എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Monday, September 21, 2009

ഗൃഹാതുരത്വം ആറാംഭാഗം

അഞ്ചാംഭാഗത്തിന്റെ തുടര്‍ച്ച

ആകാശ്ഗംഗാ റസ്റ്റോറന്റില്‍ അടുപ്പിനോട്‌ ചേര്‍ന്നിരുന്ന് ചൂടുചായ ഊതികുടിച്ചിട്ട്‌ അടുത്തിരുന്ന സ്വാമിക്കും ഒരു ചായ വാങ്ങികൊടുത്തു.

" സമയം കളയണ്ട, പൂജാരി മന്ദിറില്‍ തന്നെയുണ്ട്‌. പോയി പൂജ നടത്തിയിട്ട്‌ വരു" വിക്രംസിംഗ്‌ നേഗി പറഞ്ഞു.

അടുപ്പിനടുത്ത്‌ നിന്ന് എഴുന്നേറ്റപ്പോള്‍ സ്വാമി മാറാപ്പില്‍നിന്ന് പൂവെടുത്ത്‌ നീട്ടിയിട്ട്‌ പറഞ്ഞു " ഇതാണ്‌ ബ്രഹ്മകമലം ദേവന്മാരുടെ പുഷ്പം. ഹേമകുണ്ഡിന്റെ മുകളില്‍ മലയില്‍നിന്ന് പറിച്ചതാണ്‌.ഇത്‌ മന്ദിറില്‍ ഭഗവാന്‌ അര്‍പ്പിച്ചേക്കൂ"

പൂജക്കുള്ള താലത്തില്‍ പര്‍വ്വത്തിലെ പുഷ്പങ്ങള്‍, അരി കളഭം ചുവന്ന ചരട്‌. താലം പൂജാരിയുടെ മുന്നില്‍ വെച്ച്‌ തലകുനിച്ച്‌ ചമ്രം പടഞ്ഞിരുന്നു.പുഷ്പങ്ങള്‍ ഭഗവാന്‌ അര്‍പ്പിച്ചിട്ട്‌ പൂജാരി തലയില്‍ കൈവെച്ച്‌ അനുഗ്രഹിച്ചിട്ട്‌ പറഞ്ഞു." തുംഗനാഥനാണ്‌ നിങ്ങളെ ഇവിടെവരെ എത്തിച്ചത്‌. നിങ്ങള്‍ തുംഗനാഥന്റെ ആള്‍ക്കാര്‍. "

താലത്തില്‍നിന്ന് ചുവന്നചരടെടുത്ത്‌ വലതുകയ്യില്‍ കെട്ടിതരുന്നതിനിടയില്‍ മഹേഷ്‌ ആനന്ദ്‌ മൈഠാണി പറഞ്ഞു. " ഈ ചരട്‌ നിങ്ങള്‍ക്കുള്ള രക്ഷയാണ്‌. പൊട്ടിച്ചുകളയരുത്‌.താനെ അഴിഞ്ഞുപൊക്കോട്ടെ"

മഹേഷ്‌ ആനന്ദ്‌ മൈഠാണിയുടെ കാല്‍കല്‍ ദക്ഷിണ വെച്ച്‌ തുംഗനാഥനെ നമസ്കരിച്ച്‌ എഴുന്നേറ്റപ്പോള്‍ പൂജാരി വീണ്ടും പറഞ്ഞു.

" തുംഗനാഥന്റെ അനുഗ്രഹം നിങ്ങള്‍ക്കെപ്പോഴും ഉണ്ടാവും. ശ്രീകോവിലിനുള്ളില്‍ കയറി തൊഴുതോളൂ"

പിന്നെ ശ്രീകോവിലിനുള്ളില്‍ കടന്ന് മങ്ങിക്കത്തുന്ന വിളക്കിന്റെ പ്രകാശത്തില്‍ മഞ്ഞുകട്ടപോലെ ഉറഞ്ഞ നിശബ്ദതയില്‍ തുംഗനാഥശിവനെ തൊഴുത്‌ നിന്നപ്പോള്‍ ശിവമായ എല്ലാം ശ്രീകോവിലിനുള്ളില്‍ നിന്ന് പുറത്ത്‌ പ്രകൃതിയിലേക്കും പ്രകൃതിയില്‍നിന്ന് അകത്തേക്കും പരക്കുന്നതുപോലെ തോന്നി.

തിരിച്ച്‌ വിക്രംസിംഗ്‌ നേഗിയുടെ കടയില്‍ ചെന്നിരുന്ന് ഒരു കാപ്സ്റ്റണ്‍ കത്തിച്ചപ്പോള്‍ വിക്രംസിംഗ്‌ സ്വാമിയോട്‌ പറഞ്ഞു

" ഗോവിന്ദ്ഗിരിജി, ഇവര്‍ക്കും പൂജാരിക്കും ഇന്ന് ഉച്ചഭക്ഷണം ഇവിടെനിന്നാണ്‌. ആട്ട ഒന്നു കുഴച്ചേക്കാമോ?"



ഒരു കൊച്ചുകുട്ടിയുടെ ചിരിയുമായി ഗോവിന്ദ്ഗിരി കൂടയില്‍നിന്ന് ആട്ടയെടുത്ത്‌ കുടഞ്ഞിട്ടപ്പോള്‍ വിക്രംസിംഗ്‌ വീണ്ടും പറഞ്ഞു." കേട്ടോ, ഗോവിന്ദ്‌ ഗിരിജി, എനിക്ക്‌ ഇവരോട്‌ പിണക്കമാണ്‌ ഇവര്‍ നമ്മുടെ ചെങ്ങാതിമാരായിട്ടും ഇന്ന് താമസം താഴെ ചോപ്ടയിലാക്കിയിരിക്കുന്നു"



ഗോവിന്ദ്ഗിരി വീണ്ടും കൊച്ചുകുട്ടിയുടെ ചിരി ചിരിച്ചു.

ആട്ട കുഴച്ചുകഴിഞ്ഞ്‌ ഗൊവിന്ദ്ഗിരി കുഴലിന്റെ അറ്റത്ത്‌ നനഞ്ഞ തുണികഷ്ണം ചുറ്റി അടുപ്പില്‍നിന്ന് തീയെടുക്കുമ്പോള്‍ ബിജു ചോദിച്ചു

" സ്വാമിജി ഒന്നു വലിക്കാന്‍ തരുമോ?
ഗോവിന്ദ്ഗിരിയുടെ ചിരിയുടെ മറവില്‍ വിരലുകള്‍ കൂട്ടിപിടിച്ച്‌ കുഴല്‍ ആഞ്ഞുവലിച്ചിട്ട്‌ ബിജു പറഞ്ഞു
" ചേട്ടാ, ഒന്നുവലിച്ചുനോക്കൂ."
ബിജു നീട്ടിയ കുഴല്‍ കയ്യില്‍ വാങ്ങി. പിന്നെ അത്‌ ഗോവിന്ദ്ഗിരിക്കും ഗോവിന്ദ്ഗിരി അത്‌ ബിജുവിനും .
വിക്രംസിംഗ്‌ റൊട്ടികള്‍ കനലില്‍ ചുട്ടെടുക്കുന്നു. വെന്ത ഉരുളകിഴങ്ങുകള്‍ .
കുഴല്‍ നീട്ടിയിട്ട്‌ ബിജു പറഞ്ഞു " ചേട്ടാ ഒന്നൂടെ"
കുഴലില്‍നിന്ന് പുറത്തേക്ക്‌ തള്ളിയ പുകയില്‍കൂടെ നോക്കിയപ്പൊള്‍ വിക്രംസിംഗ്‌ കൊച്ചുകുട്ടിയായി ചിരിക്കുന്നതുപോലേ തോന്നി. കുഴല്‍ കൈമറിഞ്ഞുകൊണ്ടിരുന്നപ്പൊള്‍ കഞ്ചാവിന്റെ പരക്കുന്ന ഗന്ധത്തില്‍ തണുപ്പ്‌ അലിഞ്ഞലിഞ്ഞ്‌ ഒരു പുക മാത്രമായി പിന്നെ അതു മഞ്ഞും മേഘവുമായി മാറി വീശിയ കാറ്റില്‍ ആകാശത്തിലേക്കുയര്‍ന്ന് ചന്ദ്രശിലയുടെ മുകളില്‍ ഒരു കിരീടമായി
" ഇറങ്ങണ്ടേ"
കനലില്‍ ചുട്ടെടുത്ത എത്രയോ റൊട്ടികളും ആവിപറക്കുന്ന ഉരുളകിഴങ്ങുകറിയും വയറിലേക്കിട്ടിട്ട്‌ രഘു ചോദിച്ചു
ഊന്നുവടി കയ്യിലെടുത്തപ്പോള്‍ ബഞ്ചിലിരുന്ന് ചായകുടിക്കുകയായിരുന്ന മഹേഷ്‌ ആനന്ദ്‌ മൈഠാണി എഴുന്നേറ്റ്‌ വലതുകൈ ഉയര്‍ത്തി പറഞ്ഞു.
" തുംഗനാഥന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവും. എങ്ങോട്ടേയ്ക്കാണിനി?"
അടുപ്പിനടുത്ത്‌ നിന്ന് എഴുന്നേറ്റ്‌ ചിരിച്ചുകൊണ്ട്‌ വിക്രംസിംഗ്‌ പറഞ്ഞു" താഴെ ചോപ്ടയില്‍ മംഗള്‍സിംഗിന്റെ അടുത്തേക്ക്‌. ബോലോ മംഗള്‍സിംഗ്‌ നേഗീ കീ ജെയ്‌ "
ചിരിയുമായി ഗൊവിന്ദ്ഗിരിയും പുറത്തേക്കുവന്നപ്പൊള്‍ മഹേഷ്‌ ആനന്ദ്‌ മൈഠാണി പറഞ്ഞു " ഇനിയും നിങ്ങള്‍ വരും വരാതെ പറ്റില്ല തുംഗനാഥന്‍ നിങ്ങളെ വരുത്തും"
" പോയിട്ടുവരട്ടെ"
ഊന്നുവടി മുന്നിലേക്ക്‌ നീട്ടി .



( തുടരും )

2 comments:

krishku said...

ഉണ്ണി നിന്റെ എഴുത്തിന്റെ ശൈലി നന്നായിരിക്കുന്നു.ഭക്തി ഒരുപാട് ചേർത്തിട്ടുണ്ടെല്ലോ?.ഹിമാലയത്തിലെ സ്ഥലങ്ങളെ കുറിച്ച് ഇങ്ങനെയെ എഴുതാൻ കഴിയൂ ?

Unknown said...

കാലസ്ഥലികൾ ക്കപ്പുറം സഞ്ചരിക്കുന്നവൻ

വാര്യൻ