എന്നെപ്പറ്റി.
ഇതുവരെ സന്ദര്‍ശിച്ചവര്‍
പുറംവായനക്ക്...
-
പെരുവനത്തിൽ ഒരു ശിവരാത്രി5 years ago
-
Thursday, December 31, 2009
ഗൃഹാതുരത്വം എട്ടാംഭാഗം
Wednesday, September 23, 2009
ഗൃഹാതുരത്വം ഏഴാംഭാഗം
തലേന്നു രാത്രിയില്‍ പെയ്ത മഞ്ഞിന്റെ നനവില്‍ കുതിരകളുടെ ചാണകം കുതിര്‍ന്നുകിടക്കുന്നു. കല്ലുപാകിയ പാതയില്‍ കാലുകള്‍ തെന്നിപോകുന്നു. കയറ്റത്തിനേക്കാളും ദുഷ്കരമായ ഇറക്കം.
" കാലൊന്നു തെന്നിയാല്‍"
" തുംഗനാഥന്‍ വീഴാതെ താങ്ങിക്കോളും"
മഹേഷ് ആനന്ദ് മൈഠാണി കെട്ടികൊടുത്ത രക്ഷ പൊക്കികാണിച്ചുകൊണ്ട് രഘു പറഞ്ഞു.. ചോപ്ടയില്‍നിന്ന് കുതിരപ്പുറത്ത് തുംഗനാഥിലേക്ക് വരുന്ന രണ്ടു തീര്‍ത്ഥാടകര്‍. കുതിരകള്‍ക്ക് പോകാന്‍ സ്ഥലമൊരുക്കി ഒരു വശത്തേക്ക് ഒതുങ്ങിനിന്നപ്പോള്‍ അവന് വീണ്ടും പറഞ്ഞു
" സൂക്ഷിച്ചുനില്‍ക്കണം, കാലുതെന്നി താഴോട്ടുപോകരുത്. തുംഗനാഥന്‍ വീഴാതെ താങ്ങാന്‍ തുംഗനാഥില്‍നിന്ന് ഈ വഴി തന്നെ ഇറങ്ങി വരണ്ടെ താമസിച്ചാലോ?"
രഘു പറഞ്ഞുനിര്‍ത്തിയില്ല. കാലുകള്‍ തെന്നി. താഴേയ്ക്ക് വീഴുന്നതിനിടയില്‍ ആരോ പുറകില്‍നിന്ന് പിടിച്ചു.
" തുംഗനാഥന്‍ താമസിക്കില്ല രഘുവേ"
" ഇവിടെ ഒരു രഘുവുമില്ല തുംഗനാഥനുമില്ല, ഞാന്‍ പിടിച്ചില്ലായിരുന്നെങ്കില്‍ സാറ് ആല്‍ത്തറയില്‍നിന്ന് ഉരുണ്ട് താഴെ കിടന്നേനെ.
" തുംഗനാഥനു പ്യൂണ്‍സ് മധുസൂദനന് പിള്ളയുടെ വേഷവും കെട്ടാം മധുവേ"
മധുവിന്റെ കയ്യില്‍ പിടിച്ച് ആല്‍ത്തറയില്‍നിന്ന് എഴുന്നേല്ക്കുന്നതിനിടയില് അവനോട് പറഞ്ഞു
" സാര്‍, ഓര്‍മ്മകള്‍ക്ക് ഒരു ബ്രേയ്ക്ക് കൊടുത്തിട്ട് കണ്ണേട്ടന്റെ കട വരെ പോയാലോ?"
" ആകാം, അല്ലെങ്കില്‍ പോകാം"
" എങ്കില്‍ പറഞ്ഞേക്കട്ടെ?"
പുരികം വളച്ച് എന്ത് എന്നു ചോദിച്ചപ്പോള്‍ അവന് പറഞ്ഞു.
" ബോലോ കണ്ണേട്ടന് കീ ജെയ്"
ചായക്കടയുടെ വരാന്തയില്‍ ആളുകള്‍ വന്ന് കുത്തിയിരുന്ന് തുടങ്ങിയിരുന്നു. ബീഡിയും വലിച്ച് ചീനചട്ടിയിലെ തിളച്ച എണ്ണയിലേക്ക് പരിപ്പുവടയുടേയും പക്കോടയുടേയും മസാലവടയുടേയും മാവുകള്‍ ഉരുണ്ടുവീഴുന്നത് അക്ഷമയോടെ നോക്കികൊണ്ട്
" കണ്ണന് നായരെ ഒന്നു വേഗം. വയലില്‍ പണി തീര്‍ന്നിട്ടില്ല. രണ്ടുവട തിന്നിട്ട് വീണ്ടും ഇറങ്ങണ്ടതാ"
വലിച്ചുകൊണ്ടിരുന്ന ബീഡി ഒന്നൂടെ ആഞ്ഞുവലിച്ച് റോഡിലേക്കിട്ടിട്ട് ഒരു അക്ഷമന് പറഞ്ഞു.അകത്തേമുറിയിലെ ഇളക്കുന്ന ബഞ്ചില്‍ ഊഴവും കാത്തിരുന്നു. ഊഴമായപ്പോള്‍ കണ്ണേട്ടന് ഒരു കടലാസ്സില്‍ ചൂട് പക്കോടയും മസാലവടയും കൊണ്ടുവെച്ചു. രണ്ടും തീര്‍ന്നുകഴിഞ്ഞപ്പോള്‍ ആ കടലാസ്സുകൊണ്ട് തന്നെ മുഖം തുടച്ചിട്ട് മധു പറഞ്ഞു.
" കണ്ണേട്ടാ, രണ്ടുകാപ്പി"
" കടുപ്പത്തില്‍, ചീനി കം. ഓറേക്ക് കാപ്പി ഈ സാറിന് രണ്ടാമതും അല്ലേ" ചിരിച്ചുകൊണ്ട് കണ്ണേട്ടന് മധുവിനോട് ചോദിച്ചു.
തിരിച്ച് ആല്‍ത്തറയിലേക്ക് നടക്കുമ്പോള്‍ മധു പറഞ്ഞു.
" പക്കോടയും പരിപ്പുവടയും തിന്നാന്‍ ഈ സമയത്ത് എത്ര പേരാണ് കണ്ണേട്ടന്റെ വരാന്തയില്‍ ബീഡിയും വലിച്ച് കുത്തിയിരിക്കുന്നത്"
" മംഗള്‍സിങ്ങിന്റെ വരാന്തയില്‍ എന്നുവേണം പറയാന്‍"
" സാര്‍ ഓര്‍മ്മകളെ വീണ്ടും കയറൂരിവിടാന്‍ പോകുകാണോ?"
" വിടട്ടെ"
" ഞാനൊന്ന് പെരുമാളിനേയും തൊഴുത് വഴിപാടിന് ശീട്ടുമാക്കിയിട്ട് വരാം"
" എങ്കില്‍ പറഞ്ഞേക്കട്ടെ?"
" എന്താണ് സാര്‍?" ഇത്തവണ മധുവാണ് പുരികം വളച്ചത്
" ബോലോ, പെരുമാള്‍ കീ ജെയ്"
ഗൊവിന്ദ്ഗിരിയേ പോലെ ചിരിച്ചുകൊണ്ട് മധു ക്ഷേത്രത്തിലേക്ക് നീങ്ങിയപ്പോള്‍ വീണ്ടും ആല്‍ത്തറയില്‍ പോയിരുന്നു. ഒരു സിഗര്‍ട് കത്തിച്ചു. അകലെ ഗോവിന്ദാമല കണ്ടപ്പോള്‍ മനസ് പിന്നെയും പിടിവിട്ടപോലെ.
വേദനിക്കുന്ന കാലുകള്‍ നീട്ടിവെച്ച് തൂണില്‍ ചാരിയിരുന്ന് ഒരു കാപ്സ്റ്റണു തീയുമിട്ട് വീണ്ടും ചായ പറഞ്ഞപ്പോള്‍ തുടച്ച് വൃത്തിയാക്കികൊണ്ടിരുന്ന ഹുക്കയില്‍നിന്ന് കയ്യെടുത്തിട്ട് മംഗള്‍സിംഗ് ചോദിച്ചു.
" കാലും നീട്ടിയിരുന്ന് ചായകുടിക്കാനും സിഗര്‍റ്റു വലിക്കാനുമാണോ നിങ്ങള്‍ ഇത്രയും ദൂരത്തുനിന്ന് ഇവിടെ വന്നത്?" ഹുക്ക ഒരു വശത്തേക്ക് നീക്കിവെച്ചിട്ട് മംഗള്‍സിംഗ് എഴുന്നേറ്റു.
" ഞങ്ങള്‍ പഹാഡികള്‍ കാണുന്ന തിരമാലകളും ഞങ്ങളുടെ നീലനിറമാര്‍ന്ന സമുദ്രവും നിങ്ങള്‍ കണ്ടിട്ടുണ്ടോ?"കടയുടെ വെളിയിലേക്ക് കൂട്ടികൊണ്ട് പോകുന്നതിനിടയില്‍ അദ്ദേഹം ചോദിച്ചു.
" സമുദ്രത്തിലെ തിരമാലകള്‍ പോലെയാണ് ഈ ശിവഭൂവിലെ പര്‍വ്വതശിഖരങ്ങള്‍. ഒരെണ്ണം ഉയര്‍ന്ന് മറ്റൊന്ന് താണ് അതിലും ദൂരെ വേറൊന്ന് പൊങ്ങി തിരമാലകളുടെ പാല്പത പോലെ മഞ്ഞണിഞ്ഞ് ചിലപ്പോള്‍ സ്വര്‍ണ്ണവര്‍ണ്ണമണിഞ്ഞ് ഞങ്ങളുടെ ഈ നീലസമുദ്രത്തില് ഈ നീലാകാശത്തില്‍ . ഇറങ്ങിനടന്ന് കാണുക"
ചക്രവാളത്തിലേക്ക് കൈചൂണ്ടി മംഗള്‍സിംഗ് വീണ്ടും പറഞ്ഞു.
" അത് ചൗഖാംബ അപ്പുറം നരന് നാരായണന് ഇതാ ആ ദിക്കില്‍ കേദാര ശിഖരങ്ങള്‍ അങ്ങേയറ്റം ഏറ്റവും ഉയര്‍ന്നുകാണുന്നത് നീലകണ്ഠം.അല്ല എന്തിനാണ് ഈ തിരമാലകളെ പേരുചൊല്ലി കാണുന്നത് . നടന്നുകാണുക ഒരു പേരുമില്ലാതെ തന്നെ ഈ തിരമാലകള്‍ നിങ്ങളുടെ മനസ്സിലും ഉയരട്ടെ ഇതാ മഹേഷ് ആനന്ദ്ജി തുംഗനാഥില്‍ നിന്നിറങ്ങി വരുന്നു. ഇനി നിങ്ങള്‍ക്ക് ഒരു പൂജാരിയുമില്ലാതെ തന്നെ ഈ തുംഗനാഥങ്ങളെ മനസ്സിന്റെ കവാടത്തില്‍ ഒരു മണി കെട്ടിത്തൂക്കി അതിലൊന്നടിച്ച് അതിന്റെ നാദത്തില്‍ ഈ ശിവഭൂവിലെ പ്രകൃതിയേയും ധ്യാനിച്ച്"
ചോപ്ടയിലെ കവാടത്തില്‍ കെട്ടിയിരുന്ന മണികളില്‍ ആരോ അടിച്ചു. പുതിയ ഒരു തീര്ത്ഥാടകന്
മണികളുടെ ശബ്ദം കൂടുതലായി ഉയരുന്നു അതിനും മുകളില്‍ ഉയരുന്ന ഇടയ്കയുടെ ശബ്ദം ആരോ ശംഖ് ഊതുന്നു എല്ലാത്തിനും മുകളിലായി ദീപാരാധന കഴിഞ്ഞ് നട തുറന്ന പെരുമാളിന്റെ ശ്രീകോവിലിനു മുന്നില്‍ നിന്ന് നാമം ഉയരുന്നു
" ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരെ"

Monday, September 21, 2009
ഗൃഹാതുരത്വം ആറാംഭാഗം
ആകാശ്ഗംഗാ റസ്റ്റോറന്റില്‍ അടുപ്പിനോട് ചേര്‍ന്നിരുന്ന് ചൂടുചായ ഊതികുടിച്ചിട്ട് അടുത്തിരുന്ന സ്വാമിക്കും ഒരു ചായ വാങ്ങികൊടുത്തു.
" സമയം കളയണ്ട, പൂജാരി മന്ദിറില്‍ തന്നെയുണ്ട്. പോയി പൂജ നടത്തിയിട്ട് വരു" വിക്രംസിംഗ് നേഗി പറഞ്ഞു.
അടുപ്പിനടുത്ത് നിന്ന് എഴുന്നേറ്റപ്പോള്‍ സ്വാമി മാറാപ്പില്‍നിന്ന് പൂവെടുത്ത് നീട്ടിയിട്ട് പറഞ്ഞു " ഇതാണ് ബ്രഹ്മകമലം ദേവന്മാരുടെ പുഷ്പം. ഹേമകുണ്ഡിന്റെ മുകളില്‍ മലയില്‍നിന്ന് പറിച്ചതാണ്.ഇത് മന്ദിറില്‍ ഭഗവാന് അര്‍പ്പിച്ചേക്കൂ"
പൂജക്കുള്ള താലത്തില്‍ പര്‍വ്വത്തിലെ പുഷ്പങ്ങള്‍, അരി കളഭം ചുവന്ന ചരട്. താലം പൂജാരിയുടെ മുന്നില്‍ വെച്ച് തലകുനിച്ച് ചമ്രം പടഞ്ഞിരുന്നു.പുഷ്പങ്ങള്‍ ഭഗവാന് അര്‍പ്പിച്ചിട്ട് പൂജാരി തലയില്‍ കൈവെച്ച് അനുഗ്രഹിച്ചിട്ട് പറഞ്ഞു." തുംഗനാഥനാണ് നിങ്ങളെ ഇവിടെവരെ എത്തിച്ചത്. നിങ്ങള്‍ തുംഗനാഥന്റെ ആള്ക്കാര്. "
താലത്തില്‍നിന്ന് ചുവന്നചരടെടുത്ത് വലതുകയ്യില്‍ കെട്ടിതരുന്നതിനിടയില്‍ മഹേഷ് ആനന്ദ് മൈഠാണി പറഞ്ഞു. " ഈ ചരട് നിങ്ങള്‍ക്കുള്ള രക്ഷയാണ്. പൊട്ടിച്ചുകളയരുത്.താനെ അഴിഞ്ഞുപൊക്കോട്ടെ"
മഹേഷ് ആനന്ദ് മൈഠാണിയുടെ കാല്കല് ദക്ഷിണ വെച്ച് തുംഗനാഥനെ നമസ്കരിച്ച് എഴുന്നേറ്റപ്പോള്‍ പൂജാരി വീണ്ടും പറഞ്ഞു.
" തുംഗനാഥന്റെ അനുഗ്രഹം നിങ്ങള്‍ക്കെപ്പോഴും ഉണ്ടാവും. ശ്രീകോവിലിനുള്ളില്‍ കയറി തൊഴുതോളൂ"
പിന്നെ ശ്രീകോവിലിനുള്ളില്‍ കടന്ന് മങ്ങിക്കത്തുന്ന വിളക്കിന്റെ പ്രകാശത്തില്‍ മഞ്ഞുകട്ടപോലെ ഉറഞ്ഞ നിശബ്ദതയില്‍ തുംഗനാഥശിവനെ തൊഴുത് നിന്നപ്പോള്‍ ശിവമായ എല്ലാം ശ്രീകോവിലിനുള്ളില്‍ നിന്ന് പുറത്ത് പ്രകൃതിയിലേക്കും പ്രകൃതിയില്‍നിന്ന് അകത്തേക്കും പരക്കുന്നതുപോലെ തോന്നി.
തിരിച്ച് വിക്രംസിംഗ് നേഗിയുടെ കടയില്‍ ചെന്നിരുന്ന് ഒരു കാപ്സ്റ്റണ്‍ കത്തിച്ചപ്പോള്‍ വിക്രംസിംഗ് സ്വാമിയോട് പറഞ്ഞു
" ഗോവിന്ദ്ഗിരിജി, ഇവര്‍ക്കും പൂജാരിക്കും ഇന്ന് ഉച്ചഭക്ഷണം ഇവിടെനിന്നാണ്. ആട്ട ഒന്നു കുഴച്ചേക്കാമോ?"
ഒരു കൊച്ചുകുട്ടിയുടെ ചിരിയുമായി ഗോവിന്ദ്ഗിരി കൂടയില്‍നിന്ന് ആട്ടയെടുത്ത് കുടഞ്ഞിട്ടപ്പോള്‍ വിക്രംസിംഗ് വീണ്ടും പറഞ്ഞു." കേട്ടോ, ഗോവിന്ദ് ഗിരിജി, എനിക്ക് ഇവരോട് പിണക്കമാണ് ഇവര്‍ നമ്മുടെ ചെങ്ങാതിമാരായിട്ടും ഇന്ന് താമസം താഴെ ചോപ്ടയിലാക്കിയിരിക്കുന്നു"
ഗോവിന്ദ്ഗിരി വീണ്ടും കൊച്ചുകുട്ടിയുടെ ചിരി ചിരിച്ചു.
ആട്ട കുഴച്ചുകഴിഞ്ഞ് ഗൊവിന്ദ്ഗിരി കുഴലിന്റെ അറ്റത്ത് നനഞ്ഞ തുണികഷ്ണം ചുറ്റി അടുപ്പില്‍നിന്ന് തീയെടുക്കുമ്പോള്‍ ബിജു ചോദിച്ചു
" സ്വാമിജി ഒന്നു വലിക്കാന്‍ തരുമോ?
ഗോവിന്ദ്ഗിരിയുടെ ചിരിയുടെ മറവില്‍ വിരലുകള്‍ കൂട്ടിപിടിച്ച് കുഴല്‍ ആഞ്ഞുവലിച്ചിട്ട് ബിജു പറഞ്ഞു
" ചേട്ടാ, ഒന്നുവലിച്ചുനോക്കൂ."
ബിജു നീട്ടിയ കുഴല്‍ കയ്യില്‍ വാങ്ങി. പിന്നെ അത് ഗോവിന്ദ്ഗിരിക്കും ഗോവിന്ദ്ഗിരി അത് ബിജുവിനും .
വിക്രംസിംഗ് റൊട്ടികള്‍ കനലില്‍ ചുട്ടെടുക്കുന്നു. വെന്ത ഉരുളകിഴങ്ങുകള്‍ .
കുഴല്‍ നീട്ടിയിട്ട് ബിജു പറഞ്ഞു " ചേട്ടാ ഒന്നൂടെ"
കുഴലില്‍നിന്ന് പുറത്തേക്ക് തള്ളിയ പുകയില്‍കൂടെ നോക്കിയപ്പൊള്‍ വിക്രംസിംഗ് കൊച്ചുകുട്ടിയായി ചിരിക്കുന്നതുപോലേ തോന്നി. കുഴല്‍ കൈമറിഞ്ഞുകൊണ്ടിരുന്നപ്പൊള്‍ കഞ്ചാവിന്റെ പരക്കുന്ന ഗന്ധത്തില്‍ തണുപ്പ് അലിഞ്ഞലിഞ്ഞ് ഒരു പുക മാത്രമായി പിന്നെ അതു മഞ്ഞും മേഘവുമായി മാറി വീശിയ കാറ്റില്‍ ആകാശത്തിലേക്കുയര്‍ന്ന് ചന്ദ്രശിലയുടെ മുകളില്‍ ഒരു കിരീടമായി
" ഇറങ്ങണ്ടേ"
കനലില്‍ ചുട്ടെടുത്ത എത്രയോ റൊട്ടികളും ആവിപറക്കുന്ന ഉരുളകിഴങ്ങുകറിയും വയറിലേക്കിട്ടിട്ട് രഘു ചോദിച്ചു
ഊന്നുവടി കയ്യിലെടുത്തപ്പോള്‍ ബഞ്ചിലിരുന്ന് ചായകുടിക്കുകയായിരുന്ന മഹേഷ് ആനന്ദ് മൈഠാണി എഴുന്നേറ്റ് വലതുകൈ ഉയര്‍ത്തി പറഞ്ഞു.
" തുംഗനാഥന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവും. എങ്ങോട്ടേയ്ക്കാണിനി?"
അടുപ്പിനടുത്ത് നിന്ന് എഴുന്നേറ്റ് ചിരിച്ചുകൊണ്ട് വിക്രംസിംഗ് പറഞ്ഞു" താഴെ ചോപ്ടയില്‍ മംഗള്‍സിംഗിന്റെ അടുത്തേക്ക്. ബോലോ മംഗള്‍സിംഗ് നേഗീ കീ ജെയ് "
ചിരിയുമായി ഗൊവിന്ദ്ഗിരിയും പുറത്തേക്കുവന്നപ്പൊള്‍ മഹേഷ് ആനന്ദ് മൈഠാണി പറഞ്ഞു " ഇനിയും നിങ്ങള്‍ വരും വരാതെ പറ്റില്ല തുംഗനാഥന്‍ നിങ്ങളെ വരുത്തും"
" പോയിട്ടുവരട്ടെ"
ഊന്നുവടി മുന്നിലേക്ക് നീട്ടി .

( തുടരും )
Sunday, September 20, 2009
ഗൃഹാതുരത്വം അഞ്ചാംഭാഗം
ആലിലകളില്‍ കാറ്റിന്റെ നൃത്തം അവസാനിച്ചിരുന്നു. ഗോവിന്ദാമലയുടെ മുകളില്‍ അടുത്തകാറ്റിനു വേണ്ടി കാത്തുനില്ക്കുന്ന മേഘകെട്ടുകള്‍. സിഗര്‍ട്ടിന്റെ പുക പരക്കുന്നു.
" സാര്‍, സിഗര്‍ട്ടിന്റെ പുക മഞ്ഞുപോലെയാണു പരക്കുന്നത് അല്ലെ?"
" ചോപ്ടയില്‍ചെന്ന് നീ വാതുറന്നാല്‍ സിഗര്‍ട്ടില്ലെങ്കിലും പുകവരും. മുപ്പത്തിമുക്കോടി ഗണങ്ങള്‍ എത്ര സിഗര്‍ട്ടുവലിച്ചിട്ടാണ് അവിടെ അത്രയും മഞ്ഞ് പരക്കുന്നത്?"
" സാര്‍, അറ്റംകൂര്‍പ്പിച്ച വടികള്‍ ചൂണ്ടികാട്ടി മംഗള്‍സിംഗ് പറഞ്ഞു. ഹിമാലയം നടന്നുതന്നെ കാണണം. സാറിന്റെ ഓര്‍മ്മകള്‍ നടക്കട്ടെ . ഞാന്‍ ചെവി കൂര്‍പ്പിച്ച് കൂടെ നടക്കാം"
മംഗള്‍സിംഗിന്റെ ചായക്കടയില്‍ നിന്നെഴുനേറ്റ് തുംഗനാഥിലേക്കുള്ള കല്ലുപാകിയ വഴി ചവിട്ടിതുടങ്ങി. ചോപ്ടയില്‍നിന്നും നാലുകിലോമീറ്റര്‍ തുംഗനാഥ്. വടിയുംകുത്തി ആയാസത്തോടെ കയറുന്നതിനിടയില്‍ ഒരു കവിള് ശ്വാസത്തിനു നിന്ന രഘു ചോദിച്ചു.
" ഹരിദ്വാറിലെ അയ്യപ്പന്റെ അമ്പലത്തിനുമുന്നില്‍ വെച്ച് രവീന്ദ്രന്‍സാര്‍ പറഞ്ഞത് നീ ഓര്‍ക്കുന്നുണ്ടോ?"
ഹരിദ്വാറിലെ സന്ധ്യ. ഹരി കി പൗറിയില്‍ ഏഴായി ഒഴുകുന്ന ഗംഗ. അങ്ങുമുകളില്‍ മാനസാദേവി ക്ഷേത്രത്തില്‍നിന്നും മണിയുടെ ശബ്ദം മുഴങ്ങി. ഇലക്കുമ്പിളില്‍ പൂവുമിട്ട് തിരിയും കത്തിച്ച് ഒഴുകുന്ന ഗംഗയില്‍ വെച്ച് മനസ്സില്‍ വിളിച്ചു "അമ്മേ" ഓം ജെയ് ജഗദീശഹരേ ഉയര്‍ന്നുകേള്‍ക്കുന്ന സ്തുതി. ഒഴുകി വരുന്ന തിരിയിട്ട ഒരു ഇലക്കുമ്പിള്‍ കൂടെ. പിന്നെ നോക്കുമ്പോള്‍ ഒരായിരമെണ്ണം തീരത്തെ ദേവീ ക്ഷേത്രത്തിനുമുന്നില്‍ നിന്നും ഒരായിരം മണികളുടെ നാദമുയരുന്നു. ദേവിയുടെ മുന്നില്‍ കര്‍പ്പൂരത്തട്ടില്‍ അഗ്നിദേവന് നൃത്തം ചവിട്ടുന്നു. ഒരായിരം കണ്ഠത്തില്‍നിന്ന് വിളികളുയരുന്നു
" അമ്മേ ഗംഗേ"
പിന്നെ നദിയിലെ അവസാന തിരിയും അണഞ്ഞുകഴിഞ്ഞപ്പോള് തിരിച്ചുനടന്ന് അയ്യപ്പന്റെ അമ്പലത്തിനു മുന്നില്‍ എത്തിയപ്പോളാണ് ഹിമാലയയാത്ര കഴിഞ്ഞ് നാട്ടിലേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങുന്ന രവീന്ദ്രന് സാറിനെ കണ്ടത്. പലതും പറയുന്നതിനിടയില്‍ അദ്ദേഹം കൂട്ടിചേര്‍ത്തു. " കയറിതുടങ്ങുമ്പോള്‍ തന്നെ കയറ്റത്തിന്റെ കാഠിന്യം കൊണ്ട് ഇട്ട വസ്ത്രങ്ങള്‍ പോലും ഭാരമായിതോന്നും.ഊരികളഞ്ഞെങ്കിലോ എന്നും"
" ഊരികളയണമെന്നുണ്ട് രഘൂ," അണച്ചുകൊണ്ട് രഘുവിനോട് പറഞ്ഞു." ഊരികളഞ്ഞാല്‍ പിന്നെ ഊരികളയാന്‍ ദേഹം മാത്രമല്ലേ ഉള്ളൂ. കൂടുതല്‍ ദിഗംബരമൂര്‍ത്തികളേ കുറിച്ച് പുരാണങ്ങളില്ലതാനും"
പുല്‍മേട്. പൈന്മരങ്ങള്, ഭൂര്‍ജവൃക്ഷങ്ങളും അവയ്കിടയില്‍ മേയുന്ന ചെമ്മരിയാടുകള്‍. അവരെ തഴുകിയും കോടകൊണ്ട് പുതപ്പിച്ചും കടന്നുപോകുന്ന കാറ്റ് ഭൂര്‍ജവൃക്ഷതണലിലിരുന്ന് ബീഡിവലിക്കുന്ന ആട്ടിടയന്. ആട്ടിടയരുടെ പുല്ലുമേഞ്ഞ കുടിലുകള്‍ക്ക് മുകളില്‍ അടുപ്പിലെ പുകപരക്കുന്നു. ഒരു മോണാല്‍ കല്ലുപാകിയ പാത മുറിച്ചുകടന്ന് അടുത്തുള്ള കുറ്റിക്കാട്ടില്‍ മറഞ്ഞു.
" ബോലോ തുംഗനാഥ് കീ ജെയ്"
ജഡകെട്ടിയ മുടിയും താടിയുമായി അര്‍ദ്ധനഗ്നനായ സ്വാമി മുന്നില്‍കടന്ന് വളവിലെവിടെയോ മറഞ്ഞു. നടന്നിട്ടും കയറീട്ടും തീരാത്ത വഴി ആകാശത്തിലേയ്ക്കും അനന്തതയിലേയ്ക്കും നീളുന്നതുപോലെ മഴയ്ക്കുവേണ്ടി കേഴുന്ന വേഴാമ്പലിനേപോലെ അല്പം ശ്വാസത്തിനുവേണ്ടി ദാഹിച്ചുകൊണ്ടിരുന്ന ഹൃദയം നിന്നുപോകും എന്നുതോന്നിയ ഒരു നിമിഷം കാതുകളില്‍ മണിനാദം വന്നുതട്ടി.
" ബോലോ തുംഗനാഥ് കീ ജെയ്"
രഘുവിന്റെ വിളിക്ക് ശബ്ദമില്ലായിരുന്നു

Friday, September 18, 2009
ഗൃഹാതുരത്വം നാലാംഭാഗം
" സാര്‍ നമ്മുക്കൊന്നു കണ്ണേട്ടന്റെ ചായക്കട വരെ നടന്നിട്ട് ഒരു ചായ കുടിച്ചാലോ?
ഓര്‍മ്മകളുടെ ഒഴുക്കിനെ തടസപെടുത്തികൊണ്ട് പ്യൂണ്‍സ് മധുസൂദനന് പിള്ളൈ ചോദിച്ചു.
"പ്യൂണ്‍സ്, എന്റെ ഓര്‍മ്മകള്‍ ബദരിയില്‍ നിന്നൊഴുകുന്ന അളകനന്ദ പോലെ അതുമല്ലെങ്കില്‍ കേദാറില്‍ നിന്നുള്ള മന്ദാകിനി പോലെ ഭഗീരഥി പോലെ അതുമല്ലെങ്കില്‍ ആകശ്ഗംഗ പോലെ ഒഴുകുകയായിരുന്നു. നീ അതിനു ഭംഗം വരുത്തിയിരിക്കുന്നു. നീയൊന്ന് സമാധാനമായി ഓര്‍ക്കാനും സമ്മതിക്കില്ലെ?"
ആല്‍ത്തറയില്‍ കിടന്നുകൊണ്ടുതന്നെ അവനോട് ചോദിച്ചു
" അതല്ല സാര്‍, മംഗള്‍സിംഗിന്റെ ചായയേക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു ചായ കുടിക്കാം എന്നു കരുതി"
" ശരി, എങ്കിലാകാം"
ആല്‍ത്തറയില്‍നിന്നെഴുന്നേറ്റ് കണ്ണേട്ടന്റെ ചായപീടികയിലേക്ക് നടന്നു.
" സാര്‍, തിരിച്ചുവന്നിട്ട് എനിക്ക് പെരുമാളിന് ഒരു പാല്പായസം വഴിപാടു കഴിക്കണം. ഒരു ലിറ്ററിന് വിത്തൗട്ട്.. അച്ഛന്റെ പേര്‍ക്ക്" നടക്കുന്നതിനിടയില്‍ മധു പറഞ്ഞു
" പാല്പായസം വിത്തൗട്ട് വഴിപാടോ?" അത്ഭുതത്തോടെ അവനേ നോക്കി
" അതു സാര്‍ അച്ഛനു ഷുഗറുണ്ട് വിത്തൗട്ടെ പറ്റൂ"
കണ്ണേട്ടന്റെ കടയെത്തിയിരുന്നു.മധു കണ്ണേട്ടനോടു വിളിച്ചുപറഞ്ഞു
" കണ്ണേട്ട്ജി, ദോ ചായ് ചീനി കം. ഓറേക്ക് ചായ് ഈ സാറിനു രണ്ടാമതും"
തിരിച്ച് ആല്‍ത്തറയിലേക്ക് നടക്കുമ്പോള്‍ മധുവിനോട് പറഞ്ഞു
" വഴിപാടിനു ശീട്ടാക്കുമ്പോള്‍ പറഞ്ഞാല്‍മതി, ഏക്ക് ലിറ്റര്‍ പാല്‍പായസ് ബിനാ ശക്കര്"
" ആംജി, സാര്‍ ഈ ഊടുവഴിയിലൂടെ നടന്ന് കണ്ടം കടന്ന് പോയാല്‍ വേങ്ങാപ്പാറയിലും ചീങ്ങാച്ചിറയിലും പോകാമെന്ന് കണ്ണേട്ടന് പറഞ്ഞു"
" സീമയുടെ ഊടുവഴികള്‍ പോലും ദീപക് കൈകാര്യം ചെയ്യുന്നു" ആല്‍ത്തറയില്‍ ചെന്നിരുന്ന് ഒരു സിഗര്‍റ്റിനു തീയിടുമ്പോള്‍ മധുവിനോട് പറഞ്ഞു
" ശ്ലീലമല്ലല്ലോ സാര്‍" ഒരു സിഗര്റ്റിന് മധുവും തീയിട്ടു
" എന്നെങ്കിലും സമയം കിട്ടുമ്പോള്‍ നീ ബദരീനാഥ് വരെ പോയി നോക്കിയാല്‍മതി അവിടെല്ലാം എഴുതിവെച്ചിട്ടുണ്ട്. നിനക്കറിയാമൊ, ഹിമാലയം നടന്നുതന്നെ കാണണം എന്ന് ആദ്യം പറഞ്ഞത് ബദരിയിലെ മലയാളി റാവലാണ് ബദരീനാഥന്റെ മുഖ്യപുരോഹിതന്റെ മുന്നില്‍ കപടവിനയത്തോടെ ചമ്രം പടഞ്ഞിരുന്നപ്പോള്‍ തിരുമേനി പറഞ്ഞു.
" ഹിമാലയം നടന്നുതന്നെ കാണണം"

Wednesday, September 16, 2009
ഗൃഹാതുരത്വം മൂന്നാം ഭാഗം
ഗൃഹാതുരത്വം രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച
ഗോബേശ്വറില്‍ നിന്ന് വാടകയ്കെടുത്ത ജീപ്പ്. ചോപ്ടയില്‍ വണ്ടിനിര്‍ത്തിയിട്ട് ഡ്രൈവര്‍ കൈനീട്ടിയപ്പോള്‍, പറഞ്ഞതിലും നൂറുരൂപാ കൂടുതല്‍ കൊടുത്തു. വളരെ ദൂരത്തോളം നീണ്ടുകിടക്കുന്ന ഹിമാലയന്‍ കാനനത്തിലൂടെ, വളഞ്ഞും പുളഞ്ഞും ഒഴുകുന്ന റോഡിലൂടെ ജീപ്പ് നീങ്ങികൊണ്ടിരുന്നപ്പോള്‍ ദിവ്യേന്തര്‍ കുമറായിരുന്നു മനസ്സില്‍. ആദ്യ ഹിമാലയന്‍ യാത്രയില്‍ ഒമ്പതുദിവസം കൊണ്ട് നാലു ധാമങ്ങളേയും കാണിച്ച് ഹരിദ്വാറില്‍ തിരിച്ചെത്തിച്ച ഹിമാലയന്‍ ടാക്സിഡ്രൈവര്‍.
താല വഴി ഉഘീമഠിലേയ്ക്കു പൊകുന്ന പാത.ഇടത്തുവശത്ത് മാടകടകള്‍ക്കും പുറകില്‍ കാടിന്റെ അവസാനം മാടകടകള്‍കകത്തുനിന്നും ദേവദാരു കത്തുന്ന ഗന്ധം. വലത്ത് കവാടത്തില്‍ തൂക്കിയിട്ടിരിക്കുന്ന മണികളില്‍ ഒന്നില്‍ ഒന്നടിച്ച് തുംഗനാഥനെ മനസ്സിലും വണങ്ങി ചൂരല്‍ വടി കുത്തിയും വലത്തുകാല് മുന്നോട്ട് ഒന്നു വെച്ചില്ല അതിനുമുമ്പ് മുഷിഞ്ഞ വേഷവും തൊപ്പിയും ധരിച്ച് കക്ഷത്തില്‍ പഴയ കാലങ്കുടയും ഇടുക്കി വൃദ്ധന് മുന്നില്‍ കയറി.
വലത്തുവശത്ത് തുറന്ന കടയുടെ അടുപ്പിനരികില്‍നിന്നും തീ ഊതികൊണ്ടിരുന്ന മറ്റൊരു വേഷം എഴുന്നേറ്റ് പുറത്തേക്കുവന്ന് ചുണ്ടിലിരുന്ന ബീഡി നിലത്തിട്ടു.
" റാം, റാം മംഗള്‍ജി" മുന്നില്‍ കയറിപോയ വൃദ്ധന് വേഷത്തോടു പറഞ്ഞു.
" റാം, റാം പണ്ഡിറ്റ്ജി, കയറിവരു ചായ കുടിച്ചിട്ട് പോകാം"
" വേണ്ട തിരിച്ചിറങ്ങുമ്പോളാകട്ടെ , ഇവര്‍ ദൂരദേശത്തുനിന്നാണെന്നു തോന്നുന്നു. വിശ്രമിക്കാന്‍ സൗകര്യം കൊടുക്കു"
വൃദ്ധന് നടപ്പുതുടര്‍ന്നു. കല്ലുപാകിയ വഴിയിലൂടെ മുകളിലേയ്ക്ക്. അതു നോക്കിനില്‍ക്കുന്നതിനിടയില്‍ കടയിലെ വേഷം അടുത്തുവന്നിട്ട് പറഞ്ഞു.
' വരൂ വരൂ"
മുകളിലേയ്ക്ക് നടന്ന വൃദ്ധന് എവിടെയോ മറഞ്ഞിരുന്നു.വീണ്ടും അങ്ങോട്ടുനോക്കിയപ്പൊള്‍ വേഷം പറഞ്ഞു
" അതാണ് മഹേഷ് ആനന്ദ് മൈഠാണി, തുംഗനാഥിലെ പ്രധാന പൂജാരി. "
" താങ്കളോ?"
" മംഗള്‍സിംഗ്, മംഗള്‍സിംഗ് നേഗി. ഇതു തന്നെ ദേശം. മഞ്ഞു വീണു തുടങ്ങുമ്പോള്‍ മഘൂമഠും" മംഗള്‍സിംഗ് ചിരിച്ചുകൊണ്ട് പറഞ്ഞു
ഹിമാലയന്‍ യാത്രയില്‍ പ്രസന്നനാണ് ഗുരു. പുറത്ത് മാറാപ്പും തൂക്കി അടുത്തുചെന്നപ്പോള്‍ കൂടുതല്‍ പ്രസന്നനായി പ്രസന്നന് പറഞ്ഞു." തുംഗനാഥത്തിലെ ശിവനും താഴെയാണ് ചോപ്ടയിലെ മംഗള്‍സിംഗ്. രണ്ടും ഒരു ദേവസ്വം തന്നെ. വംഗഭാഷയില്‍ അനേകം കീര്‍ത്തനങ്ങളും ശ്ലോകങ്ങളും ലേഖനങ്ങളും മംഗള്‍സിംഗിനെ സ്തുതിച്ചുണ്ടായിട്ടുണ്ട് മലയാളത്തില്‍ വരാനിരിക്കുന്നതേയുള്ളൂ. കണ്ടുവണങ്ങി ഒരു ചായ കുടിക്കണം ഒരു ദിവസം മംഗള്‍സിംഗിന്റെ അടുത്ത് തങ്ങിയാല്‍ അതും പുണ്യം"
പുറത്ത് തൂക്കിയിരുന്ന ബാഗ് എടുത്ത് ബഞ്ചിനടിയിലേക്ക് തിരുകിയപ്പോള്‍ നിറയെ കറുത്ത രോമങ്ങളുള്ള പട്ടി മുരടികൊണ്ട് ബഞ്ചിനടിയില്‍നിന്നും പുറത്തേക്കിറങ്ങിപോയി
" ഇവന്റെ ഒരു മുത്തച്ഛനാണ് പണ്ട് ധര്‍മ്മപുത്രര്‍ക്ക് കൂട്ടുപോയത്" അടുപ്പത്തിരുന്ന വാല്‍പാത്രത്തിലേക്ക് പഞ്ചസാരയും ഇഞ്ചിയും ഇടുന്നതിനിടയില്‍ മംഗള്‍സിംഗ് ചിരിച്ചുകൊണ്ട് പറഞ്ഞു.പിന്നെ ഒരു ബീഡികൂടെ ചുണ്ടത്തുവെച്ചു.
സ്റ്റീലുഗ്ലാസ്സില്‍ ചൂടുചായ ഊതികുടിക്കുന്നതിനിടയില്‍ പയ്യന് കുതിരയുമായി അടുത്തുവന്നു
" സാബ് കുതിര വേണോ?"
" വേണ്ട, ഭീം ഇവര്‍ നടന്നുകയറട്ടെ" മംഗള്‍സിംഗ് ഇടയ്ക്കുകയറി പറഞ്ഞു
ഒരു ചായ കൂടി ഊതികുടിച്ചിട്ട് എഴുനേറ്റപ്പോള്‍ അറ്റംകൂര്‍പ്പിച്ച ചൂരല്‍ വടികള്‍ ചൂണ്ടികാട്ടി മംഗള്‍സിംഗ് പറഞ്ഞു.
" ഹിമാലയം നടന്നുതന്നെ കാണണം"

(തുടരും)
Monday, September 14, 2009
ഗൃഹാതുരത്വം രണ്ടാം ഭാഗം
ആലിലകളില്‍ കാറ്റ് തിമര്‍ത്താടുകയാണ്. രാത്രിയാത്രയില്‍ നഷ്ടപ്പെട്ട ഉറക്കം കണ്പോളകളില് തലോടുന്നു. ഗോവിന്ദാമല കണ്ടുകൊണ്ട് ആല്‍ത്തറയില്‍ കിടന്നു. മലയുടെ മുകളില്‍നിന്നും മേഘങ്ങള്‍ ഉയര്‍ന്നുപോകുന്നു. മയക്കത്തിനും മുകളില്‍ ഓര്‍മ്മകള്‍ അവിടുന്നും ഉയര്‍ന്ന് ഉയര്‍ന്നുയര്‍ന്ന്
" സാറെന്താ ആലോചിക്കുന്നത്?"
കണ്ണേട്ടന്റെ കടയില്‍നിന്ന് കാപ്പികുടിച്ചിട്ട് തിരിച്ചുവന്ന പ്യൂണ്‍സ് മധുസൂദനന് പിള്ളൈ ചോദിച്ചു.
" ഞാന്‍ ഓര്‍മ്മകള്‍ അയവിറക്കുകയാണ്"
" എന്നിട്ട് അയവിറക്കുന്ന ശബ്ദമൊന്നും കേള്‍ക്കുന്നില്ലല്ലൊ?"
" വളരെ നിശബ്ദമായാണ് ഞാന്‍ ചവയ്ക്കുന്നത്. ഗോവിന്ദാമലയുടെ മുകളില്‍നിന്ന് ആകാശത്തിലേക്ക് ഉയരുന്ന മേഘങ്ങള്‍ കണ്ടോ? അതുപോലാണെന്റെ ഓര്‍മ്മകള്‍ ഉയര്‍ന്നുപോകുന്നത്. അതുമല്ലെങ്കില്‍ ഗോമുഖിലേയ്ക്കു പോകുവാന്‍ ഗംഗോത്രി ക്ഷേത്രത്തിനു മുന്നിലെ ഇടുങ്ങിയ ഗലിയില്‍ നിന്ന് വാങ്ങിയ അറ്റംകൂര്‍പ്പിച്ച ചൂരല്‍ വടിയില്‍ ഭാരമൂന്നി. ചോപ്ടയിലെ കവാടത്തില്‍ തൂക്കിയിട്ടിരിക്കുന്ന മണികളില്‍ ഒന്നടിച്ച് അങ്ങുമുകളിലിരിക്കുന്ന തുംഗനാഥനേയും വണങ്ങി.
" ബോലോ തുംഗനാഥ് കീ ജെയ്"
" അല്ല, ബോലോ മംഗള്‍സിംഗ് നേഗീ കീ ജെയ്, പ്യൂണ്‍സ് മധുസൂദനന് പിള്ളൈ, നീയും എന്റെ ഓര്‍മ്മകളോടൊപ്പം പോരുക"
" ശരി സാര്‍"

Sunday, September 13, 2009
ഗൃഹാതുരത്വം ഒന്നാംഭാഗം
മഴ.
ആലുകള്‍ നിവര്‍ത്തിവെച്ചിരുന്ന ഇലക്കുടകള്‍കിടയിലൂടെയും ആല്‍ത്തറകള്‍ നനഞ്ഞുകൊണ്ടിരുന്നു. തൊഴുത്തിലെ കന്നുകാലികള്‍ക്ക് വൈക്കോല്‍ ഇട്ടുകൊടുത്തിട്ട് അടുത്തുവന്ന് രാജേട്ടന് പറഞ്ഞു.
" ഇതിപ്പോള്‍ പെയ്തുമാറും"
മഴ ഒന്നു പെയ്തുമാറിയപ്പോള്‍ വരാന്തയില്‍നിന്നെഴുന്നേറ്റു. മുക്കില്‍ കണ്ണേട്ടന്റെ കടയില്‍നിന്ന് ഒരുകാപ്പി കുടിച്ചുകഴിഞ്ഞപ്പോള്‍ ഒരെണ്ണം കൂടെ കുടിക്കണമെന്നുതോന്നി.
" കണ്ണേട്ട, ഓറേക്ക് കാപ്പി, കടുപ്പത്തില്‍ മധുരം കമ്മി"
തിരിച്ച് നനഞ്ഞുകിടന്നിരുന്ന ആല്‍ത്തറയില്‍ ചെന്നിരുന്നു. ദൂരെ ഗോവിന്ദാമലയുടെ ശിരസ്സില്‍ മേഘങ്ങള്‍ കിരീടം ധരിപ്പിച്ചിരിക്കുന്നു. പിന്നെ ഇളകുന്ന ആലിലകളുടെ കാറ്റില്‍ അവിടുന്നും ഉയര്‍ന്ന് ആകാശത്തിലേക്ക്.
ഓര്‍മ്മകള്‍ കലങ്ങിയൊഴുകുന്നു. എവിടെവെച്ചാണ് ആകാശത്ത് നീന്തിതുടിച്ചുകൊണ്ടിരുന്ന മേഘകുഞ്ഞുങ്ങളെ കുനിഞ്ഞുനിന്ന് കൈകളില്‍ വാരിയെടുത്തത്?
ഗോവിന്ദാമലയുടെ മുകളില്‍നിന്നും മേഘങ്ങള്‍ പിന്നെയും ഉയര്‍ന്നുപോകുന്നുണ്ടായിരുന്നു. ആകാശത്തിലേക്ക്.
ആകാശം ആകാശ് ആകാശ്ഗംഗാ ആകാശ്ഗംഗാ റസ്റ്റോറന്റ്
ഓര്‍മ്മകളിലെ ഡയറിയില്‍ താളുകള്‍ മറിഞ്ഞുവരുന്നു
" വിക്രംസിങ്ങ്ജി ഓറേക്ക് ചായ്, ചീനി കം"
ചായ് ഊതി ഊതി കുടിക്കുമ്പോള്‍ വിക്രംസിംഗ് നേഗി കുനിഞ്ഞിരുന്ന് പുക പിടിച്ച പഴയ ട്രെങ്കുപെട്ടി തുറന്ന് എന്തോ പരതി. ഗ്ലാസ്സു തിരിച്ചുമേടിക്കുന്നതിനിടയില്‍ ഡയറി കയ്യില്‍തന്നിട്ട് വിക്രംസിംഗ് പറഞ്ഞു.
" സന്ദര്‍ശകരുടെ കുറിപ്പുകളാണ് "
ഒരു കാപ്സ്റ്റണ്‍ ഫില്‍റ്ററിന് തീയിട്ടുകൊണ്ട് ഡയറി അലക്ഷ്യമായി മറിച്ചുനോക്കി. എല്ലാം ഹിന്ദിയിലും ബംഗാളിയിലും എഴുതിയ കുറിപ്പുകള്‍. പെട്ടന്നാണ് സിഗര്‍ട്ടിന്റെ പുകയ്കിടയിലൂടെ അതുകണ്ടത്.
" തുംഗനാഥ്, ഭൂമിയിലെ ഈ സ്വര്‍ഗ്ഗത്തില്‍ വരാന്‍ സാധിച്ചത് എന്റെ പുണ്യം. രാജന് കോട്ടയം
കുറിപ്പിലെ തീയതിയും ഭിത്തിയില്‍ തൂങ്ങിക്കിടന്ന കലണ്ടറിലും നോക്കി. പിന്നെ സുഹൃത്തായ രാജന് എഴുതിയതിനും താഴെയായി എഴുതി.
" കഴിഞ്ഞവര്‍ഷം സുഹൃത്ത് രാജന് ഇവിടെ, ഈ ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ എത്തിയ ദിവസം തന്നെയാണ് ഞങ്ങളും എത്തിയിരിക്കുന്നത്. "
പിന്നെ തുംഗനാഥിലെ തണുപ്പിലേക്ക് വിറച്ചുകൊണ്ടിറങ്ങി. കൂടെയുണ്ടായിരുന്ന ചിലര്‍ ചന്ദ്രശിലയിലേക്കുള്ള ഒറ്റയടിപാത അണച്ചും കിതച്ചും കേറികൊണ്ടിരുന്നപ്പോള്‍ അങ്ങുതാഴെ മേഘങ്ങളില്‍ ഒളിച്ചുകളിച്ചുകൊണ്ടിരുന്ന പൈന്മരകാടുകളും അതിനുമപ്പുറം ഏതോ ഒരു പര്‍വ്വതനിരയും അതിനുമപ്പുറം മറ്റൊന്നിന്റെ മഞ്ഞുമൂടിയ ശിരസ്സും നോക്കിനില്‍ക്കുന്നതിനിടയില്‍ അടുത്തുനിന്നിരുന്ന ബിജുവിനോട് പറഞ്ഞു
" അനിയാ, ചന്ദ്രശില ഒരു കടമായി കിടക്കട്ടെ, അടുത്തകൊല്ലവും വരാന്‍ എന്തെങ്കിലും ബാക്കിവേണ്ടെ"
തുംഗനാഥ് ക്ഷേത്രത്തില്‍നിന്ന് ചോപ്ടയിലേക്കുള്ള കല്ലുപാകിയ നടപ്പാതയിലൂടെ തിരിച്ചിറങ്ങുന്നതിനുമുമ്പ് രാജന് തന്നുവിട്ട പൊതി വിക്രംസിംഗ് നേഗിയുടെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു
" രാജന് തന്നുവിട്ടതാണ് കിശോറിനു കൊടുക്കണം, ഇറങ്ങട്ടെ പിന്നെക്കാണാം"
" തീര്‍ച്ചയായും, അടുത്തകൊല്ലം "
പുകയിലക്കറ പിടിച്ച പല്ലുകള്‍ പുറത്തുകാട്ടി വിക്രംസിംഗ് നേഗി പറഞ്ഞു

Wednesday, June 17, 2009
അബ്നോര്‍മല്‍ ആനപ്രേമിക്കള്‍കായി പ്രത്യേകം തയ്യാറാക്കിയ ഒരു കഥ
ജടയില്‍നിന്ന് ഊര്‍ന്നിറങ്ങി, ഭഗീരഥിയായും അളകനന്ദയായും മന്ദാകിനിയായും ഒഴുകുന്ന ഗംഗയേപോലെ
സ്തുതി കാതുകളിലേക്ക് ഒഴുകിയെത്തികൊണ്ടിരുന്നു. മയക്കത്തിലേക്ക് തെന്നിവീഴുന്നതിനിടയില്‍, ഒഴുക്ക് എവിടെയോ തട്ടിനിന്നപോലെ.
ജീപ്പില്‍ വെച്ചുകെട്ടിയിരുന്ന കോളാമ്പി പറഞ്ഞു.
" പരേതന്റെ മയ്യത്തുനമസ്കാരം"
കോളാമ്പി മയ്യത്തുസംസാരവുമായി കൂട്ടിലങ്ങാടിയിലേക്ക് നീങ്ങികൊണ്ടിരുന്നു.
മയ്യത്ത്
ശിവസ്തുതി ഒഴുകുവരുന്നുണ്ടായിരുന്നു. എങ്കിലും ചിന്ത വഴുതിമാറിപോയി. അതിരാവിലെയുടെ ഇരുട്ടിലും മഴയുടെ തണുപ്പിലും ചിന്തകളില്‍ മയ്യത്തിന്റെ തണുപ്പ് അരിച്ചുകയറി.
രുദ്രപ്രയാഗിലെക്കുള്ള അവസാനത്തെ വളവില്‍ വഴിയരികില്‍ മൂടികെട്ടിവെച്ചിരുന്നത്, ഹരി കി പൗറിയില്‍ നദിയുടെ കല്പടവില് നദിയിലേക്ക് വലിച്ചെറിയപ്പെടാനുള്ള ഊഴവും കാത്തുകിടന്നത്, തിരുനക്കര അമ്പലക്കുളത്തില്‍ മുങ്ങിക്കുളിക്കാന്‍ ഇറങ്ങിയിട്ട് പൊങ്ങാതെ പിന്നീട് പൊങ്ങിയ മാലയിട്ട അയ്യപ്പന്റെ, പൊണ്ടാട്ടി ചുട്ടുകൊന്നു എന്ന് മരണക്കുറിപ്പെഴുതിവെച്ചിട്ട് തലവഴി മണ്ണെണ്ണയും ഒഴിച്ച് ബീഡിയും വലിച്ച് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ പോയികിടന്ന പട്ടാളത്തിലെ കുശിനിക്കാരന്റെയും..
മയ്യത്തുകള്‍ കൊടിയും പിടിച്ച് ജാഥയായി ചിന്തകളില്‍ കൂടി കടന്നുപോയപ്പോള്‍ യക്ഷന്റെ ചോദ്യവും അഗ്രജന്റെ ഉത്തരവുമാണ് മനസ്സില്‍ വന്നത്.
ഒരുനിമിഷം. ഇതിനകത്തുള്ളയാളും സ്ഥലം വിടുകയില്ലെ.?
ഒരസ്വസ്ഥത. തലവഴി മൂടിയിട്ടിരുന്ന മുണ്ട് കഴുത്തിലേക്ക് മാറ്റി. പാലക്കാട്ടേക്ക് ഒന്നു വിളിക്കണമെന്ന് തോന്നി. പിന്നെ വിളിക്കാന്‍ പറ്റിയില്ലെങ്കിലൊ? ലൈറ്റിടാതെ തന്നെ ഫോണ്‍ തപ്പിയെടുത്ത് അവള് എന്ന നമ്പറിലേക്ക് ഡയല് ചെയ്തു
" ശ്രീ വെങ്കിടേശ്വര സുപ്രഭാതം തന്നെ, എന്താ ഇത്തരം കുരുത്തംകെട്ട പ്രഭാതത്തില്‍?"
അടുക്കളയിലെ പശ്ചാത്തല സംഗീതത്തിനിടയില്‍ അവള് ചോദിച്ചു
" മനസ് അസ്വസ്ഥമാണ് അതുകൊണ്ടുവിളിച്ചതാണ്"
" മുറിയിലെ ലൈറ്റിട്ടിട്ട് ഗോപാലന് നായരുടെ താടി ഒന്നു വായിച്ചാല്‍മതി. അതില്‍ മനസ് അലക്കിയെടുക്കുന്ന ഒരു വാഷിംഗ് മെഷീനുണ്ട് " അവള് പരിഹസിച്ചുകൊണ്ടു പറഞ്ഞു.
" അതല്ല, ഞാന്‍ മയ്യത്താകുമ്പോള്‍ "
മുഴുവന്‍ പറയാന്‍ അവള് അനുവദിച്ചില്ല. " നിങ്ങള്‍ മയ്യത്താകില്ല" അവള് തറപ്പിച്ചു പറഞ്ഞു
" മയ്യത്താകില്ലെന്നൊ?" അവള് എന്താ അങ്ങിനെ പറഞ്ഞതെന്നു മനസ്സിലായില്ല. സ്നേഹമെങ്ങാനും കൂടീട്ട് ഭ്രാന്തായിട്ടാണ് അങ്ങിനെ പറഞ്ഞതെങ്കില്‍ മനസിലാക്കാമായിരുന്നു.
" അതെന്താ ഞാന്‍ മയ്യത്താകാത്തത്? ഞാനെന്നാ ഹനുമാനേപോലെയാണോ?"
" ഹനുമാനേപോലെതന്നെയാണേയ്, പക്ഷെ സൂപ്പര്‍സ്റ്റാര്‍ ചിരംജീവിയൊന്നുമല്ല"
" പിന്നെന്താ ഞാന്‍ മയ്യത്താകാത്തത്?" അവള് ഒരു ജന്മാവകാശത്തെ ചോദ്യം ചെയ്യുന്നതുപോലെ തോന്നി.
" നിങ്ങള്‍ മയ്യത്താകുകേലന്നല്ലെ ഞാന്‍ പറഞ്ഞുള്ളു. നിങ്ങള്‍ മരിക്കുകേയുള്ളൂ. കുറച്ചൂടെ കൂടിയ ഇനമായിരുന്നെങ്കില്‍ അന്തരിച്ചേനെ. വേറേയും വകുപ്പുകളുണ്ട്. പരലോകം പൂകാം തീപ്പെടാം ഇഹലോകവാസം വെടിയാം പക്ഷെ അതിനൊക്കെ വേറെ ടെസ്റ്റുകള്‍ പാസാകണം. ശവം ജഡവും മൃതദേഹവും ഭൗതികശരീരവുമൊക്കെ ആകുന്നതും അങ്ങിനൊക്കെത്തന്നെ"
" എന്തെങ്കിലുമായിക്കോട്ടെ ഞാനൊന്നു മുഴുവന്‍ പറഞ്ഞോട്ടെ"
" പറഞ്ഞാട്ടെ"
" അതേയ്, ഞാന്‍ ഒരാനപ്രേമിയാണെന്നും, അവരുടെ പുറകേ നടക്കുന്നവനും അതില്‍ പലരുടേയും കൂടെ ഒരേ ബഞ്ചിലിരുന്ന് വിദ്യ അഭ്യസിച്ചിട്ടുണ്ടെന്നും നിനക്കറിയാമല്ലൊ?"
" അറിയാം അതാണെന്റെ വിധി എന്നുമറിയാം"
" അതല്ല, നുമ്പേ പറഞ്ഞപോലെ ഞാന്‍ ഏതെങ്കിലുമാകുമ്പോള്‍ പത്രത്തില്‍ വാര്‍ത്ത വാര്‍ദ്ധക്യസഹജമായ എരണ്ടക്കെട്ടുമൂലം ചെരിഞ്ഞു എന്നേ കൊടുക്കാവൂ. പിന്നെ മാവിന്റെ കൊമ്പൊന്നും ഇറക്കുകേമരുത്. കിഴക്ക് കാഞ്ഞിരപ്പള്ളിയില്‍ ഒരു സ്ഥലമുണ്ട് അങ്ങോട്ട് ലോറിയില്‍ കേറ്റിവിട്ടാല്‍മതി, അതുപറയാനാണ് ഇത്തരം കുരുത്തംകെട്ട പ്രഭാതത്തില്‍ വിളിച്ചത്."
അല്പനേരത്തെ മൗനത്തിനു ശേഷം അവള് ചോദിച്ചു. " പത്രക്കാര് എന്തുവാര്‍ത്തയും ഇടും ആള്‍ക്കാരു വായിക്കുകയും ചെയ്യും. പക്ഷെ ഇങ്ങിനെ ഒരു വാര്‍ത്ത കൊടുത്താല്‍ ആരെങ്കിലും എന്നെ തല്ലികൊല്ലില്ലേ?"
" അതില്ല, നിന്നെ മയക്കുവെടിവെച്ച് തളക്കുകേയുള്ളൂ" ലോറിയില്‍ കിടന്ന് കാഞ്ഞിരപ്പള്ളിക്ക് പോകുന്നതോര്‍ത്തോണ്ട് അവളോട് പറഞ്ഞു.
" ശരി, ശരി, എങ്കില്‍ ചെരിഞ്ഞുകഴിഞ്ഞ് അറിയിച്ചാല്‍ മതി. പറഞ്ഞതുപോലൊക്കെ ചെയ്തേക്കാം."
മറുതലയ്ക്കല്‍ എന്തോ ശബ്ദം കേട്ടപ്പോള്‍ ഫോണ്‍ വലിച്ചെറിഞ്ഞിട്ട് അവള് അവളുടെ പാട്ടിനുപോയി എന്നുമനസ്സിലായി. കാര്യങ്ങള്‍ക്കെല്ലാം ഒരു തീരുമാനമാക്കിയതുകൊണ്ട് വീണ്ടും തലവഴി മുണ്ടിട്ട് ചുരുണ്ടുകൂടി
എത്രനേരം ഉറങ്ങി എന്നറിയാന്മേല. ഫോണടിച്ചപ്പോളാണ് ഉണര്‍ന്നത്. എടുത്തപ്പോള്‍ മറുതലയ്ക്കല്‍ അവള് ചിന്നം വിളിച്ചു. " ഒരു സംശയം ചോദിക്കാന്‍ വിളിച്ചതാണേയ്"
" ചെരിഞ്ഞോന്നാണോ?"
" അല്ല അബ്നോര്‍മലായി ചിന്തിക്കുന്നവരെ സമൂഹം എന്താ വിളിക്കുക?"
" ജീനിയസ്"
" ശരിക്കും തെറ്റായ ഉത്തരം, " ചിരിച്ചുകൊണ്ട് അവള് പറഞ്ഞു " പിന്നെ വൈകിട്ട് ഇതിലേ വരണം ഡോക്ടറുടെ അടുത്ത് അപ്പോയിന്റ്മന്റ് ഫിക്സ് ചെയ്തിട്ടുണ്ട് . അതുപറയാനാണ് ഇപ്പോള്‍ വിളിച്ചത്"
മറുതലയ്ക്കല്‍ എന്തോ താഴെവീഴുന്ന ശബ്ദം കേട്ടു.
Wednesday, May 6, 2009
ആശിക്കുന്നവന്റെ കുമ്പസാരം
എങ്കിലും ആശയ്ക്ക് ഉലകിതില്‍ അളവുണ്ടാമോ?
ഒരു ലിറ്റര്‍, അഞ്ഞൂറു ഗിരാം , അതുമല്ലെങ്കില്‍ ഒരു കുപ്പിയോ ചാക്കോ എന്നൊക്കെ
ആ ആശയാണിപ്പോള്‍.
ഒന്നു മാനാ വരെ നടക്കാന്‍ അതുമല്ലെങ്കില്‍ ചോപ്ടയില്‍ മംഗള്‍ സിംഗ് നേഗിയുടെ കടയില്‍ അടുപ്പിനകത്തേയ്ക്ക് കേറിയിരുന്ന് ആവി പറക്കുന്ന ഒരു ചായ മോന്തി കുടിക്കാന്‍ അതുമല്ലെങ്കില്‍ തുംഗനാഥില്‍നിന്ന് ചന്ദ്രശിലയിലേയ്ക്ക് അണച്ചും കിതച്ചും കേറാന്‍
ബോലോ തുംഗനാഥ് കീ ജെയ്
പിന്നെയുമുണ്ടല്ലൊ
അങ്ങു മഞ്ഞുമലയിലെ ദൈവോന്മാരും ദിവ്യന്മാരും അനുവദിക്കണേ എന്ന പ്രാര്‍ത്ഥനയോടെ ഒന്നാശിക്കട്ടെ

