തവണ മധുവാണ്‌ പുരികം വളച്ചത്‌

" ബോലോ, പെരുമാള്‍ കീ ജെയ്‌"

ഗൊവിന്ദ്ഗിരിയേ പോലെ ചിരിച്ചുകൊണ്ട്‌ മധു ക്ഷേത്രത്തിലേക്ക്‌ നീങ്ങിയപ്പോള്‍ വീണ്ടും ആല്‍ത്തറയില്‍ പോയിരുന്നു. ഒരു സിഗര്‍ട്‌ കത്തിച്ചു. അകലെ ഗോവിന്ദാമല കണ്ടപ്പോള്‍ മനസ്‌ പിന്നെയും പിടിവിട്ടപോലെ.

വേദനിക്കുന്ന കാലുകള്‍ നീട്ടിവെച്ച്‌ തൂണില്‍ ചാരിയിരുന്ന് ഒരു കാപ്സ്റ്റണു തീയുമിട്ട്‌ വീണ്ടും ചായ പറഞ്ഞപ്പോള്‍ തുടച്ച്‌ വൃത്തിയാക്കികൊണ്ടിരുന്ന ഹുക്കയില്‍നിന്ന് കയ്യെടുത്തിട്ട്‌ മംഗള്‍സിംഗ്‌ ചോദിച്ചു.
" കാലും നീട്ടിയിരുന്ന് ചായകുടിക്കാനും സിഗര്‍റ്റു വലിക്കാനുമാണോ നിങ്ങള്‍ ഇത്രയും ദൂരത്തുനിന്ന് ഇവിടെ വന്നത്‌?" ഹുക്ക ഒരു വശത്തേക്ക്‌ നീക്കിവെച്ചിട്ട്‌ മംഗള്‍സിംഗ്‌ എഴുന്നേറ്റു.
" ഞങ്ങള്‍ പഹാഡികള്‍ കാണുന്ന തിരമാലകളും ഞങ്ങളുടെ നീലനിറമാര്‍ന്ന സമുദ്രവും നിങ്ങള്‍ കണ്ടിട്ടുണ്ടോ?"കടയുടെ വെളിയിലേക്ക്‌ കൂട്ടികൊണ്ട്‌ പോകുന്നതിനിടയില്‍ അദ്ദേഹം ചോദിച്ചു.

" സമുദ്രത്തിലെ തിരമാലകള്‍ പോലെയാണ്‌ ഈ ശിവഭൂവിലെ പര്‍വ്വതശിഖരങ്ങള്‍. ഒരെണ്ണം ഉയര്‍ന്ന് മറ്റൊന്ന് താണ്‌ അതിലും ദൂരെ വേറൊന്ന് പൊങ്ങി തിരമാലകളുടെ പാല്‍പത പോലെ മഞ്ഞണിഞ്ഞ്‌ ചിലപ്പോള്‍ സ്വര്‍ണ്ണവര്‍ണ്ണമണിഞ്ഞ്‌ ഞങ്ങളുടെ ഈ നീലസമുദ്രത്തില്‍ ഈ നീലാകാശത്തില്‍ . ഇറങ്ങിനടന്ന് കാണുക"

ചക്രവാളത്തിലേക്ക്‌ കൈചൂണ്ടി മംഗള്‍സിംഗ്‌ വീണ്ടും പറഞ്ഞു.
" അത്‌ ചൗഖാംബ അപ്പുറം നരന്‍ നാരായണന്‍ ഇതാ ആ ദിക്കില്‍ കേദാര ശിഖരങ്ങള്‍ അങ്ങേയറ്റം ഏറ്റവും ഉയര്‍ന്നുകാണുന്നത്‌ നീലകണ്ഠം.അല്ല എന്തിനാണ്‌ ഈ തിരമാലകളെ പേരുചൊല്ലി കാണുന്നത്‌ . നടന്നുകാണുക ഒരു പേരുമില്ലാതെ തന്നെ ഈ തിരമാലകള്‍ നിങ്ങളുടെ മനസ്സിലും ഉയരട്ടെ ഇതാ മഹേഷ്‌ ആനന്ദ്ജി തുംഗനാഥില്‍ നിന്നിറങ്ങി വരുന്നു. ഇനി നിങ്ങള്‍ക്ക്‌ ഒരു പൂജാരിയുമില്ലാതെ തന്നെ ഈ തുംഗനാഥങ്ങളെ മനസ്സിന്റെ കവാടത്തില്‍ ഒരു മണി കെട്ടിത്തൂക്കി അതിലൊന്നടിച്ച്‌ അതിന്റെ നാദത്തില്‍ ഈ ശിവഭൂവിലെ പ്രകൃതിയേയും ധ്യാനിച്ച്‌"

ചോപ്ടയിലെ കവാടത്തില്‍ കെട്ടിയിരുന്ന മണികളില്‍ ആരോ അടിച്ചു. പുതിയ ഒരു തീര്‍ത്ഥാടകന്‍

മണികളുടെ ശബ്ദം കൂടുതലായി ഉയരുന്നു അതിനും മുകളില്‍ ഉയരുന്ന ഇടയ്കയുടെ ശബ്ദം ആരോ ശംഖ്‌ ഊതുന്നു എല്ലാത്തിനും മുകളിലായി ദീപാരാധന കഴിഞ്ഞ്‌ നട തുറന്ന പെരുമാളിന്റെ ശ്രീകോവിലിനു മുന്നില്‍ നിന്ന് നാമം ഉയരുന്നു

" ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരെ"

( തുടരും)

No comments: