ഗൃഹാതുരത്വം രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച
ഗോബേശ്വറില്‍ നിന്ന് വാടകയ്കെടുത്ത ജീപ്പ്. ചോപ്ടയില്‍ വണ്ടിനിര്‍ത്തിയിട്ട് ഡ്രൈവര്‍ കൈനീട്ടിയപ്പോള്‍, പറഞ്ഞതിലും നൂറുരൂപാ കൂടുതല്‍ കൊടുത്തു. വളരെ ദൂരത്തോളം നീണ്ടുകിടക്കുന്ന ഹിമാലയന്‍ കാനനത്തിലൂടെ, വളഞ്ഞും പുളഞ്ഞും ഒഴുകുന്ന റോഡിലൂടെ ജീപ്പ് നീങ്ങികൊണ്ടിരുന്നപ്പോള്‍ ദിവ്യേന്തര്‍ കുമറായിരുന്നു മനസ്സില്‍. ആദ്യ ഹിമാലയന്‍ യാത്രയില്‍ ഒമ്പതുദിവസം കൊണ്ട് നാലു ധാമങ്ങളേയും കാണിച്ച് ഹരിദ്വാറില്‍ തിരിച്ചെത്തിച്ച ഹിമാലയന്‍ ടാക്സിഡ്രൈവര്‍.
താല വഴി ഉഘീമഠിലേയ്ക്കു പൊകുന്ന പാത.ഇടത്തുവശത്ത് മാടകടകള്‍ക്കും പുറകില്‍ കാടിന്റെ അവസാനം മാടകടകള്‍കകത്തുനിന്നും ദേവദാരു കത്തുന്ന ഗന്ധം. വലത്ത് കവാടത്തില്‍ തൂക്കിയിട്ടിരിക്കുന്ന മണികളില്‍ ഒന്നില്‍ ഒന്നടിച്ച് തുംഗനാഥനെ മനസ്സിലും വണങ്ങി ചൂരല്‍ വടി കുത്തിയും വലത്തുകാല് മുന്നോട്ട് ഒന്നു വെച്ചില്ല അതിനുമുമ്പ് മുഷിഞ്ഞ വേഷവും തൊപ്പിയും ധരിച്ച് കക്ഷത്തില്‍ പഴയ കാലങ്കുടയും ഇടുക്കി വൃദ്ധന് മുന്നില്‍ കയറി.
വലത്തുവശത്ത് തുറന്ന കടയുടെ അടുപ്പിനരികില്‍നിന്നും തീ ഊതികൊണ്ടിരുന്ന മറ്റൊരു വേഷം എഴുന്നേറ്റ് പുറത്തേക്കുവന്ന് ചുണ്ടിലിരുന്ന ബീഡി നിലത്തിട്ടു.
" റാം, റാം മംഗള്‍ജി" മുന്നില്‍ കയറിപോയ വൃദ്ധന് വേഷത്തോടു പറഞ്ഞു.
" റാം, റാം പണ്ഡിറ്റ്ജി, കയറിവരു ചായ കുടിച്ചിട്ട് പോകാം"
" വേണ്ട തിരിച്ചിറങ്ങുമ്പോളാകട്ടെ , ഇവര്‍ ദൂരദേശത്തുനിന്നാണെന്നു തോന്നുന്നു. വിശ്രമിക്കാന്‍ സൗകര്യം കൊടുക്കു"
വൃദ്ധന് നടപ്പുതുടര്‍ന്നു. കല്ലുപാകിയ വഴിയിലൂടെ മുകളിലേയ്ക്ക്. അതു നോക്കിനില്‍ക്കുന്നതിനിടയില്‍ കടയിലെ വേഷം അടുത്തുവന്നിട്ട് പറഞ്ഞു.
' വരൂ വരൂ"
മുകളിലേയ്ക്ക് നടന്ന വൃദ്ധന് എവിടെയോ മറഞ്ഞിരുന്നു.വീണ്ടും അങ്ങോട്ടുനോക്കിയപ്പൊള്‍ വേഷം പറഞ്ഞു
" അതാണ് മഹേഷ് ആനന്ദ് മൈഠാണി, തുംഗനാഥിലെ പ്രധാന പൂജാരി. "
" താങ്കളോ?"
" മംഗള്‍സിംഗ്, മംഗള്‍സിംഗ് നേഗി. ഇതു തന്നെ ദേശം. മഞ്ഞു വീണു തുടങ്ങുമ്പോള്‍ മഘൂമഠും" മംഗള്‍സിംഗ് ചിരിച്ചുകൊണ്ട് പറഞ്ഞു
ഹിമാലയന്‍ യാത്രയില്‍ പ്രസന്നനാണ് ഗുരു. പുറത്ത് മാറാപ്പും തൂക്കി അടുത്തുചെന്നപ്പോള്‍ കൂടുതല്‍ പ്രസന്നനായി പ്രസന്നന് പറഞ്ഞു." തുംഗനാഥത്തിലെ ശിവനും താഴെയാണ് ചോപ്ടയിലെ മംഗള്‍സിംഗ്. രണ്ടും ഒരു ദേവസ്വം തന്നെ. വംഗഭാഷയില്‍ അനേകം കീര്‍ത്തനങ്ങളും ശ്ലോകങ്ങളും ലേഖനങ്ങളും മംഗള്‍സിംഗിനെ സ്തുതിച്ചുണ്ടായിട്ടുണ്ട് മലയാളത്തില്‍ വരാനിരിക്കുന്നതേയുള്ളൂ. കണ്ടുവണങ്ങി ഒരു ചായ കുടിക്കണം ഒരു ദിവസം മംഗള്‍സിംഗിന്റെ അടുത്ത് തങ്ങിയാല്‍ അതും പുണ്യം"
പുറത്ത് തൂക്കിയിരുന്ന ബാഗ് എടുത്ത് ബഞ്ചിനടിയിലേക്ക് തിരുകിയപ്പോള്‍ നിറയെ കറുത്ത രോമങ്ങളുള്ള പട്ടി മുരടികൊണ്ട് ബഞ്ചിനടിയില്‍നിന്നും പുറത്തേക്കിറങ്ങിപോയി
" ഇവന്റെ ഒരു മുത്തച്ഛനാണ് പണ്ട് ധര്‍മ്മപുത്രര്‍ക്ക് കൂട്ടുപോയത്" അടുപ്പത്തിരുന്ന വാല്‍പാത്രത്തിലേക്ക് പഞ്ചസാരയും ഇഞ്ചിയും ഇടുന്നതിനിടയില്‍ മംഗള്‍സിംഗ് ചിരിച്ചുകൊണ്ട് പറഞ്ഞു.പിന്നെ ഒരു ബീഡികൂടെ ചുണ്ടത്തുവെച്ചു.
സ്റ്റീലുഗ്ലാസ്സില്‍ ചൂടുചായ ഊതികുടിക്കുന്നതിനിടയില്‍ പയ്യന് കുതിരയുമായി അടുത്തുവന്നു
" സാബ് കുതിര വേണോ?"
" വേണ്ട, ഭീം ഇവര്‍ നടന്നുകയറട്ടെ" മംഗള്‍സിംഗ് ഇടയ്ക്കുകയറി പറഞ്ഞു
ഒരു ചായ കൂടി ഊതികുടിച്ചിട്ട് എഴുനേറ്റപ്പോള്‍ അറ്റംകൂര്‍പ്പിച്ച ചൂരല്‍ വടികള്‍ ചൂണ്ടികാട്ടി മംഗള്‍സിംഗ് പറഞ്ഞു.
" ഹിമാലയം നടന്നുതന്നെ കാണണം"

(തുടരും)
1 comment:
മംഗളസിഹ പുരാണം മംഗളകരം
Post a Comment