Thursday, April 23, 2009
ഗജേന്ദ്രമൊക്ഷം നാലാമദ്ധ്യായം
ഒന്നാമദ്ധ്യായത്തില്‍ വാര്യര്‍ കല്ലുവെട്ടാംകുഴിയില്‍നിന്ന് വലിച്ചുകയറ്റിയ ആന രണ്ടാമദ്ധ്യായത്തില്‍ അപ്രത്യക്ഷനായി.സ്വതേ മൂഡ്ഡനായ വാര്യര്‍ ആന അപ്രത്യക്ഷനായതോടെ ഇതികര്‍ത്തവ്യതാമൂഡ്ഡനുമായി. പക്ഷേ മൂന്നാമദ്ധ്യായത്തില്‍ കാര്യങ്ങളെല്ലാം പാടേ മറിഞ്ഞു. ആന രായ്ക്കുരാമാനം തൊഴുത്തില്‍നിന്ന് കയറുപൊട്ടിച്ചിട്ട് ഇല്ലാത്തപുരമ്പറ്റ ഭഗവതിക്ഷേത്രത്തില്‍ ചെന്നുചേര്‍ന്നതും സ്വീകരണം ഏറ്റുവാങ്ങിയതുമെല്ലാം നാട്ടുപത്രത്തില്‍നിന്ന് വായിച്ചുകേട്ടറിഞ്ഞ വാര്യര്‍ സന്തോഷം സഹിക്കാനാവാതെ വീണ്ടും ഇതികര്‍ത്തവ്യതാമൂഡ്ഡനായി ഉള്ള ബോധം കൂടെ നഷ്ടപെട്ട് പുല്‍പായിലേയ്ക്ക് മറിഞ്ഞു.
തുടര്‍ന്നു വായിക്കുക
ലോറിയിലെ നീണ്ടയാത്രയും, മണിക്കൂറുകള്‍ നീണ്ട എഴുന്നള്ളത്തും കഴിഞ്ഞ് കോലം താഴെയിറക്കി നെറ്റിപ്പട്ടവും അഴിച്ച് ആനയേ മതില്കകത്ത് തളച്ചപ്പോളാണ് ഗോവിന്ദന്പാപ്പാന് ശ്വാസം നേരേവീണത്. കാര്യം കഥയിലാണെങ്കിലും ആന ഇടഞ്ഞാല്‍ നാടകം മുഴുവനും പൊളിയുമല്ലൊ. പോരാത്തതിന് എഴുന്നള്ളത്ത് കഥാപാത്രത്തിന് പരിചയമില്ലാത്ത ഫീല്‍ഡും
രണ്ട് പനമ്പട്ട ആനയുടെ മുന്നിലേയ്ക്ക് വലിച്ചിട്ടിട്ട് പാപ്പാന് മതിലില്‍ ചാരിയിരുന്നു. മടിക്കുത്തില്‍നിന്ന് ഒരു ബീഡിയെടുത്ത് കത്തിച്ചിട്ട് ചിന്തിച്ചു. പനമ്പട്ടയുടെ കാര്യത്തില്‍ ഭാരവാഹിയുമായി വാക്കാല്‍ ഉടമ്പടി ഒപ്പിട്ടതുകൊണ്ട് മൃഗം പട്ടിണികിടക്കില്ല. ഇനി മനുഷ്യനുള്ള വെറുമ്പട്ട എപ്പോളാണോ കിട്ടുന്നത്?
ഒരു പട്ട
തുമ്പിക്കരംകൊണ്ട് വാരിയെടുത്തിട്ട്
അംബരമുറ്റത്തില്‍ വീശിയെറിഞ്ഞിട്ട്
പിന്നോട്ടുനന്നായ് കശക്കിയെറിഞ്ഞിട്ട്
പാര്‍ശ്വങ്ങള്‍ രണ്ടിലും അമ്മാനമാടീട്ട്
മുന്‍ കാലിന്റെ അടിയിലേയ്ക്ക് വെയ്ക്കുമ്പോള്‍ ആന വിചാരിച്ചു
എന്ന് ആര് ആരോടാണ് പറഞ്ഞത്?"
പട്ട രണ്ടായി ചവിട്ട് ഒടിച്ചിട്ട് പറ്റിപിടിച്ചിരുന്ന മണ്ണ് ദേഹത്ത് തട്ടി കുടഞ്ഞുകളഞ്ഞ് വായിലേക്ക് വെക്കുന്നതിനിടയില്‍ ആന വീണ്ടും വിചാരിച്ചു
" പത്താംതരത്തില്‍ അഭ്യസിച്ചിരുന്നെങ്കില്‍ ആര് ആരോടാണ് പറഞ്ഞതെന്ന് സന്ദര്‍ഭവും സ്വാരസ്യവും വിശദമാക്കി ഓര്‍ത്തെടുക്കാമായിരുന്നു"
മതിലില്‍ ചാരിയിരുന്ന്, ബീഡി വലിച്ച് ഗോവിന്ദന്പാപ്പാന്, പനമ്പട്ട ചിട്ടയോടെ തിന്നുന്ന ആനയേത്തന്നെ നോക്കിയിരുന്നു. നോക്കിയിരുന്നപ്പോള്‍ വെറുമ്പട്ടയേക്കുറിച്ചോര്‍ത്തേയില്ല.പേര്‍ത്തും പേര്‍ത്തും നോക്കിയിരുന്നപ്പോള്‍ കേളുനായര്‍ പാപ്പാനു കാണുംതോറും കൗതുകം എന്ന ന്യായമനുസരിച്ച്, കഥയിലാണെങ്കിലും ഉള്ളിന്റെയുള്ളില്‍ വാത്സല്ല്യം നുരഞ്ഞുപൊന്തുന്നതായിട്ട് ഗോവിന്ദന് പാപ്പാനു മനസ്സിലായി.
" ആനേ" പാപ്പാന് വാത്സല്ല്യത്തോടെ നീട്ടിവിളിച്ചു. ആന പട്ട നിലത്തിട്ടിട്ട് ചെവി വട്ടം പിടിച്ചപ്പോള്‍ പാപ്പാന് ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് നെഞ്ചത്ത് കൈവെച്ച് നാലമ്പലത്തിനുള്ളിലേയ്ക്ക് നോക്കികൊണ്ട് പറഞ്ഞു.
" അമ്മേ മഹാമായേ ഈ നാല്ക്കാലിയേയും ഇരുകാലിയേയും പരമ്പര തീരുന്നതുവരെയെങ്കിലും കാത്തുകൊള്ളണേ, അമ്മെ ഭഗവതി"
പിന്നെ നാലമ്പലത്തിനുമുന്നില്‍ ഭസ്മത്തട്ടത്തില്‍നിന്ന് ഒരുപിടി വാരിയെടുത്ത് കുറച്ച് വെള്ളത്തില്‍ ചാലിച്ച് നാല്കാലിയുടെ മസ്തകത്തില്‍ തൊടീക്കുമ്പോള്‍ പാപ്പാന് ഓര്‍ത്തു.
" ആരും കണ്ണുവെയ്ക്കാതിരിക്കാന്‍ ഒരു ബ്യൂട്ടിസ്പോട്ട് ഇരിക്കട്ടെ"
വീണ്ടും മതിലില്‍ചാരിയിരുന്ന് ഒരുബീഡി കൂടി കത്തിച്ച് പുക അകത്തേയ്ക്കും പുറത്തേക്കും വിടുമ്പോള്‍ ചില മഹാത്മാക്കളേക്കുറിച്ചാണ് പാപ്പാന് ഓര്‍ത്തത്. കോന്നിയില്‍ കൊച്ചയ്യപ്പന്, വൈക്കത്ത് തിരുനീലാണ്ടന്‍, കൊട്ടാരക്കര ചന്ദ്രശേഖരന്, തിരുവട്ടാറ്റ് ആദികേശവന്.
" ദൈവമേ, കൊട്ടാരത്തില്‍ വേണ്ട ഒരു കുടിലില്‍ ശങ്കുണ്ണിയെങ്കിലും ഇവനേക്കുറിച്ച് ഇതുപോലൊരാന ഇതുവരെ ഉണ്ടായിട്ടുമില്ല ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല, എന്നെഴുതുമോ?"
" നെട്ടൂപെട്ടിയില്‍നിന്ന് രണ്ടുമൂന്ന് കടലാസ്സുകൂടി കീറിയെടുത്ത്, നാടകത്തിന് രണ്ടുമൂന്ന് രംഗങ്ങള്‍ കൂടെ കൂട്ടിയാല്‍മതി, കൊട്ടാരവും,കുടിലും ഇല്ലെങ്കിലും ഒരു ബംഗ്ലാവില്‍ ശങ്കുണ്ണിയെങ്കിലും അങ്ങിനെ എഴുതിക്കോളും"
ശബ്ദം കേട്ട ഭാഗത്തേക്ക് ഗോവിന്ദന് പാപ്പാന് നോക്കി. അപ്പോള്‍ ചിരിച്ചീടിന മദ്ധ്യേ അടുത്തുചെന്നിട്ട് ബാലകന് ചോദിച്ചു. " അതൊക്കെ പോകട്ടെ ഗോവിന്ദേട്ടാ, കഥയില്‍ ഈ ആന ഒറ്റച്ചട്ടമാണോ?
പാപ്പാന് ബാലകന്റെ മുഖത്തുനോക്കി. കഥയെല്ലാമറിയാവുന്നവന്‍ എന്നുകണ്ടപ്പോള്‍, എഴുന്നേറ്റ് മടക്കികുത്തിയിരുന്ന മുണ്ട് അഴിച്ചിട്ട്, നടയ്ക്കലേക്ക് നോക്കിവിളിച്ചു.
" അമ്മേ, മഹാമായേ"
പിന്നെ ബാലകന്റെ കയ്യിലിരുന്ന വെറ്റിലയും പാക്കും വെള്ളിരൂപയും വലതുകയ്യില്‍ മേടിച്ചിട്ട് അവന്റെ കയ്യിലേയ്ക്ക് തോട്ടിയും കോലും വെച്ചുകൊടുത്തിട്ട് പറഞ്ഞു.
" ഈ നിമിഷം വരെ ഒറ്റച്ചട്ടമായിരുന്നു. ഇനിമുതല്‍ നീ വേണം ഇവനു പട്ടവെട്ടാനും തണുപ്പിക്കാനും വക്ക കെട്ടാനും."
" പനമ്പട്ട ആവശ്യത്തിന് വെട്ടിക്കഴിഞ്ഞു. ഇനി വെറുമ്പട്ട ആവശ്യത്തിന് ഒഴിക്കണ്ടേ? ദേ ആള് എത്തിക്കഴിഞ്ഞു."
അപ്പോള്‍ ആശാനേന്ന് നീട്ടിവിളിച്ചുകൊണ്ട് ഉത്സവക്കമ്മിറ്റി ആഫീസില്‍നിന്ന് ഭാരവാഹി അവരുടെ അടുത്തേയ്ക്ക് വരുന്നുണ്ടായിരുന്നു
(തുടരും)

Tuesday, April 14, 2009
തിരഞ്ഞെടുപ്പു മാമാങ്കം
വൈസ് വേഴ്സ എന്നടിച്ചപ്പോളാണ് പണ്ടെഴുതിയ ഒരു മഹാകാവ്യം മനസ്സില്‍ വന്നത്.ദാ ഇപ്പം .ഗജേന്ദ്രമോക്ഷം നാലാം ഭാഗം കുടിശ്ശികയാണ് . ബാങ്കീന്നൊക്കെ കുടിശ്ശിക തീര്‍ക്കാന്‍ വിളിയും വരുന്നുണ്ട്. ബാങ്കുവിളി. അതിനുപകരം വൈസ് വേഴ്സ എന്ന മഹാകാവ്യം എഴുതിയിടാം .തിരഞ്ഞെടുപ്പു ഡ്യൂട്ടി കഴിയുന്നതുവരെ. എവിടെയാണോ ആര് സ്കറിയാ എന്നുവെച്ചാല്‍ ആര്‍ക്കറിയാം പതിനാറാം തീയതി ഡ്യൂട്ടി കഴിഞ്ഞ് അവശനായി ഇരിക്കുന്ന തേവരുടാനയുടെ ഒരു ചിത്രവും ( ചിത്രകാരന്റെ കണ്ണില്‍ എന്നുപറയേണ്ടതില്ലല്ലൊ)
വൈസ് വേഴ്സ ഒരു മഹാകാവ്യം

Sunday, April 12, 2009
വിഷുക്കണി
+copy.jpg)
Saturday, April 4, 2009
ഗജേന്ദ്രമോക്ഷം മൂന്നാമദ്ധ്യായം
അതിരാവിലെ പശുവിനെ കറക്കാന്‍ ചെന്നപ്പോളാണ് ഒന്നാമദ്ധ്യായത്തില്‍ കല്ലുവെട്ടാങ്കുഴിയില്‍ കിടന്നുകിട്ടിയ ആന തൊഴുത്തില്‍നിന്ന് അപ്രത്യക്ഷനായി എന്ന് വാര്യര്‍ അറിഞ്ഞത്. കുഴിയില്‍നിന്ന് കിട്ടിയ ആനയേ നാട്ടാന ആക്കാനും നാട്ടാനപരിപാലന നിയമപ്രകാരം അതിനെ പരിപാലിക്കാനും പത്തുപറക്കണ്ടത്തിന്റെ കടലാസ് കീറി പാപ്പാന് ഗോവിന്ദന്റെ കയ്യില്‍കൊടുത്തത് അപ്പോളാണ് ഓര്‍ത്തത്. നെട്ടൂപെട്ടിയിലിരുന്ന ആ കണ്ടം നഷ്ടപ്പെട്ടു എന്നു കരുതി വാര്യര്‍ക്ക് ആധിയായി. ഇക്കാണുന്നതൊന്നും സത്യമല്ലെന്നും എല്ലാം ഭഗവാന്റെ ലീലകളാണെന്നും ഭാര്യയും മാരാരും പറഞ്ഞിട്ടും അതു മനസ്സിലാക്കാനുള്ള ബുദ്ധിയും വാര്യര്‍ക്കില്ലാതെപോയി. ഉച്ചയ്ക്ക് ആധിമൂത്ത് ഉറങ്ങാന്‍ കിടന്ന വാര്യര്‍ ചൂടുവാര്‍ത്ത ചൂടുവാര്‍ത്ത എന്നുകേട്ട് ഞെട്ടി ഉണര്‍ന്നു.
തുടര്‍ന്ന് വായിക്കുക
ഉറക്കം ശരിക്കുമങ്ങോട്ടു വിട്ടുമാറാത്ത വാര്യരെ ഒന്നുകൂടെ കുലുക്കിവിളിച്ചിട്ട് ഭാര്യ പറഞ്ഞു.
" ചൂടുവാര്‍ത്ത, ചൂടുവാര്‍ത്ത, ദേ നിങ്ങളീ നാട്ടുപത്രത്തിലെ ചൂടുവാര്‍ത്ത കണ്ടോ?"
" തലയ്ക്ക് തീപിടിച്ചിരിക്കുമ്പോളാ ചൂടുവാര്‍ത്ത" തിരിഞ്ഞുകിടക്കുന്നതിനിടയില്‍ വാര്യര്‍ പറഞ്ഞു.
" അതല്ലന്നേ, നിങ്ങളിതൊന്ന് വായിച്ചേ"
"പത്തുപറക്കണ്ടം പോയതോര്‍ത്ത് കരഞ്ഞുകരഞ്ഞ് എന്റെ കണ്ണ് കലങ്ങിയിരിക്കുവാ ഒരക്ഷരം തിരിയുകേലാ നീ തന്നെ വായിച്ചോ"
ആധിമൂത്ത് രക്തസമ്മര്‍ദ്ദം കൂടിയിരിക്കുന്നതുകൊണ്ടും പണ്ടേതോ നിലത്തെഴുത്തുകളരിയില്‍ ശരീരത്തിന്റെ ബാലന്‍സ് കാത്തുസൂക്ഷിക്കുന്നത് ചെവിയാണെന്ന് വായിച്ചെഴുതിയിട്ടുള്ളതുകൊണ്ടും വാര്യരുടെ ചെവിയും അടഞ്ഞിരിക്കുകയായിരുന്നു.
" നീ വായിച്ചോ, പക്ഷെ സ്പുടമായും അക്ഷരതെറ്റില്ലാതെയും വേണം വായിക്കാന്‍ എന്റെ ചെവി അടഞ്ഞിരിക്കുകാണേ"
ഭാര്യ നാട്ടുപത്രം കയ്യിലെടുത്തു. പിന്നെ സ്പുടമായും അക്ഷരതെറ്റില്ലാതെയും വായിച്ചുതുടങ്ങി
വെണ്ടയ്ക്ക അക്ഷരത്തില്‍ വലിയ തലക്കെട്ട്
" ആനയ്ക്ക് സ്വീകരണം നല്കി"
ഇല്ലാത്തപുരമ്പറ്റ.പാലക്കാട്ജില്ല- ഇല്ലാത്തപുരമ്പറ്റ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളത്തിന് പാപ്പാന്റെ സഹായം കൂടാതെ സ്വയം നടന്ന് എത്തിയ ആനയ്ക്ക് സ്വീകരണം നല്കി. രണ്ടായിരത്തോളം കൊല്ലം പഴക്കമുള്ള ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഒരാന സ്വയം നടന്ന് എഴുന്നള്ളത്തിന്ക്ഷേത്രത്തിലെത്തുന്നത്. ഇക്കാലമത്രയും പാപ്പാന്മാരും ആന ഇടനിലക്കാരും കൂടി ഏതെങ്കിലും ഒരാനയെ കെട്ടിവലിച്ച് ഉത്സവത്തിന് എത്തിക്കാറായിരുന്നു പതിവ് പക്ഷെ ഇക്കൊല്ലം തെക്കോട്ടും പൂരങ്ങള്‍ തുടങ്ങിയതുകൊണ്ട് എഴുന്നള്ളത്തിന് ഒരാനയേയും കിട്ടാതെ ഉത്സവം മുടങ്ങുമൊ എന്നു ദു:ഖിച്ചിരിക്കുകയായിരുന്നു ഭക്തജനങ്ങളും നാട്ടുകാരും ഉത്സവക്കമ്മിറ്റി ഭാരവാഹികളും. നടയ്ക്കല്‍ കിട്ടുന്ന കാണിക്ക കുറയുമല്ലൊ എന്ന ദു:ഖം പൂജാരിക്കുമുണ്ടായിരുന്നു. അപ്പോളാണ് എവിടെ നിന്നാണെന്ന് പോലുമറിയാതെ ആരോടും പറയാതെയും ഒരാന സ്വയം നടന്ന് എഴുന്നള്ളത്തിനുള്ള സമയത്തുതന്നെ ക്ഷേത്രത്തിലെത്തിയത് . ഉത്സവം മുടങ്ങാതിരിക്കാന്‍ ഭഗവതി തന്നെ എത്തിച്ചതാണ് ആനയേ എന്നാണ് കോമരം തുള്ളിക്കൊണ്ട് പറഞ്ഞത്.സന്തുഷ്ടരായ ഭക്തജനങ്ങളും നാട്ടുകാരും കമ്മിറ്റിക്കാരും ചേര്‍ന്ന് കയ്യോടെ ആനയേപിടിച്ച് ഒരു സ്വീകരണം നല്കി.മേലില്‍ ഈ ഉത്സവക്കമ്മിറ്റികാരുള്ളടത്തോളം കാലം ഈ ആനയേതന്നെ വരുന്നകൊല്ലങ്ങളിലും എഴുന്നള്ളിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ട്.ഉത്സവസമാപനദിവസം ഒരു ഗജരാജപട്ടവും കേരളപുരത്ത് ഉണ്ണിക്കൃഷ്ണവാര്യരുടെ ഉടമസ്ഥതയിലുള്ള ഗോവിന്ദന് എന്ന ഈ ആനയ്ക്ക് സമ്മാനിക്കുവാനും തീരുമാനമായിട്ടുണ്ട്"
വാര്‍ത്ത വായിച്ചുകഴിഞ്ഞപ്പോള്‍ വാര്യര്‍ ചാടിയെഴുന്നേറ്റു.പത്രം തട്ടിപ്പറിച്ച് വാര്‍ത്തയിലേയ്ക്ക് സൂക്ഷിച്ചുനോക്കി
" ഹെന്റെ ഗോവിന്ദാ"
" പാപ്പാനേയായിരിക്കും വിളിച്ചത്?"ഭാര്യ ചോദിച്ചു " നമ്മാള്‍ എന്റെ ഗോവിന്ദാന്ന് പാപ്പാനെ കരുതിവിളിച്ചാലും ഭഗവാന് വിചാരിച്ചോളും അത് ഭഗവാനെ വിളിച്ചതായിരിക്കുമെന്ന്" അവള് തുടര്‍ന്ന് പറഞ്ഞു
വാര്യര്‍ ഒന്നുകൂടെ വാര്‍ത്തയിലേയ്ക്ക് സൂക്ഷിച്ചുനോക്കി.പിന്നെ ഒട്ടും ശങ്കിച്ചില്ല എന്റെ ഗോവിന്ദാന്ന് നീട്ടിവിളിച്ച് ബോധം കെട്ട് പുറകോട്ട് മറിഞ്ഞു.
( തുടരും)

Thursday, March 19, 2009
ഗജേന്ദ്രമോക്ഷം രണ്ടാമദ്ധ്യായം

Saturday, March 14, 2009
ഗജേന്ദ്രമോക്ഷം ഒരു തുടര്‍ക്കഥ അഥവ വായനക്കാരന്റെ ശിരോലിഖിതം
ഉച്ചപൂജ കഴിഞ്ഞ് നടയടച്ച്, തറവാട്ടില്‍ വന്ന്, കുശാലായി ഉണക്കലരികൊണ്ടുള്ള പടച്ചോറ്, സമൃദ്ധമായി ജീരകവെള്ളോം പച്ചമുളകും ഉപ്പ് ആവശ്യത്തിനും കൂട്ടി ഉണ്ടിട്ട് വരാന്തയില്‍ തോര്‍ത്തും വിരിച്ച് പലേ മനോരാജ്യങ്ങളിലും സഞ്ചരിച്ച് കിടക്കുകയായിരുന്നു. മയക്കത്തിലോട്ട് വീഴുന്നതിനിടയില്‍ നാലുകെട്ടിന്റെ പുറകില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടു. ആദ്യം ചക്ക വീണിട്ട് മുയല് ചത്തതാണെന്നാണ് കരുതിയത്. കരച്ചില് പിന്നെയും കേട്ടപ്പോള്‍ ചാടിയെഴുന്നെറ്റ് തോര്‍ത്ത് കുടഞ്ഞ് തോളിലിട്ട് നാലുകെട്ടിന്റെ പുറകിലോട്ട് നടന്നു. ഭാഗ്യം ചക്കയൊന്നും വീണിട്ടില്ല ആയതിനാല്‍ മുയലുകളൊന്നും ചത്തിട്ടുമില്ല.ചത്തിരുന്നെങ്കില്‍ ഇറച്ചിമസാല മേടിക്കാന്‍ പണമുണ്ടാക്കേണ്ടിവന്നേനേ. പക്ഷെ ശബ്ദം കേട്ടതാണല്ലൊ. പുരികം ചുളിച്ച് ഒന്നുകൂടി നോക്കി. ദേ കിടക്കുന്നു കല്ലുവെട്ടാങ്കുഴിയില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ ഒരു കൊമ്പനാന.വനപാലകരെങ്ങാനുമറിഞ്ഞാലോ എന്നാണാദ്യം ശങ്കിച്ചത് എങ്കിലും മിണ്ടാപ്രാണിയുടെ കിടപ്പ് കണ്ടപ്പോള്‍ സഹതാപം തോന്നി. പിന്നെ ശങ്കിച്ചില്ല രണ്ടും കല്‍പ്പിച്ച് കയ്യോടെ ആനയെ തുമ്പിക്കയ്യില്‍ പിടിച്ച് കുഴിയില്‍നിന്ന് വലിച്ചുകേറ്റി തൊഴുത്തില്‍ കൊണ്ടുക്കെട്ടി കുറച്ച് പുല്ലും വൈക്കോലും ഇട്ടുകൊടുത്തു.വീണ്ടും വരാന്തയില്‍ തോര്‍ത്തുവിരിച്ച് നടുചായ്ച്ചപ്പോള്‍ നടുത്തളത്തില്‍നിന്ന് അവള് പറഞ്ഞു.
" നേരാംവണ്ണം നോക്കിയാല്‍ പണംകായ്ക്കുന്ന മൃഗമാണ് ആന, പൊന്മുട്ടയിടുന്ന മൃഗവും. ഗോവിന്ദന്‍പാപ്പാനേ വിളിക്കണം. മുത്തച്ഛന്റെ പാപ്പാനായിരുന്നു.മാതംഗലീല കാണാതറിയാം. ചാണക്യസൂത്രം കണ്ടിട്ടുമുണ്ട്."
വിളിച്ചത് കേട്ടപാതി, കേള്‍ക്കാത്തപാതി ഗോവിന്ദന് എത്തി തൊഴുത്തിലേക്ക്
നോക്കി
" കണ്ടിട്ട് ആനയുടെ ലക്ഷണമൊക്കെയുണ്ട്. വെറുതെ തൊഴുത്തില്‍കെട്ടിയാല്‍ കുടുംബം വെളുക്കും. ഇവിടെയാണേല്‍ വൈറ്റ് വാഷുചെയ്യാന്‍ ഒരു സൂചിക്കുത്തുപോലുമില്ലതാനും"
" പിന്നെ എന്താ ഒരുവഴി?"
" സൂത്രമുണ്ട് ആധാരം നിലവറയില്‍ നെട്ടൂപെട്ടിയിലാണോ അതോ സുരക്ഷിതമായി ബാങ്കിലിരിക്കുകയാണോ?"
" നെട്ടൂപെട്ടിയിലാണ്"
" നന്നായി, അന്യന്റെ ആധാരമെന്നുവെച്ചാല്‍ ബാങ്കുകാര്‍ക്ക് ജീവനാണ്.പണംകൊണ്ടെറിയണം എന്നാലേ പണത്തേകൊള്ളൂ"
" നാല്ക്കാലിയുടെ പത്താംക്ലാസ്സ് ബുക്കും അച്ചുകുത്തിയ കടലാസ്സുമൊക്കെയോ, അതിലെങ്കില്‍ വന്യജന്തുക്കളും സ്ക്വാഡും പിടിക്കത്തില്ലയോ?"
" എത്രയെണ്ണം വേണം? ഫോണൊന്ന് തരണം കുറച്ചു നാടകം കളിക്കാനുണ്ട്"
ഫോണെടുത്ത് മുന്നില്‍ കൊടുത്തപ്പോള്‍ ഗോവിന്ദന് അതേലൊന്നു കറക്കി. മറുതയ്ക്കല്‍ ആള് ഹലോ എന്നുപറഞ്ഞപ്പോള്‍ മറുതലയോട് പറഞ്ഞു
" മാഷേ, നാട്ടുപത്രത്തിന്റെ സ്വലേയല്ലേ ഇതു പഴയ ഗോവിന്ദന് പാപ്പാനാണേയ്, ഒരുകുപ്പി ഉഗ്രന്‍ നാടനിരിപ്പുണ്ടേയ്.നാളെ ഒരു വാര്‍ത്ത കൊടുക്കണം മെയില്‍ ചെയ്യാം അപ്പോള്‍ എല്ലാം പറഞ്ഞപോലെ"
മറുതലയില്‍ സ്വലേ ഫോണ്‍ താഴെയിട്ടപ്പോള്‍ ഗോവിന്ദന് പിന്നെയും ഫോണ്‍ കറക്കി പുതിയ മറുതലയോട് പറഞ്ഞു
" ആശാനേയ് ഇതു പഴയ ഗോവിന്ദന്‍പാപ്പാനാണേയ്, നാളെ അവിടെ കാവില്‍ ഉത്സവത്തിനു കൊടികേറുവല്ലിയോ ഭാരവാഹിതന്നെയല്ലിയോ പത്തുചക്രം ഉണ്ടാക്കണ്ടേ? ഒരാനയേ വിട്ടുതരാം വാടക പോക്കറ്റിലാക്കിക്കൊ, രശീതി ആവശ്യത്തിന് എത്രവേണമെങ്കിലും തരാം.ആനയ്ക്ക് പനമ്പട്ടയും ആനപാപ്പാന് വെറുമ്പട്ടയും ആവശ്യത്തിന് കൊടുത്താല്‍മതി.പിന്നെ നാളെയൊരു സ്വീകരണവും രണ്ടുദിവസം കോലവും എന്താ സമ്മതമല്ലേ എങ്കില്‍ ബാക്കിയെല്ലാം വന്നിട്ടുപറയാം"
ഫോണ്‍ താഴെയിട്ടിട്ട് ഗോവിന്ദന് തല ചൊറിഞ്ഞിട്ട് പറഞ്ഞു
" ഇവിടുന്നിനി നാടകം കണ്ടോണ്ടിരുന്നാല് മാത്രം മതി. അതിന് പ്രത്യേകിച്ച് ടിക്കറ്റും വേണ്ട. ബാക്കിയെല്ലാം ഞാനേറ്റു. ഒരു മൊബെയിലെടുത്തുതരണം . ഇവിടത്തേ ഫോണ്‍ നാളെ ഉച്ചകഴിഞ്ഞ് താഴെയെടുത്തിട്ടേയ്ക്കണം വിളിക്കുന്നവര്‍ എംഗേജ്ഡ് ആണന്നേ കരുതാവൂ അപ്പോള്‍ അവര്‍ മറ്റ് എംഗേജുമെന്റുകള്‍ക്ക് പൊക്കോളും"
ഗൊവിന്ദന്‍ പിന്നെയും തലചൊറിഞ്ഞുകൊണ്ട് പര്ങാന്നു
" ഒരുവഴിക്കു പോകുവല്ലേ മടിശ്ശീലയില്‍ വെക്കാന്‍ എന്തെങ്കിലും?"
തോര്‍ത്തിനിന്നെഴുന്നേറ്റ് നിലവറവരെ പോയി നെട്ടൂപെട്ടി എടുത്തോണ്ട് വന്നു.
രാത്രിയില്‍ അത്താഴപൂജയും കഴിഞ്ഞ് നടയടച്ച് പ്രസാദമായികിട്ടിയ ഒരുരുളി കടുമ്പായസം തറവാട്ടില്‍കൊണ്ടുവന്നു. കയ്യോടെ ഒരുരുളയാക്കി തൊഴുത്തില്‍ നില്ക്കുന്ന പ്രത്യക്ഷഗണപതിക്ക് കൊടുത്തിട്ട് പ്രാര്‍ത്ഥിച്ചു
" ഗോവിന്ദാ കാത്തുകൊള്ളണേ"
" ആനയ്ക്ക് പേരുമിട്ടല്ലെ?" അടുക്കളയില്‍നിന്ന് അവള് വിളിച്ചുചോദിച്ചു
മീനമാസത്തിലേ ചൂടില്‍നിന്ന് രക്ഷപെടാന്‍ വരാന്തയില്‍ മെത്തപ്പായ് വിരിച്ചുകിടന്നു. ഉറക്കത്തിലേയ്ക്ക് വഴുതിവീഴുന്നതിനിടയില്‍ തൊഴുത്തില്‍നിന്ന് ഒരു ലോറി പുറപ്പെട്ട് പോകുന്നതുപോലെ തോന്നി
( തുടരും)

Friday, February 27, 2009
അജിത്കവി എന്ന ശുദ്ധബ്ലോഗ്ഷ്കന്
ഞാന്‍ ഈ ആല്‍ത്തറയിലിരുന്ന് മനസ്സ് ഒരു വലിയ ഉരുളന്‍ കല്ലാക്കി, ഗോവിന്ദാമലയുടെ മുകളിലേയ്ക്ക് ഉരുട്ടികേറ്റിക്കൊണ്ടിരിക്കുകയാണ്. നാറാണത്തുഭ്രാന്തന്മാര്‍ക്ക് ഏതുമലയാണ് രായിരനെല്ലൂര്‍മല അല്ലാത്തത്. ആലില്‍നിന്ന് പച്ചിലകള്‍ കൊഴിഞ്ഞുതുടങ്ങിയിരിക്കുന്നു. ശ്രദ്ധിച്ചു കാതോര്‍ത്താല്‍, പഴുത്തിലകള്‍ ചിരിക്കുന്ന ശബ്ദം കേള്‍ക്കാം.
അജിത്കവി എന്ന ശുദ്ധബ്ലോഗ്ഷ്കാ
ഈ ഓങ്ങിവെച്ചിരിക്കുന്നത്, അര്‍ദ്ധനഗ്ന ഫക്കീര്‍ വിശ്വവിദ്യാലയത്തില്‍, എനിക്കു മറുവശം ഇരിക്കുന്ന നിന്നോട് നേരിട്ടുപറയാവുന്നതേയുള്ളു. ഒരു സ്വകാര്യമായി, അതുമല്ലെങ്കില്‍ ഒരു മുറുമുറുപ്പാക്കി നിന്റെ ചെവികള്‍ തിന്നാം. പ്ലീസ് ലെന്റ് യുവര്‍ ഇയേര്‍സ് എന്നുപോലും പറയാതെ. അതുമല്ലെങ്കില്‍ ശ്രീമന്ദിരം കേപീയുടെ കേ എസ്സാറിന് പ്രകാരം ഒരു നോട്ട് ഫയല്‍ ഒറിജിനേറ്റ് ചെയ്ത് മേലുദ്യോഗസ്ഥരുടെ വിരല്‍ത്തുമ്പ് പതിപ്പിച്ച് പ്യൂണ്‍സ് മധുസൂദനന് പിള്ളൈ വശം നിന്റെ മേശപ്പുറത്തെത്തിക്കുകയുമാവാം. പക്ഷെ എന്റെ മനസ്സ് തുറന്നതും കുത്തഴിഞ്ഞതുമായ ഒരു പുസ്തകമായതുകൊണ്ട് എനിക്കങ്ങിനെ ചെയ്യാന്‍ സാധിക്കുന്നില്ല.
മുകളിലേയ്ക്ക് ഉരുട്ടിക്കയറ്റിയ കല്ല് താഴേയ്കുരുണ്ട് ഭൂമിയില്‍പതിച്ച് പൊട്ടിചിതറുമ്പോള്‍ , പാറുക്കുട്ടി ഏഴുവരികളും ഏഴക്ഷരങ്ങളും തള്ളി ഗ്രന്ഥം വായിക്കുമ്പോള്‍ , വരികള്‍ക്കിടയിലുള്ള പലതും ഇരട്ടവാലന് തിന്നുതുടങ്ങിയ പലതും ഉണര്‍ന്നുവരുന്നു.
തിരുവില്ല്വാമല തപ്പാലാഫീസ് എന്ന ബോര്‍ഡ് കണ്ടപ്പോള്‍ അകത്തുകയറി കയ്യോടെ ഒരു കാര്‍ഡ് വാങ്ങി സുഹ്രുത്ത് ബ്ലൈസ് ജ്യോര്‍ജിനെഴുതി.
" തിരുവില്ല്വാമല എന്ന മുദ്ര പതിയുന്നതിനുവേണ്ടിയാണ് ഈ എഴുത്ത്."
ശേഷം ഓഫീസില്‍ചെന്ന് ദിവസങ്ങള്‍ക്കു ശേഷം എഴുത്ത് അവനുകിട്ടിയപ്പോള്‍ മുദ്ര ശരിക്കുപതിഞ്ഞുകണ്ടപ്പോള്‍ ഒരു സന്തോഷം തോന്നി.
കാലമേറെയായി. മനസ്സില്‍ പതിഞ്ഞ തിരുവില്വാമല എന്ന മുദ്ര മങ്ങിത്തുടങ്ങിയൊ എന്നൊരു സംശയം. ദിവാകരന് മാമയുടെ സത്രത്തിന്റെ വരാന്തയില്‍ കസേര പുറകോട്ടെറിഞ്ഞ്, കാലുകള്‍ അരമതിലില്‍ നീട്ടിവെച്ച് പാറക്കെട്ടുകള്‍കിടയില്‍നിന്ന് വരുന്ന ചൂടുകാറ്റും കൊണ്ട് പൊരിവെയിലില്‍ ചുങ്കത്തുനിന്ന് വരുന്നവരേയും ചുങ്കത്തോട്ട് പോകുന്നവരേയും നോക്കി അങ്ങിനെ ഏറെനേരം ഇരുന്നിട്ട് കാലമേറെയായി. അതുമല്ലെങ്കില്‍, രാജേന്ദ്രന് തരുന്ന കീറിത്തുടങ്ങിയ പുല്പാ വിരിച്ച് ആ വരാന്തയില്‍ രാജലക്ഷ്മിയില്‍ നിന്നുള്ള ചോറിനും വലിയ ഒരു ഏമ്പക്കത്തിനും പുറത്ത് കിടന്നൊന്ന് മയങ്ങിയിട്ട് .വൈകിട്ട് പറക്കോട്ടുകാവിലേക്ക് ദര്‍ശനത്തിനു പോകുന്നവരെ നോക്കിയിരുന്നിട്ടും കാലമേറെയായി. കിഴക്കേ ആല്‍ത്തറയില്‍ സന്ധ്യയ്ക്ക് ബീഡിയും വലിച്ചുതള്ളിയിരിക്കുമ്പോള്‍ കൊതുകുകള്‍ മൂളിയാര്‍ത്തുവന്ന് ചെവിയില്‍ എത്രയോപ്രാവശ്യം പറഞ്ഞിട്ടില്ല
" നിങ്ങള്‍ അതിഥികളും ദേവകളുമാണ് .എങ്കിലും ദേവന്മാരുടെ ചോരയും ഞങ്ങള്‍ കുടിക്കും അതുകൊണ്ട് വേഗം സ്ഥലം വിട്ടോളുക"
പിന്നെ കൊതുകുകളെ ആട്ടിയോടിക്കുകയും അടിച്ചൊതുക്കുകയും ചെയ്യുമ്പോള്‍ ആ ഈണത്തില്‍ നാലമ്പലത്തില്‍നിന്നും പൂജയുടെ നാദം കേട്ടിട്ടും കാലമേറെയായി.
ആല്‍ത്തറയില്‍ ഇരിക്കുമ്പോള്‍ ലക്കിടി സ്റ്റേഷനില്‍നിന്നും ഇഴഞ്ഞുനീങ്ങുന്ന ഒരു പുഴുവിനേയും കണ്ടിട്ട് കവിയുടെ കാല്പാടുകള് താഴോട്ടളന്ന് ക്ഷേത്രക്കുളവും ചുറ്റി ലക്കിടി പാലവും കടന്ന് ലക്കിടി സ്റ്റേഷനും കടന്ന് വയല്‍ വരമ്പില്‍ കൂടിനടന്ന് കലക്കത്തെ നമ്പ്യാരുടെ വീടും കണ്ടുവന്നിട്ടും കാലമേറെയായി. കലക്കത്തേ നമ്പ്യാര്‍ പാല്പായസം തുള്ളികലക്കാന്‍ അമ്പലപ്പുഴയ്ക്കു പോയെങ്കിലും എവിടെയും പോകാത്ത, പോകാന്‍ സ്ഥലമില്ലാത്ത ഒരാളുണ്ടായിരുന്നു. നമ്പ്യാരുടെ അയല്ക്കാരന് ഒരു ശിവന്. എത്രയോപ്രാവശ്യം അവിടംവരെ പോയി. ഇതുവരെ ഒന്നു മുഖം കാണിച്ചിട്ടില്ല. ആ കടമൊന്നു തീര്‍ക്കണ്ടെ.
ചീരക്കുഴിയില്‍ നദിക്കു കുറുകെ ഡാമിന്റെ ഷട്ടര്‍. അതിനടുത്തുള്ള ആല്‍ത്തറയിലിരുന്ന് ഷട്ടറിനടിയിലൂടെ പുഴയുടെ കണ്ണീര് ഒലിച്ചുവരുന്നത് കണ്ടിട്ടും തിരിച്ച് പഴയ ഇരുമ്പുപാലവും ചുങ്കത്തേയ്ക്ക് നടക്കുമ്പോള്‍ കിട്ടിക്കൊണ്ടിരുന്നത് കിട്ടിയിട്ടും കാലമേറെയായി.
വലതുവശത്തുള്ള വയലുകള്ക്കിടയില് തലയുയര്‍ത്തി നിന്നിരുന്ന പഴയ ഇരുനിലമാളികയും അതിന്റെ പടിവാതിലും അതിനുമുന്നിലുണ്ടായിരുന്ന താമരക്കുളവുമെല്ലാം ഇല്ലാണ്ടാക്കിയപോലെ കാലം എന്തൊക്കെയാണ് ഇല്ലാണ്ടാക്കാതിരിക്കുക?
പറക്കോട്ടുകാവിനുമുകളില്‍ ചുങ്കത്തേയ്ക്കുള്ള പാതയ്ക്കും മുകളില്‍ പാറയില്‍ കാല്‍പാദമുണ്ട്. താഴെയെങ്ങും കാലത്തിന്റെ പാദവും. അപ്പോള്‍ വീണ്ടും ഒരു ഉരുളങ്കല്ല് ഉരുട്ടിക്കയറ്റാന്‍ , തിരുവില്ല്വാമലയിലെ കിഴക്കേ ആല്‍ത്തറയില്‍ ചെന്നിരുന്ന് അടുത്ത ഏതെങ്കിലുമൊരു കാറ്റില്‍ തിരി അണയുമെങ്കില്‍ അത് അണയുന്നതിനുമുമ്പ് അതില്‍നിന്ന് ഒരു നാളമെടുത്ത് വില്ല്വാദ്രിനാഥന് അര്‍പ്പിക്കാന്‍, അതുമല്ലെങ്കില്‍ പുനര്‍ജനിയുടെ വാതിലില്‍ ഗതികിട്ടാത്ത ആത്മാക്കളെ പോലെ തലകീഴായി തൂങ്ങികിടക്കുന്ന നരിച്ചീറുകളേയും കണ്ടിരിക്കുമ്പോള്‍
" ക്രിപകൂടാതെ പീഡിപ്പിച്ചീടുന്ന
കവി ചത്ത് കപിയായ്പിറക്കുന്നു
ആന ചത്തൊരു
ചേനയായ്തീരുന്നു" .
എന്ന് ആരെങ്കിലും പാടാതിരിക്കാനെങ്കിലും. ആ വാതില്ക്കലിരുന്ന് മനസ്സുകൊണ്ടെങ്കിലും പുനര്‍ജനി ഒന്നു നൂഴാന്‍ എന്റെ പല തിരുവില്ല്വാമലയാത്രയിലും എന്നോടൊപ്പമുണ്ടായിരുന്ന നിനക്ക് എന്റെ വണ്ടിക്കൂലി കൂടിയെടുത്ത് തിരുവില്ല്വാമല വരെ ഒന്ന് പോകരുതോ? ത്രിശ്ശിവപേരൂര് വടക്കേസ്റ്റാന്റില്‍നിന്ന് മയില്‍ വാഹനത്തില്‍ കയറി ചേലക്കരയും താണ്ടി പഴയന്നൂര്‍ മതില്‍കകത്തെ കോഴികളേയും കണ്ട്,ചുങ്കത്തിറങ്ങി രാജായിലെ ചായയും കുടിച്ച്
വാല്‍ക്കഷ്ണം- ആലും ആല്‍ത്തറയുമെല്ലാം വല്ലാതങ്ങ് ചിന്തകളില്‍ വേരോടിയിരിക്കുന്നു അതുകൊണ്ട് തന്നെ ഞാനെന്റെ പുറകില്‍ ഒരു ആലിങ്ക്ടാവിനെ നട്ടിരിക്കുകയാണ്.എന്നെങ്കിലും ഒരു തണലാവുകയാനെങ്കില്‍
Friday, February 13, 2009
അവള് കഥയെഴുതുകയാണ്
" ഉണ്ണീ, ആഗ്രഹങ്ങളാണ് എല്ലാ ദുഖങ്ങള്‍ക്കും കാരണം "
എങ്കിലും എന്തെങ്കിലും എഴുതണന്ന് ഒരു ആഗ്രഹം തോന്നിതുടങ്ങിയിട്ട് കുറച്ചുനാളായി. പക്ഷേ മനസ്സ് ഒരു ഒഴിഞ്ഞ പാത്രമായിരുന്നു. ആല്‍ത്തറയിലെ കാറ്റും കൊണ്ടിരുത്തിയാല്‍ അതില്‍ എന്തെങ്കിലും നിറഞ്ഞാലോ എന്നു കരുതി പാത്രമെടുത്ത് ആല്‍ത്തറയില്‍ വെച്ചിട്ട് കണ്ണേട്ടന്റെ ചായപീടികയിലോട്ട് നടന്നു. ചായയും കുടിച്ച് ഒരു ബീഡിക്ക് തീയും കൊളുത്തി വീണ്ടും ആല്‍ത്തറയില്‍ വന്നിരുന്നു. അപ്പോളാണ് പെരുമാളിനെ തൊഴുതിട്ട് അവള് അടുത്തേയ്ക്ക് വന്നത്.
" ഉണ്ണീ, മറ്റൊന്നും വിചാരിക്കരുത് ആല്‍ത്തറയില്‍ ചാരുകസേര ഇട്ടിരിക്കുന്നവനെ തല്ലികൊന്നിട്ട് മുട്ടുചിറയില്‍ കിട്ടുന്ന പെട്ടിയില്‍ ഇട്ടുവെയ്ക്കുന്നതാണ് ശുഭം ഉപ്പിലിട്ടതായാല്‍ ചീയുകയുമില്ല" അവള് പറഞ്ഞു.
"കഥയല്ലേ"
" കഥയിലാണെങ്കിലും ആല്‍ത്തറയില്‍ ചാരുകസേര ഇട്ടിരിക്കുന്നത് കഥയില്ലായ്മയാണ്"
" ശരി" പേനയെടുത്ത് കഥയില്‍നിന്ന് ചാരുകസേരയെടുത്ത് തല്ലിയൊടിച്ച് കളയുന്നതിനിടയ്ക്കാണ് അവളുടെ ശ്രദ്ധ ആല്‍ത്തറയില്‍ വെച്ചിരുന്ന പളുങ്കുപാത്രത്തില്‍ വീണത്
" അതുശരി, ഒഴിഞ്ഞ പളുങ്കുപാത്രമാണല്ലെ? ഒരു നേരമ്പോക്കിന് ഞാന്‍ ഒന്നുരണ്ടെണ്ണം എഴുതി അതിലിടട്ടെ? ഉണ്ണി ഗോവിന്ദാമല കയറിക്കോളൂ"
സമ്മതിച്ചപ്പോള്‍ അവള് കഥയെഴുതി തുടങ്ങി.
അവള് എഴുതിയ ഒന്നാം കഥ
തിരക്കിട്ട ജോലിക്കിടയില്‍ മൊബെയിലടിച്ചപ്പോള്‍ ആരാണെന്നുപോലും നോക്കാതെ എടുത്തു. മറുവശത്ത് പാലക്കാടുനിന്ന് അവള് പറഞ്ഞു.
" ഉണ്ണീ, വരുമ്പോള്‍ ഒരു ഒലക്ക കൂടി കൊണ്ടുവരണം. ഞാന്‍ കുറച്ച് ഒരുമ ഉണ്ടാക്കിവെച്ചിട്ടുണ്ട്"
പക്ഷെ ജോലിത്തിരക്കിനിടയില്‍ എല്ലാമങ്ങ് മറന്നുപോയി. പാലക്കാട്ടു ചെന്നിറങ്ങിയപ്പോളാണ് പിന്നെ അവള് പറഞ്ഞതോര്‍ത്തത്. പല കടകളിലും കയറി. കടക്കാരു പറഞ്ഞു.
" കഥകളിലെ അവള് എന്നയാളിന്റെ ഒരുമയ്ക്കുവേണ്ടിയല്ലേ, ഇവിടെ കിട്ടുന്നതൊന്നും സ്യൂട്ടാകില്ല. കോട്ടയത്തുനിന്ന് തന്നേ കൊണ്ടുവരണം"
ഉള്ളില്‍ കുറ്റബോധവും വ്യസനവുമായാണ് അവളുടെ അടുത്തെത്തിയത്
" അതേയ്, ഒലക്കയുടെ കാര്യം......."
" ഞാനതു പറയാന്‍ പലപ്രാവശ്യം ഉണ്ണിയേ വിളിച്ചിരുന്നു. അപ്പോളൊക്കെ ഉണ്ണി പരിധി വിട്ട് കളിക്കുകയായിരുന്നു. ഇടയ്ക്ക് ഒരു ഭിക്ഷക്കാരന് ഇവിടെവന്ന് അമ്മാ, എന്തെങ്കിലും തരണേ എന്നുപറഞ്ഞപ്പോല്‍ എനിക്ക് വല്ലാത്ത സഹതാപം തോന്നി. ഞാന്‍ ഉണ്ടാക്കിവെച്ചിരുന്ന ഒരുമയെല്ലാമെടുത്ത് ഭിക്ഷയായി കൊടുത്തു"
അവള് അതുപറഞ്ഞപ്പോള്‍ കൂടുതല്‍ വിഷമം തോന്നി. അതു ശ്രദ്ധിച്ചിട്ട് അവള് പറഞ്ഞു.
" അതു സാരമില്ല ഉണ്ണീ, കഥയല്ലേ, അടുത്ത കഥയില്‍ ഞാന്‍ ഒരുമയുണ്ടാക്കി വെക്കുന്നതായിട്ടും ഉണ്ണി ഒലക്ക കൊണ്ടുവരുന്നതായിട്ടും എഴുതാം"
അവള് പറഞ്ഞുനിര്‍ത്തിയില്ല അതിനുമുമ്പ് വാതിലില്‍ ആരോ മുട്ടി . തുറന്നപ്പൊള്‍ ഭിക്ഷു ഒരുമ വാതില്ക്കല് നീട്ടിവെച്ചിട്ട് പറഞ്ഞു.
" അമ്മാ, ഈ ഒരുമ സ്യൂട്ടാകുന്നില്ല. തിരിച്ചെടുത്താട്ടേ "
'ഗോവിന്ദാമലയേത്തന്നേ നോക്കിക്കൊണ്ടു കിടന്നപ്പൊള്‍ അവള് രണ്ടമത്തെ കഥയെഴുതി തുടങ്ങി.
അവള് എഴുതിയ രണ്ടാമത്തേ കഥ
" ഇപ്രാവശ്യം കയ്യുംവീശി വേണം ഇറങ്ങിപോകാന്‍"
൨
" ഉണ്ണീ, കഥകള്‍ കഴിഞ്ഞു. കഥകഴിഞ്ഞു എന്നുപറയരുതല്ലോ."
മുഖത്തേയ്ക്ക് നോക്കിച്ചിരിച്ചുകൊണ്ട് അവള് പറഞ്ഞു
".ഇനി ബാക്കി ഉണ്ണി എഴുതണം"
അവളുടെ കണ്ണുകളിലേയ്ക്ക് നോക്കികൊണ്ട് ചോദിച്ചു.
" നിന്റെ കണ്ണുകള്‍കെത്രയാണാഴം?"
" എന്റെ മനസ്സിനോളം, അതില്‍ നിറച്ചു സ്നേഹമാണ്. ഉണ്ണിയോടുള്ള സ്നേഹം"
" എങ്കില്‍ ഞാന്‍ ബാക്കി എഴുതാം"
ആല്‍ത്തറയില്‍ തോര്‍ത്തും വിരിച്ചുകിടന്നു. പെരുമാളിന്റെ കോവിലിനുള്ളില്‍നിന്ന് അത്താഴശിവേലിയുടെ കൊട്ട് പുറത്തേകൊഴുകിവന്നു. ശംഖിന്റെ നാദവും. അത് ഗോവിന്ദാമലയുടെ മുകളില്‍നിന്നാണ് വരുന്നതെന്നുതോന്നി. ശ്രീകോവില്‍നട അടയ്ക്കുന്ന ശബ്ദം. വാതില്‍മണികള്‍ കിലുങ്ങുന്ന ശബ്ദം. ഒരു ഇലക്കീറില്‍ പ്രസാദവുമായി അവള് അടുത്തുവന്നു. നെറ്റിയില്‍ തൊടീക്കുന്നതിനിടയില്‍ അവള് പറഞ്ഞു.
" ഉണ്ണീ, ശ്രീകോവിലിനുള്ളില്‍ ലക്ഷ്മീദേവിയുമായാണ് പെരുമാള്‍ കുടികൊള്ളുന്നത്. അതുപോലെ ഞാനും ഉണ്ണിയുടെ അടുത്തിരിക്കട്ടേ അനന്തകാലം. ഈ ആല്‍ത്തറയില്‍ നിലാവായും കാറ്റായും തണലായും എന്റെ സ്നേഹംകൊണ്ട് ഉണ്ണിയേ പൊതിഞ്ഞ്"
അപ്പോള്‍ ആലിലത്തുമ്പില്‍നിന്ന് ഒരു മഞ്ഞിങ്കണം മനസ്സിലേയ്ക്കിറ്റുവീണു.
" ഉണ്ണീ, ആ കണം നൂറായി ആയിരമായി അരുവിയായി ഉണ്ണിയുടെ മനസ്സും നിറച്ച് കരകവിഞ്ഞൊഴുകി ഉണ്ണിയേ തന്നേ മൂടും അതെന്റെ സ്നേഹമാണ് യുഗങ്ങളായി രാധയായി ഞാന്‍ ഉണ്ണിയ്ക്കുവേണ്ടി കാത്തുസൂക്ഷിക്കുന്ന സ്നേഹം"
നിലാവു പരന്നൊഴുകി. ആല്‍ത്തറയ്ക്കുചുറ്റും ഒരു പാല്‍കടല്‍പോലെ പരന്നപ്പോള്‍ കാല്ക്കല് ഇരുന്ന അവളുടെ തലമുടിയില്‍ കരങ്ങളോറ്റിച്ചുകൊണ്ട് പറഞ്ഞു.
" നീ രാധ തന്നെയാണ് . യുഗങ്ങളായി ആവര്‍ത്തിക്കുന്ന രാധ"
Saturday, February 7, 2009
കണ്ണൂസേ,

" പാലക്കാട്- തിരുവില്വാമല അരുണാ ബസ്സിലായിരിക്കും പോയിട്ടുണ്ടാവ്വ. 8-20 ന് കാവശ്ശേരി പാസ്സുചെയ്ത്തിട്ടുണ്ടാവും"
തിരുവില്വാമല ചവിട്ടാന്‍ ആദ്യം പോയ പോക്കായിരുന്നു അത്. നെല്ലിയാമ്പതി മലയിറങ്ങി, നെന്മാറയിലും, ആലത്തുരും വന്ന്. ഇരുട്ടത്ത് വഴികാണിക്കാന്‍ അന്ന് കാട്ടക്കട ദിവാകരന്മാഷിന്റെ പുസ്തകവും ഒരു പാട്ടും
മാത്രമേയുണ്ടയിരുന്നുള്ളു
ഇളനീര്‍കുടമിന്നുടയ്ക്കും ഞാന്‍.

അരുണാ ബസ്സേതാ, കാവശ്ശേരിയെന്താ എന്നറിയാതെ.
കണ്ണൂസിന്റെ കമന്റ് വായിച്ചപ്പോള്‍ അതുകൊണ്ട് തന്നെ സന്തോഷം തോന്നി. പലര്‍കൂടി തല്ലി പല പാമ്പുകളേയും തിരുവില്വാമല ചുങ്കത്തിറക്കുന്നുണ്ടല്ലോ എന്നറിഞ്ഞപ്പൊള്‍. പലവകയായി പറഞ്ഞിരിക്കുന്നത് സത്യമാണല്ലോയെന്നോര്‍ത്തും . കഥയില്‍ പറഞ്ഞിരിക്കുന്നവരെല്ലാം ജീവിച്ചിരുന്നവരും ഇപ്പോളും ജീവിച്ചിരിക്കുന്നവരുമാണെന്നും അറിയിക്കട്ടെ. തേവരുടാനയായ ഞാനും പിന്നെ തിരുവില്വാമല ചവിട്ടിയതിനു കണക്കില്ല.
കണക്കില്ലേ ? എങ്കില്‍ കണക്കായിപോയി.എന്ന് സ്വര്‍ഗത്തിലോ നരകത്തിലോ അതോ ഭൂമിയില്‍തന്നയോ ഏതോ കോണിലിരുന്ന് ദിവാകരന്മാമ പറയുന്നുണ്ടായിരിക്കും. മല ചവിട്ടാന്‍ ചെന്നപ്പോളൊക്കെ ദിവാകരന്മാമയുടെ ലോഡ്ജിലാണ് കൂടിയിരുന്നത്. ഒറ്റക്കാണെങ്കില്‍ ഒറ്റക്ക്. കൂട്ടായിട്ടാണെങ്കില്‍ അങ്ങിനെ. അങ്ങിനെയാണ് കൂട്ടം തെറ്റിയവര്‍ തങ്ങിയിരുന്നത്. വൈകുന്നേരമാകുമ്പോള്‍ കിഴക്കേ ആല്‍ത്തറയില്‍ പോയിരിക്കും മണിക്കൂറുകളോളം . കൂട്ടിന് കൊതുകുകള്‍ കാണും കൂട്ടത്തോടെ .പിന്നെ കൂടെ ഉള്ളവരും. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ കൂടെ അന്നത്തിന് വക തേടുന്ന അജിത്കവി എന്ന ബ്ലോഗ്ഷ്കന്‍ ആയിരുന്നു പലപ്രാവശ്യവും ഓര്‍കൂട്ട്.
ലക്കിടി പാലത്തിനുകീഴെ നിളയില്‍ നീളത്തില്‍ കിടക്കുന്നതായിരുന്നു മറ്റൊരു മൃഗയാവിനോദം . മുട്ടറ്റം വെള്ളത്തില്‍. വാട്ടര്‍ ട്രെക്കിംഗ്. പാമ്പാടിയില്‍ ഷാപ്പുണ്ട് എന്ന് പ്രത്യേകം പറയേണ്ടല്ലോ. അതുമല്ലെങ്കില്‍ പറക്കോട്ടുകാവിനു മുകളില്‍ വഴിവക്കില്‍ കലുങ്കില്‍ നിലാവില് ബീഡിയും വലിച്ചുകുത്തിയിരിക്കുക. ചുങ്കത്തുപോകുമ്പോള്‍ രാജാ ഹോട്ടലില്‍നിന്ന് ഒരു പൊടിച്ചായ . സുഖായീ
അതുകൊണ്ട് ഇനി എന്താ എഴുതുക. കഴിഞ്ഞതിനു തലേക്കൊല്ലം ആറാട്ടുപുഴ പൂരത്തിന് ത്രിപ്രയാര്‍ തേവരുടെ വരവും കഴിഞ്ഞ് കൂട്ടിയെഴുന്നള്ളത്തും കഴിഞ്ഞ് കിടന്ന പത്രം നിവര്‍ത്തിനോക്കിയപ്പോളാണ് കാവശ്ശേരിയിലും പൂരമായിരുന്നു എന്നറിഞ്ഞത്. അടുത്തകൊല്ലം വരണമെന്നുകരുതി. തിരുനക്കര തേവര്‍ക്ക് ഒരു അപേക്ഷ സമര്‍പ്പിച്ചു. പക്ഷേ തേവര് തള്ളികളഞ്ഞു. ഇവിടെ തേവരുടെ തട്ടകത്തിലും ഉത്സവമാണേ, ആ സമയം.
ഇങ്ങിനെയെല്ലാം സമയം പൊയ്ക്കോണ്ടിരുന്നപ്പോളാണ് കണ്ണൂസ് കമന്റടിച്ചത്. എന്നാല്‍ ഇക്കൊല്ലം കാവശ്ശേരി കവലയിലോ ചെറിയ ചായപ്പീടികയിലോവെച്ച് കണ്ടുകളയാം എന്നുകരുതി. പിന്നെ സൂക്ഷിച്ചുനോക്കിയപ്പോളാണ് കണ്ണൂസ് അന്യദേശത്തെവുടെയോ കവലയിലോ ചായപ്പീടികയിലോ ആണിരിക്കുന്നതെന്ന് മനസ്സിലായത് അവിടെ ഇരുന്നോളുക.
പറക്കോട്ടുകാവ് താലപ്പൊലിക്ക് പകലും രാത്രിയും മരുന്ന് കാണാന്‍ പാറപ്പുറത്ത് എണ്ണിയാലോടുങ്ങാത്തവര്‍ അള്ളിപ്പിടിച്ചിരിക്കുന്ന കാഴ്ചയുണ്ട് . അതുപോലെയാണ് തിരുവില്വാമലയേക്കുറിച്ചുള്ള ഓര്‍മ്മകളും
Tuesday, January 27, 2009
പാലക്കാടന്‍ പലവക നാലാംഭാഗം
